സ്ഥിരംകഥയാവുന്ന രാജ്യദ്രോഹവും പഴങ്കഥയാവുന്ന മനുഷ്യാവകാശവും

SHARE:

 "അക്രമത്തില്‍ ഏര്‍പ്പെടുന്നതിലൂടെ പൊതു സമാധാനത്തെ തകരാറിലാക്കുകകയോ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്യാന്‍ ഉദ്ദേശിക്കുന്ന  അല്ലെങ്കില്‍ അത്തരം പ്രവണതയുള്ള പ്രവര്‍ത്തനങ്ങളെ മാത്രമേ രാജ്യദ്രോഹക്കുറ്റമായി നിര്‍ദേശിക്കുന്നുള്ളൂ. ഏതൊരു ജനാധിപത്യ രാഷ്ട്രത്തിലും  ഭരണകൂടത്തിന്റെ  മനസ്സാക്ഷി കാവല്‍ക്കാരാണ് പൗരന്മാര്‍. ഭരണകൂട നയങ്ങളോട് വിയോജിക്കുന്നതിലൂടെ അവരെ തടവിലാക്കാന്‍  കഴിയില്ല. രാജ്യദ്രോഹക്കുറ്റം കൊണ്ട് സര്‍ക്കാരിന്റെ മുറിവേറ്റ പ്രതിച്ഛായയെ ശുശ്രൂഷിക്കാന്‍ കഴിയില്ല". ടൂള്‍കിറ്റ് കേസില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ് ദിശ  രവിക്ക് ജാമ്യം അനുവദിച്ചു കൊണ്ട് വിധി പ്രഖ്യാപിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി ധര്‍മേന്ദ്ര റാണയുടെ പ്രസ്താവനയാണിത്. അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്ത് നടക്കുന്ന അറസ്റ്റുകളുടെ ആകെത്തുക എന്ന് വേണം ഇതിനെ പറയാന്‍.  കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ഈ വിഭാഗം  രാജ്യദ്രോഹികളാണെന്ന്  വരുത്തി തീര്‍ക്കുകയും ചെയ്യുക എന്നത് കേന്ദ്രസര്‍ക്കാറിന്റെ പതിവ് പല്ലവി ആയി മാറിയിരിക്കുന്നു.  കേന്ദ്രസര്‍ക്കാരിനുള്ള ശക്തമായ വിമര്‍ശനമാണ് മുഖ്യ ജഡ്ജി  ധര്‍മ്മേന്ദ്രറാണയുടെ വാക്കുകളില്‍ തെളിയുന്നത്.. എന്തിനും ഏതിനും കേന്ദ്ര സര്‍ക്കാര്‍  രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിലൂടെ പത്രമാധ്യമങ്ങള്‍ക്കും  ഇതൊരു പതിവ് വാര്‍ത്തയായി മാറിയിരിക്കുന്നു.

ഇന്ത്യയില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട്  അറസ്റ്റിലാകുന്നവരുടെ കണക്ക് 2016 മുതല്‍ വളരെ വലിയ തോതില്‍ വര്‍ധിച്ചു വരികയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2016 നേക്കാള്‍ രാജ്യദ്രോഹക്കുറ്റം 160 ശതമാനം കേസുകളിലാണ് 2019 ആയപ്പോഴേക്ക് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ അതില്‍ കുറ്റക്കാരാണെന്ന് തെളിയുന്നത് 2016ല്‍  33.3 ശതമാനം ആയിരുന്നെങ്കില്‍ 2019 ല്‍ വെറും 3.3 ശതമാനം മാത്രമേ ഉള്ളൂ. രാജ്യത്ത് നടക്കുന്ന രാജ്യദ്രോഹ കുറ്റങ്ങളിലെ അറസ്റ്റിന്  പിന്നിലെ നിഗൂഢ ലക്ഷ്യവും നിരര്‍ത്ഥകതയും എന്താണെന്ന് മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ തന്നെ ധാരാളമാണ്. അതുകൊണ്ട് തന്നെ ജെ എന്‍  യുവും  ജാമിഅ മില്ലിയ്യയും കഴിഞ്ഞ് ദിശരവിയില്‍ എത്തിച്ചേര്‍ന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ  അറസ്റ്റ് ചെയ്തു നിയമപരമായി മുന്നോട്ടു പോകാതെ ശിക്ഷിക്കുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്യാതെ തടങ്കലില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചു കൊണ്ട് അവരെ തകര്‍ക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

രാജ്യദ്രോഹക്കുറ്റം അഥവാ സെഡിഷന്‍ സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെയുള്ള രാഷ്ട്രീയ ഉപകരണമായി ഇന്ന് വളരെയധികം ഉപയോഗിച്ചുവരുന്നു. 1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമം 124 A ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 124 A പ്രകാരം 'ഒരു വ്യക്തി എഴുത്തുകളിലൂടെയോ അയാളുടെ വാക്കുകളിലൂടെയോ  മറ്റെന്തെങ്കിലും പ്രത്യക്ഷ പ്രതിനിധാനങ്ങളിലൂടെയോ ഇന്ത്യയില്‍ നിയമപരമായി നിലനില്‍ക്കുന്ന സര്‍ക്കാറിനെതിരെ വിരോധം ജനിപ്പിക്കുകയോ അതിനായി ശ്രമിക്കുകയോ  ചെയ്താല്‍ അത് രാജ്യദ്രോഹമാണ്. അതേസമയം ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 19 (1)പ്രകാരം മൗലികാവകാശങ്ങളില്‍പെട്ട അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഏതൊരു പൗരനും അവകാശമുണ്ട്. രാജ്യദ്രോഹക്കുറ്റത്തിന് കൃത്യവും വ്യക്തവുമായ നിര്‍വചനം ഭരണഘടനയില്‍ ഇല്ലാത്തതുകൊണ്ട് തന്നെ പിന്നീട് വന്ന 1962-ലെ കേദാര്‍ നാഥ് സിംഗ് കേസും ഇതില്‍ പ്രസക്തമാണ്. ഈ കേസില്‍ സുപ്രീംകോടതി രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാപരമായ പ്രയോഗവല്‍ക്കരണം 'പൊതു ക്രമക്കേട് സൃഷ്ടിക്കുന്നതിനുള്ള ഉദ്ദേശം അല്ലെങ്കില്‍ അതിനുള്ള പ്രവണത,  ക്രമസമാധാന തടസ്സപ്പെടുത്തല്‍ അല്ലെങ്കില്‍ അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍' പരിമിതപ്പെടുത്തി. വളരെ ശക്തമായ സംസാരം അല്ലെങ്കില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഊര്‍ജ്ജസ്വലമായ വാക്കുകള്‍ എന്നിവയില്‍ നിന്ന് ഇവ വേര്‍തിരിച്ചു. പിന്നീട് വന്ന 1995ലെ ബല്‍വന്ദ് സിംഗ് കേസില്‍ പഞ്ചാബിലെ സുപ്രീംകോടതി പൊതുജന പ്രതികരണങ്ങളൊന്നും സൃഷ്ടിക്കാത്ത മുദ്രാവാക്യം രാജ്യദ്രോഹത്തിന് തുല്യമല്ല  എന്ന് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാറിനെ വെറുക്കുന്നത് ആയി കണക്കാക്കിയാലും അത് അക്രമ ത്തിന് പ്രേരിപ്പിച്ചില്ലെങ്കില്‍ അത് രാജ്യദ്രോഹക്കുറ്റം അല്ല... സര്‍ക്കാര്‍ നടപടികളോടുള്ള വിയോജിപ്പും വിമര്‍ശനവും ആ നടപടി ഇല്ലാതാക്കാന്‍ നിയമം അനുവദിക്കുന്ന ഉപാധികള്‍   സ്വീകരിക്കുന്നതും ഈ വകുപ്പ് പ്രകാരം കുറ്റകരമല്ല.

ലോകത്തിലെ പല ജനാധിപത്യ രാജ്യങ്ങളിലും സര്‍ക്കാറിനെതിരെ വരുന്ന സത്യസന്ധമായ അഭിപ്രായപ്രകടനങ്ങള്‍,  വിമര്‍ശനങ്ങള്‍ പോലും രാജ്യദ്രോഹം ആയിട്ടാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ ജനാധിപത്യരാജ്യങ്ങളില്‍ ഭരണഘടന ഉറപ്പുവരുത്തുന്ന വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനങ്ങള്‍ക്കും വേണ്ടി പൗരന്‍മാര്‍ കോടതി കയറിയിറങ്ങുന്നതിലൂടെ അട്ടിമറിക്കപ്പെടുന്നത്  ഭരണഘടന തന്നെയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നവരില്‍ ഭൂരിപക്ഷം പേരും പുരോഗമന ചിന്തകന്മാരും എഴുത്തുകാരും സാമൂഹിക - രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് എന്നതാണ് വാസ്തവം.

കൊളോണിയല്‍ സന്തതിയായി പിറവിയെടുത്ത രാജ്യദ്രോഹക്കുറ്റത്തിന്റെ  പ്രഥമലക്ഷ്യം അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്യാനും സര്‍ക്കാറിനെതിരെ അതൃപ്തി പരത്തുന്ന തരത്തിലുള്ള പ്രസംഗങ്ങളെ നിയമവിരുദ്ധമാക്കാന്‍ വേണ്ടിയുമായിരുന്നു. അങ്ങനെ ബംഗോബോസിയുടെ എഡിറ്റര്‍ എന്ന നിലയില്‍ കേധര്‍ ചന്ദ്രബോസിനെതിരയാണ്  124 A  ഐപിസി നിയമം ആദ്യമായി ഉപയോഗിച്ചത് . പിന്നീട് 1897 ല്‍ കേസരിയില്‍ വന്ന ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ബാലഗംഗാധരതിലകിനെയും 1922ല്‍  തന്റെ  ലേഖനങ്ങള്‍ കാരണം മഹാത്മാ ഗാന്ധിജിയെയും  അറസ്റ്റ് ചെയ്തു.  അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രബുദ്ധരായ സ്വാതന്ത്ര്യ പോരാളികളെ അടിച്ചമര്‍ത്താന്‍ തെരഞ്ഞെടുത്ത ഇതേ വഴി തന്നെയാണ് ഇന്ന് എന്‍ ഡി എ  സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. അന്ന് ഗാന്ധിജിയും ബാലഗംഗാധരതിലകുമൊക്കെ ആയിരുന്നു ഇരകള്‍ എങ്കില്‍ ഇന്നത്തെ ഇരകള്‍ പ്രശസ്ത എഴുത്തുകാരിയായ അരുന്ധതി റോയിയും തമിഴ്‌നാട്ടിലെ നാടോടി  ഗായകന്‍ എസ് കോവനും  ഗുജറാത്തിലെ ടൈംസ് ഓഫ് ഇന്ത്യ ജേര്‍ണലിസ്റ്റുകളും ജെഎന്‍യു വിദ്യാര്‍ത്ഥികളായ കന്നയ്യകുമാറും caa  പ്രക്ഷോഭത്തിനു മുന്നില്‍ നിന്ന് നയിച്ച ജാമിഅ മില്ലിയ വിദ്യാര്‍ഥികളും ഒക്കെയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ആക്ടിവിസ്റ്റ് ദിശ  രവി.

വര്‍ദ്ധിച്ചുവരുന്ന രാജ്യദ്രോഹ കുറ്റവും യുഎപിഎ ചുമത്തലിലൂടെയും ഉടലെടുക്കുന്നത് ഒരുപാട് മനുഷ്യാവകാശ ലംഘന കേസുകളാണ്. രാജ്യ ദ്രോഹകുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ഏതൊരു വ്യക്തിക്കും അതിലൂടെ ലംഘിക്കപ്പെടുന്നത് അവന്റെ ഏറ്റവും മൂല്യവത്തായ മാനുഷിക അവകാശങ്ങളാണ്. മാസങ്ങളോളം ചോദ്യം ചെയ്യുക എന്ന നിലക്ക് തടവില്‍ വെക്കുന്ന സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഹനിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ ഇന്ന് ചര്‍ച്ചയില്‍ നിന്ന് തന്നെ അകന്നുപോയിരിക്കുന്നു.  ഹത്രാസ്  കേസില്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനിടക്ക് അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇപ്പോഴും ജയിലിലാണ്. ഒരുഭാഗത്ത് മനുഷ്യാവകാശ കമ്മീഷന്റെ പ്രമുഖ സമ്മേളനങ്ങളില്‍ കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ മനുഷ്യാവകാശത്തെക്കുറിച്ച് കൊട്ടി  ഘോഷിക്കുമ്പോള്‍  മറുഭാഗത്ത് ഒരുപാട് നിസ്സഹായരായ,  നിരപരാധികളായ മാധ്യമപ്രവര്‍ത്തകര്‍  തങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ട്  ജയിലില്‍ കിടക്കുകയാണ്. കര്‍ഷക സമരത്തെ ആഗോള സമരമുഖത്തേക്ക് എത്തിച്ച 22കാരി ദിശ  രവിക്ക് നേരെയുള്ള സര്‍ക്കാരിന്റെ  നടപടികളില്‍ നിന്ന് തന്നെ വ്യക്തമാണ് മനുഷ്യാവകാശത്തെ ക്കുറിച്ച് സംസാരിക്കുന്നവര്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ സമീപനം.  ആക്ടിവിസ്റ്റ് എന്ന വാക്ക് ആരുടെയൊക്കെ പേരിന് പിന്നില്‍ നാം ചേര്‍ത്തി കൊടുത്തോ അവരൊക്കെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളായി മാറിയിരിക്കുന്നു. അടിച്ചമര്‍ത്തപ്പെടുന്ന, അരിക്‌വല്‍ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിന് വേണ്ടി അല്പം പോലും ശബ്ദിക്കരുത് എന്ന നിലയിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ സമ്പ്രദായങ്ങള്‍ എത്തിച്ചേരുന്നത്. സോഷ്യല്‍ മീഡിയകളില്‍ പോലും രാജ്യത്ത് നടക്കുന്ന മൗലികാവകാശ ലംഘനങ്ങളെ കുറിച്ച് സംസാരിച്ചാല്‍, ഉയര്‍ന്നുവരുന്ന മാനുഷികമൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തെക്കുറിച്ച് ശബ്ദിച്ചാല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കല്‍പ്പിക്കുന്ന ഒരു ഗവണ്‍മെന്റില്‍ നിന്ന് നാം ഇതിനേക്കാള്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ് ? മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇവിടെ ഒരു മനുഷ്യനും അവകാശമില്ല എന്ന് വേണം ഇതിനെ വ്യക്തമാക്കി പറയാന്‍. ഇനി അത് രാജ്യത്തിന് പുറമേനിന്നുള്ള സംസാരം ആണെങ്കില്‍  അത് കുപ്രചാരണവും തെറ്റിദ്ധാരണയും  കാരണമാണെന്ന് വരുത്തി തീര്‍ക്കുകയും ഞങ്ങള്‍ എന്നും  ഒരുമിച്ചുള്ള സമൂഹം ആണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ഇതുപോലത്തെ ഒരു ഗവണ്‍മെന്റ് നൂറ്റാണ്ടില്‍ ഒന്നേ കാണുള്ളൂ..


മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ആഗോള വിഷയമാണ്. ലോകത്ത് എവിടെ നടന്നാലും അതിനെതിരെ ലോകം പ്രതികരിക്കും. അതുകൊണ്ടാണ് മ്യാന്‍മറിലെ റോഹിന്‍ഗ്യകള്‍ക്കും ഇറ്റാലിയന്‍ തീരത്തുള്ള സിറിയക്കാര്‍ക്കും  പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും  ഫലസ്തീനികള്‍ക്കും ചൈനയിലെ  ഉയ്ഗൂര്‍  മുസ്ലീങ്ങള്‍ക്കും വേണ്ടി ലോകം പ്രതികരിക്കുന്നത്. ഈ വിഷയങ്ങളില്‍ ഒക്കെ ആഗോള രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായി സംസാരിച്ചിരുന്ന ഇന്ത്യയുടെ അകത്തുള്ള കര്‍ഷക സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ലോകം പ്രതികരിച്ചപ്പോള്‍ അത് ഞങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ഇടപെടേണ്ട എന്നും പറയുന്നത് എന്തൊരു വിഡ്ഢിത്തമാണ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ എന്നും ഇന്ത്യക്ക് മഹത്തായ ഒരു സ്ഥാനമാണ് ഉണ്ടായിരുന്നത്. സൗത്താഫ്രിക്കയിലെ അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യവിഭാഗത്തിന് വേണ്ടി ഇന്ത്യ നടത്തിയ പോരാട്ടം ശക്തമാണ്. യു എന്‍ മനുഷ്യാവകാശ കമ്മീഷനിലെ ആദ്യ അംഗങ്ങളില്‍ ഒന്നായ രാജ്യം കൂടിയാണ് ഇന്ത്യ. ഇന്റര്‍നാഷണല്‍ ബില്‍ ഓഫ് റൈറ്റ്‌സ് നിര്‍മ്മിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച രാജ്യവും ഇന്ത്യയാണ്. ഇത്തരത്തിലുള്ള ഒരു രാജ്യത്താണ് ഇന്ന് മനുഷ്യാവകാശം പഴങ്കഥ ആവുകയും രാജ്യദ്രോഹക്കുറ്റം സ്ഥിരം കഥയായി മാറുകയും ചെയ്യുന്നത്.

ദേശീയ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുമ്പോള്‍ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും രാജ്യസുരക്ഷയും വിദേശ ബന്ധങ്ങളും പൊതു സമാധാനവും തുടങ്ങിയവയൊക്കെ രാജ്യദ്രോഹനിയമം വഴി  നിയന്ത്രിക്കുന്നുണ്ടെങ്കിലും അതിനേക്കാള്‍ വലിയ സ്വേച്ഛാധിപത്യ ചൂഷണം ഈ നിയമം വഴി നടക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ അഖണ്ഡതയും അഭിമാനവും കാത്തു സൂക്ഷിക്കേണ്ടതാണ് പക്ഷേ അതിന്റെ പേരില്‍ സര്‍ക്കാരിന്റെ നടപടികള്‍ ക്രിയാത്മകമായി വിമര്‍ശിക്കുന്ന പൊതു ചര്‍ച്ചകള്‍,  ആവിഷ്‌കാരങ്ങള്‍  തുടങ്ങിയവ രാജ്യദ്രോഹമായി മാറ്റപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്  വെല്ലുവിളിയാണ്. ഭരണഘടനാ നിര്‍മ്മാണസമയത്ത് തന്നെ ഗുരുതര എതിര്‍പ്പ് വന്ന ഈ നിയമം  ഇനിയും ഇങ്ങനെ തന്നെ  തുടരുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

1860 ന് ശേഷം 1962-ലാണ് രാജ്യദ്രോഹ നിയമത്തില്‍ മാറ്റം വരുത്തുന്നത്. പിന്നീട് അതിനു ശേഷം ഇന്നും അതേ നിയമം തുടരുകയാണ്. സോഷ്യല്‍ മീഡിയകളും പത്രമാധ്യമങ്ങളും അത്രമേല്‍ പടര്‍ന്നുപന്തലിച്ചി രിക്കുന്ന നവയുഗത്തില്‍ രാജ്യദ്രോഹ നിയമത്തെ അതേപോലെ സ്ഥായിയായി നിര്‍ത്തുന്നത് വിഡ്ഢിത്തമാണ്. ഒരു പരിപൂര്‍ണ്ണ പുനര്‍നിര്‍ണയം ഈ വിഷയത്തില്‍ അത്യാവശ്യമാണ്. ഫൈവ് ജി നെറ്റ് വര്‍ക്കിന്റെ സാങ്കേതിക വിപ്ലവം വന്നിരിക്കുന്ന കാലത്ത് പബ്ലിക് ഡിസോഡര്‍ എങ്ങനെയാണ് നടക്കുക എന്നത് ഒന്നുകൂടെ വിചിന്തനം ചെയ്യേണ്ടതുണ്ട്. വിവരങ്ങള്‍ അതിവേഗതയില്‍ ഷെയര്‍ ചെയ്യുമ്പോള്‍ സൈബര്‍ ലോകം ഈ വിഷയത്തില്‍ എത്രമേല്‍ പ്രധാനം ആണെന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

അടിസ്ഥാനപരമായി രാജ്യദ്രോഹ നിയമം ഒരുതരം അനധികൃത സ്വയം സെന്‍സര്‍ഷിപ്പിലേക്ക് നയിക്കുന്നുണ്ട്. കാരണം ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെ  സ്വാധീനിക്കുന്നു.. ചോദ്യങ്ങള്‍ ചോദിക്കുക,  ചര്‍ച്ചചെയ്യുക,  വിയോജിക്കുക, സര്‍ക്കാരിന്റെ തീരുമാനങ്ങളെ വെല്ലുവിളിക്കുക തുടങ്ങിയ ജനാധിപത്യത്തില്‍ പൗരന്  ചെയ്യാന്‍ സാധിക്കേണ്ട ഓരോ കാര്യങ്ങളെയും  അടിച്ചമര്‍ത്തുന്നു.   ഗവണ്‍മെന്റിനെ തിരുത്താനും വിമര്‍ശിക്കാനും ജനങ്ങള്‍ക്ക് കഴിയണം. സര്‍ക്കാരിനെ വിമര്‍ശിക്കല്‍  രാജ്യദ്രോഹം ആകുന്നത് പുരോഗമന സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഗാന്ധിജിയുടെ ഏറ്റവും വലിയ നയങ്ങളില്‍ ഒന്നായ ' വിയോജിക്കാനുള്ള അവകാശം' നശിപ്പിക്കുന്ന ഈയൊരു നിയമത്തെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് 124A വകുപ്പിന്റെ അനുബന്ധ വ്യവസ്ഥ ആക്ഷേപകരവും വെറുപ്പുളവാക്കുന്നതുമാണ്. എത്രയും വേഗം നമ്മള്‍ അതില്‍ നിന്ന് രക്ഷപ്പെടും .. പക്ഷേ ഇന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ നിയമം അതേപോലെ നിലനില്‍ക്കുകയാണ്. അതിനെ വേണ്ടുവോളം വളച്ചൊടിക്കുന്ന സര്‍ക്കാറും ഇവിടെ നിലനില്‍ക്കുകയാണ്.

ഈയൊരു വിഷയത്തില്‍ മുതിര്‍ന്ന നീതിന്യായവ്യവസ്ഥ അതിന്റെ മേല്‍നോട്ടം ഉപയോഗിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന ഭരണഘടനാവ്യവസ്ഥകളിലെ  മജിസ്‌ട്രേറ്റിനെ, നിയമപാലകരെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. വളരെ വിശാലമായി  വളച്ചൊടിക്കാനും വ്യാഖ്യാനിക്കാനും സാധിക്കുന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ നടപടിയെ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ചെറു നിര്‍വചനത്തില്‍ ഒതുക്കണം. അല്ലെങ്കില്‍ രാജ്യദ്രോഹം എന്ന പദം മാറ്റി മറ്റൊരു പദം തന്നെ ഉപയോഗിക്കണോ എന്നും ചര്‍ച്ച ചെയ്യണം.രാജ്യദ്രോഹ നിയമത്തിന്റെ അനിയന്ത്രിതമായ ഉപയോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനു സിവില്‍ സമൂഹം  മുന്‍കൈയെടുക്കണം. രാജ്യദ്രോഹത്തെക്കുറിച്ചുള്ള നിയമം നമ്മുടെ ഭരണഘടനയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ചില പാശ്ചാത്യരാജ്യങ്ങള്‍ സ്വീകരിച്ച നടപടി നാം സ്വീകരിക്കണം. വാചകം മാത്രം അവലോകനം ചെയ്യുന്ന, ഉള്ളടക്ക അതിഷ്ഠിത പരീക്ഷണത്തെക്കാള്‍ ആ വാക്കുകള്‍ കൊണ്ടുവന്ന ഫലങ്ങള്‍ പരിശോധിച്ചുകൊണ്ട് ശിക്ഷ വിധിക്കുന്ന ഒരു ഇഫക്റ്റ് അധിഷ്ഠിത പരീക്ഷണം നടത്തണം.

പി.കെ സാലിഹ് ഇയ്യാട്


COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : സ്ഥിരംകഥയാവുന്ന രാജ്യദ്രോഹവും പഴങ്കഥയാവുന്ന മനുഷ്യാവകാശവും
സ്ഥിരംകഥയാവുന്ന രാജ്യദ്രോഹവും പഴങ്കഥയാവുന്ന മനുഷ്യാവകാശവും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJoULUwH6M7R_I9mFmaPtNis60z478CI2ZvMYks8xCDGhQgKaSzknOZI1hX-xN95e4ZCUKcjtVWPDYcN5kTxq95oIC7ual8IGLFNqKRdM7Zf0vNtw3tJfpS-Evy5vQiWiaxfnOLMloQXSi/w640-h482/swalih.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJoULUwH6M7R_I9mFmaPtNis60z478CI2ZvMYks8xCDGhQgKaSzknOZI1hX-xN95e4ZCUKcjtVWPDYcN5kTxq95oIC7ual8IGLFNqKRdM7Zf0vNtw3tJfpS-Evy5vQiWiaxfnOLMloQXSi/s72-w640-c-h482/swalih.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/03/blog-post.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/03/blog-post.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content