ദൈവശാസ്ത്രം എന്ന വിഷയത്തിന്റെ ക്രിസ്ത്യൻ/ലാറ്റിൻ പശ്ചാത്തലത്തിലെ വിഷയാവലികളോടുള്ള താരതമ്യം ഏറെ തെറ്റിദ്ധാരണാജനകമാണെങ്കിലും സമാനമായ ഉദ്ദേശലക്ഷ്യങ്ങൾ കുറച്ചൊക്കെ ഉൾകൊള്ളുന്ന ഒരു വിജ്ഞാനശാഖ മുസ്‌ലിം ലോകത്ത് നിലനില്ക്കുന്നുവെങ്കിൽ അത് കലാം വിജ്ഞാനീയമാണ് (ilm-al-kalam). 'തകല്ലമ', 'യതകല്ലമു' എന്നീ വാക്കുകളുടെ ക്രിയാനാമമാണ് കലാം. അടിസ്ഥാനപരമായി 'ബുദ്ധിപരമായ ഭാഷണം' എന്ന അർത്ഥം പറയാമെങ്കിലും അർത്ഥഭേദങ്ങളും വ്യതിരിക്തമായ ഉപയോഗങ്ങളുടെ പശ്ചാത്തലങ്ങളും അതിനെ സവിശേഷമാക്കുന്നു. മുതകല്ലിം, അതായത് കലാം അഭ്യസിച്ചവരുടെ, ഔപചാരികമായ പദാവലികൾക്കകത്ത് അതിന്റെ അർത്ഥം'വിചിന്തനം ചെയ്യുക ' അല്ലെങ്കിൽ 'യുക്തിപരമായ വിശകലനം എന്നൊക്കെയാണ്. ആശയപരവും സൈദ്ധാന്തികവുമായ അടിത്തറയിലുള്ള വിചിന്തനം കൃത്യമായ നിയമങ്ങളുടെ സാന്നിധ്യത്തിൽ അറിവിലേക്ക് നയിക്കുന്നു. ഈ അർത്ഥത്തിൽ, കലാമെന്നത് മുസ്ലീങ്ങൾക്കിടയിൽ സ്വതസിദ്ധമായി വികസിച്ചു വന്ന തത്ത്വചിന്താ രൂപമാണെന്നു വേണമെങ്കിൽ പറയാം.
കലാമിനകത്ത് തന്നെ വളർന്ന ലോജിക്കും അതിഭൗതികതയും മറ്റും കണക്കിലെടുത്ത്, കേവലമായ ചിന്താരൂപമെന്ന രീതിയിൽ തത്ത്വശാസ്ത്രത്തിന്റെ പൊതു അർത്ഥത്തിനോടു ചേർത്താണ് ഇത് പറയുന്നത്. എന്നാൽ, ഗ്രീക്ക് ചിന്തയുടെ പശ്ചാത്തലത്തിൽ വികസിച്ച 'ഫലസഫ' എന്നറിയപ്പെടുന്ന അരിസ്റ്റോട്ടിലിയൻ/നിയോ-പ്ലാറ്റോണിക് ചിന്തകളുടെ അറബ് ഭാഷാന്തരവും സ്വാംശീകരണവും, അതിൽ നിന്നുണ്ടായ ബൗദ്ധിക പ്രസ്ഥാനവുമാണ് കണിശമായ അർത്ഥത്തിലെ തത്ത്വചിന്ത. പരസ്പരം കവിഞ്ഞു കിടക്കുന്ന വിഷയങ്ങളാണ് ഒരർത്ഥത്തിൽ രണ്ടു വിജ്ഞാന രൂപങ്ങളും തമ്മിലുള്ള അസംതൃപ്തികളായി വളർന്നു വന്നത്. കലാം മുകളിൽ പറഞ്ഞ വിധം യുക്തിപരമായ അന്വേഷണമാകുമ്പോഴും, പ്രായോഗികമായി, താർക്കിക സ്വഭാവത്തിലുള്ളതായിരുന്നു. ഈ വിജ്ഞാനശാഖക്ക് സിദ്ധിച്ച മറ്റൊരു നാമം 'മുസ്ലിം അടിസ്ഥാനപ്രമാണങ്ങളുടെ ശാസ്ത്രം'(ilm usul-al-din) എന്നതാണ്. മുസ്ലിം വിശ്വാസപ്രമാണങ്ങളെ യുക്തിപരമായി വിശദീകരിക്കുക എന്നത് അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ പ്രഥമമായിരുന്നു. ഇവിടെയാണ് അത് തത്ത്വചിന്തക്കപ്പുറം ദൈവശാസ്ത്രം എന്ന വിജ്ഞാനീയത്തിലേക്ക് ചായുന്നത്.
ഉത്ഭവവും ചരിത്രവും
കലാം വിജ്ഞാനശാഖയുടെ വിഷയാവലിയിൽ ഉൾപ്പെട്ട പ്രശ്നങ്ങളുടെ ആദ്യ രൂപം, പ്രവാചക വിയോഗത്തിന് ശേഷം വന്ന ഒന്നാം തലമുറയിൽ തന്നെ രൂപപ്പെട്ടിരുന്നു എന്ന് പറയേണ്ടി വരും. ആദ്യ നൂറ്റാണ്ടിലുണ്ടായ മുസ്‌ലിം സാമ്രാജ്യത്തിന്റെ ത്വരിത വളർച്ചയും, അത് കൊണ്ട് വന്ന രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളും ഈ ചോദ്യങ്ങൾക്ക് പശ്ചാത്തലമായി വർത്തിച്ചു. മുഹമ്മദ് നബിക്ക് (സ) വഹ്‌യിലൂടെ ലഭിച്ച അറിവിനെ, വിസ്തൃതമായി കൊണ്ടിരിക്കുന്ന ഒരു ഭൂപ്രദേശത്തിനകത്ത് വ്യത്യസ്ഥമായ ജനങ്ങളുടെ ഇടയിൽ, വൈവിദ്ധ്യപൂർണമായ വൈജ്ഞാനിക പശ്ചാത്തലങ്ങളുടെ മദ്ധ്യേ, ഏത് രീതിയിൽ മനസിലാക്കണമെന്ന വലിയ വെല്ലുവിളികളും ഈ ചോദ്യങ്ങളിൽ നിഴലിച്ചു. 'ഏത് തരം പാപങ്ങളാണ് ഒരാളെ ഇസ്ലാമിക സമൂഹത്തിൽ നിന്നും പുറത്താക്കുന്നത്?' 'ഒരാളുടെ പ്രവർത്തികളാണോ വിശ്വാസമാണോ അയാളുടെ പരലോക മോക്ഷത്തിന് നിദാനം?' ചില ചോദ്യങ്ങളുടെ സ്വഭാവം ഇത്തരത്തിലായിരുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളുടെ സ്വഭാവത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങളുണ്ടായി.
അല്ലാഹുവിന്റെ 'കരങ്ങളെ' കുറിച്ച് ഖുർആൻ പരാമർശിക്കുമ്പോൾ എന്താണ് ആ 'കരങ്ങളെ' സംബന്ധിച്ച യാഥാർഥ്യം? അല്ലാഹുവും അവന്റെ സൃഷ്ടികളുമായുള്ള ബന്ധം എത്തരത്തിലാണ്? ഈ ചോദ്യങ്ങൾ കേവലമായ അതിഭൗതിക സംവാദങ്ങൾക്കപ്പുറം സാമൂഹികവും നിയമപരവുമായ പ്രത്യാഘാതങ്ങൾ ഉൾകൊള്ളാൻ ശേഷിയുള്ള അടിത്തറകളെ ഫിഖ്‌ഹിൽ (നിയമം) സൃഷ്ടിക്കുന്നതായിരുന്നു എന്നു കൂടി മനസിലാക്കണം.
ആദ്യമായി ഒരു ചിന്താ പ്രസ്ഥാനമായി രൂപപ്പെട്ടു വന്നത് മുഅതസിലികൾ (Mutazila) എന്നറിയപ്പെടുന്ന വിഭാഗമാണ്. പ്രസിദ്ധനായ ഹസനുൽ ബസ്‌രിയുടെ (മരണം ഹിജ്‌റ 110) ശിഷ്യനായ വസീൽ ഇബ്നു അതാ ആണ് മുഅതസിലി വിഭാഗത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്. ഹദീസ് നിദാനശാസ്ത്രവും തസവ്വുഫും ഉൾപ്പെടെ നിരവധി വിജ്ഞാനശാഖകളുടെ ആദ്യ സ്തംഭമായി കണക്കാക്കപ്പെടുന്ന ഒന്നാം തലമുറയിലെ പ്രാമാണികനായ പണ്ഡിതനാണ് ഹസൻ അൽ ബസ് രി. മുമ്പ് സൂചിപ്പിച്ച തരത്തിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ച ആശയ വിനിമയങ്ങളുടെയും സംവാദങ്ങളുടെയും വേദിയായിരുന്നു ഹസൻ അൽ ബസ് രിയുടെ സദസ്സ്. അദ്ദേഹത്തിന്റെ സമ്പ്രദായികമായുള്ള അഭിപ്രായങ്ങളോട് വിയോജിച്ചു കൊണ്ട് രൂപപ്പെട്ട ചിന്താ പ്രസ്ഥാനമായി മുഅതസിലികളെ മനസിലാക്കാം. വേറിട്ടു പോയവർ എന്ന അർത്ഥമുള്ള 'ഇഅതിസാല' എന്ന പദത്തിൽ നിന്നാണ് തന്മൂലം മുഅതസില എന്ന വാക്ക് ഉത്ഭവിച്ചത് എന്ന ഒരു വാദഗതിയുണ്ട്. വൻപാപം ചെയ്ത വ്യക്തിയുടെ സ്ഥിതിയെ സംബന്ധിച്ച്, അയാൾ വിശ്വാസിയോ അവിശ്വാസിയോ ആവാതെ മധ്യസ്‌ഥമായ അവസ്ഥയിലെത്തുമെന്ന (manzila bayna mazilataya) വിശ്വാസത്തിൽ നിന്നുമാണ് ഈ പേര് എന്നും അഭിപ്രായമുണ്ട്.
'തൗഹീദിന്റെയും നീതിയുടെയും' പാർട്ടിക്കാരായി (Ahl al-adl wa al-tawhid) അവർ അറിയപ്പെട്ടു. യുക്തിപരതയ്ക്ക് അത്യന്തം പ്രാധാന്യം നൽകുന്ന ഒരു ചിന്ത പ്രസ്ഥാനമായിരുന്നു മുഅതസില. തൗഹീദിനെയും നീതിയേയും സംബന്ധിച്ച യുക്തിയുടെ തീർപ്പുകൾക്ക് അതു കൊണ്ട് തന്നെ അവർ വശംവദരായി. തൗഹീദിന്റെ (ദൈവത്തിന്റെ ഏകത്വം) യുക്ത്യാനുസൃതമായ ബോധ്യങ്ങൾക്ക് വിഘാതം സംഭവിക്കാതിരിക്കാനാണ് അവർ, യാഥാസ്ഥിതിക വൃത്തത്തിനിടയിൽ, കുപ്രസിദ്ധമായി തീർന്ന ഖുർആൻ സൃഷ്ടിയാണ് എന്ന വാദം ഉന്നയിച്ചത്. രണ്ടാമതായുള്ള ദൈവനീതിയെ സംബന്ധിച്ച ആശയ അടിത്തറയിൽ നിന്ന് അവർ മനുഷ്യന്റെ സ്വതന്ത്ര ഇച്ഛയെ (Free will) കുറിച്ച നിലപാട് വികസിപ്പിച്ചു. മനുഷ്യന് സ്വതത്ര ഇച്ഛയും അവന്റെ പ്രവർത്തികളുടെ മേൽ നിസ്സീമമായ അധികാരവും സ്വാതന്ത്രവും ഇല്ലെങ്കിൽ നന്മ തിന്മകളുടെ പേരിൽ അവരെ ശിക്ഷക്കുന്നതിൽ അർത്ഥമില്ലല്ലോ. ഈ വാദം അരക്കിട്ടുറപ്പിക്കുമ്പോൾ ദൈവത്തിന്റെ സർവ്വശക്തിയെ, സർവവും അവന്റെ അധികാരത്തിനും അറിവിനും വിധേയമാണെന്ന, ആശയങ്ങൾക്ക് പരിക്കേൽക്കുന്നതിനെ അവർ തെല്ലും പരിഗണിച്ചതേയില്ല. അങ്ങനെ വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗ-നരകങ്ങൾ അവർക്ക് യുക്തിപരമായ അനിവാര്യതയാവുന്നു (logical necessity). ദൈവത്തിന്റെ വാഗ്ദാനം നീതിയിൽ അധിഷ്ടിതമായ ചിന്തയിൽ അവന്റെ മേൽ 'നിര്ബന്ധിത'മാവുന്ന പ്രതിഫല വാഗ്ദാനം കൂടിയാണ്. ദൈവം 'നിബന്ധനകൾക്ക് ' വിധേയനാവുക സാധ്യമാണോ എന്ന സൈദ്ധാന്തിക പ്രശ്നം ബാക്കിയാവുന്നു.
യുക്തിയിലുള്ള നിസ്സീമമായ വിശ്വാസത്തിന്റെ സുശക്തമായ അടിത്തറയിൽ കെട്ടിപ്പൊക്കിയ ഒരു ദൈവശാസ്ത്ര വീക്ഷണമായിരുന്നു ഇത്തരത്തിൽ മുഅതസിലയുടേത്. അബു അൽ അല്ലാഫ്, അൽ നസ്സാം, ബിശ്ർ ഇബ്നു മുഅതമിർ തുടങ്ങിയവർ പ്രധാനപ്പെട്ട മുഅതസില ചിന്തകരിൽപ്പെടുന്നു. ഹിജ്‌റ നാലാം നൂറ്റാണ്ടിൽ ഒരു മുഅതസില ചിന്തകൻ സ്വപക്ഷം വെടിയുകയും അതിന്റെ അടിത്തറകളെ വെല്ലുന്ന അതിശക്തമായ വാദമുഖങ്ങൾ ഉയർത്തി കൊണ്ട് വരികയും ചെയ്തു. പുതിയ ഒരു ആശയ ധാരയുടെ, അശ്അരി കലാമിന്റെ, സ്ഥാപകനായി തീർന്ന ഇമാം അബുൽ ഹസൻ അൽ അശ്അരിയായിരുന്നു ആ വ്യക്തി.
യുക്തിപരമായ അനിവാര്യതകൾ ദൈവത്തിനു മേൽ 'നിബന്ധന'യാക്കുന്നതിലെ പൊള്ളത്തരം തുറന്നു കാട്ടുന്ന അശ്അരിയുടെ സുപ്രസിദ്ധമായ ഒരു വാദമാണ് മൂന്നു സഹോദരങ്ങളുടെ ഉദാഹരണം. അശ്അരി അദേഹത്തിന്റെ മുഅതസില ആചാര്യനോട് ചോദിച്ചതായി പറയപ്പെടുന്നു. മൂന്നു പേർ; ഒരു വിശ്വാസി, ഒരു അവിശ്വാസി, ഒരു കുട്ടി എന്നിവർ മരണപ്പെടുന്നു. വിശ്വാസിയും അവിശ്വാസിയും സ്വർഗ നരകങ്ങളിൽ ചെന്നെത്തുകയും കുട്ടി മുഅതസില വിശ്വാസ പ്രകാരം രണ്ടിനും മദ്ധ്യേയുള്ള സ്ഥലത്ത് എത്തിപ്പെടുകയും ചെയ്തു. കുട്ടി ദൈവത്തോട് പരാതി പറഞ്ഞു. 'പടച്ചവനേ, നീ എന്നെ അൽപകാലം കൂടി ജീവിക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ, അതായിരുന്നു 'നീതി', എനിക്ക് നന്മ പ്രവർത്തിച്ചു സ്വർഗത്തിൽ പ്രവേശിക്കാമായിരുന്നു.' മുഅതസിലി ആചാര്യൻ മറുപടി പറഞ്ഞു. 'ദൈവം കുട്ടിയോട് മറുപടി പറയും: നീ കൂടുതൽ കാലം ജീവിച്ചിരുന്നുവെങ്കിൽ പാപിയായി തീർന്ന് നരകത്തിൽ പ്രവേശിക്കുമായിരുന്നു.' ഇവിടെയും ദൈവനീതിയാണ് പ്രവർത്തിച്ചത് എന്നു സാരം. ഇമാം അശ്അരി എതിർപ്പ് ഉന്നയിച്ചു. 'പക്ഷെ അപ്പോൾ നരകത്തിൽ നിന്നും പാപിയായ വ്യക്തി വിളിച്ചു ചോദിക്കും: എന്നെ സമാനമായ വിധത്തിൽ നീ എന്ത് കൊണ്ട് കുട്ടിയായിരിക്കെ മരണത്തിനു കീഴ്പ്പെടുത്തിയില്ല, അങ്ങനെയെങ്കിൽ എനിക്കീ നരകത്തിൽ എരിയേണ്ടി വരുമായിരുന്നില്ലല്ലോ?' ഈ ചോദ്യത്തിനു മുന്നിൽ മുഅതസിലി ആചാര്യന് ഉത്തരം മുട്ടി. ദൈവത്തിന്റെ നീതിയെ സംബന്ധിച്ച മുഅതസില ആശയങ്ങളുടെ യുക്തിജന്യമായ അസ്ഥിവാരം ചോദ്യം ചെയ്യുക എന്നതാണ് ഇവിടെ അശ്അരി ഇമാം ഉദ്ദേശിക്കുന്നത്. അത് അദ്ദേഹം സ്ഥാപിച്ച കലാമിന്റെ സ്വഭാവത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അത് മുഅതസിലികളിൽ നിന്ന് തത്ത്വപരമായ താർക്കിക രീതികൾ സ്വീകരിക്കുകയും യുക്തിയുടെ അടിസ്ഥാനത്തെ പരിമിതപ്പെടുത്തുന്ന ഒരു കലാം രൂപാന്തരപ്പെടുത്തുകയും ചെയ്തു.
അശ്അരികളെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ സർവ്വശക്തി, സർവ്വാധികാരം, എന്നിവയെ യഥാർത്ഥ നിലയിൽ ഉൾക്കൊള്ളുകയും വിലയിരുത്തുകയും ചെയ്യുന്ന ചിന്താരീതിയായിരുന്നു കരണീയം. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളുടെ പ്രയോഗവത്കരണത്തിൽ അത്തരമൊരു നിലപാടിന്റെ ആവശ്യകത തിരിച്ചറിഞ്ഞു കൊണ്ടുള്ള ശക്തമായ ആക്രമണം അവർ മുഅതസില ചിന്തകൾക്കെതിരെ അഴിച്ചു വിട്ടു. ദൈവം നീതി പ്രവർത്തിക്കാൻ നിര്ബന്ധിതനാണ് എന്ന വാദത്തിനു മേൽ ദൈവം പ്രവർത്തിക്കുന്നത് എന്താണോ അതാണ് നീതി എന്ന് അശ്അരികൾ സമർത്ഥിച്ചു. മനുഷ്യന്റെ ശുഷ്കമായ യുക്തിയുടെ പരിധികൾക്ക് അത് ശരിയായി മനസിലാക്കുക സാധ്യമല്ല എന്ന് വരാം. യുക്തിക്ക് പ്രഥമ പരിഗണന നൽകിയ മുഅതസിലകൾക്കും യുക്തിയുടെ പ്രാധാന്യം അമ്പേ തള്ളി കളഞ്ഞ ഹമ്പലികൾക്കും മധ്യേയുള്ള ഒരു സന്തുലിത വീക്ഷണമാണ് അശ്അരികൾ സ്വീകരിച്ചത്. അശ്അരി ഇമാമും, അദ്ദേഹത്തെ പിൻതുടർന്ന് വന്ന ശിഷ്യൻ അൽ ബാഖിലാനിയും ചേർന്ന് അവരുടെ വിപുലമായ വൈജ്ഞാനിക പരിശ്രമങ്ങളിലൂടെ മുഅതസിലി കലാമിനെ വെല്ലുന്ന ഒരു പുതിയ ആശയധാരയ്ക്ക് അസ്ഥിവാരമിട്ടു. അശ്അരി കലാം സ്വന്തമായ അതിഭൗതിക (metaphysics) പ്രപഞ്ചഘടനാ (cosmology ) തത്ത്വങ്ങൾ വികസിപ്പിച്ചു കൊണ്ട് മുസ്‌ലിം കലാം വിജ്ഞാനീയത്തിന്റെ രംഗവേദിയിൽ കേന്ദ്ര സ്ഥാനം ഏറ്റെടുത്തു. ഈ പാരമ്പര്യത്തിലാണ് ഇമാം ഗസ്സാലി വരുന്നത്. ബാഗ്ദാദ് കേന്ദ്രമായി രൂപപ്പെട്ട ഈ വൈജ്ഞാനിക രൂപത്തിന് അടുത്ത നൂറ്റാണ്ടിൽ ഖുറാസാനിലുണ്ടായ ഉയർത്തെഴുന്നേൽപ്പിന് ചുക്കാൻ പിടിച്ചത് ഇമാം ഗസ്സാലിയുടെ ഗുരുവായ ഇമാം ജുവൈനിയായിരുന്നു. തുടർന്ന് ഗസ്സാലിയും അശ്അരി കലാമിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു.
കലാം, അഥവാ ഉസൂൽ-അൽ-ദീൻ, ഗ്രന്ഥങ്ങൾ അതിന്റെ പ്രബന്ധങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കാൻ പൊതുവെ താഴെ പറയുന്ന ഒരു ക്രമമാണ് പിന്തുടരാറുള്ളത്.
1.1) അറിവും, അനുമാനാപരമായ യുക്തി ചിന്തയും വിശദീകരിക്കുന്നു.
2.1) പ്രപഞ്ച സൃഷ്ടാവിന്റെ ആസ്തിക്യത്തിന്റെ തെളിവുകൾ വിശദീകരിക്കുന്നു.
2.2) പ്രപഞ്ച സൃഷ്ടാവിന്റെ ഗുണവിശേഷണങ്ങളെ സംബന്ധിച്ച വിവരണം.
3.1) ദൈവത്തിന്റെ പ്രപഞ്ചത്തിനു മേലുള്ള ആധിപത്യത്തെ കുറിച്ചും, മനുഷ്യന്റെ കർതൃത്വത്തെ സംബന്ധിച്ചും സത്താപരമായ വിവരണം.
3.2) പ്രവാചകത്വം, പ്രവാചകൻമാർ.
3.3) വഹ്‌യിനെ സംബന്ധിച്ച ചോദ്യങ്ങൾ.
3.3.1) പാരത്രിക ജീവിതം.
3.3.2) വ്യക്തിയും സമൂഹജീവിതവും.
ഈ ക്രമത്തിനുള്ളിൽ നമ്മുക്ക് കാണാൻ കഴിയുന്ന ചില വസ്തുതകളുണ്ട്. ഒന്നാമതായി തത്ത്വചിന്തക്ക് തുല്യമായ രീതിയിൽ അതിഭൗതികതയെ കുറിച്ച ആശയങ്ങളുടെ യുക്തിപരമായ വിശകലനം കലാമിലും നടക്കുന്നുണ്ട്. ആ ചർച്ചകളാണ് ആദ്യത്തെ തലക്കെട്ടിനു കീഴെ വിഷയീഭവിക്കുന്നത്. യാതൊരു മുൻധാരണയും കൂടാതെയുള്ള യുക്ത്യനുസൃതമായ അടിത്തറയിലാണ് അടിസ്ഥാന കല്പനകളും മൗലിക തത്ത്വങ്ങളും സ്ഥാപിച്ചിരിക്കുന്നത് എന്ന പാഠം അവർ സ്വീകരിക്കുന്നു. ഇത്തരത്തിൽ സാർവത്രിക അംഗീകാരമുള്ള അടിസ്ഥാനങ്ങളോട് സമ്മതി പുലർത്തുന്ന ഒന്നായിട്ടാണ് അവർ പ്രവാചക അധ്യാപനങ്ങളെ മനസിലാക്കുന്നത്. പ്രവാചക വെളിപാട് വഴി സിദ്ധിച്ച അറിവിന്റെ സത്യത്തോട് ഇവ്വിധം യുക്തിപരമായി യോജിപ്പിലെത്തിയ ശേഷം മാത്രമാണ് അതിന്റ യുക്ത്യാതീത ഘടകങ്ങളെ പരിഗണിക്കുന്നത്.
അതു കൊണ്ട് തന്നെ സാർവത്രികമായി അംഗീകരിക്കപ്പെടുന്ന അടിസ്ഥാന തത്വങ്ങളുടെ നിർദ്ധാരണം കലാമിന്റെ പ്രധാന വിഷയമായി വരികയും, ആ അർത്ഥത്തിൽ അത് തത്ത്വചിന്തയോട് സാദൃശ്യം പുലർത്തുകയും ചെയ്യുന്നു. ദൈവശാസ്ത്രവും തത്ത്വചിന്തയും തമ്മിലുള്ള ഒരു വേർതിരിവ്, പിന്നീട് ലാറ്റിൻ ക്രിസ്ത്യാനിറ്റിയിൽ ഉണ്ടായ വിധത്തിൽ, കലാം വിജ്ഞാനീയത്തിൽ (ഫലസഫയിലും) കാണാനാവില്ല. കലാമിനെ പരിഭാഷയുടെ ഭാഷാപരമായ പരിമിതിയിൽ ദൈവശാസ്ത്രം എന്ന വാക്കുപയോഗിച്ച് വിലയിരുത്തുമ്പോൾ ഈ വ്യത്യാസങ്ങളെ മനസ്സിലാക്കിയില്ലെങ്കിൽ നിരവധിയായ തെറ്റിധാരണകൾ ഉണ്ടാവാനിടയുണ്ട്. കലാം ദൈവശാസ്ത്രത്തെപ്പോലെ വിശ്വാസത്തിന്റെ അടിത്തറയിലല്ല വിജ്ഞാനീയത്തിന്റെ വിശദീകരണ ക്രമത്തിലെങ്കിലും ആരംഭിക്കുന്നത്. മറിച്ച് സാർവത്രികമായ തത്ത്വങ്ങളുടെ അടിത്തറയിലാണ് അത് പടുത്തുയർത്തപ്പെടാൻ ആഗ്രഹിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഏത് വിജ്ഞാന ശാഖയേയും നിരൂപണവിധേയമാകാനുള്ള തങ്ങളുടെ സാധുതയെ കലാം പണ്ഡിതർ ഉയർത്തി പിടിക്കുകയും ചെയ്തു. മുസ്ലീങ്ങൾക്കിടയിൽ രൂപപ്പെട്ടു വന്ന തത്ത്വചിന്തയെ സംബന്ധിച്ചും ഇതേ നയമായിരുന്നു അവർ സ്വീകരിച്ചത്. തത്ത്വചിന്ത ഉയർത്തികൊണ്ട് വന്ന ഭൗതിക ശാസ്ത്രവും അതിഭൗതിക ചിന്തയുമൊന്നും തങ്ങളുടേതിൽ നിന്നും സമ്പൂർണമായി വ്യത്യസ്തമായ ഒരു സമ്പ്രദായമായി അവർ കരുതിയില്ല. ഇമാം ഗസ്സാലി നടത്തുന്ന തത്ത്വചിന്ത വിമർശനവും തുടർന്നുള്ള സ്വംശീകരണവും ഈ പശ്ചാത്തലത്തിൽ മനസ്സിലാക്കണം. അത് തത്ത്വചിന്തയുടെ (അതുദ്ദേശിക്കുന്ന അർത്ഥവ്യാപ്‌തിയിൽ ) നിരാസമായിരുന്നില്ല. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് ഗസ്സാലിയുടെ കാലം വരെയുള്ള തത്ത്വചിന്തയുടെ (ഫലസഫ) സമാന്തരമായ വളർച്ച കൂടി ഹ്രസ്വമായി പ്രതിപാദിക്കാം.



COMMENTS