ഇമാം ഗസ്സാലി (റ) പഠന സീരീസ് 4
ഗസ്സാലിയെ (റ) സംബന്ധിക്കുന്ന ആധുനിക വാഗ്വാദങ്ങളുടെ കേന്ദ്രത്തിലുള്ള നിരവധിയായ ചോദ്യങ്ങളെ മുമ്പ് നടത്തിയ അന്വേഷണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. അവയുടെ വിശാലമായ പരിസരങ്ങളെ പരിശോധിക്കുവാൻ അത് വഴി തുനിയുന്നു. ഇമാം ഗസ്സാലിയും തത്ത്വചിന്തയും തമ്മിലുള്ള ബന്ധം എത്തരത്തിലായിരുന്നു? യുക്തിയെ അദ്ദേഹം പ്രബലമാക്കുകയോ തള്ളിക്കളയുകയോ ചെയ്തോ? തസവ്വുഫിനെ ചിന്താപദ്ധതിയുടെ കേന്ദ്രത്തിലേക്ക് ആനയിക്കാൻ ഇമാമിനെ പ്രേരിപ്പിച്ചത് എന്ത്? രാഷ്ട്രീയ ഭൂമികയെ തന്റെ ചിന്തകളിൽ നിന്ന് അദ്ദേഹം പുറന്തള്ളിയതായി കാണാൻ കഴിയുമോ? ആധുനികതയോട് മുഖം തിരിക്കുന്ന ഒരു ദർശനം ഇമാം ഗസ്സാലി പ്രബോധനം ചെയ്യുന്നുണ്ടോ? എല്ലാത്തിനും ഉപരി ഏത് രീതിയിലാണ് നൂറ്റാണ്ടുകളെ സ്വാധീനിച്ച ആ ചിന്തകളുടെ ഉള്ളടക്കവും കാലിക പ്രസക്തിയും മനസിലാക്കാൻ കഴിയുക? ഇമാം ഗസ്സാലിയുടെ തീർപ്പുകളെ ന്യായീകരിക്കുക എന്നതല്ല ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന്റെ ഉദ്ദേശം. അതിനപ്പുറം എങ്ങനെയാണ് ആ തീർപ്പുകളിലേക്ക് അദ്ദേഹം ചെന്നെത്തിയത് എന്ന അന്വേഷണത്തിലൂടെ ഒരു ഗസ്സാലിയൻ രീതിശാസ്ത്രത്തിന്റെ രൂപരേഖ തെളിയുമെന്ന് ആശിക്കുകയാണ്.
മുൻഖിദ് മിൻ ദലാൽ
മേലെ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള യാത്രയുടെ പ്രാരംഭ ബിന്ദുവായി പൊതുവിൽ കണക്കാക്കപ്പെടുന്ന രചനയാണ് മുൻഖിദ് മിൻ ദലാൽ (അറിവില്ലായ്മയിൽ നിന്ന് മോചനം, ഇനി മുൻഖിദ് എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നു). ഇമാം ഗസ്സാലിയുടെ ജീവിതത്തിലേക്കും ചിന്തയിലേക്കും വെളിച്ചം വീശുന്ന വൈജ്ഞാനിക ആത്മകഥയായി ഇത് അറിയപ്പെടുന്നു.
നിലവിലുള്ള സകല വിജ്ഞാന ശാഖകളേയും വ്യത്യസ്തമായ ചിന്താധാരകളെയും, അറിയുകയും പഠിക്കുകയും, അവയിൽ നിന്ന് യഥാർത്ഥമായ അറിവിന്റെയും സത്യത്തിന്റെയും വഴി എങ്ങനെ നിർദ്ധാരണം ചെയ്തു എന്നതിന്റെ അനുഭവവിവരണവും അതിൽ കാണാം.
ഇമാം ഗസ്സാലി അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തോട് അടുത്താണ് ഇത് രചിച്ചത് എന്നത് കൊണ്ട് തന്നെ തന്റെ അന്തിമമായ തീർപ്പുകളെയാണ് അതിൽ പരാമർശിക്കുന്നത് എന്നാണ് ഒരു അനുമാനം. ഈ നിലക്കുള്ള വായന പക്ഷെ തെറ്റിദ്ധാരണാജനകമാണ് എന്ന് ഗസ്സാലി പണ്ഡിതർ ഇന്ന് അഭിപ്രായപ്പെടുന്നു. കാരണം ക്രമവൃദ്ധമായ രീതിയിൽ ആശയങ്ങളെ സമീപിക്കുന്നതിനെയാണ് പുസ്തകം വരച്ചിടുന്നത്.
മുൻഖിദിൽ ഇങ്ങനെ വായിക്കാം, "സത്യാന്വേഷകരെ നാലു വിഭാഗങ്ങളായി തിരിക്കാം.
1) ദൈവശാസ്ത്ര വിശാരദന്മാർ (മുതക്കല്ലിം); അവർ സ്വതന്ത്രമായ യുക്തിയുടെയും അതിന്റെ അടിസ്ഥാനത്തിലുള്ള ധാരണകളുടെയും ആളുകളാണ് തങ്ങളെന്ന് അവകാശപ്പെടുന്നു.
2) ഇസ്മായീലികൾ (നിഗൂഢവാദികൾ); തെറ്റ് പറ്റാത്ത ഇമാമിന്റെ കീഴിൽ നിന്നും അവർക്ക് മാത്രം പ്രാപ്യമായ വിശേഷജ്ഞാനത്തിൽ അറിവ് കണ്ടെത്തുന്നവർ.
3) തത്ത്വചിന്തകർ; ലോജിക്കിനെയും ബുർഹാനിനെയും ( യുക്തി ഉപയോഗിച്ച സുവ്യക്ത വിശദീകരണം) അറിവിന്റെ അടിസ്ഥാനമായി സ്വീകരിക്കുന്നവർ.
4) സൂഫികൾ ; മിസ്റ്റിക്കൽ അനുഭവങ്ങളിലൂടെയുള്ള ദൈവപ്രോക്തമായ ആന്തരിക വെളിച്ചത്തിൽ അറിവിനെ കണ്ടെത്താൻ കഴിയുമെന്ന് വാദിക്കുന്നവർ...
ഒട്ടും സമയം പാഴാക്കാതെ ഞാൻ ഓരോ വഴിയും പരതി, ഓരോ ഗ്രൂപ്പിന്റെയും ചിന്താരീതികളെ വിശദമായി പഠിക്കാൻ ആരംഭിച്ചു. അങ്ങനെ ആദ്യം ഞാൻ കലാമും, രണ്ടാമത് തത്ത്വചിന്തയും, മൂന്നാമത് ഇസ്മായീലികളെയും, ഏറ്റവും ഒടുവിൽ നാലാമതായി സൂഫികളുടെ വഴിയും പഠിച്ചു."
ഗസ്സാലി (റ) ഈ പറയുന്ന കാലഗണനയിൽ ഒന്നിന് പുറകെ ഒന്നായി തന്നെയാണോ ഓരോ വിജ്ഞാനശാഖയേയും സമീപിച്ചത്? അതോ, ആശയസ്ഫുടതയ്ക്ക് വേണ്ടിയുള്ള ഒരു സാഹിതീയ ഉപാധി എന്ന നിലയിലാണോ ഈ ക്രമം വിവരിക്കുന്നത്? രണ്ടാമത്തെ സാധ്യതക്കാണ് കൂടുതൽ തെളിവുകൾ. സൂഫിസത്തെ ഒരു അനുഭവയാഥാർഥ്യമായി മനസ്സിലാക്കാൻ ശ്രമിക്കുന്നത് ബാഗ്ദാദിലെ ആത്മീയ പ്രതിസന്ധിക്ക് ശേഷമാണ് എന്നത് സ്വീകരിച്ചാലും, ഗസ്സാലി (റ) തന്റെ ആദ്യ ഗുരുവായ അലി അൽ ഫർഹാദിയുടെ കീഴിൽ തന്നെ സൂഫി പഠനം ആരംഭിച്ചിട്ടുണ്ട്. ജുവൈനിയുടെ കീഴിൽ കലാം പഠിച്ചു കൊണ്ടിരുന്ന സമയത്തു തന്നെ തത്ത്വചിന്തയും അഭ്യസിച്ചിരുന്നു എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. അതായത് ഈ നാലു വിജ്ഞാനശാഖകളോടും വിവിധങ്ങളായ ജീവിത സന്ദർഭങ്ങളിൽ പല വിധത്തിൽ ഗസ്സാലി ഇടപെടുന്നുണ്ട്. അവയെ അദ്ദേഹം ഗ്രഹിക്കുന്നതും പുനർവായിക്കുന്നതുമൊക്കെ, തീർച്ചയായും, സ്വയം വിവരിക്കുന്ന ഈ ക്രമത്തിൽ ലളിതമായിട്ടല്ല. ഒന്നിനെ കുറിച്ച് പഠിച്ച്, അതിൽ മനം മടുത്തു പിന്തിരിഞ്ഞു ശേഷം അടുത്തതിലേക്ക് തിരിഞ്ഞ് അതിനെക്കുറിച്ച് അന്വേഷിച്ച്, പിന്നെ അടുത്തതിലേക്ക് എന്ന ക്രമം ഒരു സാഹിത്യ ഉപാധി എന്ന രീതിയിൽ തന്നെയാണ് മുൻഖിദിൽ പ്രയോഗിക്കുന്നത്. അത് അങ്ങനെ മനസ്സിലാക്കാതെ, ഇമാമിന്റെ ജീവിതത്തിലെ പഠനങ്ങളുടെ കാലഗണനയോടും, ബാഗ്ദാദിലെ ആത്മീയ പ്രതിസന്ധിയോടും ചേർത്ത് വായിക്കുമ്പോയാണ്, സൂഫിസത്തിന്റെ ആശ്ലേഷത്തിനു ശേഷമുള്ള കാലയളവിൽ, മറ്റെല്ലാ വിജ്ഞാനശാഖകളെയും അദ്ദേഹം തള്ളി എന്ന വിധത്തിലുള്ള നിരീക്ഷണങ്ങൾ ഉണ്ടാവുന്നത്.
ഇമാം ഗസ്സാലിയുടെ സമകാലികനായ അബ്ദുൽ ഗാഫിർ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ച് ജീവിതരേഖയിൽ പ്രതിപാദിച്ചിരുന്നു. ഇമാമിന്റെ ചര്യകളിലെ മാറ്റങ്ങളെ കുറിച്ച് അദ്ദേഹം അത്ഭുതം കൂറുന്നത് നമ്മൾ കണ്ടു. ഈ കൂടിക്കാഴ്ച്ച നടന്നത് ഏതാണ്ട് മുൻഖിദിന്റെ രചനാ കാലത്തോട് അടുത്ത് തന്നെയാണ്. അബ്ദുൽ ഗാഫിർ ഗസ്സാലിയുമായി നടത്തിയ സംഭാഷണങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ, അതിൽ ഗസ്സാലിയെ ഉദ്ധരിച്ച് ഇതേ സംഭവങ്ങൾ സമാന്തരമായ മറ്റൊരു രീതിയിൽ വിവരിക്കുന്നുണ്ട്. അതിൽ സംഭവങ്ങൾക്ക് ക്രമബദ്ധമായ അന്വേഷണങ്ങളേക്കാൾ പ്രായോഗിക രൂപം കാണാം. തന്റെ ആദ്യ കാലത്ത് തന്നെ അൽ ഫർഹാദിയിൽ നിന്നും സൂഫി ത്വരീഖത്തിന്റെ ആമുഖം സിദ്ധിച്ചതിനെ പറ്റിയും അത് വിവരിക്കുന്നുണ്ട്. എല്ലാ വിജ്ഞാനശാഖകളാലും മനം മടുത്ത് സൂഫിസത്തിൽ അഭയം പ്രാപിക്കുന്ന 'ഒരു പ്രതീതി' മുൻഖിദിലേത് പോലെ അത് നൽകുന്നില്ല.
മുൻഖിദിന്റെ കാര്യത്തിൽ പരിഗണിക്കേണ്ട മറ്റു രണ്ട് കാര്യങ്ങൾ കൂടിയുണ്ട്. ഒന്ന് മുൻഖിദിനെ ആധുനികമായ ആത്മകഥനത്തിന്റെ സ്വഭാവത്തിൽ സമ്പൂർണമായി സ്വീകരിക്കുക സാധ്യമല്ല. തത്ത്വചിന്തയുടെ പാരമ്പര്യത്തിൽ ഗ്രീക്ക് ചിന്തകനായ ഗാലൻ മുതൽ മുസ്‌ലിം ചിന്തകർ വരെ ഒരു പാട് പേർ സ്വീകരിച്ച ഒരു രചനാരീതിയാണ് മുൻഖിദ് പിന്തുടരുന്നത്. അത് ലക്ഷ്യം വയ്ക്കുന്നത് അതിന്റെ കർത്താവിനു കൈവന്ന വൈദഗ്ദ്യം വിശദമായി അരക്കിട്ടുറപ്പിക്കാനാണ്. പരമ്പരാഗതമായ അറിവുകൾക്കപ്പുറം രചയിതാവ് എങ്ങനെയാണ് തന്റെ സ്വന്തമായ അന്വേഷണത്തിലൂടെ അറിവിലേക്കുള്ള പുതിയ രീതികൾ കണ്ടെത്തിയത് എന്നതിന്റെ വിശദീകരണമാണ് ജീവിത കഥനത്തിനപ്പുറം ഈ കൃതികൾ നിർവഹിക്കുന്നത്. രണ്ടാമതായി മുൻഖിദിന്റെ രചനാ പശ്ചാത്തലം പരിഗണിക്കേണ്ടതുണ്ട്. ഗസ്സാലിയുടെ പിൽക്കാല ജീവിതത്തിൽ ഉണ്ടായ വിവാദപരമായ ഒരു രാഷ്ട്രീയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുൻഖിദിന്റെ രചന. ജീവിതരേഖയിൽ സൂചിപ്പിച്ച ഈ വിഷയം നാം പിന്നീട് വിശദമായി ചർച്ച നടത്തുന്നുണ്ട്. ആ സംഭവത്തിന്റെ സാഹചര്യത്തിൽ താർക്കികമായി ഇടപെടുന്ന പുസ്തകമാണത്. അങ്ങനെ മുൻഖിദിലെ സാഹിതീയ ഉപാധികളും, അന്നത്തെ സമാന ഗ്രന്ഥങ്ങളുടെ സ്വഭാവവും, ഒടുവിലായി അതിന്റെ താർക്കിക പരിസരവും പരിഗണിച്ചു കൊണ്ട് മാത്രമേ അതിനെ മനസിലാക്കാൻ കഴിയൂ. നേർക്ക് നേരെ അത് ആശയവളർച്ചയുടെ നേർവികാസമായി പരിഗണിക്കുന്നത് ശരിയല്ല.
അത് കൊണ്ട് ഇമാമിന്റെ ആശയലോകം പരിചയപ്പെടുത്താൻ പതിവായി ഉപയോഗിച്ച് വരുന്ന ആയൊരു ക്രമം നമ്മൾ ഉപേക്ഷിക്കുന്നു. കുറച്ച് കൂടി വ്യക്തമായി ഗസ്സാലിയൻ ലോകത്തിന്റെ വിശാലത വെളിപ്പെടുത്താനാണത്. അതേ സമയം മുൻഖിദ് മുന്നോട്ട് വയ്ക്കുന്ന വൈജ്ഞാനിക കണ്ടെത്തലുകളുടെ ആത്‌മാവ് പണയപ്പെടുത്തുകയല്ല നമ്മുടെ ഉദ്ദേശം. ആ ആത്മാവ് ഗസ്സാലിയൻ ലോകത്തേക്ക് പ്രവേശിക്കാനുള്ള താക്കോൽ തന്നെ. മുൻഖിദിൽ രണ്ട് തരം പ്രതിസന്ധികളെ കുറിച്ച് ഇമാം ഗസ്സാലി സംസാരിക്കുന്നുണ്ട്. അറിവിന്റെ അടിസ്ഥാനങ്ങളെ തന്നെ സംശയിക്കുന്ന ഒരു സന്ദേഹവാദിയുടെ മട്ടിലുള്ള ആദ്യകാല പ്രതിസന്ധി. വിഖ്യാതമായ രണ്ടാമത്തെ ആത്മീയ പ്രതിസന്ധി. ഇവ രണ്ടും നമ്മുടെ കേന്ദ്ര പരിഗണന അർഹിക്കുന്നു. ഈ രണ്ട് പ്രതിസന്ധികളെ രണ്ട് വാതായനങ്ങളായി ഗസ്സാലിയൻ ആശയ പ്രപഞ്ചത്തിലേക്ക് തുറക്കുകയാണ് നമ്മൾ. ആദ്യത്തേത് ഒരു ജ്ഞാനശാസ്ത്ര പ്രതിസന്ധിയായിരുന്നു. അതിനെ വായിക്കുന്നതിലൂടെ ഏത് വിധത്തിലുള്ള ജ്ഞാനരൂപമാണ് ഗസ്സാലി ഇമാം പടുത്തുയർത്തത് എന്ന് പരിശോധിക്കുന്നു. തത്ത്വചിന്തയ്ക്കും കലാമിനും ആ ജ്ഞാനരൂപീകരണത്തിലുള്ള പങ്ക് എന്തായിരുന്നു? തത്ത്വചിന്തയെ ഏത് നിലയിലാണ് ആത്യന്തികമായി ഗസ്സാലി സ്വീകരിച്ചതും തിരസ്കരിച്ചതും? രണ്ടാമത്തെ പ്രതിസന്ധിയെ അതിന്റെ സാമൂഹികമായ മാനങ്ങളോട് ബന്ധപ്പെടുത്തി, ഏത് വിധത്തിലുള്ള ദാർശനിക വിപ്ലവമാണ് ഗസ്സാലി ബീജാവാപം ചെയ്തത് എന്ന് തിരക്കുന്നു. രാഷ്ട്രീയ പരിസരത്ത് അതിന്റെ പ്രതിധ്വനി എന്തായിരുന്നു? ഫിഖ്‌ഹിന്റെയും സൂഫിസത്തിന്റെയും ചരിത്രം പിന്നീട് എങ്ങനെ മാറി മറിഞ്ഞു. ഗസ്സാലി ഇഹ്‌യായിലൂടെ നാന്ദി കുറിച്ച നൈതികത എത്ര മാത്രം വിപ്ലവകരമായിരുന്നു? അതിന്റെ രാഷ്ട്രീയ മാനങ്ങളെന്ത്? മുൻഖിദിന്റെ താളുകളിൽ ഗസ്സാലി കുറിച്ചിട്ട രണ്ട് ആത്മപ്രതിസന്ധിയുടെ മുഹൂർത്തങ്ങൾ നമ്മുക്ക് മുന്നിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ്. ചില ചോദ്യങ്ങളെ ഗസ്സാലിയുടെ മറ്റു ഗ്രന്ഥങ്ങൾ മുഖേന കൂടി കൃത്യമായി വായിച്ച്, മൗലികമായ ഗസ്സാലിയൻ ആശയപ്രപഞ്ചത്തെ കാണുകയാണ് നമ്മുടെ ഉദ്ദേശം.
ഹാസിം മുഹമ്മദ്


COMMENTS