"സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മിഅ്റാജ് രാവിൽ ബുറാഖിനെ ഉപയോഗിച്ചത് യാത്രയടെ വേഗത കൂട്ടാനല്ല, കുറക്കാനായിരുന്നു"
ആഴമുള്ള ചിന്തകൾക്ക് ചിന്തേരിട്ട് അനുവാചകരുടെ മനോതലങ്ങളെ അഭൗമമായ സംവേദന തലത്തിലേക്ക് ആനയിക്കുകയാണ് ഗുരുവര്യർ.
അമൂല്യ രത്ന സമാനമായ ഹഖീഖതുകൾ പകർന്നു കൊടുക്കുമ്പോഴും തന്റെ ആശയ പ്രകാശനത്തിൽ നിന്നും കേൾവിക്കാരുടെ ശ്രദ്ധ തെന്നി മാറാതിരിക്കാൻ ഗുരു നല്ല പോലെ ജാഗ്രത കാണിക്കാറുണ്ട്.
സദസ്സിനോട് ചോദ്യങ്ങൾ ചോദിച്ചും ചിന്തയെ തട്ടിയുണർത്തുന്ന വിവരണങ്ങൾ നൽകിയും ലളിതവും വ്യക്തവുമായ ഉദാഹരണങ്ങൾ നിരത്തിയും വിഷയത്തിന്റെ മർമ്മം വിളിച്ചോതുന്ന നർമ്മങ്ങൾ പറഞ്ഞും ശബ്ദം താഴ്ത്തിയും ഉയർത്തിയും സംസാരത്തിനിടയിൽ മധുരമുള്ള ആത്മീയ ഗീതങ്ങൾ ആലപിച്ചും മുന്നോട്ട് പോകുന്നത് ഗുരുവിന്റെ സംസാരത്തിന്റെ മാറ്റ് കൂട്ടുന്നു.
ഗുരു നേരത്തെ പറഞ്ഞത് ഒന്ന് കൂടി ശബ്ദം ഉയർത്തി ആവർത്തിച്ചു പറയുന്നു:
എനിക്ക് ഹിദായതിന്റെ സത്യമാർഗം കാണിച്ചു തന്ന എന്റെ അഭിവന്ദ്യ ഗുരുനാഥൻ എനിക്ക് പകർന്നു തന്ന ഒരു വലിയ ഉൾക്കാഴ്ചയാണിത്, ശ്രദ്ധിയോടെ ഇതിനെ നിങ്ങൾ കേൾക്കണം .
والحقيقة أنه ركب البراق ليخفف من سرعته.
"സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മിഅ്റാജ് രാവിൽ ബുറാഖിനെ ഉപയോഗിച്ചത് യാത്രയടെ വേഗത കൂട്ടാനല്ല, കുറക്കാനായിരുന്നു."
ഇതുവരെ കേട്ടതും വായിച്ചതുമായ ചരിത്രത്തിൽ നിന്നും വ്യത്യസ്തമായുള്ള ഗുരുവിന്റെ വാക്കുകൾ എല്ലാവരിലും ആകാംക്ഷ വർദ്ധിപ്പിച്ചു. ബുറാഖിന്റെ യാത്രാ വേഗതയും മറ്റും വളരെ താൽപര്യപ്പൂർവ്വം കുഞ്ഞു നാളിൽ തന്നെ പഠിച്ചു വെച്ചതാണ്. പിന്നെ എന്ത് കൊണ്ടാണ് ഗുരു ഇങ്ങനെ പറയുന്നത്. സദസ്സ് ഒന്നടങ്കം ഇപ്പോൾ ഗുരുവിന്റെ അടുത്ത വാക്കുകൾക്കായി ജിജ്ഞാസയോടെ കാത്തിരിക്കുന്നു. പഠിതാക്കളിൽ ചിലർ എഴുതിവെക്കാൻ പേനയും ബുക്കും തയ്യാറാക്കി വെക്കുന്നു. മറ്റു ചിലർ ഹൃദയ താളുകൾ തുറന്നു വെച്ച് ഒപ്പിയെടുക്കുന്നു.
ശിഷ്യരുടെ ആകാംക്ഷ കണ്ട് ഗുരുവിനും സന്തോഷമായി. ചിപ്പിക്കുള്ളിൽ നിന്നും യുഗാന്തരങ്ങൾ കാത്തുവെച്ച മുത്തിനെ പുറത്തെടുക്കുന്ന ആരവത്തോടെ ഗുരുവര്യർ ആ ആത്മീയ പൊരുളിനെ പ്രകാശിപ്പിക്കാൻ തുടങ്ങി;
"റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം തന്റെ സഹകാരികളായ സ്വഹാബത്തിന്റെ അടുത്ത് ഇടപെഴകുമ്പോൾ അവിടുത്തെ ബശരിയ്യത്തിന്റെ ( മാനവിക ) മാനത്തിലും ദിവ്യ സന്ദേശവുമായി വരുന്ന ജിബ്‌രീൽ അലൈഹിസ്സലാമിന്റെയും മറ്റു മലാഇകതിന്റെയും അടുത്ത് ഇടപെഴകുമ്പോൾ അവിടുത്തെ നൂറാനിയ്യത്തിന്റെ മാനത്തിലുമാണ് ഉണ്ടാകാറുള്ളത്. റസൂലുല്ലാഹിയുടെ നൂറാനിയ്യത്തിനെ അല്ലാഹു തന്നെ ഖുർആനിൽ സാക്ഷ്യപ്പെടുത്തുന്നു:
: [ قَدْ جَآءَكُم مِّنَ اللهِ نُورٌ ] (15 المائدة )
"ഹബീബീങ്ങളെ, "നൂർ" പ്രകാശമാണ്. പ്രകാശത്തിന്റെ വേഗത സെകൻഡിൽ ഏകദേശം മൂന്നു ലക്ഷം കിലോമിറ്ററാണ്. മക്കയിൽ നിന്നും ഫലസ്ഥീനിലേക്കുള്ള ദൂരം രണ്ടായിരം കിലോമീറ്റർ മാത്രമാണ്. സൂര്യപ്രകാശത്തേക്കാൾ അത്യുൽകൃഷ്ടമായ നൂറാനിയ്യത്തിന്റെ വാഹകരായ മുത്തു നബിക്ക് ഈ രണ്ടായിരം താണ്ടാൻ ബുറാഖിനെ വേണമെന്നോ?"
എല്ലാവരിലേക്കും ഒന്ന് കണ്ണോട് കണ്ണ് നോക്കി ഗുരു അൽപം മൗനിയായി. സദസ്സ് എന്തൊരു ശാന്തത. "അല്ലാഹ്... അല്ലാഹ്" എന്നൊരു ശബ്ദം മാത്രം ഒരു നെടുവീർപ്പ് പോലെ പതിയെ പതിയെ ഉയർന്നു പൊങ്ങുന്നു. സദസ്സ് ആ മധുര ലഹരിയിൽ അലിഞ്ഞുചേരുന്നു. ഹൃദയ താളം പോലെ ശ്വാസത്തിന്റെ താളം പോലും "അല്ലാഹ്... അല്ലാഹ്" എന്നായി മാറുന്ന മനോഹര രംഗം.
ഗുരുവിന്റെ വാക്കുകൾ അശ്രദ്ധമായി കിടന്ന എന്റെ ചിന്തയെ ചൂട് പിടിപ്പിച്ചു. ബുറാഖ് എന്ന വിശുദ്ധ വാഹനം റസൂലുല്ലാഹി ഉപയോഗിച്ചത് മക്കയിൽ നിന്നും ഫലസ്ഥീനിലേക്കുള്ള നിശാ പ്രയാണത്തിനു മാത്രമാണല്ലോ , എന്നാൽ അതിനേക്കാൾ എത്രയോ മടങ്ങ് വഴി ദൂരമുള്ള ആകാശാരോഹണത്തിന് പിന്നീട് ഉപയോഗിച്ചതുമില്ല, അപ്പോൾ പിന്നെ അല്ലാഹു എന്ത് കൊണ്ടാണ് ഇസ്റാ യാത്രയിൽ ബുറാഖിനെ സംവിധാനിച്ചത് ? ചിന്തകൾ അലയാൻ തുടങ്ങുമ്പോഴേക്കും ഗുരു തന്നെ ഉത്തരം പറയാൻ തുടങ്ങി:
"ഇസ്റാഇന്റെ യാത്രയിൽ ബുറാഖിനെ അല്ലാഹു സംവിധാനിച്ചതിന്റെ കാരണം ബൈതുൽ മുഖദ്ദസിൽ നിന്നും വാനലോകത്തേക്ക് പ്രയാണം നടത്തിയ അതേ വേഗതയിലാണ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മക്കയിൽ നിന്നും ബൈതുൽ മുഖദ്ദസിലേക്ക് പോകുന്നതെങ്കിൽ മിഅ്റാജ് യാത്രയുടെ ഭാഗമായി നടക്കേണ്ടിയിരുന്ന ചില സുപ്രധാന കാര്യങ്ങളുടെ നിർവ്വഹണം സാധ്യമാകാതെ വരും."
"മക്കയിൽ നിന്നും ഫലസ്ഥീനിലേക്കുള്ള യാത്രയിൽ മദീന വഴി കടന്നു പോകണം, തന്റെ അന്ത്യവിശ്രമത്തിനായി സങ്കേതമാക്കിയ മദീനയിലെ റൗളാ ശരീഫ് ആസ്ഥാനത്തു ഒന്ന് കാൽ കുത്തണം , അവിടെ വെച്ച് രണ്ട് റക്അത് നിസ്കരിക്കണം, കലീമുല്ലാഹി മൂസാ അലൈഹിസ്സലാം അല്ലാഹുവുമായി സംഭാഷണം നടത്തിയ ത്വൂർ മലയിൽ പോകണം അവിടെ വെച്ച് രണ്ട് റക്അത്ത് നിസ്കരിക്കണം , റൂഹുല്ലാഹി മസീഹ് ഈസാ അലൈഹിസ്സലാമിന്റെ തിരുപ്പിറവി കൊണ്ട് അനുഗ്രഹീതമായ ബെത് ലഹേം സന്ദർശിക്കണം , മറ്റു പല പദ്ധതികൾ പിന്നെയുമുള്ളതിനാൽ പ്രകാശ വേഗതക്കുമപ്പുറം വേഗതയിൽ ആകാശാരോഹണം നടത്തിയ റസൂലുല്ലാഹിയുടെ വേഗത കുറക്കാനാണ് ബുറാഖിനെ സംവിധാനിച്ചത്. സൃഷ്ടികളിൽ അത്യുത്തമരായ ത്വാഹാ നബിക്ക് സേവനം ചെയ്യാൻ ബുറാഖിന് ലഭിച്ച സുവർണ്ണാവസരമായിട്ടും ഇതിനെ വിലയിരുത്താം."
മിഅ്റാജിന്റെ സുവിശേഷ വൃത്താന്തങ്ങളിലേക്ക് ഗുരു ഇനിയും ആഴ്ന്നിറങ്ങുക തന്നെയാണ്. നമ്മൾ എത്ര ഭാഗ്യവാന്മാർ ! അല്ലാഹു എത്ര കാരുണ്യവാൻ!
(തുടരും )
➖➖➖➖➖➖➖➖
സ്വദഖതുല്ലാഹ് ഹസനി
മാലിദ്വീപ്.

COMMENTS