Imam Gazzali Series 4 വായിക്കാൻ
ഗസ്സാലി ഇമാം (റ) മുമ്പ് കടന്നു പോയ ഒരു ജ്ഞാനശാസ്ത്ര പ്രതിസന്ധിയെ കുറിച്ചുള്ള വിവരണത്തോടെയാണ് മുൻഖിദ് ആരംഭിക്കുന്നത്. "ഞാൻ അന്വേഷിച്ചത്, കാര്യങ്ങളെ സംബന്ധിക്കുന്ന പരമമായ യാഥാർഥ്യത്തിലേക്ക് നയിക്കുന്ന അറിവാണ്. അതിനായി ആദ്യം അറിവിന്റെ തന്നെ യാഥാർഥ്യത്തെ ഉറപ്പാക്കേണ്ടതുണ്ട്. " നിലവിൽ ലഭ്യമായ ജ്ഞാനമാർഗങ്ങളെ ഒന്നൊന്നായി വിമർശന പഠനത്തിന് വിധേയമാക്കാൻ ഒരുങ്ങും മുമ്പ് എഴുതുന്ന ഈ വരികളിൽ, ഏതു വിധത്തിലുള്ള ജ്ഞാനശാസ്ത്ര അടിത്തറകളെയാണ് ഗസ്സാലി ആഗ്രഹിക്കുന്നത് എന്നത് വെളിപ്പെടുന്നുണ്ട്.
അറിവിന്റെ അടിസ്ഥാനങ്ങൾ
ഈ വിധം പരമമായ സത്യത്തിലേക്ക് നയിക്കുന്ന അറിവിന് വേണ്ടിയുള്ള ദാഹം ജീവിതത്തിന്റെ പ്രാഥമിക ഘട്ടം മുതൽക്കുള്ള തന്റെ സ്വാഭാവിക ശീലമായിരുന്നു എന്നാണ് ഗസ്സാലി പറയുന്നത്. പ്രാവാചകന്റെ ഒരു ഹദീസ് ഉദ്ധരിച്ചു കൊണ്ട് ഇതിനെ ഫിത്റ, അഥവാ സഹജമായ മനുഷ്യവസ്ഥയോട്, തന്നെ അദ്ദേഹം സമീകരിക്കുന്നു. "എല്ലാ കുട്ടികളും ജനിക്കുന്നത് അവരുടെ ഫിത്റയിൽ മുസ്ലീമായിട്ടാണ്, പിന്നീട് അവരുടെ മാതാപിതാക്കളാണ് അവരെ ക്രിസ്ത്യാനിയും ജൂതനും മജൂസിയും ആക്കി മാറ്റുന്നത്." നിരൂപണാത്മകമല്ലാതെ സ്വീകരിക്കുന്ന അഭിപ്രായങ്ങളെ (ഒരർത്ഥത്തിൽ തഖ്ലീദിനെ) ഫിത്റ എന്ന അറിയാനുള്ള ത്വരയുടെ തലത്തിൽ പരിശോധിക്കാനാണ് ഗസ്സാലി (റ) തയാറെടുക്കുന്നത്.
സർവ്വപ്രധാനമായ ആദ്യ പടി, അറിവിന്റെ യാഥാർഥ്യത്തെ ശക്തമായ അടിത്തറയിൽ ഉറപ്പിക്കുക എന്നതാണ്.
എന്താണ് അറിവിന്റെ യാഥാർഥ്യം എന്ന തത്വചിന്തയിലെ ജ്ഞാനശാസ്ത്ര (epistemology ) ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. ജ്ഞാനശാസ്ത്രപരമായി അടിയുറച്ച അറിവിന് യഖീൻ (ilm-al-yaqeen) എന്ന പദമാണ് ഗസ്സാലി ഇമാം ഉപയോഗിക്കുന്നത്. യഖീനിന്റെ തലത്തിലുള്ള ദൃഢമായ അറിവ് എന്താണ്? "ആ അറിവിലൂടെ ലഭിക്കുന്ന വിജ്ഞാനത്തിൽ വെളിപ്പെടുന്ന വസ്തുതകൾ, യാതൊരു സംശയത്തിനും തെറ്റുകൾക്കും കൃത്രിമത്തിനും വഴിപ്പെടില്ല; എന്ന് മാത്രമല്ല, അത്തരം സാധ്യതയെ കുറിച്ചുള്ള ആശങ്കകൾ കൂടി അവയെ ഒരിക്കലും ബാധിക്കുന്നില്ല." ഗസ്സാലി (റ) ഒരു ഉദാഹരണത്തിലൂടെ ഇത് വിശദമാക്കുന്നു. "സംഖ്യകളിൽ പത്തു മൂന്നിനേക്കാൾ വലുതാണ് എന്ന് നമ്മുക്കെല്ലാം അറിയാം. ഇനി ഒരാൾ, അതങ്ങനെയല്ല, മൂന്നാണ് പത്തിനേക്കാൾ വലിയ സംഖ്യ; എന്റെ കൈയിലിരിക്കുന്ന ഈ വടി പാമ്പാക്കി മാറ്റി കൊണ്ട് ഞാനത് സ്ഥാപിച്ചു തരാം എന്ന് വാദിച്ചാൽ അത് നമ്മിൽ ഒരു തരത്തിലും സംശയം ഉണർത്താൻ പര്യാപ്‌തമല്ല. ആ വ്യക്തി വടി പാമ്പാക്കി കാണിച്ചു എന്ന് തന്നെയിരിക്കട്ടെ! നമ്മൾ ആ പ്രവൃത്തിയെ കുറിച്ച് അത്ഭുതപ്പെടുകയോ അയാൾ അതെങ്ങനെ സാധിച്ചു എന്ന് ചിന്തിച്ചു വലയുകയോ ചെയ്തേക്കാം. പക്ഷെ പത്തു മൂന്നിനേക്കാൾ വലുതാണ് എന്ന ബോധ്യത്തിന് യാതൊരു ഇളക്കവും തട്ടില്ല എന്നുറപ്പാണ്." അത്ര മാത്രം അടിയുറച്ചതാണ് ആ അറിവ്. ഈ വിധം ദൃഢത, യഥാർത്ഥമായ എല്ലാ അറിവിനും ബാധകമാണെന്നും, തക്കതായ ജ്ഞാനശാസ്ത്ര അടിത്തറയുടെ മേൽ കെട്ടിപ്പടുക്കാത്ത സർവ്വതും അബദ്ധങ്ങളുടെ വലയിൽ നിന്നും സുരക്ഷിതമല്ല എന്നുമുള്ള തിരിച്ചറിവിലാണ് അന്വേഷണം ആരംഭിക്കുന്നത്.
പഞ്ചേന്ദ്രിയങ്ങൾ ലഭ്യമാക്കുന്ന അറിവിലേക്ക് തുടർന്ന് അദ്ദേഹം തിരിഞ്ഞു. തെളിഞ്ഞതും ഉറച്ചതുമായ അറിവ് ആ സ്രോതസ്സിൽ നിന്ന് കരഗതമാക്കാൻ സാധ്യമാകുമോ എന്നതായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ആധുനിക തത്ത്വശാസ്ത്ര ഭാഷയിൽ എംപിരിക്കൽ (emperical) എന്ന് വ്യവഹരിക്കുന്ന ജ്ഞാനശാസ്ത്ര അടിത്തറയാണ് ഒരർത്ഥത്തിൽ പരിശോധിക്കപ്പെടുന്നത്. "പഞ്ചേന്ദ്രിയ ലബ്ധമായ അറിവുകളുടെ മേൽ ഞാൻ മനപൂർവം സംശയത്തിന്റെ കണ്ണുകൾ പതിപ്പിച്ചു." വ്യക്തമായ യഖീൻ അവയ്ക്കു അന്യമാണ് എന്ന് അപ്പോൾ ഗസ്സാലി മനസിലാക്കി. "ഏറ്റവും ശക്തമായ ഇന്ദ്രിയ ഉപാധിയാണ് കാഴ്ച. അങ്ങനെയുള്ള കാഴ്ച കൊണ്ട് ഞാൻ നിഴലുകളെ നോക്കുമ്പോൾ അവ ചലന രഹിതമാണെന്ന് കരുതുന്നു. എന്നാൽ, ഏതാനും മണിക്കൂറുകൾക്ക് ശേഷം അവയ്ക്ക് സംഭവിച്ച സ്ഥാനചലനം കാണവേ അവ ചലിച്ചിരുന്നു എന്ന തിരിച്ചറിവിൽ നാമെത്തുന്നു. കണ്ണുകൾക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം പതിയെ പടിപടിയായി അത് സ്ഥിരചലനത്തിലാണ്. അത് പോലെ കണ്ണുകൾക്ക് നക്ഷത്രങ്ങൾ ഒരു നാണയത്തോളം ചെറുതാണ്. എന്നാൽ ജ്യാമിതീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അവയുടെ വലിപ്പം ഭൂമിയെക്കാൾ എത്രയോ ഇരട്ടിയാണെന്ന് നമുക്കറിയാം."
പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവ് അവ മാത്രമായി കൊണ്ട് അപര്യാപ്‌തമാണ് എന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം അടുത്തതായി യുക്തിചിന്തയിലേക്കും പ്രാഥമിക തത്ത്വങ്ങളെ വിശദീകരിക്കുന്ന ലോജിക്കിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അവ മുഖാന്തരമാണല്ലോ പഞ്ചേന്ദ്രിയവിവരങ്ങളെ വിശകലനം ചെയ്ത് ശരി തെറ്റുകളെ കണ്ടെത്താൻ കഴിഞ്ഞത്. നിഴലുകളുടെ ചലനവും നക്ഷത്രങ്ങളുടെ വലുപ്പവും ശരിയായി മനസിലാക്കാനായത് അങ്ങനെയാണ്. അത് ജ്ഞാനത്തിന്റെ അടിത്തയാക്കുന്നതിനെ കുറിച്ച് ഗസ്സാലി (റ) ആലോചിച്ചു. എന്നാൽ ഏറെ വൈകാതെ അവയിലുള്ള വിശ്വാസത്തിനും ഉലച്ചിൽ തട്ടുന്ന വിധത്തിൽ ചില പുതിയ സംശയങ്ങൾ മനസ്സിൽ രൂപപ്പെട്ടു.
"യുക്തിചിന്തയിലുള്ള നിങ്ങളുടെ ആശ്രിതത്വം പഞ്ചേന്ദ്രിയങ്ങളിലുള്ളതിന് സമാനമല്ല എന്നതിൽ എന്തുറപ്പാണുള്ളത്? നിങ്ങൾക്ക് ഇന്ദ്രിയജന്യമായ വിവരങ്ങളിലും ആദ്യം വളരെയധികം ദൃഢവിശ്വാസം ഉണ്ടായിരുന്നു. തുടർന്ന്, യുക്തി അതിലെ അപര്യാപ്തതയെ പറ്റി വിധി പറഞ്ഞു. യുക്തിയുടെ വിധി ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴും പഞ്ചേന്ദ്രിയങ്ങളിലുള്ള നമ്മുടെ വിശ്വാസം അചഞ്ചലമായി നില നിൽക്കുമായിരുന്നു. ഇനി യുക്തിക്ക് മീതെ മറ്റൊരു വിധികർത്താവ് ഉണ്ടായി കൂടെ? ഈ വിധികർത്താവ് പ്രത്യക്ഷപ്പെട്ട് സമാനമായ രൂപത്തിൽ യുക്തിയുടെ അചഞ്ചലത വെല്ലുവിളിക്കാമല്ലോ? അത്തരമൊരു വിധികർത്താവിനെ കാണാനാവുന്നില്ല എന്നത് മാത്രം അതിന്റെ ഉണ്മയെ നിരസിക്കാനുള്ള തെളിവാകുന്നില്ലല്ലോ?"
ഉറക്കവുമായി ബന്ധപ്പെടുത്തി ഈ ധാരണകളെ പരിശോധിച്ചതോടെ ഗസ്സാലിയുടെ സന്ദേഹം ഇരട്ടിച്ചു. ഉറക്കത്തിൽ കാണുന്ന സ്വപ്നം ഉണർന്നെഴുന്നേൽക്കുന്ന വരെ നമ്മുക്ക് യാഥാർഥ്യവും യുക്തിഭദ്രവുമാണ്; ഉണർന്നെഴുന്നേൽക്കും വരെ മാത്രം! അതു പോലെ വർത്തമാന അവസ്ഥയിൽ നമ്മുടെ യുക്തി നൽകുന്ന വിവരങ്ങൾ ശരിയെന്നു കരുതിയാൽ പോലും വ്യത്യസ്തമായ മറ്റൊരു അവസ്ഥയിൽ അവയുടെ സാധുത, ഉറക്കത്തിലെയും ഉണർവിലെയും പോലെ, എത്ര വിരുദ്ധമായിരിക്കാം?" ഈ വാദഗതികൾ എന്റെ ആത്‌മാവിലേക്ക് ആഴത്തിൽ കടന്നതോടെ അവയെ പ്രതിരോധിക്കാൻ ഞാൻ ശ്രമിച്ചു. ആ ശ്രമങ്ങൾ പക്ഷെ പരാജയമായിരുന്നു. ഒരു മറുവാദം വികസിപ്പിക്കാൻ ഏറെ ചുരുങ്ങിയത് പ്രാഥമികതത്ത്വങ്ങളെയും യുക്തിചിന്തയെയും ആശ്രയിക്കേണ്ടി വരും. ഇക്കാര്യത്തിൽ അവയുടെ വിധിതീർപ്പ് സാധ്യമല്ലാത്തതിനാൽ (കാരണം അവയുടെ കൂടി അടിസ്ഥാനമാണല്ലോ പ്രശ്നം!) എന്തെങ്കിലും തെളിവ് സ്ഥാപിക്കുക തന്നെ അസംഭവ്യമാണ് എന്ന് ഞാൻ കണ്ടു. ഈ പ്രശ്നം തീർത്ത ആധിയിൽ, ഏതാണ്ട്, രണ്ടു മാസം കഴിച്ചു കൂട്ടി. ആ കാലയളവിൽ പ്രവർത്തിയും വിശ്വാസവും മാറ്റി നിർത്തിയാൽ ഞാനൊരു സന്ദേഹിയായിരുന്നു."
അറിവിനെയും, അതിന്റെ അടിസ്ഥാനങ്ങളെയും, അപ്പാടെ സംശയിക്കുന്ന ഒരു അവസ്‌ഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഇതിൽ നിന്ന് താൻ എങ്ങനെയാണ് ഒടുവിൽ മോചിതനായതെന്ന് ഗസ്സാലി വിശദീകരിക്കുന്നു. "അവസാനം പരമകാരുണ്യവാനായ അല്ലാഹു എന്നെയീ ആധിയിൽ നിന്നും മുക്തനാക്കി. എന്റെ ആത്മാവ് അതിന്റെ ആരോഗ്യം വീണ്ടെടുക്കുകയും യുക്തി ചിന്തയും പ്രാഥമിക തത്ത്വങ്ങളും, അവയിൽ സ്വയമേവ തന്നെ തെളിവായി കൊണ്ട്, അറിവിന്റെ ദൃഢതയ്ക്കും സുരക്ഷയ്ക്കും ആശ്രയിക്കാവുന്ന പ്രധാന അടിസ്ഥാനമാണെന്ന ബോധ്യം മടങ്ങി വരുകയും ചെയ്തു. പക്ഷെ ആ തിരിച്ചറിവ് ഒരു വാദഗതിയോ തെളിവോ കൊണ്ട് നേടിയെടുത്തതല്ല. പരമോന്നതനായ അല്ലാഹു എന്റെ ഹൃദയത്തിൽ സ്ഥാപിച്ച വെളിച്ചമായിരുന്നു അതിന് നിദാനം."
ജ്ഞാനശാസ്ത്ര അടിത്തറ തേടിയുള്ള ഇമാം ഗസ്സാലിയുടെ ഈ അന്വേഷണവും, തുടർന്നുണ്ടായ പ്രതിസന്ധിയും, അതുൾക്കൊള്ളുന്ന വിപുലമായ അർത്ഥതലങ്ങളിൽ തന്നെ വിലയിരുത്തേണ്ടതുണ്ട്.
ഹാസിം മുഹമ്മദ്


COMMENTS