ഗസ്സാലി (റ): വിമർശകരും വക്താക്കളും

SHARE:

ഇമാം ഗസ്സാലിയുടെ വൈജ്ഞാനികമായ സ്വാധീനം ദൂരവ്യാപകമായ രീതിയിൽ പിൽക്കാല ലോകത്തെ മാറ്റിമറിച്ചിട്ടുണ്ട്. തത്ത്വചിന്ത, മിസ്റ്റിസിസം, നിയമം, നൈതികത, രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങളിൽ അതിന്റെ അനുരണനങ്ങൾ ഉണ്ടായി. വിഭാഗീയമായ വ്യത്യാസങ്ങളെ മറികടന്ന് കൊണ്ട് സ്വാധീനശക്തിയായി തീർന്ന ഒരു ചിന്തകന്റെ ഉദാഹരണം കൂടിയാണ് ഗസ്സാലി (റ). സുന്നികൾക്കും ശിയാക്കൾക്കുമിടയിൽ, സൂഫികൾക്കും നിയമജ്ഞർക്കുമിടയിൽ, തത്ത്വചിന്തകർക്കും രാഷ്ട്രീയക്കാർക്കുമിടയിൽ, മുസ്‌ലിം ലോകത്തും ലാറ്റിൻ ക്രിസ്ത്യൻ ലോകത്തും, വിഭിന്നങ്ങളായ ലോകത്തും കാലത്തും ജനതികളിലും ഗസ്സാലിയൻ കൃതികൾ പുതുജീവൻ തേടിയിട്ടുണ്ട്. വിമർശകർക്കിടയിലും ആകർഷണം തീർക്കുവാൻ കഴിയുമാറ് വൈവിധ്യങ്ങളെ അത് ഊഷ്മളമായി അടക്കി പിടിക്കുന്നു. കളങ്കമറ്റ ജ്ഞാനാന്വേഷകരെ ത്രസിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഘടനാപരമായ സങ്കീർണതയും ആഴവും അതിന്റെ പ്രത്യേകതകളാണ്. അങ്ങനെ,  ഇമാം ഗസ്സാലിയുടെ (റ) ശക്തനായ വിമർശകനായിരുന്ന ഇബ്‌നു ജൗസി ഇഹ്‌യായുടെ പുനരാഖ്യാനം രചിക്കുന്നത് നാം കാണുന്നു. ഗ്രീക്ക് തത്ത്വചിന്തയോടുള്ള സമ്പർക്കത്തിന്റെ പേരിൽ നിശിതമായ എതിർപ്പ് പ്രകടിപ്പിക്കുന്ന ഇബ്‌നു തൈയ്മിയ്യ ആത്യന്തികമായി ഗസ്സാലിയൻ ചിന്തകൾ ഖുർആനും ഹദീസും ഉയർത്തുന്ന സന്ദേശത്തെ പ്രതിഫലിക്കുന്നു എന്ന് സമ്മതിക്കുന്നു. 'തത്ത്വചിന്തയുടെ പൊരുത്തക്കേടുകൾ' എന്ന ഗസ്സാലിയുടെ കൃതിക്ക് സുപ്രസിദ്ധമായ 'പൊരുത്തക്കേടിലെ പൊരുത്തക്കേടുകൾ' എന്ന ഖണ്ഡനം രചിച്ച ഇബ്‌നു റുശ്ദിന്റെ ചിന്തകൾ ആത്യന്തികമായി ഗസ്സാലിയൻ ചിന്തയുടെ പല ഉദ്ദേശലക്ഷ്യങ്ങളോടും അടുത്ത് നിൽക്കുന്നു. ഇബ്‌നു റുശ്ദിന്റെ ശിഷ്യന്മാരിൽ തന്നെയുള്ള യുസുഫ് ഇബ്നു തുംലൂസിനെ (Yusuf Ibn Tumlus) പോലെയുള്ളവർ ഗസ്സാലിയുടെ കൃതികളിൽ മോഹിതരാവുന്നത് നാം കാണുന്നു. ഗസ്സാലിയുടെ ശ്രേഷ്ഠ കൃതിയായ ഇഹ്‌യാ ഉലൂമിദീനിന്റെ കാര്യമെടുത്താൽ,  ഒരു കാലത്ത്, അത് മഗ്‌രിബിൽ ഭരണകൂടത്തിന്റെ ഒത്താശയോട് കൂടി ഔദ്യോഗിക നിരോധനത്തിന് വിധേയമായി പൊതുസ്ഥലത്തു തീയിൽ ചുട്ടെരിക്കപ്പെടുന്നു. പക്ഷെ സകലവിധ എതിർപ്പുകളെയും മറികടന്ന് തലമുറകളിലേക്ക് സ്വാധീന ശക്തിയേറിയ പ്രായോഗിക നൈതികതയുടെ പാഠപുസ്‌തകമായി അത് പടർന്നിറങ്ങി. ഗദ്യമായും പദ്യമായും നിരവധി സംഗ്രഹങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇഹ്‌യാ ഉലൂമിദീന് പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഉണ്ടായത്. മദ്രസകളിലൂടെ പഠിപ്പിക്കപ്പെടാത്ത സ്ഥലങ്ങളിൽ നാട്ടു ഭാഷകളിലൂടെ വാമൊഴിയായി അതിന്റെ ആശയങ്ങൾ പ്രചരിച്ചു. ഇമാം ഗസ്സാലിയുടെയും അദ്ദേഹത്തിന്റെ ചിന്തകളുടെയും സ്വാധീനത്തിന്റെയും വ്യാപ്തിയെ സംബന്ധിച്ച പഠനത്തിന് സ്ഥല പരിമിതി മൂലം ഇവിടെ മുതിരുന്നില്ല. ഇമാം നവവിയുടെ (റ) വാക്കുകൾ കടമെടുക്കുകയാണ്. അത് ആ സ്വാധീനത്തിന്റെ വിപുലതയെ വ്യക്തമായി സംഗ്രഹിക്കുന്നു.

 "ഇസ്‌ലാമിന്റെ സകല പുസ്തകങ്ങളും നഷ്ടമാവുകയും എന്നിട്ട് ഇഹ്‌യാ മാത്രം ബാക്കിയാവുകയും ചെയ്‌താൽ നഷ്ടപെട്ടതിനൊക്കെ പകരം അത് മതിയാവുന്നതാണ്!

ഇങ്ങനെ നമ്മളെ നാമാക്കിയതിൽ ബൃഹത്തായ മാനങ്ങളിൽ സ്വാധീനം ചെലുത്തിയ ഒരു വ്യക്തിത്വത്തിന്റെ വൈജ്ഞാനിക ജീവിതത്തിലേക്ക് നോക്കുന്ന നമ്മുടെ പരിപേക്ഷ്യത്തെ കുറിച്ചാണ് ഇവിടെ വ്യക്തത വരുത്താൻ ഉദ്ദേശിക്കുന്നത്. 'നമ്മൾ' എന്നത് ആധുനിക മുസ്‌ലിം ലോകമാണ്. നിരവധിയായ സങ്കീർണ ചരിത്ര പശ്ചാത്തലത്തിലൂടെ രൂപം പൂണ്ട ആ കർതൃത്വം, സന്നിഗ്ധതകളിൽ ഉഴറി, ശക്തിമത്തായ നിരവധി പ്രവാഹങ്ങളുടെ മദ്ധ്യേ മാർഗം തേടി ചരിത്രത്തിലേക്ക് നോക്കുകയാണ്. ആ നോട്ടങ്ങളിൽ തെളിയുന്ന ഗസ്സാലിയെയാണ് നമ്മുക്ക് വായിക്കേണ്ടതും പുനർവായിക്കേണ്ടതും. ആ ചിത്രങ്ങളിൽ ചിലതെങ്കിലും കാഴ്ചക്കാരന്റെ കണ്ണുകളിലാണെന്ന  തിരിച്ചറിവ് ഉണ്ടായിരിക്കണം. ആ തിരിച്ചറിവിനെ പിന്തുടരുന്ന ആത്മവിമർശനങ്ങളിലൂടെ നമ്മുക്ക് ചരിത്രപരമായ വ്യക്തത കൈവരണം. അപ്പോൾ ബാക്കിയാവുന്നതിൽ നിന്നും ഭാവിയിലേക്കുള്ള പ്രത്യാശാനിരർഭരമായ ഒരു വാതായനം തുറക്കും. ഭാവിയിലേക്കുള്ള ഒരു ഗസ്സാലിയൻ മാതൃക കണ്ടെടുക്കാനുള്ള ശ്രമമാണ് നമ്മുടേത്. "കഴിഞ്ഞ കാലത്തിന്റെ അഗാധതകളിൽ എത്ര പരിശ്രമിച്ച് മുങ്ങി തപ്പിയാലും, ഒടുവിൽ നമ്മുടെ ചരിത്രരചന ബാക്കിയാക്കുന്നത് വർത്തമാന രചനയുടെ ചരിത്രമാണ്." മിഷേൽ ഫൂക്കോയാണ് ഈ വൈരുധ്യത്തെ പറ്റി സംസാരിച്ചത്. ഇന്ന് ഗസ്സാലിയെ നോക്കുന്ന നിരവധി നോട്ടങ്ങളിലെല്ലാം ഇത് വ്യക്തമായി കാണാം. അത് നമ്മുടെ വർത്തമാന കാലത്തെ കാണാനുള്ള അഭിവാഞ്ജകളിൽ മുഖരിതമാണ്. അതിനെ ന്യായീകരിക്കാനും കണ്ടെടുക്കാനും നിലനിർത്താനുമുള്ള ആഗ്രഹങ്ങളിൽ പ്രചോദിതമാണ്.  

Foucault

സലഫികളിൽ നിന്ന് തുടങ്ങാം. സച്ചരിതരായ പൂർവികരിലേക്ക് മടങ്ങാനുള്ള ആഹ്വാനം ഗസ്സാലിയിൽ എമ്പാടും കാണാം. എന്നാൽ പോലും രീതിശാസ്ത്രത്തിന്റെ തലത്തിൽ അദ്ദേഹം ഒരു അക്ഷരവായന പുലർത്തുന്നില്ല എന്നത് കൊണ്ട്  തന്നെ സലഫി വൃത്തങ്ങളിൽ അദ്ദേഹം വേണ്ടത്ര സ്വീകാര്യനല്ല.   ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ മൗലാനാ മൗദൂദി തന്റെ 'ഇസ്‌ലാമിലെ നവോത്‌ഥാന പ്രസ്ഥാനങ്ങൾ' എന്ന ഗ്രന്ഥത്തിൽ വളരെ പ്രാധാന്യത്തോടെയാണ് ഇമാം ഗസ്സാലിയെയും അദ്ദേഹം തിരി കൊളുത്തിയ വൈജ്ഞാനിക വിപ്ലവത്തെയും കുറിച്ച് വാചാലനാവുന്നത്. അദ്ദേഹം സാധിച്ച വലിയ നേട്ടങ്ങളെ അക്കമിട്ട് വസ്തുനിഷ്ഠമായി വിശദീകരിച്ച ശേഷം മൗദൂദി എഴുതുന്നു. "ഇബ്നു ഖൽത്തൂൻ പറയുന്നത് പ്രകാരം ഇസ്‌ലാമിക വ്യവസ്‌ഥകൾക്ക് അനുകൂലമായി പ്രവർത്തിക്കുന്ന ഒരു ഭരണകൂടത്തെ സൃഷ്ടിക്കാൻ ഇമാം ഉത്സുകനായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽ സ്ഥാപിതമായ മുവാഹിദ്‌ ഭരണകൂടം അദ്ദേഹത്തിന്റെ ആശിർവാദത്തോടെ ഒരു ശിഷ്യൻ സ്ഥാപിച്ചതാണ് എന്ന് പറയപ്പെടുന്നു. എന്നാൽ രാഷ്ട്രീയമായ പ്രവർത്തനങ്ങൾക്ക് ഇമാം തന്റെ ജീവിതത്തിൽ എന്നും രണ്ടാം സ്ഥാനമാണ് നൽകിയത്. രാഷ്ട്രീയ വിപ്ലവത്തിനുള്ള സാഹചര്യം സംജാതമാക്കാൻ ശേഷിയുള്ള ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതാണ് വസ്തുത. ആ കാലത്തെ ഗവണ്മെന്റുകൾക്ക് മേൽ സ്വാധീനം ചെലുത്താൻ അത് മൂലം അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹത്തിന് ശേഷവും അനിസ്‌ലാമികമായ ഭരണകൂടത്തിന്റെ കെടുതികളിൽ സാമാന്യ ജനത്തിന്റെ സ്ഥിതി വഷളായി വന്നു... " 'അനിസ്‌ലാമിക ഭരണകൂടത്തെ' കുറിച്ചും രാഷ്ട്രീയ ഭൂമികയെ പുറന്തള്ളുന്നതിനെ കുറിച്ചുമുള്ള ആശങ്കകൾ ഗസ്സാലിയൻ ജീവിതത്തിൽ കണ്ടെടുക്കാൻ കഴിയുന്നത് മൗദൂദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെയും ആശയ പ്രപഞ്ചത്തിന്റെയും സന്ദർഭത്തിൽ വച്ചാണ് എന്നത് ഏതാണ്ട് വ്യക്തമാണ്. പുസ്തകത്തിൽ മറ്റൊരിടത്തു മൗദുദി തുടർന്ന് എഴുതുന്നു. "ബൗദ്ധികമായ തലത്തിലെ വിലയിരുത്തലിൽ ഇമാം ഗസ്സാലി സാധിച്ച പുനരുദ്ധാരണ ശ്രമങ്ങൾക്ക് പ്രധാന മൂന്നു ന്യൂനതകൾ കാണാം. 

1) ഹദീസ് ശാസ്ത്രങ്ങളെ വേണ്ട വിധം ഉൾകൊള്ളുന്നതിൽ വന്ന വീഴ്ച. 

2) യുക്തി അടിസ്ഥാനമാക്കിയ അറിവുകൾക്ക്  നൽകിയ പ്രബലത. 

3) തസവുഫിന് നൽകിയ അമിത പ്രാധാന്യം."

ആദ്യത്തേത് മൂല പ്രമാണങ്ങളിലേക്ക് മടക്കം അടിസ്ഥാന ആശയമായി സ്വീകരിച്ചിട്ടുള്ള എല്ലാ നവീകരണ പ്രസ്ഥാനങ്ങളും ഉന്നയിച്ച, ഇബ്നു തൈമിയ്യയിൽ ആരംഭിക്കുന്ന, ഒരു ഗസ്സാലിയൻ വിമർശനമാണ്. മൂന്നാമതായി പരാമർശിച്ച തസവുഫിന്റെ കാര്യമെടുക്കാം. തസവ്വുഫും അത് വഴി കടന്ന് വന്ന മിസ്റ്റിസിസവും, ഇസ്‌ലാമിക ഗാത്രത്തിൽ പുഴുക്കുത്തുകൾ വീഴ്ത്തി എന്നത് ആധുനികതയുടെ കാലത്ത് സ്ഥിര പ്രതിഷ്‌ഠ ലഭിക്കത്തക്ക വണ്ണം നിരവധി ഭാഗങ്ങളിൽ നിന്ന് നിരന്തരമായി ഉന്നയിച്ചു വരുന്നു. അതിന്റെ പശ്ചാത്തലം ശ്രദ്ധേയമാണ്. മുസ്‌ലിം ലോകത്തിന്റെയും രാഷ്ട്രീയ രൂപങ്ങളുടെയും വ്യാപകമായ തകർച്ചയും, തത്‌സ്ഥാനത്ത് ഉയർന്നു വന്ന പാശ്ചാത്യ കൊളോണിയൽ സാമ്രാജ്യത്തിന്റെ മനം മയക്കുന്ന ഭൗതിക പുരോഗതിയും ശക്തിയുമാണത്. മുസ്‌ലിം ചിന്തകളിലെല്ലാം 'എവിടെയാണ് തെറ്റ് പറ്റിയത്?' എന്ന ചോദ്യം സാംസ്കാരിക ഉയർത്തെഴുന്നേൽപ്പിന്റെ തലത്തിലേക്ക് വളരുന്ന നിരവധി മാനങ്ങളുള്ള ഒരു പ്രശ്നത്തിന്റെ ആലോചനയായിരുന്നു. അത് ഒരേ സമയം പാശ്ചാത്യ അധിനിവേശ ശക്തികളോടുള്ള വിരോധത്തിലും ഭൗതിക പുരോഗതിയുടെ പാശ്ചാത്യ മാതൃകയോടുള്ള മതിഭ്രമത്തിലും മുഴുകി. "പടിഞ്ഞാറ് ചെന്നപ്പോൾ ഞാൻ ഇസ്‌ലാമിനെ കണ്ടു, മുസ്‌ലിങ്ങളെ കണ്ടില്ല. കിഴക്ക് വന്നപ്പോൾ ഞാൻ മുസ്‌ലിങ്ങളെ കണ്ടു, ഇസ്‌ലാമിനെ കണ്ടില്ല." മുഹമ്മദ്‌ അബ്ദുവിന്റെ ഈ വാക്കുകൾ സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. ഈ പശ്ചാത്തലത്തിൽ തന്നെ കിഴക്കിനെ ആത്മീയ ലോകമായും സേച്ഛ്വാധികാരരൂപങ്ങളുടെ രംഗവേദിയായും വിശേഷിപ്പിക്കുന്ന ഓറിയന്റലിസം എന്ന ആധുനികതയുടെ തന്നെ ജ്ഞാനരൂപം ശക്തിയാർജ്ജിച്ചു. എവിടെയാണ് തെറ്റ് പറ്റിയത് എന്ന ചോദ്യം ഈ സന്ദർഭങ്ങളുടെ സംഭ്രമങ്ങളിൽ ഒരു ലളിതമായ ഉത്തരം പ്രയാസമേതും കൂടാതെ കണ്ടെടുത്തു. ആത്മീയ പാരമ്പര്യം കൊണ്ട് വന്ന സൂഫിസവും തസവ്വുഫും ബലിയാടുകളായി. മറ്റു രംഗങ്ങളിൽ നടമാടിയ അധഃപതനത്തിന്റെ ശരിയായ ഓഹരി സ്വീകരിച്ചു എന്നതിനപ്പുറം ഏത് അടിസ്ഥാനത്തിലാണ് ആത്മീയത കൈകാര്യം ചെയ്യപ്പെടലിന് വിധേയമാവേണ്ടത് എന്ന പ്രശ്നം അധികമൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. മൗദൂദിയിലേക്ക് തിരികെ വന്നാലുള്ള രസകരമായ സംഗതി തസവ്വുഫിന് പ്രാധാന്യം കൊടുത്തതിനെ വിമർശിക്കുന്ന അതേ ശ്വാസത്തിൽ യുക്തിപരതയ്ക്ക് നൽകിയ പ്രബലതയെയും അദ്ദേഹം ഗസ്സാലിയൻ ദൗര്ബല്യങ്ങളിൽ എണ്ണുന്നു എന്നതാണ്. അത് രസകരമാവുന്നത് മറ്റൊരു വിധത്തിലാണ്. യുക്തിയുടെ പ്രബലതയ്ക്കപ്പുറം അറബ് യുക്തിചിന്തയുടെ മരണത്തിന്റെ ഉത്തരവാദിത്തമാണ് പിന്നീട് വന്ന ചില ചിന്തകർ ഗസ്സാലിക്ക് എഴുതി നൽകുന്നത് എന്ന വൈരുധ്യത്തിലാണത് കുടികൊള്ളുന്നത്. 

മൊറോക്കൻ തത്ത്വചിന്തകനായ മുഹമ്മദ്‌ അബ്ദുൽ ജബ്‌രി, മറ്റു വിധത്തിൽ വ്യക്തമായ വാദമുഖങ്ങളിൽ സമ്പന്നമായ 'അറബ് യുക്തിയുടെ രൂപീകരണം' എന്ന പുസ്തകത്തിൽ, ഒടുവിൽ നിഗമനങ്ങളിലെത്തുമ്പോൾ സരളമായി ആക്രമണം ഗസ്സാലിയിലേക്ക് തിരിക്കുന്നു. അറബ് ദേശീയതയുടെ നവോഥാന ശ്രമങ്ങളിൽ അടങ്ങിയിരുന്ന ഉയർത്തെഴുന്നേല്പിന്റെ സ്വപനങ്ങളെ ഉൾകൊണ്ട ചോദനകളുടെ പ്രതിനിധിയാണ് ജബ്‌രി. ദേശീയവത്കൃതമായ ജ്ഞാനത്തെ സംബന്ധിച്ച അബോധപരമായ ധാരണകൾ ചിന്തകളെ യൂറോപ്യൻ ആക്കുന്നത് പോലെ, യുക്തിയെ അറബ് യുക്തിയെന്നു വ്യവഹരിക്കുന്ന വാക്കിന്റെ തെരഞ്ഞെടുപ്പിൽ തന്നെ കാണാം. തന്റെ ആശങ്കകളെ വ്യക്തമായി തന്നെ അദ്ദേഹം കുറിക്കുന്നു. 

"നാം ചോദിക്കേണ്ട ചോദ്യം,  മറ്റുള്ളവർ പുരോഗതിയിലേക്ക് കുതിച്ചപ്പോൾ എന്തു കൊണ്ട് മുസ്‌ലിങ്ങൾ പിന്നിലായി? എന്തു കൊണ്ട് അറബ് സാമൂഹിക സാമ്പത്തിക രൂപീകരണങ്ങൾ അതിന്റെ മധ്യകാല രൂപങ്ങളിൽ നിന്നും ഒരു മുതലാളിത്ത വ്യവസ്ഥയിലേക്ക് വളർന്നില്ല? അതിനു തക്കതായ സാധ്യതകൾ ഉൾക്കൊണ്ട വിപുലവും പുരോഗതി പ്രാപിച്ചതുമായ ഒരു കച്ചവട സമൂഹം രൂപപ്പെട്ടിരുന്നുവെന്ന ചരിത്ര യാഥാർഥ്യം മുന്നിലുള്ളപ്പോൾ ഈ ചോദ്യം ഒഴിച്ചു കൂടാനാവില്ല. മദ്ധ്യകാലത്തിലെ അറബ് നവോത്ഥാനം എന്തു കൊണ്ട് ഇടറാതെ മുന്നേറുന്നതിൽ പരാജയപ്പെട്ടു? "പച്ചയായി പറഞ്ഞാൽ മദ്ധ്യകാല മുസ്‌ലിം നാഗരികത അതിന്റെ സ്വാഭാവികമായ വളർച്ചയിൽ യൂറോപ്പ്യൻ നാഗരികതയ്ക്ക് തുല്യമായി തീർന്നില്ല എന്നതാണ് ജബ്‌രിയുടെ ആശങ്ക എന്ന് കാണാം. അതിന് അദ്ദേഹം കണ്ടെത്തുന്ന ഉത്തരം വളരെ ലളിതമാണ്. ആത്മീയതയിൽ അധിഷ്ടിതമായ ഒരു ജ്ഞാനവാദം യുക്തിയെ കടപുഴക്കിയതായി അദ്ദേഹം കരുതുന്നു. അറബ് യുക്തി പാരമ്പര്യത്തിലെ 'ബയാൻ' എന്ന സങ്കൽപം, അതിന്റെ സുശക്തമായ വിശദീകരണ സ്വഭാവത്തിൽ നിന്നും സൂഫി ചിന്തയുമായി സങ്കരപ്പെട്ടു യുക്തിയുടെ വിരാമത്തിലേക്ക് വീണു. ഈ ഗതിമാറ്റത്തിന്റെ പ്രധാന കാരണം ഇമാം ഗസ്സാലിയുടെ ചിന്തകളായിരുന്നു എന്ന്  വാദിച്ചു കൊണ്ട് ജബ്‌രി എഴുതുന്നു. "തീർച്ചയായും, 'വിരമിച്ച യുക്തി' ഗസ്സാലിയുടെ നിയമ-ദൈവശാസ്ത്ര വിചാരങ്ങളെ അധീനപ്പെടുത്തി. ലോകത്തെയും മതത്തെയും സംബന്ധിച്ച ജ്ഞാനശാസ്ത്ര വ്യവഹാരങ്ങളിൽ മാത്രമല്ല ഇസ്‌ലാമിക-ദേശീയ തലത്തിലെ ബലഹീനതകളെ മറയ്ക്കേണ്ട സായുധ സമരം (ജിഹാദ് ) പോലുള്ള ബാധ്യതകളെ സംബന്ധിച്ചും അദ്ദേഹത്തെ ഭരിച്ചത് സന്യാസ സ്വഭാവത്തിലുള്ള ഭൗതികതയിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു." ഇമാം ഗസ്സാലി ജറുസലേമിൽ താമസിച്ച്, അവിടം വിട്ട് മടങ്ങി, ഏറെ കഴിയും മുമ്പേ ആണ് കുരിശു യോദ്ധാക്കളുടെ ആദ്യ ആക്രമണങ്ങൾ ഉണ്ടായത് എന്ന് ചരിത്രത്തിൽ കാണാം. പക്ഷെ ഗസ്സാലി തന്റെ കൃതികളിൽ എങ്ങും തന്നെ ഈ സംഭവത്തെ പരാമർശിക്കുന്നില്ല എന്ന ചില ആധുനിക അറബ്-ദേശീയ ചിന്തകരുടെ വിമർശനത്തെയാണ് ജബ്‌രി മുകളിലെ പരാമർശത്തിൽ ദ്യോതിപ്പിക്കുന്നത്. അറബ് ദേശീയതയുടെ അസ്തിത്വപരതയ്ക്കു മേൽ അപമാനഭാരത്തിന്റെ കനല് കോരിയിട്ട അറബ്-ഇസ്രായേൽ യുദ്ധപരാജയത്തിന്റെ നിഴലുകൾക്ക് കീഴിൽ 'ഇസ്‌ലാമിക-ദേശീയ തലത്തിലെ ബലഹീനത' എന്ന പരാമർശം സ്വീകരിക്കുന്ന അർത്ഥവ്യാപ്തിയെ  വായിക്കണം. തീരെ ചെറിയ ഒരു പഴിയല്ല ഇവിടെ ഗസ്സാലിക്ക് മേൽ ചാർത്തപ്പെടുന്നത്!

സദൃശമായ വിമർശനത്തിലൂടെ ഗസ്സാലിയെ പ്രതിസ്ഥാനത്തു നിർത്തുന്ന മറ്റൊരു ആധുനിക ചിന്തകനാണ്  ഈജിപ്ഷ്യനായ ഹസൻ ഹനഫി. യുക്തിക്ക് നഷ്ടമായ ആധികാരിക സ്ഥാനം തിരിച്ചു പിടിക്കാൻ വർത്തമാന കാലത്ത് ഇസ്‌ലാം ആചരിക്കപ്പെടുന്ന  രീതിയിൽ മാറ്റം വരണമെന്ന് അദ്ദേഹം വാദിക്കുന്നു. ഇസ്‌ലാമിന്റെ ആചരിക്കപ്പെടുന്ന നടപ്പുശീലങ്ങളിൽ നിന്നും മാതൃകകളിൽ നിന്നും കുതറി മാറേണ്ടത് ആവശ്യമാണ്‌ എന്ന നിലയിലാണ് ഗസ്സാലിയുടെ നിലനില്ക്കുന്ന സ്വാധീനത്തിനു എതിരെ അദ്ദേഹം കലഹത്തിന് ഒരുങ്ങുന്നത്. യുക്തിയെ തിരിച്ചു പിടിക്കുകയാണ്  ആ കലഹത്തിന്റെ  പ്രധാന ഉദ്ദേശം. കാരണം "സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും ഉറപ്പാക്കലും, പ്രകൃതിയെ കണ്ടെത്തലുമാണ് യുക്തിയെ പിന്തുടർന്ന് വരുന്നത്. ഭൗതികാതീതമായതിനോടുള്ള വിധേയത്വമാവട്ടെ അനുസരണവും അയുക്തിയും അരക്കിട്ടുറപ്പിക്കുന്നു." സ്വാതന്ത്ര്യവും ജനാധിപത്യവും സംബന്ധിച്ച നിലനില്ക്കുന്ന ദുർഘടത ആയിരം വർഷത്തെ ചരിത്രത്തിൽ കുടികൊള്ളുന്നു എന്നും, ചരിത്രത്തോടും ജ്ഞാനപാരമ്പര്യത്തോടും സംവദിച്ചു മാത്രമേ മുന്നോട്ടുള്ള പ്രയാണം സാധ്യമാവൂ എന്നും കൃത്യമായ നിരീക്ഷണം തന്നെയാണ് ഹസൻ ഹനഫി ഉന്നയിക്കുന്നത്. എന്നാൽ തുടർന്നങ്ങോട്ട് ആ ആയിരം വർഷത്തെ സാംസ്കാരിക ചരിത്രത്തിലെ വൈവിധ്യമാർന്ന ദശാസന്ധികളെ മുഴുവൻ ഒരൊറ്റ വ്യക്തിയുടെ ചുമലിൽ കെട്ടി വയ്ക്കുന്ന കേവലമായ ന്യൂനീകരണമാണ് നമ്മൾ കാണുന്നത്. വ്യവസ്ഥാപിതമായി യുക്തിയെ ഇല്ലായ്മ ചെയ്തത് ഗസ്സാലി എന്ന ചിന്തകനാണെന്ന് ഹസൻ ഹനഫി ആരോപിക്കുന്നു. തത്ത്വചിന്തകർക്കെതിരെ  ഗസ്സാലി നടത്തിയ കടന്നാക്രമണത്തിലാണ് അതിന്റെ വേരുകൾ. അതിൽ ഉന്നയിച്ച വാദങ്ങളുടെ ശക്തിയുക്തമായ പ്രഹരശേഷിയിൽ മുസ്‌ലിം സമൂഹത്തിന്റെ യുക്തിപരമായ സാംസ്കാരിക ബോധ്യങ്ങൾ മരവിച്ചുവെന്ന് അദ്ദേഹം വാദിക്കുന്നു. പരമാർത്ഥിക സത്യത്തെ രുചിച്ചു അറിയാനുള്ള (ad-dhawq) ആത്മീയ വഴിയെ സുപ്രധാനമായി ജ്ഞാനശ്രേണിയുടെ ഏറ്റവും മീതെ  പ്രതിഷ്ഠിക്കുക വഴി ഗസ്സാലി യുക്തിചിന്തയുടെയും തത്ത്വചിന്തയുടേയും പിന്നീടുള്ള വളർച്ചയെ അസാധ്യമാക്കി. ഇത്തരം വിമർശനങ്ങളിൽ ഏത് തരം യുക്തിയെയാണ് ഗസ്സാലി നിരൂപണ വിധേയമാക്കുന്നത്, തത്ത്വചിന്തയുടെ നിരാസം അതിൽ ഗസ്സാലിയുടെ ലക്ഷ്യമായിരുന്നോ, എന്ന് തുടങ്ങിയ  സങ്കീർണതകളെ ഹസൻ ഹനഫി പരിഗണിക്കുന്നേയില്ല. അദ്ദേഹത്തിന്റെ അജണ്ട വ്യക്തമാണ്. നിലവിലെ യാഥാസ്ഥിതിക ബോധ്യങ്ങളെ വെല്ലുവിളിക്കുന്ന ഒരു യുക്തിപരതയെ ഉയർത്തുക. ആ യാഥാസ്ഥിതികതയുടെ സൂചികയായി മാത്രം ഗസ്സാലിയെ സമീപിക്കുക.

വർത്തമാനകാലത്തെ മുസ്‌ലിം സുന്നി യാഥാസ്ഥിതിക ജ്ഞാന പാരമ്പര്യം, എല്ലാറ്റിനും ഉപരി, ഒരു കാര്യത്തിൽ ഹസൻ ഹനഫിയോട് യോജിക്കും. തത്ത്വചിന്തയെ ഗസ്സാലി തന്റെ പ്രൗഢമായ ആക്രമണത്തിലൂടെ പരാജയപ്പെടുത്തി എന്നതിനോട് യോജിക്കുക മാത്രമല്ല, അവരതിനെ  ആഘോഷിക്കപ്പെടേണ്ട നേട്ടമായി കൊണ്ടാടുക കൂടി ചെയ്യും. ആത്മീയതയിലും നൈതികതയിലും ചോദ്യം ചെയ്യപ്പെടാതെ പിന്തുടരേണ്ട മാതൃകയാണ് അവർക്ക് ഗസ്സാലി. തഖ്ലീദിനോടുള്ള ഗസ്സാലിയൻ കാഴ്‌ചപ്പാട് അവിടെ വിഷയമല്ല! അബുൽ ഹസൻ അലി നദ്‌വി എഴുതുന്നു. "ഗസ്സാലിയുടെ കാലം വരെ ഗ്രീക്ക് ചിന്തയുടെ നാസ്തിക സ്വാധീനങ്ങൾക്കെതിരിൽ കേവലമായ മുസ്‌ലിം വിശ്വാസ സമർഥനത്തിന്റെ പ്രതിരോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തത്ത്വചിന്തകർ കടന്നാക്രമണത്തിന്റെ പാത സ്വീകരിക്കുകയും, അതിനെ പ്രതിരോധിക്കാനാവാതെ മുസ്‌ലിം ദൈവശാസ്ത്ര ചിന്തകർ വിഷമിക്കുകയും ചെയ്തു. തത്ത്വചിന്തകർ മുസ്‌ലിം വിശ്വാസത്തിന്റെ അടിത്തറകളെ തകിടം മറിക്കുമ്പോൾ അവർക്കെതിരെ പ്രതിരോധം തീർക്കുന്നതിനപ്പുറം, തത്ത്വചിന്തയുടെ അടിത്തറകളെ തന്നെ തിരിച്ചു ആക്രമിക്കാനുള്ള ധൈര്യം അവർക്ക് ഉണ്ടായിരുന്നില്ല. ഒരു പക്ഷെ ഗസ്സാലിയെ പോലെ മറ്റൊരു പണ്ഡിതനും തത്ത്വചിന്തയെ ആഴത്തിൽ നിരൂപണം ചെയ്യുകയും അവരുടെ തന്നെ കോട്ടയിൽ ചെന്ന് അവരെ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവില്ല."  യാഥാസ്ഥിതികത അതിന് മേൽ വന്ന് പതിക്കുന്ന (ആധുനികമായ) എല്ലാ വിധമായ വെല്ലുവിളികളെയും പ്രതിരോധിച്ച് നിർത്താനാവശ്യമായ ആത്മവിശ്വാസത്തിന്റെ സ്രോതസ് എന്ന രീതിയിലാണ് ഗസ്സാലിയെ ഇന്ന് സമീപിക്കുന്നത് എന്ന് കാണാം. ഒരു കാലത്ത് ഗ്രീക്ക് തത്ത്വചിന്തയാണ് മുസ്‌ലിം ഡോഗ്മയെ വെല്ലുവിളിച്ചത് എങ്കിൽ ഇന്നത് പാശ്ചാത്യ ആധുനികതയാണ് എന്ന രീതിയിൽ ലളിതമായ ഒരു സമീകരണവും ഉണ്ട്. എന്നാലത് പാശ്ചാത്യ ആധുനികതയെ ഗസ്സാലിയൻ മാതൃകയിൽ സമീപിക്കാനും ആഴത്തിൽ വിമർശിക്കാനുമുള്ള വഴി തുറക്കുകയല്ല. മറിച്ച്, കണ്ണുമടച്ചു തള്ളിക്കളയാനുള്ള താത്പര്യങ്ങൾക്ക് സ്തുതി പാടാനാണ് ഉപയോഗിക്കുന്നത്. പാരമ്പര്യത്തെ കൂടുതൽ സങ്കുചിതമാക്കുന്നതും ഉൾവലിയാൻ പ്രേരിപ്പിക്കുന്നതുമായ ആശയോപാധിയായി ഗസ്സാലി മാറുന്നു. 

വിമർശകർക്കും വക്താക്കൾക്കുമിടയിൽ നിരവധിയായ വായനകളിലൂടെ ഇമാം ഗസ്സാലി (റ) ഒഴിവാക്കപ്പെടാനാവാത്ത സ്വാധീനമാണ് എന്നതിന്റെ ഏതാനും സൂചനകളാണ് നാം പരിശോധിച്ചത്. ഭൂതകാലത്തിലെ അതിസങ്കീർണനായ ഒരു ചിന്തകനെ,  ദൂരവ്യാപക സ്വാധീനം നിലനിർത്തുന്ന അദ്ദേഹത്തിന്റെ ചിന്തകളെ, വർത്തമാന സാഹചര്യങ്ങളുടെ പരിമിതമായ താത്പര്യങ്ങളിലേക്ക് നിഷ്ഠൂരം ചുരുക്കി കെട്ടാതെ എങ്ങനെ വായിക്കാം എന്നതിലെ ഗഹനമായ പ്രതിസന്ധിയെ കൂടി ഇത് തുറന്നു കാട്ടുന്നു. നാം പലപ്പോഴും ഭൂതകാലത്തിന്റെ വിശാലതയെ ചുമക്കാനാവാതെ തളർന്നു ഇന്നലെകളുടെ ചരിത്രങ്ങളെ നമ്മുടേതായ ഇടുങ്ങിയ കാഴ്ചകളിലേക്ക് വെട്ടി ചുരുക്കാൻ ഉദ്യുക്തരായി കഴിയുകയാണ്. ഭൂതകാലം വർത്തമാനത്തിലേക്ക് അപ്പടി ചേർത്ത് വയ്ക്കാൻ കഴിയാത്തത് അതിന്റെ പരിമിതികൾ കൊണ്ടല്ല. അതിന്റെ വിശാലത കൊണ്ടാണ്. ആ വിശാലതയുടെ ഓരോ ചക്രവാളങ്ങളും യാത്ര ചെയ്യുകയാണ് വേണ്ടത്. അത് വഴി മാത്രമേ നമ്മുക്ക് ലളിതമായ ആഖ്യാനങ്ങളെ മറികടന്ന് ചരിത്രത്തിന്റെ പൊരുൾ അനുഭവവേദ്യമാക്കാനാവൂ. അതിന്റെ ചരിത്രപശ്ചാത്തലത്തിൽ ഏതൊരു ആശയവും എന്താണ് അർത്ഥമാക്കിയത് എന്നത് തിരിച്ചറിയുമ്പോഴാണ് നമ്മുക്ക് അതിന്റെ പൂർണമായ സാധ്യതകൾ തെളിഞ്ഞ് കാണാൻ കഴിയുന്നത്. ആ ബോധ്യമാകുന്ന പ്രക്രിയ വർത്തമാന ഭാവനയിൽ നടക്കുന്നതാകയാൽ, നാം നിൽക്കുന്ന കാലത്തിന്റെ സന്ദർഭങ്ങളെ പരിപൂർണമായി ഒഴിവാക്കുക അസാധ്യമാണെന്നിരിക്കെ തന്നെ, ചരിത്രത്തിന്റെ വിശാലതയേയും വൈരുധ്യങ്ങളെയും പരിഗണിച്ചു കൊണ്ട് ഇന്നലെകളോട് സംവാദാത്മകമായ ഇടപാടുകളിൽ മുഴുകുക മാത്രമാണ് പോംവഴി. പ്രധാനമായും ഗസ്സാലിയെ സംബന്ധിക്കുന്ന ആധുനിക വാഗ്വാദങ്ങളുടെ കേന്ദ്രത്തിലുള്ള നിരവധിയായ ചോദ്യങ്ങളെ ഈ നടത്തിയ അന്വേഷണങ്ങളിൽ നിന്നും നമ്മൾ എടുക്കുകയാണ്. അവയുടെ വിശാലമായ പരിസരങ്ങളെ പരിശോധിക്കുവാൻ അത് വഴി തുനിയുന്നു. ഇമാം ഗസ്സാലിയും തത്ത്വചിന്തയും തമ്മിലുള്ള ബന്ധം എത്തരത്തിലായിരുന്നു? യുക്തിയെ അദ്ദേഹം പ്രബലമാക്കുകയോ തള്ളിക്കളയുകയോ ചെയ്തോ? തസവ്വുഫിനെ ചിന്താപദ്ധതിയുടെ കേന്ദ്രത്തിലേക്ക് ആനയിക്കാൻ ഇമാമിനെ പ്രേരിപ്പിച്ചത് എന്ത്? രാഷ്ട്രീയ ഭൂമികയെ തന്റെ ചിന്തകളിൽ നിന്ന് അദ്ദേഹം പുറന്തള്ളിയതായി കാണാൻ കഴിയുമോ? ആധുനികതയോട് മുഖം തിരിക്കുന്ന ഒരു ദർശനം ഗസ്സാലി പ്രബോധനം ചെയ്യുന്നുണ്ടോ? എല്ലാത്തിനും ഉപരി ഏത് രീതിയിലാണ് നൂറ്റാണ്ടുകളെ സ്വാധീനിച്ച ആ ചിന്തകളുടെ ഉള്ളടക്കവും കാലിക പ്രസക്തിയും മനസിലാക്കാൻ കഴിയുക? ഇമാം ഗസ്സാലിയുടെ തീർപ്പുകളെ ന്യായീകരിക്കുക എന്നതല്ല ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന്റെ ഉദ്ദേശം. അതിനപ്പുറം എങ്ങനെയാണ് ആ തീർപ്പുകളിലേക്ക് അദ്ദേഹം ചെന്നെത്തിയത് എന്ന അന്വേഷണത്തിലൂടെ ഒരു ഗസ്സാലിയൻ രീതിശാസ്ത്രത്തിന്റെ രൂപരേഖ തെളിയുമെന്ന് ആശിക്കുകയാണ്.

ഹാസിം മുഹമ്മദ്

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഗസ്സാലി (റ): വിമർശകരും വക്താക്കളും
ഗസ്സാലി (റ): വിമർശകരും വക്താക്കളും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiek-k_kEKsdZZAm9iOOvW-uJef_zTW6jmDPOckoxsXpIz9fQWnjxHvYBnieA1LGklY9QVBYSoCbJ1fB21cNrp0875IrbakZ1D7VkKFTyvNoZBSX_hn6wVce_wDIud254iQFfykrV5agRrZ/s320/IMG_20201008_161915.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiek-k_kEKsdZZAm9iOOvW-uJef_zTW6jmDPOckoxsXpIz9fQWnjxHvYBnieA1LGklY9QVBYSoCbJ1fB21cNrp0875IrbakZ1D7VkKFTyvNoZBSX_hn6wVce_wDIud254iQFfykrV5agRrZ/s72-c/IMG_20201008_161915.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/10/Gazzali-series-critic.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/10/Gazzali-series-critic.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content