കടവ് കടന്നിട്ടും വഞ്ചി തലയിലേറ്റി നടക്കുന്ന ദർവേശിനോട് ആളുകൾ ചോദിച്ചുവത്രെ കരയിൽ തോണിയെന്തിനെന്ന് . വന്ന വഴി മറക്കരുതെന്നും വലിയ കടവുകൾ വരാനുണ്ടെന്നും മറുപടി . സൂഫീധാരകളിലെ സനദ് മുത്തസിലുകളുടെ താവഴികൾ മൂലം സാമൂഹിക സമുദ്ധാരണങ്ങൾ സാധ്യമായത് കാണാം . പുകൾപെറ്റ കോഴിക്കോട്ടെ ഇടിയങ്ങര ശൈഖ് പള്ളിയിൽ അന്ത്യവിശ്രമo കൊള്ളുന്ന മാമുക്കോയ വലിയ്യ് ശൈഖ് അബുൽ വഫാ ശംസുദ്ദീൻ മുഹമ്മദ് ബിൻ അലാവുദ്ദീൻ അൽ ഹിംസിയിലൂടെ കോഴിക്കോട് കേന്ദ്രീകൃതമായി രൂപപ്പെട്ട സ്പിരിച്വൽ പരിസരം അതുല്യമാണ് .മലബാറിലെ കേളികേട്ട അപ്പവാണിഭ നേർച്ചയുടെ ചരിത്രഹേതു ഈ മനീഷിയാണ്. തസവ്വുഫിനെ അധ്യാത്മിക വലയങ്ങളിലൊതുക്കാതെ വിശാലമായ ആക്റ്റിവിസമാക്കി രൂപപ്പെടുത്തിയതാണ് ഇടി യങ്ങര ശൈഖിനെ വ്യതിരിക്തമാക്കുന്നത്.
ഹിജ്റ 930 ൽ (AD 115 l) കോഴിക്കോടാണ് ശൈഖിന്റെ ജനനമെങ്കിലും കുടുംബ പാശ്ചാത്തലം മധ്യേഷ്യയാണ് .പഴയ ശാമിൽ നിന്ന് പ്രബോധനാർത്ഥം കോഴിക്കോട് വന്ന് സാത്വിക ജീവിതം നയിച്ച അലാവുദ്ദീൻ ഹിംസി (റ) യാണ് ഇടിയങ്ങര ശൈഖിന്റെ പിതാവ് . പിതാവ് കോഴിക്കോട്ട് നിന്ന് വിവാഹം കഴിച്ചെങ്കിലും ഇവിടെ താമസമാക്കാതെ സ്വദേശത്തേക്ക് മടങ്ങിയതോടെ കോഴിക്കോട്ടുകാരിയായ മാതാവിന്റെയും മാതൃസഹോദരന്റേയും വലയത്തിലാണ് വളർന്നത് . കൊളോണിയൽ കാലത്തെ മലബാറിന്റെ ശോചനീയാവസ്ഥ ശൈഖിന്റെ ജീവിതത്തെ നന്നായി സ്വാധീനിച്ചു .ദാരിദ്ര്യവും സാമ്പത്തിക പരാതീനതയും നിറഞ്ഞ ബാല്യ ജീവിതത്തിലും മതപഠനം തടസ്സമില്ലാതെ നടന്നു .തികഞ്ഞ സൂക്ഷ്മതയും സാത്വിക സഹവാസവും നിത്യനിഷ്ടയായിരുന്നു .പഠനം മതത്തിലൊതുക്കാതെ വിവിധ കലകളും ആയുധപരിശീലനങ്ങളും സ്വായത്തമാക്കിയ ശൈഖ് യൗവ്വനകാലത്ത് തന്നെ യുദ്ധനേതൃപാടവവും ആർജജിച്ചു.
കോഴിക്കോട് കേന്ദ്രീകരിച്ച് തസവ്വുഫ് പ്രസരിപ്പിക്കുമ്പോഴും തികഞ്ഞ സേനാനി കൂടിയായിരുന്നു ശൈഖ് . കൊളോണിയൽ നയങ്ങളുമായി കേരനാട്ടിലെത്തിയ പോർച്ചുഗീസ് - ഫ്രഞ്ച് പടകൾക്കെതിരെ കടലിലും കരയിലും പോരാടിയിട്ടുണ്ട്. പൊന്നാനിയിൽ വെച്ച് ഫ്രഞ്ചുകാർക്കെതിരെ ശൈഖിന്റെ നേതൃത്വത്തിൽ പോരാടിയതും വിജയം വരിച്ചതും ചരിത്രമാണ് .
നാട്ടിലെ യുദ്ധ കാര്യങ്ങൾ കുഞ്ഞാലി മരയ്ക്കാറെ ഏൽപ്പിച്ച് തസവ്വുഫിന് വേണ്ടി ഇരുപതാം വയസ്സിൽ നാടുവിട്ട ശൈഖ് ഹിജ്റ 950 ൽ വലിയ്യുകൾ ധാരാളമുള്ള ഇന്ത്യോനേഷ്യയിലെ സുമാത്ര ദ്വീപിലെത്തി .അവിടെ രാജാവിന്റെ അതിഥിയായി കഴിയാൻ അവസരമൊത്തെങ്കിലും കൊട്ടാരവും സുഖങ്ങളും വിട്ട് ആത്മീയ സന്നിധികൾ തേടിയിറങ്ങിയ ശൈഖ് അവിടെ വെച്ച് അജ്മീർ ഖാജയുടെ ഖലീഫയായിരുന്ന ജമാലുദ്ദീൻ ഖൗസി അടക്കമുള്ള നിരവധി സൂഫികളുമായി സഹവസിച്ചു. അവിടെ വെച്ച് തന്നെ ഗാഇബുൽ ഖുത്വുബ് എന്ന വലിയ്യിന്റെ മുരീദുമായി .ഇന്ത്യോനേഷ്യ വിട്ട് ഹജജ് നിർവ്വഹിച്ച് യമനിലേക്കാണ് പോയത് .അക്കാലത്തെ സാമൂദിരിയുടെ കപ്പലുകൾ വ്യാപാരാവശ്യത്തിനായി യമനിലെത്തുക പതിവായിരുന്നു. ഇതറിഞ്ഞ ശൈഖ് മടക്കയാത്രയിൽ കപ്പലിൽ കോഴിക്കോട്ടേക്ക് തിരിച്ചു. ഹിജ്റ വർഷം 974ൽ നാട്ടിൽ തിരിച്ചെത്തിയ ശൈഖിനെ കാണാൻ ആളുകൾ ഒഴുകിയെത്തിയത് ചരിത്രത്തിൽ കാണാം . ശൈഖിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരു സമൂഹം തന്നെ കോഴിക്കോട്ട് രൂപപ്പെട്ടു.
കുറ്റിച്ചിറ വലിയ ജുമുഅത്ത് പള്ളിയിൽ താമസമാക്കിയ ശൈഖിന്റെ സാന്നിധ്യമറിഞ്ഞ സാമൂദിരി ശൈഖിനെ സന്ദർശിക്കുകയും സാമുദിരിയുടെ യുദ്ധവിജയങ്ങൾക്ക് വേണ്ടി ശൈഖ് പ്രാർത്ഥിക്കുകയും ചെയ്തു . 1887 ൽ മലബാർ കലക്ടറായിരുന്ന വില്യം ലോഗൻ മലബാർ മാന്വലിൽ ശൈഖിന്റെ ഖബറിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട് : " ഇപ്പോൾ കടലെടുത്തു പോയ സ്ഥലത്ത് ശൈഖ് മാമുക്കോയയെന്ന ഹിമമസിക്കാരനായ അറബിയുടെ ശവക്കല്ലറ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ഈ കല്ലറയിൽ നിന്ന് വീണ്ടെടുക്കുകയാണുണ്ടായതെന്നും പരേതാത്മാവിന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിതമായ പള്ളിയിൽ റജബ് മാസത്തിൽ ജന്മദിന (മൗലൂദ്) നടക്കാറുണ്ടെന്നും നിഷേധിക്കേണ്ടതില്ല.
കോഴിക്കോട്ടുകാർക്കിടയിൽ ഇന്നും നിലനിൽക്കുന്ന വിശ്വാസമാണ് ശൈഖിന്റെ മഖ്ബറക്കടുത്ത് വെച്ച് കള്ളസത്യം ചെയ്താൽ കാഴ്ച്ച നഷ്ടപ്പെടുമെന്നത് . പഴയ കാലങ്ങളിൽ സിവിൽ കേസിലകപ്പെട്ട മുസ്ലിങ്ങളെ ജഡ്ജിയുടെ ഉത്തരവു പ്രകാരം ശൈഖിന്റെ മഖ്ബറക്കടുത്ത് വെച്ച് സത്യം ചെയ്യിക്കുമായിരുന്നു .
ഇടിയങ്ങര ശൈഖിന് പൊതുജനം നൽകിയ ആദരവാണ് അപ്പവാണിഭ നേർച്ച .എല്ലാ വർഷവും റജബ് മാസത്തിലാണ് നേർച്ച നടക്കാറുള്ളത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നേർച്ച സമയത്ത് വരവുകൾ എത്താറുണ്ട്. ജാറത്തിൽ പട്ട് വിരിക്കുന്നതും നേർച്ച സമയത്താണ് .
ശൈഖിനെ കുറിച്ച് " മുസ്ലിങ്ങളും കേരള സംസ്കാരവും " എന്ന പുസ്തകത്തിൽ വിശാലമായ പരാമർശങ്ങളുണ്ട്. അപ്പവാണിഭ നേർച്ചയെക്കുറിച്ചുള്ള എസ് കെ പൊറ്റക്കാടിന്റെ കഥാപാത്രങ്ങളും പ്രസിദ്ധമാണ് .
അവസാന കാലങ്ങളിൽ സുഹൃത്ത് പുതിയങ്ങാടി ഖാസി അലിയ്യുന്നാഹൂരിയെ വിളിച്ച് വസിയത്ത് നൽകി . ഹി - 981 ൽ AD 1572 നവംബർ 22 ന് 51 വയസിൽ ശൈഖ് പരലോകം പ്രാപിച്ചു.

COMMENTS