മുഹമ്മദലി ക്ലേയുടെ ആത്മാവ് നുകര്‍ന്ന പൂമ്പാറ്റ

SHARE:

ബോക്‌സിങ് എന്ന് കേട്ടാല്‍ എല്ലാവരുടെയും ഹൃദയത്തില്‍ ആദ്യം തെളിയുന്ന ചിത്രം മുഹമ്മദലി ക്ലേയുടെതായിരിക്കും. എന്ത് കൊണ്ട് മറ്റു കായിക താരങ്ങളേക്കാള്‍ ഒരു ആരാധ്യ വ്യക്തിത്വമായി മുഹമ്മദലി ക്ലേ ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടി ? എന്ത് കൊണ്ട് അമേരിക്കന്‍ വംശവെറി ചര്‍ച്ചയാകുമ്പോഴും മാനുഷിക സ്‌നേഹം, നര്‍മ്മബോധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുമ്പോഴും മുഹമ്മദലി ക്ലേ സ്മരിക്കപ്പെടുന്നു ? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അദ്ദേഹത്തിന്റെ ആത്മകഥയായ 'പൂമ്പാറ്റയുടെ ആത്മാവ്'. 

ഇടിക്കൂട്ടിനകത്തെ മുഹമ്മദലിയല്ല, ഇടിക്കൂട്ടിന് പുറത്തെ മുഹമ്മദലി ആണ് യഥാര്‍ത്ഥ മുഹമ്മദലി ക്ലേ എന്ന് തിരിച്ചറിഞ്ഞത് മുഹമ്മദലിയും അദ്ദേഹത്തിന്റെ മകള്‍ യാസ്മിന്‍ അലിയും കൂടി എഴുതിയ പൂമ്പാറ്റയുടെ ആത്മാവ് വായിച്ചപ്പോഴാണ്.

ഒരേസമയം അമേരിക്കയിലെ വംശ വെറിക്കെതിരെ ബോക്‌സിംഗ് അണിഞ്ഞു പോരാടിയ ഒരു വിപ്ലവകാരിയേയും മത മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് മനുഷ്യ സ്‌നേഹത്തിന്റെ മാതൃക കാണിച്ച ആത്മീയ പുരുഷനെയും പൂമ്പാറ്റയുടെ ആത്മാവിലെ മുഹമ്മദലി ക്ലേയില്‍ കാണാം. മുഹമ്മദ് അലിയെ കുറിച്ചും അദ്ദേഹത്തിന്റെ ബോക്‌സിംഗ് സാഹസികതയെ കുറിച്ചും എഴുതപ്പെട്ട മറ്റു രചനകളെയെല്ലാം അപേക്ഷിച്ച് പൂമ്പാറ്റയുടെ ആത്മാവ് കൂടുതല്‍ ഹൃദ്യവും ആസ്വാദ്യവും ആകുന്നത് മുഹമ്മദലി ക്ലേ എന്ന മനുഷ്യസ്‌നേഹിയുടെ പച്ചയായ ജീവിതം അത് അനുവാചകര്‍ക്ക് തെളിനീരായി പകര്‍ന്നു കൊടുക്കുന്നത് കൊണ്ട് മാത്രമാണ്. വായിച്ച് കഴിയുമ്പോള്‍ പൂമ്പാറ്റയുടെ ആത്മാവ് വായനക്കാരുടെ ആത്മാവ് തൊടുന്നതും ഇതുകൊണ്ടാവാം.

ലൂയിസ് വില്ലയിലെ കുട്ടിക്കാലം വളരെ ഹൃദയസ്പര്‍ശിയായി വിവരിച്ച് കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. ലൂയിസ് വില്ലയിലെ ഓര്‍മ്മ വെക്കാത്ത ബാല്യകാലത്ത് തന്നെ മുഹമ്മദലിക്ക് വര്‍ണവിവേചനത്തിന്റെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കറുത്ത വര്‍ഗക്കാരനായതിന്റെ പേരില്‍ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ആദ്യ അനുഭവം മുഹമ്മദലി പങ്കുവെക്കുന്നതിങ്ങനെയാണ്.

'ഞാനും അമ്മയും ഒരു ബസ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. കടുത്ത ചൂട് കാരണം എനിക്ക് ദാഹിച്ചു. അമ്മ എന്നെയും എടുത്തു അടുത്തുള്ള ഒരു വീട്ടുകാരെ സമീപിച്ചു. തന്റെ കുഞ്ഞിനു നല്‍കാന്‍ ഒരുകപ്പ് വെള്ളം തരുമോ എന്ന് അമ്മ ചോദിച്ചെങ്കിലും പറ്റില്ലെന്ന് പറഞ്ഞ് അയാള്‍ വാതില്‍ കൊട്ടിയടച്ചു. എന്തുകൊണ്ട് എനിക്കൊരു കപ്പ് വെള്ളം തരാന്‍ അയാള്‍ സന്നദ്ധമായില്ല എന്ന് വിശദീകരിക്കാന്‍ വാക്കുകള്‍ തിരഞ്ഞപ്പോള്‍ എന്റെ അമ്മ അനുഭവിച്ച വേദന എനിക്കു സങ്കല്‍പ്പിക്കാനേ കഴിയൂ. അക്കാലത്ത് പോലും പക്ഷേ എന്റെ അമ്മ പറയുമായിരുന്നു വെറുപ്പ് പാപമാണ് അതാരോടായാലും '

കുട്ടിക്കാലത്ത് മാതാവും പിതാവും പകര്‍ന്ന് നല്‍കിയ ജീവിത പാഠങ്ങളും മൂല്യങ്ങളും ജീവിതവസാനം വരെ മുഹമ്മദലി ക്ലേ കളങ്കപ്പെടുത്താതെ നോക്കിയിരുന്നു. ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തിത്വങ്ങളായാണ് മാതാപിതാക്കളെ അദ്ദേഹം പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്.

കുട്ടിക്കാലം തൊട്ടെ കറുത്തവര്‍ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഹമ്മദലി ക്ലേയെ അലട്ടികൊണ്ടിരുന്നു. എന്തുകൊണ്ട് യേശുക്രിസ്തുവിനെയും മാലാഖമാരുടെയും ചിത്രങ്ങള്‍ വെള്ളനിറത്തില്‍ വരയ്ക്കുന്നു? നന്മകളെല്ലാം എന്തുകൊണ്ട് വെളുപ്പില്‍ ചിത്രീകരിക്കപ്പെടുന്നു? നന്മയുടെ പ്രതിരൂപമായ കറുപ്പ് എന്തുകൊണ്ട് പ്രത്യക്ഷപ്പെടുന്നില്ല? തുടങ്ങിയ ചോദ്യങ്ങള്‍ മുഹമ്മദലി എന്ന കുഞ്ഞു മനസ്സിനെ മദിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ മുഹമ്മദലി അമ്മയോട് ചോദിച്ചു 'മരിക്കുമ്പോള്‍ നമുക്ക് എന്തു സംഭവിക്കും നാം സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?' 'സ്വാഭാവികമായും നമ്മളും സ്വര്‍ഗ്ഗത്തില്‍ എത്തും' അമ്മ പ്രതിവചിച്ചു. 'എങ്കില്‍ പിന്നെ പടം എടുക്കുന്ന വേളയില്‍ കറുത്ത മാലാഖമാര്‍ക്ക് എല്ലാം എന്തുപറ്റി? എനിക്കറിയാം വെളുത്ത മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുമ്പോള്‍ കറുത്ത മാലാഖമാര്‍ അടുക്കളയില്‍ പാലും തേനും തയ്യാറാക്കുകയാണ് ' എന്ന ആ നിശ്കളങ്കമായ വിതുമ്പലില്‍ വര്‍ണ്ണവെറിയെ കുറിച്ചുള്ള ആലോചനകള്‍ മുഹമ്മദലി ക്ലേയെ ചെറു പ്രായത്തില്‍ തന്നെ എത്രമേല്‍ സ്വാധീനിച്ചിരുന്നുവെന്ന് വായനക്കാര്‍ക്ക് ഊഹിക്കാവുന്നതെയുള്ളൂ.

സൂപ്പര്‍മാന്‍ സാന്താക്ലോസ് തുടങ്ങി ടെലിവിഷനിലെ സകല ഹീറോകള്‍ക്കും നിറം വെളുപ്പ് ആകുകയും കറുത്തനിറമുള്ള ഹീറോ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്ന ചിന്തയില്‍ നിന്നാണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് സ്വന്തം തൊലിയുടെ നിറം കൊണ്ട് അഭിമാനിക്കാവുന്ന ഒരു ഹീറോയായി തീരണമെന്ന് മുഹമ്മദലി ക്ലേ തീരുമാനിക്കുന്നത്. ബോക്‌സിങ്ങ് ഗ്ലൗ അണിഞ്ഞ്് അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ വിമോചകനായി അവതരിക്കുന്ന മുഹമ്മദലി ക്ലേയെയാണ് പിന്നീട് കണ്ടത്. ഒളിമ്പിക്ക് സ്വര്‍ണ്ണ മെഡലുമായി അഭിമാനപൂര്‍വ്വം ലൂയിസ് വില്ലയിലെ ഒരു റെസ്റ്റോറന്റില്‍ കയറി ചെന്നപ്പോള്‍ നീഗ്രോ കള്‍ക്ക് പ്രവേശനമില്ലയെന്ന് പറഞ്ഞ് മുഹമ്മദലി ക്ലേയെ പുറത്താക്കുന്ന ഒരു സംഭവം അദേഹം വികാരഭരിതനായി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ആ സംഭവത്തോടെ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് സമത്വവും സ്വാതന്ത്ര്യവും ലഭിക്കാത്തിടത്തോളം കാലം താന്‍ നേടിയ സ്വര്‍ണ്ണ മെഡലിന് ഒരു വിലയുമില്ലെന്ന് തിരിച്ചറിഞ്ഞ് ഓഹിയോ നദിയുടെ ആഴങ്ങളിലേക്ക് മെഡല്‍ വലിച്ചെറിയുന്ന മുഹമ്മദലി ക്ലേ യില്‍ വീണ്ടും ആ വിമോചകനെ വായനക്കാര്‍ കണ്ടെത്തുന്നു. 

മുഹമ്മദലി ക്ലേക്ക് ബോക്‌സിങ്ങ് ഒരു കായിക മത്സരം മാത്രമായിരുന്നില്ല. അതിജീവനത്തിന്റെ പോരാട്ട വേദി കൂടിയായിരുന്നു. 'ബാല്യകാലത്ത് ഞങ്ങള്‍ക്ക് ഇല്ലാതിരുന്ന ആ മാതൃകാപുരുഷനാവാന്‍ ബോക്‌സിങ് എന്നെ സഹായിക്കുമെന്ന് ഞാന്‍ കരുതി. കറുപ്പ് സുന്ദരമാണ് എന്ന് കുഞ്ഞുങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്ന ആ ഹീറോ ആയിത്തീരലായിരുന്നു എന്റെ ലക്ഷ്യം.'

മുഹമ്മദലിയുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചത് അദ്ദേഹത്തിന്റെ ഇസ്ലാം ആശ്ലേഷണമായിരുന്നുവെന്ന് അദ്ദേഹം തന്നെ ആവേശത്തോടെ പങ്ക് വെക്കുന്നുണ്ട്. നേഷന്‍ ഓഫ് ഇസ്ലാമിലൂടെ പ്രചോദിതനായാണ് മുഹമ്മദലി ക്ലേ ഇസ്ലാമിലേക്ക് കടന്നു വരുന്നത്. വംശവെറി കൊണ്ടും കറുത്തവര്‍ക്ക് നേരെയുള്ള അസമത്വം കൊണ്ടും വീര്‍പ്പുമുട്ടിയ സാഹചര്യത്തില്‍ നിന്ന് കറുത്തവനെന്നോ വെളുത്തവനെന്നോ വിവേചനമില്ലാത്ത സമത്വസുന്ദരമായ ഒരു പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായി കൊണ്ട് അദ്ദേഹം ഇസ്ലാമിന്റ തീരത്തേക്കണയ്ക്കുകയായിരുന്നു.

നൂറ്റാണ്ടുകളുടെ അനീതിയുടെ, അടിമത്വത്തിന്റെ അടയാളമായ കാഷ്യസ് മാര്‍സ് എന്ന പേര് വലിച്ചെറിഞ്ഞ് മുഹമ്മദലി എന്ന പേര് സ്വീകരിച്ചതോടെ യഥാര്‍ത്ഥ പോരാട്ട വേദിയിലേക്ക് പ്രവേശിക്കുകയായിരുന്നു മുഹമ്മദലി ക്ലേ. റിങ്ങിനകത്തും പുറത്തും തനിക്ക് ഊര്‍ജ്ജമായി വര്‍ത്തിച്ചത് തന്റെ വിശ്വാസമായിരുന്നുവെന്ന് മുഹമ്മദലി ഇടക്കിടക്ക് സ്മരിക്കുന്നു. 'മുസ്ലിം അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നെന്തോ അത് ആവില്ലായിരുന്നു. ലോകം ഒരിക്കലും മുഹമ്മദലിയെ അറിയുകയും ഇല്ലായിരുന്നു 'വെന്ന് അദ്ദേഹം പറയുന്നു.

1967 ല്‍ അമേരിക്കയിലെ സായുധ സേനയില്‍ ചേരാന്‍ സമ്മര്‍ദങ്ങള്‍ ഉണ്ടായപ്പോള്‍ മതവിശ്വാസം ബലി കൊടുക്കേണ്ടി വരും എന്ന് ഭയന്ന് അതില്‍ നിന്ന് വിസമ്മതിച്ച് പിന്‍മാറുകയായിരുന്നു മുഹമ്മദലി ക്ലേ. അതുകാരണം ലോക ചാമ്പ്യന്‍സ് പട്ടം നഷ്ടമായപ്പോഴും വര്‍ഷങ്ങളോളം ബോക്‌സിങ് മത്സരത്തില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നപ്പോഴും തന്റെ വിശ്വാസത്തില്‍ തന്നെ അദ്ദേഹം അടിയുറച്ചു നിന്നു. താന്‍ വിശ്വസിക്കുകയും ജീവിതത്തില്‍ പുലര്‍ത്തുകയും ചെയ്യുന്ന മൂല്യങ്ങളിലും ദര്‍ശനങ്ങളിലും അടിയുറച്ച് നിന്ന വ്യക്തിയായിരുന്നു മുഹമ്മദലി ക്ലേ. 

പൂമ്പാറ്റയുടെ ആത്മാവ് വായിച്ചുകഴിയുമ്പോള്‍ വായനക്കാര്‍ക്ക് കിട്ടുന്ന ഊര്‍ജം ചെറുതല്ലാത്തതാണ്. ജീവിത കഷ്ടപ്പാടുകള്‍ക്കും സാമൂഹിക വിവേചനങ്ങള്‍ക്കും നടുവില്‍ നിന്ന് ഒരു ലോക ബോക്‌സിങ് ചാമ്പ്യനായി ഉയര്‍ന്നു വന്ന മുഹമ്മദലിയുടെ സാഹസികമായ ജീവിത യാഥാര്‍ത്യത്തിലേക്ക് 'പൂമ്പാറ്റയുടെ ആത്മാവ്' കൈ പിടിച്ച് കൊണ്ടു പോകുമ്പോള്‍ അനുവാചകര്‍ക്ക് വന്നുചേരുന്ന ഒരുള്‍പ്രചോദനം വിവരണാതീതമാണ്. 'ഭയപ്പെട്ടതിനെ എപ്പോഴും നേരിടാന്‍ ശ്രമിക്കുക' എന്ന പിതാവിന്റെ വാക്കുകള്‍ ഓര്‍ത്തു കൊണ്ടായിരുന്നു മുഹമ്മദലി ക്ലേ ജീവിതത്തില്‍ മുന്നേറിയിരുന്നത്. 

തന്റെ ജീവിത വിജയത്തെക്കുറിച്ച് മുഹമ്മദലി ക്ലേ കുറിക്കുന്നത് ഇങ്ങനെയാണ്.

'സദാ വിജയി ആയിരിക്കുക എന്നതല്ല വിജയത്തിന്റെ വിവക്ഷ. വീണ ശേഷവും എഴുന്നേല്‍ക്കുമ്പോഴാണ് യഥാര്‍ത്ഥ വിജയം സംഭവിക്കുന്നത്. എന്റെ എല്ലാ വിജയത്തിന്റെ പേരിലും ഞാന്‍ കൃതാര്‍ത്ഥനാണ്. എന്നാല്‍ അതിലേറെ പരാജയങ്ങളുടെ പേരില്‍ കൃതജ്ഞതയും. കാരണം പരാജയങ്ങളാണ് എന്നെ കഠിനാധ്വാനിയാക്കിയത്.'

ബോക്‌സര്‍ എന്നതിനപ്പുറം പലതുമായിരുന്നു മുഹമ്മദലി ക്ലേയെന്ന് ' പുമ്പാറ്റയുടെ ആത്മാവ് ' നമ്മോട് പറയുന്നു. മാനുഷിക സ്‌നേഹവും നര്‍മ ബോധവും ജീവിതത്തില്‍ എപ്പോഴും കൊണ്ട് നടന്ന ഒരു അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇടിക്കൂട്ടില്‍ പോലും എതിരാളിയെ പരിക്കേല്‍പ്പിക്കാതെ എങ്ങനെ പരാജയപ്പെടുത്താമെന്നായിരുന്നു മുഹമ്മദലി ക്ലേ ചിന്തിച്ചിരുന്നത്. 

ബോക്‌സിങ്ങ് കാരണം വീട്ടില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നിരുന്നെങ്കിലും ഒരു നല്ല പിതാവാകാന്‍ മുഹമ്മദലി ക്ലേ എപ്പോഴും അഗ്രഹിച്ചിരുന്നു. വീട്ടിലുണ്ടാകുമ്പോള്‍ മക്കളുടെ ചിരി തമാശകളും സംഭാഷണങ്ങളും അദ്ദേഹം എപ്പോഴും റെക്കോര്‍ഡ് ചെയ്യുമായിരുന്നു. അങ്ങനെ റെക്കോര്‍ഡ് ചെയ്ത ടേപ്പുകളായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്പാദ്യമെന്ന് മുഹമ്മദലി ക്ലേ ഓര്‍ക്കുന്നു. ഒരു ബോക്‌സിങ്ങ് ചാമ്പ്യനെന്നതിലുപരി സ്‌നേഹസമ്പന്നനായ നല്ല പിതാവാകാന്‍ ഡാഡിക്ക് സാധിച്ചു എന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്ന് മകള്‍ ഹനാ യാസ്മീന്‍ അലി പങ്കുവെക്കുന്നു.

മുഹമ്മദലി ക്ലേ എഴുതിയ കവിതകളും മുഹമ്മദ് അലിയെ കുറിച്ച് ഹനാ യാസ്മീന്‍ എഴുതിയ കവിതകളും പുസ്തകത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു. 'നിരൂപകര്‍ വിലയിരുത്തുന്നത് പോലെ മഹാ സാഹിത്യം ഒന്നും അല്ലായിരുന്നു എന്റെ കവിതകള്‍. പക്ഷേ ഞാന്‍ അക്കാലത്ത് അകപ്പെട്ട സവിശേഷ സാഹചര്യത്തിലേക്ക് പ്രതീക്ഷ പൂര്‍വ്വം അല്‍പ്പം നര്‍മ്മം കലര്‍ത്തുക, ജീവിതത്തെ ഒരു വെല്ലുവിളിയോടെ ഏറ്റെടുത്ത് ആസ്വാദിക്കുക തുടങ്ങിയ എന്റെ ലക്ഷ്യപ്രാപ്തിക്കവ പര്യാപ്തമായിരുന്നു 'വെന്ന് മനസ്സ് തുറക്കുന്ന മുഹമ്മദലിയില്‍ ഒരു കവിയെ അനായാസം നമുക്ക് കാണാം.

പൂമ്പാറ്റയുടെ ആത്മാവിനെ അതിന്റെ ആത്മാവ് ചോരാതെ മലയാളത്തിലേക്ക് വശ്യമായ ഭാഷയില്‍ വിവര്‍ത്തനം ചെയ്യാന്‍ എഴുത്തുകാരന്‍ ബഷീര്‍ മിസ്അബിന് സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് പുമ്പാറ്റയുടെ ആത്മാവ് മലായാളിയുടെ ആത്മാവ് തൊടുന്ന വായനാനുഭവമായി മാറുന്നതും. 


മുഹ്‌സിന്‍ ഷംനാദ് പാലാഴി


COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മുഹമ്മദലി ക്ലേയുടെ ആത്മാവ് നുകര്‍ന്ന പൂമ്പാറ്റ
മുഹമ്മദലി ക്ലേയുടെ ആത്മാവ് നുകര്‍ന്ന പൂമ്പാറ്റ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_JU1AlEBngXO5DDZSv_2o5wGeqgmxpzGcOgM_Tzsn4DTE7QPDJtIq-6tEwqpcdcuYL5F20wNHE9ngJNuR-pDThpmBcb1fj-fW_0zrFHlyd8mW79LHAAFa-Eze1l04nC5VT2v0SbF56g5b/w640-h482/ali+cley.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_JU1AlEBngXO5DDZSv_2o5wGeqgmxpzGcOgM_Tzsn4DTE7QPDJtIq-6tEwqpcdcuYL5F20wNHE9ngJNuR-pDThpmBcb1fj-fW_0zrFHlyd8mW79LHAAFa-Eze1l04nC5VT2v0SbF56g5b/s72-w640-c-h482/ali+cley.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/03/blog-post_11.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/03/blog-post_11.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content