'ഫലസഫ' എന്ന പേരിൽ അറിയപ്പെട്ട ഇസ്ലാമിക തത്ത്വചിന്തയുടെ വളർച്ച, ഉമവി കാലത്തിന്റെ അവസാനത്തിൽ തുടങ്ങി അബ്ബാസിയ കാലത്ത് ശക്തി പ്രാപിച്ച, ഗ്രന്ഥപരിഭാഷാ സംരംഭവുമായി ബന്ധപ്പെട്ടാണ് ആരംഭിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള ബാഹ്യ പ്രചോദനങ്ങളോ രാഷ്ട്രീയമോ സാമൂഹികമോ ആയ അനിവാര്യതകളോ അല്ല, ഗ്രന്ഥ പരിഭാഷ സംരംഭത്തിന് തുടക്കം കുറിച്ചത് എന്ന് സയ്യിദ് ഹുസൈൻ നാസർ നിരീക്ഷിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ആന്തരിക ഘടനയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. അറിവിന് ഇസ്‌ലാം നൽകിയ പ്രാധാന്യവും അവസാനത്തെ വഹ്‌യുടെ സ്വീകാര്യകർത്താക്കളെന്ന നിലയിൽ മാനവരാശിയുടെ മഹത്തായ മുൻകാല ജ്ഞാന പൈതൃകങ്ങളുടെയെല്ലാം അവകാശികൾ തങ്ങളാണെന്ന മുസ്‌ലിംകളുടെ ഉറച്ച ബോധ്യവും ഇതിൽ സുപ്രധാന പങ്ക് വഹിച്ചു. എല്ലാ വിജ്ഞാനങ്ങളെയും സ്വീകരിക്കാനുള്ള ആത്മവിശ്വാസവും തുറന്ന മനസും അന്ന് മുസ്ലീങ്ങളുടെ പ്രത്യേകതയായിരുന്നു. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വളർച്ച അറിവിന്റെ കളിത്തൊട്ടിലുകളായ നിരവധി പുരാതന വിജ്ഞാന കേന്ദ്രങ്ങളെ അവരുടെ കീഴിൽ കൊണ്ട് വന്നു. പേർഷ്യ, അലക്‌സാൻഡ്രിയ, ഇന്ത്യ, ചൈന തുടങ്ങി നിരവധി സംസ്‌കൃതികളുടെ അറിവും ശാസ്ത്രങ്ങളുമായി മുസ്ലീങ്ങൾക്ക് സംവദിക്കേണ്ടതുണ്ടായിരുന്നു. ഉമവി കാലത്തിന്റെ അവസാന കാലത്തു തുടങ്ങിയ പരിഭാഷ സംരംഭം, ഏതാണ്ട് ഇരുനൂറോളം കൊല്ലക്കാലം തുടർന്നു. ഗ്രീക്ക്, സിറിയാക്, ലാറ്റിൻ, പഹ്‌ലവി, സംസ്കൃത ഭാഷകളിൽ നിന്ന് അമൂല്യമായ പുരാതന വിജ്ഞാനീയങ്ങളുടെ ബൃഹത്തായ ഗ്രന്ഥശേഖരങ്ങൾ ഈ കാലയളവിൽ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അടുത്ത എഴുനൂറ് കൊല്ലക്കാലം അറബിഭാഷയെ ശാസ്ത്ര-തത്ത്വ ചിന്തകളുടെ പൊതുഭാഷയായി (lingua franca) മാറ്റി തീർത്തതിൽ വലിയ പങ്ക് ഈ പരിഭാഷ സംരംഭത്തിനാണ്. ഈ വിജ്ഞാനത്തിന്റെ കുത്തൊഴുക്കിൽ നിന്നാണ് 'ഫലസഫ' രൂപപ്പെടുന്നത്.
പുതിയതായി കണ്ടെടുത്ത ഈ അറിവുകളെ പ്രത്യേകിച്ച് ഗ്രീക്ക് തത്ത്വചിന്തയെ ഇസ്‌ലാമികമായ പരിപേക്ഷ്യത്തിൽ എങ്ങനെ സ്വാംശീകരിക്കാം എന്ന ചിന്ത ബാഗ്ദാദിലെ ഒരു കൂട്ടം ചിന്തകർക്കിടയിൽ ഈ സാഹചര്യത്തിൽ സജീവമായി തീർന്നു. അക്കൂട്ടത്തിൽ പ്രധാനിയായിരുന്നു പിൽക്കാലത്ത് 'അറബികളുടെ തത്ത്വജ്ഞാനി' എന്ന് വിളിക്കപ്പെട്ട അബൂ യഅഖൂബ് അൽ-കിന്ദി. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. മുഅതസില ചിന്തകളുടെ പ്രഭവകാലം. അവരുമായി സുഖകരമായ ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്ന് കരുതപ്പെടുന്നു. എന്നാൽ അൽ കിന്ദിയെ സംബന്ധിച്ചിടത്തോളം പ്രശ്നം തികച്ചും വ്യത്യസ്തമായിരുന്നു. പുതിയതായി തെളിഞ്ഞ അറിവിന്റെ ഒരു സാഗരമാണ് മുന്നിൽ! എപ്രകാരമാണ് ആ അറിവുകളെ യുക്തിഭദ്രമായ ഒരു ഘടനയിൽ ഇസ്ലാമിക വീക്ഷണങ്ങളുമായി സമരസപ്പെടുത്തുക? ഒരു വിശ്വാസി എന്ന നിലയിൽ തന്നെ അത്തരമൊരു ദൗത്യം അനിവാര്യമായി അദ്ദേഹം കരുതി. പ്രഥമ തത്ത്വചിന്തയെ (അതിഭൗതികത) വിശദീകരിക്കുന്ന പുസ്തകത്തിൽ അൽ കിന്ദി എഴുതുന്ന സുപ്രസിദ്ധമായ ചില വരികളുണ്ട്. ആ വരികളുടെ പശ്ചാത്തലം കൂടി മനസിലാക്കണം. അല്ലാഹുവിനെ പരമസത്യമായി (Al Haqq) പരാമർശിക്കുന്ന ഖുർആനിക പ്രയോഗം പ്രതിപാദിച്ചു കൊണ്ട് ഉണ്മയുള്ളതെല്ലാം സത്യമെന്നും ആ സത്യങ്ങളുടെയെല്ലാം സൃഷ്ടാവാണ് പരമസത്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതിഭൗതികതയുടെ (Metaphysics ) അന്വേഷണ വിഷയം ഈ സത്യങ്ങളും എല്ലാറ്റിനും ഉപരി ഈ ഉൽകൃഷ്ടമായ പരമസത്യവുമാണ് എന്നതാണ് അതിന്റെ മഹത്വം. തുടർന്നു സത്യത്തെ കുറിച്ചുള്ള ആലോചനയെ മുൻനിർത്തി അദ്ദേഹം എഴുതുന്നു. "സത്യത്തെ സ്വീകരിക്കാനോ വിലമതിക്കാനോ നാം തെല്ലും മടിച്ചു കൂടാ. സത്യം വരുന്നത് എവിടെ നിന്നുമാവട്ടെ; ദൂരെ ദിക്കുകളിൽ നിന്നോ അപരിചിതരായ ജനങ്ങളിൽ നിന്നോ ആവട്ടെ, സത്യത്തിന്റെ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം സത്യത്തേക്കാൾ വലുതായി മറ്റൊന്നുമില്ല! ആര് പറയുന്നുവെന്നതോ പകർന്നു തരുന്നുവെന്നതോ സത്യത്തിന്റെ വില കെടുത്തുന്നില്ല, മറിച്ച്, സകലരും അവരിലുള്ള സത്യത്തിന്റെ ശോഭയിലാണ് ഉയർത്തപ്പെടുന്നത്." ഈ നിലപാടിന്റെ കാര്യത്തിൽ അൽ കിന്ദി ഒരു അപവാദമായിരുന്നില്ല; അക്കാലത്തിന്റെ പൊതുസ്വഭാവമായിരുന്നു. മുൻഖിദിൽ ഗസ്സാലിയും സമാനമായ ആശയം കുറിക്കുന്നുണ്ടല്ലോ.
അൽ കിന്ദിക്ക് ശേഷം വന്നവരിൽ പില്ക്കാല ചിന്തയെ അതിശക്തമായി സ്വാധീനിച്ചത് അബു നാസർ അൽ ഫാറാബിയാണ്. മുസ്‌ലിം തത്ത്വചിന്തയുടെ ചരിത്രത്തിലെ അഗ്രഗണ്യനായ ഈ ചിന്തകൻ 'രണ്ടാമത്തെ അധ്യാപകൻ' എന്നാണ് അറിയപ്പെട്ടത്. നിരവധി വിഷയങ്ങൾ പഠിപ്പിച്ചു എന്ന അർത്ഥത്തിലല്ല ഈ അധ്യാപകൻ (mua'llim) എന്ന പേര് വിളിക്കപ്പെടുന്നത്. വിവിധങ്ങളായ ശാസ്ത്രങ്ങളെ വേർതിരിച്ചു ക്രമപ്പെടുത്തി, അവയുടെ പരസ്പര ബന്ധങ്ങളെയും അതിരുകളെയും നിജപ്പെടുത്തി, അറിവിന്റെയും വിദ്യാഭ്യാസ വ്യവസ്ഥയുടെയും ആധാരശില കെട്ടിപ്പടുത്ത വ്യക്തി എന്ന നിലയിലാണ് ആ ബഹുമതി. സമാനമായ കർമ്മം ഗ്രീക്ക് ചിന്തയിൽ നിർവഹിച്ചത് അരിസ്റ്റോട്ടിൽ ആണ് എന്ന അടിസ്ഥാനത്തിൽ അദ്ദേഹത്തെ മുസ്‌ലിം തത്ത്വചിന്താ പാരമ്പര്യം 'ആദ്യത്തെ അധ്യാപകൻ' എന്നും വിളിച്ചു. 'ശാസ്ത്രങ്ങളുടെ ഗണനം' (Fi ihsa al uloom) എന്ന സുപ്രസിദ്ധ കൃതിയിലാണ് ഈ വിധം ശാസ്ത്രങ്ങളുടെ തരം തിരിക്കലും വിശദീകരണവും അൽ ഫാറാബി നടത്തുന്നത്. ഇതിനു പുറമെ നിരവധിയായ കനപ്പെട്ട ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്. ലോജിക്, ഗണിതം, സംഗീതം തുടങ്ങിയ നിരവധി വിഷയങ്ങൾ! ഇസ്ലാമിക രാഷ്ട്രീയ തത്ത്വചിന്തയുടെ പിതാവായും അദ്ദേഹത്തെ ഗണിക്കാം. 'ഉൽകൃഷ്ട നഗരത്തിലെ പൗരന്മാരുടെ അഭിപ്രായം' (Ara'ahl al-madinat al-fadilah) എന്ന ഗ്രന്ഥം പ്ലേറ്റോയുടെ റിപ്പബ്ലിക് പോലെ രാഷ്ട്രീയ തത്ത്വചിന്ത കൈകാര്യം ചെയ്യുന്ന പ്രൗഢ രചനയാണ്.
അൽ-കിന്ദിയും അൽ-ഫാറാബിയും സ്ഥാപിച്ച ചിന്താ പ്രസ്ഥാനത്തിൽ മൂന്നും നാലും നൂറ്റാണ്ടുകളിൽ ഒരു പാട് തത്ത്വചിന്തകരും ശാസ്ത്രജ്ഞരും കടന്നു വന്നു. ബാഗ്ദാദ് എന്ന പോലെ ഖുറാസാനും ഈ പ്രവർത്തനങ്ങളുടെ പ്രധാന വേദിയായി മാറി. തന്റെ മുൻഗാമികളുടെ നേട്ടങ്ങളെയൊക്കെ അപ്രധാനമാക്കുന്ന സംഭാവനകളുമായി ഒരു മഹാ തത്ത്വജ്ഞാനി അക്കൂട്ടത്തിൽ ഖുറാസാനിൽ നിന്നും കടന്നു വന്നു. മാനവരാശിയുടെ തന്നെ ചരിത്രത്തിൽ സ്വാധീനത്തിലെ വ്യാപ്തി കൊണ്ടും തത്ത്വ നിര്മിതിയിലെ മൗലികത കൊണ്ടും തുല്യതയില്ലാതെ നില നിൽക്കുന്ന ചുരുക്കം ചിന്തകരെ എണ്ണിയെടുത്താൽ അവരിൽ നിർബാധം ഉൾപ്പെടുന്ന ഒരാൾ. ഇബ്നു സീന! ഇബ്നു സീനയ്ക്ക് ശേഷം മുസ്‌ലിം ലോകത്ത് തത്ത്വചിന്ത പിന്നെ പഴയത് പോലെയായിരുന്നില്ല. അദ്ദേഹത്തിന്റെ ചിന്തകളുടെ സ്വാധീനം മറയ്ക്കാനാവാത്ത വിധം മുസ്‌ലിം ചിന്തയുടെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നു. തത്ത്വചിന്ത എന്നാൽ ഇബ്നുസീനയുടെ തത്ത്വചിന്ത എന്ന രീതിയിൽ പര്യായ പദമായി തന്നെ പിന്നീട് മനസിലാക്കപ്പെട്ടു. മുൻഗാമികളെക്കാളേറെ വിജയകരമായി തത്ത്വചിന്തയുടെ ഉദ്ഗ്രഥനം സാധ്യമാക്കി, അതിനെ മുസ്‌ലിങ്ങളുടെ സ്വന്തമായ വിജ്ഞാനശാഖയാക്കി ഉരുവപ്പെടുത്തിയതിലാണ് അദ്ദേഹത്തിന്റെ നേട്ടം കുടി കൊള്ളുന്നത്. ഇസ്ലാമിക സിദ്ധാന്തങ്ങളും അരിസ്റ്റോട്ടിലിയൻ-നിയോപ്ലാറ്റോണിക് ചിന്തകളും ഇബ്നു സീനയുടെ തത്ത്വചിന്തയിൽ സമഞ്ജസമായി സമ്മേളിച്ചു. അവ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളേയും തൗഹീദിനെയും പ്രവാചകത്വത്തിന്റെ യാഥാർഥ്യത്തെയും യുക്തിയുടെ വ്യവഹാരത്തെയും ദൈവത്തിലേക്കുള്ള മനുഷ്യ സഞ്ചാരത്തെയും, ഈ പരിപേക്ഷ്യത്തിൽ തത്ത്വചിന്താപരമായ ആശയങ്ങൾ ഉപയോഗിച്ച്, സമ്പൂർണമായ ഒരു ജ്ഞാനഘടനയായി രൂപാന്തരപ്പെടുത്തി. ഈ രീതിയിലുള്ള തത്ത്വവിചാരങ്ങളുടെ വിജ്ഞാനകോശമാണ് അദ്ദേഹത്തിന്റെ കിത്താബ് അൽ ശിഫ. ഒരു വ്യക്തി സ്വന്തം നിലയ്ക്ക് തയാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശമായി ഒരു പക്ഷെ ഈ ഗ്രന്ഥത്തെ കാണാവുന്നതാണ്. അൽ ഖാനോൻ ഫിൽ തിബ് (Canon of medicine ) അൽ ഇശാറാത് വൽ തൻബീഹാത് (Directives and Remarks) തുടങ്ങിയവയാണ് ഇബ്നു സീനയുടെ മറ്റു പ്രധാന കൃതികൾ. ഇബ്നു സീനയുടെ മരണത്തിനു ശേഷം ഏതാണ്ട് മുപ്പത് കൊല്ലത്തിന് ശേഷമാണ് ഇമാം ഗസ്സാലി ജനിക്കുന്നത്.
ഇമാം ഗസ്സാലി വരെയുള്ള ഫലാസഫയുടെ വളർച്ചയുടെ വംശാവലി, പ്രമുഖരായ ചില തത്ത്വചിന്തകരിലൂടെ വിഷയത്തിന്റെ താല്പര്യത്തിനായി ചുരുക്കത്തിൽ പറഞ്ഞു പോവുക മാത്രമാണ് നാം ചെയ്തത്. തത്ത്വചിന്ത കൈകാര്യം ചെയ്ത വിഷയങ്ങൾ കലാമിനേക്കാൾ ഏറെ ബൃഹത്തായിരുന്നു. കലാമിന്റെ ചില സംവാദവിഷയങ്ങളെ തത്ത്വചിന്തയുടെ ഗണത്തിൽ പെടുത്താം എന്ന് നാം മുമ്പ് പ്രതിപാദിച്ചിരുന്നല്ലോ? ഫലസഫയിൽ വരുന്ന വിഷയങ്ങളാവട്ടെ, ആധുനികമായ അർത്ഥത്തിലുള്ള തത്ത്വചിന്തയിൽ മാത്രം പരിമിതമായിരുന്നില്ല. ഗ്രീക്ക് ചിന്തയുടെ മാതൃകയിൽ അത് ഉൾകൊണ്ട വിഷയങ്ങൾ ഏറെ വൈവിധ്യപൂർണമായിരുന്നു. ഇന്ന് നമ്മൾ ശാസ്ത്ര വിഷയങ്ങളായി കണക്കാക്കുന്ന ഗണിതം, ഭൗതികശാസ്ത്രം, വൈദ്യം, മനഃശാസ്ത്രം, നൈതികശാസ്ത്രം മുതലായവയൊക്കെ ഫലസഫയുടെ വിഷയങ്ങളായി. ഉദാഹരണമായി ഇബ്നു സീനയുടെ 'കിതാബ് അൽ ശിഫ' എടുത്താൽ അതിൽ തത്ത്വചിന്താ വിഷയങ്ങളായ അതിഭൗതികത, ലോജിക് എന്നിവ കൈകാര്യം ചെയ്യുന്ന വിധത്തിൽ തന്നെ ഗണിതവും ശാസ്ത്രവും പ്രതിപാദിച്ചിരിക്കുന്നു. അതു കൊണ്ടാണ് മധ്യകാലഘട്ടത്തിലെ പ്രസിദ്ധരായ മുസ്‌ലിം ശാസ്ത്രജ്ഞരൊക്കെ തത്ത്വചിന്തകരോ ഫലസഫ പാരമ്പര്യത്തിൽ നിന്ന് വരുന്നവരോ ആയി നാം കാണുന്നത്. ഇബ്നു സീന വൈദ്യശാസ്ത്രത്തിന് ചെയ്ത സംഭാവനകൾ തത്ത്വചിന്തയ്ക്ക് മേൽ ചെലുത്തിയ സ്വാധീനത്തിനു കിട പിടിക്കുന്നതാണ്. അൽ ഫാറാബി സംഗീതത്തിലും രാഷ്ട്രീയ ചിന്തയിലും സംഭാവന നൽകി എന്ന് നാം കണ്ടു. ഈ പാരമ്പര്യത്തിലെ ഏറെ ചിന്തകരും ഈ വിധം ബഹുമുഖ പ്രതിഭകളായിരുന്നു. യഥാർത്ഥത്തിൽ വ്യത്യസ്ഥമായ വിഷയങ്ങളെ വ്യവസ്ഥാനുസൃതമായി ഒരു ഘടനയുടെ ഏകതയിലേക്ക് ചിട്ടപ്പെടുത്തുന്ന അടിസ്ഥാനമായിരുന്നു തത്ത്വചിന്ത. ഈയൊരു പശ്ചാത്തലത്തിലാണ് ഇമാം ഗസ്സാലി തത്ത്വചിന്തക്കെതിരെ നടത്തിയ 'ആക്രമണം' എന്ന പൊതു പല്ലവിയുടെ വ്യാഖ്യാനം ശാസ്ത്രങ്ങൾക്കെതിരെയുള്ള ആക്രമണമായി, ഇസ്ലാമിക നാഗരിക വളർച്ചയുടെ കടയ്ക്കൽ കത്തി വച്ച നടപടിയായി വിശേഷിപ്പിക്കാൻ ചിലരെങ്കിലും ഉദ്യുക്തരാവുന്നത്. തുറന്ന പരിശോധനയിൽ പക്ഷെ അതെത്ര മാത്രം ബാലിശമായ ഒരു വാദമാണെന്ന് കാണാനാവും.
ഹാസിം മുഹമ്മദ്

COMMENTS