മിർസാ ഗാലിബ് ; മിസ്റ്റിക് വത്കരണത്തിൻ്റെ പരിമിതികൾ

SHARE:

അസ്തമിച്ചുകൊണ്ടിരുന്ന 19-ാം നൂറ്റാണ്ടിൻ്റെ ആദ്യപാദം .ഡൽഹിയിലെ രാജകുമാരൻ ബഹദൂർ ഷാ സഫറിൻ്റെ അരമനയിൽ ഒരു മുശാഇറ അരങ്ങേറാൻ പോവുകയാണ്. ഉറുദു കവിതയുടെ ആചാര്യന്മാരടങ്ങുന്ന പ്രൗഢമായ സദസ്സ് , ആസ്ഥാന കവി ഇബ്രാഹീം സൗകും ജനപ്രിയ കവി മുഅമിൻ ഖാൻ മുഅമിനും അവിടെ സന്നിഹിതരാണ്. മുശാഇറ നിയന്ത്രിക്കുന്ന ബഹദൂർഷാ ഒരു വിശ്രുതനായ കവിയാണ്. മുഅമിൻ ഖാൻ പുതിയ ഗസൽ അവതരിപ്പിച്ചുകൊണ്ട് മുശാഇറക്ക് തുടക്കം കുറിച്ചു. ഏറ്റുപാടിയും ആരവങ്ങളോടെയും സദസ്സിനെ സ്വാഗതം ചെയ്തു. അടുത്ത ഊഴം ഗാലിബിൻ്റേതായിരുന്നു. ഘനഗംഭീരവും സംഗീത സാന്ദ്രവുമായ ശൈലിയിൽ ഗാലിബ് ആദ്യത്തെ ഈരടി ചൊല്ലി.

"നഖ്ശ് ഹരിയാദീ ഹൈ, കിസ്
 കി ശോഖി - എ-തഹ്രീർ കാ
കാഗസി ഹൈ പൈരഹൻ ഹർ
പൈകർ- എ- തസ് വീർ   കാ"

-  ( ആരുടെ അപക്വ രചയ്ക്കെതിരെയാണ്
 വാക്കുകൾ ഇവ്വിധം പരാധിപ്പെടുന്നത്
 കടലാസുകൊണ്ടുള്ള വസ്ത്രമാണല്ലോ 
വരകളൊക്കെയും അണിഞ്ഞിരിക്കുന്നത് )

സദസ്സ് മൂകമാവുന്ന കാഴ്ച്ചയാണ് അവിടെ കാണാനായത്. ഈരടികൾ ആരും ഏറ്റുചൊല്ലുന്നില്ല. ഗാലിബിന് വിഷമം തോന്നിയെങ്കിലും കാര്യമാക്കാതെ അടുത്ത ഈരടി ചൊല്ലി. 

"കാവ് കാവ് - എ- സഖ്ത് ജാനി
ഹാ - എ-  തൻഹായി ന പുഛ
സുബഹ് കർനാ ശാം കാ ഖാ
 നാ ഹൈ ജു- എ- ശീർ കാ"   

( ഏകാന്തതയുടെ മഴു ജീവൻ്റെ വേരിൽ
ആഞ്ഞുപതിക്കുമ്പോൾ
പകലണയും വരെ നേരിടുന്നത്പാൽപ്പുഴ ഒഴുക്കുന്നതിലുംകഠിനമാണ് )

മൂകത കനത്തു. സദസ്സിന് ഒന്നും വ്യക്തമാവുന്നുണ്ടായിരുന്നില്ല. തൻ്റെ ഈരടികളുടെ ആശയമെന്തെന്ന് കണ്ടെത്താൻ കവി പരോക്ഷമായി വെല്ലുവിളിക്കുന്നത് പോലെ . ഗാലിബ്, അദ്ധ്യക്ഷൻ്റെ അനുമതിയോടെ മക്ത ( അവസാനത്തെ ഈരടി ) ചൊല്ലി അവസാനിപ്പിച്ച് സദസ്യരെ അമ്പരപ്പിലേക്ക് തള്ളിവിട്ടു കൊണ്ട് രാജസദസ്സിൽ നിന്ന് ഇറങ്ങി നടന്നു.  ചരിത്രത്തിൻ്റെ  തങ്കത്താളുകളിലേക്കായിരുന്നു  ചെന്നുകയറിയതെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു.   ഗാലിബ് വിടപറഞ്ഞിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അദ്ദേഹത്തിൻ്റെ കവിതകൾ ഇന്നും പാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വർഗ്ഗീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിനും അതിൻ്റെ അപ്പോസ്തലന്മാർക്കും   '  മതം നശിക്കുമ്പോഴേ വിശ്വാസം വിശുദ്ധമാവൂ ' എന്ന ഗാലിബിൻ്റെ ഈരടികൾ പുനർവിചിന്തനത്തിനുള്ള വാതിൽ തുറന്നിട്ടു കൊടുക്കുന്നു.

ജീവിതവും വ്യക്തിത്വവും

1797 ഡിസംബർ 27 ന് ആഗ്രയിലെ കാലാമഹലിലാണ്  മിർസാ അസദുള്ളാ ബേഗ് ഖാൻ്റെ ജനനം. ' ഗാലിബ് ' തൂലികാ നാമമാണ് .ജേതാവ് എന്നാണർത്ഥം. ആദ്യകാലത്ത് അസദ് എന്ന പേരിലും അദ്ദേഹം എഴുതിയിരുന്നു. ഗാലിബിൻ്റെ വംശവൃക്ഷ വേരുകൾ പുരാതന പേർഷ്യൻ ഐതിഹാസിക ചക്രവർത്തി  ' ഫരീദുനി ' ൽ എത്തിച്ചേരുന്നതായി ശിഷ്യൻ അൽത്താഫ് ഹുസൈൻ ഹാലി തൻ്റെ ' യാദ്ഗാരെ ഗാലിബ് ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുണ്ട്. യോദ്ധാവായിരുന്ന പിതാവിനെ തൻ്റെ അഞ്ചാം വയസ്സിലേ  നഷ്ടമായ ഗാലിബ് മാതൃസ്നേഹത്തിൻ്റെ തണലിലാണ് ജീവിതം മുന്നോട്ടു നയിച്ചത്. ഭാഷയിലും സാഹിത്യത്തിലും താത്പരനായിരുന്ന ഗാലിബ് ഏഴ് വയസ്സ് തികയുന്നതിനു മുമ്പ് തന്നെ കവിത എഴുതിത്തുടങ്ങി. പതിനൊന്നാം വയസ്സിൽ തന്നെ മുശാഇറകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 

 ആഗ്രയിലെ ശൈഖ് മുഅസ്സിം ,പേർഷ്യയിലെ പണ്ഡിത വരേണ്യനായിരുന്ന മുല്ലാ അബ്ദുസ്സമദ് എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച ഗാലിബ് , തർക്കശാസ്ത്രം, ഗണിത ശാസ്ത്രം, വൈദ്യം, വേദാന്തം എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ തൻ്റെ കയ്യൊപ്പു ചാർത്തി. 
പതിമൂന്നാം നൂറ്റാണ്ടിൽ വിവാഹിതനായെങ്കിലും  ഗാലിബിൻ്റെ പുരോഗമന ചിന്തകളും മതവിരുദ്ധ നിലപാടുകളും അംഗീകരിക്കാനാവാത്ത ഭാര്യ സഹയാത്രികയായില്ല.  മതത്തിൻ്റെ പ്രാമാണികതയിലും പാരമ്പര്യ വിശ്വാസങ്ങളിലും വരെ സംശയാലുവായിരുന്ന  അദ്ദേഹം അള്ളാഹുവിലും പ്രവാചകനിലുമുള്ള വിശ്വാസം മാത്രം കാത്തു സൂക്ഷിച്ചു. മതം നിഷ്ക്കർഷിക്കുന്ന മറ്റു കാര്യങ്ങളിൽ തീരെ ശ്രദ്ധ ചെലുത്തിയില്ല. ഒരിക്കൽ പോലും നിസ്ക്കരിക്കുകയോ നോമ്പനുഷ്ഠിക്കുകയോ ചെയ്തിരുന്നില്ല. നിഷിദ്ധമായ മദ്യം , മരണം വരെ ഉപയോഗിച്ചു. നൃത്തം, ചൂതാട്ടം, സൗന്ദര്യോപാസന തുടങ്ങിയവയെല്ലാം നിർലോഭം ആസ്വദിച്ചു. മനുഷ്യനെ സ്നേഹിക്കുന്നതിൽ ഗാലിബ് എപ്പോഴും മുന്നോട്ടു വന്നു. പഴകിയ വസ്ത്രങ്ങൾ വിറ്റുകിട്ടുന്നതു കൊണ്ട് ജീവിതമാർഗ്ഗം കണ്ടെത്തേണ്ടി വന്നപ്പോഴും ഒരു യാചകന് പോലും ഗാലിബിൻ്റെ അടുക്കൽ നിന്ന് നിരാശനായി മടങ്ങേണ്ടിയിരുന്നില്ല. ജീവിതാവസാനം വരെ വാടക വീട്ടിലായിരുന്നു താമസം. പിതാവിനും പിതൃവ്യനും സൈനിക സേവനത്തിന് പ്രതിഫലമായി ലഭിച്ച  വസ്തുവഹകൾ മറ്റുള്ളവർ തട്ടിയെടുത്തപ്പോൾ  അതൊരിക്കൽ പുനസ്ഥാപിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ കടം വാങ്ങി ജീവിച്ച ഗാലിബിന് ജീവിതാന്ത്യം വരെ കടക്കാരനായി കഴിയേണ്ടിവന്നു. കടക്കാരുടെ കേസുകാരണം വീട്ടിൽ തന്നെ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഗാലിബിനെ ശത്രുക്കൾ ഗൂഢാലോചന നടത്തി , പകിട കളിയുടെ പേരിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ച് അപമാനിച്ചു. പാശ്ചാത്യ രീതികളെ വാരിപ്പുണർന്ന ഗാലിബ് പ്രാമാണിക ആചാരരീതികളോട് എന്നും സംവാദത്തിലായിരുന്നു. രഹസ്യമായി മദ്യപിക്കുകയും എന്നാൽ അത് നിഷേധിക്കുകയും ചെയ്യുന്നവരെ ഗാലിബ് തൻ്റെ  കവിതകളിലൂടെ വിമർശിച്ചു. നിരാശാജീവിതത്തിൻ്റെ വേദിയായിരുന്ന കോഠകളിൽ ഗാലിബ് നിത്യ സന്ദർശകനായിരുന്നു. നൃത്തക്കാരികളായ ത്വവായിഫുകളെ സന്ദർശിക്കുന്നത് അക്കാലത്ത് സമൂഹം ഒരു തെറ്റായി കണ്ടിരുന്നില്ല. ഇത് സമൂഹത്തിലെ  ഒരു വിഭാഗത്തിന് സ്ത്രീകളുമായി സ്വതന്ത്രമായ ഇടപെടലിന് അവസരമൊരുക്കി. അതിൽ ഡോമിനി എന്ന നർത്തകിയുമായുള്ള ഗാലിബിൻ്റെ ബന്ധം എല്ലാ അതിർവരമ്പുകൾക്കുമതീതമായി വളർന്നു. ഈ ബന്ധം തൻ്റെ കുടുംബത്തകർച്ചക്ക് വരെ വഴിയൊരുക്കിയതായി ഗാലിബ് തന്നെ പറയുന്നുണ്ട്.

അത്യുന്നത തലത്തിൽ നിന്നു കൊണ്ട് കവിത രചിച്ചിരുന്ന അദ്ദേഹം നിലവാരമില്ലാത്ത രചനകളെ തള്ളിപ്പറയാനും മികവും മേന്മയുമുള്ള രചനകളെ അംഗീകരിക്കാനും തയ്യാറായിരുന്നു. ഒരു പൊതു പരിപാടിയിൽ വെച്ച് തനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ ഏതെന്ന് ചോദിച്ചപ്പോൾ മുഅമിൻ ഖാൻ്റെ ഈരടികളാണദ്ദേഹം തിരഞ്ഞെടുത്തത്. തൻ്റെ നിലവാരത്തിലുള്ള പേർഷ്യൻ പണ്ഡിതനായി അമീർ ഖുസ്രുവിനെ മാത്രമേ അദ്ദേഹം അംഗീകരിച്ചിരുന്നുള്ളൂ . ജീവിതത്തിൻ്റെ പ്രശ്നസങ്കീർണ്ണമായ പാതയിലൂടെ കടന്നുപോയ ഗാലിബ്, ജീവിതാനുഭവങ്ങളിൽ നിന്നാണ് തൻ്റെ കവിതകൾ ഉയിർക്കൊണ്ടതെന്ന് തുറന്നു സമ്മതിക്കുന്നുണ്ട്. 1869 ഫെബ്രുവരി 5-ന് മരണപ്പെടുന്നതിന് തൊട്ട് മുമ്പുവരെ  തൻ്റെ സുഹൃത്തുക്കൾ എഡിറ്റു ചെയ്യാനയച്ചിരുന്ന കവിതകൾ തിരുത്തിക്കൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം ജീവിതം  മുഴുവൻ ഊർജ്ജസ്വലമായ പ്രവർത്തനമാണ്  കാഴ്ച്ചവെച്ചത് .

കവിതയും ദർശനവും

ഗാലിബിൻ്റെ കവിതകൾ എന്നും ഉത്തുംഗശ്രേണിയിലായിരുന്നു.   അർത്ഥഗർഭമായ അദ്ദേഹത്തിൻ്റെ ഈരടികളിലെ പദവിന്യാസം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. പേർഷ്യനിൽ  നസം, ഖസീദ, റുബായി തുടങ്ങിയ കാവ്യരചനയുടെ വ്യത്യസ്ഥ രൂപങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിലും  ഉർദു രചനകൾ ഏതാണ്ട് പൂർണ്ണമായും ഗസൽ രൂപത്തിലാണ് കാണുന്നത്. കമിതാക്കൾ തമ്മിലുള്ള സല്ലാപം എന്നാണ് ഗസലിൻ്റെ അർത്ഥം  , ആദ്യമൊക്കെ കാമുകിയുമായി ബന്ധപ്പെട്ടതായിരുന്നു അതിലെ വിഷയങ്ങൾ . പിന്നീടാണ് മിസ്റ്റിക് പ്രണയത്തിലേക്ക് വഴിമാറുന്നത് . ഇവിടെ സ്നേഹ ഭാജനം പ്രപഞ്ചനാഥനാണ് . സൂഫി കവികളുടെ രംഗപ്രവേശനവും സൂഫി ആശയങ്ങളുടെ വ്യാപനവുമാണ് ഇതിന് കാരണം. ഗാലിബിൻ്റെ ദർശനങ്ങളിലും ഈ രണ്ട് മുഖങ്ങളും ഉൾച്ചേർന്ന് കിടക്കുന്നതായി നമുക്ക് ദർശിക്കാനാവും.                        

"തു ഔർ ആരായ്_ 
ഷ് - എ-ഖം - എ-കാകുൽ
 ' മൈ ഔർ അന്ദേശാ_
 ഹാ- എ- ദുർ- ഒ - അറസ്" 

( നീയും നിൻ്റെ അഴിഞ്ഞുലഞ്ഞ ചുരുൾ  മുടിക്കെട്ടും ഞാനും എൻ്റെ   അനന്തമായ ചിന്തകളും )  

ഇവിടെ ചുരുൾമുടിക്കെട്ട് അഴിച്ചിട്ടു കൊണ്ട് നിൽക്കുന്നത് കാമുകിയാവാം ,കെട്ടുപിണഞ്ഞ ജീവിത യാഥാർത്യങ്ങളുമാകാം. സൂഫി ദർശനങ്ങൾ പ്രകടമായി തെളിയുന്ന ഗസലുകളും ഗാലിബിൻ്റെതായുണ്ട്.       

 'സ്വർഗ്ഗത്തിലെ മദ്യമാവരുത്പ്രാർത്ഥനയുടെ പ്രചോദനം, സ്വർഗ്ഗത്തെയെടുത്താരെങ്കിലുംനരകത്തിലെറിയട്ടെ"

സൂഫി ചിന്തയുടെ സത്ത ഈ വരികളിൽ മുഴച്ചു നിൽക്കുന്നു. ഈ ആശയം പേർഷ്യയിലെ പ്രശസ്ത സൂഫി വനിതയായിരുന്ന റാബിയ ബസറയിൽ നിന്നായിരിക്കാം ഗാലിബ് കടമെടുക്കുന്നതെന്ന് അലി സർദാർ  ജാഫ്രി അഭിപ്രായപ്പെടുന്നു. മഹതി ഒരു കയ്യിൽ കിണ്ണത്തിൽ ജലവും മറുകയ്യിൽ എരിയുന്ന അടുപ്പുമായി നടന്നു. ' തീ കൊണ്ട് സ്വർഗ്ഗം ചുട്ടെരിക്കുമെന്നും ജലം കൊണ്ട് നരകാഗ്നി അണക്കുമെന്നും ' അവർ പറഞ്ഞു നടന്നു. ആരാധനയുടെ അടിസ്ഥാനം ദൈവപ്രീതി മാത്രമായിരിക്കണമെന്നാണ് മഹതി ഇതുകൊണ്ട് അർത്ഥമാക്കിയത് .ഇത്തരത്തിലുള്ള സൂഫി ദർശനങ്ങൾ ഗാലിബിൻ്റെ ഗസലുകളിൽ കാണാം. ജീവിതാന്ത്യം വരെ മദ്യപാനിയായിരുന്ന ഗാലിബ് മദ്യത്തെക്കുറിച്ചും അത് നൽകുന്ന ആനന്ദത്തെക്കുറിച്ചും വർണ്ണിച്ചെഴുതി . ഉർദു കവിതകളിൽ ജീവിതാവസ്ഥകളുടെ പ്രതീകമായിരുന്ന മധുശാല ,സാക്കി ,ചഷകം എന്നിവ അദ്ദേഹം കേവലാർത്ഥത്തിൽ തന്നെ ഉപയോഗിച്ചു - ഗാലിബ് തൻ്റെ രചനാരീതി നിരന്തരം പരിഷ്കരിച്ചു കൊണ്ടിരുന്നു. ജീവിതാനുഭവങ്ങളുടെ തീക്ഷ്ണത, വിവിധ ആചാര്യന്മാരുമായുള്ള ബന്ധം എന്നിവ ഇതിന് ഉപോൽഭലമായി വർത്തിച്ചു. അദ്ദേഹത്തിൻ്റെ ശിഅറുകൾക്കിടയിൽ പലപ്പോഴും വിടവുകൾ അവശേഷിച്ചു. അത് വായനക്കാർക്ക് അവരുടെ മനോധർമ്മമനുസരിച്ച് പൂരിപ്പിക്കാനുള്ളതാണ് .അതുകൊണ്ട് തന്നെ സങ്കീർണ്ണവും അവ്യക്തവുമായിരുന്നു അദ്ദേഹത്തി 
ൻ്റെ കവിതകൾ,  ഒന്നും വിശദീകരിക്കുന്നില്ല. എന്നാൽ എന്തൊക്കെയോ വെളിപ്പെടുത്തുന്ന പോലെ അനുഭവപ്പെടും

ചിന്തയുടെ സാഹസികതയും ആശയങ്ങളുടെ അനന്യതയും ഗാലിബിൻ്റെ കവിതയ്ക്ക് അസാധാരണമായ ചൈതന്യം നൽകുന്നു. കാലും തലയുമില്ലാത്ത മനുഷ്യൻ മരുഭൂമിയിലൂടെ ഓടുന്നു. മാൻപേടയുടെ കണ്ണ് പുറം ചൊറിയുന്ന നഖമാവുന്നു,  ലോഹക്കണ്ണാടിയിലെ തുരുമ്പ് ചിറകിട്ടടിക്കുന്ന പനം തത്തയാവുന്നു. കോപ്പയിലെ വീഞ്ഞ് അലസതയോടെ മൂരി നിവരുന്നു. പ്രളയജലത്തിൻ്റെ നുരയും പതയും ജനൽപ്പാളികളുടെ വഴി തടയുന്നു. യാക്കൂബിൻ്റെ അന്ധനേത്രങ്ങൾ യൂസുഫിൻ്റെ തടവറയിലെ ജാലകമാവുന്നു. ഇവിടെ ആശയങ്ങളുടെ സംഘർഷ സ്വഭാവം പ്രതീകങ്ങളുടെ തിരഞ്ഞെടുപ്പിൽ നിഴലിക്കുന്നുണ്ട്. തിരമാല, കൊടുങ്കാറ്റ്, പ്രളയം, ചുഴലിക്കാറ്റ്, ഇടിമിന്നൽ എന്നിവയുടെ ശക്തിയും വേഗതയും ഗാലിബിൻ്റെ കവിതകളിൽ ഉൾച്ചേർന്ന് കിടക്കുന്നു. അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ കാതലായ ഊർജ്ജസ്വലതയും മനോധൈര്യവും പുരാതന കഥാപാത്രങ്ങൾക്ക് പകർന്നു നൽകി . അങ്ങനെ യൂസുഫും യാക്കൂബും ആദമും കിസ്റയും ഷിരീനും ഫർഹാദും ജംഷാദും ലൈലയും മജ്നുവുമെല്ലാം മാനവ സ്വാതന്ത്ര്യത്തിൻ്റെയും അതിജീവനത്തിൻ്റെയും പ്രതീകങ്ങളും പ്രതിഛായകളുമായി മാറി. 

അദ്ദേഹത്തിൻ്റെ കവിതകളിൽ എന്നും  മനുഷ്യനും മാനുഷിക മൂല്യങ്ങളുമായരുന്നു മുഖ്യ പ്രമേയം . പ്രകൃതി ഒരു വലിയ വിഷയമായി കടന്നു വരുന്നില്ല. മനുഷ്യനെ സ്നേഹിക്കുന്നതിൽ ഗാലിബ് മതമോ സമുദായമോ പരിഗണിച്ചിരുന്നില്ല. മതങ്ങൾക്കതീതമായ മാനവ സൗഹാർദ്ദം എന്നും അദ്ദേഹം ഉയർത്തിപ്പിടിച്ചു. ഇത് അദ്ദേഹത്തിൻ്റെ കവിതകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.    

"എൻ്റെ മതം മനുഷ്യൻ്റെ ഏകത്വമാണ് 
എൻ്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ് മതങ്ങൾ ഇല്ലാതായാൽ
വിശ്വാസം വിശുദ്ധമായി"
അതുപോലെ നിഷ്കളങ്കമായ  സമർപ്പണമാണ് ഏതൊരു ദർശനത്തിൻ്റെയും മതത്തിൻ്റെയും കാതൽ എന്ന് ഗാലിബ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'പൂജക്കിടെ മരിച്ച പൂജാരിയെ കഅബയിൽ അടക്കം ചെയ്യുക' എന്ന വചനം നൽകുന്ന സന്ദേശമിതാണ്. മനുഷ്യർക്കിടയിലെ ഭൂപ്രദേശങ്ങൾ അനുസരിച്ചുള്ള വിഭജനത്തിനും അദ്ദേഹം എതിരായിരുന്നു .സുഹൃത്തിനോടൊരിക്കൽ ഗാലിബ് പറയുന്നുണ്ട് , ഡൽഹി, ലഖ്നൗ, ആഗ്ര, ലാഹോർ ... ഇങ്ങനെയുള്ള വിഭാഗീയതകൾക്കും വിഭജനങ്ങൾക്കും അറുതിയേകി ഒരിക്കൽ ഒരു ഹിന്ദുസ്ഥാൻ പിറവിയെടുക്കും , അന്ന് ആ ഉദ്യാനത്തിലെ ഏതെങ്കിലുമൊരു ചില്ലയിൽ കൂടുകൂട്ടാൻ എനിക്കും ഇടം ലഭിക്കും .
 പാരമ്പര്യ ആചാര അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകിയ സമൂഹത്തിൽ ജീവിച്ച അദ്ദേഹം ഒരു പുരോഗമന പരിഷ്ക്കരണവാദിയായി നിലകൊണ്ടു. ആധുനിക പാശ്ചാത്യൻ വിദ്യാഭ്യാസ രീതികളേയും നൂതന പരിഷ്ക്കരണങ്ങളേയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ആയിനെ അക്ബരി വിപുലീകരിച്ച് അവതാരിക എഴുതാൻ ഗാലിബിന് അയച്ചുകൊടുത്ത സർ സയ്യിദിന് ലഭിച്ചത് തന്നെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള കവിതയാണ്. കാലഹരണപ്പെട്ട കാര്യങ്ങളെ കുറിച്ചെഴുതി സമയം കളയാതെ ആധുനിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക എന്നതായിരുന്നു അതിലെ ഉള്ളടക്കം. 

1857- ലെ കലാപകാലത്ത് വിരചിതമായ ഗാലിൻ്റെ ഗ്രന്ഥം, ദസ്തംബു (പേർഷ്യൻ) ബ്രിട്ടൻ അനുകൂല സ്വഭാവം വെച്ചു പുലർത്തുന്നുവെന്നതിനാൽ അദ്ദേഹം ഒരു ബ്രിട്ടീഷ് അനുകൂലിയായിരുന്നുവെന്ന വാദം ശരിയല്ല. യഥാർത്ഥത്തിൽ പരാജയത്തെ ദീർഘവീഷണം ചെയ്ത ഗാലിബിൻ്റെ ചിത്രമാണ് ഇതിൽ തെളിയുന്നത്. സർവ്വായുധ സജ്ജരായ ബ്രിട്ടീഷുകാർക്കെതിരെ ലഹളക്കാർ നേടിയ വിജയത്തിന് അല്പായുസ്സേ ഉണ്ടാകൂ എന്ന് ഗാലിബ് കണക്കുകൂട്ടിയിരുന്നു. കലാപക്കാരെ അടിച്ചമർത്തിയതിനു ശേഷം രാജാക്കന്മാരുടെ അടുപ്പക്കാരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റു ചെയ്തു തുടങ്ങിയപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമെഴുതിയതാണീ ഗ്രന്ഥം. രാജകൊട്ടാരവുമായി നിരന്തര ബന്ധം പുലർത്തിപ്പോന്ന ഗാലിബിന് താനൊരു ബ്രിട്ടീഷ് അനുകൂലിയാണെന്ന് വരുത്തിത്തീർക്കണമായിരുന്നു. അദ്ദേഹത്തിൻ്റെ യഥാർത്ഥ നിലപാട് തൻ്റെ സുഹൃത്തുക്കൾക്കയച്ച കത്തുകയിൽ നിന്ന് വ്യക്തമാണ്.

സൂഫികവി എന്നതിലെ അനൗചിത്യം

ഗാലിബ് ഒരു സൂഫി കവിയായിരുന്നുവെന്ന് പലരും വാഴ്ത്തുമ്പോഴും അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതം നമ്മോട് പറയുന്നത് ആ വിശേഷണം അദ്ദേഹത്തിന് ഒട്ടും യോജിച്ചതായിരുന്നില്ല എന്നാണ് . അള്ളാഹുവിലും പ്രവാചകരിലുമുള്ള വിശ്വാസം കാത്തു സൂക്ഷിച്ചുവെങ്കിലും ഇസ് ലാം നിഷ്ക്കർഷിക്കുന്ന പഞ്ചസ്തംഭങ്ങളിൽ പെട്ട നോമ്പ് ,നിസ്ക്കാരം എന്നിവ പോലും അദ്ദേഹം അവഗണിച്ചു. ജീവിതാന്ത്യം വരെ മദ്യപിക്കുകയും മദ്യത്തിൻ്റെ ലഹരിയെക്കുറിച്ച് ആസ്വദിച്ച് കവിതയെഴുതുകയും ചെയ്തു .ഒരു പുരോഗമനവാദിയായി സ്വയം പരിചയപ്പെടുത്തിയ ഗാലിബ് മതത്തിലെ പാരമ്പര്യ പ്രാമാണിക വിഭാഗത്തെ തളളിപ്പറഞ്ഞു . ' കുടിയനും തെമ്മാടിയും ദൈവഭയം തീണ്ടാത്തവനും ' എന്ന ഗാലിബിനെക്കുറിച്ചുള്ള സമകാലിക പണ്ഡിതരുടെ വിലയിരുത്തലുകൾ ഗാലിബിൻ്റെ ജീവിതത്തെ ചിത്രീകരിക്കുന്നുണ്ട് .അരുമ ശിഷ്യനായിരുന്ന ഹാലി നമസ്ക്കാരത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കി കത്തയച്ചിരുന്നു, ഇതിന് എൻ്റെ നിലപാടിൽ ഞാൻ ഉറച്ചു നിൽക്കുന്നു അള്ളാഹുവിൻ്റെ ഏകത്വത്തിൽ ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു എന്നായിരുന്നു ഗാലിബിൻ്റെ മറുപടി. സൂഫി ദർശനങ്ങൾ അദ്ദേഹത്തിൻ്റെ കവിതകളിൽ ചിത്രീകരിക്കപ്പെട്ടിരുന്നുവെങ്കിലും സൂഫികളുടെ വ്യക്തി ശുദ്ധി അദ്ദേഹത്തിനുണ്ടായി
രുന്നില്ല.

മുഹമ്മദ് ആരിഫ് മൈത്ര

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മിർസാ ഗാലിബ് ; മിസ്റ്റിക് വത്കരണത്തിൻ്റെ പരിമിതികൾ
മിർസാ ഗാലിബ് ; മിസ്റ്റിക് വത്കരണത്തിൻ്റെ പരിമിതികൾ
https://akm-img-a-in.tosshub.com/sites/dailyo/fb_feed_images/story_image/201712/mirza-ghalib-fb_120117035039.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/06/blog-post_9.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/06/blog-post_9.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content