യുദ്ധം ഒരു യുഗമായി ഗണിക്കപ്പെടേണ്ടതാണെന്ന് തോന്നുന്നു.യുദ്ധങ്ങൾ ബാക്കിവെച്ച തീരാനഷ്ടങ്ങളെ കുറിച്ചും അതിന്റെ പിന്നാംപുറങ്ങളെ കുറിച്ചും അനേകം തൂലികകൾ ചലിച്ചിട്ടുണ്ട്.വീണ്ടും അതേ പ്രമേയത്തിൽ ഒരു പുസ്തകം രചിക്കപ്പെടുന്നു.യുദ്ധം വരുത്തി വെച്ച നഷ്ടങ്ങളുടെ,തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ,കൊല്ലപ്പെട്ടവരുടെ,ആയുധങ്ങളുടെ എണ്ണവും പരപ്പും കണക്കെടുപ്പ് നടത്തുന്നതിൽ നിന്ന് മാറി, യുദ്ധാനന്തര ലോകത്തെ സ്ത്രീപോരാളികളുടെ ജീവിതത്തിന്റെ ഏടുകൾ മറിച്ച് നിർവികാരതയുടെ ആത്മാവിന്റെ ചരിത്രമെഴുതുകയാണ് റഷ്യക്കാരി സ്വറ്റ്ലാന അലക്സിവിച്ച്.ലോകത്തെയാകമാനം തിളച്ച് മറിച്ച രണ്ടാംലോക മഹായുദ്ധത്തിൽ പങ്കെടുത്ത സ്ത്രീ പോരാളികളെയാണ് ഈ കൃതി ലോകത്തോട് പരിചയപ്പെടുത്തുന്നത്.എവിടെയും സ്ത്രീ സത്വം സൃഷ്ടിച്ചെടുക്കുന്ന പരമമായ വ്യതിരക്തത തന്നെയാണ് ഈ പുസ്തകത്തെയും വേറിട്ട് നിർത്തുന്നത് എന്ന് നിസ്സംശയം പറയാം.2015ൽ ഈ കൃതി സാഹിത്യ നൊബേൽ പുരസ്കാരത്തിന് അർഹമായി.റഷ്യ൯ ഭാഷയിൽ എഴുതപ്പെട്ട കൃതി അഞ്ചു വർഷത്തിനിടക്ക് റഷ്യയിൽ മാത്രമായി രണ്ട് ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു.നിരവധി ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ഈ കൃതി റിച്ചാർഡ് പെവാർ,ലാരിസ വോലോകാ൯സ്കി എന്നിവർ ദി അൺവുമൺലി ഫേസ് ഓഫ് വാർ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. രമാമേനോ൯ മലയാളത്തിലേക്ക് ഈ കൃതി വിവർത്തനം ചെയ്തിട്ടുണ്ട്.
യുദ്ധം തച്ചുടച്ച റഷ്യയിലെ ബൊലെറേഷ്യയുടെ മണ്ണിലാണ് സ്വറ്റ്ലാന അലക്സിവിച്ച് തന്റെ ബാല്യം ചിലവിട്ടത്.അവർ കണ്ടതും കേട്ടതും പരസ്പരം സംസാരിച്ചതും യുദ്ധത്തെക്കുറിച്ച് മാത്രമായിരുന്നു. മരണത്തിന്റെ നിഗൂഢമായ രഹസ്യങ്ങളെ തേടിയുള്ള തന്റെ അന്വേഷണങ്ങളുടെ തുടർച്ചയായി ഈ കൃതിയെ എഴുത്തുകാരി അടയാളപ്പെടുത്തുന്നു.നാലരവർഷത്തോളമെടുത്ത് നൂറിൽ പരം നഗരങ്ങളിലൂടെ സഞ്ചരിച്ച് രണ്ടായിരത്തിലേറെ പെൺപോരാളികളുമായി സംസാരിച്ച് കഠിനപരിശ്രമത്തിനൊടുവിലാണ് ഈ കൃതി പിറവിയെടുക്കുന്നത്.
യുദ്ധമുഖത്തെ സ്ത്രീ ഇടപെടലുകളെ സംബന്ധിച്ച് ചരിത്ര പഠനങ്ങളുടെ പിൻബലത്തോടെ ഒരു ചരിത്രകാരനുമായി ഗ്രന്ഥകാരി നടത്തിയ അഭിമുഖം തുടക്കത്തിൽ വായിക്കാം.യുദ്ധത്തിന്റെ ഭീകരത തുളഞ്ഞ് കയറിയ കണ്ണുകൾക്ക് കരയാനുള്ള കെൽപില്ല. രക്തം ചീറ്റിത്തെറിച്ച് വിറങ്ങലിച്ച കവിളുകളിൽ ചിരി വരുത്തി വെച്ചത് വികൃതമായ രൂപം മാത്രമാണ്. യുദ്ധം കുത്തിവെച്ച നീറ്റലും കൈപ്പും ഒന്നേറ്റു പറയാനുള്ള വഴി തുറക്കുകയാണ് സ്വറ്റ്ലാന അലക്സിവിച്ച് . "എനിക്ക് താങ്കളോട് സംസാരിക്കണം,എല്ലാം ഉറക്കെ വിളിച്ച് പറയണം" എന്ന് ഭ്രാന്തമായി ഒടുങ്ങാത്ത മനഃസംഘർഷത്തോടെ അലറി വിളിച്ചവർ മുതൽ തന്റെ കൈപ്പേറിയ അനുഭവങ്ങൾ തുറന്നു പറയാനായി കത്തുകളും ഫോൺ കോളുകളും നിരന്തരം തന്നെ തേടിയെത്തിയതായി അവർ പറയുന്നു.കേവലം, ഉതിർന്നു വീഴുന്ന അവരുടെ വാക്കുകളിലേക്ക് ചെവികൊടുക്കുന്നതിനുമപ്പുറം അവരുടെ ഉലഞ്ഞ നെടുവീർപ്പുകൾക്കും, അനന്തമായ മൗനങ്ങൾക്കും, നിർവികാരമായി ലോകത്തേക്ക് കണ്ണും നട്ടിരിക്കുന്ന ആത്മാക്കളെക്കുറിച്ച് വാചാലമാകുകയാണ് ഓരോ താളുകളും.
സ്വന്തം മോഹങ്ങളെ വകവരുത്തി സൈനിക വേഷമിട്ട കൗമാരക്കാരികൾ, യുദ്ധത്തിന്റെ തീച്ചൂളയിലും പ്രണയം ഉരുക്കിയെടുത്ത പെൺകൊടികൾ, പ്രാണഭയം കൊണ്ട് സ്വന്തം ചോര പൈതലിനെ ചതുപ്പ്നിലത്തിൽ മുഖമമർത്തി കൊന്നു കളയേണ്ടി വന്ന അമ്മ, ശത്രുവിന്റെ മുഖത്ത് നോക്കി കാഞ്ചി വലിക്കാ൯ വെപ്രാളപ്പെട്ട ഇളംമനസ്സുകൾ,കുഴിമൂടിയ കൊല്ലപ്പെട്ട സൈനികർ കൊപ്പം തന്റെ കല്ലായ ഹൃദയത്തെ കൂടി മറമാടി തിരിഞ്ഞ് നടന്നവർ, തുടങ്ങി രണ്ടായിരത്തോളം വരുന്ന സോവിയറ്റ് പോരാളികൾ തന്റെ പച്ചയായ ജീവിതത്തിന്റെ ഏടുകൾ തുറന്ന് വെക്കുന്നു.യുദ്ധവിമാനത്തിലെ പൈലറ്റ്, ക്യാപ്റ്റ൯മാർ ടാങ്ക് ഡ്രൈവർമാർ, ആന്റി എയർ ക്രാഫ്റ്റ് ഗണ്ണർമാർ, ബോംബ് സ്ക്വാഡുകൾ, മെഡിക്കൽ ജോലിക്കാർ, നഴ്സുമാർ, ഒളിപ്പോരാളികൾ, ഡ്രൈവർമാർ, സർജ൯മാർ ഇങ്ങനെ നിരവധി മേഖലകളിൽ ഒരു കോടിയോളം സ്ത്രീ പോരാളികൾ രണ്ടാംലോക മഹായുദ്ധത്തിൽ മാതൃരാജ്യത്തെ സംരക്ഷിക്കാൻ പോർകളത്തിലിറങ്ങി.
യുദ്ധമവസാനിച്ച് മരിച്ച മനസ്സുമായി വീണ്ടും അവർ ജീവിക്കുകയാണ് .സ്വൈര്യമായാകാശത്ത് പറന്നകലുന്ന പക്ഷികൾക്ക് ആ കറുത്ത ദിനങ്ങളെ ഇത്ര വേഗം എങ്ങനെ മറക്കാൻ സാധിച്ചു എന്ന് ആശ്ചര്യപ്പെട്ടു കൊണ്ട് സ്വറ്റ്ലാന അലക്സിവിച്ച് ഈ കൃതി അവസാനിപ്പിക്കുന്നു.
അവസാനത്തെ പേജും മറിച്ച് പുസ്തകം അടച്ച് വെക്കുബോഴേക്ക്,യുദ്ധം കൊത്തി വെച്ച ആഴമേറിയ മുറിവുകൾ ഓരോ വായനക്കാരന്റെ മനസ്സിലും നീറ്റൽ പടർത്തി കെണ്ടിരിക്കും,ചെവികൾ നേർത്ത തേങ്ങലുകൾക്ക് സാക്ഷിയായി കഴിഞ്ഞിരിക്കും,തീർച്ച.
ഫഹ് മിദ പി.ടി തറയിട്ടാൽ

COMMENTS