അമല്‍ എന്ന യുവ എഴുത്തുകാരന്റെ “ബംഗാളി കലാപം” എന്ന നോവല്‍ വ്യത്യസ്തമായ ഒരു വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നത്. മലയാള സാഹിത്യത്തില്‍ അധികമാരും കടന്നുചെല്ലാത്ത മേഖലകളിലൂടെയാണ് കഥാകാരന്റെ പ്രയാണം. തന്റെ വിലപ്പെട്ട അനുഭവങ്ങള്‍ ഈ എഴുത്തില്‍ ഏറെ സഹായകരമായെന്ന് അദ്ദേഹം പുസ്തകത്തിന്റെ ആദ്യത്തില്‍ തന്നെ പറഞ്ഞുവെക്കുന്നുണ്ട്. 2008 ല്‍ പണി തുടങ്ങിയ പുസ്തകം 2018 ലാണ് എഴുതിതീരുന്നത്. ഈ കാലദൈര്‍ഘ്യത്തിനിടയിലെ വിവിധ രാജ്യങ്ങളിലായുള്ള അമലിന്റെ തൊഴിലാളി ജീവിതം തന്നെയാണ് പുസ്തകത്തിന്റെ പ്രഥമ മൂലധനം.
എന്തുകൊണ്ട് കേരളത്തിലേക്ക് ഇത്രയധികം അന്യസംസ്ഥാനതൊഴിലാളികള്‍ കയറിപോവുന്നു എന്ന ചിന്തയാണ് അമലിനെ ഇത്തരമൊരു എഴുത്തിലേക്ക് നയിക്കുന്നത്. പിന്നീട് ഈ കുടിയേറ്റത്തിന്റെ കാരണം പുസ്തകത്തില്‍ അദ്ദേഹം നല്ലപോലെ വിശദീകരിക്കുന്നുണ്ട്. സന്തോഷ് ഏച്ചിക്കാനം എഴുതിയ “ബിരിയാണി ” യിലെ ഗോപാല്‍ യാദവ് എന്ന കഥാപാത്രവും ബെന്യാമിന്റെ ആടുജീവിതവുമൊക്കെ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നതായി കാണാം.
“ ബംഗാളി കലാപം” ഭാവിയില്‍ ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം അഭിമാനിക്കുന്ന കേരളത്തില്‍ നടക്കാന്‍ സാധ്യതയുള്ള ചില അനിഷ്ടസംഭവങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അന്യസംസ്ഥാനതൊഴിലാളികള്‍ അഥവാ മലയാളി പൊതുവെ ബംഗാളികള്‍ എന്ന് വിളിക്കുന്ന വിഭാഗം ദക്ഷിണേന്ത്യയിലേക്ക് തൊഴിലാവശ്യാര്‍ത്ഥം കുടിയേറുന്നതാണ് നോവലിന്റെ മുഖ്യപശ്ചാത്തലം. ഈ കുടിയേറ്റം അധികമാവുമ്പോള്‍ സമൂഹത്തിന്റെ തെറ്റായ ചിന്തയുടെ പരിണിത ഫലമായി ഉണ്ടായേക്കാവുന്ന വിപത്തുകളെ കുറിച്ച് എഴുത്തുകാരന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. നോവല്‍ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് മലയാളിയെ തന്നെയാണ്. അന്യസംസ്ഥാനതൊഴിലാളിയോടുള്ള മലയാളിയുടെ പച്ചയായ വിവേചനസ്വഭാവം ഈ കൃതിയില്‍ നല്ലപോലെ മുഴച്ച് നില്‍ക്കുന്നുണ്ട്.
അനാറുല്‍ ഇസ്്‌ലാം എന്ന നായകകഥാപാത്രത്തിന്റെ ജീവിതസാഹചര്യങ്ങളിലൂടെ സമൂഹത്തില്‍ അടിഞ്ഞുകൂടിയ വര്‍ഗ്ഗീയചിന്തകള്‍ വെളിച്ചത്ത് വരികയാണ്. താഴ്ന്ന വിഭാഗത്തിലായതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ഈ അന്യസംസ്ഥാനക്കാരന്‍ ഒരു അനിശ്ചിതസാഹചര്യത്തില്‍ യാദൃശ്ചികമായി കേരളത്തിലെത്തിചേരുന്നു. തുടര്‍ന്ന് അയാള്‍ പലപ്പോഴും മലയാളിയുടെ ക്രൂരമായ വിനോദത്തിന് ഇരയാകുന്നത് എഴുത്തുകാരന്‍ തുറന്നെഴുതുന്നു. ഇങ്ങനെ എത്രയോ അന്യസംസ്ഥാന തൊഴിലാളികള്‍.
ഉപഭോഗ സ്വഭാവം തലക്ക് പിടിച്ച് പാടവും വയലും കല്ലും മണ്ണും സിമന്റും ഉപേക്ഷിച്ച മലയാളിയെ എഴുത്തുകാരന്‍ കുറ്റപ്പെടുത്തുന്നു. പൊതുവെ ആത്മാര്‍ത്ഥതയോടെ പണിയെടുക്കുന്ന അന്യസംസ്ഥാനക്കാരോട് മോശമായി പെരുമാറാന്‍ നമുക്ക് എന്തെങ്കിലും അവകാശമുണ്ടോ എന്നാണ് ചോദ്യം. എവിടെയോ നടന്ന ചില ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളുടെ പേര്പറഞ്ഞ് ബംഗാളികള്‍ എന്ന വിഭാഗത്തെ മുഴുവന്‍ പഴിചാരുന്നവരായി പുസ്തകത്തിലെ മലയാളികള്‍ മാറുകയാണ്. അന്യസംസ്ഥാനക്കാര്‍ ഇങ്ങനെ കണക്കിന് പെരുകിയാല്‍ നാടിനെ അവര്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ചില പ്രത്യേക തല്‍പരകക്ഷികള്‍ പറഞ്ഞ്പരത്തുന്നു. ഇങ്ങനെയുള്ള വ്യാജപ്രചരണങ്ങളുടെ ദുരന്തഫലമായിട്ടാണ് പുസ്തകത്തിന്റെ ഒടുക്കത്തില്‍ വിവരിക്കുന്ന കലാപം നടക്കുന്നത്.
കടുകട്ടി വാക്കുകള്‍ മനപൂര്‍വ്വം ഒഴിവാക്കി പച്ചമലയാളത്തിലുള്ള രചനശൈലി സാധാരണ മലയാളികള്‍ക്കും പുസ്തകം ഗ്രഹിക്കാന്‍ എളുപ്പമാക്കുന്നു. പലപ്പോഴുമുള്ള നര്‍മ്മരചന പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തി ന്റെ വില 200 രൂപയാണ്.
ബുജൈര്‍ തലപ്പെരുമണ്ണ
COMMENTS