മേജർ തീംസ് ഓഫ് ദി ഖുർആൻ: ഒരു റഹ്മാനിയൻ ധൈഷണികത

SHARE:

ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യൻ ധൈഷണിക വ്യവഹാരങ്ങളിലെ അനന്യമായ സംഭാവനകളായിരുന്നു ഖുർആൻ വ്യാഖ്യാനങ്ങളും പഠനങ്ങളും . ഖുർആനിന്റെ ആശയം, രീതിശാസ്ത്രം, ചരിത്ര കഥകൾ, പശ്ചാത്തലം, പ്രാക്ടീസ് എന്നിവ സംബന്ധിച്ച മൂല്യവത്തായ ഗ്രന്ഥങ്ങൾ പശ്ചാത്യ പണ്ഡിതർ ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. എ.ജെ ആർബറിയുടെ The Koran Interpreted , മുഹമ്മദ് മർമഡ്യൂക്ക് പിക്താളിന്റെ The Glorious Quran , അബ്ദുള്ള യൂസുഫ് അലിയുടെ The Holy Qur'an , ഇസ്ലാമിക വേദത്തോടുള്ള സംവേദാത്മകമായ ഒരു കൃസ്ത്യൻ പ്രതികരണം കെന്നത്ത് ക്രാഗിന്റെ The Event of the Quran തുടങ്ങിയ ഒട്ടനവധി ഗ്രന്ഥങ്ങൾ ഇക്കാലത്ത് വിരചിതമായിട്ടുണ്ട്. അതിൽ ഏറ്റവും വിത്യസ്തത നിറഞ്ഞതും ധൈഷണികവ്യവഹാരങ്ങളെ ഉദ്ദീപിപ്പിക്കുന്നതുമാണ് ഫസലുറഹ്മാന്റെ Major Themes of the Qur'an.

 ദൈവം, മനുഷ്യനെന്ന വ്യക്തി, പ്രവാചകത്വവും വെളിപാടും, പരലോകം, സാത്താനും തിന്മയും,  മുസ്ലിം സമുദായത്തിന്റെ മക്കയിലെ മത സാഹചര്യം, വേദക്കാരും മതവൈവിധ്യവും തുടങ്ങിയ വിഷയങ്ങൾ  ഖുർആനിക സൂക്തങ്ങളുടെ വസ്തുതാപരമായ വ്യാഖ്യാനത്തിലൂടെ പ്രതിപാദിക്കുകയും മുൻകാല വ്യാഖ്യാനങ്ങളെ ക്രിറ്റിക്കൽ സമീപനത്തിലൂടെ അപനിർമിക്കാനും റഹ്മാൻ ശ്രമിക്കുന്നുണ്ട്.ഒരു തിയോളജിക്കൽ അപ്രോച്ചിലൂടെ  ഖുർആനിലെ പ്രധാന ആശയങ്ങളെ സ്വതന്ത്രമായ വീക്ഷണത്തിലൂടെ പഠന വിധേയമാക്കുന്നതാണ് റഹ്മാന്റെ Major Themes of the Qur'an.വിശ്വവിഖ്യാതമായ ഈ ഇംഗ്ലീഷ് പുസ്തകത്തെ ഖുർആൻ വ്യാഖ്യാനശാസ്ത്രത്തിന് ഒരു മുഖവുര എന്ന പേരിൽ മലയാളത്തനിമയോടെ വിവർത്തനം ചെയ്തത് അദർ ബുക്സ് എഡിറ്ററായ ഷമീർ കെ. എസ് ആണ് . അഹ്ലുസുന്നയുടെ പണ്ഡിതരോട് വിയോജിക്കുന്നതാണ്  റഹ്മാന്റെ ചില ആർഗ്യുമെന്റുകളെങ്കിലും ഒരു പുതിയ ചിന്താ വിപ്ലവത്തിന് ഈ കൃതി തിരികൊളുത്തുമെന്നുറപ്പാണ്. തന്റെ ധൈഷണിക ജീവിതത്തിന്റെ തുടക്കത്തിൽ  ഫസലുറഹ്മാന്റെ താല്പര്യം തത്വശാസ്ത്രത്തിലും പിന്നീട് തിയോളജിയിലും ആയിരുന്നു. ജീവിതത്തിന്റെ അവസാന കാലത്താണ് റഹ്മാൻ ഖുർആൻ വ്യാഖ്യാന ശാസ്ത്രത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക പണ്ഡിതന്മാരെ പോലെ റഹ്മാനെയും അലട്ടിയ ചോദ്യം ഒരു മത, സാംസ്കാരിക, രാഷ്ട്രീയ, ധാർമിക പാരമ്പര്യമെന്ന നിലക്ക് ഇസ്ലാം ആധുനിക വൽകരിക്കപ്പെടുന്ന ലോകവുമായി എങ്ങനെ പൊരുത്തപ്പെടും എന്നതായിരുന്നു. ശാസ്ത്ര പുരോഗതി, സാമ്പത്തിക ക്ഷേമം തുടങ്ങിയ സങ്കൽപ്പങ്ങളുമായി അദ്ദേഹം ചേർന്നു നിന്നു. പുരോഗമന വിധേയമാക്കാൻ കഴിയാത്ത ഭൂതകാല സങ്കല്പങ്ങൾ അദ്ദേഹം നിരാകരിച്ചു. ഭൂതകാലത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള റഹ്മാന്റെ കാഴ്ചപ്പാടുകളാണ് ഏറെ സങ്കീർണമായത്. നോർമേറ്റീവ് ഇസ്‌ലാമിന്റേയും  ഹിസ്റ്റോറിക്കൽ ഇസ്‌ലാമിന്റേയും ഇടയിൽ വലിയ അന്തരമുണ്ടെന്ന്  റഹ്മാൻ വാദിക്കുന്നു. ഇസ്ലാമിക പാരമ്പര്യത്തെ ഒരു പ്രൊട്ടസ്റ്റന്റ് മാതൃകയിൽ വേദ ഗ്രന്ഥത്തിലൂടെ പുനർനിർമിക്കേണ്ടതിന്റെ ആവശ്യകതയെ റഹ്മാൻ ഉയർത്തി കാണിക്കുന്നുണ്ട്.

 ഖുർആൻ പഠിച്ചപ്പോൾ ഖുർആന്റെ  എത്തിക്സാണ് റഹ്മാനെ ഏറെ ആകർഷിച്ചത്. പുരോഗമന ചിന്തകൾക്കിടയിൽ നൈതികത  നഷ്ടപ്പെട്ടുപോകുമെന്ന് ഭയന്ന അദ്ദേഹം പുതിയ മാറ്റങ്ങളെ  ഉൾക്കൊള്ളുന്ന ഇസ്ലാമിക ധൈഷണിക അടിത്തറകളെ പുനർനിർമ്മിക്കാനുള്ള ഉദ്യമത്തിന് മുന്നിട്ടിറങ്ങി. ഫാറാബി, ഇബ്നുസീന, അഹ്മദ് സർഹിന്ദി തുടങ്ങിയവരുടെ ചിന്താ മാതൃകകൾ റഹ്മാന്റെ ധിഷണക്ക് കൂടുതൽ കരുത്തേകി.

 റഹ്മാനിയൻ ആർഗ്യുമെൻസ് :

ഖുർആനിക സൂക്തങ്ങളെ അതിന്റെ അവതരണ പശ്ചാത്തലത്തിൽ മനസ്സിലാക്കുകയും പാരമ്പര്യ രീതികളിൽ നിന്ന് വ്യത്യസ്തമായി (വ്യാഖ്യാന ഗ്രന്ഥങ്ങൾ മുഖേനയല്ലാതെ) സ്വതന്ത്രമായി സമീപിക്കണമെന്നുമുള്ള കാഴ്ചപ്പാടാണ് റഹ്മാൻ മുന്നോട്ടുവെക്കുന്നത്.മേജർ തീംമ്സ് ഓഫ് ദി ഖുർആനിൽ ഇത്തരത്തിലുള്ള സമീപനമാണ് റഹ്മാൻ സ്വീകരിക്കുന്നത്. ദൈവത്തിന്റെ ശക്തിയും മഹത്വവും വളരെയധികം ആവർത്തിക്കപ്പെടുന്നുവെന്നും ഇതിന്റെ കാരണം ഒരു ഭാഗത്ത് കൂടി അനന്തമല്ലാത്ത അസ്തിത്വങ്ങളെ  അനന്തമായവനോട് താദാത്മ്യപ്പെടുത്തുകയും മറു ഭാഗത്തുകൂടി തന്റെ സൃഷ്ടിയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുമ്പോൾ തന്നെ അവനും അവന്റെ സൃഷ്ടികൾക്കുമിടയിൽ മധ്യവർത്തികളായ ദൈവങ്ങളെ സ്ഥാപിക്കുന്നവരുടെ അപകടകരമായ നിസ്സാരതയെ തുറന്നുകാട്ടുകയാണെന്നും റഹ്മാൻ നിരീക്ഷിക്കുന്നു.

Fazlur Rahman


 പാന്തിസത്തേയും (അദൈത്വവാദം) ആപേക്ഷിതാവാദത്തേയും ആത്മീയമായ മയക്കുമരുന്നുകളായി റഹ്മാൻ പരിചയപ്പെടുത്തുന്നു. ദൈവം പലതിനിടയിൽ ഒന്നല്ല എന്ന് നാം പറയുമ്പോൾ ദൈവം എല്ലാമാകുന്നു അല്ലെങ്കിൽ ദൈവം എല്ലാത്തിലുമുണ്ട് തുടങ്ങിയ ആശയങ്ങളല്ല നാം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. സത്യനിഷേധികളുടെ ഹൃദയത്തെ മുദ്രവെക്കുമെന്ന ഖുർആനിക പരാമർശത്തെ മനശാസ്ത്രപരമായ പേഴ്സ്പെക്ടീവിലൂടെ റഹ്മാൻ വ്യാഖ്യാനിക്കുന്നുണ്ട്. തെറ്റോ നന്മയോ അനുക്രമം ചെയ്യുമ്പോൾ അതിനു വിപരീതമായവ ചെയ്യാനുള്ള സാധ്യത ഇല്ലാതാകുമെന്നതാണ് ഈ പരാമർശത്തിന്റെ ഉദ്ദേശമെന്ന് റഹ്മാൻ വിശദീകരിക്കുന്നു. റഹ്മാന്റെ സ്വതന്ത്രമായ വ്യാഖ്യാനങ്ങൾ പലപ്പോഴും പാരമ്പര്യ പണ്ഡിതരുടെ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. പ്രവാചകൻ പരലോകത്തുവെച്ച് വിശ്വാസികൾക്കായി നടത്തുന്ന ശുപാർശയെ റഹ്മാൻ നിരാകരിക്കുന്നു. രക്ഷാകർതൃത്വത്തെ (Saviorship) ഖുർആൻ തള്ളിക്കളയുന്നതിലൂടെ മധ്യസ്ഥതയേയും നിരാകരിക്കുന്നതായി അദ്ദേഹം സ്ഥാപിക്കുന്നു. അതുകൊണ്ട് പ്രവാചകർ സമുദായ ചെയ്തികളുടെ മേൽ സാക്ഷി മാത്രമാണെന്നും ശുപാർശകൻ അല്ലെന്നും അത്തരം ഹദീസുകൾ സാങ്കല്പിക കഥകളാണെന്നും  റഹ്മാൻ ഖുർആനിക സൂക്തങ്ങളുടെ വെളിച്ചത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്.

 ബഹുഭാര്യത്വത്തെ സംബന്ധിച്ച വിഷയത്തിലും മുൻഗാമികളുടെ നിലപാടിനെ റഹ്മാൻ ചോദ്യം ചെയ്യുന്നുണ്ട്.  നീതിപുലർത്താനാകുമെങ്കിൽ നാലു ഭാര്യമാരെ വരെ വിവാഹം കഴിക്കാമെന്ന് അനുവാദം നൽകുമ്പോഴും ഒരിക്കലും നീതിപുലർത്താനാവുകയില്ല എന്ന് ഖുർആൻ പ്രഖ്യാപിക്കുന്നുണ്ട്. പാരമ്പര്യ നിയമവിശാരദന്മാർ നാല് ഭാര്യമാരെ വിവാഹം കഴിക്കാനുള്ള അനുമതിക്ക് നിയമപരമായ പ്രാബല്യമുണ്ടെന്ന് പറയുകയും നീതി പുലർത്തണമെന്ന ആവശ്യം കേവലം ശുപാർശയായി കണക്കാക്കിയെന്നും റഹ്മാൻ ചൂണ്ടിക്കാണിക്കുന്നു. സവിശേഷമായ സന്ദർഭത്തിലിറങ്ങിയ വചനത്തിന് നിയമപരമായ പ്രാബല്യം നൽകുകയും പൊതുവായ തത്വത്തെ ഒരു ശുപാർശയായി മാത്രം  കാണുകയും ചെയ്തെന്ന് റഹ്മാൻ വിമർശിക്കുന്നു. 

 ബഹുഭാര്യാ വിവാഹങ്ങളിലെ നീതിയുടെ വചനത്തിന് നാല് ഭാര്യമാരെ വരെ വിവാഹം കഴിക്കാൻ അനുവദിക്കുന്ന സവിശേഷമായ വചനത്തേക്കാൾ മുൻഗണന നൽകണമെന്നതാണ് റഹ്മാന്റെ പക്ഷം. ഇസ്ലാമിലെ സാക്ഷികളെ സംബന്ധിച്ച വിഷയത്തിലും വിത്യസ്തമായ കാഴ്ചപ്പാടാണ് റഹ്മാൻ പ്രകടിപ്പിക്കുന്നത്.  രണ്ട് സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന കല്പന സാമ്പത്തിക കാര്യങ്ങളിലുള്ള സ്ത്രീകളുടെ പരിചയക്കുറവ് കൊണ്ടുള്ള ഓർമ്മക്കുറവിനെ അടിസ്ഥാനമാക്കിയാണെന്നും സാമ്പത്തികകാര്യങ്ങളിൽ സ്ത്രീകൾ പ്രാവീണ്യം നേടിയാൽ അവരുടെ സാക്ഷ്യം പുരുഷന് തുല്യമാകുമെന്നും റഹ്മാൻ മേജർ തീംമ്സിൽ പറയുന്നു.

 എന്നാൽ ഈ നിലപാടിനെതിരെ ആമിനാ വദൂദ് വിമർശനാത്മകമായി നിലകൊള്ളുന്നുണ്ട്. ഖുർആനിലെ സവിശേഷ പദങ്ങളെ റഹ്മാൻ അവതരണ പശ്ചാത്തലത്തിന്റേയും മറ്റു ഖുർആനിക സൂക്തങ്ങളുടെയും വെളിച്ചത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്. ബയ്യിനത്ത്, ഇബിലീസ്, ജിഹാദ്, മുനാഫിക് തുടങ്ങിയ പദങ്ങളുടെ അർത്ഥവകഭേദങ്ങളെ കുറിച്ചും റഹ്മാൻ വാചാലനാകുന്നുണ്ട്. പ്രകൃതിയെ പരാമർശിക്കുന്നതിനായി വ്യക്തമായ ദൃഷ്ടാന്തം എന്ന പദം ഖുർആനിൽ ഉപയോഗിച്ചില്ലെന്നും അവകൾ പ്രകൃതിപരമായ കാര്യകാരണ ബന്ധങ്ങൾക്കു കീഴിൽ മറഞ്ഞുകിടക്കുകയും പിന്നീട് ഖുർആൻ അവയെ ഉയിർത്തെഴുന്നേൽപ്പിക്കുകയും ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളായി വ്യക്തമാക്കുകയും ചെയ്യുന്നതാവാം  കാരണം.

Amina wadood


 പ്രകൃത്യാതീതമായ അത്ഭുതങ്ങളെയാണ്  ബയ്യിനാത്ത്  എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്നും റഹ്മാൻ വ്യക്തമാക്കുന്നു. തുടർന്ന് സുൽത്താൻ, ബുർഹാൻ, ഹുജ്ജത്ത് എന്നിവയുടെ വ്യാഖ്യാനങ്ങളും സാത്താൻ, ഇബ് ലീസ്, താഗൂത്ത് എന്നീ പദങ്ങളേയും വിവിധ സന്ദർഭങ്ങളിലുള്ള അവയുടെ അർത്ഥവ്യതിയാനങ്ങളും അദ്ദേഹം  ചർച്ചാവിഷയമാക്കുന്നു. സ്വർഗ്ഗ നരകങ്ങളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ ശാരീരികമായ ശിക്ഷയും ആഹ്ലാദവും ഭാഷാർത്ഥത്തിൽ തന്നെയാണ് വിശദീകരിച്ചിരിക്കുന്നതെങ്കിലും അവയുടെ ആത്മീയ തലമാണ് ഉദാത്തമായതെന്നും ദൈവപ്രീതിയാണ് നല്ല പ്രതിഫലമെന്നും അവന്റെ കോപവും അകൽച്ചയുമാണ് വലിയ ശിക്ഷയെന്നും റഹ്മാൻ വിശദീകരിക്കുന്നു. ഗ്രന്ഥത്തിന്റെ അവസാനഭാഗത്ത് തൗറാത്തിന്റേയും ബൈബിളിന്റേയും  ഖുർആനിക പരാമർശങ്ങളെ മക്കാ-മദീന കാലഘട്ടങ്ങളിലൂന്നി വിശകലനം ചെയ്യുകയും ഖുർആൻ തോറയുടേയും ബൈബിളിന്റേയും കോപ്പിയാണെന്ന പാശ്ചാത്യൻ ആർഗ്യുമെന്റുകളെ പുനർവായന നടത്തുന്നതായും കാണാം.

 പ്രവാചകത്വവും ദിവ്യവെളിപാടും :

പണ്ഡിതലോകത്ത് ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദമായിമാറുകയും ചെയ്തത് റഹ്മാന്റെ  പ്രവാചകത്വവും ദിവ്യവെളിപാടുമായി ബന്ധപ്പെട്ട ആർഗ്യുമെൻസാണ്. ദിവ്യവെളിപാടിന്റേയും രാപ്രയാണത്തിന്റേയും ബാഹ്യതലങ്ങളെ നിഷേധിക്കുന്ന റഹ്മാൻ അവയെ ആന്തരികാർത്ഥത്തിലേക്ക് ചുരുട്ടികൂട്ടുന്നു. ആത്മീയമായ അനുഭവത്തിന് തീവ്രതയേറുമ്പോൾ അനുഭവിപ്പിക്കുന്നവനും(Subject) അനുഭവത്തിന് വിധേയമാകുന്നവനും (object) തമ്മിലുള്ള അന്തരം ഇല്ലാതാകുകയും ശബ്ദങ്ങൾ കേൾക്കുകയും രൂപങ്ങളെ കാണുകയും ആന്തരികമായ അനുഭവം ഒരു അർദ്ധമൂർത്തരൂപം സ്വീകരിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. പ്രവാചകന്റെ വെളിപാടിന്റെ അനുഭവം ഹൃദയത്തിന്റെ കാര്യമാണെങ്കിലും ആ അനുഭവങ്ങളും തീവ്രമായ ആത്മീയ അനുഭവങ്ങളെപോലെ സ്വമേധയാ വാക്കുകളായി രൂപാന്തരപ്പെട്ടു. വെളിപാടിന്റെ ദൂതനെ ഒരിക്കലും മാലാഖയായി വിശദീകരിക്കുന്നില്ല. റൂഹ് എന്നതിനെ മാലാഖമാരോട് ബന്ധപ്പെട്ടുകിടക്കുന്ന ആത്മാവോ ആത്മീയ ദൂതനോ ആയാണ് റഹ്മാൻ കാണുന്നത്. മക്കക്കാർ മാലാഖയെ ഇറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉള്ള ഖുർആനിന്റെ മറുപടി ഇതിനെ ശരിവെക്കുന്നതായി അദ്ദേഹം പറയുന്നു. എന്നാൽ പരിഹാസത്തോടെയുള്ള സത്യനിഷേധികളുടെ ചോദ്യത്തിന് മറുപടിയായാണ് ഈ സൂക്തം വരുന്നതെന്ന് റഹ്മാൻ കാണാതെ പോകുന്നു. എങ്കിലും മാലാഖയേയും ആത്മാവിനേയും വിരുദ്ധ പ്രതിഭാസമായി അദ്ദേഹം കാണുന്നില്ല. മാലാഖാ പ്രകൃതത്തിൽ അത്യുദാത്തമായ രൂപവും ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നുമാണ് ആത്മാവ് എന്ന നിരീക്ഷണം അദ്ദേഹം മുന്നോട്ട് വെക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തന്റെ അനുചരന്മാർക്ക് കാണാനാകും വിധം പ്രവാചകനുമായി സംസാരിച്ചിരിക്കുന്ന ഒരു പൊതു വ്യക്തിത്വമായി മാലാഖയെ വിവരിക്കുന്ന പ്രശസ്ത ഹദീസ് വിവരണങ്ങൾ പോലും പിൽകാലത്തുണ്ടായ സങ്കല്പകഥകളായി റഹ്മാൻ തള്ളിക്കളയുന്നു. ബ്രിട്ടൺ അസ്ഹർ കേന്ദ്രമാക്കി നടത്തിയ ഇസ്ലാമിക വിശ്വാസത്തിന്റെ നവജാഗരണമെന്ന ചതിയിൽ റഹ്മാൻ അകപ്പെട്ടു എന്ന് പറയേണ്ടിവരും.  മുഹമ്മദ് അബുവിന്റേയും സുലൈമാൻഹൈക്കലിന്റേയും ഗ്രന്ഥങ്ങളിൽ മുഴച്ചുനിൽക്കുന്ന അമാനുഷികതയുടെ നിരാകരണം ഇസ്ലാമിക വിശ്വാസത്തിൽ വന്ന നവജാഗരണത്തിന്റെ റിഫ്ലക്ഷനാണ്.

 ദ്വിചലന സിദ്ധാന്തം:

ഖുർആനിന്റേയും സുന്നയുടേയും സവിശേഷമായ വിധികളിൽ നിന്ന് പുതുതത്വങ്ങൾ നിർദ്ധാരണം ചെയ്യുകയെന്ന സിദ്ധാന്തം ഫസലുറഹ്മാനെ കുറിച്ചുള്ള വെയ്ൻ ഹല്ലാ ഖിന്റേയും ഫരീദ് ഇസ്ഹാഖിന്റേയും പഠനങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഒന്നാമത്തെ ചലനത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. പ്രത്യേക സന്ദർഭങ്ങളിലുള്ള ഖുർആനിക നിയമങ്ങൾ അവയുടെ ചരിത്രസാഹചര്യങ്ങളുടെയും നയാമിക-ധാർമിക ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ മനസ്സിലാക്കുക. സവിശേഷസാചര്യങ്ങൾക്ക് ഖുർആൻ നൽകുന്ന മറുപടികളെ സാമാന്യവൽക്കരിച്ചു കൊണ്ട് (നിയമ യുക്തിയുടെ അടിസ്ഥാനത്തിൽ) ധാർമിക ചട്ടക്കൂട് നിർമ്മിക്കുക. ഒന്നാമത്തെ ചലനത്തിലൂടെ നിർദ്ധാരണം ചെയ്തെടുത്ത നിയമങ്ങൾ വർത്തമാനകാല സാമൂഹിക-ചരിത്രപശ്ചാത്തലത്തിൽ പ്രയോഗിക്കുക

 ഇതുവഴി വർത്തമാനകാല സമസ്യകൾക്ക് ഖുർആനിന്റെ നവ്യമായ പ്രയോഗവൽക്കരണത്തിലൂടെ പരിഹാരമാകുമെന്നും റഹ്മാൻ സിദ്ധാന്തിക്കുന്നു.

ആരിഫ് മൈത്ര

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മേജർ തീംസ് ഓഫ് ദി ഖുർആൻ: ഒരു റഹ്മാനിയൻ ധൈഷണികത
മേജർ തീംസ് ഓഫ് ദി ഖുർആൻ: ഒരു റഹ്മാനിയൻ ധൈഷണികത
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhs_pqkSsVmfGO0RKoKoDIBt6CXQdfkEv8Y3kuiQTyywrfacSH-cf8OIacy65q5T6vIXYdVHw29SrFGtIQBKsyg7OLkPeQJT-tfEfuiavE8UIzaSOBGbdlf6wu_Y_20yVZOEdUX2HMMeisr/s320/images+%252834%2529.jpeg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhs_pqkSsVmfGO0RKoKoDIBt6CXQdfkEv8Y3kuiQTyywrfacSH-cf8OIacy65q5T6vIXYdVHw29SrFGtIQBKsyg7OLkPeQJT-tfEfuiavE8UIzaSOBGbdlf6wu_Y_20yVZOEdUX2HMMeisr/s72-c/images+%252834%2529.jpeg
Al Ihsan Online Magazine
https://www.alihsanonweb.in/2020/11/Major-themes-of-quran-book-review.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/11/Major-themes-of-quran-book-review.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content