ചിത്രീകരണമാരംഭിക്കാൻ പോകുന്ന ' വാരിയംകുന്നൻ ' എന്ന സിനിമയുടെ പ്രഖ്യാപനം നടന്നതു മുതൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുൻനിർത്തിയുള്ള മലബാർ സമര ചരിത്ര പുനർവായനകളും പുനരാവിഷ്ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച വിശാലമായ സംവാദങ്ങളും നടക്കുകയാണ് . ഹിന്ദു - മുസ്‌ലിം സമുദായങ്ങളെ വേർതിരിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷുകാരുടെ തന്ത്രങ്ങളെ ആവോളം ചെറുത്തു നിന്ന മലബാർ സമരത്തിന്റെ പുനരാവിഷ്ക്കരണം അതേ അർത്ഥത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം രാജ്യമൊന്നടങ്കം പ്രയോഗിക്കാൻ ശ്രമിക്കുന്ന സമയത്താണെന്നത് ചിത്രത്തെക്കുറിച്ച സംവാദങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട് . സ്വന്തമായി ഒരു റിപ്പബ്ലിക്ക് വരെ സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ മാപ്പിളമാരുടേയും കീഴാള ജനവിഭാഗത്തിന്റേയും പ്രതിനിധാനമായിരുന്നു. അതിനാൽ തന്നെ ' വാരിയംകുന്നൻ ' സൃഷ്ടിക്കാൻ പോകുന്ന ഓളം സവർണ്ണ വർഗ്ഗീയ വാദികളെ നന്നായി അലോസരപ്പെടുത്തുന്നുണ്ട് .
മലബാർ സമരം മലയാള സിനിമയിൽ
മലബാറിലെ സ്വാതന്ത്ര്യ സമര ചരിത്രം മുമ്പും മലയാള സിനിമക്ക് തിരക്കഥയായിട്ടുണ്ട് . 1988 ൽ പുറത്തിറങ്ങിയ ഐ.വി ശശി സംവിധായകനായ ' 1921 ' മലബാർ സമര ചരിത്രത്തോട് നീതി പുലർത്തുന്നതായിരുന്നു. '' ചോരയും കണ്ണീരും കൊണ്ട് ചരിത്രം കുറിച്ച ഏറനാട് , വള്ളുവനാട് താലൂക്കുകളിലെ ധീരോധാക്കളോടൊപ്പം ധനവും മാനവും ജീവനും ഹോമിച്ച മുഴുവൻ ഹിന്ദു - മുസ്‌ലിം സഹോദരന്മാരുടേയും ഓർമ്മയ്ക്ക് '' എന്ന് പറഞ്ഞ് അവസാനിക്കുന്ന ചിത്രം മാപ്പിളമാരെക്കുറിച്ചും മലബാർ സമരത്തെക്കുറിച്ചുമുള്ള പൊതുബോധങ്ങളെ പൊളിച്ചെഴുതിയിട്ടുണ്ട് .
എന്നാൽ ഇതിനും മുമ്പ് 1922 ൽ തന്നെ ബ്രിട്ടീഷ് ഗവൺമെന്റ് ' Malabar Rebelion ' എന്ന പേരിൽ ഒരു സിനിമ ചെയ്തിരുന്നതായി പറയുന്ന രേഖ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം തമിഴ്നാട് സ്റ്റേറ്റ് ആൽക്കൈവ്സിൽ നിന്നും ഈയിടെ കണ്ടെടുത്തിട്ടുണ്ട് .
അധിനിവേശ വിരുദ്ധതയുടെ മാപ്പിള അനുഭവങ്ങൾ
സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിൽ മലബാർ മുസ്‌ലിംകൾക്ക് ശ്രദ്ധേയമായ ഇടമുണ്ട് . വൈദേശികാധി പത്യത്തിന്റെ എല്ലാ കാലത്തും പരമാവധി ശക്തിയോടെ ചെറുത്തു നിന്ന ചരിത്രമാണ് മാപ്പിളമാർക്ക് പറയാനുള്ളത് . പോർച്ചുഗീസ് ആധിപത്യ കാലത്ത് കുഞ്ഞാലി മരക്കാന്മാർ സാമൂതിരിക്ക് കീഴിൽ നടത്തിൽ നാവിക മുന്നേറ്റങ്ങളായിരുന്നു കേരളത്തെ മറ്റൊരു ഗോവയാകാതെ സംരക്ഷിച്ചു നിർത്തിയത് . ബ്രിട്ടീഷ് വാഴ്ച്ചക്കാലത്തും മാപ്പിളമാർ അനിഷേധ്യ പ്രതിരോധ സമരങ്ങൾ നടത്തി . മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാന നേതാക്കന്മാരിലൊരാളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി.
വാരിയംകുന്നത്ത് - ജീവിത വൃത്താന്തം
വാരിയംകുന്നത്ത് മൊയ്തീൻ കുട്ടി ഹാജിയുടേയും തുവ്വൂരിലെ പറവട്ടി കുഞ്ഞായിശുമ്മയുടേയും മകനായി 1866-ൽ ഏറനാട് താലൂക്കിലെ നെല്ലിക്കുത്തിൽ ജനിച്ചു. വെള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം . കുഞ്ഞിക്കമ്മു മൊല്ലയുടെ ഓത്തുപള്ളിയിൽ നിന്നും തുടർന്ന് ആലി മുസ്‌ലിയാരുടെ സഹോദരൻ മമ്മദ് കുട്ടി മുസ്‌ലിയാരുടെ ദർസിൽ നിന്നുമായിരുന്നു മത വിദ്യാഭ്യാസം . അറബി , ഉറുദു , ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നേടിയ അദ്ദേഹം കുഞ്ഞിമരക്കാർ ശഹീദിനെയായിരുന്നു തന്റെ വീരപുരുഷനായി കണ്ടിരുന്നത് .
1894 - ലെ മണ്ണാർക്കാട് കലാപത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തിന്റെ പിതാവിനെ അന്തമാനിലേക്ക് നാടുകടത്തുകയും 200 ഏക്കറോളം വരുന്ന അദ്ദേഹത്തിന്റെ കൃഷിഭൂമി അധീനപ്പെടുത്തുകയും ചെയ്തിരുന്നു . ഈ സംഭവം വാരിയംകുന്നത്തിന്റെ ബ്രിട്ടീഷ് വിരോധം ആളിക്കത്തിച്ചു. ഒരു ഘട്ടത്തിൽ നഷ്ടപ്പെട്ടതിലധികം സ്വത്തുക്കളും സ്ഥാനമാനങ്ങളും നൽകാമെന്ന് ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരാകരിക്കുകയായിരുന്നു .
ബോംബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന കുഞ്ഞഹമ്മദ് ഹാജി 1908-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നിരുന്നു. നാട്ടുകാരൻ കൂടിയായിരുന്ന രാമയ്യരാണ് ഇതിന് പ്രചോദനം നൽകിയത്. പിന്നീട് 1920 ജൂലൈ 18 ന് മലബാർ ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചപ്പോൾ അദ്ദേഹം അതിന്റെ ഭാഗമാവുകയായിരുന്നു.
കൊളോണിയൽ വിരുദ്ധ നയനിലപാടുകൾ
ഹിന്ദുക്കളെ അക്രമിക്കരുതെന്നും സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയോ വീടുകളും കടകളും കവർച്ച നടത്തുകയോ ചെയ്യരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മറുത്ത് പ്രവർത്തിച്ചവർക്ക് ശക്തമായ ശിക്ഷ നൽകാനും അദേഹം മറന്നില്ല . മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ളചെയ്യുന്നതിൽ നിന്നും സംരക്ഷിച്ചത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു .പുല്ലൂരിലെ നമ്പൂതിരിയുടെ ബാങ്ക് കൊള്ള ചെയ്ത മാപ്പിളമാരെക്കൊണ്ട് അത് തിരിച്ചു കൊടുപ്പിച്ചതും നഷ്ടപരിഹാരമായി ഖജാനയിൽ നിന്നും പണം നൽകിയതും നിലമ്പൂർ കോവിലകത്തിന് സംരക്ഷണം നൽകിയതും അദ്ദേഹത്തിന്റെ കൊളോണിയൽ വിരുദ്ധ നയനിലപാടുകളുടെ രൂപഭാവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടീഷ് അനുകൂലികൾ അവർ ആരാണെങ്കിലും അവർക്കെതിരെ അദ്ദേഹം ശക്തമായി പൊരുതി . ബ്രിട്ടീഷ് അനുകൂല നയത്തിന്റെ പേരിൽ ജന്മിത്തമ്പുരാക്കമാരെയും ഒറ്റുകാരായ തദ്ദേശ വാസികളെയും മതം നോക്കാതെ അക്രമിച്ച വാരിയം കുന്നത്ത് ഒരു ഘട്ടത്തിൽ കൊണ്ടോട്ടി തങ്ങളെ വരെ എതിർക്കുന്നുണ്ട്. ഈ ശക്തമായ ബ്രിട്ടീഷ് വിരുദ്ധ നിലപാടിന്റെ ഭാഗമായാണ് ഖാൻ ബഹാദൂർ ചേക്കുട്ടി സാഹിബ് വധത്തെയും വായിക്കേണ്ടത് . പൂക്കോട്ടൂർ കോവിലകം അക്രമിച്ച വാരിയംകുന്നത്തിന്റെ സൈന്യം കോവിലകം പ്രദേശത്തെ കുടിയാന്മാരായ കീഴാളന്മാർക്കും കൂടി വിതീച്ചു നൽകുകയായിരുന്നു.
മലയാള രാജ്യം
സമരങ്ങളുടെ ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് പട്ടാളവും പോലീസും പിൻ വാങ്ങിയതോടെ 1920 ആഗസ്റ്റ് 22 ന് ഏറനാട് , വള്ളുവനാട് , പൊന്നാനി , കോഴിക്കോട് താലൂക്കുകളിലെ 200 വില്ലേജുകൾ കേന്ദ്രീകരിച്ചു വാരിയം കുന്നത്ത് ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു. ' മലയാളരാജ്യം ' എന്നറിയപ്പെട്ട ഈ ഭരണ രൂപ ( State )ത്തിന്റെ പ്രതിനിധാനം ആഴത്തിൽ പഠിക്കപ്പെടേണ്ടതാണ് .
ആലി മുസ്‌ലിയാരായിരുന്നു തുടക്കത്തിൽ രാജ്യത്തിന്റെ രാജാവ് . കുമ്പിൾ കഞ്ഞി , കാണഭൂമി സമ്പ്രദായങ്ങളൊക്കെ അവസാനിപ്പിച്ച് കുടിയാന്മാരെ ഭൂവുടമകളാക്കി പ്രഖ്യാപിച്ച വാരിയംകുന്നത്തിന്റെ മലയാള രാജ്യം 1921 ഡിസംബർ അവസാനം അദ്ദേഹം അറസ്റ്റുചെയ്യപ്പെടുന്നത് വരെ നിലനിന്നു . 1922 ജനുവരി 26 ന് കോട്ടക്കുന്നിന്റെ വടക്കേ ചെരുവിൽ വെച്ചാണദ്ദേഹം രക്തസാക്ഷിത്വം വരിക്കുന്നത് . നൂറ്റാണ്ടുകളോളം തങ്ങളെ അടക്കി ഭരിച്ചിരുന്ന വൈദേശിക മേൽക്കോയ്മയ്ക്കെതിരെയുള്ള ഏറ്റവും ധീരമായ പ്രവർത്തനമായാണ് വാരിയം കുന്നത്ത് നേതൃത്വം നൽകിയ ഈ 'ദൗല ' യെ കാണേണ്ടത് . അടിയായ്മയും അയിത്തവും ശക്തമായ സാമൂഹിക സമ്പ്രദായം എന്ന നിലയിൽ നിലനിന്ന കാലത്ത് എല്ലാതരം മേധാവിത്വങ്ങൾക്കും റദ്ദ് കൽപ്പിച്ചാണ് ഈ ഭരണം നിലനിന്നത് . കൊളോണിയൽ വിരുദ്ധ സമരങ്ങളിൽ എല്ലാ കാലത്തും പ്രേരകമായി വർത്തിച്ച ഹിന്ദു - മുസ്‌ലിം കൂട്ടായ്മ ഈ റിപ്പബ്ലിക്കിനും ശക്തമായ പ്രത്യയശാസ്ത്ര പ്രതലം നൽകി.
പിടിക്കപ്പെടുന്നു
അന്നത്തെ ഇൻസ്പെക്ടറായിരുന്ന രാമനാഥയ്യരുടെ സഹായത്തോടെ കേണൽ ഹംഫ്രിയായിരുന്നു കുഞ്ഞഹമ്മദ് ഹാജിയെ കേരള- തമിഴ്നാട് അതിർത്തിയോടടുത്ത് നിൽക്കുന്ന പ്രദേശമായ കല്ലാമൂല - വീട്ടിക്കുന്നിൽ വെച്ച് അറസ്റ്റു ചെയ്തത് . '' രാമനാഥയ്യർ ഹാജിയുമായി സംസാരിച്ചു . കൂടെ ഒരു മുസ്‌ലിയാരുമുണ്ടായിരുന്നു . അസർ ബാങ്ക് വിളിച്ചപ്പോൾ തന്റെ റിവോൾവർ ഒരു പാറയിൽ വെച്ച് തൊട്ടടുത്ത അരുവിയിൽ നിന്ന് വുളു വെടുക്കാൻ തുടങ്ങി , തന്റെ അനുയായികളും അപ്രകാരം ചെയ്യുകയായിരു . ഈ സമയത്താണ് രാമനാഥയ്യർ വിസിലടിച്ചതും കോൺസ്റ്റബിൾമാർ വന്ന് ഹാജിയെ ബന്ധിച്ചതും എല്ലാവരും ഞൊടിയിട കൊണ്ട് ബന്ധനത്തിലായി " ( മാപ്പിള മലബാർ , ഡോ .ഹുസൈൻ രണ്ടത്താണി pp 104 - 105 ) .
വലിയ ആഘോഷാരവങ്ങളോടെയാണ് ബ്രിട്ടീഷുകാർ അദ്ദേഹത്തെ മലപ്പുറത്തെത്തിച്ചത്. ഹംഫ്രിക്കു പുറമെ കളക്ടർ ഗേലി, ഡി.എസ് വി ഹിച്ച്കോക്ക് , ഡി.വൈ . എസ് പി ആമു , സർക്കിൾ ഇൻസ്പെക്ടർ തുടങ്ങിയവരും കോട്ടക്കുന്നിൽ സന്നിഹിതരായിരുന്നു. കുഞ്ഞഹമ്മദ് ഹാജിയുടെ ആവശ്യപ്രകാരമാണ് അദ്ദേഹത്തെ കൈകൾ ബന്ധിയാക്കാതെ മുന്നിൽ നിന്നു തന്നെ വെടിവെച്ചത് . മരണത്തിനു മുന്നിലും തന്റെ രാജ്യസ്നേഹം പ്രകടിപ്പിച്ച ആ ധീര ദേശാഭിമാനിയുടെ പോരാട്ടചരിത്രം മലബാറിന്റെ സ്വാതന്ത്രസമര ചരിത്രത്തിൽ ഏറെ ആവേശം കൊള്ളിക്കുന്നതാണ് . നീതിയും ദേശക്കുറും ആര് ലംഘിക്കുന്നുവോ അവർക്കെതിരെയെല്ലാം വാരിയംകുന്നത്ത് ശക്ഷമായി നിലകൊണ്ടു. അതു തന്നെയായിരിക്കാം പലർക്കും അദ്ദേഹത്തിന്റെ ചരിത്രം കണ്ണിൽ കടിയായി മാറുന്നത് .
✒️മുഹമ്മദ് സലീം ചെറുകോട്
9961588667

COMMENTS