ഇന്ത്യൻ സാമൂഹിക ഉദ്ധാരണങ്ങളിൽ സൂഫികൾ വഹിച്ച പങ്ക് സുവിദിദം ആണെങ്കിലും ചരിത്രത്തിൽ ഏറെ വിമർശനങ്ങൾക്ക് വിധേയരായവരാണ് സൂഫികളെന്നത് ഒളിച്ചുവെക്കാനാവാത്ത വസ്തുതയാണ്.
അധിനിവേശവിരുദ്ധതയുടെ സമരതീക്ഷ്‌ണമായ ഒരുജ്ജ്വല ചരിത്രം രചിച്ച ജനതയായിരിന്നിട്ടും പലപ്പോഴും ചരിത്രാഖ്യാന ഇടങ്ങളിൽ അപര സ്ഥാനത്താണ് മുസ്ലിംകൾ പ്രതിഷ്ഠിക്കപ്പെടുന്നത് .ഈ അപരവത്കരണ ശ്രമങ്ങളിൽ ഏറെ വിമർശനങ്ങൾക്ക് പാത്രമായവരാണ് സൂഫികളാണെന്നതാണ് വസ്തുത.
എന്നാൽ,കൊളോണിയൽ ചരിത്രകാരന്മാർ തുടങ്ങി വെക്കുകയും ഹിന്ദുത്വ ശക്തികൾ ഏറ്റെടുക്കുകയും ചെയ്ത മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ ശക്തമാവുന്ന അതേ വർത്തമാനകാലത്ത് തന്നെ ,ഒരപവാദമെന്നോണം, സാമൂഹിക ചരിത്രത്തിൽഇസ് ലാമും മുസ് ലിംകളും ചെലുത്തിയ സ്വാധീനം ചരിത്ര ഗവേഷകന്മാർക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യൻ സാമൂഹിക രൂപീകരണ ചരിത്രത്തിൽ മധ്യകാല നൂറ്റാണ്ടിലെ സൂഫി സാന്നിധ്യം അതിനിർണായകമായ പങ്ക് വഹിച്ചുവെന്ന് ചരിത്രകാരന്മാർ ഒന്നടങ്കം രേഖപ്പെടുത്തുന്നുണ്ട്.
സൂഫീ വഴികൾ ഇന്ത്യയിൽ
കൊളോണിയൽ ചരിത്രകാരൻമാർക്കിടയിൽ വിമർശന വിധേയരായ സൂഫികൾ ആധുനിക ചരിത്രകാരന്മാർക്കിടയിൽ ഗവേഷണവിധേയരാവുകയാണെന്നതാണ് യാഥാർത്ഥ്യം.
ഇതിനുപോൽബലകമായി
ഡോ സി.കെ കരീം എഴുതുന്നു: പതിമൂന്നാം നൂറ്റാണ്ടിൽ ബഗ്ദാദും സമർഖന്ദും ബുഖാറയുമെല്ലാം മംഗോൾ ആക്രമണത്തിനിരയായി. ഇസ്ലാമിക സംസ്കാര കേന്ദ്രങ്ങളെല്ലാം നാശോന്മുഖമായപ്പോൾ അവിടെ നിന്ന് പണ്ഡിതന്മാരും സൂഫിവര്യന്മാരുമെല്ലാം പ്രാണരക്ഷാർത്ഥം അഭയം കണ്ടെത്തിയത് ഇന്ത്യയിലായിരുന്നു. അങ്ങനെ അജ്മീറും മുൾത്താനും ഡൽഹിയുമെല്ലാം മുസ്‌ലിം പണ്ഡിതന്മാരുടെ ആവാസകേന്ദ്രങ്ങളായി. ലൗകികാഡംബരങ്ങൾ പരിത്യജിച്ച് പരിശുദ്ധ ജീവിതം നയിച്ചിരുന്ന ഈ സൂഫി പണ്ഡിതന്മാരാണ് ഇസ്ലാമിന്റെ ജീവവായു ഇന്ത്യക്ക് നൽകിയത്. ജീവരക്ഷാർത്ഥം ഓടിപ്പോന്ന ഈ പണ്ഡിത വരേണ്യരാണ് ഇന്ത്യയിൽ ഇസ്ലാമിക പ്രചാരണവും സാംസ്‌കാരിക നിവേശവും സാധ്യമാക്കിയത് "
![]() |
| അജ്മീർ ദർഗ |
ഇത്തരുണത്തിൽ, അധിനിവേശ ജനതയായോ സാമ്രാജ്യത്വ വീരൻമാരായോ ഇസ് ലാമിനെയോ മുസ് ലിംകളെയോ ഒരിക്കലും വിശേഷിപ്പിച്ചുകൂടെന്ന് കെ.എൻ പണിക്കരെ പോലുള്ള ചരിത്രകാരന്മാർ നിരീക്ഷിച്ചിട്ടുണ്ട്.
ഇന്ത്യൻ ജനതയുടെ ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ ഉടലെടുത്തത് ഇസ് ലാമിക ആശ്ലേഷണത്തോടെയാണെങ്കിൽ അതിന് നിദാനമായ പ്രബോധന പ്രവർത്തനങ്ങൾക്ക് കാർമ്മികത്വം വഹിച്ചത് സൂഫി പണ്ഡിതന്മാരാണ്.
എം.എൻ റോയിയുടെ വിശകലനം കാണുക:"സാമ്പത്തിക ജീർണത, രാഷ്ട്രീയ അടിച്ചമർത്തൽ, ബുദ്ധിപരമായ അരാജകത്വം, ആത്മീയ ജീർണത തുടങ്ങിയവയുടെ പിടിയിലമർന്ന ഒരു സമൂഹമായിരുന്നു അന്നത്തെ പരമ്പരാഗത ഇന്ത്യൻ സമൂഹം. ഇത്തരമൊരു സമൂഹത്തിൽ പക്വതയുള്ള വിപ്ലവശക്തി ഉയർന്നുവരിക തീരെ അസാധ്യമായിരുന്നു. ഇസ്ലാമിനെതിരെ രാജ്യത്ത് ഒരു പ്രതിവിപ്ലവം നടക്കാതെപോയതിന് കാരണം ഇതാണ്, അടിച്ചമർത്തപ്പെട്ട ജനവിഭാഗം പുറത്തുനിന്ന് വന്ന ഇസ് ലാമിക ശക്തികളിൽ തങ്ങളുടെ രക്ഷാമാർഗം കണ്ടു. അവർ ആ കൊടക്കീഴിൽ അണിനിരന്നു. ഇസ്ലാം അവർക്ക് രാഷ്ട്രീയസമത്വം വാഗ്ദാനം ചെയ്തു. സ്വാർഥതാല്പര്യ പ്രേരിതരായ ഉപരിവർഗം പുറത്തുനിന്നു വന്ന അധിനിവേശക്കാർക്കനുകൂലമായ നിലപാട് സ്വീകരിച്ചു .അക്കാലത്തെ ജനസാമാന്യം നിരാശയുടെ കൊടക്കീഴിൽ കഴിഞ്ഞിരുന്നെങ്കിൽ ഉപരിവർഗം സമ്പൂർണമായും അധാർമികതയിൽ മുങ്ങി കഴിഞ്ഞിരുന്നു."(ഇന്ത്യൻ സാമൂഹിക രുപീകരണവും മുസ്ലിംകളും -കെ.ടി ഹുസൈൻ page 72 )
പിന്നാക്ക വിഭാഗങ്ങളുടെ മത പരിവർത്തനം തീർച്ചയായും നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും അനുരണനങ്ങളുണ്ടാക്കും. അതിനാൽ സൂഫികളുടെ പ്രബോധനം സാമൂഹിക നവോത്ഥാനം കൂടിയാണ്. അത്കൊണ്ട് തന്നെ സൂഫികൾ കേവലം മതപ്രബോധന പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ചവരെന്നതിലുപരി സാമൂഹിക രൂപവത്കരണത്തിൽ പങ്കാളികളായവരെന്ന നിലയിലാണ് വിലയിരുത്തപ്പെടേണ്ടത്.
കെ.ടി ഹുസൈൻ എഴുതുന്നു.
"സൂഫികൾ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളിലും ഇസ്‌ലാമിനെ പരിചയപ്പെടുത്തി. അവര്‍ ഉന്നതമായ ഇസ്‌ലാമിക ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചു. ചിലയിടത്ത് സാമൂഹികവും ജനക്ഷേമ പരവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകള്‍ കീഴടക്കി. എല്ലാവരോടും സമഭാവനയോടെ പെരുമാറി .പിന്നാക്ക ജനവിഭാഗങ്ങളെ കൂട്ടത്തോടെ ആകര്‍ഷിക്കാൻ അവര്‍ക്ക് സാധിച്ചു. ഇസ്‌ലാമിന്റെ സമത്വവും സമഭാവനയും ഇന്ത്യന്‍ ജനതയെ, പ്രത്യേകിച്ച് പിന്നാക്ക വിഭാഗത്തെ ഏറ്റവും കൂടുതല്‍ അനുഭവിപ്പിക്കാനായതും സൂഫികള്‍ക്കാണ്.
"ഒപ്പം ഇതും കൂടി ചേർത്തു വായിക്കാം.
"അതേസമയം ഭരണകൂടം നാട്ടില്‍ ഉറപ്പുവരുത്തിയ സുരക്ഷയും സമാധാനവും നീതിപൂര്‍വകമായ ഭരണവുമാണ് സൂഫികള്‍ക്ക് ശാന്തമായി തങ്ങളുടെ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങളിലേർപ്പെടാൻ അവസരമൊരുക്കിയതെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട് "(Ibid page 68,69)
![]() |
ഹുസൈൻ രണ്ടത്താണി |
അതേ സമയം ഭരണസാമർത്ഥ്യം ഉപയോഗിച്ച് ഇസ്ലാം പ്രചരിച്ചു എന്ന ഉപര്യുക്തവാദഗതി ഖണ്ഡിച്ച് കൊണ്ട് ചരിത്രകാരൻ ഹുസൈൻ രണ്ടത്താണി എഴുതുന്നു :"ഇന്ത്യയിൽ ഇസ്‌ലാമിന്റെ പ്രചാരണം ഭരണത്തിന്റ സഹായത്തോടെയാണെന്ന വീക്ഷണം ശരിയല്ലെന്നാണ് വസ്തുതകൾ ബോധ്യപ്പെടുത്തുന്നത് ".ഇന്ത്യയിൽ ഇസ്ലാം അതിന്റെ ഏറ്റവും മഹത്തരവും ശാശ്വതവുമായ മിഷനറി വിജയം നേടിയത് രാഷ്ട്രീയപരമായി വളരെ ദുർബലമായ ഘട്ടങ്ങളിലും സ്ഥലങ്ങളിലുമാണെന്ന പ്രൊ.അർനോഡിന്റെ വാക്കുകൾ മുൻനിർത്തി ഹുസൈൻ രണ്ടത്താണി തുടർന്നെഴുതുന്നു ." ഇന്ത്യയിൽ മതപ്രബോധനത്തിന്റെ ഉത്തരവാദിത്വം ഭക്തിശിരോമണികളാ സൂഫി പുണ്യവാളന്മാർക്കാണ് ".
മതപ്രചാരണത്തിന്റെ സൂഫി സരണി
ഇസ്‌ലാമിക പ്രബോധനത്തിനും പ്രചാരണത്തിനും ഇന്ത്യയില്‍ ആദ്യമായി ഒരു സംഘടിത രൂപമുണ്ടായത് സൂഫികളുടെ ആഗമനത്തോടു കൂടിയാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. സൂഫി ത്വരീഖത്തുകൾ (സരണി) വഴിയാണ് ഇന്ത്യയിൽ ഇസ്ലാമിക പ്രചാരണത്തിന് പ്രചണ്ഡമായ സ്വീകാര്യത ലഭിച്ചതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
സയ്യിദ് അത്താർ അബ്ബാസ് റിസ്‌വി എഴുതുന്നു:"സുഹ്റവർദി, ശൈഖ് ജലാലുദ്ധീൻ ത്വബ് രീസി, മഖ്‌ദൂം ജഹാനിയാൻ, സഹോദരൻ രാജൂഖത്താർ തുടങ്ങിയവർ ഇസ്ലാമിക പ്രചാരണത്തിൽ സജീവമായി പങ്ക് വഹിച്ചവരാണ്.ശൈഖ് അലാഉദ്ദൗല സിംനായിയുടെ ഖാൻഗാഹുകളിൽ പരിശീലനം നേടിയ മീർ സയ്യിദ് അലി ഹമദാനി, അദ്ദേഹത്തിന്റെ പുത്രൻ, , മീർ മുഹമ്മദ് എന്നിവർ ഹിന്ദുക്കളെ ഇസ് ലാമിലേക്ക് പരിവർത്തനം ചെയ്യുന്നത് തങ്ങളുടെ പ്രധാന ലക്ഷ്യമായി കരുതിയിരുന്നു. സിൽ ഹട്ടിലെ ശൈഖ് ജലാൽ, അദ്ദേഹത്തിന്റെ തുർക്കിസ്ഥാനീ ശിഷ്യന്മാർ തുടങ്ങിയവർ ഇപ്രകാരം പ്രബോധന രീതിശാസ്ത്രം പ്രയോഗവത്കരിച്ചവരായിരുന്നു. ഖാജ്ഗാനിലെയും സെൻട്രൽ ഏഷ്യയിലെ നക്ഷബന്ദികളും അപ്രകാരം തന്നെ. 15ാം ശതകത്തിൽ ഖാൻ ഗാഹുകൾ സ്ഥാപിക്കാൻ തുടങ്ങിയ ശാത്താരിയ്യ, ഖാദിരിയ്യ,നഖ്‌ശബന്ദിയ്യ ത്വരീഖത്തുകളിലെ സൂഫികൾ, പേർഷ്യയിലെയും മധ്യേഷ്യയിലെയും തങ്ങളുടെ പൂർവികന്മാരുടെ മതപരിവത്തന പാരമ്പര്യങ്ങളെ കുറിച്ച് അഗാധബോധമുള്ളവരായിരുന്നു. മതപരിവർത്തന പ്രക്രിയകൾക്ക് വേണ്ടി തങ്ങളുടെ അഗാധമായ ജ്ഞാനം ഇന്ത്യൻ സാഹചര്യങ്ങളിൽ അവർ പ്രയോജനപ്പെടുത്തി. ശാത്താരി ത്വരീഖത്തിൻ്റെ ശൈഖായിരുന്നു ശൈഖ് അബ്ദുല്ല ബംഗാൾ മുതൽ മാൽവാ വരെ താൻ സ്ഥാപിച്ചതും ഗുജറാത്തിൽ നിന്ന് വളരെയകലെയായി ശിഷ്യന്മാർ പണിയിച്ചതുമായ പ്രാദേശിക ശാത്താരിയ്യ ഖാൻഗാഹുകൾ തികച്ചും അതുല്യവും ശാന്തവുമായ ചിശ്തി കേന്ദ്രങ്ങളായിരുന്നു. മതപരിവർത്തന കാര്യത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഈ ശാത്താരികൾ പ്രബോധന വൈദഗ്ധ്യം നേടിയവരും ഐഹിക വിരക്തി നേടാൻ വർഷങ്ങളോളം വനങ്ങളിൽ ചെലവഴിച്ചവരുമായിരുന്നു. അത്ഭുതങ്ങളും അസാധാരണ കൃത്യങ്ങളും ചെയ്യാനുള്ള അവരുടെ കഴിവിനെ കുറിച്ചുള്ള ശ്രുതി ഹിന്ദുക്കൾക്കിടയിലും മുസ്ലിംകൾക്കിടയിലും ശിഷ്യൻമാരെ നേടിക്കൊടുക്കുന്നതിൽ അവർക്ക് സഹായകമായി. ബംഗാളിൽ പ്രബോധനം നടത്തിയശൈഖ് ജലാലിൻ്റെയും ശിഷ്യരുടെയും പ്രവർത്തനങ്ങൾ പ്രസ്താവ്യമാണ് . ബംഗാളിലെ ധാരാളം ആനിമിസ്റ്റുകളെയും ബുദ്ധമതക്കാരെയും ഹിന്ദുക്കളെയും മതപരിവർത്തനം ചെയ്തതോടൊപ്പം അവർ തങ്ങളുടെ പ്രവർത്തനം സുമാത്ര,ജാവ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുക കൂടി ചെയ്തു.
അത്ഭുത സിദ്ധികളുടെ പേരിൽ ഖാദിരിയ്യ ത്വരീഖത്തും പ്രാദേശിക ജനങ്ങൾക്കിടയിൽ പ്രചാരം നേടിയിരുന്നു. പഞ്ചാബിലും, സിന്ധിലും സുഹ്‌റവർദി ത്വരീഖത്തിനെ അതിജയിക്കുകയും ചെയ്തു അവർ. ചാധിലെ ശൈഖ് ദാവൂദ് പ്രതിദിനം 50-100 ഹിന്ദുക്കളെ അവരുടെ ജീവിത ശൈലി കാണിച്ച് കൊടുത്ത് ഇസ്‌ലാം മതത്തിലേക്ക് ക്ഷണിച്ചിരുന്നു ബദായൂനി പറയുന്നു."(സൂഫിസം വേരുകൾ കെ എം ഖാദർ ഫൈസി)
ചിശ്തി ത്വരീഖതിനെകുറിച്ച് അബുൽ ഹസൻ നദ്‌വി എഴുതുന്നു: "ഇന്ത്യയിൽ എത്തിയ മുതൽ ചിശ്തി സിൽസില (ത്വരീഖ)യിലെ സൂഫികൾ നാടോട്ടുക്കും ചുറ്റി മതപ്രബോധനം ആരംഭിച്ചു. ഖാജാ മുഈനുദ്ധീൻ ചിശ്തി വഴി ഇസ്ലാം സ്വീകരിച്ചവർ നിരവധിയാണ്.ഖാജയുടെ ഭക്തിയുടെയും മതാവേശത്തിന്റെയും ഫലമായിരുന്നു ഇന്ത്യയിൽ ഇസ്ലാമിന്റെ പ്രചാരണമെന്നത് അംഗീകരിക്കപ്പെട്ട യാഥാർത്യമാണ്."(ഉദ്ധ:ഇന്ത്യ ചരിത്രത്തിലെ മുസ്‌ലിം സാന്നിധ്യം: ഡോ. ഹുസൈൻ രണ്ടത്താണി)
![]() |
| അബുൽ ഹസൻ നദ്‌വി |
ഇന്ത്യയിൽ വിവിധ ദേശങ്ങളിൽ മതപ്രബോധനം നടത്തിയ പ്രധാന സൂഫികളെ ചരിത്രകാരൻ
ഹുസൈൻ രണ്ടത്താണി രേഖപ്പെടുത്തുന്നു"ഹസ്രത് ഉബൈദുള്ള തങ്ങൾ മസ്താൻ വലി, ഖാസിം വലിയുല്ലാഹി (ലക്ഷദ്വീപ്) ശൈഖ് യൂസുഫ് ശംസുദ്ധീൻ (മാലിദ്വീപ്),നദാർഷാ (തൃഷ്ണാപ്പളി), സയ്യിദ് ഇബ്‌റാഹീം ബാദുശാ(എർവാടി), ശൈഖ് ഷാഹുൽ ഹമീദ് (നാഗൂർ), ബാബാ ഫഖ്‌റുദ്ധീൻ(പെനുഗണ്ട), മഹാവീർ ഖദായത് (ബീജാപൂർ), സയ്യിദ് ഗേഷു ദിറാസ് (ഗുൽ ബർഗ്), ശൈഖ് അബ്ദുൽ ഖാദിർ സാനി (ബെൽഗാം), ഹാംഷിപീർ (ഗുജറാത്ത്),മുഹമ്മദ് സാദിഖ് സർമസ്ത് (നാസിക്), സയ്യിദ് മുഹമ്മദ് ബ്നു അലി (ബൽഗാം), സയ്യിദ് യൂസുഫുദ്ധീൻ(സിന്ധ്)ഇമാം ഷാ(കച്ച് , ഗുജറാത്ത്),മാലിക് അബ്ദുൽ ലത്തീഫ് (ഗുജറാത്ത്)ശൈഖ് ജലാലുദ്ധീൻ തബ്‌രീസി(ബംഗാൾ),ഹാജി ശരീഅതുല്ല (ബംഗാൾ),ശൈഖ് ഇസ്മാഈൽ ബുഖാരി,ശൈഖ് ജുഹൂരി(ലാഹോർ),ശൈഖ് ബഹാഉദ്ധീൻ സകരിയ്യ(മുൾത്താൻ), ശൈഖ് നിസാമുദ്ധീൻ, ശൈഖ് ഹമീദുദ്ധീൻ, ശൈഖ് ഭക്തിയാർ(ഡൽഹി)ബാബാ ഫരീദ് (പാക്പത്തൻ)ശൈഖ് ജലാലുദ്ധീൻ (അസം)മൗലവി ഖാജ ഹുസൈൻ (ബോംബെ)സയ്യിദ് സഫർ അലി (ഖൻദേശ്),മൗലവി ഉബൈദുല്ല (പാട്യാല),ശൈഖ് യഹ്‌യ മാനേരി(ബീഹാർ)ഖാജ ബാഖി ബില്ലാഹി(ഡൽഹി).... ഈ പട്ടിക വളെരെ നീണ്ടതാണ്". (Ibid)
ഇസ് ലാമികപ്രബോധന പ്രചാരണ പ്രവർത്തനങ്ങളിൽ (സരണികൾ)നിസ്തുലമായ പങ്കുണ്ടെന്നാണ് ഇത്രയും പറഞ്ഞതിൽ നിന്ന് സുതരാം വ്യക്തമാവുന്നത്. കൊളോണിയൻ ചരിത്രകാരന്മാർ ആരോപിക്കുന്നത് പോലെ ആരെയും നിർബന്ധിച്ചു മതം മാറ്റുകയോ ഇന്ത്യൻ
സംസ്കാരത്തെ തകർക്കുകയോ ചെയ്തല്ല ഇന്ത്യയിൽ ഇസ് ലാം പ്രചരിച്ചത്. പ്രത്യുത, പുതിയൊരു സാംസ്കാരവും സമൂഹത്തെയും സൃഷ്ടിക്കുകയാണ് ചെയ്തത്.
കെ.ടി ഹുസൈൻ എഴുതുന്നു ."ചില സൂഫി പ്രബോധകർ ആന്തരികമായ സംസ്‌കരണത്തിന് മുന്‍ഗണന നല്‍കി, ഔപചാരികമായ മതംമാറ്റത്തിന് വലിയ ഊന്നല്‍ നല്‍കിയില്ല. അത്തരം സൂഫികള്‍ അമുസ്‌ലിംകള്‍ക്കും തങ്ങളുടെ ഖാൻഖാഹുകളില്‍ പ്രവേശനം നല്‍കുകയും മുസ്‌ലിംകളെ പോലെ അവര്‍ക്കും ആന്തരികമായ പരിഷ്‌കരണങ്ങൾക്ക് ശിക്ഷണം നല്‍കുകയും ചെയ്തു. ദൈവസ്മരണ സ്വയം തന്നെ പ്രകാശമാണെന്നും അതിന്റെ അനുഗ്രഹത്താല്‍ മനസ്സ് സ്വയമേവ ഇസ്‌ലാമിലേക്ക് ചായുമെന്നുമായിരുന്നു അവരുടെ നിലപാട്.(ഇന്ത്യൻ സാമൂഹിക രൂപീകരണവും മുസ്‌ലിം സാനിധ്യവും)
ശൈഖ് കലീമുല്ലാ ജാന്‍ബാദി എഴുതുന്നു: ''ഹിന്ദുക്കളോടും മുസ്‌ലിംകളോടും അനുരഞ്ജനത്തിന്റെ പാത കൈക്കൊള്ളുക. അവരില്‍ ആരൊക്കെ നിങ്ങളോട് വിശ്വാസം പുലര്‍ത്തുന്നുവോ അവരെ ദിക്‌റും ഫിക്‌റും ധ്യാനവും പരിശീലിപ്പിക്കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുക. എന്തുകൊണ്ടെന്നാല്‍ ദിക്ര്‍ അതിന്റെ മാസ്മരിക ശക്തിവിശേഷം കൊണ്ട് സ്വയം അവരെ ഇസ്‌ലാമിലേക്ക് വലിച്ചടുപ്പിക്കും".(എസ്.എം ഇക്റാം ആ
ബ് കൗസർ ഉദ്ധ: Ibid)
നാഫിഉസ്സാലികീനില്‍ ശൈഖ് കലീമുല്ലയുടെ ഒരു ശിഷ്യന്‍ ഗുരുവിന്റെ ഇതേ നിലപാട് ഒന്നുകൂടി ഊന്നിപ്പറയുന്നു: ''എന്റെ മാര്‍ഗദര്‍ശി (ശൈഖ് കലീമുല്ല ജാൻദാബി )ഇപ്രകാരം പറയുന്നു: ഹിന്ദുക്കളോടും മുസ്‌ലിംകളോടും സഹവര്‍ത്തിത്വത്തോടെ സമീപനം പുലര്‍ത്തുകയെന്നതാണ് എന്റെ രീതിയുടെ രഹസ്യം.''(islam and muslim in south asia ഉദ്ധ: Ibid)
ഇത്തരം സൂഫികള്‍ ഔപചാരികമായ മതംമാറ്റത്തിന് വലിയ ഊന്നല്‍ നല്‍കിയില്ല. ദൈവസ്മരണയെ കുറിച്ചുള്ള ഉദ്‌ബോധനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നായിരുന്നു അവരുടെ നിലപാട്. ആരെങ്കിലും ആത്മാര്‍ഥതയോടെ ദൈവത്തെ സ്മരിക്കാന്‍ തുടങ്ങിയാല്‍ ദൈവനാമത്തിന്റെ മഹത്വം കൊണ്ടുതന്നെ അവര്‍ സ്വയമേവ ഇസ്‌ലാമിലേക്ക് കsന്നു വരുമെന്ന ഉറച്ച വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു.
![]() |
| നിസാമുദ്ദീൻ ഔലിയ എന്ന് പറയപ്പെടുന്ന പെയിന്റിംഗ് |
ശാഹ് ഫഖ്‌റുദ്ദീന്‍ എഴുതുന്നു: '' പ്രബോധനം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തരുത് എന്ന കാര്യം മാത്രം നമുക്കറിയാം. ആദ്യം ഇസ്‌ലാം സ്വീകരിക്കട്ടെ, എന്നിട്ടാകാം ദിക്‌റിലും ധ്യാനത്തിലും ഏര്‍പ്പെടുന്നത് എന്ന ചിന്ത ശരിയല്ല. അല്ലാഹുവിന്റെ നാമത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രം ഒരാള്‍ വിശ്വാസിയായിത്തീരാം ". (lbid)
ഖാജാ നിസാമുദ്ദീന്‍ ഔലിയാ ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: ''ഈ ജനത്തോട് (ഹിന്ദു) പറയുന്നതുകൊണ്ട് വലിയ സ്വാധീനമുണ്ടാവുകയില്ല. എന്നാല്‍ എപ്പോഴെങ്കിലും നല്ല മുസ്‌ലിമുമായി സഹവസിക്കാന്‍ അവര്‍ക്ക് അവസരം കിട്ടിയാല്‍ അയാളിലൂടെ അവര്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നു വരാം.''( അറബ് വ ഹിന്ദ് കെ തഅല്ലുഖാത് :സയ്യിദ് സുലൈമാൻ നദ് വി)
മതജാതി പരിഗണനകളില്ലാതെ സൂഫികള്‍ എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അതേ പരിഗണനയിൽ അവരെ തങ്ങളുടെ പര്‍ണശാലയില്‍ പ്രവേശിപ്പിച്ചിരുന്നതും ഇവിടെ ചേർത്തു വായിക്കാം.
ഇസ്‌ലാം സത്യമതമെന്ന് ബോധ്യപ്പെട്ടതിനു ശേഷവും ചില ബാഹ്യസമ്മര്‍ദം കാരണം പരസ്യമായി ഇസ്‌ലാം പ്രഖ്യാപിക്കാന്‍ കഴിയാത്തവര്‍ക്ക് രഹസ്യമായി വിശ്വാസം പുലര്‍ത്താന്‍ സൂഫികള്‍ അനുവദിച്ചിരുന്നു. അങ്ങനെ ഹിന്ദു കുടുംബത്തില്‍ ജീവിച്ചുകൊണ്ടുതന്നെ രഹസ്യമായി ഇസ്‌ലാമിക ജീവിതം നയിക്കുന്നവരുണ്ടായിരുന്നുവത്രെ.
ഇസ്‌ലാമിക പ്രബോധനത്തില്‍ സൂഫി പ്രബോധകരുടെ സേവനത്തെ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഇപ്രകാരം വിലയിരുത്തുന്നു: ''തീവ്രമായ സ്‌നേഹപ്രഹര്‍ഷത്തോടെയും അഭിരുചിയോടെയും ദൈവികദീനിന്റെ പ്രബോധനാര്‍ത്ഥം അശ്രാന്ത പരിശ്രമം ചെയ്തവരാണ് സൂഫികള്‍. ഈ വസ്തുത ഇന്ന് ഏറെക്കുറെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അജ്ഞാതമാണ്. നിസ്തുലമായ നിശ്ചയദാര്‍ഢ്യത്തോടെയും ദീനീപ്രേമത്തോടെയും അവര്‍ ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പൊന്നൊളി പരത്തി. ഈ സൂഫികളും ഔലിയാക്കളും ഇന്ന് സൂഫികളെന്ന് പറഞ്ഞുനടക്കുന്നവര്‍ക്ക് മാതൃകയാകേണ്ടതാണ്.''
സൂഫികള്‍ ഇന്ത്യയിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം വീണ്ടും പറയുന്നു: ''അവരുടെ പ്രവര്‍ത്തനങ്ങളുടെ വിസ്മയകരമായ സ്വാധീനം ഇപ്പോഴും ഇന്ത്യയില്‍ ദൃശ്യമാണ്. ഇന്ത്യയിലെ ഹിന്ദു സഹോദരങ്ങളില്‍ നല്ലൊരു വിഭാഗം ഇസ്‌ലാമില്‍ വന്നില്ലെങ്കിലും മുസ്‌ലിം ആചാര്യന്മാരുടെ ആത്മീയ നേതൃത്വം സ്വീകരിച്ചവരാണ്.''
അദ്ദേഹം എഴുതുന്നു: ''1891-ലെ കാനേഷുമാരിയില്‍ തെക്കു പടിഞ്ഞാറന്‍ പ്രദേശത്തെ 23,23,643 ഹിന്ദുക്കള്‍ തങ്ങള്‍ ഏതെങ്കിലും പ്രത്യേക ദേവതകളില്‍ വിശ്വസിക്കുന്നില്ലെന്നും മറിച്ച് തങ്ങള്‍ക്ക് ആശ്രയം മുസ്‌ലിം പീറുമാരാണെന്നും പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം മത പ്രചാരണത്തിന് അത്യധ്വാനം ചെയ്ത സൂഫികള്‍ ഹിന്ദുക്കളിലെ വലിയൊരു വിഭാഗത്തില്‍ ഇസ്‌ലാമിന്റെ അസാധാരണമായ സ്വാധീനം സാധ്യതയായി ഉപേക്ഷിച്ചാണ് പോയതെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ പില്‍ക്കാലക്കാര്‍ക്ക് കഴിയുന്നില്ല എന്നതാണ് സങ്കടകരം'''( ഇസ്‌ലാം വാളിന്റെ തണലിലോ _ മൗദൂദി . ഉദ്ധ: ഇസ്‌ലാം സാമൂഹിക രൂപീകരണവും മുസ്‌ലിം സാന്നിധ്യവും)
കെ.ടിഹുസൈൻ എഴുതുന്നു : "ഇശ്‌റാഖി, വേദാന്ത സ്വാധീനം മൂലം തസ്വവ്വുഫിനെ നിഗൂഢവത്കരിച്ച് ഇസ്‌ലാമിന്റെ നിര്‍ബന്ധ അനുഷ്ഠാനങ്ങളുമായോ ജനജീവിതവുമായോ യാതൊരു ബന്ധവുമില്ലാത്ത ദാര്‍ശനിക
സൂഫിസത്തിന്റെ വക്താക്കളായിരുന്നില്ല ഇവരാരും. അവര്‍ക്ക് സൂഫിസം ഒരു ഭക്തിമാര്‍ഗവും ത്വരീഖത്ത് ജനങ്ങളെ സംസ്‌കരിക്കാനുള്ള രീതിശാസ്ത്രവും മാത്രമായിരുന്നു. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ കാലത്ത് ജീവിച്ച പ്രമുഖ മതപണ്ഡിതനായിരുന്ന മുല്ലാ മുബാറക് നാകൂരി, അദ്ദേഹത്തിന്റെ മക്കളായ അബുല്‍ ഫദല്‍, ഫൈദി തുടങ്ങിയവരാണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നിഗൂഢവത്കരിക്കപ്പെട്ട ദാര്‍ശനിക സൂഫിസത്തിന് തുടക്കമിട്ടത്. അക്ബറിന്റെ പ്രതിലോമ രാഷ്ട്രീയത്തിന് നിലമൊരുക്കുകയായിരുന്നു അവര്‍ അതിലൂടെ. ഇന്ത്യയില്‍ സൂഫിസത്തെ തന്നെ സമഗ്രമായി പരിഷ്‌കരിച്ച അഹ്മദ് സര്‍ഹിന്ദിയുടെ രംഗപ്രവേശത്തിന് അത് നിമിത്തമാവുകയും ചെയ്തു"(Ibid)
![]() |
| കെ.ടി ഹുസൈൻ |
സൂഫികൾ ഇന്ത്യൻ ചരിത്രത്തിൽ ചെലുത്തിയ സ്വാധീനവും ഇന്ത്യൻ സാമൂഹിക രൂപീകരണത്തിൽ വഹിച്ച പങ്കും വിവരണാതീതമാണ്.
ഇന്ത്യൻ സാമൂഹിക ജാഗരണത്തിൽ അനൽപമായ പങ്ക് വഹിച്ച ജനതയുടെ നിലനിൽപിൻ്റെ സാംഗത്യം പോലും ചോദ്യം ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് യഥാർത്ഥ ചരിത്രങ്ങളുടെ വസ്തു നിഷ്ഠമായ അന്വേഷണം അനിവാര്യമാണ്.
അസ്ദഖ് വാഴക്കാട്






COMMENTS