മുഖവുര
മിസ്സോറി സ്‌റ്റേറ്റിലെ ഫര്‍ഗൂസന്‍ പൊലീസിന്റെ വെടിയേറ്റ് മൈക്കല്‍ ബ്രൗണ്‍ കൊല്ലപ്പെട്ടതിന് പത്ത് നാള്‍ കഴിഞ്ഞ് 2014 ആഗസ്റ്റ് 19ന് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ഫലസ്ഥീന്‍ ലിബറേഷന്‍ അമേരിക്കയിലെ കറുത്തവരുടെ വിമോചനസമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു പ്രസ്താവനയിറക്കി. 'ആഭ്യന്തര കലഹങ്ങള്‍ തന്നെ സാമ്രാജ്യത്വത്തിന്റെ മതില്‍കെട്ടുകളെ തകര്‍ത്തുകളയും' എന്നതായിരുന്നു പ്രസ്താവനയിലെ ഏറ്റവും ശ്രദ്ധേയമായവാക്യം. മൈക്കല്‍ ബ്രൗണിനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച പോപ്പുല്‍ ഫ്രണ്ട് 'വ്യവസ്ഥാപിതവും സംഘടിതവുമായ വംശീയതയുടെ അഭിവാജ്യ ഘടകമാണ് അമേരിക്കന്‍ പൊലീസെന്ന്' അവരെ ശക്തമായി അധിക്ഷേപിക്കുകയും ചെയ്തു. അമേരിക്കന്‍ ബൗണ്ടറിക്കകത്ത് കൊളോണിയല്‍ ശക്തികളുടെ അടിച്ചമര്‍ത്തലും വംശീയ ആക്രമണങ്ങളും നേരിടേണ്ടി വരുന്നവരാണ് കറുത്ത വംശജര്‍ എന്ന വിശ്വാസക്കാരായിരുന്നു അവര്‍. അതിനെല്ലാം അപ്പുറം, എല്ലാ ഫലസ്ഥീനികളും, പ്രത്യേകിച്ച് അമേരിക്കയില്‍ താമസിക്കുന്ന ഫലസ്ഥീന്‍ സമൂഹം ബ്ലാക്ക് വിമോചന പോരാട്ടങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്നും അവര്‍ക്കൊപ്പം പോരാട്ടങ്ങളില്‍ അണിനിരക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് ആ പ്രസ്താവനയിലൂടെ ഫലസ്ഥീന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. വിമോചനസമരങ്ങള്‍ക്ക് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. സമരങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും ഇത്തരം ബന്ധങ്ങളെ ശക്തിപ്പെടുത്താനും അതിനെ ആഗോള തലത്തില്‍ വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇനി നമ്മില്‍ നിന്നും ഉണ്ടാവേണ്ടത്.
ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം, ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന്റെ അനന്തരഫലമെന്നോണം പ്രതിഷേധത്തിന്റെ ആദ്യ കനല്‍ ആളിപ്പടര്‍ന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അകത്ത് നിന്ന് തന്നെയായിരുന്നു. പ്രതിഷേധക്കാര്‍ മീനാപൊളീസ് മുഴുവന്‍ പിടിച്ചടക്കിയതും പൊലീസ് സ്റ്റേഷന്‍ അഗ്നിക്കിരയാക്കിയതും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ പ്രസ്താവനയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സുദീര്‍ഘമായ വിമോചനസമരങ്ങള്‍ക്കിടയില്‍ ഏറ്റവും സുന്ദരമായത് ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയും (ബ്ലാക്ക് പാന്തര്‍ എന്നും വിളിക്കപ്പെടുന്നു) ഫലസ്ഥീനും തമ്മിലെ സഹവര്‍ത്തിത്വത്തിന്റെ ചരിത്രമാണ്. 1969 ആഗസ്റ്റ് 30ന് 'ദി ബ്ലാക്ക് പാന്തര്‍' പത്രം പുറത്തിറങ്ങിയത് വളരെ വിചിത്രമായ ഒരു തലക്കെട്ടോടെയായിരുന്നു. സിയോണിസം (ജൂത ദേശീയത) + സാമ്രാജ്യത്വം= ഫാഷിസം എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ ദി ബ്ലാക്ക് പാന്തര്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. സിയോണിസത്തിന്റെയും ഇസ്രയേല്‍ ഉത്ഭവത്തിന്റെയും ചരിത്രം ചര്‍ച്ച ചെയ്ത ദി ബ്ലാക്ക് പാന്തര്‍ ആഗോള സാമ്രാജ്യത്വത്തിന്റെ ഭാഗമാണ് ജൂത ദേശീയതയെന്ന് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു. ഈ വാര്‍ത്ത പുറത്ത് വരുന്നതിന് ഒരു മാസം മുമ്പ് ഒരു സുപ്രധാന സംഭവമുണ്ടായി. അള്‍ജീരിയയില്‍ വെച്ച് ആഫ്രിക്കന്‍ ദേശീയോത്സവം നടന്നു. വിമോചനസമരങ്ങളുടെ നേതാക്കളില്‍ ഒരാളായ എല്‍ഡ്രിജ് ക്ലവര്‍ ഈ അന്തര്‍ദേശീയ പരിപാടിയുടെ സുപ്രധാന പ്രതിനിധികളില്‍ ഒരാളായിരുന്നു. പുതിയൊരു ചരിത്രം പിറവിയെടുത്ത സന്ദര്‍ഭമായിരുന്നു അത്. ഉദ്ഘാടന ചടങ്ങില്‍ വെച്ച് ക്ലവറും ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെ മാര്‍ഷല്‍ ഡൊണാള്‍ഡ് കോക്‌സും ചേര്‍ന്ന് യാസര്‍ അറഫാത്തിന്റെ ഇരുകരങ്ങളും ഉയര്‍ത്തിപ്പിടിച്ച് സഹവര്‍ത്തിത്വത്തിന്റെ ചിത്രം ലോകത്തിന് കാണിച്ചുകൊടുത്തു. ഫലസ്ഥീനിന്റെയും ബ്ലാക്ക് അമേരിക്കയുടെയും മാത്രമല്ല മൂന്നാം ലോക രാജ്യങ്ങളുടെയെല്ലാം വിമോചനസമരങ്ങളുടെ മുഖ്യ ശത്രു സിയോണിസം ആണെന്നതായിരുന്നു ചേര്‍ത്തുപിടിച്ച കൈകള്‍ നല്‍കിയ സന്ദേശം.
ദി ബ്ലാക്ക് പാന്തറിന്റെ ജൂത ദേശീയത പ്രയോഗത്തിന് രണ്ടാഴ്ചകള്‍ക്ക് ശേഷം ക്ലവറിന്റെ പാന്‍മുന്‍ജോം (ഉത്തര കൊറിയ) സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള ജനറല്‍ ബോണ്‍സ്റ്റീലിന്റെ പ്രസ്താവന സി.ഐ.എയുടെ ഇന്റര്‍നാഷണല്‍ മെമോ പ്രസിദ്ധീകരിച്ചു. ഫലസ്ഥീന്‍ വിമോചനസമരമടക്കം ഒരുപാട് സമരങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും അദ്ദേഹം ജനങ്ങളെ പ്രേരിപ്പിക്കുന്നു എന്നതായിരുന്നു അവരതിന് കണ്ട കാരണം. ബോണ്‍സ്റ്റീലിന്റെ ഏകപക്ഷീയ തീരുമാനം ഉത്തര കൊറിയന്‍ ഗവണ്‍മെന്റിനെ ചൊടിപ്പിച്ചു എന്ന് മാത്രമല്ല 1969 സെപ്തംബറില്‍ ഉത്തര കൊറിയയിലെ പാന്‍ജിയോങില്‍ അമേരിക്കയുടെ സാമ്രാജ്യത്വ ആക്രമണങ്ങള്‍ക്കെതിരെ നടന്ന വേള്‍ഡ് കോണ്‍ഫറന്‍സ് ഓഫ് വേള്‍ഡ് വൈഡ് ജേര്‍ണലിസ്റ്റിലേക്ക് മുഖ്യാതിഥിയായി കൊറിയന്‍ ഗവണ്‍മെന്റ് ക്ലവറിനെ ക്ഷണിക്കുകയും ചെയ്തു. റിപ്പബ്ലിക്ക് ഓഫ് കൊറിയയിലെ ജനാധിപത്യ വിശ്വാസികള്‍ക്കൊപ്പമുള്ള ക്ലവറിന്റെ സഞ്ചാരം കൊറിയയിലെ യു.എസ് കമ്മാന്ററായ ചാള്‍സ് ബോണ്‍സ്റ്റീലിനെ ദേഷ്യപ്പെടുത്തുന്നുവെങ്കില്‍, അമേരിക്കന്‍ പട്ടാളവും സി.ഐ.എയും ബ്ലാക്ക് മൂവ്‌മെന്റുകളെ എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണത്. മാത്രമല്ല, ഫലസ്ഥീന്‍ വിമോചന സമരങ്ങളില്‍ ബ്ലാക്ക് ഇന്റര്‍നാഷണലും ഇടപെടുന്നത് അമേരിക്കന്‍ ഭരണകൂടത്തിനും ഇന്റലിജന്‍സുകള്‍ക്കും വലിയ തലവേദന സൃഷ്ടിക്കുമെന്നതാണ് ഫലസ്ഥീന്‍ ലിബറേഷന്റെ ഉത്തരവാദിത്വം കൂടി ക്ലവറിന്റെ മേല്‍ കെട്ടിവെക്കാനുള്ള കിഴക്കേഷ്യന്‍ പ്രവിശ്യകളിലെ പ്രമുഖ സൈനിക കമ്മാന്ററുകളില്‍ ഒരാളായ ബോണ്‍സ്റ്റീലിന്റെ ശ്രമങ്ങള്‍ വ്യക്തമാക്കുന്നത്.
ഫലസ്ഥീന്‍ വിഷയത്തില്‍ ബ്ലാക്ക് പാന്തറിന്റെ ഇടപെടല്‍ പോലെത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് നോര്‍ത്ത് കരോലിനയിലെ റോബര്‍ട്ട് എഫ്. വില്യംസും ഡെട്രോയിറ്റിലെ ലീഗ് ഓഫ് റവലൂഷണറി ബ്ലാക്ക് വര്‍ക്കേഴ്‌സും. രണ്ടും രണ്ട് രീതികളാണ്. ജ്ഞാനോല്‍പാദനത്തിന്റെയും കൈമാറ്റത്തിന്റെയും പ്രായോഗിക മാര്‍ഗങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം എന്നതിനെക്കുറിച്ചും വിപ്ലവാത്മക രാജ്യങ്ങളിലേക്കും സ്വയ ഉത്പാദനത്തിനും കൈമാറ്റത്തിനും പര്യപ്തമായ മേഖലകളിലേക്ക് കൂടി അത് എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമാണ് റോബര്‍ട്ട് വില്യംസ് അന്വേഷിച്ചത്. പ്രാദേശിക മേഖലകളിലുമുള്ള വിമോചനസമരങ്ങളുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനായി അന്തര്‍ദേശീയ തലത്തില്‍ ഐക്യദാര്‍ഢ്യ മാര്‍ഗങ്ങള്‍ സാധ്യമാക്കുന്നതിലാണ് ലീഗ് ഓഫ് ബ്ലാക്ക് റവലൂഷണറി വര്‍ക്കേഴ്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
റോബര്‍ട്ട് എഫ്. വില്യംസും വംശീയ കൊലയാളികള്‍ തമ്മിലുള്ള ദുഷിച്ച സഖ്യവും
1960കളിലെ അന്തര്‍ദേശീയ വിപ്ലവ വ്യക്തിത്വങ്ങളുടെ മാതൃകാ പുരുഷനായിരുന്നു റോബര്‍ട്ട് വില്യംസ്. ബ്ലാക്ക് സാര്‍വദേശീയതയുടെ പുതിയ കാലത്തും മാതൃക പുരുഷനായി അദ്ദേഹം സ്മരിക്കപ്പെടുന്നു. 1957ല്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കളേര്‍ഡ് പീപിളിന്റെ (എന്‍എഎസിപി) മണ്‍റോ ബ്രാഞ്ച് തലവനായിരുന്നപ്പോള്‍ ഹാന്‍വര്‍ തോംസണ്‍, ഡേവിഡ് സിംസണ്‍ എന്ന് പേരുള്ള രണ്ട് കറുത്ത വര്‍ഗക്കാരായ കുട്ടികള്‍ മണ്‍റോയിലെ ഒരു വെളുത്ത പെണ്‍കുട്ടിയെ ചുംബിച്ചുവെന്ന ആരോപണത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടുത്തി. അസോസിയേഷനിലുള്ള ചിലരെ കൂ ക്ലസ് ക്ലാനിലെ (ആഫ്രിക്കന്‍ അമേരിക്കന്‍സിനെതിരെ വംശീയ വിദ്വേഷം വെച്ച് പുലര്‍ത്തുന്ന അമേരിക്കന്‍ വൈറ്റ് സുപ്രീമിസ്റ്റ് വിഭാഗം) ചില ആളുകള്‍ വെടിവെച്ചതോടെ 'സായുധ സ്വയം പ്രതിരോധം' എന്ന തന്ത്രം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വില്യംസ് കറുത്തവരെ ബോധ്യപ്പെടുത്തി. ശിക്ഷയെ ഭയക്കാതെയുള്ള വെളുത്ത വര്‍ഗക്കാരുടെ വംശീയാതിക്രമങ്ങള്‍ പൈശാചികതയുടെയും മൃഗീയതയുടെയും അതിരുകള്‍ ലംഘിക്കുമെന്ന് വില്യംസിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വെള്ളക്കാരുടെ പ്രതിരോധശേഷിയെ തകര്‍ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. രോഷാകുലരായ ജനത്തില്‍ വെള്ളക്കാരില്‍ പെട്ട ദമ്പതികള്‍ക്ക് അദ്ദേഹം നല്‍കിയ സംരക്ഷണം അദ്ദേഹത്തിന് തന്നെ വിനയായി. അദ്ദേഹം അവരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതാണെന്ന് ആരോപണം ഉയര്‍ന്നതോടെ അദ്ദേഹം ക്യൂബയിലേക്ക് നാടുവിട്ടു.
ക്യൂബയില്‍ വെച്ച് ഫിഡല്‍ കാസ്‌ട്രോയുടെ ആശീര്‍വാദത്തോടെ വില്യംസ് 'റേഡിയോ ഫ്രീ ഡക്‌സി' സ്ഥാപിക്കുകയും തെക്കേ അമേരിക്കന്‍ നാടുകളിലേക്ക് പ്രക്ഷേപണം നടത്തുകയും ചെയ്തു. അതോടൊപ്പം 'ദി ക്രൂസേഡര്‍' എന്ന പ്രസിദ്ധീകരണവും അദ്ദേഹം പുറത്തിറക്കി.
1965ല്‍ ഉത്തര വിയറ്റ്‌നാമിലേക്ക് യാത്ര തിരിക്കുകയും അതേ വര്‍ഷം തന്നെ ചൈനയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ബെയ്ജിങില്‍ വെച്ച് മാവോ സെതുങിന്റെ റാലികളില്‍ പങ്കെടുത്ത് അമേരിക്കയുടെ സാമ്രാജ്യത്വ, വംശീയ ബോധത്തിനെതിരെ ശക്തമായി പ്രസംഗിക്കുകയും ചെയ്തു. ചൈന ജീവിതത്തിനിടയില്‍ ഫലസ്ഥീനികളോടുള്ള വില്യംസിന്റെ പ്രതിബദ്ധത ഒന്നുകൂടി ശക്തമായി. 1968 ഏപ്രില്‍ മാസം അദ്ദേഹം ഫതഹ് മൂവ്‌മെന്റിന്റെ പ്രതിനിധികളെ കണ്ടുമുട്ടുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. ഫലസ്ഥീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും(പിഎല്‍ഒ) ജോര്‍ദാന്‍ സൈന്യവും (ജെഎഎഫ്) ചേര്‍ന്ന് ഇസ്രയേല്‍ സൈന്യത്തെ അടിച്ചോടിച്ച ഐതിഹാസിക കറാമ യുദ്ധം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു ഫതഹ് പ്രതിനിധികളുമായുള്ള വില്യംസിന്റെ കൂടിക്കാഴ്ച. അതിന് ശേഷമാണ് ആഗോള തലത്തില്‍ ഫലസ്ഥീന്‍ വിമോചന സമരങ്ങള്‍ക്ക് വലിയ രീതിയില്‍ സ്വീകാര്യത ലഭിക്കുന്നത്. വില്യംസ് പറയുന്നു: 'ഇസ്രയേല്‍ അധിനിവേശത്തിനെതിരെയും സയണിസ്റ്റ് ചിന്തകള്‍ക്കെതിരെയും അറബ് ലോകം നയിക്കുന്ന ദേശീയ സമരങ്ങളെക്കുറിച്ചുള്ള ഫലപ്രദമായ അറിവും വിശാലമായ കാഴ്ചപ്പാടുമാണ് ഈ കൂടിക്കാഴ്ച കൊണ്ട് എനിക്കുണ്ടായ നേട്ടം'. ലീഗ് ഓഫ് റവലൂഷണറി ബ്ലാക്ക് വര്‍ക്കേഴ്‌സിന്റെ തലവനായ വില്യംസ് കൂടിക്കാഴ്ചക്ക് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്; 'അറബ് ജനതക്കെതിരെ ഇസ്രയേല്‍ നടത്തുന്നത് പൈശാചികമായ വംശഹത്യ പദ്ധതിയാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അമേരിക്കന്‍-ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സഹായത്തോടെയും പിന്തുണയോടെയും ഇന്ന് അമേരിക്കയെന്ന് പറയപ്പെടുന്ന രാജ്യത്തെ പരമ്പരാഗത ജനതക്കെതിരെ യൂറോപ്പ് നടത്തിയ അധിനിവേശ, കയ്യേറ്റ കൊള്ള ഫലസ്ഥീന്‍ ജനതക്കെതിരെയും നടത്താനുള്ള ശ്രമമാണ് ഇസ്രയേല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ അധിനിവേശക്കാരാല്‍ അവിടുത്തെ പരമ്പരാഗത ജനത ഇന്ന് നേരിടുന്ന പോലെത്തന്നെയാണ് സയണിസ്റ്റുകളാല്‍ അറബ് സമൂഹവും ഭീഷണിയും അതിക്രമങ്ങളും നേരിടുന്നത്. അതിനാല്‍ തന്നെ അറബ് സമൂഹം നടത്തുന്ന വിമോചനസമരങ്ങള്‍ക്ക് ആഫ്രോ-അമേരിക്കന്‍ ജനതയുടെ പോരാട്ടങ്ങളുമായി വലിയ സാമ്യതയുണ്ട്. വംശീയ കൊലയാളികളുടെ ദുഷിച്ച കൂട്ടുകെട്ടിനെതിരെയാണ് നമ്മുടെ പോരാട്ടങ്ങള്‍. എന്ത് വില കൊടുത്തും നമുക്കതില്‍ വിജയിക്കേണ്ടതുണ്ട്. പൈശാചികാധിപത്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് സമരങ്ങളില്‍ ഫലസ്ഥീനിലെ പ്രിയ സഹോദരങ്ങള്‍ക്കും അറബ് സമൂഹത്തിനും എന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് ഞാന്‍ അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുകയാണ്'.
മൊറോക്കന്‍ ഇടതുപക്ഷ സൈനികനായിരുന്ന മഹ്ദി ബ്‌നു ബര്‍ക്കിനെ (ഹവാനയിലെ കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സിന്റെ (1966) സാംസ്‌കാരിക സ്ഥാപകരില്‍ ഒരാളായിരുന്നു ഇദ്ദേഹം) തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താനായി തയ്യാറാക്കിയ ഇസ്രയേല്‍-മൊറോക്കന്‍ പ്ലാന്‍ വായിച്ചാല്‍ വംശീയ കൊലയാളികളുമായുള്ള ഇസ്രയേലിന്റെ പൈശാചിക കൂട്ടുകെട്ടിനെക്കുറിച്ച് വില്യംസ് പറഞ്ഞത് എത്രമാത്രം ശരിയായിരുന്നുവെന്ന് ബോധ്യമാകും.
ഫലസ്ഥീന്‍ വിമോചനസമരത്തില്‍ റോബര്‍ട്ട് വില്യംസിന്റെ നിലപാട് വിദേശത്തുള്ള അദ്ദേഹത്തിന്റെ അനുയായി വൃന്ദത്തെയും നന്നായി സ്വാധീനിച്ചിരുന്നു.
'ഇസ്രയേലിലെ സയണിസ്റ്റ് ഗവണ്‍മെന്റിനെ പിന്തുണക്കുന്ന അമേരിക്കക്കെതിരെ ബ്ലാക്ക് അമേരിക്കന്‍സ് നല്‍കുന്ന നിവേദനം' എന്ന തലക്കെട്ടോടെ 1970 നവംബര്‍ ഒന്നിന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച നിവേദന രേഖയില്‍ ഒപ്പുവെച്ച 56 പേരില്‍ ഒരാളായാണ് പിന്നീട് വില്യംസ് അമേരിക്കയിലേക്ക് തിരിച്ചുവന്നത്. ഫലസ്ഥീന്‍ സഹോദരി സഹോദരന്മാര്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം 'ബ്ലാക്ക് സെപ്തംബര്‍' യുദ്ധത്തിനിടക്ക് ഫലസ്ഥീന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയും ഗറില്ലാ പോരാളികള്‍ക്കെതിരെയും ഹുസൈന്‍ രാജാവ് നടത്തിയ കൂട്ടക്കൊലക്ക് അമേരിക്ക നല്‍കിയ നിര്‍ലോമ പിന്തുണയെ ശക്തമായി അപലപിക്കുന്നതായിരുന്ന ഈ നിവേദനം. അമേരിക്കയെക്കാളും ഇസ്രയേലിനെതിരായിരുന്നു അവരുടെ വിമര്‍ശനം. ദക്ഷിണാഫ്രിക്ക, റൊഡീഷിയ(1965 മുതല്‍ 1979 വരെ ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്ന സംസ്ഥാനം) തുടങ്ങിയവയെപ്പോലെത്തന്നെ ഇസ്രയേലും ഒരു വൈറ്റ് സെറ്റ്‌ലര്‍ സ്‌റ്റേറ്റാണെന്നായിരുന്നു ഒപ്പുവെച്ച നിവേദനത്തില്‍ അവര്‍ എഴുതിയത്. 1969 ജനുവരി യാസര്‍ അറഫാത്ത് പ്രഖ്യാപിച്ച മുസ്‌ലിം, ക്രിസ്ത്യന്‍, ജൂതര്‍ അടങ്ങുന്ന എല്ലാ ഫലസ്ഥീനികള്‍ക്കും തുല്യ അവകാശം നല്‍കുന്ന മതേതര, ജനാധിപത്യ, വംശീയ രഹിത 'സ്വതന്ത്ര ഫലസ്ഥീന്‍' എന്ന രാഷ്ട്രീയ കാഴ്ചപ്പാടിനുള്ള പരസ്യമായ പിന്തുണയായിരുന്ന വില്യംസ് അടക്കമുള്ളവര്‍ ഒപ്പിട്ട് തയ്യാറാക്കിയ നിവേദനം.
ജന്മനാട് നോര്‍ത്ത് കരോലിന ആയിട്ടും വില്യംസ് നിവേദനത്തില്‍ ഒപ്പുവെച്ചത് ഡെട്രോയിറ്റില്‍ വെച്ചായിരുന്നു. ഡെട്രോയിറ്റിലുള്ള അദ്ദേഹത്തിന്റെ സ്വാധീനമാണ് അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്. രണ്ട് വിത്യസ്ത സന്ദര്‍ഭങ്ങളിലായി ചുരുങ്ങിയ കാലയളവ് മാത്രമാണ് വില്യംസ് ഡെട്രോയിറ്റില്‍ ചെലവഴിച്ചത്; 1942, 1948 (ഫലസ്ഥീന്‍ നഖബയുടെ നാളുകള്‍) എന്നീ വര്‍ഷങ്ങളില്‍. ഓട്ടോമൊബൈല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (യു.എ.ഡബ്ല്യൂ 600) മെമ്പറായി ഓട്ടോമൊബൈല്‍ ഇന്റസ്ട്രിയില്‍ ജോലി ചെയ്യുന്ന കാലമായിരുന്നു അത്. വൈറ്റ് അമേരിക്കന്‍സിനെതിരെ 'സായുധ സ്വയം പ്രതിരോധം' തീര്‍ക്കാന്‍ നടത്തിയ ആഹ്വാനം ഡെട്രേയിറ്റില്‍ വില്യംസിന് വലിയ അനുയായി വൃന്ദത്തെ നേടിക്കൊടുത്തു. 1961ല്‍ വെളുത്തവരായ ദമ്പതികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചവന്‍ എന്ന് ആരോപണ വിധേയനായപ്പോള്‍ ഡെട്രോയിറ്റിലെ ആക്റ്റിവിസ്റ്റുകള്‍ അദ്ദേഹത്തിനായി 'റോബര്‍ട്ട് വില്യംസ് ഡിഫന്‍സ് കമ്മിറ്റി' എന്ന പേരില്‍ കൂട്ടായ്മ തന്നെ രൂപീകരിച്ചിരുന്നു. ഡെട്രോയിറ്റില്‍ വില്യംസിന് അത്രമാത്രം സ്വാധീനമുണ്ടായിരുന്നു.
![]() |
| റോബർട്ട് വില്യംസ് |
ഡെട്രോയിറ്റിലെ ഫലസ്ഥീന്‍: 'ധീര സംഘടനകളുടെ കാലം'
1960ന്റെ അവസാന കാലത്ത് യു.എസിലെ ഫലസ്ഥീന്‍ വിമോചനസമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ ബ്ലാക്ക് സംഘടനകളുടെയെല്ലാം ശക്തികേന്ദ്രമായിരുന്നു ഡെട്രോയിറ്റ്. 1968 മെയ് മാസം ഡോഡ്ജ് കാര്‍ ഫാക്ടറിയിലേക്ക് അസംഘടിത സമരം നയിച്ച ഡോഡ്ജ് റവലൂഷണറി യൂണിയന്‍ മൂവ്‌മെന്റ് (ഡിആര്‍യുഎം) അടക്കമുള്ള എണ്ണമറ്റ വിപ്ലവ സംഘടനകള്‍ ചേര്‍ന്നാണ് 1969ല്‍ ലീഗ് ഓഫ് റവലൂഷണറി ബ്ലാക്ക് വര്‍ക്കേഴ്‌സ് രൂപം കൊള്ളുന്നത്. 125000 ഡോളര്‍ ബജറ്റും 18000 വരിക്കാരുമുള്ള വെയ്‌ന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി (ഡബ്ല്യൂ.എസ്.യു) വിദ്യാര്‍ത്ഥികളുടെ മുഖപത്രമായ 'ദി സൗത്ത് എന്റി' ന്റെ എഡിറ്റോറിയല്‍ നിയന്ത്രിക്കുന്ന തലത്തിലേക്ക് വരെ ഡി.ആര്‍.യു മൂവ്‌മെന്റ് അംഗങ്ങള്‍ ശക്തി പ്രാപിച്ചിട്ടുണ്ടായിരുന്നു. ഡി.ആര്‍.യു.എം അംഗങ്ങള്‍, പ്രത്യേകിച്ചും ജോണ്‍ വാട്‌സന്‍, ഈ പത്രത്തെ അവരുടെ മുഖപത്രമാക്കി മാറ്റി. ദി സൗത്തിനെക്കുറിച്ച് വാട്‌സന്‍ പറയുന്നു: 'കേവലം യൂണിവേഴ്‌സിറ്റി, സ്‌റ്റേറ്റ് അല്ലെങ്കില്‍ കാമ്പസിലെ വിദ്യാര്‍ത്ഥികളെത്തന്നെ പ്രതിനിധീകരിക്കുന്ന ഒരു പത്രം മാത്രമായി ഇതൊരിക്കലും മാറാന്‍ പാടില്ല. മറിച്ച് എല്ലാ സമൂഹത്തെയും അഭിമുഖീകരിക്കുന്ന ഒരു പത്രമാവണം ദി സൗത്ത് എന്റ്'. അഥവാ, കാമ്പസിനകത്തെ വിദ്യാര്‍ത്ഥികള്‍ക്കപ്പുറമുള്ള ഒരു സമൂഹത്തെ പ്രതിനിധീകരിക്കുന്നൊരു ഉപകരണമായി ദി സൗത്ത് എന്റ് മാറണം. ആ ഉദ്ദേശ പ്രകാരം ഹാംട്രാംക് അസംബ്ലി ഫാക്ടറിയിലെ കറുത്ത തൊഴിലാളി വര്‍ഗത്തെ സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ആദ്യം ദി സൗത്ത് എന്റ് ഉപയോഗിച്ചത്. തൊട്ടുടനെ ലോക്ക് ട്രിപ്പ്, മൈക്ക് ഹാംലിന്‍, ജനറല്‍ ബേക്കര്‍, ചാള്‍സ് മാവോ ജോണ്‍സന്‍, അറ്റോര്‍ണി കെന്നത്ത് കോക്ക്‌റല്‍ അടക്കമുള്ള റാഡിക്കല്‍ ബ്ലാക്ക് ആക്റ്റിവിസ്റ്റുകളെ വാട്‌സന്‍ ഡിആര്‍യുഎമ്മിനോട് ചേര്‍ത്തു. ഈ കൂട്ടായ്മയാണ് പിന്നീട് ലീഗ് ഓഫ് റവലൂഷണറി ബ്ലാക്ക് വര്‍ക്കേഴ്‌സ് ആയി മാറിയത്. റോബര്‍ട്ട് എഫ്. വില്യംസാണ് ഇത്തരത്തിലൊരു കൂട്ടായ്മക്ക് ചുക്കാന്‍ പിടിച്ചത്. ലീഗിലെ ജനറല്‍ ബേക്കര്‍ നേരത്തെത്തന്നെ റോബര്‍ട്ട് വില്യംസ് ഡിഫന്‍സ് കമ്മിറ്റി (1961) അംഗമായിരുന്നു. ബാക്കിയുള്ളവരില്‍ അധിക പേരും ഹവാനയില്‍ വെച്ച് വില്യംസിന്റെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരായിരുന്നു.
കറുത്ത വര്‍ഗക്കാരായ തൊഴിലാളികളെ ലീഗിലേക്ക് ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്നതോടൊപ്പം ദി സൗത്ത് എന്റ് ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന വിപ്ലവ, സമര വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും ആഴത്തില്‍ അവലോകനം ചെയ്യാനും തുടങ്ങി. വാര്‍ത്തകള്‍ ഉള്‍പെടുത്തിയുള്ള ആദ്യ പതിപ്പില്‍ എഡിറ്റോറിയലിലൂടെ അതിന്റെ ലക്ഷ്യത്തെക്കുറിച്ച് അവര്‍ വിശദീകരിച്ചു; 'മുതലാളിത്വത്തിന്റെയും വംശീയതയുടെയും വെളുത്തവരുടെ സാമ്രാജ്യത്വവാഴ്ചയുടെയും ഇരകളായ അടിച്ചമര്‍ത്തപ്പെടുന്ന പാവപ്പെട്ടവരുടെയും ചൂഷണത്തിന് വിധേയരാകുന്നവരുടെയും അബലരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ദി സൗത്ത് എന്റ്' വെയ്‌ന സ്റ്റേറ്റിലേക്ക് തിരിച്ചെത്തുന്നത്. മാത്രമല്ല, വംശീയ ആക്രമണങ്ങള്‍ക്കെതിരെയും ചൂഷണത്തിനെതിരെയും ശക്തമായ നിലപാട് തന്നെയായിരിക്കും പത്രം കൈകൊള്ളുക'. ഒരു ദിവസം 'വീരോചിത ഗറില്ലാ പോരാട്ടങ്ങളുടെ വര്‍ഷം' എന്ന മുഖക്കുറിപ്പോടെ ഇറങ്ങിയ പ്രതിയെല്ലാം ആ നിലപാടിന്റെ ഉറച്ച സ്വരമായിരുന്നു. മിക്കപ്പോഴും, കാമ്പസിന് പുറത്ത് ഡെട്രോയിറ്റ് നഗരത്തിലെ പ്രധാന ഫാക്ടറികളിലെല്ലാം പത്രം വിതരണം ചെയ്യപ്പെട്ടിരുന്നു. 1969 ജനുവരി അവസാനത്തില്‍ ഇറങ്ങിയ പ്രതി ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇസ്രയേലിനെതിരെ ഫതഹ് നേതൃത്വം കൊടുക്കുന്ന ഗറില്ലാ മൂവ്‌മെന്റുകള്‍ക്ക് പിന്തുണ നല്‍കിയുള്ള ഒരു ലേഖനം പത്രം പ്രസിദ്ധീകരിച്ചു. ലേഖനം വിവാദമായതോടെ വെയ്‌ന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ വില്യം കെസെറ്റ് പത്രത്തെ അപലപിക്കുകയും ലേഖനത്തെ 'യഹൂദ വിരുദ്ധ' മെന്നും 'ഹിറ്റലറുടെ കാലത്തെ ജര്‍മ്മനിയെയാണ് അത് ഓര്‍മ്മിപ്പിക്കുന്നതെന്നും' ആക്ഷേപിക്കുകയും ചെയ്തു. ഇസ്രയേലിനെതിരായുള്ള ലേഖനത്തിന് പത്രാധിപര്‍ക്ക് കത്തുകളും പ്രതികരണങ്ങളും അയക്കാന്‍ അനുവദിച്ചിട്ടും ഡെട്രോയിറ്റിലെയും ഹൂസ്റ്റണിലെയും ചില ഉദ്യോഗസ്ഥര്‍ പത്രത്തിനെതിരായ അക്രമത്തില്‍ പരസ്യമായി പങ്ക് ചേര്‍ന്നു. പ്രാദേശിക പത്രങ്ങളായ ഡെട്രോയിറ്റ് ന്യൂസും ഡെട്രോയിറ്റ് ഫ്രീ പ്രസ്സും മറ്റു ടിവി ചാനലുകളും ദി സൗത്ത് എന്റിനെതിരെ ആക്രമണം ശക്തമാക്കി.
ഫെബ്രുവരി മൂന്നിന് ചില അക്രമകാരികള്‍ ആസൂത്രിതമായ നീക്കത്തിലൂടെ ദി സൗത്ത് എന്റ് ഓഫീസ് അഗ്നിക്കിരയാക്കി.
പത്രത്തിന് നേരെയുണ്ടായ തീവ്രമായ പ്രതികരണങ്ങള്‍ വാട്‌സനെയും പത്ര മാനേജ്‌മെന്റിനെയും അത്ഭുതപ്പെടുത്തി. അമേരിക്കയെ സംബന്ധിച്ചെടുത്തോളം ഒരിക്കലും മറികടക്കാന്‍ പാടില്ലാത്ത അതിര്‍ വരമ്പാണ് ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യമെന്ന് അവര്‍ക്ക് ബോധ്യമായി. ദി സൗത്ത് എന്റ് എഡിറ്റോറിയല്‍ ബോര്‍ഡിലെ ഒരു അംഗം ആ സംഭവത്തെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്; 'ഫതഹിനെക്കുറിച്ചുള്ള ആദ്യ പേജിലെ എഡിറ്റോറിയല്‍ നരഗത്തിന്റെ കവാടങ്ങളാണ് തുറന്നിട്ടത്'. വിവാദങ്ങള്‍ക്ക് കാരണമായ 'ജൂത വിരുദ്ധത'യെ വാട്‌സന്‍ ന്യായീകരിക്കുകയും എഡിറ്റോറിയല്‍ ബോര്‍ഡിലെ യഹൂദ സ്റ്റാഫുകളെല്ലാം ഇസ്രയേലിനെതിരെയുള്ള ഈ രാഷ്ട്രീയ വിമര്‍ശനത്തെ അംഗീകരിക്കുന്നവരാണെന്ന് വ്യക്തമാക്കുകയും ചെയ്തു. രോഷാകുലനായ വാട്‌സന്‍ ശക്തമായൊരു തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു; 'വടക്കന്‍ അമേരിക്കയില്‍ അറബ് സംസാരിക്കുന്ന ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലങ്ങള്‍ ഡെട്രോയിറ്റും ഓഹിയോയിലെ ടോളിഡോയുമാണ്. ഇനിമുതല്‍ അവിടെയെല്ലാം മറ്റേത് പത്രത്തേക്കാളും അറബ് സമൂഹത്തിന്റെ ആധികാരിക ശബ്ദമായി ദി സൗത്ത് എന്റ് മാറും'. പത്രത്തിന് നേരെയുണ്ടായ നാടകീയ രംഗങ്ങള്‍ വാട്‌സനെ ഒരേസമയം പ്രകോപിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു. 1971ല്‍ മദ്ധ്യേഷ്യയില്‍ യാത്ര നടത്തിയ വാട്‌സന്‍ അറബ് വിപ്ലവ സംഘടനകളുടെ പ്രതിനിധികളുമായെല്ലാം കൂടിക്കാഴ്ച നടത്തി. ഫലസ്ഥീനിനെയും വിമോചന സമരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഒരുകൂട്ടം സിനിമകളുമായാണ് വാട്‌സന്‍ അമേരിക്കയിലേക്ക് യാത്ര കഴിഞ്ഞെത്തിയത്.
സംഗ്രഹം
റോബര്‍ട്ട് എഫ്. വില്യംസിന്റെ ജീവചരിത്രവും ലീഗ് ഓഫ് റവലൂഷണറി ബ്ലാക്ക് വര്‍ക്കേഴ്‌സിന്റെയും ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന ചരിത്രവും കൊണ്ട് മാത്രം മതി ബ്ലാക്ക് ഇന്റര്‍നാഷണലും ഫലസ്ഥീന്‍ വിമോചനസമരങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ആഴം വ്യക്തമാകും. ലീഗ് ഓഫ് റവലൂഷണറി ബ്ലാക്ക് വര്‍ക്കേഴ്‌സിന്റെ പ്രവര്‍ത്തന അനുഭവത്തെ സംബന്ധിച്ചെടുത്തോളം അധിനിവേശത്തിനും വംശീയതക്കുമെതിരെയുള്ള സമരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ഐക്യദാര്‍ഢ്യങ്ങള്‍ എത്രമാത്രം ഊര്‍ജ്ജം പകര്‍ന്ന് നല്‍കുമെന്ന് അത് മനസ്സിലാക്കിത്തരുന്നുണ്ട്. ബ്ലാക്ക് പാന്തേര്‍സിനെ സംബന്ധിച്ചെടുത്തോളം, സാര്‍വദേശീയതാവാദം മുതലാളിത്വത്തെയും വംശീയതയെയും സാമ്രാജ്യത്വവാദത്തെയും വെല്ലുവിളിക്കുന്ന വിപ്ലവ സംഘടനകളുടെ ആഗോള പ്രശസ്തിയും നിയമസാധുതയും എത്രമാത്രം ശക്തിപ്പെടുത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.
ഇരുപത്തൊന്നാം വയസ്സില്‍ രക്തസാക്ഷിയായ ഫ്രഡറിക് അലന്‍ ഹാംറ്റണിന്റെ (ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെ ചിക്കാഗോ ബ്രാഞ്ച് തലവനായിരുന്നു അദ്ദേഹം) വാക്കുകളാണ് മീനാപോളീസില്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ ഓര്‍മ്മിക്കേണ്ടത്; 'സമരം ചെയ്യാന്‍ നിങ്ങള്‍ സന്നദ്ധരാണെങ്കില്‍, നിങ്ങള്‍ക്ക് വിജയം കൊയ്യാം. എന്നാല്‍, അതിന് നിങ്ങള്‍ക്ക് ഒട്ടും ധൈര്യമില്ലെങ്കില്‍ പിന്നെ വിജയം നിങ്ങള്‍ക്ക് പറഞ്ഞതല്ല'
ഡെറിക് ഐദ്
വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂർ





COMMENTS