ദി മെസ്സേജ് ; ഹോളിവുഡിലെ പ്രവാചകനും മുസ്തഫാ അക്കാദും

SHARE:


പാരമ്പര്യ ഇസ്ലാമിൻ്റെ ദർശനങ്ങളെ കൃത്യമായി നിരീക്ഷിച്ചു കണ്ടെത്തുകയും ലോകചലച്ചിത്ര രംഗത്ത് മതത്തിൻ്റെ തനതായ പാരമ്പര്യത്തിനും പൈതൃകത്തിനും സംസ്കാരത്തിനും മേൽവിലാസം സൃഷ്ടിക്കുകയും ചെയ്ത സിറിയൻ-അമേരിക്കൻ സംവിധായകനാണ് മുസ്തഫാ അക്കാദ്. ചരിത്രപരമായ ആഖ്യാനങ്ങളിലെ വെള്ളം ചേർക്കലുകളും തന്നിഷ്ട പ്രകാരമുള്ള വ്യാകരണങ്ങളും പ്രവാചക ജീവിതത്തിൻ്റെയും ഇസ്ലാമിൻ്റെയും അനുബന്ധങ്ങളായി അവതരിക്കപ്പെടുകയും , അവ പൊതുധാരയിൽ വിശ്വസിപ്പെടുകയും ചെയ്തിരുന്ന ദുഷ്കരമായ കാലത്താണ് അദ്ദേഹത്തിൻ്റെ പ്രതികരണാത്മകമായ ഇടപെടലുകളും ആവിഷ്കാരങ്ങളും എന്നിടത്താണ് അക്കാദ് സിനിമകളുടെ പ്രാധാന്യവും പ്രസക്തിയും ബോധ്യപ്പെടുക. നിരന്തരമായി സംശയത്തിൻ്റെ മുൾമുനയിൽ നിർത്തപ്പെട്ട സമകാലീന അറബ് വംശജരുടെയും പൗരന്മാരുടെയും മേൽ ചാർത്തപ്പെട്ട ആരോപണങ്ങളെ അവരുടെ തന്നെ മതകീയ പശ്ചാത്തലത്തെയും സ്വത്വബോധത്തെയും അവതരിപ്പിക്കുക വഴി തച്ചുടക്കുകയായിരുന്നു അദ്ദേഹം .

മുസ്തഫാ അക്കാദ്: ഒരു ആമുഖം

1930 ജൂലൈ 1 സിറിയയിലെ അലപ്പോയിൽ ജനിച്ച അക്കാദിൻ്റെ ചെറുപ്പം മുതൽക്കെയുള്ള സിനിമാകമ്പം ഹൈസ്കൂൾ പഠനാനന്തരം അദ്ദേഹത്തെ സിനിമാട്ടോഗ്രഫിയുടെ ഉന്നത കലാലയങ്ങളിലേക്കാണ് എത്തിച്ചേർത്തത്. 1946ൽ സെക്കൻഡറി പഠനാർഥം അ മേരിക്കയിലെ അലേപ്പോ കോളേജിലെത്തിയ അക്കാദിന്റെയുള്ളിലെ അഭിനേതാവിനെ കണ്ടെത്തിയത് അമേരിക്കക്കാരനായിരുന്ന നാടക കലാ അധ്യാപകൻ ഡഗ്ലസ്സ് ഹിൽ ആയിരുന്നു . പിന്നീട് പത്തൊമ്പതാം വയസ്സിൽ തന്നെ UCLA തിയേറ്റർ ആർട്സ് ഡിപ്പാർട്ട്മെന്റ് സ്കോളർഷിപ്പോടു കൂടി തുടർപഠനത്തിനായുള്ള പ്രവേശനത്തിന് അക്കാദിനെ പ്രാപ്തനാക്കിത്തീർത്തത് ഹിൽ ആയിരുന്നു . കാലിഫോർണിയ (UCLA) യിൽ ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം അനന്തരം യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ (USC) യിൽ നിന്ന് ബിരുദാനന്തരബിരുദവും മികച്ച രീതിയിൽ തന്നെ അവസാനിപ്പിച്ചു. 
ഇതിനിടയിൽ യാദൃശ്ചികമായിട്ടായിരുന്നു UCLA ലെ പഠനകാലത്തിനിടയിൽ പിന്നീട് തന്റെ മാർഗദർശിയായിത്തീർന്ന സംവിധായകൻ സാം പെക്കിൻപ (sam peckinpah) യെ കണ്ടുമുട്ടുന്നതും ഇടപഴകുന്നതും. യഥാർതത്തിൽ ഈ സംഗമത്തിലുടെ പിൽക്കാലത്തെ തന്റെ ഹോളിവുഡ് പ്രയാണത്തിലേക്കുള്ള ഉപദേശകനെയും വഴികാട്ടിയെയുമായിരുന്നു അക്കാദ് കണ്ടെത്തിയത്. അൾജീരിയ - ഫ്രഞ്ച് സംഘർഷത്തിന്റെയും തദ്ദേശീയ ചെറുത്തുനിൽപ്പിന്റെയും പ്രമേയത്തിലുള്ള ഒരു ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന പെക്കിൻപ യഥാർത്ഥത്തിൽ തനിക്കൊരു അറബ് സഹായിയെ തിരഞ്ഞു നടക്കുകയുമായിരുന്നു. പിന്നീട് അൾജീരിയൻ വിപ്ലവം അവസാനിച്ചപ്പോൾ അദ്ദേഹം തന്റെ ചിത്രം പൂർണമായി ഉപേക്ഷിച്ചിരുന്നുവെങ്കിലും അക്കാദുമായുള്ള ബന്ധം തുടർന്നു . 
തുടർന്ന് " Ride The high Country" എന്ന സിനിമയുടെ പ്രൊഡക്ഷൻ അസിസ്റ്റൻ്റ് തസ്തികയിലേക്കുള്ള പെക്കിൽപയുടെ ക്ഷണത്തെ സ്വീകരിച്ച അക്കാദ് MGM സ്റ്റുഡിയോയുടെ ഭാഗമായി .പിന്നീട് CBS ന്റെ ന്യൂസ് ഡിപ്പാർട്ട്മെന്റിലേക്ക് മാറുമ്പോഴും as other see us എന്ന് നാമകരണം ചെയ്ത് അക്കാദ് സ്വയം നിർമിച്ച ടി.വി ഷോയുടെ പിന്നാമ്പുറങ്ങളിലും പെക്കിൻപയുടെ പ്രോത്സാഹനമായിരുന്നു അക്കാദിന് ഊർജം പകർന്നത്.ഡൊക്യുമെന്ററി-ഫീച്ചർ നിർമാണങ്ങളിൽ മികവ് തെളിയിച്ച അക്കാദിന്‌ ഈ അനുഭവങ്ങൾ അക്കാദ് ഇൻറർനാഷണൽ പ്രൊഡക്ഷൻ രൂപീകരിക്കാൻ വരെ പ്രേരണയും ധൈര്യവും പകർന്നു . തൻ്റെ സംരംഭത്തിനു കീഴിൽ അക്കാദ് നിർമിച്ച caesar's world വളരെ പ്രചുരപ്രചാരം കൈവരിക്കുകയും അമേരിക്കയിലുടനീളം സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി. ഇത് പിന്നീട് അദ്ദേഹത്തിന് ഹെയ്റൂത്, ഹോളിവുഡ്, ലണ്ടൻ എന്നിവിടങ്ങളിലും തന്റെ സംരംഭത്തിന്റെ ഓഫീസുകൾ സ്ഥാപിക്കുന്നതിന് നിദാനവും സഹായവുമായിത്തീർന്നു.

ദി മെസ്സേജ് : ചിത്രീകരണവും 
വെല്ലുവിളികളും

ഉപരിപഠനാർഥമുള്ള അക്കാദിൻ്റെ ആദ്യ അമേരിക്കൻ യാത്രയിൽ അദ്ദേഹത്തിന്റെ പിതാവ് സമ്മാനിച്ച ഇരുന്നൂറ് ഡോളറും വിശുദ്ധ ഖുർആനിൻ്റെ ഒരു പ്രതിയും തുടർന്നുള്ള കാലത്തിൽ തൻ്റെ മതത്തിൻ്റെയും മാതൃരാജ്യത്തിൻ്റെയും ഉപഭൂഖണ്ഡത്തിൻ്റെയും യാഥാർത്ഥ്യം പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ചിന്തയിലേക്ക് നയിച്ച മൂല കാരണവും സ്വാധീന കേന്ദ്രവുമായിരിക്കണം. അതിനെ തൻ്റെ ദൗത്യമായി ഏറ്റെടുത്ത് അദ്ദേഹം പരിശ്രമവും തുടങ്ങിയിരുന്നു. ആ കഠിനയത്നങ്ങളുടെ വിജയകരമായ പൂർത്തീകരണമായിരുന്നുThe message -Muhammed the messenger of the world (1976),Umer mukhthar:the lion of the desert (1981) എന്നിവ.സിനിമാലോകത്ത് അക്കാദ് പൊതുവെ ഹോളോവീൻ സിനിമകളുടെ നിർമ്മാതാവായിട്ടാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികൾ / മാസ്റ്റർ പീസ് ഈ രണ്ട് സിനിമകൾ തന്നെയാണെന്ന് അവ കണ്ടിട്ടുള്ള ആരും സമ്മതിക്കും.
ഇസ്ലാമിന്റെ ആവിർഭാവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അക്കാദിന്റെ ആദ്യ ചിത്രമായ The messege ഒരേ സമയം സൗദി അറേബ്യ , മുസ്ലിം വേൾഡ് ലീഗ്, മക്ക, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും ഇസ്ലാം വിരുദ്ധരിൽ നിന്നുമുള്ള അനവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടേണ്ടി വന്നിരുന്നു. പലപ്പോഴും സൈറ്റുകൾ മാറ്റുകയും പ്രവൃത്തികൾ നീട്ടിവെക്കുകയുമൊക്കെ വേണ്ടി വന്നു എന്ന ദുരവസ്ഥ അക്കാദ് തന്നെ പിന്നീട് വിവരിച്ചത് കാണാം.
മതനിന്ദയിലും അരാജകപൂർണമായ ജീവിതത്തിലും അഭിരമിച്ചിരുന്ന അറേബ്യൻ ജനതയെ ദൈവസന്ദേശവാഹകനായി വന്ന് പ്രവാചകർ മുഹമ്മദ് (സ) ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നതും ഏറെ ക്ലേശവും ത്യാഗവും സഹിച്ച് ഇസ് ലാം പൂർത്തീകരിക്കുകയും ചെയ്യുന്ന ഇസ്ലാമിന്റെ സുവർണ ഘട്ടത്തെയാണ് സിനിമയിൽ ചിത്രീകരിക്കുന്നത് .
സിനിമയുടെ ഇതിവൃത്തം ഇങ്ങനെ ചുരുക്കിപ്പറയാം: പ്രവാചകന്റെ ആദ്യ കാലങ്ങളിൽ മക്കയിലെ കഅബയിൽ നടക്കുന്ന ബിംബാരാധനയുടെയും ഉൽസവത്തിന്റെയും ആരവങ്ങളോടെയും ഇവയെല്ലാം മനപ്രയാസത്തോടെയും വെറുപ്പോടെയും വീക്ഷിക്കുന്ന പ്രവാചകനിലൂടെയുമാണ് സിനിമ ആരംഭിക്കുന്നത്. തുടർന്ന് പ്രവാചകന് ഹിറാ ഗുഹയിൽ നിന്ന് നിന്ന് ദിവ്യബോധനം ലഭിച്ചതായി കുടുംബത്തിലും പ്രമാണി വൃന്തങ്ങളിലും സംസാരമുയരുന്നു. രഹസ്യമായി പ്രവാചകന്റെ ആശയങ്ങളെ പിന്തുടരുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുകയും അവർ രാത്രി കാലങ്ങളിൽ പാത്തു പതുങ്ങിയും ഒരിടത്തു ഒരുമിച്ചു കൂടി ഖുർആനിക വാക്യങ്ങൾ ചർച്ച ചെയ്യാനും ആരംഭിക്കുന്നു . പ്രവാചകനെ അനുനയിപ്പിക്കാനും ദൗത്യത്തിൽ നിന്ന് പിന്മാറ്റാനുമുള്ള മക്കാപ്രമാണികളുടെ ശ്രമങ്ങൾ പരാജയപ്പെടുകയും തുടർന്ന് പരസ്യ പ്രബോധനത്തിനായി ദൈവികമായ അനുവാദം ലഭിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മുസ്ലിംകൾ കഅ്ബയിലേക്ക് വരികയും തങ്ങളുടെ ആദർശം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ശത്രുക്കളെ കൂടുതൽ പ്രകോപിതരാക്കുകയും ദുർബലരായ വിശ്വാസികളെ മർദ്ദന പീഡനമുറകൾക്ക് വിധേയരാക്കി അവിശ്വാസികൾ പ്രതികാരമുറകൾ ആരംഭിക്കുന്നു. മർദ്ദനങ്ങൾ സഹിക്കാനാവാതെ ഒരു വിഭാത്തെ എത്യേപ്യയിലെ ക്രൈസ്തവ രാജാവിന്റെ അടുക്കലേക്ക് പ്രവാചകൻ നിയോഗിക്കുന്നു. ഇതായിരുന്നു ആദ്യ പലായനം. പിന്നീട് സംഘമായി മദീനയിലേക്ക് പലായനം നടത്തുകയും അവിടെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. മദീനയിലെത്തിയിട്ടും ശത്രുക്കൾ നടത്തുന്ന സൈനിക നീക്കങ്ങളെ ചെറുക്കുന്ന ബദ്ർ, ഉഹ്ദ് യുദ്ധങ്ങൾ ഫിലിമിൽ ചിത്രീകരിക്കുന്നു. പ്രവാചകന്റെ അമ്മാവൻ ഹംസ കേന്ദ്ര കഥാപാത്രമായി ചിത്രത്തിൽ കാണാം. ഹംസയുടെ കരൾ കടിച്ചു തുപ്പുന്ന ഹിന്ദ് എന്ന സ്ത്രീ അടക്കം മനപ്പരിവർത്തനത്തിന് അവസരമുണ്ടാകുമാറ് മക്ക ജയിച്ചടക്കുമ്പോഴുള്ള പ്രവാചകന്റെ ഉദാരസമീപനം ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. പ്രവാചകന്റെ അന്ത്യഭാഷണത്തോട് കൂടി ചിത്രം അവസാനിക്കുന്നു.

പ്രവാചക ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ചതെങ്കിലും ഈ സിനിമയിൽ പ്രവാചകനെ ചിത്രീകരിക്കുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു . " നിങ്ങൾ പ്രവാചകനെ എന്നല്ല അദ്ദേഹത്തിൻ്റെ നിഴൽ പോലും കാണില്ല " എന്നായിരുന്നു ഇതിനെക്കുറിച്ച് അക്കാദ് ക്വിൻ പീപ്പിൾ മാസികയോട് പങ്കുവെച്ചിരുന്നത്. ചില ഘട്ടങ്ങളിൽ പ്രവാചകൻ കാമറക്ക് പിന്നിലുണ്ടെന്ന് പ്രേക്ഷകർ സങ്കൽപ്പിക്കേണ്ടി വരും. പ്രവാചകന്റെ സഹകാരികളായിരുന്ന അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നിവരെയും സിനിമയിൽ ചിത്രീകരിച്ചിട്ടില്ല. എന്നാൽ അവരെല്ലാം പ്രവാചകനൊപ്പം സദാ ഉണ്ടായിരുന്നതായി സങ്കൽപ്പിച്ചു കൊണ്ടാണ് ഈ ചിത്രം കാണേണ്ടത്."പ്രവാചകനെ കാണിക്കാതെ ഒ വ്യക്തിയെ കാട്ടാനുള്ള ഒരു മാർഗ്ഗം കണ്ടെത്തിയത് അതിശയകരമായിരുന്നു . അത് പ്രതിഭാത്വമാണ് . പ്രവാചകനെ ഒരു മനുഷ്യനായി പേക്ഷകർ അനുഭവിക്കണമെന്നാണ് അക്കാഡ് ആഗ്രഹിച്ചത് . എന്നാൽ ഇത്തരുണത്തിലുള്ള ചിത്രീകരണ സംവിധാനത്തിലൂടെ മിക്ക മുസ്‌ലിംകളും പ്രവാചകനെ ഒരു നടനോ മറ്റൊരാളോ വ്യക്തിപരമായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന വസ്തുതയെ മാനിക്കുകയായിരുന്നു അദ്ദേഹം " എന്ന് പണ്ഡിതനും അക്കാദിന്റെ അടുത്തസുഹൃത്തുമായിരുന്ന ഖാലിദ് അബൂ എൽ ഫാദൽ പറയുന്നുണ്ട് . 
ലോകത്ത് അനേകം ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചലചിത്രം ഇസ്ലാമിന്റെ ആദ്യകാലത്തെ കുറിച്ച് മനസ്സിലാക്കാൻ സഹായകമാവുന്ന ചരിത്രാഖ്യാനം കൂടിയായി പിൽക്കാലത്ത് നിരൂപിക്കപ്പെട്ടിരുന്നു .
ഈ സിനിമയിലൂടെ തന്റെ ദൗത്യത്തിന്റെ ആദ്യ വിജയമാഘോഷിക്കുന്നുണ്ട് മുസ്തഫാ അക്കാദ്. The messege നെ സംബന്ധിച്ച് അദ്ദേഹം തന്നെ 1976 ൽ അനുവദിച്ച അഭിമുഖത്തിൽ പങ്കു വെക്കുന്നത് ശ്രദ്ധിക്കുക: "ഈ പടം ഞാനെടുത്തത് അത് എനിക്ക് വ്യക്തിപരമായതുകൊണ്ടു കൂടിയാണ്‌. ഒരു പടത്തിന്റെ നിർമാണ മൂല്ല്യത്തിനപ്പുറം അതിന്‌ അതിന്റേതായ ഒരു കഥയുണ്ട് , നാടകീയതയുണ്ട്‌. കൂടാതെ എന്റെ വ്യക്തിപരമായ അടുപ്പവുമുണ്ട്. പശ്ചാത്യരാജ്യത്ത് ജീവിച്ച ഒരു മുസ്ലിം എന്ന നിലക്ക് എന്റെ മതത്തെക്കുറിച്ചുള്ള സത്യം ലോകത്തോടു പറയുക എന്നത് എന്റെ കടമയായി എനിക്കനുഭവപ്പെട്ടു. എഴുനൂറു ദശലക്ഷം പേർ ആഴരിക്കുന്ന ഈ മതം അധികമൊന്നും അറിയപ്പെടുന്നില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാനീ കഥ പറയുകയാണെങ്കിൽ അത് കിഴക്കിനും പടഞ്ഞാറിനുമിടയിലെ വിടവിനൊരു പാലമായിത്തീരുമെന്ന് ഞാൻ കരുതി." അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്നെ ഇസ്ലാമിനെ പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഈ സിനിമ വലിയ പങ്ക് വഹിച്ചു എന്നതിന് ചരിത്രം സാക്ഷിയാണ്. മുസ് ലിം സ്വത്വത്തെ നില നിർത്തി കൊണ്ട് തന്നെ ഒരു സിനിമാനിർമാതാവുകയെന്ന ദൗത്യം ശ്രമകരമാണെങ്കിൽ പോലും തന്റെ ആദ്യ സിനിമയിലൂടെ തന്നെ അത് വിജയകരമായി നിറവേറ്റിയ അപൂർവ്വം വ്യക്തികളിലേക്ക് ഉൾപ്പെടുകയായിരുന്നു അദ്ദേഹം . 
ദൈനംദിന വ്യവഹാരങ്ങളിൽ പരിചയപ്പെടുന്ന ഇസ്ലാമും യഥാർത ഇസ്ലാമും തമ്മിലുളള വൈദൂര്യത്തെ കൃത്യമായി തിരിച്ചറിഞ്ഞ അദ്ദേഹം പാരമ്പര്യ ഇസ്ലാമിന്റെ തത്വങ്ങളുമായി കുലബന്ധം പോലും പുലർത്താത്ത കാര്യങ്ങളാണ് ലോകത്തിന്റെ പൊതുധാരണയെന്നതിൽ ഏറെ വ്യാകുലനായിരുന്നു . തന്റെ മതത്തെ ഇത്രമേൽ വികൃതമാക്കിയവർക്ക് മറുപടി നൽകുകയെന്ന ഉദ്ദേശ്യവും അക്കാദിന് ഉണ്ടായ്ക്കൂടായ്കയില്ല. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.ലക്ഷ്യസാക്ഷാത്കാര്യമെന്നോണം പ്രവാചക ജീവിതം സൂക്ഷ്മതയോടു കൂടി തന്നെ വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ഇസ്ലാമിന്റെ യഥാർതചിത്രം പ്രേക്ഷകർക്ക് മുന്നിൽ വരച്ചുവെക്കുകയായിരുന്നു അക്കാദ്. ഇസ്ലാം വിവിധങ്ങളായ ആരോപണങ്ങളാൽ വിലയം ചെയ്യപ്പെട്ടിരുന്ന കാലത്താണ് അദ്ദേഹം അത്തരമൊരു ശ്രമത്തിന് മുതിർന്നത് എന്നത് തന്നെ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. 1976 ൽ പുറത്തിറങ്ങിയ The messege എന്ന ചിത്രം ഇന്നും മികച്ചൊരു സിനിമാസൃഷ്ടിയായി നില നിൽക്കുമ്പോഴാണ് അക്കാദിന്റെ ശ്രമത്തിന് ലഭിച്ച അംഗീകാരത്തിന്റെ ആഴം നാം തിരിച്ചറിയുന്നത്.
ഇസ്ലാമിന്റെ ആരംഭത്തെ അക്കാദ് അഭ്രപാളിയിൽ ആവിഷ്കരിക്കുമ്പോൾ അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങളിൽ ഇസ് ലാമിന് സങ്കുചിത ചിത്തരായ യാഥാസ്ഥിതികരുടെയും വിമാനറാഞ്ചികളുടെയും മുഖമാണുണ്ടായിരുന്നത്. അതൊടൊപ്പം സിനിമാ നിർമാണഘട്ടത്തിൽ വിശ്വാസിയെന്ന നിലയിലും അദ്ദേഹത്തിന് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രവാചകന്റെ ദൃശ്യാവിഷ്കാരത്തെ മിക്ക മുസ്ലിംകളും അനുവദിക്കുകയോ അനുകൂലിക്കുകയോ ചെയ്തിരുന്നില്ല. തൽസ്ഥിതിയിൽ ഏറെ ശ്രമകരമായ ദൗത്യമായിരുന്നു അക്കാദിന് ചെയ്ത് തീർക്കാനുണ്ടായിരുന്നത്.ഛായാചിത്രം പോലും നിഷേധാത്മകമായി വിലയിരുത്തപ്പെടുമ്പോൾ എങ്ങനെയാണിതിനെ വെള്ളിത്തിരയിൽ ദൃശ്യവത്കരിക്കുക എന്ന ചോദ്യത്തിന് തന്റെ കലയിലൂടെയാണ് അക്കാദ് ഉത്തരം കണ്ടെത്തുന്നത്. ബഹുദൈവാരാധനയിൽ നിന്ന് ദൈവികാസ്തിക്യത്തിലേക്ക് രൂപാന്തരപ്പെടുന്ന സാമുഹിക മാറ്റത്തെ അക്കാദ് പ്രവാചകന്റെ കണ്ണുകളിലൂടെ അപ്രകാരം അവതരിപ്പിക്കുകയായിരുന്നു. ഇതിലൂടെ എഴുപതുകളിലെ പരിമിതമായ സാങ്കേതികതയെ വളരെ ബുദ്ധിപൂർവ്വം അദ്ദേഹം മറികടക്കുന്നുമുണ്ട്.
മുസ്ലിംകളുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളെയും അക്കാദ് ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സിനിമയിൽ യുദ്ധം ചിത്രീകരിച്ചിരിക്കുന്നത് ഒരു രക്തചൊരിച്ചിൽ കാണിക്കുന്ന സാമ്പ്ര കായിക സിനിമാ രീതിയിലാവാതിരിക്കാൻ അദ്ദേഹം ശ്രദ്ധ ചെലുത്തി. പകരം അതിന്റെ അനിവാര്യതയെയും സാഹചര്യങ്ങളെയും പ്രസക്തിയെയും കൃത്യമായി രേഖപ്പെടുന്നവയായി അത്തരം രംഗങ്ങളെ അക്കാദ് ഉപയോഗപ്പെടുത്തി.
ആന്റണി കീൻ ,ഐയ്റിൻ പാപസ്, മൈക്കൽ അൽസാര, ജോണി സേക്ക, മൈക്കൽ ഫോറസ്റ്റ് തുടങ്ങി പ്രമുഖരും നിപുണരുമായ സമകാലീന ഹോളിവുഡ് അഭിനേതാക്കളെയാണ് സിനിമയുടെ ഇംഗ്ലീഷ് പതിപ്പിൽ അക്കാദ് അണിനിരത്തിയത്.അതൊടൊപ്പം ചിത്രീകരണം നടന്ന അറബി പതിപ്പിൽ ഈജിപ്ഷ്യൻ അഭിനേതാക്കളെയാണ് ഉപയോഗപ്പെടുത്തിയ അക്കാദ് സിനിമയുടെ പ്രവൃത്തിയുടെ മുമ്പ് പണ്ഡിതന്മാരുമായി ഗൗരവതരമായ കൂടിയാലോചനകൾ സംഘടിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. ഇത്തരം ചർച്ചകൾക്ക് ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാല , മക്കയിലെ റാബിത്വത്തുൽ ആലമിൽ ഇസ്ലാമി എന്നിവിടങ്ങളിലെ പ്രമുഖരുമായി ബന്ധപ്പെട്ടെങ്കിലും അൽ അസ്ഹർ മാത്രമെ ഈ ശ്രമത്തോട് പ്രതികരിച്ചിരുന്നുള്ളു .കെയ്‌റോയിലെ ഈ ഇസ്ലാമിക പണ്ഡിതന്മാർ ചിത്രത്തിൻ്റെ സ്‌ക്രിപ്റ്റ് ഓരോ പേജായി പരിശോധിക്കുകയും Muhammed: Messenger of god ( മുഹമ്മദ്, ദൈവത്തിന്റെ ദൂതൻ ) എന്ന ശീർഷകത്തിൽ നിന്ന് പ്രവാചകന്റെ പേര് ഒടുവിൽ നീക്കപ്പെട്ടതിനെ തുടർന്നാണ് ചിത്രത്തിന്റെ പേര് മെസ്സേജ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത് . 
ക്ലാസിക് ഹോളിവുഡ് സിനിമകളായ The Ten commandments, Lawrence Of Arbia എന്നിവയോടാണ് താരതമ്യം ചെയ്യപ്പെടുന്നത് . ജാക്ക് ഹിൽ യാഡി(Jack hillyard) ന്റെ മികച്ച ഛായാഗ്രഹണം അമ്പരിപ്പിക്കുന്ന യുദ്ധരംഗങ്ങളും വിശ്വാസ വേലിയേറ്റങ്ങളും ഏറെ വശ്യമായ രീതിയിൽ അവതരിപ്പിച്ചത് ലോക നിലവാരം പുലർത്തുന്നുവെന്നതും 1977 ലെ ഓസ്കാർ പുരസ്കാരത്തിന്റെ Best Orefinal music score ഇനത്തിൽ ചിത്രത്തിന്റെ സംഗീത സംവിധായകൻ മോറിസ് ജെയർ നാമനിർദ്ദേശം ചെയ്യപ്പെട്ടതും ഏറെ ശ്രദ്ധേയമാണ്.

ഈജിപ്തിലെ പ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റി ഈ സിനിമയുടെ വിശ്വസ്തതയെ അംഗീകരിക്കുക വഴി അനുകൂലമായ നിലപാട് സ്വീകരിച്ചത് ചിത്രത്തിന്റെ സാമ്പത്തിക വിജയത്തിൽ ഏറെ നിർണായമായ ഘടകമായിരുന്നു .സിനിമയുടെ പ്രദർശനസമയത്ത് ഇതുസംബന്ധിച്ച ഒരു സ്ലൈഡ് ഉൾപ്പെടുക വഴി 'പ്രവാചകജീവിതം വാണിജ്യവത്കരിക്കുന്നു' എന്ന ആരോപണത്തെ ഒരു വലിയ പരിധി വരെ അക്കാദിന് മറിക്കടക്കാനുമായി എന്ന് കാണാം. 
സിനിമയുടെ സിംഹഭാഗവും ചിത്രീകരിച്ചിരുന്ന മൊറൊക്കെ സൗദിയുടെ സമ്മർദ്ദത്തെ തുടർന്ന് സാമ്പത്തിക സഹകരണവും ചിത്രീകരണം നിരോധിക്കുകയും ചെയ്തപ്പോൾ ലിബിയയായിരുന്നു അക്കാദിനെ സഹായിക്കാനെത്തിയിരുന്നത് . ഈ പദ്ധതിയുടെ പൂർത്തീകരണത്തിൽ ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ പ്രത്യേക താത്പര്യം ഇവിടെ കാര്യമായിട്ട് തന്നെ പരാമർശിക്കേണ്ടതുണ്ട്.
എന്നാൽ സിനിമയുടെ പ്രദർശന സമയത്തുണ്ടായ പ്രക്ഷോഭങ്ങൾ കുറച്ച് രക്തരൂക്ഷിതമായിത്തീർന്നിരുന്നു. സൗദി അറേബ്യ, കുവൈത്ത്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ ചിത്രം നിരോധിക്കപ്പെട്ടു. സിനിമയെ പിന്തുണച്ചിരുന്ന അസ്ഹറിലെ പണ്ഡിതന്മാർ നിലപാട് മാറ്റിയത് സാഹചര്യത്തെ രൂക്ഷമാക്കിയിരുന്നു .1977 ൽ, യു‌എസിൽ‌ ഹനഫിബ്ലാക്ക്മുസ്ലികൾ ഹമാസ് അബ്ദുൽ ഖാലിസിൻ്റെ നേതൃത്വത്തിൽ രാജ്യത്തെ പ്രദർശനം നിരോധിക്കണം എന്നാവിശ്യപ്പെട്ട് വാഷിംഗ്‌ടൺ ഡി.സിയിലെ നിരവധി കെട്ടിടങ്ങൾ തകർക്കുകയും മൂന്ന് ദിവസത്തെ ഉപരോധത്തിൽ ബന്ദികളാക്കിയിരുന്ന രണ്ടുപേർ കൊല്ലപ്പെട്ടുകയുമുണ്ടായി . പ്രക്ഷോഭകാരികളോട് തൻ്റെ സിനിമ കണ്ട് മതവിരുദ്ധമായി വല്ലതുമുണ്ടെന്ന് തെളിഞ്ഞാൽ താൻ തന്നെ അതിന് മുൻകൈയ്യെടുക്കാമെന്ന് അക്കാദ് പറഞ്ഞിരുന്നുവത്രെ . തൻ്റെ സിനിമക്കെതിരായ പ്രതിഷേധങ്ങളെ മുസ്ലിംകളുടെ സാംസ്കാരിക ബലഹീനതയുടെ ദുരന്തത്തിന്റെ അടയാളമായിട്ടായിരുന്നു അക്കാദ് വിശേഷിപ്പിച്ചത് . വർഷങ്ങൾക്കുശേഷം, അതേ ദുരന്തത്തിൻ്റെ ബാക്കിപത്രമെന്നോണം 2005 ലെ ജോർദാനിയൻ തലസ്ഥാനമായ അമ്മാനിലെ ഹോട്ടലിൽ വെച്ച് അവർ വിവാഹത്തിൽ പങ്കെടുക്കവെ സംഭവിച്ച , അൽഖാഇദയുടെ ചാവേർ ആക്രമണത്തിലെ അദ്ദേഹത്തിൻ്റെയും മകളുടെയും വിയോഗം . 
സമകാലീനവിവാദങ്ങൾക്കപ്പുറം ഒരു അനിവാര്യതയായിരുന്നു ഈ ചലച്ചിത്രം . ലണ്ടൻ ആസ്ഥാനമായുള്ള പ്രവാചകൻ്റെ അനുയായികളിലൊരാളായ അമ്മാർ(റ)വിനെ അവതരിപ്പിച്ച നടൻ ഗാരിക്ക് ഹഗോൺ " അക്കാലത്ത് ഞങ്ങൾക്ക് ഇസ്ലാമിനെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു" എന്നും ഈ ചിത്രത്തിലൂടെ പലതും ഗ്രഹിച്ചെടുത്തെന്നും പറയുന്നത് തന്നെ ഈ സിനിമയുടെ ആവശ്യകത വെളിപ്പെടുത്തുന്നുണ്ട് . "മുഹമ്മദ് ഒരു പേരായിരുന്നു , അദ്ദേഹം എല്ലാവർക്കുമുള്ളതായിരുന്നു. അതിനാൽ ഇതെല്ലാം ഒരു വെളിപ്പെടുത്തലാണ് " എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. മറ്റ് ആത്മീയ പാരമ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു മഹത്തായ ലോകമതമെന്ന നിലയിൽ ഇസ്‌ലാമിനെക്കുറിച്ചുള്ള വീക്ഷണമാണ് അക്കാഡ് ഈ സിനിമയിൽ അവതരിപ്പിക്കുന്നതെന്ന് ആർ.എച്ച്. ഗ്രീൻ നിരീക്ഷിക്കുന്നുണ്ട് .

പിൽക്കാല അനുരണനങ്ങളുടെ
വായനകൾ

സാങ്കേതിക രംഗത്ത് വൻ കുതിച്ചു ചാട്ടങ്ങളുണ്ടായപ്പോഴും മുസ്തഫാ അക്കാദ് The messege നെ പുനർനിർമിക്കു (Remake)ന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. സിനിമയുടെ അണിയറ പ്രവർത്തകരിൽ പ്രധാനിയായിരുന്ന ഓസ്കാർ സൊഗ്ബി (Oടcar Zogbi)
ഇത് സ്ഥിതീകരിക്കുന്നുമുണ്ട്.
The messege അനന്തരസിനിമ ലോകത്ത് പ്രവാചക സംബന്ധിയായ ആവിഷ്കാരങ്ങൾക്ക് മുസ്തഫാ അക്കാദ് പകർന്ന ധൈര്യവും സ്വാധീന്യതലവും വളരെ വലുതായിരുന്നുവെന്ന് അടുത്ത കാലത്ത് വായിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സൂക്ഷ്മമായ നിരീക്ഷണതലത്തിൽ അത്യന്തം ഗൗരവമായി തന്നെ പ്രവാചകനെയും ഇസ് ലാമിക സംഹിതകളെയും സമീപിക്കണമെന്ന സന്ദേശം കൂടി അക്കാദ് തന്റെ ആവിഷ്കാരങ്ങളിലൂടെ നിർവഹിച്ചിട്ടുണ്ട് എന്ന വസ്തുത അതൊടൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നത് കാണാം . 
അത്തരം അനുരണനങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് 2002-ൽ ബദർ ഇന്റർനാഷണൽ കോർപ്പറേഷന്റെ നിർമാണത്തിൽ റിച്ചാർഡ് റിച്ച് (Richard rich) സംവിധാനം ചെയ്ത് അമേരിക്കയിൽ പുറത്തിറക്കിയ "Muhammed: The last prophet " എന്ന ആനിമേഷൻ സിനിമ . പ്രവാചക ജീവിതത്തെയും ഇസ്ലാമിന്റെ തനതായ മൗലിക സംഹിതകളെയും എല്ലാവരിലുമെത്തിക്കുക എന്ന ലക്ഷ്യത്തിലൂന്നിയ ഈ സംരംഭം പ്രവാചക ജീവിതത്തിന്റെ നൂതന ദൃശ്യാവിഷ്കാരമായിരുന്നു എന്നതിനുമപ്പുറം The messege ൽ മുസ്തഫാ അക്കാദ് സ്വീകരിച്ച അവതരണ ശൈലിയാണ് പ്രവാചകനെ ചിത്രീകരിക്കാൻ ഈ ചിത്രത്തിലും സ്വീകരിച്ചത് എന്നതാണ് ശ്രദ്ധേയമായത്. ആനിമേഷന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി വിവാദങ്ങൾക്ക് ഇടം നൽകാതെ പ്രവാചക ജീവിതത്തെ ദൃശ്യഭാഷയിൽ പുനരാവിഷ്കരിച്ച ചിത്രം യാദൃശ്ചികമാണെങ്കിൽ തന്നെയും അക്കാദ് കൊല്ലപ്പെടുന്നതിന്റെ മൂന്ന് വർഷം മുമ്പ് തന്നെ ചിത്രം പ്രേക്ഷകരിലെത്തിക്കുക വഴി അക്കാദിന്റെ പ്രസക്തി അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് തന്നെ അടയാളപ്പെടുത്തുകയായിരുന്നു എന്നതാണ് ശരി. 1989 ലെ ഇസ്ലാമികവിപ്ലവാനന്തരം അബാസ് കിരോസ്തമി , മാജിദ് മജീദി , ജാഫർ പനാഹി , മുഹ്സിൻ മഖ്മൽബഫ് , അബ്ദുൾഫസൽ ജലീലി, അസ്ഹർ ഫർഹാദി തുടങ്ങിയ ഇറാനിയൻ സംവിധായകന്മാർക്ക് പുറത്തിറക്കിയ ശിഈ ആശയപശ്ചാത്തലം നിലനിൽക്കെ തന്നെ ഇസ്ലാമികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ധൈര്യം നൽകിയത് അക്കാദിൻ്റെ ത്യാഗമായിരുന്നു .അനിമേഷൻ ചിത്രങ്ങളായ ഫാതിഹ് സുൽത്താൻ മുഹമ്മദ്(1983), റിച്ചാർഡ് റിച്ചിന്റെ തന്നെ Before the Light, Salman the Persian, Great Women of Islam ,സ്റ്റീവ് ബ്രിട്ടോ 2004ൽ മലേഷ്യയിൽ പ്രദർശിപ്പിച്ച സ്വലാഹുദ്ദീൻ അയ്യൂബി സംബന്ധിച്ച പരമ്പര തുടങ്ങിയവയിലൂടെ ഇന്ന് ഇസ്ലാമിലെ മഹാരഥമ്മാരുടെയും പണ്ഡിതന്മാരുടെയും ജീവിതങ്ങൾ പ്രതിപാദിക്കുന്ന ലോകോത്തരസിനിമകളിലാണ് കാലം എത്തിനിൽക്കുന്നത് .
അപ്പോഴും ഹോളോവീൻ പരമ്പരകളുടെ സൃഷ്ടാവ് എന്നതിനുമപ്പുറം , അമേരിക്കൻ സിനിമാ സംവിധായകനും തിരക്കഥാകൃത്തും നോവലിസ്റ്റുമായ കമറാൻ പാഷ അഭിപ്രായപ്പെടുന്നത് പോലെ , 9/11 ന് ശേഷം മുസ്ലിം സംവിധായകരുടെ ഇടപെടലുകൾ എത്തരുണത്തിലാണ് പ്രതിനിധീകരിക്കപ്പെടണം എന്നതിനെക്കുറിച്ച് കൃത്യമായി കാലത്തിന് മുന്നേ സംസാരിച്ച ദീർഘദൃഷ്കായ കലാകാരനായി അക്കാദിനെ ലോകം പരിചയപ്പെടേണ്ട ബാധ്യത ശേഷിക്കുന്നുണ്ട് .

സിറാജ് റഹ്മാൻ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ദി മെസ്സേജ് ; ഹോളിവുഡിലെ പ്രവാചകനും മുസ്തഫാ അക്കാദും
ദി മെസ്സേജ് ; ഹോളിവുഡിലെ പ്രവാചകനും മുസ്തഫാ അക്കാദും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBT25U3UbgejxD6Y4CrM1N9X_t7x-i2Rzc3SdxNil30-t20ughodQ3DElccSYp2mIh3HagpcfM1NGo4IUoCqtCx9Cj9p96nDeRPPtpqDOcj2TZU1d8CQQlCbZ-Ksk0GlMxOlgWPnM-8UQi/w500-h281/images+%25283%2529.jpeg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBT25U3UbgejxD6Y4CrM1N9X_t7x-i2Rzc3SdxNil30-t20ughodQ3DElccSYp2mIh3HagpcfM1NGo4IUoCqtCx9Cj9p96nDeRPPtpqDOcj2TZU1d8CQQlCbZ-Ksk0GlMxOlgWPnM-8UQi/s72-w500-c-h281/images+%25283%2529.jpeg
Al Ihsan Online Magazine
https://www.alihsanonweb.in/2020/06/blog-post_29.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/06/blog-post_29.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content