കവിതയുടെ പാരമ്പര്യ ബോധത്തിൽ എപ്പോഴും കവിയുടെ പ്രധാന പ്രകടനമായി കാണുന്നത് അവർ വായനക്കാരായ നമുക്ക് പ്രതിപാദ്യ വിഷയത്തെ അധികരിച്ചുള്ള വിവരങ്ങൾ കൈമാറാൻ ശ്രമിക്കുന്ന ശൈലിയെയാണ്. വിഷയത്തിൻ്റെ വർത്തമാന അവസ്ഥാന്തരങ്ങളെയും, തുടർന്നുകൊണ്ടിരിക്കുന്ന വിഷയ പ്രധാനത്തെ കുറിച്ചും കാവ്യഭാഷയിൽ തൻ്റെതായ പ്രത്യേക ഘടനയിൽ (Structure) കവി അവതരിപ്പിക്കാൻ ശ്രമിക്കുന്നു. അതിന്റെ തിക്തഫലമായി നല്ലൊരു ശ്രോതാവിന് ലഭിക്കുന്നത് വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന കവിയുടെ നിലപാട് (രാഷ്ട്രീയം) രാഷ്ട്രീയ പ്രാധാന്യത്തോടെ തന്നെ മനസ്സിലാക്കിയെടുക്കാൻ കഴിയുന്നു എന്നതാണ്. എന്നാൽ ചില കവികൾക്ക് തങ്ങളുടെ നിലപാടിനെ ഒളിച്ചിരുത്താൻ സാധിക്കാറില്ല. കാരണം അവർ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ പ്രകൃതിയുടെ മനോഹാരിതയും അതിലെ വന്യമൃഗങ്ങളുടെ വിളയാട്ടങ്ങലും മാത്രമല്ല. മറിച്ച് പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളും അതിൽ അവർ അഭിമുഖീകരിക്കുന്ന സത്താപരമായ പ്രതിസന്ധികളുമാണ് തങ്ങളുടെ കവിതകളിലൂടെ വായനക്കാർക്ക് മുമ്പിൽ അനാവരണം ചെയ്യുന്നത്. അത്തരത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഒരു അമേരിക്കൻ കവിയാണ് മിസിസൗറിയിലെ ജോപ്പലിൽ ജനിച്ച ഹാരലെം നവോദ്ധാനത്തിന്റെ (harlem renaissance ) നട്ടെല്ലായി വളർന്ന ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ്.
![]() |
| ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് |
തന്റെ ഒരു കവിതയിലും ആശയ രൂപത്തെ വ്യംഗ്യമായ ഭാഷയിൽ അവതരിപ്പിക്കാനോ, അന്തസാരാംശത്തിൽ പറയാനോ ശ്രമിച്ചിട്ടില്ല എന്നത് ഹ്യൂഗ്സിൻ്റെ ഒരു പ്രത്യേകതയാണ്. തന്നെയും തന്നെപ്പോലുള്ള വലിയൊരു ജനവിഭാഗത്തെയും വളർത്തിയെടുത്ത ആഫ്രോ-അമേരിക്കൻ സ്വത്വവും അവ നേരിടുന്ന വെല്ലുവിളികളെയും അഭിമുഖീകരിക്കലാണ് എൻ്റെ കാവ്യ നിയോഗമെന്നോ, അല്ലെങ്കിൽ പോരാട്ടത്തിൻ്റെ വഴിയിൽ ലഭിച്ച വജ്രായുധമാണ് തന്റെ കാവ്യ പാടവം എന്ന തോന്നലോ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട് എന്നതാകാം ഇതിൻ്റെ ഒരു കാരണം.
ഹ്യൂഗ്സിൻ്റെ സമകാലീനർ എപ്പോഴും ഇതിഹാസങ്ങളെ കുറിച്ചും അവർ പുസ്തകങ്ങളിലൂടെ മാത്രം വായിച്ചറിഞ്ഞ മഹത്തായ സംസ്കാരിക പാരമ്പര്യത്തെയും നാഗരിക വിചാരങ്ങളെയും കവിതയിൽ വിഷയമായി കൊണ്ടു വന്നപ്പോൾ ചെറുപ്പം മുതലെ നിത്യജീവിതത്തിൽ കണ്ടു കൊണ്ടിരിക്കുന്ന തൊഴിലാളിവർഗ്ഗ ജനസമൂഹത്തിന്റെ സ്പഷ്ടമായ ജീവിതത്തെയും, ജീവൻ്റെ അർത്ഥ വിദാനങ്ങളെയും അവതരിപ്പിച്ച് തിരഞ്ഞെടുപ്പിൽ വ്യത്യസ്തത കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആഫ്രോ-അമേരിക്കൻ ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ജീവിതാനുഭവങ്ങളെ സർഗ്ഗാത്മകമായി അവതരിപ്പിക്കാനുള്ള വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു സമയത്ത് അവരിൽ നിന്ന് തന്നെ തങ്ങൾ നേരിടുന്ന ചൂഷണ ബോധത്തെയും, അപര പരിവേഷത്തെയും വ്യക്തമായ ബോധത്തിൽ മനസ്സിലാക്കി ഒരു സ്വത്വ സംരക്ഷകൻ്റെ കുപ്പായവും കവി എന്ന പദവിയിൽ ഒരർത്ഥത്തിൽ അദ്ദേഹം ധരിച്ചിരുന്നു. അവരുടെ സ്വത്വ സംരക്ഷണത്തിൻ്റെ അനിവാര്യത വർദ്ധിച്ചിരുന്ന പ്രത്യേക ഒരു സന്ദർഭം കൂടിയായിരുന്നു അത്. തൊഴിലാളികളും തെരുവുകളിൽ സംഗീതവും നൃത്തവും ജീവിത മാർഗ്ഗമായി കണ്ടിരുന്ന ആഫ്രോ-അമേരിക്കൻ കറുത്ത വംശജരുടെ ജീവിതം നിരന്തരമായി കവിതയിൽ കൊണ്ടുവന്നപ്പോൾ അവരിൽ നിന്നു തന്നെയുള്ള ചില നിരൂപകർ ഇതിനെ വിമർശിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. അവരുടെ നിരീക്ഷണത്തിൽ തങ്ങളുടെ സമൂഹത്തെക്കുറിച്ച് മറ്റുള്ളവർക്ക് സുഖകരമായ രീതിയിലുള്ള ഗുണവിശേഷങ്ങൾ മാത്രമേ മുഖ്യധാരയിൽ എഴുതാവൂ എന്നതായിരുന്നു ഇതിൻ്റെ കാരണം. എന്നാൽ ഹ്യൂഗ്‌സ് പറഞ്ഞത് ഞാൻ ജനിച്ചുവളർന്ന സംസ്കാരത്തിൽ എനിക്ക് കാണാൻ കഴിഞ്ഞത് മാത്രമാണ് ഞാൻ എഴുതുന്നത് എന്ന വ്യക്തമായ വ്യക്തി രാഷ്ട്രീയ ബോധമാണ്.
ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ കറുത്ത വംശജർ നേരിടുന്ന സത്താപരമായ പ്രശ്നങ്ങളെ മുൻനിർത്തി എഴുതിയ കവിതകളിലെ മുഴുവൻ പ്രശ്നങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പരിഹരിക്കപ്പെട്ടില്ല എന്നതാണ് "A small needful Act " എന്ന റോസ് ഗേയുടെ കവിതയുടെ പ്രതിപാദ്യവിഷയമായി അവതരിപ്പിച്ച സംഭവം നമ്മെ ഓർമ്മപ്പെടുത്തുന്നത്. എറിക് ഗാര്നെറ് എന്ന സ്റ്റാറ്റൻ ഐലൻഡിലെ സിഗരറ്റ് കച്ചവടക്കാരനെ ന്യൂയോർക്ക് സിറ്റി പോലീസ് പ്ലീസ് വധിച്ചതായിരുന്നു റോസ് ഗേയുടെ പ്രതിപാദ്യ വിഷയം. സമാനമായ സംഭവമാണ് ജോർജ് ഫ്രോയ്ഡ് എന്ന ചെറുപ്പക്കാരനെ മിനിസ്പ്ലൈസ് പോലീസ് കഴുത്തിൽ കാൽമുട്ട് വച്ച് കൊലപ്പെടുത്തിയതിലും നമുക്ക് കാണാൻ സാധിച്ചത്. ഇത്തരത്തിലുള്ള വംശീയ വാദികളെ കുറിച്ചാണ് ഹ്യൂഗ്‌സ് തന്റെ "The Negro artist and the racial movement" എന്ന ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ ജീവിക്കുന്ന ഞങ്ങൾക്ക് എങ്ങനെ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് ഹ്യൂഗ്‌സ് ദൈവത്തെ വിളിച്ച് ചോദിക്കുന്നുണ്ട്.
ഇനിയും കറുത്തവർഗക്കാരോടുള്ള വംശീയ പരമായ പെരുമാറ്റം പരിഷ്കൃതരെന്ന് സ്വയം പരിചയപ്പെടുത്തുന്നവർ ആധുനിക സൗകര്യങ്ങൾ അതിന്റെ പാരമ്യത്തിൽ എത്തിയ ഈ സമയത്തും തുടരുന്നുവെങ്കിൽ ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് മാൽകം എക്സ്, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തുടങ്ങിയവർ അവരുടെ ആയുഷ്കാലം നീളെ നടത്തിയ വിപ്ലവ പോരാട്ടങ്ങൾ നിഷ്ഫലമായി എന്നു ഭവിക്കേണ്ടിവരും നമുക്ക്. മനുഷ്യത്വവും വിവേകവും മനുഷ്യ മനസ്സിന്റെ വർഗീയ വംശീയ രോഗങ്ങളെ സുഖപ്പെടുത്തിയാൽ മാത്രമേ ഇനിയൊരു ജീവൻ ഇതിന്റെ പേരിൽ പൊലിയാതിരിക്കൂ.
കവി(ത) പരീക്ഷണങ്ങൾ
കറുത്ത വംശജർക്കെതിരെയുള്ള അമേരിക്കൻ വംശീയവെറിയുടെ കരങ്ങൾക്കെതിരെ തന്റെ കാവ്യ ജീവിതത്തിൻ്റെ മുഴുവൻ മേഖലയും ഉഴിഞ്ഞുവെച്ച മഹത്തായ ഒരു കവി കൂടിയാണദ്ദേഹം. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു കവിതയാണ് നാടകീയ സ്വയോക്തി (dramatic monologue ) യിലെഴുതി NAACP (National Association for the Advancement of Colored People ) ന്റെ _cricis_ ലെ ഡിസംബർ പതിപ്പിൽ പുറത്തിറങ്ങിയ mother to son. ആഫ്രോ-അമേരിക്കൻ ജനവിഭാഗങ്ങളിലെ സ്ത്രീകളുടെ മാതൃത്വത്തെ കുറിച്ചുള്ള ദാർശനികമായ ചിന്തകളും ആലോചനകളും രൂപപ്പെടുത്തിയ ഒരു കവിത കൂടിയാണത്. കറുത്ത സ്ത്രീകളെ സമൂഹത്തിൽ അഹങ്കാരികളും ഉദ്ധിതരും മേലാളിത്തം ചമയുന്നവരുമായി സാഹിത്യ വ്യവഹാരങ്ങൾ അടയാളപ്പെടുത്തിയതിൻ്റെ ഫലമായി അമേരിക്കൻ മുഖ്യധാരയിൽ ഏകപക്ഷീയമായി വെളുത്ത വംശക്കാരിൽ രൂപംകൊണ്ട വംശീയ വിദ്വേഷം അമേരിക്കൻ സാമൂഹിക ക്രമത്തെ നിയന്ത്രിക്കുകയും അത് അവസ്ഥാന്തരം പൂണ്ട് കറുത്ത വംശജരുടെ സ്വസ്ഥ ജീവിതത്തെ തകിടം മറിക്കുകയും ചെയ്ത അവസരത്തിൽ അതിനോടുള്ള കൗണ്ടർ നരേറ്റീവ് ആയാണ് ഹ്യൂഗ്‌സ് ഇതെഴുതുന്നത്. വെളുത്ത വർഗ്ഗക്കാർ സ്വയം നിർമ്മിച്ച വംശീയ സങ്കൽപങ്ങൾക്ക് വിരുദ്ധമായി ഹ്യൂഗ്സിന്റെ അമ്മ കഥാപാത്രം തന്റെ മകന് സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തീക്ഷ്ണത യുടെയും കരുത്തുപകരുന്നു. ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളരാതെ പോരാടാനുള്ള പോരാട്ടവീര്യവും ഊർജ്ജവും പകരുന്ന അമ്മ തന്റെ മകൻ വലുതാകുമ്പോൾ അവൻ തന്റെ തൊലി നിറത്താൽ അഭിമുഖീകരിക്കേണ്ടുന്ന വിവേചനങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് ഭയവും നൈരാശ്യവുമില്ലാത്ത കെട്ടുറപ്പുള്ള ജീവിതത്തിന്റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്നത്. കഥാപാത്രത്തിന്റെ ജീവിതത്തിലെ സുപ്രധാനമായ ആപൽഘട്ടത്തെ കുറിച്ചും തന്റെ ഗുണവിശേഷങ്ങളും ചിന്തകളും സാങ്കൽപ്പികമായ ശ്രോതാക്കളിലേക്ക് പകരുന്ന നാടകീയ സ്വയോക്‌തി (dramatic monologue ) ഈ കവിതക്ക് തിരഞ്ഞെടുക്കുക വഴിയും ഈ മാതാവും മകനും കറുത്ത വംശജരുടെ സകല മാതാവിനെയും മകനെയും പ്രതിനിധീകരിക്കുന്നു. തന്റെ എല്ലാ കവിതകളിലും എന്ന പോലെ അല്ലലുകളില്ലാത്ത സുരക്ഷിത ഭാവിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം നൽകിയാണ് ഈ കവിതയും അവസാനിക്കുന്നത്.
ജാഫർ കൊടുവള്ളി




COMMENTS