അല്ലാഹു ഇഷ്ടത്തോടെ ചേർത്തുവെച്ചതിൽ നമ്മൾ എന്തിനു ചോർച്ചയുണ്ടാക്കണം! (സുഗന്ധ മൊഴി 07) The End

SHARE:


    പ്രവാചക പ്രകീർത്തന പ്രകാശനത്തിൽ അലിഞ്ഞു ചേർന്ന സദസ്സ്. പ്രിയ ഗുരു പെടുന്നനെ മൗനിയാകുന്നു. മുഖം വിവർണ്ണമാകുന്നു.  സങ്കടവും ദേഷ്യവും കലർന്ന ഇടറിയ ശബ്ദത്തോടെ ഗുരു ചോദിക്കുന്നു , "അല്ലാഹു ഇഷ്ടത്തോടെ ചേർത്തുവെച്ചതിൽ നമ്മൾ എന്തിനു ചോർച്ചയുണ്ടാക്കണം!" അൽപം കൂടി സ്വരം ഉയർത്തിക്കൊണ്ട് വീണ്ടും ചോദിക്കുന്നു, "അല്ലാഹു ഇഷ്ടത്തോടെ ചേർത്തുവെച്ചതിൽ നമ്മൾ എന്തിനു ചോർച്ചയുണ്ടാക്കണം! അന്ന് മക്കയിൽ കണ്ട ആ രംഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തി!" ഗുരുവിന്റെ തുടർ വാക്കുകൾ കേൾക്കാൻ ഞങ്ങൾ ജിജ്ഞാസയോടെ  കാത്തിരുന്നു. 

"ഞാൻ ഈ അടുത്ത നാളുകളിൽ മക്കാ മദീന സിയാറത്തിന് പോയപ്പോൾ  എന്റെ നിരീക്ഷണത്തിൽ സങ്കടകരമായ ഒരു രംഗം അനുഭവപ്പെട്ടു. മസ്ജിദുന്നബവിയിൽ പ്രവാചകരുടെ പരിശുദ്ധ പേരുകളും ഹദീസുകളും അതിമനോഹരമായ കാലിഗ്രഫിയിൽ പൂർവ്വികരായ മഹാന്മാർ പ്രദർശിപ്പിച്ചിട്ടുണ്ട്. മക്കാ ശരീഫിൽ കഅ്ബയുടെ ഖില്ലയിൽ ഖുർആനിക വചനങ്ങൾ കാലിഗ്രഫിയിൽ സ്വർണ്ണ നിറത്തിൽ അതി മനോഹരമായി ഉല്ലേഖനം ചെയ്തിട്ടുണ്ട്. അതുപോലെ മസ്ജിദുൽ ഹറാമിന്റെ പുതിയ നിർമ്മിതിയുടെ ചുമരുകളിലും തൂണുകളിലുമെല്ലാം അല്ലാഹു ജല്ല ജലാലുഹു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഖില്ലയിലോ തൂണുകളിലോ  അതു പോലെ സയ്യിദുനാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്ന് വലുതായി രേഖപ്പെടുത്തി വെച്ചത്  ഒരിടത്തും കാണാൻ കഴിയാത്തതിൽ  എനിക്ക് സങ്കടം തോന്നി. ശഹാദത്ത് കലിമയുടെ ഇരു സാക്ഷ്യങ്ങളെങ്കിലും പരിസര ഭാഗങ്ങളിൽ പ്രദർശിപ്പിക്കാമായിരുന്നു. വീണ്ടും ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ പഴയകാല തുർക്കി കെട്ടുകളിൽ ഒരു ഭാഗത്ത് നാലു ഖലീഫമാരുടെ പേര് എഴുതിയ ഭാഗത്ത്  മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം എന്ന് ചെറുതായി രേഖപ്പെടുത്തി വെച്ചതായി കണ്ടു. ഖില്ലയിൽ ഖുർആനിക വചനങ്ങൾക്കപ്പുറം   അല്ലാഹു അക്ബർ*  എന്നതെല്ലാം  വളരെ മനോഹരമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്നാൽ ഒരിടത്തെങ്കിലും മുഹമ്മദുൻ റസൂലുല്ലാഹി എന്ന് രേഖപ്പെടുത്തി വെക്കാമായിരുന്നു. ഞാൻ അങ്ങനെ ആലോചനാപൂർവ്വം ഹറമിൽ നിൽക്കുന്ന സമയത്ത് മസ്ജിദുൽ ഹറാമിന്റെ മിനാരങ്ങളിലൂടെ ബാങ്കോലി മുഴങ്ങുന്നു. അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് വിളംബരപ്പെടുത്തിയതിനു ശേഷം അശ്ഹദു അന്ന മുഹമ്മദുൻ റസൂലുല്ലാഹ് എന്ന മധുര ധ്വനി മുഴങ്ങുന്നു. അല്ലാഹു സംവിധാനിച്ച രീതി ശാസ്ത്രം ബാങ്കൊലിയിൽ നിന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ  എന്നാലോചിച്ചു സങ്കടപ്പെട്ടു."

    സദസ്യർ സാകൂതം ഗുരുമൊഴി ശ്രവിക്കുന്നു പരിസരത്തെ ഒച്ചപ്പാടുകൾ ഒന്നും ഇപ്പോൾ ആരും കേൾക്കുന്നില്ല, ഗുരു തുടരുന്നു. "ഹസ്സാനു ബ്നു സാബിത് (റ) അതി മനോഹരമായി ഒരു കവിതാവിഷ്കാരം നടത്തിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നു, അഞ്ച് നേരം മുഅദ്ദിൻ അശ്ഹദു എന്നത് ഉരുവിടുമ്പോഴെല്ലാം അല്ലാഹുവിന്റെ നാമത്തോടൊപ്പം തിരുനബിയുടെ വിശുദ്ധ നാമത്തെയും ചേർക്കുന്നു. പ്രിയരെ, ഒന്നാലോചിച്ച് നോക്കൂ... ദിനം തോറും ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും കോടിക്കണക്കിന് ബാങ്കൊലി മുഴങ്ങുമ്പോൾ അല്ലാഹുവിന്റെ തിരുപേരിനോടൊപ്പം ഹബീബിന്റെ വിശിഷ്ടപേരും പറയപ്പെടുന്നു. അങ്ങനെ ചേർത്തുവെക്കാൻ അല്ലാഹു ഇഷ്ടപ്പെട്ടതാണ്.

    അബൂ സഈദുൽ ഖുദ്രി (റ) ഒരു ശ്രദ്ധേയമായ ചരിത്രം മാലോകരോട് പറയുന്നുണ്ട്. ഒരു ദിനം ജിബ്രീൽ മാലാഖ പ്രവാചകസമക്ഷം വന്ന് കൊണ്ട് ചോദിക്കുന്നു : നിങ്ങളുടെയും എന്റെയും നാഥനായ അല്ലാഹു അങ്ങയോട് ചോദിക്കുന്നുണ്ട്. അവിടുത്തെ സൽപേരിനെ ഞാൻ എത്രമേൽ പവിത്രമാക്കിയിരിക്കുന്നു എന്ന് താങ്കൾക്കറിയുമോ എന്ന്. ഉടനെ തിരുമേനി പറഞ്ഞു: അല്ലാഹു അഅ്ലം. അപ്പോൾ ജിബ്രീൽ അലൈഹിസ്സലാം നൽകിയ മറുപടി ഹൃദയത്തിന്റെ താളുകളിൽ കൊത്തിവെച്ചു കൊള്ളുക. " അല്ലാഹു പറയുന്നു നബിയേ ..... "ഇദാ ദുകിർതു ദുകിർത മഈ " എന്റെ പേര് പറയപ്പെടുന്നിടത്തെല്ലാം അങ്ങയുടെ പേരും പറയപ്പെടും! സുബ്ഹാനല്ലഹ്! വാന ഭുവനങ്ങളുടെയും ചരാചരങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവിന്റെ തിരുനാമത്തോടൊപ്പം അവിടുത്തെ ഒരു സൃഷ്ടിയുടെ പേരിനെ പറയപ്പെടുന്നു. എത്രമേൽ മഹത്തായ സൗഭാഗ്യമാണത്."

    മാത്രവുമല്ല, മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹി വ സല്ലം) എന്ന തിരുനാമം പറയാതെ പരിശുദ്ധ തൗഹീദിന്റെ കലിമ പോലും പൂർത്തിയാവുന്നില്ല . സത്യ സാക്ഷ്യത്തിന്റെ ഒന്നാം കാണ്ഡം ലാ ഇലാഹ ഇല്ലല്ലാഹ്  എന്നത് ആദ്യാർത്ഥം മനസ്സിലുറപ്പിച്ച് ആയിരം തവണ ദിവസം തോറും ചൊല്ലി പറഞ്ഞാലും സ്വർഗപ്രാപ്തി നേടുകയില്ല , അതിന്റെ രണ്ടാം കാണ്ഡം  മുഹമ്മദുൻ റസൂലുല്ലാഹ് എന്നത് ഉൾക്കൊള്ളുക തന്നെ വേണം.  

    ഏറ്റവും ശ്രേഷ്ടാരാധനയായ നിസ്കാരം പോലും ആ തിരുനാമം ഉരുവിടാതെ പരിപൂർണ്ണമാവുന്നില്ല. അല്ലാഹുവുമായുള്ള മുനാജാതാണ് നിസ്കാരം, എന്നാൽ അതിൽ അത്തഹിയ്യാത്തിൽ തിരുദൂതർക്കുള്ള അഭിവാദനമായി സലാമിനെ സംവിധാനിച്ചത് അല്ലാഹു തന്നെയാണ്. റബ്ബിലേക്കുള്ള തേട്ടം റബ്ബിലേക്കെത്താൻ ആ തിരുനാമത്തെ വാഴ്ത്തണം. റസൂലുല്ലാഹിയുടെ പേരിൽ  സ്വലാതും സലാമും ഇല്ലാത്ത അർത്ഥനകൾ ഫലപ്രാപ്തി നേടുകയില്ല. 

    അല്ലാഹുവിന്റ സിംഹാസനത്തിലും സ്വർഗീയ ആരാമത്തിലും ആ തിരുനാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അഹദായ അല്ലാഹു അഹ്മദായ തിരുനബിയുടെ പേരിനെ പോലും ഇത്രമേൽ പോരിശപ്പെടുത്തിയെങ്കിൽ അവിടുത്തെ മഹത്വം എത്രമാത്രമായിരിക്കും!. അല്ലാഹു തന്നെ ആ ഉന്നതിയെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

وَرَفَعْنَا لَكَ ذِكْرَكَ

പ്രവാവചക പൂങ്കവരേ, അങ്ങയുടെ സൽപേരിനെ നാം ഉന്നതമാക്കിയിരിക്കുന്നു എന്ന് സാരം.

    ചിന്തകളുടെ ഊഷരതകളിലേക്ക് നനഞ്ഞിറങ്ങുന്ന അരുവിയായി ഗുരുവിന്റെ സംസാരം മാറുന്നു. ഗുരു തുടരുന്നു,  "ഹബീബീങ്ങളെ , നാം അശ്റഫുൽ ഖൽഖായ  തിരുനബിയെ കൂടുതൽ പഠിക്കണം. ഒരു ചരിത്ര പുരുഷനാണോ ഇതിഹാസതാരം ആണോ ഭാവനാ സങ്കല്പമാണോ എന്നറിയാൻ പഠിക്കണം. ഇന്ന് ലോകത്തിൽ  അറിയപ്പെട്ട പല ഇതിഹാസതാരങ്ങളും വെറും കഥാപാത്രങ്ങൾ മാത്രമാണെന്ന് ഇന്ന് ബോധ്യപ്പെടുന്നു.  അവരുടെ ജീവചരിത്രത്തെ അടുത്തറിയാൻ ഒത്തിരി ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിന് കൃത്യമായി മറുപടി പറയാൻ കഴിയാതെ അതിന്റെ വക്താക്കളും ഭക്തരും കുഴങ്ങുന്ന സമയത്ത് പോലും സംശയമില്ലാത്ത വിധം നബിചരിത്രം രേഖപ്പെട്ടുകിടക്കുന്നു. ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന റസൂൽ, ശാസ്ത്രീയ നിരീക്ഷണത്തിനും ഗവേഷണത്തിനും എല്ലാ അർത്ഥത്തിലും സാധ്യതയുള്ള അറേബ്യയിൽ എത്രാമത്തെ വർഷത്തിൽ എത്രാമത്തെ വയസ്സിൽ എത്രാമത്തെ മാസത്തിൽ ഇന്നയാളുടെ മകനായി ഇന്ന സ്ഥലത്ത് ജനിച്ചു , ഇന്ന സ്ഥലത്തു ജീവിച്ചു , ഇന്ന സ്ഥലത്തു വിയോഗമടഞ്ഞു , ഇന്ന രൂപത്തിൽ ജനിച്ചു , ഇന്ന രീതിയിൽ ജീവിച്ചു സകലതും പകൽ വെളിച്ചം പോലെ രേഖപ്പെട്ടു കിടക്കുന്നു. എവിടെയോ ഏതോ കാലത്ത് ഏതോ ഒരിടത്ത് ഏതോ ഒരാൾ ആ പേരിൽ ജീവിച്ചിരുന്നു എന്ന ഊഹാപോഹങ്ങൾ പറഞ്ഞാൽ മതിയാകില്ല. ഇന്ന് പലരും ആരാധ്യരായി കൊണ്ടു നടക്കുന്ന പലരും ഏത് വർഷം എവിടെ ജീവിച്ചു എന്നറിയില്ല , ജനിച്ചിരുന്നോ എന്ന് പോലും അറിയില്ല എന്നത് കൗതുകരം തന്നെയാണ്

    ഈ കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച് ലോകത്തെ സ്വാധീനിച്ച ഒരു മഹാ വ്യക്തിയെക്കുറിച്ച് വിവരിക്കുന്നതിനേക്കാൾ അപ്പുറം പതിനഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച ഹബീബിനെ കുറിച്ച് പറയാൻ ചരിത്രകാരന്മാർക്ക് സാധ്യമാണ്. അത് അവിടുത്തെ ഒരു മുഅ്ജിസത്താണ്.

    അവിടുത്തെ മുടിയിൽ നരച്ച മുടികൾ എത്ര, അവിടുത്തെ മുഖത്തിന്റെ ആകൃതി എങ്ങനെയായിരുന്നു, അവിടുത്തെ നടത്തം എങ്ങനെയായിരുന്നു എല്ലാം രേഖപ്പെട്ടു കിടക്കുന്നു. ചരിത്ര വായനയിൽ അത്ഭുതപ്പെട്ടുപോയ ഒരു സംഭവം, ഒരു വയസ്സ് ഒന്നര വയസ്സ് പ്രായമുള്ള നേരത്ത് മുഹമ്മദ് എന്ന ഓമനക്കുഞ്ഞിനെ താരാട്ട് പാട്ട് പാടി ഉറക്കിയ ശൈമാ എന്ന പെൺകുട്ടി പാടിയ പാട്ട് ഏതായിരുന്നു , രണ്ട് വയസ്സായിട്ടുള്ള കുഞ്ഞുമോൻ ഇളം പ്രായത്തിൽ എവിടെയായിരുന്നു കളിച്ചത് എന്നത് പോലും വ്യക്തമായി എഴുതപ്പെട്ടിട്ടുണ്ട്. പ്രവാചകത്വത്തിന്റെ മുമ്പുള്ള ചരിത്രം എമ്പാടും വ്യക്തമായി ലഭ്യമാണ്. 

    നബിയുടെ മുടിയെ കുറിച്ച് മാത്രം പതിനഞ്ചിലധികം സ്വഹാബികൾ നൂറിലധികം ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് ഇത്ര മാത്രം ആ ചരിത്രം വിപുലപ്പെടാൻ കാരണം എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? കാരണം അല്ലാഹു അത് ഏറ്റെടുത്ത കാര്യമാണ് വ റഫഅ്നാ ലക ദിക്റക പ്രവാചക പ്രഭുവോ, അങ്ങയുടെ പ്രശസ്തിയും പ്രകീർത്തനവും അങ്ങയുടെ പേരും പെരുമയും  എല്ലാം എല്ലാം നാം അത്യുന്നതമാക്കി വെച്ചിരിക്കുന്നു. ആ പ്രകീർത്തന പ്രകാശനത്തിൽ, സംപൂജ്യരായ   എന്നെയും  നിങ്ങളെയും ഒരു കഥാപാത്രമായി അല്ലാഹു തിരഞ്ഞെടുത്തല്ലോ ! നള്റ: വ മദദ് യാ സയ്യിദീ യാ റസൂലല്ലാഹ്! 

    ഗുരുവിന്റെ വാക്കുകൾ ഇടറുന്നു. നബിയെ പറയുന്ന മഹത്തായ മാർഗത്തിൽ നമ്മളും ഒരു കണ്ണികളായല്ലോ എന്ന ചാരിതാർത്ഥ്യത്തിൽ അവിടുത്തെ മനസ്സ് തേങ്ങുകയാണ്. റസൂലുല്ലാഹിയോടുള്ള സ്നേഹ പ്രകടനത്തിൽ ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കമായി പെരുമാറുന്ന ഒത്തിരി രംഗങ്ങൾ മുമ്പും അനുഭവിച്ചിട്ടുണ്ട്. ഗുരു തുടരുന്നു:

    "റസൂലുല്ലാഹിയുടെ  ജീവിത രീതികൾ എങ്ങനെയായിരുന്നു എന്ന് ക്രോഡീകരിച്ചുവെക്കാൻ വേണ്ടി നിരീക്ഷണ ഗവേഷണ നിപുണരായ ഒരു സമുദായത്തെ തീരുനബിയുടെ കാലത്ത് അല്ലാഹു നിയോഗിച്ചതാണ്. സ്വഹാബികൾ യാദൃശ്ചിക കഥാപാത്രങ്ങളായിരുന്നില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചരിത്രം വായിക്കുമ്പോൾ അതാണ് മനസ്സിലാകുന്നത്. അബൂബക്കറും ഉമറും അബൂ ഹുറൈറയും ഹസ്സാനു ബ്നു സാബിതും ഖദീജയും ആഇശയും റളിയല്ലാഹു അൻഹും ഒരു യാദൃശ്ചിക കഥാപാത്രങ്ങളായി നബി ജീവിതത്തിലേക്ക് കടന്നു വന്നവരല്ല, ഓരോ ചുറ്റുപാടിലേക്കു അനുയോജ്യരും അർഹരുമായവരെ അല്ലാഹു നിയോഗിച്ചു കൊടുത്തതായിരുന്നു. അതിനാലാണ് ആ ജാജ്വല ജീവിതം ഇന്നും പകൽ വെളിച്ചം പോലെ പ്രകാശിതമായി കിടക്കുന്നത്. ആ ചരിത്രരേഖകൾ അറ്റു പോകാതെ ചങ്ങലയിലെ കണ്ണികൾ പോലെ ബന്ധപ്പെട്ടു കിടക്കുന്നത്. ഉറക്കിലും ഉണർവ്വിലും രാവും പകലും നിഴലില്ലാത്ത നബിയുടെ നിഴലായി  കൂടെ പിന്തുടർന്ന പന്തിരായിരം അനുചരർ പ്രകാശിപ്പിച്ച ചരിത്ര വചനങ്ങൾ ഇന്നും സുതാര്യമായി കിടക്കുന്നത്. നബിയെ ഞാൻ കണ്ടു , നബി അങ്ങനെ പറഞ്ഞു, നബിയെ ഞാൻ കേട്ടു , നബി അങ്ങനെ ചെയ്തു എന്ന് മാലോകരോട് വിളംബരം നടത്തിയവർ. ആ ചരിത്രവുമായി ജീവിതത്തിൽ ബന്ധപ്പെട്ട നാലര ലക്ഷം ചരിത്ര പണ്ഡിതന്മാരുടെ ലിസ്റ്റ് മുസ്ലിംകളുടെ  കൈവശമുണ്ട് , ലൈബ്രറിയിൽ ലഭ്യവുമാണ്. നബി പറഞ്ഞു, നബി പോയി, നബി വന്നു എന്ന് പറയുകയും എഴുതുകയും പഠിപ്പിക്കയും പിൽക്കാലത്തേക്ക് രേഖപ്പെടുത്തി വെക്കുകയും ചെയതവർ. യൂറോപ്യൻ ഗവേഷകനായ സ്പിരിഞ്ചർ എന്ന ഒരു ഓറിയന്റലിസ്റ്റ് ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. നബിയുടെ ചരിത്രം എത്രമാത്രം ലഭ്യമാണ് എന്നറിയാൻ വേണ്ടി അദ്ദേഹം ഒരു പഠനം നടത്തി,  അതിൽ നബി ചരിത്രകാരന്മാരെയും അദ്ദേഹം പഠന വിധേയമാക്കി. അല്ലാമാ ഹാഫിള് ഇബ്നു ഹജറിന്റെ അൽ ഇസ്വാബതു ഫീ തംയീസി സ്വഹാബ എന്ന പുസ്തകം പഠനം നടത്തി ടിപ്പണി ചെയ്തു അതിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതി വെച്ചത് ഇങ്ങനെയായിരുന്നു,  മുസ്ലികൾ ഊഹാപോഹത്തിൽ ജീവിക്കുന്നവരല്ല, അവരുടെ പ്രവാചക ചരിത്രം രേഖപ്പെടുത്തിയ നാലര ലക്ഷം ആളുകളുടെ ചരിത്രം പോലും അവർ കൃത്യമായി സൂക്ഷിക്കുന്നുണ്ട്. പിന്നെ നബിയുടെ ചരിത്രത്തെ കുറിച്ച് പറയണോ ! ഹബീബീങ്ങളെ , പഠിക്കണം , നബി ചരിത്രം എമ്പാടും  പഠിക്കണം. പഠിക്കുംതോറും ബോധ്യപ്പെടുന്നത് റസൂലുല്ലാഹിയെ അറിഞ്ഞതിനേക്കാൾ അപ്പുറം അറിയാത്തതാണ് കൂടുതൽ എന്നതാണ്. "ഗുരു സംസാരം നിറുത്തി , 

സദസ്സ് മുഴുവൻ ഒരേ സ്വരത്തിൽ മന്ത്രിക്കാൻ തുടങ്ങി നള്റ: വ മദദ് യാ സയ്യിദീ യാ റസൂലല്ലാഹ്! നള്റ: വ മദദ് യാ സയ്യിദീ യാ റസൂലല്ലാഹ്!

...........…............….............

ലേഖനാവിഷ്‌ക്കാരം :

സ്വദഖതുല്ലാഹ് ഹസനി

മാലിദ്വീപ്

+918129227709

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : അല്ലാഹു ഇഷ്ടത്തോടെ ചേർത്തുവെച്ചതിൽ നമ്മൾ എന്തിനു ചോർച്ചയുണ്ടാക്കണം! (സുഗന്ധ മൊഴി 07) The End
അല്ലാഹു ഇഷ്ടത്തോടെ ചേർത്തുവെച്ചതിൽ നമ്മൾ എന്തിനു ചോർച്ചയുണ്ടാക്കണം! (സുഗന്ധ മൊഴി 07) The End
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrnd_Jj_aUuqs5dGMUjqRbjygCskAUrOOpcsuejMVxrnpjU3SNsAqWTrDLfzhLeKPuYwTNcJ__PrB1Tnq2qJ_ig69IuENsMCrqskD-sFOP6ST_B_e_czWQPibeMSY7HvODObudWV0BQr7MFhSmZJLVcuRQHL-Ee4chUKTXrtj8oN2AQCRPwLEYnYO6UYk/w640-h482/main%20templet%20series%2007.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrnd_Jj_aUuqs5dGMUjqRbjygCskAUrOOpcsuejMVxrnpjU3SNsAqWTrDLfzhLeKPuYwTNcJ__PrB1Tnq2qJ_ig69IuENsMCrqskD-sFOP6ST_B_e_czWQPibeMSY7HvODObudWV0BQr7MFhSmZJLVcuRQHL-Ee4chUKTXrtj8oN2AQCRPwLEYnYO6UYk/s72-w640-c-h482/main%20templet%20series%2007.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2024/11/swadaqathullahasani.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2024/11/swadaqathullahasani.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content