ഓടക്കൽ കുടുംബം : ഓത്തിടങ്ങളെ സജീവമാക്കിയ മുറ്റം

SHARE:

പ്രപിതാക്കൾ പകർന്നുനൽകിയ സംസ്കാരവും പൈതൃകവും ആധുനികതയുടെ ഉലച്ചിലുകൾക്കിടയിലും  നിലനിർത്തി മുന്നേറുന്നുവെന്നതാണ് മലബാർ മുസ്‌ലിം നവോത്ഥാന ചരിത്രത്തെ വ്യതിരക്തമാക്കുന്നത്. മതകീയ ആചാരങ്ങളോടും  ജ്ഞാന പ്രസരണ ശൃംഖലകളോടും മഖ്ദൂം കാലത്തെ സമൂഹം കൽപ്പിച്ചിരുന്ന ഭവ്യതയും  ബഹുമാനവും (ethnographic method -ജനങ്ങളുടെ സമ്പർക്ക ഭാഷ)ഇന്നും നിലനിൽക്കുന്നതിന്റെ മുഖ്യ ചാലകശക്തിയായി വർത്തിക്കാൻ പണ്ഡിത കുലം എന്ന നിലയിൽ പള്ളികളോട്  ഓരം പറ്റിയുള്ള ജീവിത രീതികളിലൂടെ ഓടക്കൽ കുടുംബത്തിന് സാധിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധന രീതിശാസ്ത്രത്തിന്റെ അടിക്കല്ലായ ദേശങ്ങൾ തേടിയുള്ള കുടുംബചലനാത്മകത(Geneology and Mobility)യുടെ ജീവിക്കുന്ന ഉദാഹരണം കൂടിയാണീ കുടുംബം. അറിവുകേന്ദ്രീകരിച്ചു രൂപമെടുത്ത ഇവരുടെ ചരിത്രങ്ങളുടെ പൊലിമകൾ വരച്ചിടുന്ന രചനകൾ വിരളമാണെന്നിരിക്കെ,ഉത്തരാധുനിക  സമൂഹത്തിനിടയിലും   ഈ പണ്ഡിതപാരമ്പര്യകുടുംബം നേതൃപദവി അലങ്കരിക്കുന്ന ശ്രേഷ്ഠമായ സ്വകാര്യതയുടെ പൊരുൾ മുത്ത് നബിയുടെ കർമമണ്ഡലമായിരുന്ന പള്ളി ദർസ് രീതികളെ പിന്തുടർന്നത് തന്നെയാകണമെന്നാണ്  ഇവിടെ പ്രബന്ധം പരിശോധിക്കുന്നത്.

ദിക്കുകൾ തേടി

ഹിജ്‌റ പതിനൊന്നാം നൂറ്റാണ്ടിൽ യമനിൽ നിന്നും പൊന്നാനിയിലെത്തിയ ശൈഖ് അബ്ദുറഹ്മാൻ  അദനി'യിൽ നിന്നാണീ ശൃംഖലയുടെ തുടക്കം. സാത്വികനും മതപണ്ഡിതനുമായിരുന്ന അബ്ദുറഹ്മാൻ അദനിക്ക് 'ശൈഖ് സൈനുദ്ദീൻ മഖ്ദൂം സഗീർ'തന്റെ  മകൾ 'ഫാത്തിമ'യെ  വിവാഹം ചെയ്തു കൊടുത്തു. അങ്ങനെയിരിക്കെ ദീനി പ്രചരണാർത്ഥം മറു നാടുകളിലേക്ക് സഞ്ചരിച്ച ശൈഖ് അദനിക്ക് ഫാത്തിമയിലുണ്ടായ മകൻ 'അലിഹസൻ' (ഹിജ്‌റ 1050) എന്നവരാണ് ഈ കുടുംബത്തിന്റെ പിതാമഹൻ.   ചെറുപ്രായത്തിലേ തിരൂരങ്ങാടി ഖാസിയായി നിയോഗിക്കപ്പെട്ട പിതാമഹൻ ഓടക്കൽ പറമ്പിൽ വീടുവച്ചു,  ഇതിൽ പിന്നെയാണ് 'ഓടക്കൽ' എന്ന നാമത്തിൽ ഈ പണ്ഡിത ശ്രേണി അറിയപ്പെട്ടു തുടങ്ങിയത്. മാതൃ പരമ്പരയിലൂടെ പൊന്നാനി മഖ്ദൂം കുടുംബത്തിലേക്ക് വേരു ചെന്നെത്തുന്ന ഓടക്കൽ കുടുംബം ശേഷകാലം മഖ്ദൂം കുടുംബം കത്തിച്ചുവച്ച വൈജ്ഞാനിക പ്രഭാവ ത്തെയും ഏറ്റെടുത്തു നടത്തുന്ന കാഴ്ചയാണ് സമൂഹം ദർശിച്ചത്. മതകീയവും ഭൗതികവുമായ പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നതിനായി പണ്ഡിതരെ തേടിയുള്ള വിവിധ ദേശക്കാരുടെ അന്വേഷണങ്ങൾ ഈ തറവാട് മുറ്റത്താണ് ചെന്നെത്തിയത്. അങ്ങനെ വർഷങ്ങൾ നീണ്ട പഠന സപര്യക്ക് ശേഷം കിടയറ്റ പണ്ഡിതരായി  പുറത്തിറങ്ങുന്ന  ഈ വീട്ടിലെ അംഗങ്ങൾ ഒരേസമയം മുദരിസും ഖാസിയുമായി വിവിധ നാടുകളിലേക്ക് വാഹനം കയറിത്തുടങ്ങി.  തങ്ങളുടെ ആത്മീയ ഗുരു തങ്ങളുടെ നാട്ടിൽ സ്ഥിരതാമസമാക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച നിവാസികൾ പള്ളിയുടെ തൊട്ടടുത്തുതന്നെ ഒരു വീട് നിർമ്മിച്ചു നൽകി. 'ഖാസിയാരകം 'എന്ന പേരിലാണ് ഈ വീടുകൾ അറിയപ്പെട്ടത്. അവിടെയുള്ള തദ്ദേശീയരെ വിവാഹം കഴിച്ച് ആ സമൂഹത്തിലെ ഒരംഗമായി ഇവർ ഇഴുകിച്ചേർന്നു. പ്രധാനമായും മലപ്പുറം ജില്ല ഉൾക്കൊള്ളുന്ന തെക്കേ മലബാറിലെ തീരദേശ, ഇടനാട്, മലയോര മേഖലകളിലെല്ലാം  ഉന്നതശീർഷകരായ ഓടക്കൽ പണ്ഡിതൻമാർ നേതൃത്വം നൽകുന്ന ചിത്രം രൂപപ്പെട്ടു തുടങ്ങി. പിതാമഹൻ ശൈഖ് അലിഹസൻ മുസ്ലിയാർ എന്നവരുടെ നാല് പുത്രന്മാർ  ഖാസി അഹ്മദ് മുസ്‌ലിയാർ(1078), ഖാസി അബ്ദുൽ അസീസ് മുസ്‌ലിയാർ(1084), ഖാസി അബ്ദുറഹ്മാൻ മുസ്‌ലിയാർ, സൈനുദ്ദീൻ മുസ്‌ലിയാർ,  എന്നിവർ പിതാവിന്റെ പാതയിൽ  യഥാക്രമം താനൂർ, കൂട്ടായി, തിക്കോടി, മമ്പുറം, എന്നീ ഭിന്നദേശങ്ങളിൽ ആത്മീയനേതൃത്വമായി വളർന്നു. ഇവരിലെ അഹ്മദ് മുസ്‌ലിയാർ എന്നവരുടെ രണ്ടുമക്കൾ ഖാസി അലി ഹസൻ മുസ്‌ലിയാർ രണ്ടാമൻ(മ. 1240) ഖാസി അബ്ദുറഹ്മാൻ മുസ്‌ലിയാർ(മ.1269) എന്നിവർ മറ്റത്തൂർ, കുഴിപ്പുറം എന്നിവിടങ്ങളിൽ ദർസുകൾ തുടങ്ങിയതോടെ ഉസ്താദുൽ അസാതീദ് അടക്കമുള്ള പ്രശസ്തമായ കുഴിപ്പുറം ശൃംഖലക്ക് തുടക്കമിട്ടു. ഇവരിലെ ശൈഖ് അലിഹസൻ രണ്ടാമന്റെ  മൂത്ത പുത്രൻ ഖാസി  കുഞ്ഞഹമ്മദ് മുസ്‌ലിയാർ(ജ.1218) പ്രവിശാലമായ  നാൽപതു മഹല്ലുകളിലെ  ആയിരങ്ങളുടെ ആത്മീയഭയമായി ഉയർന്നു. ഇവരുടെ മകൻ 'ഖാസി അലിഹസൻ മൂന്നാമനി'ലൂടെയാണ് ഓടക്കൽ കുടുംബം ഊരകത്തെത്തുന്നത്. 'മുസ്‌ലിയാരകം 'എന്ന പേരിൽ ആ വീട് പ്രസിദ്ധമാണ്. അബ്ദു റഹ്മാൻ മുസ്‌ലിയാർ കബീറിലൂടെ ഇരിങ്ങല്ലൂരും സഗീറിലൂടെ കോഡൂരിലും ഈ പണ്ഡിത ശ്രേണിയുടെ ചില്ലകൾ പടർന്നു. വിവിധ ഇടങ്ങളിലേക്ക് ഖാസിയായി നിയമിതരായ പരമ്പരയുടെ രത്നച്ചുരുക്കമാണ് നടേ പരാമർശിച്ചത്. അതേ സമയം പിതാവിന്റെ  വഴിയിൽ  പ്രത്യേകിച്ചും വാർദ്ധക്യ നേരത്തെ ഖാസി  സേവനങ്ങൾ ഏറ്റെടുത്തു നടത്തിയ പുത്രന്മാരിലൂടെ  കുടുംബത്തിന്റെ ബറകത്ത് ആ നാടുകളിൽ തുടർന്നു പോരുകയും ചെയ്തു.                 ഉസ്താദുൽ അസാതീദ്  സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ നടത്തിയ അനുഗ്രഹീത ദർസുകൾ മഹിതമായ പരമ്പരയുടെ പരിച്ഛേദമായി നിറഞ്ഞുനിൽക്കുന്നു. ആധുനികതയുടെ പ്രേരകങ്ങളിൽ കീഴ്പ്പെടാതെ ആത്മീയതയുടെ ചുറ്റുപാടുകളിലൂടെ ഈ കുടുംബത്തിന് തുടർച്ച യുണ്ടാകാൻ ശൈഖുനായുടെ ദർസിന്റെ പ്രതാപവും ആത്മീയ  നിയന്ത്രണവും നിദാനമായിട്ടുണ്ട്. ഇന്ന് ജാമിഅ  ഇഹ്യാഉസ്സുന്ന  ഒതുക്കുങ്ങൽ, ദാറുൽ മആരിഫ് വലിയോറ സ്ഥാപനങ്ങളിലെ ദർസുകൾക്ക് നേതൃത്വം നൽകുന്നതും ഈ പരമ്പരയിലെ പണ്ഡിതന്മാരാണ്

അറിവൊഴുക്കിന്റെ രീതിശാസ്ത്രം 

അഗാധ പാണ്ഡിത്യമുള്ളവരും  നിസ്വാർത്ഥ മനസ്കരും  തികഞ്ഞ സൂഫികളുമാ യിരുന്നതിനാൽ തന്നെയാണ് പുഷ്കലമായൊരു ദർസ് പാരമ്പര്യം ഈ കുടുംബത്തിന് സ്വന്തമായത്. ഇഴകീറിയുള്ള ചർച്ചകളിലൂടെ അറിവിന്റെ  അക്ഷയഖനികളിലേക്ക്  മുതഅല്ലിമുകളെ (പഠിതാക്കൾ) അവർ  നയിച്ചു. അവിടെ സിലബസുകൾ പൂർത്തിയാക്കാനുള്ള പരക്കംപാച്ചിലുകളോ  നിർദ്ദിഷ്ട വർഷങ്ങളിൽ ഒതുങ്ങുന്ന പഠനകാലമോ ഉണ്ടായിരുന്നില്ല. ഇലാഹീ പ്രീതി കാംക്ഷിച്ചു കൊണ്ടുള്ള പഠനസപര്യ മുദരിസിന്റെ തർബിയത്തിനു (സംസ്കരണം)കീഴിൽ  മുതഅല്ലിമുകൾ തികഞ്ഞ അറിവു നേടി സംസ്കരിക്കപ്പെട്ടുവെന്ന് ബോധ്യപ്പെടുന്ന അവസരങ്ങളിൽ പൊന്നാനിയിലേക്ക് 'വിളക്കത്തിരിക്കാൻ 'പുറപ്പെടുക എന്നതായിരുന്നു പതിവ്. വിദ്യാർത്ഥികളുടെ സാമ്പത്തികവും ശാരീരികവുമായ സാഹചര്യങ്ങളെല്ലാം ഓടക്കൽ തറവാട്ടിലെ പണ്ഡിതൻമാർ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് നൂറോളം വരുന്ന കുഴിപ്പുറത്തെ ദർസ്  വിദ്യാർത്ഥികൾക്കുള്ള 'രാവിലെ കഞ്ഞി' ഓടക്കൽ തറവാട്ടിൽ നിന്നുതന്നെ വെച്ചു നൽകിയത്. കടുത്ത ദാരിദ്ര്യവും പകർച്ചവ്യാധികളും സമൂഹത്തെ പിടിച്ചുകുലുക്കിയ ദിനങ്ങളിലും ഇരിങ്ങല്ലൂരിലെയും മറ്റത്തൂരിലെയുമൊക്കെ  ദർസുകളിലെ മുതഅല്ലിമുകൾ ഇൽമുകൾ  മനഃപാഠമാക്കുന്ന അനുഭൂതികളുടെ ലോകത്തായിരുന്നു. കിതാബുകളെ നെഞ്ചോടു ചേർത്തു പിടിച്ചു അവർ രാത്രികളെ വെളുപ്പിച്ചെടുത്തു. മികച്ച കൈപ്പടയിൽ അവർ വിളക്കത്തിരുന്ന്  രാത്രികളിൽ കിതാബുകൾ എഴുതിയെടുത്തു. ആരെയും നിർബന്ധിപ്പിക്കുന്ന ശൈലി ഉസ്താദുൽ അസാതീദിന്റെ ദർസിൽ ഉണ്ടായിരുന്നില്ല, എന്നാൽ എല്ലാം ആ ശിക്ഷണത്തിൽ വിദ്യാർത്ഥികൾ കൃത്യമായി നിർവഹിച്ചിരുന്നു. ഓടക്കൽ കുടുംബത്തിലെ  ഒരു കണ്ണികളെന്നപോലെ ജനങ്ങൾക്കിടയിൽ പഠിച്ചുവളർന്ന ഈ വിദ്യാർത്ഥികൾ ആധുനിക മലബാറിന്റെ  നവോത്ഥാന നിർമ്മാണത്തിൽ ഭാഗധേയം നിർണയിക്കുന്നത് ശേഷം നാം കണ്ടു. 

ആത്മീയം 

പണ്ഡിത പരിച്ഛേദം ആയിരുന്നെങ്കിലും ഓടക്കൽ പണ്ഡിതന്മാർ വിവിധ സിൽസിലകളുടെ മശാഇഖന്മാർ (ആത്മീയ ഗുരുക്കൾ )കൂടിയായിരുന്നു. മമ്പുറം തങ്ങളിൽ നിന്നും ഉമർ ഖാളിയിൽ  നിന്നും ആത്മീയ ശിക്ഷണം നേടിയ  ഖാസി കുഞ്ഞഹമ്മദ് മുസ്ലിയാരെ  പോലുള്ള ആത്മീയ ഗുരുക്കളിലൂടെ ജാതിമതഭേദമന്യേ സമൂഹം അവരുടെ വിഷമങ്ങൾക്ക് തീർപ്പുതേടി.  കടുത്ത വേനലിൽ നെല്ലിപ്പറമ്പ് ഖാസി അബ്ദുറഹ്മാൻകുട്ടി മുസ്‌ലിയാരിലൂടെ മൂന്നു ദിവസം നോമ്പെടുത്ത് മഴക്കു വേണ്ടി നടത്തിയ പ്രാർത്ഥനകൾ ലക്ഷ്യം കണ്ടു.  ദിക്റുകളിലൂടെ പച്ചപിടിച്ച നാവുകളുടെ ഫലങ്ങളുടെയും  തിരിച്ചടികളുടെയും അനുഭവങ്ങൾ ഏറെയുണ്ട്. ഓടക്കൽ കുടുംബത്തിലെ കുഞ്ഞുമക്കളെ വളർത്തിയിരുന്നത് തീർത്തും ഭക്തി കേന്ദ്രീകൃതമായ സാഹചര്യങ്ങളിലൂടെയാ യിരുന്നു. ജനം 'മുസ്‌ലിയാരുട്ടി' എന്ന് ഓമനപ്പേര് നൽകിയിരുന്ന ഇവരൊക്കെയും ചെറുപ്പത്തിലേ കൂടുതൽ കളികളിൽ നിന്നും മാറിനിന്ന് അറിവുസമ്പാദനത്തിനായി ഒരുങ്ങുന്നവരായിരുന്നു. ഓടക്കലിലെ ഈ കുട്ടികളെല്ലാം വെള്ളിയാഴ്ച 'തലപ്പാവ് '  ധരിച്ചായിരുന്നു പള്ളിയിൽ ചെന്നിരുന്നത്. പൂർവികരായ പണ്ഡിതൻമാരിൽ നിന്നും ഇജാസത്തായി (ആത്മീയാനുവാദം) ലഭിച്ച ദിക്റുകൾ ആയിരുന്നു ഇവർ ജനങ്ങളോട് നിർദേശിച്ചിരുന്നത്.
പാരമ്പര്യമായി പിതാക്കന്മാരിൽ നിന്നും കൈമാറിവന്ന ത്വൽസമാത്തിലെ അറിവുകൾ അടങ്ങിയ  കുറിപ്പുകൾ പൂളക്കുണ്ടിൽ മൂസാൻ കുട്ടി മുസ്‌ലിയാരുടെ പക്കൽ സൂക്ഷിപ്പുണ്ടായിരുന്നു. എന്നാൽ  കേളികേട്ട ചികിത്സകൻമാരായിരുന്നതിനാലല്ല, അല്ലാഹുവിനെ അറിഞ്ഞു ജീവിക്കുന്ന പണ്ഡിതന്മാരാണെന്ന പരിഗണനയിലാണ് ജനങ്ങളെല്ലാം ഇവരെ  തേടിയെത്തിയത്. ഒ കെ ഹസ്രത്ത് ചെമ്മങ്കടവിൽ ദർസ് നടത്തുന്ന കാലത്ത് നാട്ടുദർസിൽ തന്നെ ഇഹ്‌യാ ഉലൂമുദ്ധീൻ ഓതിക്കൊടുത്തിരുന്നു.മൊയ്തു ഹാജിയെ പോലുള്ള തസവുഫ് കേന്ദ്രീകൃത പഠനം നടത്തുന്ന വ്യക്തികൾ ഉയർന്നു വന്നത് അങ്ങനെയാണ്. ഇതുവഴി  ഈ പള്ളിയോരങ്ങൾ ആത്മീയതയുടെ ഈറ്റില്ലമായി മാറി. 

നേതൃരാഷ്ട്രീയം 

ജനങ്ങൾക്കിടയിലുള്ള വശപ്പിശകുകൾക്ക് ഇസ്‌ലാമിക ശരീഅത്തിലൂടെ തീർപ്പു കൽപ്പിക്കുന്ന ഖാളിയായി ചുരുങ്ങാതെ നാടിന്റെ സർവദോന്മുഖ നന്മക്കും ഈ പണ്ഡിതൻമാർ മുമ്പിലുണ്ടായിരുന്നു, ഈ നേതൃത്വത്തിൽ നിന്നും നേടിയെടുത്ത ചിതറാത്ത ഈമാനാണ്  ദാരിദ്ര്യ കർഷക സംഘത്തിന്റെ ഇച്ഛാശക്തിയെന്ന് തിരിച്ചറിഞ്ഞതിൽ പിന്നാലെയാണ് കുഴിപ്പുറ ത്തെ വലിയതറവാട് ബ്രിട്ടീഷുകാർ തീക്ക് ഇരയാക്കിയത്. തല ഉയർത്തി നിൽക്കുന്ന തൂണുകൾ ഉണ്ടായിരുന്ന ആ വീട് കത്താത്തതിനാൽ വൈക്കോൽ കൂട്ടിയിട്ടിട്ടാണത്രെ കത്തിക്കാൻ സാധിച്ചത്. ശേഷം ഉസ്താദുൽ അസാതീദ്  ഈ സ്ഥാനത്ത് ചെറിയ വീട് വെച്ചു, പൗരാണികത വിളിച്ചോതുന്ന ആ വീട് ഇന്നും കുഴിപ്പുറത്ത്  എഴുന്ന് നിൽക്കുന്നു.
ഊരകത്തെ മൊയ്തീൻ കുട്ടി മുസ്‌ലിയാർ ചേറൂർ പടയിൽ ശഹീദായതാണ്. പൂളക്കുണ്ടിൽ മൂസാൻ കുട്ടി മുസ്‌ലിയാർക്ക് അൽപ്പസ്വല്പം സമ്പത്തുകൂടി ഉണ്ടായിരുന്നതിനാൽ ഖാളിക്ക് ജനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി ഇല്ലാത്തതിനാൽ എല്ലാനിലയിലും സർവസമ്മതമായിരുന്നു.പാണക്കാട് തങ്ങൾ കുടുംബം പലപ്രശ്നങ്ങളിലും തീർപ്പുപറയാൻ ഈ കുടുംബത്തിലേക്ക് ആളുകളെ അയച്ചിട്ടുണ്ട്. 

ഗ്രന്ഥരചനകളിലൂടെ

ഖാളി  സേവനങ്ങളിൽ മുഴുകിയിരുന്നതിനാലും സ്വാതന്ത്ര്യ സമരങ്ങളുടെ കലുഷിതമായ സാഹചര്യങ്ങളുടെ  സമ്മർദ്ദങ്ങൾക്കിടയിലും ഓടക്കൽ പണ്ഡിതരുടെ ഭാഗത്ത് നിന്നും രചനകൾ കുറഞ്ഞുവെന്നാണ് അനുമാനിക്കപ്പെടുന്നത്. എങ്കിലും 'മയ്യത്ത് പരിപാലനം'സംബന്ധിച്ച അറബിമലയാളത്തിലുള്ള ഭ്രഹത്‌ ഗ്രന്ഥം ഇരിങ്ങല്ലൂർ പാലാണിയിൽ നാല്പത് വർഷം ദർസ് നടത്തിയ അബ്ദുറഹ്മാൻ മുസ്‌ലിയാരും ബഷീർ മുസ്‌ലിയാരും ചേർന്ന് എഴുതിയിട്ടുണ്ട്. ഇവർക്ക് തന്നെ  അറബി രചനകൾ ഉണ്ടായിരുന്നുവെന്നും അനുമാനിക്കപ്പെടുന്നു. ഊരകം നെല്ലിപ്പറമ്പ്  മാനു മുസ്‌ലിയാർ 'അൽ അജ്‌വിബത്തുൽ ജല്ലിയ്യ അൻ അസ്ഇലത്തിൽ ഹാലിയ്യ 'എന്ന നാമത്തിൽ മലയാളത്തിലൊരു ഫത്താവ എഴുതിയിട്ടുണ്ട്. പൊതുവെ ഈ കുടുംബത്തിലെ പണ്ഡിതൻമാരുടെ രചനകൾ കുഴിപ്പുറം പള്ളിയുടെ സമീപത്തെ കുതുബ് ഖാന ബ്രിട്ടീഷുകാർ നശിപ്പിച്ചതിനാൽ നഷ്ടപ്പെട്ടുവെന്ന് വാമൊഴി ചരിത്രമുണ്ട്. വിനയത്തിന്റെ വിളക്കുകളായിരുന്ന ഉസ്താദുൽ അസാതീദൊന്നും ഫത്‌വകൾ പോലും കൊടുത്തിരുന്നില്ല, സന്ദിഗ്ത ഘട്ടങ്ങളിൽ ചോദിക്കുന്നവർക്ക് മറുപടി മാത്രമാണ് നൽകിയിരുന്നത്, എന്നാൽ പുതിയ സാഹചര്യത്തിൽ അറബി രചനകൾ പുറത്തിറങ്ങുന്നുണ്ട്. അലി ഹസൻ ബാഖവിയുടെ യു എ ഇ യിൽ നിന്നും പ്രിന്റ് ചെയ്ത 'നൂറുൽ ഹിദായ ഇലാ സബീലി റഷാദ്'.ഡോ :അബ്ദുൽ ഗഫൂർ അസ്ഹരിയുടെ മിശ്കാത്തുൽ മുഖദ്ദിമയുടെ ശറഹും ഇതിന് ഉദാഹരണങ്ങളാണ്. 

ഭാഷയും സാഹിത്യവും 

ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ ഒതുങ്ങാതെ ബഹുഭാഷാ പണ്ഡിതന്മാരായ മഹാന്മാരെ  ഓടക്കൽ  ശൃംഖലയിൽ കാണാൻ സാധിക്കും. വെല്ലൂർ ബാഖിയാത്തിൽ മുദരിസ് ആയിരുന്ന ഓ കെ  ഹസ്റത്ത് വെല്ലൂർ ചെമ്മൻകടവ് ദർസ് നടത്തുന്ന കാലത്ത് ഇംഗ്ലീഷ് പത്രം വായിച്ചതിനെ തുടർന്ന് മഹല്ല് വിടേണ്ടി വന്നിരുന്നു. ശേഷം മുദരിസിന്റെ കഴിവിനെ അംഗീകരിച്ചു കൊണ്ട് അവർ തന്നെ തിരിച്ചുവിളിച്ചു. ആലിമീങ്ങളോട്  പുച്ഛ മനോഭാവം പുലർത്തിയിരുന്ന മറ്റത്തൂരുകാരൻ ഡിസിസി പ്രസിഡണ്ട് കുരുണിയൻ സൈദ് ഓ കെ ഹസ്രത്ത്  വരുന്നത് കണ്ടാൽ ഭവ്യതയോടെ എണീറ്റ് നിൽക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഭാഷ കഴിവായിരുന്നു കാരണം. അവർ രണ്ടുപേരും പരസ്പരം ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്.1960കളിൽ പുറത്തിറങ്ങിയിരുന്ന 'ജംഇയ്യ ' മാഗസിന്റെ ചീഫ് എഡിറ്റർ കൂടിയായിരുന്നു ഒ കെ ഹസ്രത്ത്. 
ഖാസി  കുഞ്ഞഹമ്മദ് മുസ്‌ലിയാർ അബ്ദുറഹ്മാൻ മുസ്‌ലിയാർ പോലുള്ളവർ അറിയപ്പെട്ട ഉജ്ജ്വല വാഗ്മികൾ ആയിരുന്നു. ഇവരുടെ കീഴിൽ നാൽപതു  ദിവസം വരെ നീണ്ടുനിൽക്കുന്ന പരമ്പരകൾ മറ്റത്തൂരിലും ഇരിങ്ങല്ലൂരും ഊരകത്തുമെല്ലാം നടന്നിട്ടുണ്ട്. കർമശാസ്ത്ര പരമായ മസ്അലകളായിരുന്നു ആ പ്രഭാഷണങ്ങളിലെ മുഖ്യ വിഷയം. അതിനാൽ തന്നെ അന്നത്തെ പൊതുജനങ്ങൾ  അറിവുനേടിയവരും മതകീയ കർമങ്ങളിൽ ബദ്ധശ്രദ്ധരുമായിരുന്നു 

നാളേക്കായ്

പിതാക്കന്മാരിൽ നിന്നും ഓതിപ്പഠിച്ചതിനാൽ തന്നെ ഈ പരമ്പരയിലെ ഓരോ കണ്ണികളിലൂടെയും  പ്രസരണം ചെയ്യപ്പെട്ടത് ഉന്നതമായൊരു ശിഷ്യ ശൃംഖല കൂടിയാണത്. തങ്ങളുടെ മക്കളിലൂടെ ഒരു പണ്ഡിതപാരമ്പര്യം ഇവിടെ ലോകാവസാനം വരെ നിലനിൽക്ക ണമെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.  അങ്ങനെ സ്വന്തം ശിക്ഷണത്തിൽ  അഗാധ പണ്ഡിതരായി  വളരുന്ന മക്കളെ അവർ ഖാസികളും മുദരിസുകളുമായി വിവിധ ദേശങ്ങളിൽ  നിയമിച്ചു. ശേഷ കാലം  ഗുരുക്കളുടെ ഗുരുവായ ഒ കെ ഉസ്താദിന്റെ അനുഗ്രഹീത ദർസിലൂടെ  കിടയറ്റ ശിഷ്യ പരമ്പര ഓടക്കൽ കുടുംബം നാളേക്കായ് സമൂഹത്തിനു സംഭാവന നൽകി. 
സമസ്തയുടെ ആധികാരിക നേതൃനിര ഇ. സുലൈമാൻ മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ തുടങ്ങിയ പണ്ഡിത പ്രഭുക്കളെല്ലാം ഈ ദർസിന്റെ  സംഭാവനയാ ണ്. ഇന്ന് ദീനിന്റെ പ്രചാരണ രംഗത്തുള്ള കേരളീയ ഉലമാക്കൾ ശൈഖുനായുടെ  ശിഷ്യന്മാരോ ശിഷ്യരുടെ ശിഷ്യന്മാരോ ആണ്.  ഈ മഹത്തായ അനുഗ്രഹങ്ങൾ അന്വർത്ഥമാക്കുന്ന വിളിയാണ് 'ഉസ്താദ് അസാത്തീദ് '

പ്രതീക്ഷയുടെ വെട്ടം 

ഇന്നലെകളിൽ സമൂഹത്തിനെ സമുദ്ധരിച്ച ആത്മീയ ഗുരുക്കളുടെ പരമ്പരകളെല്ലാം പവിത്രത കളഞ്ഞു കുളിച്ചപ്പോൾ  ഓടക്കൽ കുടുംബം പൂർവികരുടെ സരണിയെ ഇന്നും പിന്തുടർന്നുവരുന്നു. സമൂഹം ഈ കുടുംബത്തിന്  വേണ്ടുന്നതെല്ലാം വകവെച്ചു നൽകുന്നു. ഇന്നും കുടുംബത്തിലെ വിവാഹങ്ങൾ നടത്തപ്പെടുന്നത് അധികവും അഹ്‌ലുബൈത്തുമായോ ഓടക്കൽ കുടുംബത്തിനിടയിലോ ആണ്.  വിവിധയിടങ്ങളിൽ മുദരിസും ഖാസിമാരുമായി ഈ കുടുംബത്തിലെ അംഗങ്ങൾ സേവനം തുടരുന്നു. ഉസ്താദുൽ അസാതീദിന്റെ അഞ്ചുമക്കളും കിടയറ്റ പണ്ഡിതൻമാരാണ്.
കാലത്തിന്റെ  ചുവരെഴുത്തുകൾ വായിച്ചെടുക്കാൻ പര്യാപ്തമായ ഈ കുടുംബത്തിലെ പുതു തലമുറ  തലപ്പാവു ധാരികൾ ആയിത്തന്നെ മെഡിസിനും എൻജിനീയറിങ്ങും പ്രൊഫഷണൽ വിദ്യകളും അഭ്യസിക്കുന്നു. കാലം കരുതി വെച്ച ഈ വൈഞ്ജാനിക സരണി നിറശോഭയോടെ ഇനിയും തെളിഞ്ഞുകത്തട്ടെയെന്ന് നമുക്കാത്മാർത്ഥമായി പ്രാർത്ഥിക്കാം

അവലംബം :

മലയാളത്തിലെ മഹാരഥന്മാർ :നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാർ 

ഓടക്കൽ കുടുംബം :അലി ഹസൻ ബാഖവി 

ഖുദ്‌വത്തുൻ ഹസന (ഇശാഅത്തുസുന്ന )

ശ്രേഷ്ഠ ഗുരു പരമ്പര (ഇശാഅത്തുസുന്ന )

ഇസ്സ്‌ലാമിക്‌ ഹെറിറ്റേജ് ബ്ലോഗ് 

ഓടക്കൽ കുടുംബത്തിലെ മുതിർന്നവരുമായി നടത്തിയ സംഭാഷണങ്ങൾ

റാഷിദ് ഒ.കെ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഓടക്കൽ കുടുംബം : ഓത്തിടങ്ങളെ സജീവമാക്കിയ മുറ്റം
ഓടക്കൽ കുടുംബം : ഓത്തിടങ്ങളെ സജീവമാക്കിയ മുറ്റം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUJM3wG24zblbdfm9Py-QS0WjG2Qtxh69ivqumBgXb1rwSSLN7-eYqoiiZA3HwJ3aBCUJATvgyYrrfFc3uL1QV39rLbATJeGd14le0EwO54HLgN2nltueUnHyvkRr8bM13C8EojvXA2CVH/s640/e2fe8f07-a74c-4cdb-8943-af3df17c85e3.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUJM3wG24zblbdfm9Py-QS0WjG2Qtxh69ivqumBgXb1rwSSLN7-eYqoiiZA3HwJ3aBCUJATvgyYrrfFc3uL1QV39rLbATJeGd14le0EwO54HLgN2nltueUnHyvkRr8bM13C8EojvXA2CVH/s72-c/e2fe8f07-a74c-4cdb-8943-af3df17c85e3.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/05/blog-post_30.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/05/blog-post_30.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content