പുരാതന ഗ്രീക്ക് ഭാഷയിലെ 'ഫിലോ' , 'സോഫിയ' എന്നീ വാക്കുകള്‍ കൂടിചേര്‍ന്നാണ് ഫിലോസഫി എന്ന ഇംഗ്ലീഷ് പദം ഉയര്‍ന്ന് വരുന്നത്. വിവേകത്തിനോട് / അറിവിനോടുള്ള പ്രിയം / ആഗ്രഹം എന്നാണ് ഇതിന്റെ ഭാഷാര്‍ത്ഥം. ഇവിടെ എന്താണ് വിവേകം എന്നത് മറ്റൊരു ചോദ്യമാണ്. പഠനത്തിന്റെ സുതാര്യതക്ക് വേണ്ടി ഇവിടെ വിശദീകരിക്കുന്നു. വിവേകമാക്കാനകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ടില്‍ രണ്ടായി തരം തിരിക്കുന്നുണ്ട്. ഒരു കാര്യം എങ്ങനെ ചെയ്ത് തീരും എന്നാണ് ഒരറിവ്. ഉദാഹരണം ഭക്ഷണം കഴിക്കാന്‍ അറിയുക. രണ്ടാമതായി പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കുകയാണ്. ഒരു പ്രയോഗത്തിന്റെ അകവും പുറവും കൃത്യമായി മനസ്സിലാക്കലാണ് ശരിയായ അറിവ് എന്ന് അരിസ്റ്റോട്ടിലില്‍ വായിക്കാം. ഇതിന് പുറമെ ഇമ്മാനുവല്‍ കാന്റും ജ്ഞാനത്തിന് രണ്ട് വര്‍ഗീകരണങ്ങള്‍ നടത്തുന്നുണ്ട്. ഒന്നാമത്തെ വര്‍ഗീകരണ പ്രകാരം ഒന്നുങ്കില്‍ അനലിറ്റിക്ക് അല്ലെങ്കില്‍ സിന്തറ്റിക്ക് ജ്ഞാനം. രണ്ടാമത്തേത് പ്രകാരം അപ്രിയോറി അല്ലെങ്കില്‍ എംപരിക്കല്‍.
പലരും പലരോടായി ചോദിക്കുന്ന ഒരു ചോദ്യമാണ് എന്താണ് തത്ത്വചിന്ത എന്നത്. ശരിക്കും ഈ ഒരു ചോദ്യം അവരെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ തന്നെ അവരും ഒരു തത്വചിന്തകനായി മാറുകയാണ്. കാരണം ' എന്താണ് തത്ത്വചിന്ത' എന്ന ചോദ്യം തന്നെ തത്ത്വചിന്താപരമാണ്. ഇവിടെ തത്ത്വചിന്ത സ്വയം അഭിമുഖമായി ചോദിക്കുകയാണ്. തത്ത്വചിന്തയുടെ ദ്വന്ദ്യാത്മ (DIALITICAL) സ്വഭാവമാണ് ഇതിലൂടെ പ്രകടമാവുന്നത്. വാസ്തവത്തില്‍ തത്വചിന്ത പറയലിലൂടെയാണ് എന്താണ് തത്ത്വചിന്ത എന്ന പ്രസക്ത ചോദ്യത്തിന്റെ മറുപടി പൂര്‍ണ്ണമാവുക. അതുകൊണ്ടാണ് ' what is philosophy ' എന്ന പേരില്‍ പുസ്തകങ്ങളിറങ്ങുന്നതും സോക്രട്ടീസ് മുതല്‍ ഴില്‍ ദെല്യൂസ് വരെ ഈ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും. കേവലം അറിവിനെയല്ല തത്ത്വചിന്ത ഉന്നം വെക്കുന്നത് എന്ന നാഗാര്‍ജുന ചിന്ത ഒരു തത്ത്വചിന്തയായിരിക്കെ അറിവിനോടുള്ള സ്‌നേഹം എന്ന് ഫിലോസഫിക്ക് അര്‍ത്ഥം വെക്കുന്നതില്‍ പരിമിതിയുണ്ട്.
തത്ത്വചിന്തയുടെ ഉന്നം അറിവുണ്ടാക്കലല്ല എന്ന് വിറ്റ്‌ഗെന്‍സ്റ്റൈനിന്റെ ചിന്തയിലും കാണാം.
ഓരോ തത്വചിന്തകരും എഴുതി തുടങ്ങുന്നത് പുതിയ തത്വചിന്തയായിരിക്കെ തന്നെ എന്താണ് തത്വ ചിന്ത എന്നതിന് ഒരു അവസാന ഉത്തരം നല്‍കാന്‍ കഴിയണമെന്നില്ല. അത് കൊണ്ടാണ് തത്വചിന്ത ഒരു യുദ്ധ ഭൂമിയാണെന്ന് ഇമ്മാനുവല്‍ കന്റ് വിശേഷിപ്പിച്ചത്. ആദ്യ കാലങ്ങളില്‍ എല്ലാ ജ്ഞാന ചര്‍ച്ചകളും ഫിലോസഫിക്ക് കീഴിലായി അറിയപ്പെട്ടത് കൊണ്ടായിരിക്കും 1687 ല്‍ ന്യൂട്ടന്‍ ഗണിത ശാസ്ത്രത്തിലെ തത്വങ്ങളെ തത്വശാസ്ത്രത്തിന് കീഴിലായി എണ്ണിയതും പിന്നീട് രണ്ടായിരത്തില്‍ അത് ഫിസിക്‌സായി അറിയപ്പെട്ടതും.
സ്‌നേഹത്തെ വ്യാഖ്യാനിക്കല്‍ പ്രയാസകരമായത് പോലെ തന്നെ തത്വ ശാസ്ത്രത്തെ വ്യാഖ്യാനിക്കലും പ്രയാസകരമാണ്. ദൈവം നല്‍കിയ ഒരു സമ്മാനമാണ് ഫിലോസഫിയെന്ന് പ്ലാറ്റോ (ലോകത്തിന് ഒരു സ്രഷ്ടാവ് ഉണ്ടെന്ന് പ്ലറ്റോ വിശ്വസിക്കുന്നുണ്ട് ) പ്രസ്താവിക്കുന്നുണ്ട്. സ്വയം അറിയലാണ് തത്വശാസ്ത്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സോക്രട്ടീസ് പറയുന്നു. ഇതില്‍ നിന്ന് മുന്നോട്ട് പോയിട്ടുണ്ട് കാള്‍മാക്‌സ്. ലോകത്തെ കുറിച്ച് കേവലം ചിന്തിക്കലല്ല, മറിച്ച് ലോകത്തിന്റെ ധാരണകളെ മാറ്റി മറിക്കലാണ് തത്വശാസ്ത്രമെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരു പറ്റം ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് തത്വശാസ്ത്രമെന്നും അതിന് വ്യാഖ്യാനമായി നല്‍കുന്നുണ്ട്. പക്ഷേ ആ ചോദ്യങ്ങള്‍ നിര്‍ണ്ണിതമല്ല. മനുഷ്യ കുഞ്ഞുങ്ങള്‍ ജനന സമയത്ത് തന്നെ ജ്ഞാനം ഉള്‍കൊണ്ട് കൊണ്ടാണ്് ജനിക്കുന്നത് എന്ന് സോക്രട്ടീസ് വാദിച്ചു. ഒരുപാട് പേര്‍ ഇതിന് സ്വീകാര്യത നല്‍കുകയും ചെയ്തു. പക്ഷേ പിന്നീട് ജോണ്‍ ലോക്കെ (JOHN LOCKE ) സോക്രട്ടീസ് പറഞ്ഞത് പോലെ മനുഷ്യര്‍ ജ്ഞാനം ഉള്‍കൊണ്ടല്ല ജനിക്കുന്നത് എന്നും ജ്ഞാനം അനുഭവങ്ങളിലൂടെ മാത്രമേ കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ എന്നും വാദിച്ചു. ഇതില്‍ നിന്ന് വീണ്ടും
വിമര്‍ശാത്മക സമീപനം മുന്നോട്ട് വെച്ച് ഭാഷയാണ് ജ്ഞാനത്തിന്റെ അസ്തിത്വമെന്നും ആ ഭാഷയുണ്ടെങ്കിലേ ജ്ഞാനം കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഭാഷ ജന്മസിദ്ധമാണെന്നും ആധുനിക ശാസ്ത്രജ്ഞര്‍ (ശാസ്ത്രവും ഫിലോസഫിയുടെ ഭാഗം തന്നെ) നോം ചോംസ്‌കി പ്രസ്താവിക്കുന്നു.
ജുറൈസ് പൂതനാരി
COMMENTS