ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന അധിനിവേശ വിരുദ്ധ സമര മുന്നേറ്റങ്ങളില്‍ കാല ദൈര്‍ഘ്യം കൊണ്ടും സമരക്കാരുടെ അനിതര സാധാരണമായ പോരാട്ട വീര്യം കൊണ്ടും വിശ്രുതമായ അധ്യായമാണ് 1921 ലെ മലബാര്‍ സമരം. നൂറാണ്ടുകള്‍ക്കിപ്പുറം അതിന്റെ ഓര്‍മ്മകള്‍ക്ക് ഒരു ശതാബ്ദം തികയുമ്പോഴും സമര ചരിത്രം സ്വാതന്ത്ര്യ ചരിത്ര പരിസരങ്ങളില്‍ വിശദമായ വിശകലനങ്ങള്‍ക്കോ വസ്തുതാപരമായ വിചിന്തനങ്ങള്‍ക്കോ ഇനിയും വിഷയീഭവിച്ചിട്ടില്ലെന്നത് ഖേദകരമാണ്. ചരിത്രം ഊഹാപോഹങ്ങളുടെയും നിരീക്ഷണങ്ങളുടെയും കലവറയാണെന്ന വാദം അംഗീകരിക്കുന്നതോട് കൂടെ മലബാര്‍ സമര ചരിത്രത്തെ ഔദ്യോഗിക ചരിത്രകാരന്മാരടക്കം, ചരിത്രകാരന്മാരില്‍ ബഹുഭൂരിപക്ഷവും മുന്‍വിധിയോടെയാണ് സമീപിച്ചതെന്നത് കലര്‍പ്പില്ലാത്ത സത്യമാണ്.
സ്വാതന്ത്ര്യ സമരം കാര്‍ഷിക കലാപം വര്‍ഗ്ഗീയ ലഹള ഖിലാഫത്ത് പ്രക്ഷോഭം സാമ്രാജ്യത്വ വിരുദ്ധ പൊട്ടിത്തെറി എന്നിങ്ങനെ വിവിധ തരത്തലുള്ള വ്യാഖ്യാനങ്ങളാണ് ഇന്ന് മലബാര്‍ സമരത്തെ കുറിച്ച് ഉയര്‍ന്ന് കേള്‍ക്കുന്നത്. മലബാര്‍ സമരങ്ങള്‍ക്ക് ആദ്യമായി വര്‍ഗ്ഗീയ പരിവേശം നല്‍കിയത് ബ്രിട്ടീഷുകാരാണ്. പത്തൊമ്പതാം നൂറ്റിയാണ്ടിന്റെ മധ്യ ദശകം മുതല്‍ മാപ്പിളമാര്‍ നടത്തി വരുന്ന സമരങ്ങളെ തീര്‍ത്തും വര്‍ഗ്ഗീയപരമായാണ് ബ്രിട്ടീഷ് അധികാരികള്‍ നോക്കികണ്ടത്. മതഭ്രാന്ത്, കൊള്ള, ഹിന്ദുക്കളെ കൊലപ്പെടുത്തല്‍, തുടങ്ങിയ വര്‍ഗീയ വിശേഷണങ്ങളോടെയാണ് അവര്‍ മാപ്പിള മുന്നേറ്റങ്ങളെ അവതരിപ്പിച്ചിരുന്നത്. അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പരസ്പരം നടത്തിയ ഔദ്യോഗിക എഴുത്തു കുത്തുകളിലും കലാപങ്ങളെ സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളിലും ഇത് വളരെ വ്യക്തമായി കാണാം. സാമ്രാജ്യത്തെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ബ്രിട്ടീഷ് ചരിത്രകാരന്മാരും പല പില്‍ക്കാല ചരിത്രകാരന്മാരും ഇതേ സമീപനം തന്നെയായിരുന്നു കൈകൊണ്ടത്. വില്യം ലോഗന്‍ ( മലബാര്‍ മാന്വല്‍) സ്റ്റീഫന്‍ ഡെയില്‍ (മാപ്പിളാസ് ഓഫ് മലബാര്‍) എലിയറ്റ് ഡൗസന്‍, തുടങ്ങിയ ആംഗലേയ ചരിത്രകാരന്‍മാര്‍ മാപ്പിള സമരങ്ങളെ വര്‍ഗീയ വല്‍ക്കരിച്ചവരില്‍ പ്രധാനികളാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകം മുതല്‍ 1921ലെ പൊട്ടിത്തെറി വരെ നീണ്ടുനില്‍ക്കുന്ന മാപ്പിള മുന്നേറ്റങ്ങളൊക്കെ യും (കുടിയാന്‍മാരായ മാപ്പിളമാരുടെയും ജന്മി മാടമ്പിമാരുടെയും ഇടയിലുള്ള നിരന്തര പ്രശ്‌നങ്ങളില്‍ നിന്ന് ഉല്‍ഭൂതമായ ) കാര്‍ഷിക കലാപങ്ങളായിരുന്നുവെന്നാണ് സമകാലിക ചരിത്രകാരന്‍മാരില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. കലാപങ്ങളെ അഭിമുഖീകരിച്ച അവസാന കാലത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ ചിലര്‍ തുടങ്ങിവെച്ച താണ് ഈ സമീപനരീതി. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ കലാപങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്താണ് ഇത്തരം നിരീക്ഷണങ്ങളിലേക്ക് എത്തുന്നതെങ്കില്‍ പിന്നീടുവന്ന ചരിത്രകാരന്മാര്‍ പൂര്‍ണ്ണമായും കാര്‍ഷിക പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയാണ് കലാപങ്ങള്‍ വിശകലനം ചെയ്യുന്നത്.
മാപ്പിള കലാപങ്ങളുടെ മൂല കാരണം അന്വേഷിച്ചു മലബാര്‍ ജില്ലാ കലക്ടര്‍ വില്യം ലോഗന്‍ മലബാര്‍ ഡെപ്യൂട്ടി ജഡ്ജി എച്ച്. വി ഗ്രാം എന്നിവരായിരുന്നു ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ കലാപങ്ങളെ ആദ്യമായി കാര്‍ഷിക വീക്ഷണത്തിലൂടെ നിരീക്ഷിച്ചത്.1882ല്‍ ലോഗന്‍ സമര്‍പ്പിച്ച മലബാര്‍ ലാന്‍ഡ് ടെന്വര്‍സ് എന്ന റിപ്പോര്‍ട്ടിലാണ് കലാപങ്ങളുടെ കാര്‍ഷിക പശ്ചാത്തലം നിരീക്ഷണ വിധേയമാക്കുന്നത്.(1887ല്‍ ബ്രിട്ടീഷ് ഗവര്‍ണ മെന്റിന്റെ പ്രത്യേക താല്‍പര്യത്തില്‍ പുറത്തിറക്കിയ മലബാര്‍ മാന്വലില്‍ മാപ്പിള കലാപങ്ങളെ ഇതേ ലോഗന്‍ തന്നെ വര്‍ഗീയ പരമായി വ്യാഖ്യാനിക്കുന്നത് വിധിവൈപരീ ത്യമാണ്) ലോഗന്റെ മലബാര്‍ ലാന്‍ഡ് ടന്വേര്‍സിനെ മുന്‍നിര്‍ത്തിയാണ് പില്‍ക്കാല ചരിത്രകാരന്മാര്‍ മാപ്പിള മുന്നേറ്റങ്ങള്‍ക്ക് കാര്‍ഷിക വ്യാഖ്യാനങ്ങള്‍ നല്‍കിയത്. മാപ്പിള കലാപങ്ങളുടെ അടിവേരുകള്‍ തേടി Mappila rebilion and its gensis എന്ന കൃതി എഴുതിയ ആംഗലേയ ചരിത്രകാരന്‍ കോണ്‍റാഡ് വുഡും അടിസ്ഥാനപരമായി കാര്‍ഷിക പ്രശ്‌നങ്ങളിലേക്കാണ് എത്തിച്ചേരുന്നത്. ബ്രിട്ടീഷ് അധിനിവേശ വാഴ്ചക്കെതിരെ മാപ്പിളമാര്‍ വെല്ലുവിളി ഉയര്‍ത്തിയത് മലബാറില്‍ വൈദേശിക ഭരണം ആരംഭം മുതല്‍ ഉണ്ടാക്കിയ ആഘാതങ്ങളുടെ ഫലമായാണെന്ന് നിരീക്ഷിക്കുന്ന അദ്ദേഹം കാര്‍ഷിക വിഷയത്തില്‍ ജന്മിമാര്‍ നടത്തിയ അനീതികളും അതിന് ഭരണകൂടം നല്‍കിയ പിന്തുണയും കലാപങ്ങളുടെ അടിസ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗായത്രി വല്ലഭ അയ്യര്‍, സൗമേന്ദ്ര നാഥ ടാഗോര്‍, ഡോ. കെ.എന്‍ പണിക്കര്‍ തുടങ്ങി പലരും കാര്‍ഷിക പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി മാപ്പിള മുന്നേറ്റങ്ങളെ വിശകലന വിധേയമാക്കിയിട്ടുണ്ട്. കെ എന്‍ പണിക്കര്‍ മലബാര്‍ കലാപം പ്രഭുത്വത്തിനും രാജ വാഴ്ചക്കുമെതിരെ എന്ന കൃതിയില്‍ തീര്‍ത്തും കാര്‍ഷികമായ വീക്ഷണകോണിലൂടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്. മതപരവും വര്‍ഗീയവുമായ പ്രേരകങ്ങളേക്കാളും കലാപ വഴിലേക്ക് മാപ്പിളമാരെ നയിച്ചിരുന്നത് ഭൂമി, കൃഷി, നികുതി, ദാരിദ്ര്യം തുടങ്ങിയ സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നുവെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. എന്നാല്‍ പില്‍ക്കാലത്ത് മാപ്പിള സമരങ്ങളുമായി ബന്ധപ്പെട്ട മുന്‍കാല നിരീക്ഷണങ്ങള്‍ വ്യാപകമായി കോപ്പി-പേസ്റ്റ് ചെയ്യപ്പെട്ടു എന്നല്ലാതെ സമകാലിക ചരിത്രകാരന്മാര്‍ മലബാര്‍ സമരങ്ങളെക്കുറിച്ച് ഗൗരവമായ വായനകള്‍ക്കോ ഗവേഷണങ്ങള്‍ക്കോ മുതിര്‍ന്നിട്ടില്ല.
കാര്‍ഷിക പ്രശ്‌നങ്ങളേക്കാളുപരി 1921 ലെ സമരത്തിന്റെ മറ്റൊരു കാരണം ഇന്ത്യയിലുടനീളം ആഞ്ഞടിച്ച ഖിലാഫത്ത് പ്രക്ഷോഭമായിരുന്നു. സമരത്തിന്റെ ഏറ്റവും വലിയ പ്രത്യയ ശാസ്ത്ര അടിത്തറ തന്നെയായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം. ഇതിനുപോല്‍ബലകമായി ആംഗലേയ ചരിത്രകാരന്‍ റോളണ്ട് ഇ മില്ലര്‍ എഴുതുന്നു.' മാപ്പിളമാരുടെ സാമ്പത്തിക അസംതൃപ്തി, ഖിലാഫത്ത് പ്രസ്ഥാനം, സ്വാതന്ത്ര്യ പ്രസ്ഥാനം, ബ്രിട്ടീഷ് അടിച്ചമര്‍ത്തല്‍ എന്നിവയോ ഇവയില്‍ പലതും കൂടിച്ചേര്‍ന്നതോ കലാപത്തിന് കാരണങ്ങളായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മാപ്പിള കലാപങ്ങളുടെ കാരണങ്ങളായി പറയപ്പെടുന്നതും അതോടൊപ്പം മറ്റു ചിലതും കൂടിച്ചേര്‍ന്നതാണ് ഈ പട്ടിക. മുന്‍ കലാപങ്ങളില്‍ എന്ന പോലെ1921ലെ കലാപവും പൊട്ടിപ്പുറപ്പെടുന്നതില്‍ വിവിധ സ്വാധീനങ്ങള്‍ പ്രതിപ്രവര്‍ത്തിച്ചു. ഇവിടെ കാണുന്ന ഏറ്റവും ശ്രദ്ധേയമായ പുതിയ ഘടകം ഖിലാഫത്ത് പ്രസ്ഥാനം ആണ്. (മാപ്പിള മുസ്ലിംകള്‍, റോളണ്ട് ഇ മില്ലര്‍ പുറം130)
ലോക മുസ്ലീങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന ഘടകമായി നൂറ്റാണ്ടുകളോളം വര്‍ത്തിച്ച ഉസ്മാനി ഖിലാഫത്തിനോട് ഒന്നാം ലോകയുദ്ധാനന്തരം ബ്രിട്ടന്‍ സ്വീകരിച്ച (വഞ്ചന) നയത്തില്‍ പ്രതിഷേധിച്ച് അബുല്‍ കലാം ആസാദും അലി സഹോദരന്മാരുമടങ്ങുന്ന മുസ്ലിം നേതാക്കള്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭമായിരുന്നു ഖിലാഫത്ത് സമരം. ലോകമഹായുദ്ധാനന്തരം ഒട്ടോമന്‍ തുര്‍ക്കിയെ വിഭജിക്കുന്ന സെവ് രസ് ഉടമ്പടി (1919 ആഗസ്റ്റ് ) ഭേദഗതി ചെയ്യാന്‍ ആസാദിന്റെയും അലി സഹോദരന്മാരുടെയും നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ രംഗത്തിറങ്ങി. അതിന്റെ ഭാഗമായി1919 ഒക്ടോബര്‍17 ഖിലാഫത്ത് ദിനമായി ആചരിക്കുകയും1920 ഫെബ്രുവരിയില്‍ ബോംബെയില്‍ കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.1921 ജൂണ്‍ 30 ആകുമ്പോഴേക്കും ഇന്ത്യയൊട്ടുക്കും200 ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകൃതമായിരുന്നു . എന്നാല്‍1920 ഏപ്രില്‍ 28ന് നടന്ന മഞ്ചേരി സമ്മേളനത്തോടെയാണ് ഖിലാഫത്ത് പ്രസ്ഥാനം മലബാറില്‍ ശ്രദ്ധനേടുന്നത്.
ഖിലാഫത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട്മുസ്ലിം നേതാക്കള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഇതിന് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഖിലാഫത് വളണ്ടിയര്‍മാരും ചേര്‍ന്ന് (വിവിധ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി) സമരം നടത്താന്‍ തീരുമാനിച്ചു.1920 ആഗസ്റ്റ് 18 ന് ഗാന്ധിജിയും ഷൗക്കത്തലിയും കോഴിക്കോട് വന്നു പ്രസംഗിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം 1921 ഏപ്രില്‍ 23- 27ന് ഒറ്റപ്പാലത്ത് കോണ്‍ഗ്രസിന്റെയും ഖിലാഫത്തിന്റെയും സമ്മേളനങ്ങള്‍ നടത്തി. അങ്ങനെ കോണ്‍ഗ്രസ് ഖിലാഫത്ത് ധാരണയുടെ അടിസ്ഥാനത്തില്‍ 1921 ആഗസ്റ്റ് 21ന് തീര്‍ത്തും സമാധാനപരമായി മലബാറില്‍ സമരം ആരംഭിച്ചു. എന്നാല്‍ ഈ സംയുക്ത പ്രക്ഷോഭം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനകീയ പ്രക്ഷോഭമായി മാറുന്നതില്‍ വിറളിപൂണ്ട ബ്രിട്ടീഷ് ഭരണകൂടം ആസൂത്രിതമായി അതിനെ സായുധ സമരത്തിലേക്ക് തിരിച്ചുവിട്ടു.
കോണ്‍ഗ്രസിനെ ഖിലാഫത് പ്രക്ഷോഭത്തില്‍ നിന്ന് അകറ്റി നിര്‍ത്തി അതിനെ ഒറ്റ തിരിച്ച് അടിച്ചമര്‍ത്താനുള്ള കുല്‍സിത നീക്കമായിരുന്നു ബ്രിട്ടീഷുകാര്‍ നടത്തിയത്. ഖിലാഫത്ത് പ്രക്ഷോഭം അക്രമത്തിലേക്ക് വഴിമാറുന്നത് കോണ്‍ഗ്രസ് തള്ളിപ്പറയുമെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. അതിനാല്‍, (കോണ്‍ഗ്രസ് കമ്മിറ്റി യോഗങ്ങളെയും പ്രവര്‍ത്തകരെയും ഒന്നും ചെയ്യാതെ) ഖിലാഫത്ത് കമ്മിറ്റി യോഗങ്ങള്‍ മുടക്കുകയും പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിക്കുകയും ജയിലിലടക്കുകയുമൊക്കെ ചെയ്ത് ഖിലാഫത്ത് പ്രവര്‍ത്തകരെ പ്രേകോപിപ്പിക്കുകയും അതുവഴി അവരെ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാക്കുകയുമായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം.
കോണ്‍ഗ്രസിനെപ്പോലെ അടിച്ചാല്‍ ഒരിക്കലും തിരിച്ചടിച്ചു കൂടാ എന്ന സൈദ്ധാന്തിക ശാഠ്യമൊന്നുമില്ലാത്ത മാപ്പിള പോരാളികള്‍ ബ്രിട്ടീഷുകാരോട് സായുധ ചെറുത്തുനില്‍പ്പിന് തയ്യാറായതോടെ സമരം അക്രമാസക്തമായെന്ന് പറഞ്ഞു കോണ്‍ഗ്രസ് പിന്മാറുകയും സമരരംഗത്ത് മാപ്പിളമാര്‍ തനിച്ചാവുകയും ചെയ്തു. നീണ്ട ചെറുത്തു നില്‍പ്പിനൊടുവില്‍ മാപ്പിളപോരാളികള്‍ ബ്രിട്ടീഷുകാരാല്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെടുന്നതിലാണ് അത് കലാശിച്ചത്.
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി നിസ്സഹകരണ ഖിലാഫത്ത് പ്രസ്ഥാനങ്ങളെ സംഘടിപ്പിക്കുകയും ബ്രിട്ടീഷുകാരോട് സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ്് മുസ്ലീങ്ങളെ ഒറ്റ് കൊടുക്കുകയും അതിന്റെ ഉത്തരവാദിത്വം തന്നെ നിഷേധിക്കുകയുമാണുണ്ടായത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പോലുള്ള ഒരു ദേശീയ പ്രസ്ഥാനത്തിന് ഒരിക്കലും നിരക്കാത്ത ഖേദകരമായ തീരുമാനമായിട്ടാണ് അതിനെ ചരിത്രകാരനായ ആര്‍ സി മജുംദാര്‍ വിലയിരുത്തുന്നത്. അതിനാല്‍ ക്രമേണ തെക്കേ മലബാറിലെ മാപ്പിള സമൂഹം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തില്‍ നിന്നും വിട്ടൊഴിഞ്ഞു നിന്നു.
1921 ആഗസ്റ്റ് 20 ന് ആരംഭിച്ച മാപ്പിള സമരം 1922 ഫെബ്രുവരി അവസാനം വരെ ആറുമാസം രൂക്ഷമായി തുടര്‍ന്നു. 921 ആഗസ്റ്റ് 26-ന് നടന്ന പൂക്കോട്ടൂര്‍ യുദ്ധവും നവംബര്‍ 14 ലെ പാണ്ടിക്കാട് ഏറ്റുമുട്ടലും 120 തടവുകാര്‍ ദാരുണമായി കൊല്ലപ്പെട്ട വാഗണ്‍ ദുരന്തവും ഈ കാലയളവില്‍ നടന്ന പ്രധാന സംഭവങ്ങളാണ്. ഔദ്യോഗിക കണക്കു പ്രകാരം പങ്കെടുത്ത പതിനായിരം പേരില്‍ ആയിരം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ പതിനായിരത്തില്‍ പരം പേര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും ചിലര്‍ നാടുകടത്തപ്പെടുകയും ചെയ്‌തെന്നാണ് അനൗദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കുടിയാന്മാര്‍ തൊഴിലാളികള്‍ ബാര്‍ബര്‍മാര്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തതിനാല്‍ തന്നെ തീര്‍ത്തും കാര്‍ഷിക പശ്ചാത്തലത്തില്‍ നടന്ന പ്രക്ഷോഭമായിരുന്നു മലബാര്‍ സമരമെന്ന് വിലയിരുത്താനാവില്ല. എന്നാല്‍ 1857-ലെ സ്വാതന്ത്ര്യ സമരത്തിനു ശേഷം ഒരു ബഹുജന സമരത്തിന്റെ എല്ലാ ഉള്ളടക്കങ്ങളും കൂടിച്ചേര്‍ന്ന, വിപുലമായ തോതില്‍ നടത്തപ്പെട്ട ആദ്യ ജനകീയ സമരമായിരുന്നു അതെന്നെതില്‍ സന്ദേഹമില്ല.
ഇരുപത്തിയൊന്നിന്റെ മത പക്ഷവിചാരം
അധിനിവേശ സാമ്രാജ്യത്വ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ അനുസ്യൂതമായ സമര മുന്നേറ്റങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന സമുദായമാണ് മാപ്പിളമാരുടെത്. 1498 മുതല്‍ 1921 വരെയുള്ള മാപ്പിള മലബാറിലെ ചരിത്രത്തിലെ നല്ലൊരുഭാഗവും സമരങ്ങളുടെയും പോരാട്ടങ്ങളുടെയുമാണ്. വാസ്‌കോഡഗാമ എന്ന അധിനിവേശ പിശാച് 1498 മെയ് 17ന് കാപ്പാട് കടപ്പുറത്ത് കപ്പല്‍ ഇറങ്ങിയപ്പോള്‍ ശൈഖ്് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പൊന്നാനി പള്ളിയില്‍ വച്ച് നടത്തിയ സമര പ്രഖ്യാപനത്തില്‍ നിന്നും തുടങ്ങുന്നതാണ് മാപ്പിളമാരുടെ പോരാട്ട ചരിത്രം.
പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ അധിനിവേശ ശക്തികള്‍ക്കെതിരെ അരങ്ങേറിയ മുഴുവന്‍ പോരാട്ടങ്ങളെയും സമുദായം ഒന്നിച്ചാണ് ഏറ്റെടുത്തത്. മലബാറിലെ ഏറ്റവും വലിയ മതപണ്ഡിതന്മാരും ആത്മീയ ആചാര്യന്മാരുമായിരുന്നു അന്ന് അതിനെല്ലാം നേതൃത്വം നല്‍കിയത്. സാത്വികരും മാര്‍ഗദര്‍ശകളുമായ പണ്ഡിത വരേണ്യര്‍ മുന്നില്‍ നിന്നപ്പോള്‍ സമുദായം മറുത്തൊന്നും ആലോചിച്ചില്ല. മഖ്ദൂമും മമ്പുറം തങ്ങളും ഉമര്‍ ഖാളിയും ഖാളി മുഹമ്മദുമെല്ലാം മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ പള്ളി മിഹ്‌റാബുകളും മിമ്പറുകളുമെല്ലാം മാപ്പിള ജനതയുടെ അഭിപ്രായൈക്യം രൂപപ്പെടുത്തുന്ന ചാലകശക്തിയായി അന്നു നിലകൊണ്ടു.
എന്നാല്‍ വൈദേശികാധിപത്യത്തിനെതിരെ പോരാടിയ ഈ പണ്ഡിത വരേണ്യര്‍ക്ക് വീര പരിവേഷം നല്‍കാനുള്ള ശ്രമമാണ് പല 'വിപ്ലവ' ചരിത്രാഖ്യാനങ്ങളും ഏറ്റെടുത്തിരിക്കുന്നത്. അറിവിന്റെ കാവല്‍ ഭടന്മാരെയും ആത്മീയാചാര്യന്മാരെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയുമെല്ലാം വെറും രാഷ്ട്രീയ സമര പോരാളികളായി ഒതുക്കുകയാണത്. ഈ പശ്ചാത്തലത്തില്‍ വേണം 1921 ലെ സമരത്തോട് നെല്ലിക്കുത്ത് ആലി മുസ്ലിയാര്‍ പാങ്ങില്‍ അഹ്മദ് മുസ്ലിയാര്‍ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാര്‍ മുഹിമ്മാത്തുല്‍ (മുഅ്മിനീന്റെ കര്‍ത്താവ്) തുടങ്ങിയ പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാടും അവര്‍ ഇടപെട്ടരീതിയും പുനര്‍വായനക്ക് വിധേയമാക്കാന്‍.
മതസ്വാതന്ത്ര്യവും പൗരന്റെ മൗലിക അവകാശങ്ങളും വകവെച്ചു കൊടുക്കുന്ന വ്യവസ്ഥാപിത ഭരണകൂടങ്ങളെ അംഗീകരിക്കണമെന്നും അവര്‍ക്കെതിരെ സായുധ വിപ്ലവത്തിന് ശ്രമിക്കേണ്ടതില്ല എന്നുമാണ് മുസ്ലിം ഉമ്മത്തിന്റെപൊതു നിലപാട്. ഈ നിലപാടില്‍ ഉറച്ചു നിന്നാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം, (ഇവ പൂര്‍ണമായും വകവെച്ച് നല്‍കിയിരുന്ന സാമൂതിരിയുടെ ഭരണകൂടത്തിന്റെ കൂടെ നിന്ന്) പറങ്കികള്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തത്. എന്നാല്‍ 1921ലെ ഖിലാഫത്ത് പ്രക്ഷോഭങ്ങളുടെ പേരില്‍ അരങ്ങേറിയ സമരത്തിന്റെ ഗതി അതായിരുന്നില്ല. ഉലമാക്കളും സാദാത്തുക്കളുമൊക്കെ ഉള്‍പ്പെടുന്ന നല്ലൊരു വിഭാഗം തുടക്കത്തിലെ അതിനെതിരെയായിരുന്നു.
1821 മുതല്‍ 1921 വരെയുള്ള ഒരു നൂറ്റാണ്ടിനിടയില്‍ 51 മാപ്പിള കലാപങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. അതില്‍തന്നെ 1836 നും 1853 നും മധ്യേയാണ് ലഹളയുടെ മൂര്‍ദ്ധന്യകാലം. 18 കൊല്ലത്തിനിടയില്‍ 22 ലഹളകള്‍. കണക്കെടുപ്പുകളില്‍ എമ്പാടും കാണാമെങ്കിലും ഈ കലാപങ്ങള്‍ എല്ലാം ഒറ്റപ്പെട്ട കേവലം പൊട്ടിത്തെറികളായിരുന്നു. മിക്കതും മാപ്പിള കുടിയാന്മാര്‍ ജന്മിമാര്‍ക്കെതിരെ നടത്തിയതായിരുന്നു. ചിലപ്പോള്‍ ഇത് ജന്മി മാടമ്പിമാരെ സംരക്ഷിക്കുന്ന ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെയുമാകാം. 1836 മുതല്‍ 1919 വരെയുള്ള ദീര്‍ഘകാലയളവില്‍ നടന്ന 32 കലാപങ്ങളില്‍ മാപ്പിളമാര്‍ ആകെ വധിച്ചത് 83 പേരെ മാത്രമാണ്. മാപ്പിളമാരില്‍ നിന്ന് കൊല്ലപ്പെട്ടത് 381 പേരും. ഇത്തരം സമരങ്ങളില്‍ ജന്മിമാരാലും ബ്രിട്ടീഷ് അധികാരികളാലും ദ്രോഹിക്കപെട്ട മാപ്പിള കുടിയന്മാര്‍ക്ക് ഇരുവര്‍ക്കുമെതിരെ പോരാടാന്‍ അന്നത്തെ മലബാറിലെ ആത്മീയ കേന്ദ്രങ്ങളായ മമ്പുറം തങ്ങന്‍മാരുടെ പിന്തുണയുണ്ടായിട്ടുണ്ട്. അതൊരിക്കലും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലുകളായിരുന്നില്ലെന് നും പ്രാദേശിക തലങ്ങളില്‍ ഒതുങ്ങി നിന്ന കേവലം സമരങ്ങളായിരുന്നുവെന്നും പ്രത്യേകം പരിഗണിക്കണം.
ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അന്നത്തെ പണ്ഡിതന്മാരുടെ പ്രതികരണങ്ങള്‍ പ്രധാനമായും മൂന്നു തരത്തിലായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനും തുടര്‍ന്നുണ്ടായ സായുധ സമരത്തിനും താത്വികമായും കായികമായും നേതൃത്വം നല്‍കിയവരായിരുന്നു ഒരു വിഭാഗം. നെല്ലിക്കുത്ത് ആലി മുസ്ലിയാര്‍ ചെമ്പ്രശ്ശേരി തങ്ങള്‍ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു ഈ വിഭാഗം. ഈ സംഘത്തിന്റെ ക്രിയാത്മക സാന്നിധ്യം വലിയൊരു അനുയായിവൃന്ദത്തില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം ജനിപ്പിക്കുകയും സമരമുഖത്തേക്ക് കച്ചകെട്ടി ഇറങ്ങുകയും ചെയ്തു.
ഖിലാഫത്ത് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും എന്നാല്‍ സായുധസമരം ഒഴിവാക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തവരാണ് മറ്റൊരു വിഭാഗം. വരക്കല്‍ മുല്ലക്കോയ തങ്ങള്‍, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ഈ നിലപാടുകാര്‍ ആയിരുന്നു. ഖിലാഫത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കലക്ടര്‍ സി.എഫ് തോമസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രതിചേര്‍ക്കപ്പെട്ടിരുന്ന പാങ്ങില്‍ (നേതാക്കളില്‍ നിന്ന്) സമരം കൈവിട്ടു പോയ ഘട്ടത്തില്‍ ലഹളക്കാരെ ശാന്തരാക്കാന്‍ പരിശ്രമിക്കുകയായിരുന്നു. ലഹളക്കാലത്ത് മലപ്പുറം കോട്ടക്കുന്നില്‍ വച്ച് അദ്ദേഹം നടത്തിയ പ്രസംഗം സുപ്രസിദ്ധമാണ്. നമ്മുടെ രാജ്യം സ്വതന്ത്രമാവണം. ബ്രിട്ടീഷുകാര്‍ നാട് വിടണം. എന്നാല്‍ അക്രമമല്ല അതിന്റെ പോംവഴി. നിങ്ങള്‍ സമാധാനപൂര്‍വ്വം തിരിച്ചു പോവുക.
ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ഒരുനിലക്കും പോരാടേണ്ടതില്ലെന്ന നിലപാടുകാരായിരുന്നു മൂന്നാമത്തെ വിഭാഗം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരും പറഞ്ഞു നാഷണല്‍ കോണ്‍ഗ്രസും മുസ്ലിം ദേശീയ വാദികളും ചേര്‍ന്ന് സാധാരണക്കാരെ സായുധ സമരത്തിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സമ്മേളനങ്ങള്‍ നടത്തിയും ഫത്‌വകളിറക്കിയും അവര്‍ അതിനെ നേരിട്ടു. അതിന്റെ ഭാഗമായി 1921 ജൂലൈ 24 ന് പൊന്നാനിയില്‍ ഉലമാ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. 600ഓളം മതപണ്ഡിതന്മാര്‍ സംഗമിച്ച പ്രസ്തുത സമ്മേളനത്തില്‍ മുന്നിലുണ്ടായിരുന്നത് മലബാറിലെ മത പണ്ഡിതന്മാരില്‍ ഏറ്റവും ശ്രദ്ധേയരായ മഖ്ദൂം കുഞ്ഞന്‍ ബാവ മുസ്ലിയാരായിരുന്നു. കരിമ്പനക്കല്‍ പോക്കര്‍ മുസ്ലിയാര്‍ തട്ടാങ്കര കുട്ടിയാമു മുസ്ലിയാര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖര്‍. അവരുടെ നേതൃത്വത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിനും ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ക്കുമെതിരെ മഹ്ക്കുല്‍ കഫാല അലാ ഇസ്മില്‍ ഖിലാഫ എന്ന ഫത്‌വ ഇറക്കുകയും 25000 കോപ്പി അച്ചടിച്ചു മലബാറിലാകെ വിതരണം ചെയ്യുകയും ചെയ്തു. പോരാട്ട നൈരന്തര്യത്തിന്റെ പൊരി വെയിലേറ്റു വാടിത്തളര്‍ന്ന സമുദായത്തെ ഇനിയുമൊരു സായുധ സമരത്തിലേക്ക് തള്ളി വിടുന്നത് ആത്മഹത്യാപരമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അത് സമുദായത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുമെന്ന് അവര്‍ ഭയപ്പെട്ടു. രാഷ്ട്രീയ ലാഭം മുന്‍പില്‍ കണ്ടു കൊണ്ടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഖിലാഫത്ത് കളിയും അവരെ ആശങ്കപ്പെടുത്തി.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പടഹധ്വനി മുഴക്കി ആദ്യമായി രംഗത്ത് വന്നത് പില്‍ക്കാലത്ത് ഐക്യസംഘമെന്ന പേരില്‍ മറനീക്കി പുറത്ത് വന്ന ചില തീവ്ര ചിന്താഗതിക്കാരായ മൗലവികളായിരുന്നു. ഖിലാഫത്ത് സമരത്തിന്റെ നേതൃത്വത്തിലേക്കും അതു വഴി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിലേക്കും ആലി മുസ്ലിയാരടക്കം സാത്വികരായ പണ്ഡിതന്മാരെ പോലും വലിച്ചു കൊണ്ടു വരുന്നതിനു പിന്നിലെ മൗലവിമാരുടെ പങ്ക് അവഗണിക്കാനാവില്ല. ഖിലാഫത്ത് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ദേശീയ നേതാക്കള്‍ പങ്കെടുത്ത തമിഴ്‌നാട്ടിലെ ഈറോഡില്‍ വച്ച് നടത്തപ്പെട്ട ( 1921 ഏപ്രില്‍ 24) ഒരു സമ്മേളനത്തില്‍ കേരള സലഫി നേതാക്കളില്‍ ചിലര്‍ ഒരു പണ്ഡിതസഭ രൂപം നല്‍കാന്‍ ശ്രമം നല്‍കുകയുണ്ടായി. സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന മൗലാന അബ്ദുല്‍ ബാരി മുസ്ലിയാര്‍ കേരളത്തിലെ ഉലമാക്കള്‍ സാദാത്തുക്കള്‍ എന്നിവരുമായി കൂടിയാലോചിക്കുന്നതിനു മുമ്പായി ഒരു പണ്ഡിതസഭ രൂപീകരിക്കുന്നതിലെ അനൗചിത്യം ബോധ്യപ്പെടുത്തി ആ ശ്രമത്തെ അന്നുതന്നെ ചോദ്യംചെയ്തിരുന്നു. അതു മുഖവിലക്കെടുക്കാതെ അവര്‍ 1921 ഏപ്രില്‍ ഒറ്റപ്പാലത്ത് വെച്ചു നടന്ന കോണ്‍ഗ്രസ് ഖിലാഫത്ത് സമ്മേളനത്തില്‍ മജ്‌ലിസുല്‍ ഉലമ രൂപീകരിച്ചു. (കേരളത്തിലെ പണ്ഡിത പ്രമുഖന്മാരില്‍ ഒരാളെ പോലും അറിയിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യാതെയായിരുന്നു രൂപീകരണം.)
പണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയം കണ്ട മൗലവി സംഘം മജ്‌ലിസുല്‍ ഉലമയുടെ പേരില്‍ 1921 ജൂലൈ 24 ന് പുതുപ്പൊന്നാനിയില്‍ ഒരു മഹാസമ്മേളനം സംഘടിപ്പിച്ചു. സംഘത്തിന്റെ ഗതി തിരിച്ചറിയാതെ ഒട്ടേറെ ഉലമാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍, ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയ 64 പണ്ഡിതന്മാര്‍ യോഗത്തില്‍ പങ്കെടുത്തു ഒപ്പിട്ടതായി കാണാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ഇരുപതിനായിരത്തിലധികം പേര്‍ പങ്കെടുത്ത ആ മഹാ സമ്മേളനം ബ്രിട്ടീഷ് വിരുദ്ധ തീപ്പന്തം അവരവരുടെ നാടുകളില്‍ എത്തിച്ചു. കെ എം മൗലവിയും ഇ.മൊയ്തു മൗലവിയുമടങ്ങുന്ന മൗലവി സംഘം നാടിന്റെ മുക്ക്മൂലകളില്‍ പ്രഭാഷണം നടത്തുകയും ഒരു തീപ്പൊരി മതി, യുദ്ധം ആളിപ്പടരാന്‍ എന്ന പരുവത്തിലെത്തിക്കുകയും ചെയ്തു. ഒടുവില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മൗലവിസംഘം മുങ്ങിക്കളയുകയാണുണ്ടായത്.
ഭരണകൂട വിരുദ്ധ കലാപങ്ങള്‍ക്ക് മുഖ്യധാര പണ്ഡിതന്മാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല എന്നത് ഒരപരാധമല്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ നിലനില്‍പ്പിനായിരുന്നു അവര്‍ പ്രാധാന്യം നല്‍കിയത്. ഖിലാഫത്ത് സംരക്ഷണത്തിന്റെ പേരില്‍ സമരത്തെ പിന്തുണച്ചിരുന്ന പണ്ഡിതന്മാര്‍ തീര്‍ത്തും അഹിംസയിലൂന്നിയ സമാധാനപരമായ സമരങ്ങള്‍ക്കായിരുന്നു പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍ സമരം പലകാരണങ്ങളാല്‍ അക്രമാസക്തമാവുകയും കാര്യങ്ങള്‍ കൈ വിട്ടു പോവുകയും ചെയ്തപ്പോള്‍ ലഹളക്കാരെ ശാന്തരാക്കി സമരം അവസാനിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. അഥവാ ആദ്യഘട്ടത്തില്‍ സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചവര്‍ പോലും പിന്നീടത് തിരുത്തുകയാണുണ്ടായത്. നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി മാപ്പിളമാരെ ബ്രിട്ടീഷുകാര്‍ക്ക് എറിഞ്ഞുകൊടുത്ത കോണ്‍ഗ്രസിനെതിരെ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ 1933 ല്‍ ഫറോക്കില്‍ നടന്ന സമസ്ത ആറാം വാര്‍ഷിക സമ്മേളനത്തില്‍ ബഹിഷ്‌കരണ പ്രമേയം കൊണ്ടു വരുന്നതും അങ്ങനെയാണ്.
ചുരുക്കത്തില്‍ വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ക്കെതിരെ സമുദായത്തിന്റെ ആളും അര്‍ത്ഥവും നഷ്ടപ്പെടുത്തി പോരാടുക എന്ന ആത്മഹത്യാപരമായ നിലപാട് മുഖ്യധാര പണ്ഡിതന്മാര്‍ സ്വീകരിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചവര്‍ പോലും പിന്നീട് സമുദായത്തിന്റെ നിര്‍മ്മാണാത്മക പുരോഗതിക്കു വേണ്ടി (മറ്റു പലരെയും പോലെ) ബ്രിട്ടീഷ് ഗവണ്‍മെന്റുമായി സഹകരിക്കാന്‍ തയ്യാറായത് അതുകൊണ്ടാണ്. പൊന്നാനി പണ്ഡിതന്മാരുടെ മതവിരുദ്ധ നിലപാടായിരുന്നു കലാപം ആളിപ്പടരുന്നത് ഒരളവോളം തടഞ്ഞുനിര്‍ത്തിയത്. അവരുടെ ആ പക്വമായ പ്രതിരോധം കൂടി സംഭവിച്ചില്ലായിരുന്നെങ്കില്‍ 1921 ന് ശേഷമുള്ള മലബാറിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു എന്നുറപ്പ്.
ഫാഇസ് എളേറ്റില്‍

COMMENTS