ശാഹിദ് ഹസനി തിരുവളളൂര്‍ / മുഹ്‌സിന്‍ ഷംനാദ് പാലാഴി
1- സമന്വയ വിദ്യാഭ്യാസത്തിന്റെ സന്തതികള്‍ക്ക് രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്ക്‌ചേരാനുള്ള സാധ്യതകള്‍ ?
മതസമന്വയ പണ്ഡിതന്മാര്‍ക്ക് രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്ക് ചേരാനുള്ള സാധ്യതകള്‍ അനവധിയാണ്. ഒരു പക്ഷേ, സമന്വയ വിദ്യഭ്യാസത്തിന്റെ സന്തതികള്‍ ഈ മേഖലയില്‍ ഒരുപാട് സാധ്യതകള്‍ ഉപയോഗിക്കുന്ന കാലം കൂടിയാണ് ഭാവിയില്‍ വരാനിരിക്കുന്നത്.
സാധ്യത എന്ന് പറയുമ്പോള്‍ ഒരു പ്രശ്‌നത്തില്‍ ഇടപെടുമ്പോഴാണ് അതിനെ ഒരു സാധ്യതയാക്കി മാറ്റാന്‍ നമുക്ക് സാധിക്കുന്നത്.
നിലവില്‍ ഇന്ത്യ ഒരു പ്രശ്‌നമുഖരിത സാഹചര്യത്തിലാണ്. ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന രണ്ട് മേഖലകളാണ് ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും. ഇന്ത്യയിലെ ഹെല്‍ത്ത് സിസ്റ്റവും എഡുക്കേഷന്‍ സിസ്റ്റവും ഇപ്പോഴും വേണ്ടത്ര നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. ആരോഗ്യ രംഗത്ത് ഇന്‍ഫന്റ് മൊട്ടാലിറ്റി റൈറ്റും മറ്റേണല്‍ മൊര്‍ട്ടാലിറ്റി റൈറ്റുമൊക്കെ പരിതാപകരമായ അവസ്ഥയിലാണുള്ളത്. ഇന്ത്യയില്‍ ജനിക്കുന്ന മുപ്പത് കുട്ടികള്‍ക്കും ആവശ്യത്തിന് പോഷകാഹാരങ്ങള്‍ ഇന്നും ലഭിക്കുന്നില്ല. വിദ്യാഭ്യാസ രംഗത്താണെങ്കില്‍ സ്‌ക്കൂളുകളുടെ ക്വാളിറ്റിയില്‍ ഐ.പി.സി.സി സര്‍വ്വെ പ്രകാരം 73 രാജ്യങ്ങളുടെ കണക്കെടുത്തപ്പോള്‍ അതില്‍ 72 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇതിനെ തുടര്‍ന്ന് സര്‍വെയില്‍ നിന്നും ഇന്ത്യ പിന്മാറുകയാണ് ഉണ്ടായത്. ഈ രണ്ട് മേഖലകള്‍ ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത് പോലെ രാജ്യത്തിന്റെ വിവിധ മേഖലകള്‍ ധാരാളം പ്രതിസന്ധികള്‍ നേരിടുന്നു. എന്നാല്‍ രാഷ്ട്രം അഭിമുഖീകരിക്കുന്ന പ്രസ്തുത പ്രശ്‌നങ്ങളെയെല്ലാം ഒരു സാധ്യതയായെടുത്ത് സമന്വയ പണ്ഡിതന്മാര്‍ അതില്‍ ഇടപെടേണ്ടതുണ്ട്. അപ്പോഴാണ് ഇത്തരം പ്രശ്‌നങ്ങളെ രാഷ്ട്ര നിര്‍മിതിയില്‍ പങ്ക് ചേരാനുള്ള സാധ്യതകളാക്കി മാറ്റാന്‍ സാധിക്കുക.
ഇന്ത്യ ഒരു അസ്‌പൈറിങ് നേഷനാണ്. ഒരു ഗ്ലോബല്‍ ലീഡറാവാനുള്ള അന്വേഷണ വഴിയിലാണ് രാജ്യം. ഇന്ത്യയും ചൈനയുമാണ് നിലവിലെ അതിവേഗം വളരുന്ന എമര്‍ജിന്‍ കണ്‍ട്രീസ്. ഇന്ത്യയുടെ പുതിയ ലക്ഷ്യം തന്നെ ഫൈവ് ട്രില്ല്യണ്‍ എക്കോണമി എന്നതാണ്. ചുരുക്കത്തില്‍ ഇന്ത്യ രാഷ്ട്ര പുരോഗതിക്ക് വേണ്ടിയുള്ള പുതിയ ലക്ഷ്യങ്ങളുടെ വഴിയിലാതിനാല്‍ ഇവിടെ സാധ്യതക ളുടെ അനന്തതയാണ് തെളിയുന്നത്. കേവലം രാജ്യത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിലപ്പുറം ഏകദേശം 2050 തോടെ ഒരു വികസിത ഇന്ത്യ എന്ന രീതിയില്‍ രാജ്യം വളര്‍ന്നാല്‍ മതസമന്വയത്തിന്റെ വാക്താക്കള്‍ക്ക് വിവിധ രാജ്യങ്ങളുടെ അധികാര വ്യവസ്ഥയില്‍ ഇടപെടാനുള്ള സാധ്യതകള്‍ രൂപപ്പെടും.
ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ് വശം എന്നുള്ളത് ഡെമോഗ്രാഫിറ്റിങ് ഡിവിഡെന്റ് (ജനസംഖ്യ ലാഭവിഹിതം) ആണ്. മനുഷ്യന്റെ നാനാതര നൈപുണ്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെയും ഭാഷപരിജ്ഞാനം കൈമാറുന്നതിലൂടെയും വിവിധ വിജ്ഞാനങ്ങള്‍ പഠിപ്പിക്കപ്പെടുന്നതിലൂടെയും ജനസഞ്ചയത്തിന്റെ മാനവവിഭവശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. അപ്പോള്‍ ഡെമോഗ്രാഫിക് ഒരേ സമയം ഡിവിഡെന്റ് ആകുന്നു. ഇത് വഴി ജപ്പാന്‍, ഉത്തരകൊറിയ പോലുള്ള വന്‍കിട വ്യവസായ രാജ്യങ്ങളിലേക്ക് ലേബര്‍ ഫോയ്‌സ് ആയി നമ്മുടെ ആളുകളെ അയക്കാന്‍ സാധിക്കും. ആ രാജ്യങ്ങളില്‍ നമ്മുടെ പൗരന്മാര്‍ തൊഴിലില്‍ ഏര്‍പ്പെടുകയും അവരുടെ സമ്പാദ്യങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുന്ന ഒരു സാഹചര്യം സംജാതമാകും.അപ്പോള്‍ സ്‌കില്‍ അക്യുസിഷന്‍ എന്നുള്ളത് വളരെ പ്രധാനപ്പെട്ട വസ്തുതയാണ്. വളര്‍ന്ന് വരുന്ന ജനസമൂഹത്തിന് പല മേഖലകളിലുമുള്ള പ്രവര്‍ത്തന രീതികള്‍ പരിചിതമാക്കുന്നതിലൂടെ രാജ്യത്ത് നാനോന്മുഖമായ വികസനം സാധ്യമാകും. ഇത്തരം സാധ്യതകളെയെല്ലാം മതസമന്വയ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.
2 -സമന്വയം വഴി മതകീയമായി സമൂഹ സേവനം സാധ്യമാണ്. വ്യാപകമായി അത് നടക്കുന്നുമുണ്ട്. എന്നാല്‍ മതേതര മേഖലയിലെ സേവനങ്ങളില്‍ മത വിദ്യാര്‍ത്ഥിക്ക് ഇടപെടാന്‍ സാധിക്കുമോ ?
ഒരു സേവനമെന്നു പറയുന്നതില്‍ മതം മതേതരം എന്ന ആശയ വൈജാത്യം നിലനില്‍ക്കുന്നു എന്നെനിക്ക് തോന്നുന്നില്ല. ഏതൊരു പ്രവര്‍ത്തനത്തെയും അതിന്റെ നിയ്യത്ത് (ഉദ്ദേശ്യം) അടിസ്ഥാനമാക്കിയാണ് അളക്കപ്പെടുകയെന്നതാണ് (ഹദീസ് ) ഇസ്ലാമിന്റെ കാഴ്ച്ചപ്പാട്. ഒരാള്‍ ഖുര്‍ആന്‍ അധ്യാപനം നടത്തുന്നത് അപരനെ കബളിപ്പിക്കാന്‍ വേണ്ടിയാണെങ്കില്‍ അതിനെയൊരിക്കലും മതപരമായ സേവനമായി കണക്കാക്കാന്‍ സാധിക്കുകയില്ല. ഇനി ഒരു ഡോക്ടര്‍ രോഗിയെ ചികിത്സിക്കുന്നത് ധന സമ്പാദനത്തിന് വേണ്ടിയാണെങ്കില്‍ അതുമൊരു മതസേവനമായി കണക്കാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ചികിത്സയിലൂടെ രോഗിയെ സേവിക്കുകയാണ് ലക്ഷ്യമെങ്കില്‍ അതൊരു മതസേവനമായി മാറുന്നു. മതപരമായ വിഷയമായാലും മതേതരമായ വിഷയമായാലും ഒരാളുടെ ഉദ്ദേശ്യലക്ഷ്യം ശരിയാവുക എന്നതാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ഈ രീതിയില്‍ വീക്ഷിച്ചാല്‍ അകറ്റി നിര്‍ത്തപ്പെട്ട ഒരുപാട് മേഖലകളില്‍ ഇടപെടാന്‍ മതസമന്വയ പണ്ഡിതന്മാര്‍ക്ക് സാധിക്കും. അഡ്മിനിസ്‌ട്രേഷന്‍ മേഖല ഒരു ഉദാഹരണമാണ്. ഒരോ ജനസമൂഹത്തിന്റെയും പുരോഗതിയുടെ അളവ്‌കോലെന്ന് പറയുന്നത് ഉദ്വോഗ തലങ്ങളിലെ അവരുടെ പ്രാതിനിധ്യമാണ്. നിലവില്‍ മുസ്ലിം സമുദായത്തിന് അഡ്മിനിസ്‌ട്രേഷന്‍ തലങ്ങളിലൊക്കെ 4% മാത്രമേ പ്രാതിനിധ്യമുള്ളൂ. അതേസമയം 14% വരെ പ്രാതിനിധ്യം ആ മേഖലയില്‍ ആവശ്യവുമാണ്. അപ്പോള്‍ ഉദ്യോഗ മേഖലയില്‍ വലിയൊരു സാധ്യത അവിടെ ഒഴിഞ്ഞ് കിടപ്പുണ്ട്്. ഉദ്യോഗ മേഖലയില്‍ അര്‍ഹിക്കുന്ന രീതിയിലുളള പ്രാതിനിധ്യം സാധ്യമായാല്‍ കേവലമൊരു തൊഴില്‍ നേടിയെടുക്കുന്നതിലപ്പുറം സര്‍ക്കാറിന്റെ നയങ്ങളിലും ഇപ്ലിമെന്റേഷന്‍ പാര്‍ട്ടുകളിലുമെല്ലാം ഫലപ്രദമായി ഇടപെടാന്‍ സാധിക്കും.
മറ്റൊരു സുപ്രധാന വിഷയം ഇത്തരം മേഖലകളെ അഴിമതിയും സ്വജനപക്ഷപാതവും കാര്‍ന്ന് തിന്നുന്ന ഒരു ദുരവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനൊരു ദൂരവ്യാപകമായ വ്യതിയാനം സംഭവിക്കണമെങ്കില്‍ ധാര്‍മിക ബോധമുള്ള ഭരണഘടന അനുശാസിക്കുന്ന നിയമവ്യവസ്ഥകള്‍ അംഗീകരിക്കുന്ന ഒരു സമൂഹം ഇത്തരം മേഖലകളിലേക്ക് കടന്ന് വരണം. എങ്കില്‍ മാത്രമേ, രാജ്യത്തിന്റെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഒരുപാട് സാധ്യതകളെ തടയാന്‍ സാധിക്കുകയുള്ളൂ. പ്രത്യേകിച്ചും ബ്യൂറോക്രാറ്റിങ്ങ് തലങ്ങലിലെ മെല്ലെപോക്കിനെ തടയിടാന്‍ കാര്യക്ഷമതയുള്ള ഒരു തലമുറ കടന്ന് വന്നേ പറ്റൂ. ഇങ്ങനെ സമന്വയ പണ്ഡിതന്മാര്‍ക്ക്് ഇടപെടാന്‍ അനുയോജ്യമായ ധാരാളം ഇടങ്ങളും സാധ്യതകളും ഇന്ന് നിലനില്‍ക്കുന്നുണ്ട്.
3- നവ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു മുസ്ലിം പൊതു സമൂഹത്തെ സേവിക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള വെല്ലുവിളികള്‍ ? മറികടക്കാനുള്ള വഴികള്‍ ?
ഒരു മുസ്ലിമിന് പൊതുസമൂഹത്തെ സേവിക്കാന്‍ സാധ്യമല്ല എന്നൊരു മനോഭാവം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, മതങ്ങള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും വര്‍ഗീയത എന്ന വിഷം വളര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ ഇത് ആപേക്ഷികമാണ്. രാജ്യത്തെ ചെറിയൊരു ശതമാനം വിഭാഗം മാത്രമേ വര്‍ഗീയമനോഭാവത്തോടെ വിഷയങ്ങളെ നോക്കികാണുന്നുള്ളൂ. എന്നാല്‍ ഈ ചെറിയ വിഭാഗം തങ്ങളിലെ വര്‍ഗീയ വിഷം സമൂഹത്തില്‍ പടര്‍ത്താന്‍ ഫേക്ക് ന്യൂസുകളിലൂടെയും മറ്റും പുതിയ കാലത്തെ സോഷ്യല്‍ മീഡിയകളെ വ്യാപകമായി ഉപയോഗിക്കുന്നു എന്നത് വാസ്തവമാണ്. രാജ്യത്തെ ഭൂരിഭാഗം ആളുകളും ഈ മനോഭാവം ഉള്ളവരാണ് എന്നതല്ല ഇതിനര്‍ത്ഥം. പ്രത്യുത വര്‍ഗീയ മനോഭാവത്തിനെതിരെ നില്‍ക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ സോഷ്യല്‍ മീഡിയകളുടെ പിന്തുണയോടെ സമൂഹത്തില്‍ വര്‍ഗീയതയെ പര്‍വ്വതീകരിച്ച് കാണിക്കാന്‍ മറുഭാഗത്ത് ശ്രമം നടന്ന് കൊണ്ടിരിക്കുന്നു.
എല്ലാ മതങ്ങളെയും അതിന്റെ ഉത്ഭവ സമയത്ത് തന്നെ സ്വീകരിച്ച രാഷ്ട്രമാണ് ഇന്ത്യ. വൈരുദ്ധ്യ ബഹുസ്വരങ്ങളുള്ള പ്രത്യായശാസ്ത്രങ്ങളെയും ആശയങ്ങളെയും ഉള്‍കൊണ്ട് കൊണ്ടുള്ള ഒരു പാരമ്പര്യമണ് ഇന്ത്യക്കും രാജ്യത്തെ ജനങ്ങള്‍ക്കുമുള്ളത്. ഈ പാരമ്പര്യത്തെ നശിപ്പിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അത് കൊണ്ട് തന്നെ ഒരു മുസ്ലിമിന് പൊതു സമൂഹത്തെ സേവിക്കാനുള്ള ഭരണഘടനപരമായും നിയമപരമായുമുള്ള എല്ലാ വിധ സാധുതകളും ഇന്ന് രാജ്യത്ത് നിലവിലുണ്ട്. അത്‌കൊണ്ട് തന്നെ വര്‍ഗീയ മനോഭാവമുള്ള ചെറിയൊരു വിഭാഗത്തില്‍ നിന്നുമുള്ള വെല്ലുവിളികള്‍ നമുക്ക് മറികടക്കാന്‍ സാധിക്കും. അതിന് ആദ്യമായി നാം ദൃഢമായ ആത്മവിശ്വാസം സഭരിക്കണം. രണ്ടാമതായി ഏത് കാര്യം ചെയ്യുമ്പോഴും ഒരു എക്‌സ്ട്രാ കെയര്‍ നമ്മള്‍ സൂക്ഷിക്കേണ്ടതുണ്ട്. അഥവാ, നിയമങ്ങളോടും ഭരണഘടനയോടുമുള്ള ബാധ്യതകള്‍ കൂടുതല്‍ കര്‍ത്തവ്യബോധത്തോടെ സൂക്ഷിച്ച് നിര്‍വ്വഹിക്കുക. കാരണം എല്ലാ ഭരണപരമായ പ്രവര്‍ത്തനങ്ങളും തുറന്ന പുസ്തകം പോലെ ജനങ്ങള്‍ക്ക് മുന്നില്‍ ട്രാന്‍സ്പറന്റായി വരുകയാണ്. സോഷ്യല്‍ മീഡിയയും ആര്‍.ടി.ഐ ആക്ടുമെല്ലാം അതിനുള്ള മാധ്യമങ്ങളാണ്. അതിനാല്‍ ഒരു എക്‌സ്ട്രാ കെയര്‍ ഏതര്‍ത്ഥത്തിലും നല്ലതാണ്.
മാത്രമല്ല, നെഗറ്റീവ് ന്യൂസുകളേക്കാള്‍ പോസിറ്റീവ് ന്യൂസുകള്‍ക്ക് പ്രാധാന്യം നല്‍കണം. അതിനെ സോഴ്‌സ് ഓഫ് ഡിപ്പെന്റാക്കി നാം മുന്നോട്ട് പോകണം.
4-സമന്വയ സംവിധാനങ്ങള്‍ക്ക് രജ്യത്തിന്റെ ഔദ്യോഗിക ഉന്നതതലങ്ങളിലേക്ക് സംഭാവനകള്‍ അര്‍പ്പിക്കാനുള്ള സാധ്യതകള്‍ വര്‍ധിക്കണം. അത്് പര്യാപ്തമാക്കാനുള്ള പരിഷ്‌കാരങ്ങള്‍ ?
ഇതിന് വേണ്ടി മതസമന്വയ സ്ഥാപനങ്ങള്‍ അവരുടെ അടിസ്ഥാനപരമായ ഘടനയില്‍ മാറ്റം വരുത്താതെ മറ്റു ഘടനാരീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കരിക്കുലം. പന്ത്രണ്ട് വര്‍ഷം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഓരോ വര്‍ഷവും സിവില്‍ സര്‍വ്വീസിനുള്ള ഓരോ വിഷയങ്ങള്‍ പഠിച്ചാല്‍ പഠനകാലം കഴിയുമ്പോഴേക്കും അവന് സിവില്‍ സര്‍വ്വീസ് എത്തിപ്പിടിക്കാന്‍ സാധിക്കുന്നതേയുള്ളൂ. എന്നാല്‍ പന്ത്രണ്ട് വര്‍ഷം പഠിച്ച് പുറത്തിറങ്ങുന്ന ഭൂരിഭാഗം മതസമന്വയ പണ്ഡിതന്മാര്‍ക്കും സിവില്‍ സര്‍വ്വീസിന്റെ അടിസ്ഥാന വിഷയങ്ങള്‍ പോലും അറിയാത്ത ഖേദകരമായ അവസ്ഥയാണിന്ന് നിലവിലുള്ളത്. ഇതിന് മാറ്റം വരണമെങ്കില്‍ ഇത്തരം ഉദ്വോഗം നേടാനുള്ള മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന വിഷയങ്ങള്‍ കൂടി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം. ഉദാഹരണത്തിന് കേരള പി.എസ്.സി. എല്‍.ഡി ക്ലര്‍ക്ക് മുതല്‍ കെ.എ.എസ് വരെയുള്ള ധാരാളം ഉദ്വോഗ മേഖലകളിലേക്ക് ഒരോ വര്‍ഷവും കേരള പി.എസ്.എസി പരീക്ഷകള്‍ നടത്തുന്നു. ഈ പരീക്ഷകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യങ്ങള്‍ ഒരോ വിഷയവുമായി ബന്ധപ്പെട്ടതായിരിക്കും. ഇത്തരം മത്സര പരീക്ഷകള്‍ക്കുള്ള വിഷയങ്ങല്‍ ഒന്നാം വര്‍ഷം മുതല്‍ പന്ത്രണ്ടാം വര്‍ഷം വരെയുള്ള കരിക്കുലത്തില്‍ ഉള്‍കൊള്ളിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കപ്പെട്ടാല്‍ ഒരുപാട് കാലമായി വിലപിക്കുന്ന ഈ മേഖലകളിലെ നമ്മുടെ പിന്നോക്കാവസ്ഥ മാറും.
നമ്മുടെ കൈയ്യില്‍ നല്ല പൊട്ടന്‍ഷ്യലുള്ള ഒരു സമൂഹമുണ്ട്. അതിനെ ഈ തരത്തില്‍ ഉപയോഗപ്പെടുത്താനുള്ള ആസുത്രണവും പ്രവര്‍ത്തനങ്ങളും മതസമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കമ്മറ്റിക്കും മാനേജ്‌മെന്റിനും ഉണ്ടാവേണ്ടതുണ്ട്. മാത്രമല്ല അതിലപ്പുറം ആവശ്യമായ ഇത്തരം മാറ്റങ്ങളെ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയേണ്ടതുമുണ്ട്.
മതസമന്വയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുണ്ട്. ഇത് ഉപയോഗപ്പെടുത്തി കൊണ്ട് കെ.എ.എസ് പോലുള്ള മത്സര പരീക്ഷകള്‍ എഴുതാന്‍ അവര്‍ മുന്നോട്ട് വരണം. അതില്‍ ഒരു മതസമന്വയ വിദ്യാര്‍ത്ഥി മാതൃക സൃഷ്ടിച്ചാല്‍ സ്വാഭാവികമായും ആ മേഖലകളിലേക്കുള്ള ഒഴുക്ക് ധാരാളമായി സമന്വയ സ്ഥാപനങ്ങളില്‍ നിന്നും ഉണ്ടാകും. ഇങ്ങനെ മതസമന്വയ സ്ഥാപനങ്ങള്‍ക്ക് അന്യമാണെന്ന് കരുതപ്പെടുന്ന മേഖലകളില്‍ ഒരുപാട് റോള്‍ മോഡലുകളെ വര്‍ധിപ്പിച്ച് പുതിയ മാറ്റത്തിന് നാം തയ്യാറാകണം.
5- സമൂഹസേവനത്തില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുണ്ടാവുക ജനപ്രതിനിധികള്‍ക്കാണ്. നിയമസഭയിലേയും പാര്‍ലമെന്റിലെയും അംഗങ്ങളാണ് മുഖ്യമായും ആ ഗണത്തിലുണ്ടാവുക. പ്രസ്തുത ജനപ്രതിനിധികളാവട്ടെ രാഷ്ട്രീയത്തില്‍ പാരമ്പര്യമായും മറ്റും ബാഗ്രൗണ്ട് ഉള്ളവരാണ്. അത്‌കൊണ്ട് സമന്വയ വിദ്യാഭ്യാസ സിസ്റ്റത്തിലൂടെ പോളിറ്റിക്‌സില്‍ എത്തിചേരാനുള്ള സാധ്യതകള്‍ ? ഔദ്യോഗികമായ സോഷ്യല്‍ സര്‍വ്വീസിനുള്ള വാതിലുകള്‍ സമന്വയ സന്തതികള്‍ക്ക് മുന്നില്‍ അടയുന്നോ ?
ആ തരത്തില്‍ മതസമന്വയ വിദ്യാര്‍ത്ഥിക്ക് രാഷ്ട്രീയത്തിലേക്ക് കടന്ന് വരാനുള്ള സാധ്യത പരിമിതമാണ്. എന്നാല്‍ ഔദ്യഗികമായ സാമൂഹ്യ സേവനത്തിനുള്ള വാതിലുകള്‍ ഇതോടെ അടയണമെന്നില്ല. സോഷ്യല്‍ സര്‍വ്വീസ് എന്നതില്‍ നിന്നും സോഷ്യല്‍ വര്‍ക്ക് എന്ന ധാരണയിലേക്ക് ഇന്ന് അത് മാറിയിട്ടുണ്ട്. സര്‍വ്വീസ് എന്ന് പറയുമ്പോള്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് അപ്പോള്‍ തന്നെ നല്‍കേണ്ട സേവനങ്ങളാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ആസുത്രണം ചെയ്ത സ്‌ട്രേറ്റജിക്കായ വര്‍ക്കുകളാണ് സോഷ്യല്‍ വര്‍ക്കില്‍ ഉള്‍പ്പെടുന്നത്. ഈ തരത്തില്‍ ധാരാളം സോഷ്യല്‍ വര്‍ക്കുകള്‍ക്കുള്ള സാധ്യതകള്‍ സമന്വയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുണ്ട ്. പ്രത്യേകിച്ച് വിദ്യാഭ്യാസ ആരോഗ്യ പ്രവര്‍ത്തനങ്ങളെല്ലാം സോഷ്യല്‍ വര്‍ക്കുകളാണ്. അത്‌കൊണ്ടുണ്ടാകുന്ന റിസള്‍ട്ട് വേഗത്തില്‍ കിട്ടണമെന്നില്ല. എന്നാല്‍ വരും തലമുറക്ക് അത് വെളിച്ചം പകരും. രാജ്യത്തെ വിദ്യാഭ്യാസ പരമായും സാമ്പത്തികപരമായും പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുക പോലെയുള്ള വിപ്ലവാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് സമന്വയ വിദ്യാഭ്യാസത്തിന്റെ സന്തതികളാണ് നേതൃത്വം നല്‍കുന്നത്. ഇത് തന്നെ ഏറ്റവും വലിയ സോഷ്യല്‍ വര്‍ക്കാണ്. കഴിഞ്ഞ മാസം ബംഗാളിലെ ഹാദിയയുടെ എക്‌സലന്റ് സെന്ററിന് കീഴിലായി നാല്‍പതോളം മക്്തബകള്‍ കേരളത്തിലെ മദ്രസകള്‍ ഏറ്റെടുത്ത് നടത്തുന്നത് എനിക്ക് നേരിട്ട് കാണാന്‍ സാധിച്ചു. ഇങ്ങനെ ധാരാളം സോഷ്യല്‍ വര്‍ക്കുകളും സര്‍വ്വീസുകളും ചെയ്യാനുള്ള ഒരുപാട് സാധ്യതകള്‍ മതസമന്വയ വിദ്യാര്‍ത്ഥിയുടെ മുന്നിലുണ്ട്.
മാത്രമല്ല, അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് നയങ്ങളും ആസൂത്രണങ്ങളും രൂപീകരിക്കാന്‍ പ്രാപ്തരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പുതിയ മേഖലകളിലേക്ക് അവരെ വഴി നടത്തണം. നയങ്ങള്‍ എന്ന് പറയുന്നത് രാജ്യത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്. അപ്പോള്‍ അതില്‍ സ്വാധീനം ഉണ്ടാക്കിയെടുക്കുക എന്നത് ഒരു മതസമന്വയ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് പ്രധാനമാണ്. രാഷ്ട്രത്തിന്റെ പ്രതിനിധികളായും അല്ലാതെയും എന്‍.ജി,.ഒ കള്‍ സിവില്‍ സൊസൈറ്റികള്‍ തുടങ്ങി ഇന്റര്‍ നാഷണല്‍ ഫീല്‍ഡുകളില്‍ ഒരുപാട് സാധ്യതകള്‍ സമന്വയവിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുണ്ട്. മാത്രമല്ല, മതസമന്വയ വിദ്യാഭ്യാസത്തിലൂടെ വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയെടുക്കുന്നതിനാല്‍ അറബ് നാടുകളിലും മറ്റും ഇടപെടാനുള്ള പുതിയ ഒരു എച്ച.ആര്‍ റിഫോഴ്‌സ് മതസമന്വയ പണ്ഡിതന്മാര്‍ക്കുണ്ട്. ഇതെല്ലാം ഉപയോഗപ്പെടുത്തിയാല്‍ സേവന മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയും.
ഇന്ന് യുവാക്കള്‍ കൂടുതലുള്ള സമൂഹമാണ് നമുക്കിടയിലുള്ളത്. എന്നാല്‍ നമ്മുടെ ഫേര്‍ട്ടിലിറ്റിയുടെ നിരക്ക് കുറഞ്ഞ് വരുന്നതിനാല്‍ ഘട്ടംഘട്ടമായി അതില്‍ നിന്ന് മാറി യൂറോപ്യന്‍ നാടുകളെ പോലെ വൃദ്ധന്മാര്‍ കൂടുതലുളള പ്രദേശങ്ങളായി കേരളമടക്കമുള്ള നാടുകള്‍ മാറാന്‍ സാധ്യതയുണ്ട്. അത്‌കൊണ്ട് വൃദ്ധന്മാരെ പരിപാലിക്കുകയും സംരക്ഷക്കുകയും ചെയ്യുന്ന മേഖലകളിലേക്ക് കൂടി സമന്വയ വിദ്യാര്‍ത്ഥികളുടെ ചലനങ്ങള്‍ നീങ്ങേണ്ടതുണ്ട്.
ആത്മഹത്യകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് സംജാതമായികൊണ്ടിരിക്കുന്നത്. ഉദ്വോഗ മേഖലയിലെയും പഠന മേഖലയിലെയും സമ്മര്‍ദ്ദങ്ങളും പരാജയങ്ങളും നേരിടാന്‍ മനക്കരുത്തില്ലാത്തതിനാലാണ് പലരും ആത്മഹത്യയെ തിരഞ്ഞെടുക്കുന്നത്. വളര്‍ന്ന് വരുന്ന ഈ സമൂഹത്തെ ആത്മഹത്യയില്‍ നിന്ന് തടയാനും അവര്‍ക്ക് ജീവിതത്തെ കുറിച്ചുള്ള പുതിയ കാഴ്ച്ചപ്പാടുകള്‍ നല്‍കാനും വെല്ലുവിളികളും പരാജയങ്ങളും നേരിടാനുള്ള ഉള്‍കരുത്ത് പകരാനും ധാര്‍മ്മിക പശ്ചാതലത്തില്‍ നിന്നും വളര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥി എന്ന നിലക്ക് സമന്വയ വിദ്യാര്‍ത്ഥി സാധിക്കും.
'ജനോപകാര പ്രദമായതേ ഭൂമിയില്‍ നിലനില്‍ക്കുകയുള്ളൂ' (ഹദീസ്) എന്നതിനാല്‍ ഓരോ കാര്യങ്ങളും ആ തരത്തില്‍ മതസമന്വയ വിദ്യാര്‍ത്ഥി നിര്‍വ്വഹിച്ചാല്‍ സോഷ്യല്‍ സര്‍വ്വീസുകളുടെ വിശാലമായ സാധ്യതകള്‍ സ്വാഭാവികമായും അവന് മുന്നില്‍ തെളിയും.

COMMENTS