ഗുരുവിൽ നിന്നും അനുസ്യൂതമായി പ്രവഹിക്കുന്ന അമൂല്യ വിജ്ഞാന മുത്തുകൾ എഴുതിവെക്കാൻ പേനയും പേപ്പറുമെടുത്ത് മുൻ നിരയിൽ തന്നെ ഇരിക്കുന്ന എന്നെ കണ്ടിട്ടാണാവോ ഗുരു സംസാരത്തിനിടക്ക് ഇങ്ങനെയൊരു തുറന്നു പറച്ചിൽ!
"മുത്തു നബിയെ പരിചയപ്പെടുത്തുന്ന പ്രസംഗമല്ല ഇത്, അവിടുത്തെ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്ന പ്രഭാഷണവുമല്ല ഇത്, മറിച്ച് ആസ്വാദനം, ഹബീബിനെ അയവിറക്കുക, സുഖിക്കുക, ആ തിരു പേര് മാത്രം പറഞ്ഞ് ആനന്ദിക്കുക, അവിടുത്തെ പേരിൽ ആയിരമായിരം സ്വലാത് സലാമുകൾ ഹൃദയത്തിൽ നിന്നും സ്നേഹപൂർവ്വം സമ്മാനിക്കുക അതിനൊക്കെയുള്ളതാണ് ഈ എളിയ സംസാരം"
ഗുരുവിന്റെ വാക്കുകൾ മനസ്സിലേക്ക് പതിഞ്ഞു, ഞാൻ പേനയും പേപ്പറും മടക്കി വെച്ചു, ഹൃദയകവാടം ഗുരുവിന്റെ മുമ്പിൽ തുറന്നു വെച്ചു. ഗുരുവിന്റെ വാക്കുകൾ എന്നിൽ വലിയ തിരുത്തലുകൾ തന്നു. കേൾക്കുന്നതൊക്കെയും കടലാസുകളിൽ കുറിച്ചു വെക്കുന്ന പതിവാണെനിക്കുള്ളത്. അത് നല്ലത് തന്നെയാണ്, പിന്നീട് ഓർത്തെടുക്കാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും അത് സഹായിക്കുന്നു, പക്ഷെ ഹൃദയാന്തരങ്ങളിൽ ഒരു പരിവർത്തനവും സാധ്യമായിരുന്നില്ല, മേനി പറയാൻ കുറെ സർട്ടിഫിക്കറ്റുകളും അംഗീകാരപത്രങ്ങളും നേടിയെടുത്തു എന്നതല്ലാതെ കാതലായ എന്ത് മാറ്റമാണ് അവ സമ്മാനിച്ചത് എന്ന് ആലോചിക്കുമ്പോൾ സംപൂജ്യമെന്നായിരുന്നു ഉത്തരം.
ഗുരു സദസ്യരെ കൊണ്ട് മദീനയിലേക്ക് സ്വലാതുകൾ പിന്നെയും പിന്നെയും സ്വയം ആവർത്തിച്ചു പറഞ്ഞു മറ്റുള്ളവരെ പ്രോചോദിപ്പിക്കുന്നു .
"സയ്യിദുനാ റസൂലുല്ലാഹി"
സദസ്സ് ഒരേ ഈണത്തിൽ ഒരേ താളത്തിൽ ഉച്ചത്തിൽ ഏറ്റുചൊല്ലുന്നു,
"സ്വല്ലല്ലാഹു അലൈഹി വ സല്ലം"
" സയ്യിദുനാ ഹബീബുല്ലാഹി"
"സ്വല്ലല്ലാഹു അലൈഹി വ സല്ലം"
"ആദരവായ മുത്ത് മുസ്ഥഫ "
"സ്വല്ലല്ലാഹു അലൈഹി വ സല്ലം"
ആരംഭപ്പൂവായ മുത്ത് മുസ്ഥഫ"
"സ്വല്ലല്ലാഹു അലൈഹി വ സല്ലം"
തിരുനബിയുടെ പേര് പറയുമ്പോഴുള്ള ഗുരുവിന്റെ ആവേശവും സ്വലാത് ചൊല്ലുമ്പോഴുള്ള സദസ്യരുടെ ആനന്ദവും മനസ്സിനെ മറ്റൊരു ഇശ്ഖിൻ പ്രപഞ്ചത്തിലേക്ക് കൂട്ടി കൊണ്ട് പോയി. സത്യം പറയാണെങ്കിൽ മുത്തു നബിയെ ക്കുറിച്ച് ഒന്നും പ്രസംഗിക്കണമെന്നില്ല, ആ ശറഫാക്കപ്പെട്ട പേര് പറഞ്ഞും സ്വലാത്ത് ഏറ്റു ചൊല്ലിയുമിരുന്നാൽ തന്നെ ഈമാനിക ചൈതന്യം വർധിക്കുമെന്ന് അനുഭവബോധ്യമായ നിമിഷങ്ങളായിരുന്നു അത്!
സ്വലാത്തിലൂടെ ആത്മനിർവൃതി നേടി സന്തോഷത്തോടെ മനം കുളിർന്നിരിക്കുന്ന സദസ്യർ ഗുരുവിന്റെ അടുത്ത വാക്കുകൾക്കായി കാതോർത്തു.
ഗുരു തുടരുന്നു
"രണ്ട് മണിക്കൂർ കഴിഞ്ഞ് ഈ സംസാരം നിറുത്തിയാൽ എന്ത് കേട്ടു എന്നല്ല സ്വയം ചോദിക്കേണ്ടത്, എന്ത് കിട്ടി എന്നാണ്. അതെ ഹബീബിനോടുള്ള ഹുബ്ബ് കിട്ടി,
ആദരവായ റസൂലുല്ലാഹി തങ്ങളെ അത്ര പെട്ടെന്ന് പഠിച്ച് തീർക്കാൻ കഴിയുന്ന വ്യക്തിത്വമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായി എന്നതാവണം ഓരോരുത്തരുടെയും തിരിച്ചറിവ് . എങ്കിൽ ഈ സംസാരിക്കുന്നവൻ വിജയിച്ചു. ഇന്നത്തെ ഈ സദസ്സ് ധന്യമാവുകയും ചെയ്തു."
ഗുരുവിന്റെ ലക്ഷ്യവും മാർഗവും കൃത്യവും വ്യക്തവുമാണ്. തന്റെ സ്നേഹ സഹോദരങ്ങളുടെ ഹൃദയാന്തരങ്ങളിൽ മുത്തു നബിയോടുള്ള സ്നേഹത്തിന്റെ വിത്തുകൾ പാകി അത് വളർന്നു പന്തലിച്ച് പൂക്കളും ഫലങ്ങളും നിറഞ്ഞു നിൽക്കണം. ഹൃദയത്തിൽ നിന്നും ഹൃദയങ്ങളിലേക്കുള്ള ആശയ വിനിമയമായതിനാലാണ് ഗുരുവിന്റെ ഓരോ മൊഴിമുത്തുകളും സദസ്യരുടെ മനസ്സിൽ കോളിളക്കം സൃഷ്ടിക്കുന്നത്.
"ഇഖ് വാനീങ്ങളേ....
ഞാൻ ഒരിക്കൽ കൂടി നിങ്ങളെ ഓർമപ്പെടുത്തുന്നു.
فلم يدركه منا سابق ولا لاحق.
ഖുത്ബു റബ്ബാനി സയ്യിദീ അബ്ദുസ്സലാം ഇബ്നു ബശീശ് റളിയല്ലാഹു അൻഹു തന്റെ ആദ്ധ്യാത്മികമായ നിമിഷത്തിൽ ഉരുവിട്ട ഈ വാക്കുകൾ മറക്കരുത്.
"നമ്മുടെ കൂട്ടത്തിലുള്ളവർക്കോ വരാനുള്ളവർക്കോ ആദരവായ മുത്ത് നബിയെ പ്രാപിക്കാൻ സാധ്യമല്ല."
"ഇതൊക്കെ തിരിച്ചറിവുള്ളവർ പറഞ്ഞ വാക്കുകളാണ്. വർണ്ണനാ പ്രപഞ്ച ചക്രവർത്തിമാരിൽ ഉന്നത സോപാനത്തിൽ എത്തിച്ചേർന്ന ഒരു മഹാനായ ഗുരുവിന്റെ ആവിഷ്കാരം പ്രഭാഷണത്തിലൂടെ മുഴങ്ങിയത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി,
سيدا لم تزل وغيرك زالوا....
وجميعا إلى جنابك آلـــوا
وكريما ورحمة وإمامـا ....
وعظيما وليس فيك يقــــال
നബിയെ വർണ്ണിച്ച് വരുമ്പോഴേക്കും ആദ്ധ്യാത്മിക പൊരുളുകൾ നേടിയ ഗുരു പറയുന്നത് നോക്കൂ...
وليس فيك يقــــال
"ആദരവായ മുത്ത് മുസ്ഥഫാ പ്രഭോ,
അങ്ങയുടെ വ്യക്തിത്വത്തെ കുറിച്ച് പറയാൻ എനിക്ക് സാധ്യമല്ല, അതല്ല ആർക്കും സാധ്യമല്ല."
ഈ വരികളിലെ ഓരോ പദങ്ങളും സമുദ്ര സമാനമായ ആശയങ്ങളുടെ കൊട്ടാരങ്ങളാണ്. അതിലെ ഓരോ മണൽ ചിപ്പുകൾ എടുത്ത് ഓരോന്നും വിശദീകരിക്കണമെന്നുണ്ട്.
'വ കരീമൻ' എന്നതും '
"വ റഹ്മതൻ' എന്നതും '
"വ ഇമാമൻ' എന്നതും അങ്ങനെ ഓരോന്നും ഇഴകീറി വിശദീകരിക്കണമെന്നുണ്ട്. പക്ഷെ ഇത് പറയുന്ന ആദ്ധ്യാത്മിക ഗുരുവിന് ധൈര്യം വന്നില്ല, ഗുരു ഭൂതർ പെട്ടെന്ന് പറഞ്ഞു
وليس فيك يقــــال
"ഇല്ല നബിയേ... അങ്ങയിൽ പറയപ്പെടാവതല്ല." പറയാൻ കഴിയില്ല എന്നല്ല പറഞ്ഞത്, "പറയാൻ പറ്റില്ല" എന്നാണ്. കാരണം അങ്ങയെക്കുറിച്ച് َعَنْك പറയാം, ധാരാളം പറയാനുമറിയാം. പക്ഷെ 'അങ്ങയിൽ' َفِيك സംസാരിക്കാൻ കഴിയുന്നില്ല. നബിയേ... അങ്ങയുടെ വ്യക്തിത്വത്തിൽ അകത്തു കടന്ന് കൊണ്ട് സംസാരിക്കാൻ ഞങ്ങൾ അശക്തരാണ്, ദുർബലരാണ്.
وليس فيك يقــــال
ഓരോരുത്തരും ചുണ്ടിൽ അത് തന്നെ ആവർത്തിച്ച് ഉരുവിടുന്നു
وليس فيك يقــــال
പെട്ടെന്ന് ഗുരുവിന്റെ ശബ്ദത്തിന് ഇടർച്ചയും ഉയർച്ചയും വന്നു,
"തിരിച്ചറിവ് നേടിയ മഹാന്മാർ ഇങ്ങനെ പറയുമ്പോൾ തിരിച്ചറിവിനെക്കുറിച്ച് പോലും അറിവില്ലാത്ത നമ്മൾ എന്ത് പറയും ഹബീബിനെക്കുറിച്ച്?"
ഇത് കേട്ടതോട് കൂടി അടക്കിപ്പിടിച്ച കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, ഗുരു കരയുന്നു,സദസ്സ് ഒന്നടങ്കം കൂട്ടക്കരച്ചിൽ ഉയരുന്നു...
(തുടരും)
**************************************
സ്വദഖത്തുല്ലാഹ് ഹസനി .
https://m.facebook.com/story.php?story_fbid=4383422928459538&id=100003756210099

COMMENTS