ഇന്ന് ഏറെ ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഇസ്‌ലാമിലെ സൂഫിസം എന്നത്. ഒരുപാട് ദുർവ്യാഖ്യാനങ്ങൾ ഇതിന്റെ പേരിൽ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. എല്ലാത്തിനെയും കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ലല്ലോ. ആയതിനാൽ തന്നെ ഒരു സൂഫി ആയിതീരണം എന്നുണ്ടെങ്കിൽ എന്തൊക്കെ മഖാമുകൾ കടക്കണം എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
സൂഫിസത്തിൽ ഒരുപാട് സ്ഥാനങ്ങൾ / പദവികൾ ഉണ്ട്. ചില പണ്ഡിതർ അതിൽ താഴെ സ്ഥാനത്ത് ആയിരിക്കുമ്പോൾ തന്നെ അതിന്റെ ഉന്നത സ്ഥാനത്തിൽ ആയിരിക്കും. ഇങ്ങനെ ഉന്നത സ്ഥാനത്ത് എത്തിയ ഒരാളെയാണ് യഥാർത്ഥത്തിൽ സൂഫി എന്ന് വിശേഷിപ്പിക്കുന്നത്.
സ്ഥാനവും (مقامات) അവസ്ഥയും (حال) വേറെ തന്നെയാണന്ന് ഹുസൈൻ നസ്ർ തന്റെ "The spiritual states in Sufism" എന്ന ലേഖനത്തിൽ വിശദമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്. ഹുസൈൻ നസ്ർ തന്റെ ഇൗ ഗ്രന്ഥത്തിൽ പറഞ്ഞ കാര്യങ്ങളുടെ ഒരു സംഗ്രഹ രൂപം തന്നെയാണ് ഇൗ എഴുത്ത് എന്ന് പറയാം.
![]() |
| ഹുസൈൻ നസ്‌ർ |
കൂടുതൽ വിഷയങ്ങിലേക്ക് ഒന്നും പോകാതെ തന്നെ മഖാമാതുകളെ കുറിച്ച് മാത്രം ഉദ്ധരിക്കാനാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്.
ചില വ്യാപിച്ച് കിടക്കുന്ന സൂഫി തെറ്റിദ്ധാരണങ്ങൾ മാറ്റണം എന്ന സദുദ്ദേഷത്തോട് കൂടെ തന്നെ ഹുസൈൻ നസ്ർ പ്രതിപാദിച്ച അബൂ സഈദ് ഇബ്ൻ അബിൽ ഖൈർ തന്റെ മആരിഫത്തിൽ ഇസ്‌ലാം എന്ന ഗ്രന്ഥത്തിൽ പറഞ്ഞ 40 സൂഫി മഖാമാതുകളാണിവിടെ ഉദ്ധരിക്കുന്നത്.
സൂഫിസത്തിന്റെ മഖാമാതുകളെ പല രീതിയിലായിട്ട് വിവിധ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടെന്നുണ്ടങ്കിലും ഇങ്ങനെ 40 മഖാമാതുകൾ എണ്ണിയ പണ്ഡിതരിൽ പ്രമുഖനാണ് അബൂ സഈദ് ഇബ്ൻ അബിൽ ഖൈർ.
സൂഫി മാർഗത്തിൽ പ്രവേശിച്ച ഒരാൾ പൂർണ സൂഫി ആയിത്തീരണം എന്നുണ്ടെങ്കിൽ ഇൗ നാൽപ്പത് മഖാമാതുകളിൽ എത്തിയ ഒരാൾ ആയിരിക്കൽ നിർബന്ധമാണ്.
ഒന്ന് : നല്ല നിയ്യത്ത് ഉണ്ടായിരിക്കണം. ഇൗ ലോകവും ഇവിടത്തെ അനുഗ്രഹങ്ങളും പരലോകവും അവിടത്തെ അനുഗ്രഹങ്ങളും ദുഃഖങ്ങളും ഞാൻ ഒഴിവാക്കുകയാണങ്കിൽ ഇൗ ലോകവും ഇതിലെ അനുഗ്രഹവും അവിശ്വാസികൾക്കും പരലോകവും അവിടത്തെ അനുഗ്രഹങ്ങളും ദുഃഖങ്ങളും വിശ്വാസികൾക്കുമായിരിക്കും എന്ന നിയ്യത്ത് എപ്പോഴും മനസ്സിൽ വേണം.
രണ്ട് : മാറ്റങ്ങളുടെ മഖാം, അവർക്ക് ഖൽവത്തിൽ (ഏകാന്ത വാസം) ആയിരിക്കുമ്പോൾ അല്ലാഹുവിനെ കാണാം (കണ്ണ് കൊണ്ട് എന്ന് തന്നെ അർത്ഥം ഇല്ല). സ്വർഗ്ഗത്തിൽ നിന്നുള്ള ആന്തരിക രഹസ്യങ്ങളുമായി ഒരിക്കലും ദുനിയാവിന്റെ മാറ്റങ്ങൾ കൂടി കലരുകയില്ല.
മൂന്ന് : മൂന്നാമതായി എണ്ണുന്നത് തൗബയാണ്. ഹറാമായ (നിഷേധിക്കപ്പെട്ട) കാര്യങ്ങളിൽ നിന്നാണ് എല്ലാവരും തൗബ (ഖേദിച്ച് മടങ്ങുക) ചെയ്യൽ, അള്ളാഹുവിന്റെ ശിക്ഷയെ ഭയന്ന് ആരും തന്നെ നിഷേധിക്കപ്പെട്ട ഭക്ഷ്യ വസ്തുക്കൾ കഴിക്കലും ഇല്ല. പക്ഷെ സൂഫികൾ ഹലാലായ കാര്യങ്ങളിൽ നിന്ന് പോലും തൗബ ചെയ്യും. നിഷേധിക്കപ്പെട്ടതും സംശയാസ്പദമായതുമായ കാര്യങ്ങളെ തൊട്ട് അവർക്ക് നല്ല പേടി ആയിരിക്കും.
നാല്: ശിക്ഷ്വത്വം. സാധാരണക്കാർ എല്ലാം ലോകാനുഗ്രഹങ്ങളോടും സമ്പതോടും കൂടെ സുഖ സൗകര്യങ്ങൾ തേടുമ്പോൾ സൂഫികൾ ആധിപത്യതോടും പവിത്രതയുടെയും കൂടെ ദുഃഖാവസ്ഥയെയാണ് തേടുന്നത്.
അഞ്ച് : അഞ്ചാമതായി എണ്ണുന്ന മഖാം മുജാഹദാത് അഥവാ ആത്മീയ പോരാട്ടം. ജനങ്ങൾ എല്ലാവരും പത്ത് കിട്ടിയത് ഇരുപത് ആക്കാൻ നോക്കുമ്പോൾ സൂഫികൾ ഇരുപത് കിട്ടിയത് ഒന്നുമില്ലാതാക്കാൻ ശ്രമിക്കുന്നു.
ആറ്: സ്ഥിരമായ ശ്രദ്ധ, തെറ്റിലേക്ക് എപ്പോഴും പ്രേരിപ്പിക്കുന്ന നമ്മുടെ ആത്മാവിനെ പിടിച്ച് നിർത്താനാണ് ഇങ്ങനെ സ്ഥിരമായ ആത്മീയ ശ്രദ്ധ. ഇങ്ങനെ ആകുമ്പോൾ അവസാനം പ്രപഞ്ച സൃഷ്ടാവ് അവൻ ചെയ്യാൻ പോകുന്ന തെറ്റുകളിൽ നിന്ന് അവനെ സംരക്ഷിക്കും.
ഏഴ്: ഏറ്റവും പ്രധാനപെട്ട ഒന്നാണ് സ്വബ്‌ർ, ഇരുലോകത്തെയും പ്രയാസങ്ങൾ അവരുടെ മേൽ ഭവിച്ചാലും അവർക്ക് അത് ഒരു പ്രശ്നം ആയിരിക്കില്ല. ലോകത്തിലെ മുഴുവൻ ആളുകളുടെയും സ്നേഹം അവരുടെ മേൽ ഇറങ്ങിയാലും അവർ ക്ഷമയുടെ മാർഗത്തിൽ നിന്ന് ഒരിക്കലും അവരുടെ നിൽപ് അവസാനിപ്പിക്കില്ല.
എട്ട്: സദാ സമയവും ദിക്റിൽ ആയിരിക്കും അവർ. സൂഫികൾ അവരുടെ ഹൃദയത്തിൽ ദൈവത്തെ അറിയുകയും നാവിൽ എപ്പോഴും അല്ലാഹുവിനെ കൊണ്ട് നടക്കുകയും ചെയ്യും. അവർ പ്രതിസന്ധിയിലായിരിക്കുമ്പോഴെല്ലാം അള്ളാഹുവിന്റെ സാന്നിധ്യത്തിലേക്ക് നയിക്കുന്ന വഴി ഒഴികെ മറ്റൊരു വഴിയും അവർക്ക് മുൻപിൽ ഉണ്ടാകില്ല.
ഒൻപത്: സംതൃപ്‌താവസ്ഥ, കിടക്കാൻ പാർപ്പിടമോ ഉടുക്കാൻ വസ്ത്രമോ അവർക്ക് ഇല്ലെങ്കിൽ പോലും അവർ എപ്പോഴും സന്തോഷത്തിലായിരിക്കും. അവർ ഒരിക്കലും ഇച്ഛാശക്തിയുടെ വീട്ടിൽ വസിക്കുകയില്ല.
പത്ത് : ഐഹിക ജീവിതത്തോട് പൊരുത്തപ്പെട്ട് കിടക്കുന്ന നഫ്‌സിനോട് കഠിനമായി പൊരുതുന്നവർ. എഴുപത് വർഷം ഏക പ്രീതിയിൽ എത്തിച്ചേരാനുള്ള ലക്ഷ്യത്തിൽ അവരുടെ ഐഹിക ശരീരം മരണതുല്യമായ കഷ്ടപ്പാടിൽ ആയിരിക്കും. ഇൗ കാലയളവിൽ വേദനയോ കഠിനതയോ ഒന്നുമല്ലാതെ മറ്റൊന്നും അവർക്ക് ലഭിക്കുന്നില്ല.
പതിനൊന്ന് : എല്ലാ കാര്യങ്ങളോടും ചേർന്ന് നിൽക്കൽ. ഇൗ മഖാമിൽ എത്തിയ ഒരാൾക്ക് പ്രയാസങ്ങളും ദുഃഖങ്ങളും പരിഭവങ്ങളും സന്തോഷവുമെല്ലാം ഒന്ന് തന്നെയായിരിക്കും.
പന്ത്രണ്ട് : കീഴ്പ്പെടൽ, വിധി യുടെ ഏത് അമ്പ് തനിക്ക് എതിരെ വന്നാലും അതിൽ നിന്ന് മാറി നിൽക്കാതെ ഇത് അള്ളാഹു എനിക്ക് വിദിച്ചതാണ് എന്ന് വിശ്വസിച്ച്, എത്ര പ്രയാസം ഉള്ളതാണങ്കിലും അതിനെ എല്ലാം ഉൾകൊള്ളുന്നവനായിരിക്കും.
പതിമൂന്ന് : തവക്കുൽ, ദൈവത്തിൽ നിന്നോ സൃഷ്ടികളിൽ നിന്നോ ഒന്നും തന്നെ അവർ ആവശ്യപ്പെടുകയില്ല. ദൈവ പ്രീതിക്ക് വേണ്ടി മാത്രം അല്ലാഹുവിനെ ആരാധിക്കും. ചോദ്യങ്ങൾക്കോ ഉത്തരങ്ങൾക്കോ അവിടെ പ്രസക്തിയില്ല. പ്രപഞ്ച സൃഷ്ടാവ് അവന്റെ എല്ലാ ആവശ്യങ്ങളും ചോദിക്കാതെ തന്നെ ഒരു കണക്ക് കൂട്ടലും ഇല്ലാതെ നിറവേറ്റി കൊടുക്കും.
പതിനാല്: ഭൗതിക വിരക്തി, ഇൗ മഖാമിൽ എത്തി കഴിഞ്ഞാൽ പിന്നെ ലോകത്തുള്ള മുഴുവൻ വസ്തുക്കളോടും അവർക്ക് പ്രിയം ഉണ്ടാവില്ല. എല്ലാത്തിനെയും പരിത്യജിക്കും. എന്നിട്ട് നേർത്ത മസ്‌ലിൻ തുണികൊണ്ടുള്ള കഷ്ണം വെച്ച മേൽ വസ്‌ത്രം മാത്രമായിരിക്കും അവരുടെ കൂട്ട്. പുത്തൻ ഉടുപ്പുനേക്കാൾ നൂറിരട്ടി ഇഷ്ടം അവർക്ക് ആ നേർത്ത മേൽ വസ്ത്രത്തിനോടായിരിക്കും.
പതിനഞ്ച് : ആരാധന, പകൽ നേരം കിട്ടുന്ന സമയത്തെല്ലാം അവർ ഖുർആൻ പാരായത്തിന്റെ മാധുര്യത്തി ലായിരിക്കും, രാത്രി നിന്ന് കൊണ്ടുള്ള നിസ്കാരത്തിലും. എപ്പോഴും ഇബാദത്ത് എടുക്കാനുള്ള ഒരു ത്വരയിലായിരിക്കും അവരുടെ ശരീര താൽപര്യം. അല്ലാഹുവിനെ കുറിച്ചുള്ള ചിന്ത എന്നല്ലാതെ മറ്റൊന്നിനും അവർ മുൻഗണന നൽകുന്നില്ല.
പതിനാറ് : സൂഷ്മത, ഏതെങ്കിലും സാധാരണ നിലക്കുള്ള ഭക്ഷണമോ വസ്ത്രമോ അവർ ഉപയോഗിക്കില്ല. സാധാരണ ജനങ്ങളുടെ അടുത്ത് അവർ വെറുതെ വന്ന് ഇരിക്കില്ല.
പതിനേഴ് : നിഷ്‌കളങ്കത്വം, പകൽ സമയം മുഴുവനും അവർ വ്രതാനുഷ്ടാനത്തിലും രാത്രി സമയങ്ങളിൽ നിസ്കാരങ്ങളിലുമായിരിക്കുമവർ. അവരുടെ ഭൗതിക ശരീരം അതിന് അവരെ സമ്മതിച്ചില്ലങ്കിൽ അൻപത് വർഷം പിന്നെ അവർ ധ്യാനത്തിലായിരിക്കും. എന്നിട്ട് അവർ അവരുടെ ആത്മാവിനോട് പറയും " നിങ്ങൾ ചെയ്തത് ദൈവത്തിൽനിന്നുള്ളതല്ലെന്ന് ഇപ്പോൾ മനസ്സിലായോ?" എന്ന്.
പതിനെട്ട് : സത്യസന്ധത, സത്യമല്ലാതെ ഒന്നും തന്നെ അവർ സംസാരിക്കില്ല. സത്യത്തിന് വേണ്ടിയല്ലാതെ മറ്റൊന്നിനും അവർ ഒരു ശ്വാസം പോലും ശ്വസിക്കില്ല. അവരുടെ ഹൃദയത്തിൽ വരുന്നത് മാത്രമായിരിക്കും അവരുടെ സംസാരം.
പത്തൊമ്പത്: പേടി, അള്ളാഹുവിന്റെ നീതിയിലേക്ക് അവർ നോക്കിയാൽ ഉൾഭയം കൊണ്ട് അവർ വിറ കൊള്ളും. അല്ലാഹുവിനെ ആരാധിക്കുന്നതിൽ ഒന്നും തന്നെ അവർ ആഗ്രഹിക്കുന്നില്ല.
ഇരുപത്: പ്രതീക്ഷ, അല്ലാഹുവിന്റെ അനുഗ്രഹം അവരുടെ മേൽ ഇറങ്ങിയാൽ അവർ ആനന്ദത്തിലായിരിക്കും. എപ്പോഴും അള്ളാഹുവിന്റെ മേൽ പ്രതീക്ഷ വെക്കുന്നത് കൊണ്ട് തന്നെ അള്ളാഹു അവർക്ക് എതിരെ ഒന്നും തന്നെ ചെയ്യില്ല എന്ന വിശ്വാസം ഉണ്ട് അവർക്ക്.
ഇരുപത്തി ഒന്ന്: ഫനാഇന്റെ മഖാം, എല്ലാം ഇല്ലായ്‌മ ചെയ്യല്‍ എന്ന കഠിന പരീക്ഷണം കൊണ്ട് അവർ അവരുടെ ഭൗതിക ശരീരത്തെ അമിതമായി വേദനിപ്പിക്കും. അള്ളാഹു അല്ലാതെ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും അവർ മാറി നിൽക്കും. ഇൗ ലോകത്തെ കുറിച്ചുള്ള ഒരു സംസാരവും അവരുടെ നാവിൽ നിന്ന് ഒരിക്കലും ഉണ്ടാവില്ല. അവരുടെ ശരീരമോ ചിന്തയോ ഒന്നും തന്നെ അല്ലാഹുവിന് വേണ്ടി ചലിക്കുക എന്നല്ലാതെ മറ്റൊന്നും പ്രവർത്തിക്കില്ല.
ഇരുപത്തി രണ്ട്: നിലനിൽപ്, അവർ അവരുടെ ഇടത്ത് ഭാഗത്തേക്കും വലത് ഭാഗത്തേക്കും നോക്കിയാൽ അല്ലാഹുവിനെ അല്ലാതെ മറ്റൊന്നും അവർക്ക് കാണാൻ സാധിക്കില്ല. ഏതൊരു അവസ്ഥയിലാണ് അവർ എന്നുണ്ടങ്കിലും അവർക്ക് അല്ലാഹുവിനെ കാണാം. ദൈവത്തിന്റെ നിലനിൽപ്പോട് കൂടെ തന്നെയാണ് അവരുടെയും നിലനിൽപ്പും. ദൈവം എന്ത് അവർക്ക് തന്നാലും അവർ അത് സംതൃപ്തിയോടെ സ്വീകരിക്കും. അള്ളാഹു എന്ത് നൽകിയാലും അവർ സന്തോഷത്തിലാക്കിയിരിക്കും.
ഇരുപത്തി മൂന്ന്: നിശ്ചയദാർഢ്യമുള്ള വീക്ഷണം, നിശ്ചയദാർഢ്യമുള്ള വീക്ഷണങ്ങളുടെ കണ്ണുകളിലൂടെ അവർ നോക്കുകയാണെങ്കിൽ സ്വർഗ്ഗത്തിന്റെ ഉന്നത സ്ഥാനം മുതൽ ഭൂമിയിലെ ഏറ്റവും താഴ്ന്ന ഇടം വരെ അവർക്ക് യാതൊരു മറയും ഇല്ലാതെ തന്നെ കാണാൻ സാധിക്കും.
ഇരുപത്തി നാല്: നിശ്ചയദാർഢ്യമുള്ള യാഥാർത്ഥ്യം, ഇൗ യാഥാർത്ഥ്യത്തിന്റെ കണ്ണുകളിലൂടെ അവർ നോക്കുകയാണെങ്കിൽ എല്ലാ സൃഷ്ടികളുടെയും കൃത്യമങ്ങളിലൂടെയും ഉള്ളിലൂടെ അവർക്ക് യാതൊരു മറയും ഇല്ലാതെ ദൈവത്തെ കാണാൻ സാധിക്കും.
ഇരുപത്തി അഞ്ച്: ദൈവിക അവിവ്, ഇരുലോകത്തുമുള്ള എല്ലാ സൃഷ്ടികളുടെയും മനുഷ്യരുടെയും ഉള്ളിലൂടെ അവർക്ക് ദൈവത്തെ കാണാൻ സാധിക്കും. അവർ എന്തിനെ നോക്കിയാലും അതിൽ ദൈവിക അറിവും യാഥാർത്ഥ്യവും അവർക്ക് മനസ്സിലാക്കാൻ സാധിക്കും.
ഇരുപത്തി ആറ്: പരിശ്രമത്തിന്റെ മഖാം, അവർ അവരുടെ ഹൃദയത്തിലും ആത്മാവിലും അല്ലാഹുവിനെ നിരന്തരം ആരാധിച്ച് കൊണ്ടിരിക്കും. അവരുടെ അനുസരണത്തിൽ ഒരു സംശയവും ഉണ്ടാവുകയില്ല.
ഇരുപത്തി ഏഴ്: വിലായത്തിന്റെ പദവി, ഇൗ പദവിയിൽ എത്തിയവർക്ക് ദുനിയാവിൽ ഉള്ളതിനോടും ആഖിറത്തിൽ ഉള്ളത്തിനോടും അവരുടെ ആത്മീയ കരുത്തിനോട് പൊരുത്തപ്പെടാൻ അല്പം പ്രയാസമാണ്. പറുദീസയും അതിലെ ദാനങ്ങളും അവരുടെ കണ്ണിൽ ഒരു ആറ്റത്തിന് അത്ര പോലും വിലപ്പെട്ടതല്ല.
ഇരുപത്തി എട്ട്: സ്നേഹം, ലോകം മുഴുക്കെ അവർക്ക് ഒരൊറ്റ സ്നേഹിതൻ മാത്രമേ ഉണ്ടാകൂ. അവരുടെ സ്നേഹം ഒന്ന് മാത്രം, ആന്തരികവും ബാഹ്യവുമായി അവരുടെ സ്നേഹം അഹദിലേക്ക് മാത്രം. പരിശുദ്ധന്റെ സന്നിധിയിൽ അവർ എപ്പോഴും സന്തോഷത്തിലായിരിക്കും. മക്കളെ കുറിച്ചോ ഭാര്യമാരെ കുറിച്ചോ അവർക്ക് യാതൊരു ചിന്തയും ഉണ്ടാവില്ല.
ഇരുപത്തി ഒമ്പത് : പരമാനന്ദം, അവരെ ഇൗ ലോകത്തോ ഖബറിനടിയിലോ പരലോകത്തോ സ്വിറാത് പാലത്തിലോ കാണപ്പെടുകയില്ല. അവർ എപ്പോഴും ദൈവ സന്നിധിയിൽ ആയിരിക്കും. അവർ താമസിക്കുന്നടത് അല്ലാഹുവും അവനും മാത്രമായിരിക്കും.
മുപ്പത് : സാമീപ്യം, അല്ലാഹുവുമായി വളരെ അധികം അടുപ്പത്തിലായിരിക്കും അവർ. ലോകത്തുള്ള സകല തെമ്മാടികൾക്കും അക്രമികൾക്കും അല്ലാഹുവേ നീ പൊറുത്ത് കൊടുക്കണെ എന്ന് അവർ അല്ലാഹുവിനോട് ദുആ ചെയ്താൽ അള്ളാഹു അത് സ്വീകരിക്കും.
മുപ്പത്തി ഒന്ന്: ധ്യാനം / മൗനാലോചന, ദൈവത്തിന്റെ നാമമാണ് അവരുടെ അടുത്ത സുഹൃത്ത്. ആ ദൈവത്തിന്റെ ആശയങ്ങളിലാണ് അവരുടെ സമാധാനം.
മുപ്പത്തി രണ്ട്: ചേരൽ, അവരുടെ ശരീരം ഇൗ ലോകത്ത് തന്നെ ആണെങ്കിലും അവരുടെ ഹൃദയം എപ്പോഴും ദൈവത്തിനോട് ചേർന്നായിരിക്കും.
മുപ്പത്തി മൂന്ന്: കഷ്ഫിന്റെ മഖാം അഥവാ എല്ലാം വെളിവാകുന്ന പദവി, അവിടെ അവരുടെ ഹൃദയത്തിനും ദൈവത്തിനും ഇടയിൽ ഒരു മറയും ഉണ്ടാകില്ല. അവർ താഴോട്ട് നോക്കുകയാണെങ്കിൽ ഭൂമിയെ പിടിച്ച് നിർത്തുന്ന സൃഷ്ടികളെ അവർക്ക് കാണാൻ സാധിക്കും. അവർ മുകളിലോട്ട് നോക്കിയാൽ അർശും കുർസിയ്യും ലൗഹും ഖലമും അവർക്ക് കാണാം. അവർക്ക് മുൻപിൽ ഒന്നും തന്നെ മറയായി ഉണ്ടാവില്ല.
മുപ്പത്തി നാല്: സേവനം അനുഷ്ഠിക്കുന്ന പദവി, കണ്ണിന്റെ ഓരോ ഇമവെട്ടിന് പോലും അവർ അല്ലാഹുവിന് വേണ്ടി ഖിദ്മത് ചെയ്യും. അല്ലാഹു എന്ന അവരുടെ ആത്മ സുഹൃത്തിന്റെ സന്നിധിയിൽ നിന്ന് ഒരു നിമിഷം പോലും അവർ മറയില്ല.
മുപ്പത്തി അഞ്ച്: വികാരവിരേചനം, അവരെ നരകത്തിലേക്ക് കൊണ്ട് വന്നാൽ അവർ പറയും "അൽ ഹംദു ലില്ലാഹ്" എന്ന്, ഇനി അവരെ സ്വർഗത്തിലേക്ക് കൊണ്ട് വന്നാൽ അവർ പറയും"അൽ ഹംദുലില്ലാഹ്" എന്ന്. അവരെ സ്വർഗം സന്തോഷിപ്പിക്കുകയോ നരകം പേടിപ്പിക്കുകയോ ഇല്ല. ദൈവ സന്നിധിയിൽ നിന്ന് അവർ ഒരു നിമിഷം പോലും മാറി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. ഇൗ ലോകത്ത് നിന്നും അവർ മറ്റൊന്നും തന്നെ പ്രതീക്ഷിക്കുന്നുമില്ല.
മുപ്പത്തി ആറ്: ഏകാന്തത, മറ്റു സൃഷ്ടികളിൽ നിന്ന് അവർ എപ്പോഴും അപരിചിതനായിരിക്കും. അവരെ എത്ര തന്നെ അടിച്ചാലും അവർ അവരുടെ മാർഗത്തിൽ നിന്ന് പിൻമാറില്ല. അവരെ എത്ര തന്നെ ലാളിച്ചാലും അവരെ മണ്ടന്മാരാക്കാൻ സാധിക്കില്ല.
മുപ്പത്തി ഏഴ്: വിപുലീകരണം, ദൈവത്തിന് മുൻപ് അവർക്ക് യാതൊരു ഭയവും സ്നേഹത്താൽ ഉണ്ടാവില്ല. മരണ സമയത്ത് പ്രപഞ്ച സൃഷ്ടാവ് അവരുടെ അടുക്കലേക്ക് അസ്റാഈലിനെ പറഞ്ഞ് അയക്കുമ്പോൾ അവരുടെ ആത്മാവിനെ ദൈവ സന്നിധിയിൽ നിന്ന് വേർതിരിക്കില്ല എന്ന് ഉറപ്പ് കിട്ടുന്നത് വരെ അവർ അതിന് സമ്മതിക്കില്ല. മുൻകർ നകീറിനെ അവർ പേടിക്കുന്നില്ല. പുനർജ്ജന്മത്തിനെ കുറിച്ച് ഒന്നും തന്നെ അവർ ആലോചിക്കുന്നില്ല. എല്ലാം പൊറുത്ത് കൊടുക്കുന്ന സൃഷ്ടാവിന്റെ പുണ്യ വദനം (അലങ്കാര വാക്ക്) കാണുന്നത് വരെ സ്വർഗ്ഗത്തിൽ കാല് കുത്താനോ ഹൂറികളെ കാണാനോ അവർ ആഗ്രഹിക്കുന്നില്ല.
മുപ്പത്തി എട്ട്: തഹ്ഖീഖ്, എല്ലാത്തിലും അവർ യാഥാർത്ഥ്യത്തെ മാത്രം മനസ്സിലാക്കുന്നു. അവർ എല്ലാ സൃഷ്ടികളിൽ നിന്നും ഒളിച്ചോടി പോകും.
മുപ്പത്തി ഒൻപത്: നിഹായത്ത് അഥവാ പരമ ലക്ഷ്യ പൂർത്തീകരണം. അവർ റോഡ് സൈഡിലൂടെ അവരുടെ സത്രത്തിൽ എത്തി ചേർന്നിരിക്കുന്നു. ഹൃദയത്തിന്റെ കണ്ണ് കൊണ്ട് അവർ അവരുടെ പ്രിയനായ അല്ലാഹുവിനെ കണ്ടിരിക്കുന്നു.
നാൽപ്പത്: തസവ്വുഫ്, എല്ലാ ദേഹേച്ചകളിൽ നിന്ന് മാറി നിൽകുന്നവനാണ് യഥാർത്ഥ സൂഫി. എല്ലാ മ്‌ളേഛതരത്തിൽ നിന്നും അവർ അവരുടെ ഹൃദയം പരിശുദ്ധമാക്കിയിരിക്കുന്നു. ചിന്താശൂന്യതയില്‍ നിന്ന് അവരുടെ വാക്കുകൾ ശുദ്ധമായിരിക്കും. തേജസ്സുള്ള മൈൻഡ് ആയിരിക്കും അവർക്ക്.
ഇങ്ങനെ ഇൗ നാൽപ്പത് മഖാമാതുകൾ എല്ലാം കരസ്ഥമാക്കിയതിന് ശേഷം മാത്രമേ ഒരാളെ സൂഫി എന്ന് വിളിക്കാൻ പാടുള്ളൂ എന്ന് നമുക്ക് മനസ്സിലാക്കാം. ചിലപ്പോൾ അവരുടെ ജീവിത ശൈലി നമുക്ക് ഉൾകൊള്ളാൻ സാധിച്ചു എന്ന് വരില്ല , പക്ഷേ അത് കരുതി അവരെ വിമർശിക്കരുത് കാരണം അത് നമ്മുടെ കുറവാണ്.
ജുറൈസ് പൂതനാരി




COMMENTS