'എന്റെ സുഹൃത്താണ് ട്രംപ്. എന്റെ സുഹൃത്ത് ഇന്ത്യയുടെയും സുഹൃത്താണ്' . 2019 ല്‍ അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന'ഹൗഡി മോഡി' സമ്മേളനത്തില്‍ ട്രംപിനെ വാനോളം പുകഴ്ത്തിക്കൊണ്ട് ഇന്ത്യയുടെ സുഹൃത്താക്കി ട്രംപിനെ അവരോധിക്കുകയായിരുന്നു പ്രധാന മന്ത്രി നരേന്ദ്രമോദി. അരലക്ഷത്തോളം പേര്‍ പങ്കെടുത്ത ബി.ജെ.പി അനുകൂല മാധ്യമങ്ങള്‍ കൊണ്ടാടിയ 'ഹൗഡി മോഡി' എന്ന് പേരിട്ട് വിളിച്ച അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ട്രംപിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് വിരുന്നോതിയതിന് ശേഷമാണ് മോദി തിരികെ വിമാനം കയറിയത്. ഉറ്റ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച ഇന്ത്യയിലേക്കുള്ള ട്രംപിന്റെ സന്ദര്‍ശനം കേവലം ഒരു രാജ്യത്തെ പ്രസിഡന്റിന്റെ സന്ദര്‍ശന ലാഘവത്തോടെ നോക്കി കാണാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളാല്‍ ഇന്ത്യ കലങ്ങിമറിഞ്ഞ ഈ ഒരു സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കലുഷിതമായ ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം അമേരിക്കയുടെ പ്രതിഛായം തകര്‍ക്കുമെന്നും രണ്ട് വട്ടം ആലോചിച്ചു മാത്രമേ യു.എസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കാവുമെന്നും മുന്നറിയിപ്പ് നല്‍കികൊണ്ട് നാല് സെനറ്റംഗങ്ങള്‍ പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു. ഈ സമയത്ത് ഇന്ത്യയിലേക്കുള്ള ട്രംപിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും വലിയ കച്ചവടസാമ്പത്തിക ഗുണങ്ങളൊന്നും നല്‍കില്ലെന്ന് വിവിധ മാധ്യമങ്ങള്‍ വിഷകലനം ചെയ്തിരുന്നു. മാത്രമല്ല, ട്രംപ് തന്നെ കഴിഞ്ഞ ദിവസം സന്ദര്‍ശന വേളയില്‍ ഇന്ത്യയുമായി നടത്താന്‍ വലിയ വ്യാപാര കരാറുകളൊന്നും ധാരണയിലില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇന്ത്യ സന്ദര്‍ശിക്കാനുള്ള ട്രംപിന്റെ ഈ സാഹസത്തിന് പിന്നില്‍ ഒളിഞ്ഞിരക്കുന്ന രാഷ്ട്രീയ അജണ്ടകളെ തിരിച്ചറിയേണ്ടിയിരിക്കുന്നു.
മോദി ട്രംപ് ഭായി ഭായി
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഏറെ കാലം ലോകം കാത്തിരുന്നതാണ്. 2000 ന് ശേഷം എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ 2016 ന് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ഇതുവരെ ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല. സന്ദര്‍ശിക്കാത്തതിനെ ചൊല്ലി വലിയ തോതിലുള്ള വിലയിരുത്തലുകള്‍ ആഗോള തലത്തില്‍ ഉയര്‍ന്ന് വരുന്നു. മത്രമല്ല, ഒരു കാലത്ത് മോദിയ്ക്ക് പ്രവേശനം നിഷേധിച്ച രാജ്യമായിരുന്നു അമേരിക്ക. എന്നാല്‍ 2017 ല്‍ വൈറ്റ് ഹൗസില്‍ വെച്ച് നടന്ന മോദി ട്രംപ് കൂടിക്കാഴ്ച്ച ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കമുണ്ടാക്കി. തുടര്‍ന്നുണ്ടായ മോദി ട്രംപ് ചങ്ങാത്തത്തെ ലോക രാഷ്്ട്രീയം കൗതുകത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ഇന്ത്യയുടെ നയങ്ങളിലും ആഗോള ഇടപെടലുകളിലുമെല്ലാം ആ ബന്ധം കെട്ട് പിണഞ്ഞ് കിടന്നു.
അവസരം കിട്ടുമ്പോള്‍ ഇരുവരും പരസ്പരം പുകഴ്ത്തി ബന്ധം ശക്തമാക്കി. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടന്ന 'ഹൗഡി മോഡി' ആ സൗഹൃദത്തിന്റെ നേര്‍ ചിത്രമായിരുന്നു. ട്രംപിന്റെ നയങ്ങളെ പിന്താങ്ങിയും ട്രംപിനെ ഇന്ത്യയുടെ ഉറ്റ സുഹൃത്താക്കി വിശേഷിപ്പിച്ചും മോദി നടത്തിയ പ്രസംഗം മോദി-ട്രംപ് ബായി ബായി ബന്ധത്തെ പരസ്യമായി വിളിച്ചോതുന്നതായിരുന്നു. അമേരിക്കയിലൊരുക്കിയ 'ഹൗഡി മോഡി'യോടുള്ള മോദിയുടെ കടപ്പാണ് പ്രത്യക്ഷത്തില്‍ അഹ്മദാബാദില്‍ ട്രംപിനെ വരവേല്‍ക്കാനായി ഒരുങ്ങുന്ന നമസ്‌തേ ട്രംപ്.
ചേരി മതിലുയരുമ്പോള്‍
ട്രംപ് കടന്ന് പോവുന്ന വഴിയോരങ്ങളിലെ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ചേരി പ്രദേശങ്ങളെ ട്രംപില്‍ നിന്നും മറച്ച് പിടിക്കാന്‍ മോദിയുടെയും ട്രംപിന്റെയും ചിത്രങ്ങള്‍ വരച്ച കൂറ്റന്‍ മതിലുകളാണ് ചേരി പ്രദേശങ്ങള്‍ക്ക് ചുറ്റും നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല, പട്ടേല്‍ സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന നൂറോളം കുടുംബങ്ങളേയും ഈ സന്ദര്‍ശനം വഴിയാധാരമാക്കിയിരിക്കുകയാണ്. രാജ്യത്തെ കീഴാള ദരിദ്ര ജനവിഭാഗങ്ങളെ അരിക്‌വത്കരിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നാണ് ഇത്തരമൊരു നടപടിയെന്നത് കാര്യത്തെ ഭീകരമാക്കുന്നു. ട്രംപില്‍ നിന്നും ചേരി പ്രദേശങ്ങളെ മറച്ച് തന്റെ മാനം കാത്ത് സൂക്ഷിക്കുന്നതിലൂടെ ചേരി-അധസ്ഥിത വിഭാഗങ്ങള്‍ പൊതു ഇടങ്ങളില്‍ നിന്ന് മറഞ്ഞ് ജീവിക്കേണ്ടവരാണെന്ന മുറിയിപ്പാണ് മോദി നല്‍കുന്നത്. സ്വീകരണത്തിനായി ചിലവിടുന്ന തുകയുടെ പകുതിയെങ്കിലും പ്രസ്തുത ചേരി നിവാസികള്‍ക്ക് ചിലവഴിച്ചിരുെന്നങ്കില്‍ ഈ ഒരു ഗതികേട് വരുമായിരുന്നില്ല എന്ന വസ്തുത കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്.
ഒരു മിനുട്ടില്‍ ചിലവാകുന്നത് 55 ലക്ഷം
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴാണ് ട്രംപിന്റെ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനത്തിനായി നൂറ് കോടിയോളം രൂപ ചിലവിടുന്നത്. ഏകദേശം ഒരു മിനുട്ടില്‍ 55 ലക്ഷം രൂപയാണ് ചിലവാക്കുന്നത്. ഇന്ത്യയുടെ ജി.ഡി.പി 5 ശതമാനത്തിലും താഴെയാണ.് ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടി ആയിരത്തോളം പേര്‍ താമസിക്കുന്ന ചേരി പ്രദേശങ്ങള്‍ക്ക് മുന്നിലാണ് ഇത്രയും ഭീമമായ തുക ചിലവാക്കി ട്രംപിന് വരവേല്‍പ്പ് ഒരുങ്ങുന്നത്. ട്രംപ് സഞ്ചരിക്കുന്ന റോഡുകള്‍ അലങ്കരിക്കുന്നതിനായി 3.7 കോടി രൂപയുടെ പൂക്കളാണ് വാങ്ങുത്. ട്രംപിനായി അഹ്മദാബാദിലെ 17 റോഡുകല്‍ നവീകരിക്കാന്‍ ചിലവാക്കുന്നത് 80 കോടിയോളം രൂപയാണ്. പേട്ടല്‍ സ്റ്റേഡിയത്തില്‍ നിന്ന് ട്രംപിന് എയര്‍പോര്‍ട്ടിലേക്ക് മടങ്ങാന്‍ രണ്ട് കിലോമീറ്ററോളം ദൂരമുള്ള ഒരു റോഡ് തന്നെ പുതുതായി നിര്‍മ്മിച്ചിട്ടുണ്ട്. നമസ്‌തേ ട്രംപ് പരിപാടിക്കായി ഏഴ് കോടിയോളം രൂപയാണ് ചിലവഴിക്കുന്നത്. സാമ്പത്തികമായി തളര്‍ന്ന് നില്‍ക്കുമ്പോള്‍ ഇത്രയും തുക ചിലവിട്ട് ഉറ്റ സുഹൃത്തിന് സ്വീകരണമൊരുക്കുക വഴി രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തുക.
കൂടിക്കാഴ്ച്ചകള്‍ക്കുമപ്പുറം
ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ ക്ഷണിച്ച് വരുത്തയ കാശ്മീര്‍, പൗരത്വ നിയമം തുടങ്ങിയ ബി.ജെ.പി സര്‍ക്കാറിന്റെ വിവാദ നടപടികളാല്‍ കലങ്ങി മറിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഗുണത്തേക്കാളേറെ ദോശമാണ് ഉണ്ടാക്കുകയെന്ന് റിപ്പട്ടിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ സന്ദര്‍ശനം മോദിക്ക് വലിയ ആശ്വാസം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പി സര്‍ക്കാറിന്റെ പൗരത്വ നിയമം മൂലം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നഷ്ട്‌പ്പെട്ട പ്രതിഛായ വീണ്ടെടുക്കാനുള്ള ഒരു അവസരമായാണ് ഇതിനെ മോദി ഉപയോഗപ്പെടുത്തുക. കാശ്മീര്‍, പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളില്‍ ലോക സാമ്രാജ്യത്വ രാജ്യങ്ങളുടെ പിന്തുണ ട്രംപിന്റെ ഈ കൂടിക്കാഴ്ച്ചയിലൂടെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
കഴിഞ്ഞ വര്‍ഷം നടന്ന 'ഹൗഡി മോഡി'യിലൂടെ ട്രംപിന് അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജരുടെ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചിരുന്നു. നാല് മാസങ്ങള്‍ മാത്രം ദൂരെയുള്ള പ്രസിഡന്റ്് തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കൊണ്ടാണ് ഈ പ്രതികൂല സാഹചര്യത്തിലും ട്രംപ് ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുതിരുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ ഭൂരിപക്ഷവും ഗുജറാത്തികളാണ്. അത് കൊണ്ട് തന്നെ ഗുജറാത്തിലെ അഹ്മദാബാദില്‍ നടക്കുന്ന 'നമസ്‌തേ ട്രംപി' ലൂടെ അവരുടെ വോട്ടുകള്‍ ഉറപ്പാക്കാന്‍ ട്രംപിന് സാധിക്കും.
പൗരത്വ-കാശ്മീര്‍ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമോ എന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം അധികാര വൃത്തങ്ങള്‍ നല്‍കിയിട്ടില്ല. മത സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. എന്ത് തന്നെയായാലും ന്യൂനപക്ഷങ്ങളെ വംശീയമായി വേട്ടയാടുന്നതില്‍ ഇരുവരും പേരുകേട്ടവരായത് കൊണ്ട് തന്നെ ഇവരുടെ കൂടിക്കാഴ്ച്ച രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കോ സാധാരണക്കാര്‍ക്കോ മതേതര വിശ്വാസികള്‍ക്കോ നിരാശയ്ക്കപ്പുറം മറ്റൊന്നും സമ്മാനിക്കില്ലെന്ന് തീര്‍ച്ച.

COMMENTS