പഠനം, വിശകലനം മുതലായവയിലൂടെ മനുഷ്യന്റെ ആരോഗ്യം പരിപാലിക്കുകയും നിലനിർത്തുകയും രോഗബാധ തടയുകയും ചെയ്യുന്നതിനെയാണ് "വൈദ്യം" എന്ന് പറയുന്നത്. സ്വാഭാവികമായും പുരാതന കാലം മുതൽക്കെ മനുഷ്യന് രോഗമുള്ള പോലെ രോഗചികിത്സയും ചികിത്സകരും നിലനിന്നു വരികവഴി വൈദ്യശാസ്ത്രം വ്യാപിച്ചു കൊണ്ടേയിരുന്നു.
പിതൃത്വത്തിലെ തർക്കം
വൈദ്യ ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത് ഗ്രീസിന്റെ സുവർണ്ണകാല മെന്നറിയപ്പെടുന്ന 'പെരിക്കിൾസിന്റെ' ഭരണകാലത്ത് ഒരു ചെറു ദ്വീപായ കോസിൽ ജനിച്ച് ഇരുപതു വർഷത്തോളം ഈജിപ്തിൽ വൈദ്യശാസ്ത്രത്തിൽ പഠനം നടത്തിയ ഹിപ്പോക്രാറ്റസിനെയാണ് (460-370 ബി.സി ).
എന്നാൽ ഹിപ്പോക്രാറ്റസെല്ല ഈജിപ്തിലെ ഫറാവോ സോസറിന്റ (മൂന്നാം രാജവംശം, ബി.സി 2980-2900) ഉന്നത കാര്യനിർവാഹകാനായിരുന്ന ( വസീർ) 'ഇമ്ഹോട്ടിപ്പാണ്' വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
കാരണം ഹിപ്പൊക്രേറ്റസ് ഇരുപതു കൊല്ലത്തോളം ഈജിപ്തിൽ പഠനം നടത്തിയിരുന്നു. മാത്രമല്ല ഹിപ്പോക്രാറ്റസിനും രണ്ടായിരം കൊല്ലം മുൻപ് ഈജിപ്തിൽ വൈദ്യശാസ്ത്രം നിലനിന്നിരുന്നു എന്നതിലേക്ക് പിന്നീട് പല കാലങ്ങളിലായി ലഭിച്ചിരുന്ന വൈദ്യശാസ്ത്ര രേഖകൾ ഉൾക്കൊള്ളുന്ന പാപ്പിറസുകളും വിരൽ ചൂണ്ടുന്നുണ്ട്. അവയിലൂടെ പുരാതന ഈജിപ്തിലെ മഹാ പ്രതിഭയായി നമുക്ക് ഇമ്ഹോട്ടെപ്പിന്നെ കാണാം.
വൈദ്യശാസ്ത്രം, എഴുത്ത്, ജ്യോതിശാസ്ത്രം, പദ്യ ശാസ്ത്രം, തുടങ്ങിയവയിലെല്ലാം തിളങ്ങിനിന്നിരുന്ന ഇദ്ദേഹം തന്നെയാണ് മൂന്നാം രാജവംശ കാലത്ത് ഈജിപ്തിലെ സക്കാറയിൽ ബോസർ പിരമിഡും രൂപകല്പന ചെയ്തിരുന്നത്.
ഉദരത്തിന്റെ പതിനഞ്ചും, ബ്ലാഡറിന്റെ പതിനൊന്നും, മലദ്വാരത്തിന്റെ പത്തും, കണ്ണുകളുടെ ഇരുപത്തിയൊൻപതും, തൊലിയുടെയും മുടിയുടെയും നഖങ്ങളുടെയും നാവിന്റെയും പതിനെട്ടും രോഗങ്ങളടക്കം മൊത്തം ഇരുന്നൂറിലേറെ രോഗങ്ങൾ ഇദ്ദേഹം തിരിച്ചറിയുകയും, ചികിത്സിക്കുകയും ചെയ്തു.
ഇതെല്ലാം കാരണമായി തന്നെയാണ് പിൽക്കാലത്ത് ഈജിപ്തുകാരുടെ ദൈവമായി ഇമ്ഹോട്ടിപ് മാറിയത്. അത് പോലെ ഗ്രീസിലെ വൈദ്യ ദേവനായ ഏസ്‌കൂലാപ്പിയുസായും ഇമ്ഹോട്ടിപ്പിൻ വാഴ്ത്തപ്പെട്ടു.
ഗ്രീക്കും വൈദ്യശാസ്ത്രവും
776 ബി.സി മുതൽ 156 ബി.സി വരെയുള്ള ഒരു കാലഘട്ടത്തെയാണ് പ്രാചീന ഗ്രീസിലെ വൈദ്യശാസ്ത്ര യുഗമായി കണക്കാക്കുന്നത്.
ഗ്രീക്ക് ചികിത്സയുടെ ശാസ്ത്രീയ മുന്നേറ്റം ഹിപ്പോക്രാറ്റസിനെ (460-370 ബി.സി ) കേന്ദ്രീകരിച്ചാണ് പ്രധാനമായും നടന്നിട്ടുള്ളത്.
പരമ്പരാഗത ജീവചരിത്രം അനുസരിച്ച് ഹിപ്പൊക്രാറ്റസാണ് നിരീക്ഷണപരമായ വൈദ്യശാസ്ത്രത്തിന്റെ (ക്ലിനിക്കൽ നിരീക്ഷണം) സ്രഷ്ടാവായി പരിഗണിക്കപ്പെടുന്നതെങ്കിലും എതിരഭിപ്രായങ്ങൾ നാം മുമ്പ് പ്രതിവതിച്ചു കഴിഞ്ഞതാണ്. ഈജിപ്ഷ്യൻമാർ ആധുനിക വൈദ്യശാസ്ത്രത്തിന് സംഭാവനയൊന്നും നൽകിയിട്ടില്ലെന്നും, ഹിപ്പൊക്രറ്റസാണ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് എന്ന വിശേഷണത്തിനർഹനെന്നുമുള്ള പടിഞ്ഞാറൻ ധാരണകൾക്ക് എതിരായി "വില്യം ഓസ്ലറെ" യും, "ഗാരിസനെയും" പോലുള്ള പ്രശസ്ത ചരിത്രകാരന്മാരുടെ പ്രസ്താവനകൾ അത്തരം അഭിപ്രായ പ്രകടനങ്ങളുടെ ബാക്കിപത്രങ്ങളാണ്.
കറുത്ത ഭൂമിയിലെ വൈദ്യവിപ്ലവങ്ങൾ
ഈജിപ്ത്കാരിൽ നിന്ന് ഗ്രീക്കുകാർ എത്രത്തോളം രസതന്ത്രം പഠിച്ചുവോ അത്രതന്നെ വൈദ്യവും പഠിച്ചിരുന്നു എന്നത് സപഷ്ടമാണ് . കെമിസ്ട്രി (രസതന്ത്രം) എന്ന വാക്ക് തന്നെ ഉരുത്തിരിഞ്ഞു വന്നത് 'കെമി' (കറുത്ത ഭൂമി) എന്ന ഈജിപ്തിന്റെ പ്രാചീന നാമത്തിൽ നിന്നാണ്. ഇപ്രകാരംതന്നെ ഈജിപ്തുകാർ 'കെമൈറ്റുകൾ' എന്നറിയപ്പെട്ടു.
നൈൽ നദീതട നാഗരികത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്ന് വൈദ്യശാസ്ത്രമായിരുന്നു.
ബി.സി 3400 - 2440 കാലയളവിലെ ആദ്യ രാജവംശത്തിന്റെ ഭരണകാലത്ത് തന്നെ അവിടെ വൈദ്യശാസ്ത്രവും, അതിലെ ഉപപോഷക ഘടകങ്ങളുംവരെ നിലനിന്നിരുന്നു.
അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹെറഡോട്ടസിന്റെ (484-425 ബി.സി ) അഭിപ്രായത്തിൽ അക്കാലത്ത് ഈജിപ്ഷ്യൻമാർക്കിടയിൽ വൈദ്യം പ്രയോഗിച്ചിരുന്നത് പ്രത്യേക തരം തിരിച്ചുള്ള ഒരു പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്നാണ്. അഥവാ ഓരോ വൈദികനും ഒരു രോഗത്തെ മാത്രം കേന്ദ്രീകരിച്ചായിരുന്നുവത്രേ മുന്നോട്ട് പോയിരുന്നത്. ഇനി ബി.സി എട്ടാം നൂറ്റാണ്ട്കാരനായ പ്രശസ്ത കവി ഹോമർ പറയുന്നത് എല്ലാ മനുഷ്യർക്കും അറിയാവുന്നതിലുമധികം അറിയുന്ന വൈദ്യന്മാർ ആണ് അവർ ഓരോരുത്തരും എന്നാണ്.
47 ബി.സിയിൽ പ്രാചീന കെമിറ്റിലെ മെഡിക്കൽ ഡോക്ടർമാർ ഏഴാം ക്ലിയോപാട്രയെ ഒരു പ്രത്യേക രീതിയിൽ പ്രസവിപ്പിച്ചു. ആ കുട്ടിയെ സീസർ എന്ന് വിളിച്ചു കാലങ്ങൾക്കിപ്പുറം നടന്നുവരുന്ന അതേ പ്രക്രിയയെ ആ കുട്ടിയിലേക്ക് ചേർത്ത് 'സിസേറിയൻ' എന്ന് വിളിച്ചുപോരുന്നു. ഇത് അക്കാലക്കാരുടെ മികവിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ്.
വൈദ്യം പറയുന്ന കടലാസുകൾ
പാപ്പിറസ് ചെടിയുടെ (സൈ പ്പറസ് പാപ്പിറസ്) കാമ്പിൽ നിന്നും ഉണ്ടാക്കിയിരുന്ന ആദ്യകാല കടലാസുകളെയാണ് പാപ്പിറസ് എന്ന് വിളിക്കപ്പെടുന്നത്. ഈജിപ്ത്കാരാണ് പാപ്പിറസ് ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത് എന്ന് കരുതപ്പെടുന്നു.
ഈജിപ്തിലെ ഒന്നാം രാജവംശത്തിന്റെ കാലത്തുതന്നെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഇത് മധ്യധരണ്യാഴിയിലും യൂറോപ്പിനുള്ളിലും പടിഞ്ഞാറൻ ഏഷ്യയിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഈജിപ്ഷ്യൻ വൈദ്യശാസ്ത്രത്തെ തെളിയിക്കുന്ന അത്തരം പാപ്പിറസുകളിൽ ചിലത് താഴെ ചേർക്കുന്നു
1, നൈൽ നദിക്കരയിലെ 'കോം ഓബോ 'ക്ഷേത്രത്തിന്റെ ചുവരുകളിൽ നിന്ന് കണ്ടെടുക്കപ്പെട്ട പാപ്പിറസ് ലിഖിതങ്ങൾ ഈജിപ്തുകാരുടെ വൈദ്യശാസ്ത്ര മികവിനെ തെളിയിക്കുന്നതാണ്.
ഈ പാപ്പിറസ് ലിഖിതങ്ങളിൽ എയർ കപ്സ്, കത്തികൾ, സ്പോഞ്ച്, കത്രികകൾ, പ്രസവത്തിനു ഉപയോഗിക്കുന്ന ഒരു തരം കസേര, മുതലായവ പരാമരർശിക്കപ്പെട്ടിട്ടുണ്ട്.
2, എഡ്വിൻ സ്മിത്ത് പാപ്പിറസ് (Edwin smith papyrus)
ഏറെ പുരാതനമായ വൈദ്യശാസ്ത്ര രേഖയായ എഡ്വിൻ സ്മിത്ത് പാപ്പിറസിന് ഏകദേശം 2500 കൊല്ലത്തോളം പഴക്കമുണ്ട്. ഇത് എഡ്വിൻ സ്മിത്താണ് തീബ്സിൽ നിന്നും കണ്ടെത്തുന്നത്. ഇദ്ദേഹം പിന്നീട് 1948ൽ ഇത് ന്യൂയോർക് അക്കാദമി ഓഫ് മെഡിസിന് കൈമാറി. ഈ പാപിറസ് ശരീര ഘടനാ പരമായ നിരീക്ഷണങ്ങളെ പറ്റിയും രോഗനിർണയം, ചികിത്സ, തലയോട്ടിയുടെ ഘടന തുടങ്ങി ക്ലിനിക്കൽ സർജറിയുടെ 48 കേസുകൾ അടക്കം ഉൾക്കൊള്ളുന്നതാണ്.
3, എബേഴ്സ് പാപ്പിറസ്(Ebers papyrus)
ബി.സി 1550 കാലത്തേത് എന്ന് കരുതപ്പെടുന്ന തീബസിൽ നിന്ന് ജോർജ് എബേഴ്സിന് കരസ്ഥമായ രേഖകളാണ് മറ്റൊരു പാപിറസ്. ബി.സി പതിനാറാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്ര മികവിനെ ഈ പാപ്പിറസ് വിളിച്ചോതുന്നുണ്ട്.
കൂടാതെ 110 പേജുകൾ അടങ്ങിയ ഈ പാപ്പിറസാണ് എല്ലാ മെഡിക്കൽ പാപിറസ് കുടുബത്തിൽ വെച്ചും ഏറ്റവും ധൈർക്യമേറിയത്.
4, കാഹൂൻ പാപ്പിറസ് (kahun papyrus)
1889 ഏപ്രിൽ മാസത്തിൽ കാഹൂനിലെ ഫായും സൈറ്റിൽനിന്നുള്ള ഫ്ലിൻഡേഴ്സ് പെട്രിയും ചേർന്നാണ്ണ് കാഹൂൻ പാപിറസ് കണ്ടെടുത്തത്. അമനെൻ ഹാറ്റ് മൂന്നാമാന്റെ ഇരുപത്തൊമ്പതാം ഭരണ വർഷത്തിൽ (1825 ബി.സി) എഴുതപ്പെട്ടതാണെന്ന് എന്ന് കരുതപ്പെടുന്നു. പ്രധാനമായും ഗൈനക്കോളജി സംബന്ധമായി വിവരങ്ങൾ അടങ്ങിയ അത് മൊത്തം 34 ഖണ്ഡിഘകളായാണ് തിരിച്ചിരിക്കുന്നത്.
5, ഹേഴ്സ്റ്റ് പാപ്പിറസ് (Hearst papyrus)
ഇതിനെ ഹേഴ്സ്റ്റ് മെഡിക്കൽ പാപിറസ് എന്നും വിളിക്കുന്നു. ഈ പാപ്പിറസ് 18 പട്ടികകളിൽ ഉള്ള മെഡിക്കൽ പ്രിസ്ക്രിപ്ഷനുകളെ കുറിച്ചുള്ള 260 ഖണ്ഡിഘകളാണ്. ഈജിപ്ത്ഷ്യൻ നിഗൂഢ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഇവകൾ പരാമർശിക്കപ്പെട്ടിട്ടുള്ളത് മുടി, രക്തം, യൂറിനറി സിസ്റ്റം, അരക്കെട്ടുകൾ എന്നിവയെക്കുറിച്ചൊക്കെയാണ്. ഈ പാപിരി ഈജിപ്തിലെ 18-ആം രാജവംശത്തിലെ ടൂത്മോസിസ് (Tuthmosis III) ഫറോവ മൂന്നാമന്റേതാണെന്ന് കരുതപ്പെടുന്നു.
6, ബ്രൂക്ലിൻ പാപ്പിറസ് (Brooklin papyrus)
ബ്രൂക്ലിൻ മെഡിക്കൽ പാപ്പിറസ് നിർമ്മിക്കപ്പെട്ടത് ഈജിപ്തിലെ മൂന്നാം രാജവംശത്തിന്റെ കാലത്താണ്.
ഈ പാപിറസിൽ പാമ്പുകൾ, തേളുകൾ, എന്നിവയുടെ കടികളിൽ നിന്നും ഉണ്ടാകുന്ന വിഷത്തിന്റെ ഭാഗമായി വരുന്ന രോഗങ്ങളും, ചികിത്സകളുമാണ് പറയുന്നത്. 1900-ങ്ങളുടെ ആരംഭത്തിൽ ആണ് അവ കണ്ടെടുക്കപ്പെട്ടത് എന്ന് പറയപ്പെടുന്നു.
ശനാഫ് കൂടല്ലൂർ

COMMENTS