എന്റെ ആഗ്രഹം എന്റെ വിഷയത്തില്‍ ഉപന്യാസമെഴുതാന്‍ ഹോംവര്‍ക്ക് ലഭിച്ചപ്പോള്‍ ഒരു കുട്ടി എഴുതിയ വരികള്‍ ഇങ്ങനെയായിരുന്നു. ഒരു സ്മാര്‍ട്ട് ഫോണാകാനാണ് എന്റെ ആഗ്രഹം. യഥാര്‍ത്ഥത്തില്‍ എന്നേക്കാള്‍ അധികമായി എന്റെ അഛനും അമ്മയും ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണെയാണ്. എനിക്ക് വേണ്ടി ചെലവിടാന്‍ അവര്‍ക്കൊട്ടും സമയമില്ല. വളരെ സൂക്ഷിച്ചാണ് അവര്‍ സ്മാര്‍ട്ട് ഫോണുകളെ കൊണ്ട് നടക്കുന്നത്. പക്ഷെ എന്നെ ശ്രദ്ധിക്കാനും എന്റെ കൂടെ സമയം ചിലവഴിക്കാനും പലപ്പോഴും അവര്‍ മറന്ന് പോകുന്നു. എന്റെ മാതാപിതാക്കള്‍ ഏതെങ്കിലും അത്യാവശ്യകാര്യം ചെയ്യുന്നതിനിടയില്‍ സ്മാര്‍ട്ട് ഫോണ്‍ ബെല്ലടിച്ചാല്‍ ആദ്യത്തെ ബെല്ലില്‍ തന്നെ അവര്‍ ഫോണെ
ടുക്കും. എന്നാല്‍ ഞാന്‍ കരഞ്ഞാല്‍ പോലും സമയമേറെ കഴിഞ്ഞായിരിക്കും ആരെങ്കിലും വന്നെടുക്കുന്നത്. ചിലപ്പോള്‍ കരഞ്ഞാലും ആരും എന്നെ എടുക്കാറില്ല. ഓഫീസില്‍ നിന്ന് വീട്ടിലെത്തിയാല്‍ സ്മാര്‍ട്ട് ഫോണുമായി ചിലവഴിക്കാന്‍ അഛന് സമയമുണ്ട്. പക്ഷെ എന്റെ കൂടെ ഇരിക്കാന്‍ ഒട്ടും സമയമില്ല. അഛനും അമ്മയും ഫോണില്‍ ഗെയിം കളിക്കാറുണ്ട്. പക്ഷെ എന്നോടൊപ്പം അവര്‍ കളിക്കാറില്ല. അത്‌കൊണ്ട് എന്റെ ആഗ്രഹം ഒരു സ്മാര്‍ട്ട് ഫോണായിത്തീരുക എന്നതാണ്.
മനുഷ്യനെ ജീവിതത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ ഉള്ള സഹായികളാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍. അവക്ക് അടിക്ടാകുമ്പോഴാണ് കുടുംബ ബന്ധങ്ങള്‍ പോലും ശിഥിലമാകുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിശ്വവിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ് വെച്ച വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്. സാങ്കേതിക വിദ്യ മനുഷ്യ ബന്ധങ്ങളെ മറികടക്കുന്ന കാലം വരുമെന്ന് ഞാന്‍ ഭയക്കുന്നു. വിഢികളുടെ തലമുറ നിറഞ്ഞ ലോകമായിരിക്കുമത്.
സാങ്കേതിക വിദ്യയുടെ വ്യാപനം നമുക്ക് സമ്മാനിച്ച ശീലങ്ങളാണ് മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയുംരാജ്യത്ത് ഇന്റര്‍നെറ്റിന്റെ ഉപയോഗം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഡിജിറ്റലൈസേഷന്‍ നല്‍കുന്ന ആശയങ്ങളും സോഷ്യല്‍ മീഡിയയുടെ കടന്ന് കയറ്റവും പ്രസക്തമാവുകയാണ്. ഉദ്ധ്യത സംഭവത്തിലെന്ന പോലെ സ്മാര്‍ട്ട് ഫോണാവാന്‍ കൊതിക്കുന്ന ഏതെങ്കിലും കുട്ടിയുടെ രക്ഷിതാവാണോ നിങ്ങള്‍? അങ്ങനെ ആഗ്രഹിക്കുന്ന എത്ര കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്.? പുനര്‍ വിചിന്തനം തേടുന്ന ചോദ്യങ്ങളാണിവ
ഗുട്ടന്‍ ബര്‍ഗിന്റെ കാലത്ത് നിന്ന് സുക്കര്‍ ബര്‍ഗിന്റെ കാലത്തേക്ക് ചുവടുവെച്ചപ്പോള്‍ ചില പ്രത്യേക ബാധകള്‍ മനുഷ്യരെ വിഷിശ്യാ മലയാളികളെ പിടികൂടിയിട്ടുണ്ട്. തിരക്കുകളുടെ ലോകവും ജീവിതവുമാണ് ഇന്നത്തേത്. നിത്യജീവിതത്തില്‍ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരല്ലാത്ത നവതലമുറ രണ്ടു കണ്ണും വിരലും സ്‌ക്രീനില്‍ കുരുക്കിയിട്ടിരിക്കുകയാണ്. പരീക്ഷയിലെ മാര്‍ക്കോ ഭാവിയെക്കുറിച്ചുള്ള ആശങ്കകളോ അല്ല അവരുടെ ചര്‍ച്ചാ വിഷയം. പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ലഭിച്ച ലൈക്കോ കമന്റോ ആയിരിക്കും. മുമ്പ് ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോഴാണ് അദ്ദേഹം ശാസ്ത്രജ്ഞനായതെന്ന് പറയപ്പെട്ടിട്ടുണ്ട്. ഇന്ന് ന്യൂജനറേഷന്റെ തലയില്‍ ആപ്ലിക്കേഷന്‍ വീണപ്പോഴാണ് അവര്‍ മഹാകവികളും തത്വചിന്തകരും വിമര്‍ശന വിവക്ഷരുമായത്.
ട്രോളുകളിലൂടെ സാഹിത്യകാരനായും. ക്യാമറയിലൂടെ ഫോട്ടാഗ്രഫറായും സെല്‍ഫിയിലൂടെ സ്വാര്‍ത്ഥനായും ഹാക്കിങ്ങിലൂടെ കൊലയാളിയായും ഷോട്ട് ഫിലിമ്മിലൂടെ സംവിധായകനായും ബ്ലോഗുകളിലൂടെ പ്രസാധകനായും ഫൈക് അക്കൗണ്ടിലൂടെ ക്രമിനലായും ' ആധുനികന്‍' അങ്ങനെ ജീവിതം തള്ളിനീക്കുകയാണ്. ആയിരം കിലോമിറ്റര്‍ക്കപ്പുറത്തുള്ള ഊരും പേരുമറിയാത്ത അപരിചിതനുമായി സല്ലപിക്കുമ്പോള്‍ തൊട്ടടുത്ത മുറിയിലുള്ള സ്വന്തക്കാരെ കാണാനോ സംസാരിക്കാനോ നേരമില്ലാതെ ഊരുവിലേക്ക് സൃഷ്ടിച്ചിരിക്കുകയാണ് ഓരോ മലയാളിയും. ഈയിടെ ഹജ്ജിനു പ്രാ്‌യമായ ഒരു അയല്‍വാസിയെ മലയാളി മക്കയില്‍ വെച്ച് പരിചയപ്പെട്ടത് ഒരു കൗതുകകരമായ സംഭവമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തവര്‍ പഴഞ്ചന്മാരാവുന്ന അവസ്ഥയാണ്. സ്വന്തമായി വാഹനമുണ്ടോ എന്ന് ചോദിക്കുന്നതിനേക്കാള്‍ ഗൗരവമാണ് ഫേസ്ബുക്കിലോ വാട്‌സപ്പിലോ അക്കൗണ്ടുണ്ടോ എന്ന ചോദ്യം. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ക്യാമറക്കണ്ണുകൊണ്ട് ഒപ്പിയെടുത്ത് അവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് നാമോരോര്‍ത്തരും സ്വയം സെലിബ്രിറ്റികളായി മാറിത്തുടങ്ങിയിരിക്കുന്നു.
സോഷ്യല്‍ മീഡിയയുടെ വര്‍ധിച്ച ഉപയോഗം മൊബൈല്‍ വ്യവസായത്തില്‍ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. സോഷ്യല്‍ മീഡിയക്കനുസരിച്ച് നവീന സാങ്കേതിക വിദ്യയൊരുക്കി മൊബൈല്‍ കമ്പനികള്‍ പ്രതിവര്‍ഷം കോടികളാണ് കൊയ്തുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ഉപയോഗം വര്‍ധിച്ചതോടെ ഡാറ്റാപാക്കുകള്‍ വിറ്റഴിക്കാനും അത് വഴി വന്‍ ലാഭം കൊയ്യാനും മൊബൈല്‍ പ്രൊവൈഡര്‍മാര്‍ക്കും ഇന്ന് മാത്സര്യ ബുദ്ധിയോടെ രംഗത്തുണ്ട്. ജിയോ സിം തുടങ്ങിവെച്ച വിപ്ലവം ഇന്ന് രാജ്യം മുഴുവന്‍ വ്യപിച്ചിരിക്കുകയാണ്. നമ്മുടെ പ്രതികരണ ശേഷി ഉയര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് ചെറുതല്ല. ഗ്രൂപ്പില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍ ഏറ്റവു വേഗത്തില്‍ ഷെയര്‍ ചയ്യാനാണ് പലര്‍ക്കും തിടുക്കം. പലപ്പോഴും ഒന്നും വായിച്ച് നോക്കാനുള്ള ക്ഷമപോലും പലരും കാണിക്കാറില്ല. ലഭിച്ച പോസ്റ്റുകളുടെ യാഥാര്‍ത്ഥ്യമറിയാതെ ഷെയര്‍ ചെയ്യുന്നത് പലപ്പോഴും വലിയ ദുരന്തങ്ങള്‍ക്ക് തന്നെ കാരണമാകും. വാര്‍ത്തകളുടെ അനന്തരഫലങ്ങളെക്കുറിച്ച് പടച്ചു വിടുന്നവര്‍ പോലും ബോധവാന്മാരല്ല. വര്‍ഷക്കാലത്ത് ശക്തമായ പേമാരിയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് പലപ്പോഴും കളക്ടര്‍ മുന്‍പേ അവധി പ്രഖ്യാപിച്ചത് സോഷ്യല്‍ മീഡിയയായിരുന്നു. അപ്രഖ്യാപിത അവധി സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് അവധിയാക്കി മാറ്റിയതോടെ കളക്ടര്‍ക്ക് സൈബര്‍ സെല്ലില്‍ പരാധി നല്‍കേണ്ടി വന്നു. മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര താരങ്ങളെ കൊല്ലാതെ കൊന്നും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ മരണത്തിന്റെ രണ്ട് ദിവസം മുമ്പ് വകവരുത്തിയതും സോഷ്യല്‍ മീഡിയ തന്നെയാണഭരണ കൂടങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും കൂടുതലായും ആഘോഷിച്ചത് സോഷ്യല്‍ മീഡിയയാണ് ഭരണ പ്രതിപക്ഷങ്ങള്‍ ഉയര്‍ത്തുന്ന അവകാശ വാദങ്ങളെ പരസ്യവിചാരണ ചെയ്യാന്‍ ലോകത്ത് മറ്റാരേക്കാളും സ്വാതന്ത്ര്യമുള്ളത് ഇന്ന് നവ മാധ്യമങ്ങള്‍ക്കാണ്. ഈജിപ്തിലെ ഹുസ്‌നി മുബാറക്കിന്റെ പതനത്തിനും ഇന്ത്യയിലെ മോദി ഭരണാത്തിന്റെ ഉദയത്തിനും ഒരു പരിധി വരെ കാരണം നവ മാധ്യമങ്ങള്‍ തന്നെ. തപാല്‍ പോലുള്ള പാരമ്പര്യ മാധ്യമങ്ങള്‍ക്ക് നവ മീഡിയകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ലെന്ന് പറയാതെ വയ്യ. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ സംഭവ വികാസങ്ങളെ ഇകഴ്ത്തിയും പുകഴ്ത്തിയും ട്രോള്‍ സാഹിത്യമെന്ന പുതിയൊരു ശാഖ രൂപപ്പെട്ടതോടെ മലയാളിയുടെ നര്‍മ്മ ബോധം വികസിച്ചെങ്കിലും പരദൂഷണവും അനാവശ്യങ്ങളും എത്രയാണ് അവയില്‍ കുമിഞ്ഞ് കൂടുന്നതെന്ന് ആലോചിക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയ വ്യാപകമായതോടെ അവയുടെ വര്‍ധിച്ച ഉപയോഗം രോഗാവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. വ്യക്തികത വിവരങ്ങളുടെ ദുരുപയോഗം മൂലം വ്യക്തി ഹത്യയും ഹാക്കിങ് ഫിഷിങ് പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങളും പതിന്മടങ്ങാണ് വര്‍ധിച്ചത്. ആഘോഷങ്ങളൊക്കെ ഇന്റര്‍ നെറ്റിലേക്ക് ചുരുക്കിയപ്പോള്‍ ഫൈക്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അപരനെ വഞ്ചിക്കാനും തുടങ്ങി. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുതകുന്ന തീവ്രവാദത്തിന് വളരാന്‍ അവസരം സൃഷ്ടിച്ച് വെള്ളവും വളവും നല്‍കുന്നതിലൂടെ സൈബര്‍ ടെററിസം സര്‍ക്കാറുകള്‍ക്ക് പലപ്പോഴും വെല്ലുവിളിയായി.
ഇന്റര്‍നെറ്റിനോടുള്ള അമിതമായ വിധേയത്വം നെറ്റ് അഡിക്റ്റ് എന്നൊരു പുതിയ മാനസിക രോഗമായി വൈദ്യശാസ്ത്രം കണക്കാക്കിത്തുടങ്ങിക്കഴിഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരെപ്പോലെ ഇന്റര്‍നെറ്റിന് അടിമയായവരേയും ഇനി ചികിത്സിക്കേണ്ടി വരും. ഇത്തരം രോഗാവസ്ഥയിലൂടെ നീങ്ങുന്നവരെ വിദേശ രാജ്യങ്ങളില്‍ ഡി അടിക്ഷ്യന്‍ സെന്ററുകളെന്ന നവ ചികിത്സാലയത്തില്‍ പ്രവേശിപ്പിക്കാറുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലും ഈ സമസ്യ സുലഭമായിട്ട് കാലമേറെയായി. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധമകലാന്‍ മീഡിയയുടെ അമിത ഉപയോഗം കാരണമാകുമെന്ന് കണക്കുകള്‍ തെളിയിക്കുന്നുണ്ട്. ഭാര്യ ഭര്‍ത്താക്കന്മാര്‍ വാട്‌സപ്പിലും ഫൈസ്ബുക്കിലും ചിലവഴിക്കുകയും മക്കള്‍ സ്മാര്‍ട്ട് ഫോണില്‍ ബാല്യവും കൗമാരവും തളച്ചിടുമ്പോള്‍ ഇല്ലാതാകുന്നത് ഹൃദയബന്ധങ്ങളാണ്. ജീവിതത്തില്‍ ഉയര്‍ന്ന വിദ്യഭ്യാസ യോഗ്യതയും സമ്പത്തും സമ്പാദ്യങ്ങളും നേടിയെടുക്കാന്‍ വഴികാണിച്ച് കൊടുക്കുന്ന നമ്മില്‍ എത്രപേര്‍ മൂല്യങ്ങള്‍ നിറഞ്ഞ സഹജീവികളോട് ദൈവഭയമുള്ള കരുണയുമുള്ള നന്മയുടെ നല്ല പാഠങ്ങള്‍ പറഞ്ഞ് കൊടുക്കാറുണ്ട്. നല്ല വിത്തില്‍ നിന്നേ നല്ല ഫലം കായ്ക്കൂ. ഇതിനൊക്കെ മീഡിയ തിരക്ക് നമ്മെ അനുവദിക്കുന്നില്ലെന്നതാണ് സത്യം. അതിനാല്‍ സോഷ്യല്‍ മീഡിയ നിരോധനമല്ല നിയന്ത്രണമാണ് ആവശ്യം. നവമാധ്യമങ്ങളെ നകശിഖാന്തം എതിര്‍ക്കുന്നവരോടും ഒരു വാക്ക് മാധ്യമങ്ങളല്ല അതിന്റെ ഉപഭോക്താക്കളുടെ നിലപാടാണ് അവയെ നല്ലതോ ചീത്തയോ ആക്കിമാറ്റുന്നത്.

COMMENTS