ലോകത്തിലെ തന്നെ ഏറ്റവും വലിയ അറിവിന്റെ കേന്ദ്രമായിരുന്നു ബാഗ്ദാദിലെ നിസാമിയ. അതിന്റെ തലവനായി വെറും മുപ്പത്തിയാറാമത്തെ വയസിൽ തന്നെ നിയമിതനാവുക എന്നത് ആരെയും കൊതിപ്പിക്കുന്ന, സാധാരണഗതിയിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത വലിയ നേട്ടമായിരുന്നു. ബാഗ്ദാദിലെ പണ്ഡിതർക്ക് ഗസ്സാലിയുടെ നിയമനത്തിന്റെ പ്രസക്തിയെ പറ്റി നല്ല ബോധ്യമുണ്ടായിരുന്നു. രണ്ട് അധ്യാപകർ സ്ഥാനമൊഴിഞ്ഞു കൊടുത്തു കൊണ്ടാണ് അദ്ദേഹത്തിന്റെ നിയമനത്തിന് വേണ്ടിയുള്ള അവസരം മദ്രസയിൽ സൃഷ്ടിച്ചത് എന്ന് കാണാം. ഒരർത്ഥത്തിൽ ഔദ്യാഗിക സ്ഥാനം ഏറ്റെടുക്കും മുമ്പ് തന്നെ പണ്ഡിതനെന്ന നിലയിലുള്ള ഇമാമിന്റെ പ്രശസ്തി ബാഗ്ദാദിലെത്തിയിരുന്നു എന്നാണ് മനസിലാക്കേണ്ടത്. ആ സ്വീകാര്യതയെ പറ്റി ഇബ്നു ജൗസിയുടെ റിപ്പോർട്ടിൽ പറയുന്നു. "ഗസ്സാലിയുടെ വാക്കുകളിലെ വിജ്ഞാനത്തിന്റെ മുഴക്കം അവരെ അത്ഭുത പരതന്ത്രരാക്കി. അദ്ദേഹത്തിന്റെ അധ്യാപനങ്ങൾക്ക് സകലരും ഏറ്റവും വലിയ മേന്മ കൽപ്പിക്കുകയും, തങ്ങളുടെ ക്ലാസുകളിൽ അവ ഉൾപെടുത്താൻ ഉത്സുകത പുലർത്തുകയും ചെയ്തു."
ഈ സ്ഥാനോരോഹണത്തോടെ ഗസ്സാലി (റ) അന്നത്തെ രാഷ്ട്രീയ വൈജ്ഞാനിക പൊതു ജീവിതത്തിന്റെ ഒത്ത മധ്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. ഏത് അളവ്കോൽ വച്ചു നോക്കിയാലും അത്ഭുതകരമാം വിധം സൃഷ്ടിപരമായിരുന്നു ഈ കാലയളവിലെ അദ്ദേഹത്തിന്റെ ജീവിതം. ഏതാണ്ട് മുന്നൂറോളം വിദ്യാർഥികൾ അദ്ദേഹത്തിന് കീഴിൽ ഒരേ സമയം പഠിച്ചിരുന്ന കാലം. സാങ്കേതികമായ വൈദഗ്ധ്യവും അവഗാഹവും ആവശ്യമുള്ള നിരവധി വിഷയങ്ങളെ അധികരിച്ചു അതിസൂക്ഷ്മവും സങ്കീർണവുമായ വാദമുഖങ്ങളാൽ സമ്പന്നമായ നിരവധി രചനകളാണ്, അതോടൊപ്പം, ചുരുങ്ങിയ കാലത്തിനിടെ അദ്ദേഹം പൂർത്തിയാക്കിയത്. ഓരോന്നും അതാത് വിഷയത്തിൽ മാസ്റ്റർപീസുകൾ. പിൽക്കാല വൈജ്ഞാനിക ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ രചനകൾ! ഫിഖ്‌ഹിലും കലാമിലും അന്നുമിന്നും പലതും റഫറൻസ് ഗ്രന്ഥങ്ങൾ. ഗ്രീക്ക് തത്വചിന്തകൾക്കെതിരെ നടത്തിയ ഖണ്ഡനങ്ങളുടെ പേരിൽ പ്രസിദ്ധമായ തഹാഫുത്തു ഫലാസിഫ (തത്വചിന്തയിലെ പൊരുത്തക്കേടുകൾ ) , അതിനെ സംഗ്രഹിച്ച മഖാസിദ് ഫലാസഫ (തത്വചിന്തയുടെ ലക്ഷ്യങ്ങൾ ) പോലുള്ള കൃതികളും ഈ കാലയളവിലാണ് രചിക്കപ്പെട്ടത്. ബാഗ്ദാദിലെ ജീവിതത്തിന്റെ അവസാന രണ്ടു വർഷങ്ങളിൽ അദ്ദേഹം നടത്തിയ രചനകളുടെ ബാഹുല്യവും അവയുടെ പ്രാധാന്യവും കണക്കിലെടുത്താൽ, കുറഞ്ഞ കാലം കൊണ്ട് സാധിച്ച തുല്യം വയ്ക്കാവുന്നയീ വിധം സഫലമായ എഴുത്തു ജീവിതത്തിന്റെ ഉദാഹരണം വൈജ്ഞാനിക ചരിത്രത്തിൽ തന്നെ കാണാൻ പ്രയാസമാണ്.
ഗ്രന്ഥരചനയുടെയും അധ്യാപനത്തിന്റെയും തിരക്കിനിടയിലും രാഷ്ട്രീയ ഇടപാടുകളിൽ ഗസ്സാലി (റ) സജീവമായി. അത് പലപ്പോഴും വൈജ്ഞാനികമായിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ പ്രായോഗികമായ ഇടപെടലുകളുമായിരുന്നു. അന്ന് അബ്ബാസിയ ഖിലാഫത്തിനു കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നത് ഈജിപ്ത് കേന്ദ്രമായ ഫാത്തിമദ് ഭരണകൂടവും അവരുടെ ആശയ സംഹിതയായ ഇസ്മായിലി വിശ്വാസവുമാണ്. അവർക്കെതിരെ അബ്ബാസിയകളെയും സെൽജൂക്കുകളെയും ന്യായീകരിക്കുന്ന താർക്കിക സ്വഭാവമുള്ള കൃതികളും ഗസ്സാലിയുടെ തൂലികയിൽ പിറന്നു. നിസാമുൽ മുൽക്കിന്റെ കൊലപാതകവും, സുൽത്താൻ മലിക്ക് ഷായുടെ മരണവും ആയിടയ്ക്കാണ് പെട്ടെന്ന് വലിയ രാഷ്ട്രീയ ശൂന്യത കൊണ്ട് വന്നത്. ആ പശ്ചാത്തലത്തിൽ അബ്ബാസിയ ഖലീഫ മുഖ്തദിക്കും സെൽജൂക്കുകൾക്കും ഇടയിൽ രൂപപ്പെട്ട അധികാര വടംവലിയിൽ രാഷ്ട്രീയ വിലപേശലുകളുടെ സന്ദേശവാഹകനായി ഗസ്സാലി (റ). പിന്നീട് ഖലീഫ മുഖ്തദിയുടെ മരണശേഷം പ്രായപൂർത്തി എത്താത്ത പുത്രൻ മുസ്‌തൻസീർ അധികാരമേറ്റ വേളയിൽ, അഭിവാദ്യം അർപ്പിക്കാൻ കൂടിയ ചുരുക്കം വിശിഷ്ട വ്യക്തികളുടെ പട്ടികയിൽ അദ്ദേഹമുണ്ട്. ഇമാമിന് ബാഗ്‌ദാദിൽ ഉണ്ടായിരുന്ന കുലീന സ്ഥാനവും, സ്വാധീനശേഷിയും, പ്രതാപവുമൊക്കെ വിളിച്ചോതുന്നുണ്ട് ഇത്തരം റിപ്പോർട്ടുകൾ.
![]() |
| Ihya Uloomudheen |
ഇങ്ങനെ കരിയറിലും ജീവിതത്തിലും ഉന്നതിയിലും സമൃദ്ധിയിലും വിളങ്ങുന്ന നേരത്താണ്, അദേഹത്തെ പിടിച്ചു കുലുക്കിയ, സുപ്രസിദ്ധമായ ആത്മീയ പ്രതിസന്ധി സംഭവിക്കുന്നത്. ഇമാം ഗസ്സാലി എഴുതുന്നു. "എന്റെ സ്ഥിതി വിശേഷത്തെ കുറിച്ച് ഞാൻ സൂക്ഷ്മമായി വിലയിരുത്തി. എല്ലായിടത്തു നിന്നും എന്നെ വലയം ചെയ്യുന്ന ബന്ധനങ്ങളുടെ കെട്ടുപാടുകൾ ഞാൻ കണ്ടു. എന്റെ പ്രവർത്തനങ്ങൾ, പ്രധാനമായും അദ്ധ്യാപനം; പരലോക വിജയത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത തുച്ഛമായതിനെ ചുറ്റിപറ്റിയാണെന്നും, ദൈവപ്രീതി കാംക്ഷിക്കാതെ, പേരും പ്രശസ്തിയും നേടാനുള്ള നെട്ടോട്ടത്തിൽ പ്രചോദിതമാണെന്നും ഞെട്ടലോടെ ഞാനറിഞ്ഞു". തന്റെ ആത്മകഥയിൽ സൂഫി മാർഗത്തിന്റ സത്യം തിരിച്ചറിഞ്ഞ ഒരാളെന്ന നിലയിലാണ് തുടർന്നുണ്ടായ ഈ പ്രതിസന്ധികളെ വർണിക്കുന്നത്. സൂഫി ജ്ഞാനം പുസ്തകങ്ങളിലൂടെ മാത്രം അറിയാൻ കഴിയുന്നതല്ല എന്നും അനുഭവപരമാണെന്നും, അതിന് ആ മാർഗത്തിലേക്ക് പ്രവേശിക്കേണ്ടത് അനിവാര്യമാണെന്നും ഗസ്സാലി ഇമാം തിരിച്ചറിഞ്ഞിരുന്നു. പക്ഷെ പ്രിയപ്പെട്ടതെല്ലാം ത്യജിച്ച് അത്തരം ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുക എളുപ്പമായിരുന്നില്ല. ഏതൊരാളും കൊതിക്കുന്ന പദവികളുടെ ഉത്തുംഗതയിൽ വിരാജിക്കുന്ന വേളയിൽ വിശേഷിച്ചും. സത്യത്തിന്റെ മാർഗം തുറന്നു കിട്ടി കഴിഞ്ഞിട്ടും അതിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിന്റെ വൈഷമ്യമാണ് അദ്ദേഹത്തിന്റ പ്രതിസന്ധിയുടെ കാരണമായത്. ഏതാണ്ട് ആറു മാസക്കാലം ഈ സ്ഥിതി തുടർന്നു. ഓരോ ദിവസവും അദ്ദേഹം ഒരു സൂഫി ജീവിതരീതി ആശ്ലേഷിക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുകയും, പിൻവലിയുകയും ചെയ്തു.
ഗസ്സാലി തുടരുന്നു. "ഹിജ്‌റ 488 റജബ് വരെയുള്ള ആറു മാസങ്ങളിൽ ഇങ്ങനെ ഭൗതിക മോഹങ്ങളുടെ ഉൾവലിയിലും പാരത്രിക മോക്ഷത്തിന്റെ പ്രതീക്ഷക്കും ഇടയിൽ ഞാൻ ചാഞ്ചാടി. ഒടുവിൽ ആ മാസം, സ്വതന്ത്ര്യം നിർബന്ധിതാവസ്ഥക്ക് വഴിമാറി. അല്ലാഹു എന്റെ നാവുകൾക് വിലങ്ങിട്ടു. ഞാൻ സർവശക്തിയും സംഭരിച്ച് അദ്ധ്യാപനം തുടരാൻ പരിശ്രമിച്ചു. പക്ഷെ ഒരു വാക്ക് പോലും എന്റെ നാവുകളിൽ നിന്നു പുറപ്പെട്ടില്ല."
പണ്ഡിതർക്കിടയിലെ താരവും തരംഗവും ആയിരുന്ന ഗസ്സാലി വിദ്യാർത്ഥികൾക്ക് മുന്നിൽ സംസാരിക്കാൻ പോലുമാവാതെ പകച്ചു നിൽക്കുന്നു. അദ്ദേഹത്തിന് ബാധിച്ച രോഗം തിരിച്ചറിയാൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചു. ഒരു രോഗസൂചനയും കണ്ടെത്താനാവാതെ അവർ കുഴങ്ങി. പക്ഷെ സംഭവിക്കുന്നത് എന്തെന്ന് ഗസ്സാലിക്ക് ഉറപ്പായി. ഒരു തീരുമാനത്തിന് ഇനിയും വൈകിക്കൂടാ! ബാഗ്ദാദിൽ താൻ അനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളും പദവികളും ത്യജിച്ച് സൂഫിസത്തിന്റെ ജ്ഞാനമാർഗ്ഗത്തിലേക്ക് ഇറങ്ങാൻ അദ്ദേഹം ഉറപ്പിച്ചു.
തീർത്തും രഹസ്യാത്മകമായാണ് തുടർന്ന് കാര്യങ്ങൾ ആസൂത്രണം ചെയ്തത്. ഒരു പക്ഷെ തന്റെ പദ്ധതി സെൽജൂകുകളുടെയും അബ്ബാസികളുടെയും ചെവിയിലെത്തിയാൽ അവർ അതിന് തടസ്സം നിൽക്കുമെന്ന് ഗസ്സാലി ഭയപ്പെട്ടിരുന്നിരിക്കാം. സമ്പാദ്യം, അത്യാവശ്യങ്ങൾക്കുള്ളത് ഒഴിച്ച്, സർവ്വതും അദ്ദേഹം ദാനം ചെയ്തു. തന്റെ കുടുംബത്തിന്റെ ചെലവുകൾക്ക് നിശ്ചിത സംഖ്യ ബാഗ്ദാദ് കേന്ദ്രമായി നിലവിലുണ്ടായിരുന്ന പണ്ഡിതന്മാർക്കുള്ള ഒരു എൻഡോവ്മെന്റിൽ നിക്ഷേപിച്ചു. തന്റെ ചില ക്ലാസ്സുകളുടെ ഉത്തരവാദിത്തം സഹോദരൻ അഹ്മദ് ഗസ്സാലിയെ ഏല്പിച്ചു. ഇങ്ങനെ തയ്യാറെടുപ്പുകൾക്ക് ശേഷം ഹജ്ജ് യാത്രക്ക് എന്ന രൂപേണ അദ്ദേഹം ബാഗ്ദാദ് വിട്ടു. ലക്ഷ്യം ഡമാസ്‌ക്‌സ് ആയിരുന്നു. ഈ പരിവർത്തനത്തിനു ശേഷം പിന്നീട് ഏതാണ്ട് ഒരു പതിറ്റാണ്ടിലേറെ രാഷ്ട്രീയമണ്ഡലങ്ങളിൽ നിന്ന് ഗസ്സാലി പൂർണമായി അകന്നു ജീവിച്ചു. സൂഫി ജീവിതത്തിന്റെ അനുഭവ യാഥാർഥ്യങ്ങളിലേക്ക് അദ്ദേഹം മിഴി തുറന്നു.
ഡമാസ്ക്കസിൽ ഉമയിദ് പള്ളിയുടെ (ഉമവി കാലത്ത് നിർമ്മിക്കപ്പെട്ടത് ) മിനാരത്തോടു ചേർന്ന ഒരു കൊച്ചു മുറിയിലാണ് ഗസ്സാലി ഇമാം കഴിച്ചു കൂട്ടിയത്. ദിക്റുകളും, ഏകാന്തവാസവും, ആരാധനകളുമായി പരിത്യാഗത്തിന്റെതായ ഒരു അഗാധ ജീവിതം. അതോടൊപ്പം പള്ളിയങ്കണങ്ങളിലും സാവിയകളിലും അധ്യാപനവൃത്തി ചെയ്ത അദ്ദേഹം, തന്റെ മാഗ്നം ഓപ്പസ് ആയ ഇഹ്യാ ഉലൂമിദ്ധീന്റെ രചന ആരംഭിച്ചു. ഏതാണ്ട് ആറു മാസത്തിലേറെ കാലം ഡമാസ്കസിൽ താമസിച്ച ശേഷം, അവിടം വിടുവാൻ അദ്ദേഹം തീരുമാനിച്ചു. ഇതിലേക്ക് നയിച്ച ഹൃദയഹാരിയായ ഒരു സംഭവം ചരിത്രകാരന്മാർ റിപ്പോർട്ട് ചെയ്യുന്നത് കാണാം.
ഒരിക്കൽ ഇമാം ഗസ്സാലി ഡമാസ്കസിലെ വലിയൊരു മദ്രസയിൽ കഴിച്ചു കൂട്ടവെ അവിടെയൊരു പ്രഭാഷണം ശ്രവിക്കാൻ ഇടയായി. ആ പ്രഭാഷകൻ ഇമാം ഗസ്സാലി എന്ന മഹാ പണ്ഡിതനെ ഉദ്ധരിച്ചു പലതും സംസാരിച്ചു. പ്രഭാഷകനോ സദസിനോ, തങ്ങൾക്കിടയിൽ തന്നെ ഈ മഹാപണ്ഡിതൻ പരുക്കൻ വേഷഭൂഷാദികളിൽ ദരിദ്ര സാദാരണക്കാരനായി ഇരിപ്പുണ്ട് എന്ന സത്യം, അറിയുമായിരുന്നില്ല. പ്രഭാഷകൻ ഉത്സാഹത്തോടെ ഗസ്സാലിയുടെ അറിവിന്റെയും പാണ്ഡിത്യത്തിന്റെയും വലുപ്പം ഉണർത്തി. ഇത് കേട്ടിരുന്ന ഗസ്സാലി ആളുകൾ തന്നെ തിരിച്ചറിയാനിട വന്നാൽ അത്, ആത്മീയ വളർച്ചക്ക് തടസ്സമാവുന്ന വിധത്തിൽ, തന്റെ ഗർവ് ഉണർത്താൻ കാരണമാവും എന്ന് ഭയന്നു. ഡമാസ്കസ് വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് പോവാൻ അദ്ദേഹം അങ്ങനെ തീരുമാനിച്ചു.
തുടർന്ന് ജറൂസലേമിലേക്കായിരുന്നു യാത്ര. അവിടെ ബൈത്തുൽ മുഖദ്ദിസിനു കിഴക്ക് ഒരു സൂഫി കേന്ദ്രത്തിൽ താമസം. ഖുബ്ബത്തു നഖ്‌റ (Dome of Rock) ദിവസവും സന്ദർശിക്കുമായിരുന്നു, ചിലപ്പോഴൊക്കെ അതിനുള്ളിൽ അടച്ചിരുന്ന് ചിന്തകളിലും പ്രാർത്ഥനകളിലും മുഴുകുമായിരുന്നു. ജറൂസലേമിനുള്ള കത്ത് (Letter for Jerusalem), ജറൂസലേമിലെ കോവണി -ആത്മാവിലേക്കുള്ള അറിവിലേക്ക് നയിക്കുന്ന പടവുകൾ, തുടങ്ങിയ രചനകൾ ഈ കാലത്ത് നടത്തിയതാണ്. അടുത്ത ഹജ്ജ് കാലം വരെ അവിടെ തുടർന്ന ശേഷം അദ്ദേഹം ഹിജാസിലേക്ക് തിരിച്ചു. യാത്രാ മദ്ധ്യേ ഹെബ്രോണിൽ ഇബ്രാഹിം നബിയുടെ ഖബർ സന്ദർശിച്ച ഗസ്സാലി അവിടെ വച്ച് വിഖ്യാതമായ ഒരു പ്രതിജ്ഞ ചെയ്തു. "ഇനിയൊരിക്കലും ഒരു ഭരണാധികാരിയുടെയും സന്നിധിയിൽ പോവില്ല. അവരുടെ യാതൊരു ഔദാര്യവും പറ്റില്ല. ആഘോഷമാക്കപ്പെടുന്ന താർക്കിക മത്സരങ്ങളിൽ ഇനിയൊരിക്കലും പങ്കെടുക്കില്ല."
ഹജ്ജിനു ശേഷം തന്റെ അലച്ചിൽ തുടർന്ന ഗസ്സാലി ഒടുവിൽ ബാഗ്ദാദിൽ തിരിച്ചെത്തുമ്പോൾ ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞിരുന്നു. ഗസ്സാലി തികച്ചും പുതിയൊരു മനുഷ്യൻ ആയിരുന്നു. ഒരു സമകാലികൻ രേഖപ്പെടുത്തുന്നു. "അബു ഹാമിദ് (ഗസ്സാലി )ആദ്യത്തെ വട്ടം ബാഗ്ദാദിൽ വരുമ്പോൾ അഞ്ഞൂറിലേറെ ദിനാർ വിലയുള്ള പളപളപ്പുള്ള വസ്ത്രങ്ങളിലായിരുന്നു. ഇന്ന് ഏറെ അലഞ്ഞു തിരിഞ്ഞു പരിത്യാഗിയായി തിരിച്ചെത്തുമ്പോൾ അദ്ദേഹം ധരിച്ചിരിക്കുന്നത് അഞ്ചു പൈസ വിലയില്ലാത്ത താഴ്ന്ന ഇനം വസ്ത്രങ്ങൾ !" ഒരു പാട് സമകാലികർ ഗസ്സാലിക്കു സംഭവിച്ച പരിവർത്തനത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാഗ്ദാദിൽ നിന്നും ഏറെ വൈകാതെ ജന്മദേശമായ തൂസിലേക്ക് മടങ്ങിയ ഗസ്സാലിയെ അവസാനകാലത്ത് സന്ദർശിച്ച അബ്ദുൽ ഗാഫിർ, ഗസ്സാലിയിൽ സംഭവിച്ച മാറ്റത്തിന്റെ ആഴത്തെ കുറിച്ചു ഇങ്ങനെ എഴുതുന്നു. "മുമ്പ് അദ്ദേഹത്തിന്റെ ആളുകളോടുള്ള പെരുമാറ്റം ധാർഷ്ട്ട്യം നിറഞ്ഞതായിരുന്നു. വാക്കുകളും ചിന്തകളും ആശയങ്ങളും അനായാസം കുറിക്ക് കൊള്ളും വിധം പ്രയോഗിക്കാനുള്ള സവിശേഷ സിദ്ധിയുടെ ആത്മവിശ്വാസത്തിൽ, അന്ധതയോടെ, ഗർവ്വോടെ, പ്രസിദ്ധിയെ പിന്തുടർന്ന ഒരാൾ. ഇന്ന് അദ്ദേഹത്തിന്റെ വാക്കിലും നോക്കിലും കൈവന്ന അദബുകൾ വ്യാജമായി എടുത്തണിഞ്ഞ ഒന്നാണോ എന്നു കൂടി ആദ്യം ഞാൻ സംശയിച്ചു. പക്ഷെ അതങ്ങനെയല്ല, മറിച്ച്, അദ്ദേഹം തികച്ചും മാറിയിരിക്കുന്നു എന്ന യാഥാർഥ്യം ഞാൻ കണ്ടു." ബാഗ്ദാദിൽ താനറിഞ്ഞ ഉത്കർഷേച്ഛ നിറഞ്ഞ ആ വ്യക്തിത്വത്തിന് സഹജമായത് കൈയൊഴിഞ്ഞ് ഇങ്ങനെ മാറാൻ കഴിയുമോ എന്ന അത്ഭുതമാണ് അബ്ദുൽ ഗാഫിറിന്റെ വരികളിൽ കാണാൻ കഴിയുന്നത്.
തന്റെ അവസാനത്തെ വർഷങ്ങൾ ഏറിയ പങ്കും ഇമാം ഗസ്സാലി തൂസിൽ തന്നെ കഴിച്ചു കൂട്ടി. അവിടെ സ്ഥാപിച്ച സാവിയയുടെ (സൂഫി കേന്ദ്രം) സ്വകാര്യതയിൽ അദ്ദേഹം അധ്യാപനം തുടർന്നു. പിൽക്കാലത്ത് മുസ്ലിം ബൗദ്ധിക ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ഇഹ്യാ ഉലൂമുദ്ധീനാണ് (മത വിജ്ഞാനീയങ്ങളുടെ പുനരുജ്ജീവനം) അവിടെ പ്രധാനമായി പഠിപ്പിച്ചിരുന്നത്. ഇടയ്ക്ക് ഹ്രസ്വകാലം നിഷാപൂരിലെ നിസാമിയയിൽ സന്ദർശനം നടത്തിയതൊഴിച്ചാൽ അധികാരത്തിന്റെ സ്ഥാപനങ്ങളോട് പിന്നീട് എന്നും ഗസ്സാലി മുഖം തിരിച്ചു. നിസാമുൽ മുൽക്കിന്റെ പുത്രൻ ഫക്റുൽ മുൽക്കിനെ നിരാകരിക്കാൻ കഴിയാത്ത നിർബന്ധത്തിന് വഴങ്ങിയാണ്, നീണ്ട വർഷങ്ങൾക്ക് ശേഷം, നിഷാപൂരിലെ നിസാമിയയിൽ കുറച്ചു കാലം പഠിപ്പിച്ചത്. എങ്കിലും അതിന് പ്രതിഫലം വാങ്ങിക്കുവാൻ പക്ഷെ അദ്ദേഹം കൂട്ടാക്കിയില്ല. ഗസ്സാലി (റ) തന്റെ മുൻനിലപാടുകളിൽ നിന്നും പിന്നോട്ട് പോയിരിക്കുന്നു എന്ന വിമർശനവും പ്രചാരണവും, ആ സമയത്ത്, ശത്രുക്കളിൽ നിന്നും അനുയായികളിൽ നിന്നും ഒരേപോലെ ഉയർന്നു. അതോടൊപ്പം അതിതീവ്രമായ ചില രാഷ്ട്രീയ ഗൂഡാലോചനകളും അദ്ദേഹത്തിനെതിരിൽ രൂപപ്പെട്ടു . ഈ സാഹചര്യങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണ് ഗസ്സാലി തന്റെ ധൈഷണിക ആത്മകഥയായ 'അറിവില്ലായ്മയിൽ നിന്നുള്ള മോചനം' (Munqid min dalal) രചിക്കുന്നത്. അതിൽ തന്റെ തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുന്നു. "മതപരമായ ഉപേക്ഷയും തെറ്റായ ചിന്താരീതികളുടെ പ്രലോഭനവും സാർവത്രികമായ സമയത്ത്, ആവശ്യമായ ഒരു മത നവോഥാനത്തിനു വേണ്ടിയാണ് സാവിയയുടെ സ്വകാര്യതയിൽ നിന്നും ഞാൻ പുറത്തേക്ക് വന്നത്." എന്തായാലും ചുരുങ്ങിയ കാലം മാത്രമാണ് അദ്ദേഹം നിഷാപൂരിൽ പഠിപ്പിച്ചത്. ബാഗ്ദാദിലെ പഴയ സ്ഥാനത്തേക്ക് മടങ്ങാനുള്ള സെൽജൂക് സുൽത്താൻ മുഹമ്മദ് തപാർറിന്റെ ക്ഷണം പിന്നീട് നിരസിക്കുകയും ചെയ്തു. ഇങ്ങനെ മുമ്പ് ഹെബ്രോനിൽ വച്ചു ചെയ്ത മൂന്ന് പ്രതിജ്ഞകളിൽ ഒന്നാമത്തെതിൽ നിന്നും അൽപം പിന്നോട്ട് പോയെങ്കിലും മറ്റു രണ്ടെണ്ണം അദ്ദേഹം ജീവിതം മുഴുവൻ പാലിച്ചു.
തൂസിലെ അവസാനകാലത്തും എഴുത്തിലും അധ്യാപനത്തിലും വ്യാപൃതനായിരുന്നു ഗസ്സാലി (റ). മരണത്തിനു ഏതാനും ദിവസങ്ങൾക്കു മുൻപാണ് അവസാന പുസ്തകത്തിന്റെ രചന പൂർത്തിയാക്കിയത്. ആ സമയത്തു 150 ഓളം വിദ്യാർത്ഥികൾ അദ്ദേഹത്തിന് കീഴിൽ തൂസിലെ വീടിനോട് ചേർന്ന സാവിയയിൽ പഠിക്കുന്നുണ്ടായിരുന്നു. ഹിജ്‌റ 505ൽ അമ്പത്തി അഞ്ചാമത്തെ വയസ്സിൽ, വൈജ്ഞാനികമായി കർമ്മനിരതമായിരുന്ന ആ മഹാനുഭാവന്റെ ഇഹലോക വാസം അവസാനിച്ചു. സഹോദരൻ അഹ്‌മദ് ഗസ്സാലി മരണ സമയത്ത് സമീപം ഉണ്ടായിരുന്നു. ഹുജ്ജത്തുൽ ഇസ്ലാം എന്ന നാമധേയത്താൽ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ പ്രസിദ്ധനായിരുന്ന ഇമാം ഗസ്സാലിയുടെ മരണവാർത്ത, തലസ്ഥാനമായ, ബാഗ്ദാദിൽ എത്തിയപ്പോൾ ആസ്ഥാന കവി ആയിരുന്ന അബിവാര്ദി പാടി.
"അദ്ദേഹം പോയി! നമ്മെ പിടിച്ചുലക്കുന്ന കഠിനമായ നഷ്ടങ്ങളുടെ കണക്കിൽ, പകരം വെക്കാനില്ലാത്ത ഒരു വ്യക്തിത്വത്തെ വേർപ്പിരിയുന്നതിലും വലിയ മറ്റൊരു നഷ്ടമുണ്ടോ?"
ഹാസിം മുഹമ്മദ്




COMMENTS