ഗസ്സാലിയെ സ്വന്തമാക്കാനും ചിട്ടപ്പെടുത്തിയെടുക്കാനും ശ്രമിക്കുന്ന വ്യത്യസ്ഥമായ ദൃശ്യകോണുകളെ പരിചയപ്പെടുന്നതിന് മുൻപ്, അവയെ വേണ്ട വിധം മനസിലാക്കാൻ സഹായിക്കുന്ന അളവിൽ, ഇമാം ഗസ്സാലിയുടെ ജീവിതത്തെയും കാലത്തെയും കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം ലഭിക്കേണ്ടതുണ്ട്. ഈ ജീവിതരേഖ ഗസ്സാലിയെ സംബന്ധിച്ച് നിലനിൽക്കുന്ന പൊതുധാരണയെ പിന്തുടർന്നു തന്നെയാണ് വരയ്ക്കുന്നത്. അതു കൊണ്ട് തന്നെ ഇതിലെ ചില പരാമർശങ്ങളെ പിന്നീടുള്ള പഠനത്തിൽ ഒരു പക്ഷെ നമ്മൾ പുനർനിർവചിക്കാൻ മുതിരുമെന്നു കൂടി ഓർക്കുക.
ഇമാം ഗസ്സാലി - ജീവിതരേഖ
ഹിജ്‌റ 448ആം ആണ്ടിൽ ഖുറാസാനിലെ തൂസിലാണ് ഇമാം ഗസ്സാലി ജനിച്ചത്. അബ്ബാസിയ സാമ്രാജ്യത്തിന്റെ കിഴക്ക് പ്രദേശമായ ഖുറാസാനിലുള്ള നിരവധി ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ഉൾപ്പെട്ട ഒരു പ്രവിശ്യയായിരുന്നു തൂസ്. നിശാപൂര് ആയിരുന്നു അവിടുത്തെ മറ്റൊരു പ്രധാന പട്ടണം. ഖുറാസാൻ എന്നും രാഷ്ട്രീയമായ കൊടുങ്കാറ്റുകളുടെ പ്രഭവ കേന്ദ്രമായിരുന്നു. ഒരു കാലത്തു ഉമവീ ഖിലാഫത്തിന്റെ തകർച്ചക്ക് വഴിവെച്ച അബ്ബാസിയ വിപ്ലവത്തിന്റെ ഉത്ഭവ സ്ഥാനമായിരുന്നു അവിടം. ആ ചരിത്ര പരിസരം കടമെടുത്തു കൊണ്ടാവണം, പിൽക്കാല എതിരാളികൾ 'തൂസിൽ നിന്നുള്ള ആ വ്യക്തി ' എന്ന് ആക്ഷേപ സ്വരത്തോടെ ഗസ്സാലിയെ പരാമർശിച്ചിട്ടുണ്ട്. ആന്തലൂസിയൻ (സ്പാനിഷ് ) തത്ത്വ ചിന്തകനായ ഇബ്നു തുഫയ്‌ലാണ് ഇപ്രകാരം പദപ്രയോഗം നടത്തിയിട്ടുള്ള ഒരാൾ.
എന്നാൽ ഗസ്സാലിയുടെ (റ) കാലമായപ്പോഴേക്കും അബ്ബാസിയ ഖിലാഫത്ത് രാഷ്ട്രീയ ശക്തിയെന്ന നിലയിൽ സങ്കോചിച്ചു കേവലം ആലങ്കാരിക നേതൃത്വമായി കഴിഞ്ഞിട്ട്, ഏറെ ആയിരുന്നു. യഥാർത്ഥ ശക്തി കേന്ദ്രങ്ങളായി സുൽത്താനെറ്റുകൾ ഒന്നിനു പുറകെ ഉയർന്നു. സെൽജൂക് സുൽത്താൻമാർ എന്ന തുർക്കിഷ് വംശജരായിരുന്നു ഗസ്സാലിയുടെ കാലത്തെ ഭരണാധികാരികൾ. ഖിലാഫത്തിന്റെ സംരക്ഷകരായും സുന്നി ഇസ്‌ലാമിന്റെ പ്രചാരകരായും അവർ സ്വയം അവരോധിച്ചു. സെൽജൂക്കുകളുടെ രാഷ്ട്രീയ ഭാഗധേയവും ഗസ്സാലിയുടെ ധൈഷണിക ജീവിതവും പരസ്പരം ഇഴ ചേരുന്നതാകയാൽ ഈ വിഷയത്തെ സംബന്ധിച്ച് കൂടുതൽ വിശദമായി നമ്മുക്ക് പിന്നീട് ചർച്ച ചെയ്യേണ്ടതുണ്ട്.
ഒരു സാധാരണ ഇടത്തരം കുടുംബത്തിലാണ് ഇമാമിന്റെ ജനനം എന്ന് അനുമാനിക്കപ്പെടുന്നു. ഗസ്സാലി എന്ന നാമം നൂൽ നൂൽക്കുന്ന തൊഴിലിനെ കുറിക്കുന്ന ഗസ്സാൽ (ghazzal) എന്ന പദത്തിൽ നിന്നും നിർദ്ധരിച്ചതാണ് എന്ന ഒരു അഭിപ്രായത്തിൽ നിന്നും അദ്ദേഹത്തിന്റെ പിതാവിന്റെ തൊഴിൽ പശ്ചാത്തലം ചില ചരിത്രകാരന്മാർ അനുമാനിക്കുന്നുണ്ട്. ഇമാം ഗസ്സാലിയുടെ പിൽക്കാല ജീവിതത്തിനു വിപരീതമായി അദ്ദേഹത്തിന്റെ ബാല്യ കൗമാരങ്ങളെ കുറിച്ച്, ഇത്തരം സൂചനകൾക്കപ്പുറം, വിശദവും കൃത്യവുമായ വിവരങ്ങൾ ലഭ്യമല്ല. കുടുംബത്തിൽ നിന്ന് തന്നെ പിന്നീട് പ്രസിദ്ധനായി തീർന്നിട്ടുള്ള മറ്റൊരാൾ ഇമാമിന്റെ ഇളയ സഹോദരനാണ്. അറിയപ്പെട്ട മിസ്റ്റിക്കും സവാനിഹ് എന്ന വിഖ്യാത കൃതിയുടെ കർത്താവുമായ അഹമദ് ഗസ്സാലി. ഇരുവരുടെയും ബാല്യം പിന്നിടും മുമ്പ് തന്നെ അവരുടെ പിതാവ് മരണപ്പെട്ടുവെന്നും, തുടർന്ന്, രണ്ട് പേരും പിതാവിന്റെ സുഹൃത്തായ ഒരാളുടെ മദ്രസയിൽ താമസിച്ചു പ്രാഥമിക വിദ്യാഭ്യാസം സ്വീകരിച്ചുവെന്നും എല്ലാ ചരിത്രകാരന്മാരും കുറിക്കുന്നു.
ശേഷം അഹ്മദ് ഇബ്നു മുഹമ്മദ് റദ്‌ഖാനിയുടെ കീഴിലാണ് ഗസ്സാലി തന്റെ ആദ്യകാല പഠനം പൂർത്തിയാക്കിയത്. റദ്‌ഖാനി എന്ന ഗ്രാമമായിരുന്നു ഈ പണ്ഡിതന്റെ സ്വദേശം. പിൽക്കാലത്തു ഗസ്സാലിയുടെ ജീവിതത്തിൽ നിർണായക സ്വാധീനമായി തീർന്ന, സെൽജൂക് സുൽത്താനെറ്റിന്റെ ശില്പികളിൽ സുപ്രധാനിയായ മന്ത്രി, നിസാമുൽ മുൽക്കും ഇതേ നാട്ടുകാരനായിരുന്നു എന്നത് കൗതുകകരമായ ഒരു വിവരമാണ്. ഇത്തരം ബന്ധങ്ങൾ ഗസ്സാലിയുടെ പിൽക്കാല രാഷ്ട്രീയ വളർച്ചയിൽ സഹായകമായി തീർന്നിട്ടുണ്ടാവാം. പിന്നീട് ഗസ്സാലി (റ) അടുത്ത പ്രദേശമായ ജുർജാനിലേക്ക് യാത്ര ചെയ്തു അബു നാസർ അൽ ഇസ്മായിലി, സൂഫിവര്യനായ അഹ്മദ് അലി അൽ ഫർമാദി എന്നിവരുടെ കീഴിൽ വിദ്യ അഭ്യസിച്ചു. ജുർജാനിൽ നിന്നും തൂസിലേക്ക് മടങ്ങുന്ന വഴിയാണ്, പിൽക്കാലത്ത് നിരവധി സ്രോതസ്സുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള, കൊള്ളക്കാരുമായി മുഖാമുഖം കണ്ട രസകരമായ സംഭവം നടക്കുന്നത്. ഗസ്സാലിയുടെ (റ) യാത്രാസംഘത്തെ ഒരു സംഘം കൊള്ളക്കാർ വഴിയിൽ തടഞ്ഞു കൊള്ളയടിച്ചു. കൊള്ളയടിക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തിൽ ഗസ്സാലി തന്റെ ജുർജാനിലെ പഠനകാലത്ത് തയാറാക്കിയ കുറിപ്പുകളും ഉണ്ടായിരുന്നു.
"നിങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലാത്ത ആ കുറിപ്പുകൾ തിരികെ തരണം. " ഗസ്സാലി (റ) കൊള്ളത്തലവനോട് ആവശ്യപ്പെട്ടു. അയാൾ അത്ഭുതപരതന്ത്രനായി.
"എന്താണ് ഈ കുറിപ്പുകളിൽ ഉള്ളത്?"
" എന്റെ കുറെ വർഷത്തെ അദ്ധ്വാനത്തിന്റെ ഫലമാണ്. എന്റെ അറിവുകളാണ്. "കാര്യങ്ങൾ വിശദമായി കേട്ട കൊള്ളത്തലവൻ നോട്ടുകൾ മടക്കി കൊടുത്തു കൊണ്ട് ഇങ്ങനെ പ്രതികരിച്ചുവത്രെ. "ഈ കുറിപ്പുകൾ നഷപ്പെടുക വഴി നിങ്ങൾ പഠിച്ചത് മുഴുവൻ നഷ്ടപ്പെടുമെങ്കിൽ, അത് എന്ത് തരം അറിവാണ്? "
ഗസ്സാലി (റ) പറയുന്നു. "ഈ സംഭവത്തിലൂടെ എനിക്ക് ഉചിതമായ വഴി തെളിച്ചു തരാൻ അല്ലാഹു ഉദ്ദേശിച്ചുവെന്ന് ഞാനറിഞ്ഞു. തൂസിൽ തിരിച്ചെത്തിയ ശേഷം, ഞാൻ ആ കുറിപ്പുകളിലൂടെ വീണ്ടും സഞ്ചരിക്കുകയും അവ മനഃപാഠമാക്കുകയും ചെയ്തു. ഏതെങ്കിലും എഴുത്തുകളുടെ മോഷണം വഴി നഷ്ടപെടുന്നതാവരുത് എന്റെ അറിവ് എന്ന് ഞാൻ ഉറപ്പിച്ചു. "
തന്റെ പത്തൊമ്പതാമത്തെ വയസിൽ നിശാപൂരിലെ ഇമാം അൽ ജുവൈനിയുടെ കീഴിൽ പഠനം ആരംഭിക്കുന്നതോടു കൂടിയാണ് ഗസ്സാലിയെന്ന പണ്ഡിതന്റെ രൂപീകരണം അതിന്റെ പക്വതയാർജിക്കുന്നത്. 'ഇമാം അൽ ഹറമൈൻ' എന്ന് ഖ്യാതി നേടിയ ജുവൈനി ഫിഖ്‌ഹിലും കലാമിലുമുള്ള തന്റെ അത്യഗാധമായ പാണ്ഡിത്യം കൊണ്ട് ജീവിച്ചിരിക്കെ ഐതിഹാസിക പ്രസിദ്ധി കരഗതമാക്കിയിരുന്നു. ഇരു ഹറമുകളുടെ പണ്ഡിതൻ എന്ന അർത്ഥം വരുന്ന ഈ വിളിപ്പേരിന് ഒരു കാരണമുണ്ട്. സെൽജൂക് സുൽത്താന്മാർ ആദ്യകാലത്ത് ഔദ്യാഗികമായി ജുവൈനി പിന്തുടരുന്ന അശ്അരി (പിന്നീട് നമുക്ക് ഈ ശാഖകളെ വിശദമായി പരിചയപ്പെടാം.) കലാമിന്റെ ശത്രുക്കളായിരുന്നു. അന്ന് രാജ്യഭ്രഷ്ട് നേരിട്ട ജുവൈനി മക്കയിലും മദീനയിലുമാണ് നിരവധി വർഷങ്ങൾ കഴിച്ചു കൂട്ടിയത്. പിന്നീട് നിസാമുൽ മുൽക്കിന്റെ സ്ഥാനാരോഹണത്തോടെ ഔദ്യോഗിക നിലപാടുകൾക്ക് പരിവർത്തനം സംഭവിക്കുകയും സർവ്വവിധ ബഹുമതികളോടെയും ജുവൈനി നിശാപ്പൂരിലെ നിസാമിയയിൽ അവരോധിതനാവുകയും ചെയ്തു. ഉന്നതമായ ചിന്ത കൊണ്ട് ഇസ്ലാമിക കർമശാസ്ത്രത്തിന് ധാരാളം സംഭാവനകൾ നൽകിയ പണ്ഡിതവര്യനാണ് ജുവൈനി. അദ്ദേഹത്തിന്റെ അൽ ഇർഷാദ് Al-Irshad 'ila Qawati' al-Adilla fi Usul al-I'tiqad മുതലായ കൃതികൾ കൃത്യമായ വാദഗതികളാലും, സൂക്ഷ്മമായ സംജ്ഞാവലികൾ കൊണ്ടും, രചനാശൈലിയിലെ അനന്യതയിലും സവിശേഷമാണ്. ഇമാം ഗസ്സാലിയുടെ ബഹുലമായ സാഹിത്യത്തിൽ എമ്പാടും ജുവൈനിയുടെ സ്വാധീനം കാണാമെന്ന് പണ്ഡിതർ നിരീക്ഷിക്കുന്നു. ഏതായാലും വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഗസ്സാലി ജുവൈനിയുടെ ശിഷ്യൻമാരിൽ ഒന്നാം സ്ഥാനക്കാരനായി. ഏത് വിഷയവും ക്ഷണനേരത്തിൽ ഗ്രഹിക്കാൻ കഴിയുന്ന അദ്ദേഹത്തിന്റെ മികവിൽ സഹപാഠികൾ അദ്‌ഭുതം കൂറി. പൊതുവെ പ്രശംസയിൽ പിശുക്കനായിരുന്ന ജുവൈനി കൂടി 'അറിവിന്റെ സാഗരം ' എന്ന് ഗസ്സാലിയെ വിശേഷിപ്പിച്ചു. നിസാമിയയിലെ വാസക്കാലത്ത് നിലവിലുള്ള സകല വിജ്ഞാനശാഖകളും വ്യവസ്ഥാപിതമായി പഠിച്ചെടുക്കാൻ, അവയിൽ ആണ്ടു മുങ്ങി അവഗാഹം നേടാൻ, പരിശ്രമിക്കുന്ന ഒരു വിദ്യാർഥിയെയാണ് നാം കാണുന്നത്. ഫിഖ്ഹ്, കലാം, തത്വചിന്ത തുടങ്ങിയ സങ്കീർണ വിഷയങ്ങളെ കലക്കി കുടിച്ച, തീ പാറുന്ന ധീഷണയോട് കൂടിയ, ഒരു യുവ ചിന്തകന്റെ ഉദയവും നാം കാണുന്നു. കർമ്മശാസ്ത്ര സംബന്ധിയായ തന്റെ ആദ്യ കാല രചനയും അദ്ദേഹം ജുവൈനിയുടെ കീഴിൽ ശിഷ്യനായിരിക്കെ തന്നെ പൂർത്തിയാക്കുന്നുണ്ട്.
ജുവൈനിയുടെ മരണശേഷമാണ് ഇമാം ഗസ്സാലി, മന്ത്രി നിസാമുൽ മുൽക് പ്രധാനിയായിട്ടുള്ള, സെൽജൂക്കകളുടെ സഞ്ചരിക്കുന്ന രാജസദസ്സിന്റെ (മജ്‌ലിസ് ) ഭാഗമാവുന്നത്. രാഷ്ട്രീയ മണ്ഡലത്തിൽ പ്രാമാണ്യവും സ്വാധീനശക്‌തിയുമുള്ള വ്യക്തിയായി ഇമാം ഗസ്സാലി ചുരുങ്ങിയ കാലം കൊണ്ട് കുതിച്ചുയരാൻ നിദാനമായ സംഭവപരമ്പരകളുടെ ആരംഭമായിരുന്നു അത്. ഇത്തരം സഞ്ചരിക്കുന്ന മജ്‌ലിസുകൾ, തുർക്കി സുൽത്താൻമാരുടെ പാരമ്പര്യത്തിൽ പെട്ടതാണ്. അവരുടെ സൈനിക ശക്തിയുടെ ആധാരം നൊമാഡുകളായ ഗോത്രങ്ങളിലെ യോദ്ധാക്കളായിരുന്നു. അത്തരം ഗോത്രങ്ങളെ സംരക്ഷിക്കേണ്ടതും, കാലികൾക്കായി മേച്ചിൽ പുറങ്ങൾ തേടിയുള്ള അവരുടെ യാത്രകളിൽ സുരക്ഷിതത്വം നൽകി അനുഗമിക്കേണ്ടതും, ആദ്യകാലത്തു സുൽത്താന്റെ നേരിട്ടുള്ള കർത്തവ്യമായിരുന്നു. സഞ്ചരിക്കുന്ന സുൽത്താനെ അനുഗമിക്കുന്ന സഞ്ചരിക്കുന്ന മജ്‌ലിസ് ഉണ്ടായത് അങ്ങനെയാണ്. കാലക്രമേണ ഈ പതിവിന് പക്ഷെ ഭംഗം വന്നു. സുൽത്താൻ തന്റെ സൈന്യത്തിൽ നിന്നും അകന്ന് നാഗരിക ജീവിതം നയിക്കുന്ന സ്ഥിതി വിശേഷം സംജാതമായി. ഇമാം ഗസ്സാലിയുടെ കാലത്തു മജ്‌ലിസ് ഏതാണ്ട് പൂർണമായും ഇസ്ഫഹാനിൽ സ്ഥിരവാസത്തിലായിരുന്നു. വല്ലപ്പോഴും അത് ബാഗ്ദാദിലേക്ക് സഞ്ചരിച്ചു. സുൽത്താൻ മാലിക് ഷാ ആയിരുന്നു അന്നത്തെ സെൽജൂക് ഭരണാധികാരി. എന്നാൽ ഖലീഫക്കും സുൽത്താനും ഒപ്പം തന്നെ സകലതും കൈപ്പിടിയിൽ ഒതുക്കി അധികാരത്തിന്റെ മൂന്നാമത്തെ കേന്ദ്രമായി വർത്തിച്ചിരുന്നത് മന്ത്രി നിസാമുൽ മുൽക്കായിരുന്നു. ഇഛാശക്തിയും ദീർഘവീക്ഷണവുമുള്ള രാഷ്ട്രീയ തന്ത്രജ്ഞത കൊണ്ട് സെൽജൂക്കുകൾക്ക് സമൂഹത്തിൽ വേരാഴ്ന്ന ഒരു ഘടന സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്കാണ് ഈ മന്ത്രി വഹിച്ചിരുന്നത്. ഇമാം ഗസ്സാലിയെ പോലെ ചുറുചുറുക്കും ആകർശകത്വവുമുള്ള ഒരു യുവ പണ്ഡിതന്റെ സേവനം സുൽത്താനേറ്റിനു എത്ര പ്രധാനമാണെന്ന് അദ്ദേഹത്തിന്റെ തഴക്കം വന്ന രാഷ്ട്രീയ ദൃഷ്ടികൾക്ക് വ്യക്തമായി കാണാൻ കഴിഞ്ഞതിൽ അത്ഭുതമില്ല. ഗസ്സാലിയുടെ (റ) തർക്കശാസ്ത്ര നൈപുണ്യവും, ധൈഷണികമായ വഴക്കവും, ഭാഷാ ചാതുര്യവുമാണ് നിസാമുൽ മുൽക്കിനെ ആകർഷിച്ചത് എന്ന് പറയപ്പെടുന്നു. മജ്ലിസിൽ മന്ത്രിയുടെ മുന്നിൽ വച്ചു ഗസ്സാലിക്ക് (റ) സംവാദങ്ങളിൽ നേരിടേണ്ടി വന്നത് അനുഭവ സമ്പന്നരായ എതിരാളികളെയാണ്. എതിരാളികളുടെ വലിപ്പമാണ് ഒരാളെ ശക്തനാക്കി രൂപപ്പെടുത്തുന്നത് എന്നതിനെ അന്വർത്ഥമാക്കി അവയിലെ വിജയങ്ങളിലൂടെ അദ്ദേഹത്തിന്റെ പാണ്ഡിത്യഗരിമ അനുദിനം പുകൾ പെറ്റു.
ഏതാണ്ട് എട്ട് വർഷങ്ങൾക്ക് ശേഷം ബാഗ്ദാദിലെ അതിപ്രധാനമായ നിസാമിയ മദ്രസയുടെ തലവനായി നിയമിക്കപ്പെടും വിധത്തിൽ വളർച്ചയുടെ കൊടുമുടി കയറുകയായിരുന്നു പിന്നീട് ഗസ്സാലി. (തുടരും)
ഹാസിം മുഹമ്മദ്


COMMENTS