പൗരത്വ നിയമഭേദഗതിയുടെ പേരില്‍ മുസ്ലിംകള്‍ക്ക് നേരെ അനീതി നടക്കുന്നുണ്ടെങ്കിലും അതിന്റെ മറുവശം കൂടി നമ്മള്‍ ഓര്‍ക്കണമെന്ന് പറഞ്ഞ് കാപ്പിപൊടിയച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ ഇസ്ലാമിനെക്കുറിച്ചും ടിപ്പുസുല്‍ത്താനെക്കുറിച്ചും നടത്തിയ വസ്തുതാപരമായി യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത ചില പ്രസ്താവനകള്‍ കാരണം ടിപ്പുവിന്റെ മതവും പോരാട്ടവുമൊക്കെ അല്‍പം മുമ്പ് വീണ്ടും ചര്‍ച്ചയില്‍ ഇടം പിടിച്ചിരിന്നു. ചരിത്രത്തില്‍ ഒരേസമയം ഏറെ ആഘോഷിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത അധ്യായം എന്ന നിലയില്‍ ടിപ്പു വാഴ്ത്തലുകളും ടിപ്പു വിരുദ്ധ സാഹിത്യങ്ങളും പുതിയവിവാദത്തിന്റെ ചുവട് പിടിച്ച് നമ്മുടെ സാമൂഹിക പരിസരങ്ങളില്‍ സജീവമായിരിന്നു. ലോകത്ത് നമ്മളെ കൊല്ലുന്നത് മുഴുവന്‍ മുസ്ലിംകളാണെന്നും ഈ മതഭ്രാന്തന്മാരാണ് ഇപ്പോള്‍ ബഹളമുണ്ടാക്കുന്നതെന്നും പറഞ്ഞുവെച്ച് ഫാദര്‍ പ്രസംഗത്തിന്റെ കൊഴുപ്പിന് വേണ്ടി ടിപ്പുവിനെ വലിച്ചിടുകയായിരുന്നു.''ടിപ്പുവിന്റെ പട്ടാളം വന്ന് വന്ന് ആലുവ കഴിഞ്ഞ് പോരുമ്പോള്‍ ആലങ്ങാട് വരുന്ന സമയത്ത് പെട്ടെന്ന് ആ പ്രദേശത്തെ മാവ് വഴിയില്‍ വളയുകയുണ്ടായി. മാവ് വളഞ്ഞപ്പോള്‍ ടിപ്പുവിന്റെ പടക്ക് പോകാന്‍ പറ്റിയില്ല, ആ സ്ഥലമാണ് പിന്നീട് കൂനന്‍മാവ് എന്നറിയപ്പെടുന്നത്. അങ്ങനെ പട്ടാളം വരുമ്പോള്‍ ചേറായി ബീച്ച് വഴി വരുമ്പോള്‍ ശക്തമായ മഞ്ഞ് വീഴ്ചയില്‍ പള്ളിയങ്ങ് മറിഞ്ഞുപോയി. പള്ളി മറിഞ്ഞത് കാണാന്‍ ടിപ്പുവിന്റെ പട്ടാളം മുമ്പോട്ട് പോയപ്പോഴാണ് വാടിയാറില്‍ മറ്റൊരു യുദ്ധത്തിന് ടിപ്പുവിനെ തിരിച്ചുവിളിച്ചത്. അങ്ങനെ തിരിച്ചുവിളിച്ചില്ലായിരുന്നെങ്കില്‍ അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടാളം കോട്ടയം, അടൂര്‍, പത്തനംതിട്ട ദേവലോകം, വാളയാര്‍ വഴി ഒറ്റ പോക്ക് പോയേനെ, അങ്ങനെ പോയിരുന്നെങ്കില്‍ നിങ്ങളുടെ ഒക്കെ പേര് ഫാത്തിമ, സുലേഖ, ബഷീര്‍, മുസ്ഥഫ എന്നിങ്ങനെയൊക്കെയാകുമായിരുന്നു''. ഫാദര്‍ തന്റെ സുവിശേഷ പ്രസംഗത്തില്‍ പറഞ്ഞ ചരിത്രപരമായും വസ്തുതാപരമായും പുലബന്ധം പോലുമില്ലാത്ത ഈ പരമാര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധത്തിന് കാരണമാവുകയും തുടര്‍ന്ന് ഫാദര്‍ മാപ്പ് പറയുകയും ചെയ്തുവെന്നത് ശരി, എന്നാല്‍ അദ്ദേഹത്തെ ഇങ്ങനെയൊരു നിരീക്ഷണത്തിലേക്ക് നയിച്ച ബോധത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. ഇത്രയും വിഭവസമൃദ്ധമായുള്ള കള്ള പ്രചരണം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോയതാണെന്നോ കേവലം ചരിത്രപരമായ അജ്ഞതയാണെന്നോ വിശ്വസിക്കാന്‍ നിര്‍വ്വാഹമില്ല. ഒരു മതത്തെക്കുറിച്ചും മതവിഭാഗത്തെക്കുറിച്ചും ഇവിടെ നിരന്തരം വിതരണം ചെയ്യപ്പെടുന്ന കള്ളപ്രചരണങ്ങളുടെ അടിസഥാനത്തില്‍ നിര്‍മ്മിക്കപ്പെടുന്ന പൊതുബോധമാണ് പ്രശ്‌നം. ടിപ്പു മതഭ്രാന്തനാണെന്ന നമ്മുടെ പൊതുബോധം സാമാന്യേനെ വകവെച്ചുകൊടുത്തിരിക്കുന്ന പ്രിവിലേജിലാണ് ഫാദര്‍ അങ്ങനെ വിഷം ചീറ്റിയതെന്ന് പറഞ്ഞാല്‍ തെറ്റില്ല. വര്‍ഷങ്ങളായി ഹിന്ദുത്വ ഫാഷിസം രാജ്യത്ത് വിതച്ചുകൊണ്ടിരിക്കുന്നതും ഈ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ തന്നെയാണ്. ഒരു ചരിത്രപുരുഷന്റെ മതനിലപാടുകളേയും പോരാട്ടചരിത്രത്തേയും അങ്ങനെത്തന്നെ പ്രശ്‌നവത്കരിക്കുന്നതിലൂടെ ഒരു മതവിഭാഗത്തെ അങ്ങനെത്തന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് ഫാഷിസം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കാപ്പിപൊടിയച്ചന്റെ പ്രഭാഷണത്തിലെ പരാമര്‍ശങ്ങളുടെ വസ്തുതാപരമായ സാധുത അന്വേഷിക്കുമ്പോഴാണ് ടിപ്പുസുല്‍ത്താന്‍ അക്കാലത്തെ മതസഹിഷ്ണുതയുടേയും സര്‍വ്വമത സഹവര്‍ത്തിത്തത്തിന്റെയും അംബാസിഡര്‍ ആയിരുന്നുവെന്ന സത്യം നമ്മള്‍ തിരിച്ചറിയുന്നത്. അല്ലെങ്കിലും, മതനിരാസവും യുക്തി വാദവും പ്രചാരത്തിലായിട്ടില്ലാത്ത കാലത്തിലെ ടിപ്പുവിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാനകങ്ങളുപയോഗിച്ച് ജനാധിപത്യം, മതേതരത്വം, ദേശീയത എന്നിവ അളന്ന് മതഭ്രാന്തനാക്കുന്നതില്‍ തന്നെ ഒരു അര്‍ത്ഥവുമില്ല. ടിപ്പുവിനെ മതഭ്രാന്തരാക്കുന്നവരോട് കേരളത്തിലെ സാംസ്‌കാരികവിമര്‍ശകരില്‍ ശ്രദ്ദേയനായ സുനില്‍ പി.ഇളയിടം ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ടിപ്പു മതവിദ്വേഷിയായിരുന്നെങ്കില്‍ തന്റെ രാജ്യത്തെ ശൃങ്കേരി മഠത്തിന് അദ്ദേഹം ഇത്രമേല്‍ വലിയ പിന്തുണ നല്‍കിയതും ശൃങ്കേരി മഠം അദ്ദേഹത്തെ ഇത്രയധികം പിന്തുണുച്ചതുമെന്തുകൊണ്ടായിരിക്കും? ടിപ്പു ഹിന്ദുവിനെതിരെ പടനയിച്ച ഒരു മുസ്ലിം മതഭ്രാന്തനായിരുന്നെങ്കില്‍ ഹൈദരാബാദിലെ നൈസാം എന്ന മുസ്ലിം രാജാവ് ടിപ്പുവിനെതിരെ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം ചേര്‍ന്നതെന്തുകൊണ്ടായിരിക്കും? ടിപ്പുവിന്റെ പോരാട്ടം ബ്രിട്ടീഷിനെതിരെയായിരുന്നു. മലബാറിലെ ഹിന്ദുക്കള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ അവര്‍ക്കെതിരെ ടിപ്പു പോരാടുന്നത് സ്വാഭാവികമാണ്. അതിന്റെ ചേതോവികാരം മതമല്ല, രാഷ്ട്രീയവും സൈനിക തന്ത്രവുമാണെന്നത് ലളിതമായി ചിന്തിച്ചാല്‍ ബോധ്യപ്പെടും. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷുകാരോട് ഒരു ഒത്തുതീര്‍പ്പുമില്ലാതെ സന്ധിയില്ലാ സമരം ചെയ്ത ഒരേ ഒരാള്‍ ടിപ്പു സുല്‍ത്താന്‍ മാത്രമാണെന്നുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്.
സസൂക്ഷ്മമായി ചരിത്രത്തെ സമീപിച്ച പി.കെ ബാലകൃഷ്ണന്‍ ''ടിപ്പു സുല്‍ത്താന്‍'' എന്ന തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ ചേര്‍ത്തുവെക്കുന്ന പ്രസക്തമായൊരു ഭാഗം നമുക്കിങ്ങനെ വായിക്കാം. ''അസാധരണമായൊരു ട്രാജഡിയാണ് ടിപ്പുവിന്റെ ജീവിതം. എന്ത്‌കൊണ്ട് ടിപ്പുവിനെക്കുറിച്ചുള്ള ചരിത്രഗ്രന്ഥങ്ങള്‍ വിരളവും വികൃതവുമായി എന്നത് നമ്മുടെ ദേശീയബോധവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു പ്രശ്‌നമാണെന്നെനിക്ക് തോന്നുന്നു. പ്രചാരത്തിലുള്ള ദേശീയ ബോധത്തിന്റെ നേരെ ടിപ്പുവിന്റെ ചരിത്രം ഉന്നയിക്കുന്ന ചോദ്യം വല്ലാത്തതാണ്''.
ടിപ്പുവിന്റെ മതം വളരെ ലളിതവും സുതാര്യവുമായ ഒന്നാണ്. മനുഷ്യരെല്ലാം പ്രജകളാണെന്നും അവര്‍ക്ക് ഒരു യജമാനനായ ദൈവമുണ്ടെന്നും ആ ദൈവം വിശ്വസിച്ചേല്‍പ്പിച്ച നിയമവ്യവസ്ഥിതിയും തത്വസംഹിതകളും പാലിക്കാന്‍ പ്രജകളായ മനുഷ്യര്‍ കടപ്പെട്ടവരാണെന്നതുമാണത്. നമ്പൂതിരിമാരും നായന്മാരും മാത്രം മനുഷ്യരായി ഗണിക്കപ്പെട്ടിരുന്ന ഒരു നാട്ടില്‍ മനുഷ്യനുണ്ടാക്കിയ നിയമങ്ങള്‍ക്കുപരിയായി ഒരു നിയമമുണ്ടെന്ന വിശ്വാസത്തെ ഉള്‍ക്കൊള്ളല്‍ സവര്‍ണ്ണ ജാതിമേല്‍ക്കോയ്മയില്‍ അഭിരമിച്ചവര്‍ക്ക് സ്വാഭാവികമായും പ്രയാസമുണ്ടാക്കുന്നതായിരുന്നു. മനുഷ്യരെ സവര്‍ണ്ണരും അവര്‍ണ്ണരും എന്ന രീതിയില്‍ രണ്ട് തട്ടുകളിലായി കാണാനോ അങ്ങനെ കാണുന്ന സാമൂഹിക വ്യവസ്ഥിതിയോട് പൊരുത്തപ്പെടാനോ ടിപ്പുവിന്റെ മതം അദ്ദേഹത്തെ അനുവദിച്ചിരുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. ദുര്‍ബല്ലരെ ചൂഷണം ചെയ്തിരുന്ന വരേണ്യബോധത്തോടും മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുന്ന വ്യവ്സ്ഥിതിയോടും അദ്ദേഹം സദാ കലഹിച്ചുകൊണ്ടിരുന്നു.
കൊളോണിയല്‍ ചരിത്രകാരന്മാര്‍ ടിപ്പുവിനെ കുറിച്ച് രേഖപ്പെടുത്തുന്നത് ദക്ഷിണ കന്നഡ, കൊടക് പ്രദേശങ്ങളിലെ കത്തോലിക്കാ വിഭാഗക്കാരെയും കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് നായര്‍ സമുദായത്തില്‍പെട്ടവരെയും നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുകയും വിസമ്മതിതച്ചവരെ കൊന്നു തള്ളുകയും ചെയ്ത മത ഭ്രാന്തന്‍ ആയിട്ടാണ്. ടിപ്പു മതഭ്രാന്തനാണെന്ന് ആദ്യം നിരീക്ഷിച്ചത് ബ്രിട്ടീഷ് ചരിത്രക്കാരന്മാരായ വിന്‍സന്റ് സ്മിത്തും മാര്‍ക്‌സ് വില്‍സനുമാണ്. കൊളോണിയല്‍ ചരിത്രരചനയുടെ ചുവടുപിടിച്ച് ദേശീയ ചരിത്രകാരന്മാറും വികലമാക്കിയ ഒരു ചരിത്രമാണ് ടിപ്പുവിന്റേത്. ടിപ്പു എന്ന ദേശവിരുദ്ധ സ്റ്റീരിയോടൈപ്പിനെ തകര്‍ക്കുന്ന വസ്തുത ബ്രിറ്റില്‍ബാങ്ക് തന്റെ പുസ്തകത്തില്‍ കുറിക്കുന്നത് ഇങ്ങനെയാണ് 'ശ്രീരംഗനാഥ ക്ഷേത്രം അടക്കം നിരവധി ഹൈന്ദവ ക്ഷേത്രങ്ങളുടെ രക്ഷാധികാരിയായിരുന്നു ടിപ്പു. ശൃംഗേരി മഠത്തിന്റെ അഭ്യുദയകാംക്ഷിയായിരുന്നു അദ്ദേഹം. മഠാധിപതിയെ അദ്ദേഹം അഭിസംബോധനം ചെയ്തത് ജദ്ഗുരു എന്നായിരുന്നു'. 1971-ല്‍ മാറാത്താ സൈന്യം ശൃംഗേരി ശങ്കരാചാര്യ മഠവും ആക്രമിക്കുകയും ആക്രമണഫലമായി ഏറെ നഷ്ടങ്ങളും ആള്‍നാശവും ഉണ്ടായപ്പോള്‍ ആക്രമിക്കപ്പെട്ട ക്ഷേത്രത്തിനും ആശ്രമത്തിനും സംരക്ഷണം നല്‍കണമെന്നായിരുന്നു ടിപ്പു ഉത്തരവിട്ടത്. മഠം പോലെ പാവനമായ ഒരു സ്ഥാപനത്തെ ആക്രമിച്ചവര്‍ തക്കതായ ശിക്ഷ അനുഭവിക്കുമെന്നാണ് ടിപ്പു ശൃംഗേരി മഠാധിപതിക്കെഴുതിയ മുപ്പതിലേറെ കത്തുകളിലൊന്നില്‍ എഴുതുന്നത്.
ടിപ്പു നടത്തിയ പോരാട്ടങ്ങളൊന്നും തന്നെ മതപ്രേരിതമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ മഞ്ചേരി ഗുരുക്കള്‍ക്കെതിരെ അദ്ദേഹം തിരിയുമായിരുന്നില്ല. ഹൈന്ദവനായ രവിവര്‍മയായിരുന്നു ടിപ്പുവിന് വേണ്ടി മഞ്ചേരി ഗുരുക്കളുടെ ജന്മിത്ത്വ ധാര്‍ഷ്ട്യത്തെ അടിച്ചമര്‍ത്തിയതെന്ന് കൂടി അറിയുമ്പോള്‍ അദ്ദേഹത്തിന്റെ കാലത്ത് നിലനിന്നിരുന്ന സാമൂഹികമായ ഉച്ചനീചത്വങ്ങളോടാണ് അദ്ദേഹം കലഹിച്ചതെന്ന് ബോധ്യപ്പെടുന്നു. ക്ഷേത്രങ്ങളില്‍ മണിയടിക്കുവരും പള്ളികളില്‍ നമസ്‌ക്കരിക്കുന്നവരും എന്റെ ജനങ്ങളാണ്. ഈ രാജ്യം എന്റേതും അവരുടേതുമാണെന്നാണ് ടിപ്പുവിന്റെ ഭാഷ്യം.
ഫാഷിസം ഇരനിര്‍മ്മാണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫാഷിസത്തിന് വളരണമെങ്കില്‍ എപ്പോഴും ഒരു പൊതുശത്രുവേണം. മനുഷ്യന്റെ ഭക്ഷണശീലങ്ങളെയും മതചിഹ്നങ്ങളെയും ഇരയാക്കിയ ഫാഷിസം ഇപ്പോള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഒട്ടേറെ ചരിത്രപ്രസിദ്ധമായ പട്ടണങ്ങളുടേയും നഗരങ്ങളുടേയും പേര് മാറ്റിയതിന് പിന്നീല്‍ സംഘ്പരിവാരത്തിന് കൃത്യമായ അജണ്ടകളുണ്ട്. ഒരു ചരിത്രപുരുഷന്റെ നയനിലപാടുകളുടേയും ജീവിതരീതികളേയും വികലമാക്കുന്നതിലൂടെ ഒരു സമുദായത്തിന്റെ ചരിത്രം തന്നെ വക്രീകരിക്കാനാണ് ഫാഷിസം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓര്‍മ്മയാണ് പുതിയകാലത്ത് ഏറ്റവും വലിയ പോരാട്ടം. മറവിക്കെതിരെ ഓര്‍മ്മയുടെ പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് സാധിക്കണം. ചുരുങ്ങിയ കാലം മാത്രം ഭരണത്തിലുരുന്ന ടിപ്പുസുല്‍ത്താന്‍ കാലങ്ങള്‍ക്കിപ്പുറവും ഹിന്ദുത്വ സംഘ്പരിവാര്‍ കേന്ദ്രങ്ങളെ ഇത്രമേല്‍ അസ്വസ്ഥപ്പെടുത്തുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ചരിത്രം നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിക്ക് നേരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അങ്ങേയറ്റം മൂര്‍ച്ചയുള്ളതാണ്.
ശാദുലി പള്ളിപ്പുഴ
COMMENTS