ഹാസിം മുഹമ്മദ്
ഇമാം ഗസ്സാലി ഫലസഫയുമായി പുലർത്തിയ ബന്ധം അത്യന്തം സങ്കീര്ണമായിരുന്നു എന്നതാണ് ഏറ്റവും പ്രാഥമികമായ സത്യം. ചിലയിടങ്ങളിൽ തുറന്ന എതിർപ്പ്, മറ്റിടങ്ങളിൽ വിമർശനം, പലപ്പോഴും സ്വാംശീകരണം, എന്നും ബൗദ്ധികമായ താത്പര്യം, ഇങ്ങനെ നിരവധി വിരുദ്ധ ധ്രുവങ്ങളിലേക്ക് നീളുന്ന ഒരു അസാധാരണ ബന്ധം. ഫലസഫ എങ്ങനെയാണ് വൈവിധ്യപൂർണമായ വിഷയങ്ങളെ അതിന്റെ കേന്ദ്രീകൃത ഘടനയിലേക്ക് സംയോജിപ്പിക്കുന്നത് എന്ന് നാം കണ്ടു. ഇതിനെ കുറിച്ച് ബോധവാനായിരുന്ന ഗസ്സാലി തന്റെ വിമർശനങ്ങളിൽ ഏത് വിഷയങ്ങളിലാണ് തന്റെ എതിർപ്പ് എന്നതും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഏതൊരു വിഷയത്തെയും അതിന്റെ വക്താക്കളിൽ നിന്നും പഠിക്കാതെ, അതിന്റെ ആഴവും പരപ്പും തിരിച്ചറിയാതെ വിമര്ശിക്കുന്നതിന് അദ്ദേഹം എന്നും എതിരായിരുന്നല്ലോ. തത്ത്വചിന്തയുടെ സർവവിധ ഗഹനതയും സങ്കീര്ണതയും വീണ്ടും വീണ്ടും മനസിരുത്തി മനസിലാക്കി, വർഷങ്ങൾ കൊണ്ട് താനത് മുഴുവൻ ഗ്രഹിച്ചു കഴിഞ്ഞു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വിലയിരുത്തലിലേക്ക് കടന്നത് എന്ന് ഗസ്സാലി വിശദീകരിക്കുന്നുണ്ട്.
“അറിയുക, തത്ത്വചിന്തകരുടെ വിഷയങ്ങളെ നമ്മുടെ ആവശ്യത്തിനായി ആറായി തിരിക്കാം. ഗണിതം, ലോജിക്, ഭൗതികശാസ്ത്രം, അതിഭൗതികം, രാഷ്ട്രീയം, നൈതികം.” ശേഷം, ഓരോ വിഷയങ്ങളോടുമുള്ള സമീപനം ഒന്നൊന്നായി ഇമാം ഗസ്സാലി വ്യക്തമാക്കുന്നു. ഫലസഫയുടെ കീഴിൽ വരുന്ന ഇന്ന് ശാസ്ത്ര വിഷയങ്ങളായി പൊതുവിൽ പരിഗണിക്കപ്പെടുന്നവയെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകൾ ഇതിൽ സ്പഷ്ടമാണ്. ഗസ്സാലി മുൻഖിദിൽ എഴുതുന്നു. “ഗണിത ശാസ്ത്രമെന്നത് അതിൽ ജ്യാമിതീയം, കണക്കുകൾ, ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ഒന്നാണ്. അതിലുള്ളത് ഒന്നും തന്നെ മതപരമായതുമായി ഒരു രീതിയിലും ബന്ധപ്പെടുന്നതല്ല; അതിനെ നിഷേധിക്കുകയോ ബലപ്പെടുത്തുകയോ ചെയ്യുന്നില്ല. കർക്കശമായ സമർത്ഥനങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്ന അതിന്റെ തെളിവുകൾ, മനസിലാക്കുന്ന ഒരാൾക്കും, നിഷേധിക്കുക സാധ്യമല്ല.” തത്ത്വചിന്തയോടുള്ള അന്ധമായ എതിർപ്പിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും ഇവയൊക്കെ മതത്തിന് എതിരാണ് എന്ന് വാദിക്കുകയാണെങ്കിൽ അവർ ചെയ്യുന്നതിലും വലിയ പാതകം മറ്റൊന്നില്ല എന്ന് കൂടി അദ്ദേഹം വ്യക്തമാക്കുന്നു. ഈ ശാസ്ത്രത്തിന്റെ പ്രായോഗികമായ ഉപയോഗം വഴി സൂര്യ ഗ്രഹണത്തെയും ഗോളചലനത്തെയുമൊക്കെ തത്ത്വചിന്തകർ നിരീക്ഷിക്കുമ്പോൾ മഠയന്മാരല്ലാതെ അത് തള്ളിക്കളയില്ല! ചില അല്പബുദ്ധികൾ അത്തരം അജ്ഞതയിൽ അകപ്പെട്ടു പോവുക സാധ്യമാണ്. അവരോടായി, ശരീഅത്തിന്റെ വീക്ഷണത്തിലൂടെ നോക്കിയാൽ ഗണിതശാസ്ത്രത്തിൽ എതിർക്കപ്പെടേണ്ട ഒന്നും തന്നെയില്ലെന്ന് അദ്ദേഹം ആണയിടുന്നു. ഗണിതത്തിന് തിരിച്ചു മതത്തിൽ പ്രത്യേകിച്ച് ഇടപെടലിന് സാധ്യതയുമില്ല.
ലോജിക്കിനെ കുറിച്ചും ഗസ്സാലിക്ക് എതിരായ ഒരു അഭിപ്രായമില്ല. അത് തെളിവുകളെ കണ്ടെത്തുന്ന രീതിയെ വിശദീകരിക്കുന്ന, അനുമാന ന്യായത്തെ (syllogism) സുവ്യക്തമാക്കുന്ന, അതിന്റെ മുൻവ്യവസ്ഥകളെ (premises) കൃത്യമായറിയാൻ നിയമങ്ങളെ കുറ്റമറ്റതാക്കുന്ന പ്രക്രിയകളുടെ വിശദീകരണമാണ്. അതു കൊണ്ട് തന്നെ അതിൽ ഒന്നും തന്നെ നിരസിക്കേണ്ടതില്ല. “ഇതിൽ ഒന്നും നിരസിക്കാനില്ല എന്നു മാത്രമല്ല; മുതകല്ലിം, കലാം വിജ്ഞാനീയത്തിൽ ഇതേ രീതി തന്നെയാണ് തെളിവുകൾക്കായി ഉപയോഗിക്കുന്നത്. തത്ത്വചിന്തകർ വ്യത്യസ്തരാവുന്നത് സാങ്കേതിക പദാവലികളിലും, പ്രയോഗങ്ങളിലും, നിർവചനങ്ങളിലും പുലർത്തുന്ന സൂക്ഷ്മത കൊണ്ടാണ്.” ഇത് എഴുതുമ്പോൾ ഒരർത്ഥത്തിൽ തത്ത്വചിന്തകർ ലോജിക്കിൽ പുലർത്തുന്ന സൂക്ഷ്മതയ്ക്ക് അംഗീകാരം നൽകുകയും കലാം വിജ്ഞാനീയം സമാനമായ രീതിയിലേക്ക് ലോജിക്കിന്റെ അടിത്തറ ശക്തിപ്പെടുത്തണം എന്ന് വാദിക്കുക കൂടിയാണ് എന്ന് കാണാം.
തത്ത്വചിന്തകരുടെ രാഷ്ട്രീയ ചിന്തകളോടും നൈതിക ചിന്തകളോടും ഗസ്സാലി താത്വികമായി വിയോജിക്കുന്നത് കാണാൻ കഴിയില്ല. മുൻഖിദിൽ, മുൻകാല പ്രവാചക അധ്യാപനങ്ങളിലും ദൈവാന്വേഷകരായ സത്യാത്മാക്കളിലും യഥാക്രമം രാഷ്ട്രീയ ചിന്തയുടേയും (political philosophy) നൈതികതയുടെയും (ethics)ഉത്ഭവം കണ്ടെത്താനാവുമെന്നും അത് തത്ത്വചിന്തകർ ആവശ്യാനുസരണം അവരുടെ ചിന്തകളിലേക്ക് കൂട്ടിചേർത്തു എന്നത് കൊണ്ട് മാത്രം അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല എന്നും വിവരിക്കുന്നുണ്ട്. ഗസ്സാലി സമാന വിഷയങ്ങൾ കൈകാര്യം ചെയ്ത പുസ്തകങ്ങളിൽ തന്നെ തത്ത്വചിന്തകരുടെ ആശയങ്ങൾ സ്വാംശീകരിക്കപ്പെട്ടിരിക്കുന്നു. അവയെ അങ്ങനെ സ്വീകരിക്കുന്നതിനെ കുറിച്ച് ഖേദപൂർവ്വം സംസാരിക്കേണ്ടതുണ്ട് എന്നും ഗസ്സാലി കരുതുന്നില്ല. “ഈ കാര്യങ്ങൾ തത്ത്വചിന്തകരുടെ പുസ്തകത്തിൽ മാത്രമേ കാണാനാവൂ എന്ന് വാദിച്ചാൽ പോലും, പറയുന്ന ആശയങ്ങൾ യുക്ത്യാനുസൃതമാണെങ്കിൽ, സുവ്യക്തമായ തെളിവുകളിൽ സ്ഥാപിക്കപ്പെട്ടതാണെങ്കിൽ, ഖുർആനും സുന്നത്തിനും വിരുദ്ധമല്ലെങ്കിൽ, പിന്നെ എന്തിന് അവയെ തള്ളിക്കളയണം !” ഇങ്ങനെ അടിസ്ഥാനപരമായി തത്ത്വ ചിന്തകരോട് ഈ വിഷയത്തിൽ എതിർപ്പില്ലാതിരിക്കുകയും, അവരിൽ നിന്ന് വ്യാപകമായി സ്വീകരിച്ചു കൊണ്ട് തന്നെ, തന്റേതായ വിധത്തിൽ അവയെ വ്യത്യസ്ഥമായ അടിത്തറകളിൽ വികസിപ്പിക്കുകയാണ് ഗസ്സാലി ചെയ്തത്. ഈ വിഷയം കൂടുതലായി അടുത്ത ഭാഗത്തിൽ ഗസ്സാലിയുടെ രണ്ടാം പ്രതിസന്ധിയെ കുറിച്ച ചർച്ചയിൽ നമ്മുക്ക് പരിഗണിക്കാം.
ഇനി അവശേഷിക്കുന്ന രണ്ട് വിഷയങ്ങളിൽ; അതിഭൗതികം, ഭൗതികശാസ്ത്രം എന്നിവയിലാണ് തത്ത്വചിന്തകരുടെ അഭിപ്രായത്തോട് ഗസ്സാലിക്ക് ഇടയേണ്ടി വരുന്നത്. അത് വിപുലമായ വായനയിൽ കലാമും ഫലസഫയും തമ്മിലുള്ള പൊരുത്തക്കേടുകളുടെയും ആശയപരമായ ശണ്ഠകളുടെയും പരിപേക്ഷ്യത്തിലാണ് സംഭവിക്കുന്നത്. അവിടെ സംഗതിവശാൽ കലാം വിജ്ഞാനീയത്തിന്റെ ഭാഗത്തു നിന്നും ഇടപെടേണ്ടി വന്ന ഗസ്സാലി, അത് വരെയുണ്ടായിരുന്ന വ്യത്യാസങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുകയും ഇരു വിജ്ഞാനീയങ്ങൾക്കും ഒഴിച്ചു കൂടാനാവാത്ത പല മൗലികത്വമുള്ള ഉൾക്കാഴ്ചകൾ പ്രധാനം ചെയ്യുകയും ചെയ്തു. അവ, രണ്ടിന്റെയും ഭാവി വഴികളെ ഏറെക്കാലം നിർണായകമായ രീതിയിൽ വഴി തിരിച്ചു വിട്ടു. തത്ത്വചിന്തയുടെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്നതിനൊപ്പം അത് കലാമിന്റെയും തത്ത്വചിന്തയുടെയും ഉദ്ഗ്രഥനത്തിലേക്ക് നയിച്ചു. നൂറ്റാണ്ടുകൾക്കിപ്പുറം ഇബ്‌നു ഖൽദൂൻ തന്റെ മുഖദ്ദിമയിൽ എഴുതി. “കലാമിന്റെ പ്രതിപാദ്യ വിഷയങ്ങൾ ക്രമേണ തത്ത്വചിന്തയുടേതുമായി കൂടി കുഴഞ്ഞു. എത്രത്തോളമെന്നാൽ ഒന്ന് മറ്റൊന്നിൽ നിന്നും വേർതിരിച്ചറിയാൻ സാധ്യമല്ലാതായി.” ജുവൈനിയാണ് ഇതിനു തുടക്കം കുറിച്ചത്. ഗസ്സാലിയുടെ വരവോടെ ആ സമീപനം സ്ഥിരപ്രതിഷ്ഠ നേടി. ചില പുതിയ പഠനങ്ങൾ വാദിക്കുന്നത് ഈ സങ്കലനത്തിന്റെ വേരുകൾ അതിനും മുമ്പ് ഇബ്‌നു സീനയിലേക്ക് തന്നെ ചെന്നെത്തുന്നുണ്ട് എന്നാണ്. അദ്ദേഹം കലാമിനെ കുറിച്ചുള്ള പരിചയത്തിൽ നിന്ന് കൊണ്ട് തന്നെയാണ് അതിന്റെ വിഷയങ്ങളായ പ്രവാചകത്വത്തിനും ദിവ്യാത്ഭുതങ്ങൾക്കും മറ്റും യുക്തിപരമായ മറ്റൊരു വ്യാഖ്യാനം ചമയ്ക്കാൻ തന്റെ തന്റെ തത്ത്വചിന്താ ഘടനയിൽ ഇടം തേടിയത്.
അതിഭൗതികം (metaphysics) എന്നത് തത്ത്വചിന്തകരെ സംബന്ധിച്ച് അടിസ്ഥാന വിഷയവും ഒന്നാമത്തെ വിജ്ഞാനവുമാണ്. ഉണ്മയെ സംബന്ധിച്ചതും (existence) വസ്തുക്കളുടെ പരമമായ യാഥാർഥ്യത്തെ സംബന്ധിച്ചതുമായ (nature of reality) ചോദ്യങ്ങളെ, അമൂർത്തമായ ആശയങ്ങളെ, അത് കൈകാര്യം ചെയ്യുന്നു. അങ്ങനെയത് പരമപ്രധാനമായി അല്ലാഹുവിനെ (al-haqq) കുറിച്ചുള്ള അന്വേഷണം കൂടിയാണെന്ന് അൽ-കിന്ദി പറഞ്ഞു വയ്ക്കുന്നത് നാം കണ്ടു. ഗ്രീക്ക് തത്ത്വചിന്തയിലെ അതിഭൗതിക ദർശനങ്ങളെയും പ്രപഞ്ചഘടന ശാസ്ത്രത്തെയും (cosmology) അടിസ്ഥാനപ്പെടുത്തി ഫലസഫയുടെ ചിന്തകർ യുക്ത്യാനുസൃതമായ, സങ്കീർണമായ, രഞ്ജിപ്പിലുള്ളതായ, ഒരു ചിന്താഘടനയെ രൂപകല്‌പന ചെയ്തു. എല്ലാ വിധ ഉന്നത വിജ്ഞാന ധാരകളെയും ഉൾകൊള്ളാൻ കഴിയുന്നതും, വെളിപാട് മുന്നോട്ട് വച്ച അറിവുകളെയും ലോകവീക്ഷണത്തെയും ശരിയായി വിശദീകരിക്കുന്നതുമാണ് തങ്ങളുടെ ഘടന എന്ന് അവർ ഉറച്ചു വിശ്വസിച്ചു. വെളിപാട്, പണ്ഡിത-പാമര ഭേദമന്യേ സർവരാലും മനസിലാക്കാൻ കഴിയുന്ന രീതിയിൽ സത്യത്തെ ഉപമകളും അലങ്കാരങ്ങളുമായി പ്രയോഗിച്ചിരിക്കുന്നു എന്നും, ചില സന്ദർഭത്തിൽ അത് പ്രത്യക്ഷമായി തത്ത്വ ചിന്തയോട് യോജിക്കാതെ വരുന്നത് വിശദീകരണത്തിന്റെ അപര്യാപ്തത ഒന്ന് കൊണ്ട് മാത്രമാണെന്നും കൂടിയായിരുന്നു ഈ ആത്മവിശ്വാസത്തിന്റെ അർത്ഥം.
ഹേതുവാദം (causality) അഥവാ കാര്യകാരണ ബന്ധമാണ് ഫലസഫയെ സംബന്ധിച്ച് അതിഭൗതികതയുടെയും ഭൗതികതയുടെയും കാതലായ ഒരു തത്ത്വം. ഇബ്‌നു സീന എഴുതി. “ചലിച്ചു കൊണ്ടിരിക്കുന്നതായതോ അല്ലെങ്കിൽ ദ്രവ്യമായും (matter) രൂപമായും (form) തീർക്കപ്പെട്ടിരിക്കുന്നതോ ആയ സകല വസ്തുക്കൾക്കും കാരണങ്ങളുണ്ട് (causes).” കാര്യകാരണ ബന്ധം എന്നത് ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനവും അതിഭൗതികമായ വേരുകളിൽ വ്യക്തമായി സ്ഥാപിക്കപ്പെട്ടതുമായ ഒരു സിദ്ധാന്തമാണ് എന്ന് സാരം. ഈ കാര്യകാരണ ബന്ധത്തെ കുറിച്ച, എന്തു കൊണ്ടെന്ന ഏതൊരു ചോദ്യവും, അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ നാലു തരം കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
1) പദാർത്ഥപരമായ കാരണം (Material cause)
2) ആകാരപരമായ കാരണം (Formal cause)
3) അന്തിമമായ കാരണം (Final cause)
4) ഫലപ്രദമായ കാരണം (Efficient cause)
ഒരു മരക്കസേര ഉദാഹരണമായി എടുക്കുക. അത് മരക്കസേര ആയിരിക്കുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? അതിന് ഉപയോഗിച്ചിരിക്കുന്ന മരത്തടിയാണ് അതിന്റെ പദാർത്ഥപരമായ കാരണം. കസേരയുടെ പ്രത്യേകമായ രൂപകല്പനയാണ് അതിന്റെ ആകാരപരമായ കാരണം. മേശയുടെ രൂപത്തിൽ കസേര സാധ്യമല്ലല്ലോ? ഒരു വസ്തുവിന്റെ ലക്ഷ്യമാണ് അതിന്റെ അന്തിമമായ കാരണം. കസേരയുടെ കാര്യത്തിൽ, അത് ഇരിക്കാനായി രൂപകൽപ്പന ചെയ്തു എന്ന നിലയിൽ ആ ഉപയോഗം അന്തിമ കാരണമായി തീരുന്നു. ഈ മൂന്നു കാരണങ്ങൾ ഉള്ളത് കൊണ്ട് മാത്രം പക്ഷെ കസേര ഉണ്ടാവുന്നില്ല. ഏറ്റവും പ്രധാനമായി അതിനെ നിർമിക്കുന്ന ഒരു ആശാരി ആവശ്യമുണ്ട്. അതാണ് ഫലപ്രദമായ കാരണം. ഇതിലെ ആകാരപരവും പദാർത്ഥപരവുമായ കാരണങ്ങൾ മാറ്റിയാൽ മറ്റു രണ്ടും വസ്തുവിന് പുറമെയുള്ളതാണ്. ഒന്നു കൂടി വിശദമാക്കിയാൽ നമ്മുടെ ഉദാഹരണത്തിൽ പദാർത്ഥവും ആകാരവും മരക്കസേരയിൽ തന്നെയുണ്ട്. മറ്റു രണ്ട് കാരണങ്ങളും പക്ഷെ അങ്ങനെയല്ല. അവയെ രണ്ടും, വ്യത്യസ്ഥമായ തലങ്ങളിൽ പിൽക്കാലത്ത് നിയോപ്ലാറ്റോണിക്ക് ചിന്തകരും ഇസ്ലാമിക തത്ത്വചിന്തകരും ഉപയോഗപ്പെടുത്തുന്നുണ്ട്.
അരിസ്റ്റോട്ടിലിന്റെ തന്നെ എനർഗിയ (energeia) എന്ന മറ്റൊരു ആശയം അതിനോട് അവർ ചേർത്ത് വയ്ക്കുന്നു. എല്ലാ വസ്തുവിലും അന്തർലീനമായിട്ടുള്ളതാണ് അതിന്റെ പ്രകൃതം (potentiality) എന്ന ഒരു തത്ത്വ സിദ്ധാന്തമാണത്. ഒരു മാങ്ങയണ്ടിയിൽ നിന്നും മാവ് ഉണ്ടാവുന്നു. മാങ്ങയണ്ടിയിൽ തന്നെ അന്തർലീനമായിരിക്കുന്നു മാവ് എന്ന സാധ്യത. മറിച്ച് അതിന് പ്ലാവ് ആയി തീരുക ഒരിക്കലും സാധ്യമല്ലല്ലോ? ഈ വിധത്തിൽ ഓരോ വസ്തുവും അതിനു പൂർത്തീകരിക്കാനുള്ള അന്തർലീനമായ കഴിവുകളിലൂടെയാണ്, സാധ്യതയിൽ നിന്ന് യാഥാർഥ്യത്തിലേക്ക് വികാസം പ്രാപിക്കാനാവുക. ഇതിനെ അന്തിമ കാരണവുമായി (final cause ) ബന്ധപ്പെടുത്തി ശ്രേണീകൃതമായ ഒരു ലോകത്തെ ഇസ്‌ലാമിക തത്ത്വചിന്തകർ മുന്നോട്ടു വച്ചിട്ടുണ്ട്. മുമ്പ് വിവരിച്ച പോലെ അന്തിമ കാരണം ഉദ്ദേശ-ലക്ഷ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് വസ്തുക്കൾ അവയുടെ പ്രകൃതിയിൽ അന്തർലീനമായ സാധ്യതകളുടെ ശൃംഘലകളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഏറ്റവും പരമമായ ലക്ഷ്യത്തിലേക്ക്, ഏകനായ ഇലാഹിലേക്ക്, ചെന്ന് ചേരുന്നു. ഓരോന്നും അതിന്റെ തൊട്ടടുത്ത സാധ്യതയിലേക്കാണ് നയിക്കുക. ഇത് ശ്രേണീകൃതവും വ്യത്യസ്ത തലങ്ങളുള്ളതുമായ ഉണ്മകളെ സൃഷ്ടിക്കുന്നു. ഓരോന്നും അതിന്റെ ശൃംഘലയിൽ തൊട്ടു മേലെയുള്ളതിന്റെ ഫലപ്രദ കാരണത്താൽ (Efficient Cause) നിലവിൽ വരികയും സമാനമായി താഴെയുള്ളതിനെ സാധ്യമാക്കുകയും ചെയ്യുന്നു. ഈ ശൃംഘലയിൽ ഒന്നു മറ്റൊന്നിനെ തുടരുന്നത് കാലബദ്ധമായല്ല. മേലെയുള്ളതിന് താഴെ വരുന്നതിൽ നിന്നുള്ള മുൻഗണന മറിച്ചു സത്തപരമാണ്. എല്ലാം ഒരേ സമയം നില കൊള്ളുകയും സത്താപരമായി ശ്രേണിയിൽ തൊട്ട് മുകളിൽ വരുന്നന്നതിനെ ആശ്രയിക്കുകയും ചെയ്യുന്നു. ഈ പിരമിഡ് പോലുള്ള സിദ്ധാന്തീകൃത (speculative) ശ്രേണിയുടെ ഏറ്റവും മീതെ ദൈവം സ്ഥിതി ചെയ്യുന്നു. അതിനു താഴെ ദിവ്യമായ ആകാശമണ്ഡലം (celestial sphere), പിന്നെ ചാന്ദ്രമണ്ഡലം (sub lunar sphere) തുടർന്ന് സജീവബുദ്ധി (active intellect ), മനുഷ്യൻ, ഇങ്ങനെ അത് താഴേക്കു താഴേക്ക് നീളുന്നു. സജീവബുദ്ധി എന്നത് മനുഷ്യനിൽ നിന്നു വേറിട്ട അമൂർത്തമായ ഒരു ആശയമണ്ഡലമായിട്ടാണ് മനസ്സിലാക്കപ്പെട്ടിരുന്നത് എന്ന് തിരിച്ചറിയണം. അതു പോലെ തന്നെ ഈ ക്രമം സ്ഥലവുമായി ബന്ധിതമായ (spacial ) ഒരു വസ്തുതയെ കുറിച്ചല്ല സംസാരിക്കുന്നത്. ഇതിന്റെ വിശദമായ വിവരണങ്ങൾ ഇബ്‌നു സീനയുടേയും അൽ ഫാറാബിയുടേയും ഗ്രന്ഥങ്ങളിൽ കാണാം. ആത്യന്തികമായി എല്ലാത്തിന്റെയും കാരണമായി നിലനിൽക്കുന്നത് ദൈവമാണ് എന്നിരിക്കിലും ഈ ശ്രേണിയുടെ ക്രമത്തിലൂടെയാണ് സകലതും സംഭവിക്കുക എന്നത് കൊണ്ട് എല്ലാറ്റിനും പിന്നിൽ സമീപസ്ഥമായി വരുന്ന രണ്ടാം ഘട്ട കാരണങ്ങളുമുണ്ട്. ഈ ദ്വിതീയ കാരണങ്ങൾ തത്ത്വചിന്തകരുടെ ലോകവീക്ഷണത്തിൽ അത്യന്തം പ്രധാനമായ സ്ഥാനം അലങ്കരിക്കുന്നു.
ഈ ഘടനയിൽ സൃഷ്ടിപ്പ് എന്നത് ഒരർത്ഥത്തിൽ പ്രവാഹമാണ് (Emanation). സൂര്യനിൽ നിന്ന് വെളിച്ചം പ്രകാശിക്കുന്ന പോലെ ദൈവത്തിൽ നിന്നും പ്രവഹിക്കുകയാണ് ലോകത്തിന്റെ ഉണ്മ എന്ന് വേണമെങ്കിൽ അസമർഥമായി ഉദാഹരിക്കാം. എന്നാൽ ദൈവത്തിൽ നിന്ന് വ്യത്യസ്തമാണ് പ്രപഞ്ചം. ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തിൽ, ദൈവത്തെ ഫലപ്രദ കാരണമായി നിരൂപിക്കുന്ന ഇബ്‌നു സീനയുടെ വിശദീകരണത്തിൽ ഇത് ഉള്ളടങ്ങിയിരിക്കുന്നു. ദൈവത്തിൽ നിന്നും ഉത്ഭവിക്കുന്ന വ്യത്യസ്തമായ ഒരു ഉണ്മയാണ് പ്രപഞ്ചം. ദൈവം ഇവിടെ അനിവാര്യ കാരണം കൂടിയാണ് (Essential Causality/ illa dhatiyya). ഫലപ്രദ കാരണം അതിൽ തന്നെ പര്യാപ്തം (sufficient) എന്ന് വരുമ്പോഴാണ് അത് അനിവാര്യ കാരണമാവുന്നത്. അതായത് ഫലപ്രദ കാരണത്തിന്റെ ഉണ്മ കൊണ്ട് മാത്രം അതിന്റെ ‘എഫക്ട്’ അനിവാര്യമാവുന്നു. മറ്റൊന്നും ആവശ്യമില്ല. (നാം മുമ്പ് പരിഗണിച്ച ഉദാഹരണത്തിൽ ആശാരിയായിരുന്നു മരക്കസാരയുടെ ഫലപ്രദ കാരണം. എന്നാൽ ആശാരി അനിവാര്യ കാരണമല്ല. കാരണം ആശാരി ഉള്ളത് കൊണ്ട് മാത്രം മരക്കസേര ഉണ്ടാവുന്നില്ല. മറ്റു പലതും ആശ്രയിച്ചു കൂടിയാണ് മരക്കസേരയുടെ നിർമിതി നടക്കുന്നത്. എന്നാൽ ദൈവവും പ്രപഞ്ചവും തമ്മിലുള്ള ഫലപ്രദ കാര്യകാരണ ബന്ധം അത്തരത്തിലല്ല. ആണെന്ന് പറയുക യുക്തിഭദ്രവുമല്ല.) ദൈവത്തിന്റെ ഉണ്മ കൊണ്ട് തന്നെ പ്രപഞ്ചം അനിവാര്യമാവുന്നു. ഇത് ദൈവാസ്തിക്യത്തെ വിശദീകരിക്കുന്ന ആഴമുള്ള നിരീക്ഷണങ്ങളാണ്.
ഫലസഫയുടെ ചിന്താരീതിയിലേക്ക് ഹ്രസ്വമായി വെളിച്ചം വീശാൻ മാത്രമേ ഇവിടെ ശ്രമിച്ചിട്ടുള്ളൂ. വിശദമായി അത് കൈകാര്യം ചെയ്യുക നമ്മുടെ വിഷയ പരിധിക്ക് പുറത്താണ്. ഗസ്സാലിയുടെ വിമർശന പരിപേക്ഷ്യം മനസിലാക്കാനുള്ള അളവിൽ ചില കാര്യങ്ങൾ പരാമര്ശിക്കുകയാണ് ചെയ്തത്. കൃത്യമായി മനസിലാക്കേണ്ടത്, സമർത്ഥമായ വാദഗതികളാൽ യുക്തിയുക്തം സ്ഥാപിച്ച അടിത്തറയിൽ, വഹ്‌യിലൂടെയും യുക്തിയിലൂടെയും ലഭിച്ച അറിവുകളെ സമഞ്ജസമായി സമ്മേളിപ്പിക്കുന്ന വിദഗ്ധമായ ജ്ഞാനഘടനയാണ് ഫലസഫ മുന്നോട്ട് വച്ചത്. അതിന് അവർ കൃത്യമായ അതിഭൗതിക അടിത്തറ തീർത്തു. ഈ സ്തുത്യർഹമായ സേവനങ്ങൾക്കിടയിലും ഫലസഫ കുടമഴിച്ചു വിട്ട നിരവധി ഭൂതങ്ങൾ വൈജ്ഞാനിക ലോകത്തെ കലുഷമാക്കി. ഫലസഫയുടെ അടിസ്ഥാനങ്ങളുടെ നിരവധിയായ വ്യാഖ്യാനങ്ങളിലൂടെ പുതിയ സങ്കീർണതകൾ രംഗപ്രവേശം ചെയ്തു. ഇസ്ലാമിക സിദ്ധാന്തങ്ങളെ ഒരു വശത്ത് ശക്തമായ അടിത്തറയിൽ സ്ഥാപിക്കുമ്പോൾ, മറുവശത്ത് തത്ത്വചിന്താപരമായ ചോദ്യങ്ങളുടെ വലിച്ചു നീട്ടിയ അസ്ഥാനത്തുള്ള പ്രയോഗം വഴി അതിനു മേൽ കരിനിഴൽ വീഴാനും സാധ്യതകൾ തെളിഞ്ഞു. വൈജ്ഞാനിക വ്യതിരിക്തതയോടെ കാര്യങ്ങളെ സമീപിക്കുന്ന ജ്ഞാനികളെ സംബന്ധിച്ച് നെല്ലും പതിരും തിരിച്ചറിയുക ദുഷ്കരമായില്ല. എന്നാൽ സാധാരണക്കാരുടെ ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ധാരണകൾ തത്‌ഫലമായി ഉയർന്നു വന്നു. ഉദാഹരണമായി, ഇബ്‌നു സീന ദൈവത്തെ അനിവാര്യ കാരണമായി വിശദീകരിച്ചപ്പോൾ അവന്റെ ഉണ്മ മാത്രം കൊണ്ട് പ്രപഞ്ചം അനിവാര്യമായി നിലവിൽ വരുന്നു എന്ന് പറഞ്ഞു. അതിന്റെ സ്വാഭാവിക തുടർച്ചയായി വരുന്നതാണ് അനിവാര്യമായ കാര്യവും കാരണവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെ കുറിച്ച ചർച്ച. അതായത് അനിവാര്യമായത് കൊണ്ട് തന്നെ കാര്യം സദാ കാരണത്തെ തുടർന്ന് സംഭവിച്ചു കൊണ്ടേ ഇരിക്കണം. ഏതെങ്കിലും ഒരു നിമിഷത്തിൽ കാര്യം കാരണത്തെ പിന്തുടരാതിരുന്നാൽ പിന്നെയത് അനിവാര്യം എന്ന് പറയാൻ അർഹമല്ല. അപ്പോൾ സൃഷ്ടാവ് അനശ്വരനായത് കൊണ്ട് തന്നെ ആ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചവും എന്നും നിലനിൽക്കുന്നതാണ് എന്ന് വിചാരിക്കേണ്ടി വരും! ‘പ്രപഞ്ചത്തിന്റെ അനശ്വരത’ എന്ന വിവാദപരമായ ആശയം തത്ത്വചിന്തകർ ഉയർത്തുന്നത് ഇങ്ങനെയാണ്. ഇസ്ലാമിക സിദ്ധാന്തങ്ങൾ മുന്നോട്ട് വയ്ക്കുന്ന നശ്വരലോകം എന്ന ആശയവുമായി അത് ഇടയുന്നു. അത്തരം ഏറ്റുമുട്ടലുകളെ വ്യാഖ്യാനങ്ങളിലൂടെ മറികടക്കാനായിരുന്നു അവർക്ക് താത്പര്യം. പ്രപഞ്ചം സർവ്വ വിധത്തിലും സൃഷ്ടാവിനെ ആശ്രയിച്ചിരിക്കുന്നു എന്നത് സൂചിപ്പിക്കുകയാണ് നശ്വരത കൊണ്ട് വഹ്‌യ് ഉദ്ദേശിക്കുന്നത് എന്നവർ വിശദീകരിക്കുന്നു. പക്ഷെ സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കാനും ഇസ്ലാമിക സിദ്ധാന്തങ്ങളെ സംബന്ധിച്ചു വ്യക്തതയില്ലായ്മ വളർത്താനും അത് വഴി മതത്തിന്റെ സാമൂഹിക പ്രവർത്തനത്തെ തന്നെ അവതാളത്തിലാക്കാനും അത് ഇട വരുത്തും എന്ന് മറ്റുള്ളവർ ഭയപ്പെട്ടു.
ഇത്തരം വൈരുദ്ധ്യങ്ങളെ അഭിസംബോധന ചെയ്യുക എന്ന അടിയന്തര ദൗത്യമാണ് ഇല്മുൽ കലാമിന്റെ പരിസരത്ത് നിന്നും ഇമാം ഗസ്സാലിക്ക് നിർവഹിക്കേണ്ടിയിരുന്നത്. ‘തഹാഫത്ത് ഫലസഫ’ (ഇനി മുതൽ തഹാഫുത്ത് എന്ന് പരാമർശിക്കുന്നു) എന്ന ശ്രേഷ്ഠ ഗ്രന്ഥം പിറവിയെടുക്കുന്നത് അങ്ങനെയാണ്. വിമര്ശനമായിട്ട് കൂടി, തത്ത്വശാസ്ത്ര സാഹിത്യങ്ങളുടെ ചരിത്രത്തിൽ തന്നെ മാതൃകാ സൃഷ്ടിയായി തീരും വിധം തത്ത്വചിന്ത ആഴത്തിൽ അതിന്റെ പൂർണമായ സങ്കേതങ്ങളിൽ കൈകാര്യം ചെയ്യാൻ ഈ ഗ്രന്ഥത്തിനായി.

good work ......
ReplyDeletethank you hasim and ihsan web team
ReplyDelete