മലബാര്‍ സമരം ; പാണ്ടിക്കാട്ടെ പ്രതിരോധവും പുക്കുന്നുമ്മല്‍ ആലിഹാജിയുടെ നേതൃത്വവും

SHARE:

1921-ല്‍ ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെ മലബാര്‍ പ്രദേശത്ത് നടന്ന അധിനിവേശ വിരുദ്ധ സമരപരമ്പരയാണ് മലബാര്‍ സമരം. മലബാര്‍ സമര ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത പ്രദേശമാണ് പാണ്ടിക്കാട്.  സമര നായകന്മാരായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍, ചെമ്പ്രശ്ശേരി തങ്ങള്‍, പാണ്ട്യാട്ട് നാരായണന്‍ നമ്പീശന്‍, പുക്കുന്നുമ്മല്‍ ആലിഹാജി, ഉണ്ണീന്‍ ഹാജി, വാരിയംകുന്നന്റെ സന്തത സഹചാരിയായ നായിക്ക് താമി തുടങ്ങിയവര്‍ക്ക് ജന്മം നല്‍കിയ ഇതിഹാസ ഭൂമിയാണ് പാണ്ടിക്കാട്.

പാണ്ടിക്കാട്: പോരാട്ടങ്ങളുടെ ദേശം

1788 ലെ ടിപ്പു സുല്‍ത്താന്റെ  പടയോട്ടത്തെ തുടര്‍ന്ന് മലബാറിന്റെ സാമൂഹ്യ മണ്ഡലങ്ങളില്‍ വലിയ പരിഷ്‌ക്കരണങ്ങളുണ്ടായി. ഈ പരിഷ്‌കരണങ്ങള്‍ ഏറെ പ്രകടമായ പ്രദേശമാണ് പാണ്ടിക്കാട്. നഗ്‌നത മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ ഉന്നതരായ മേല്‍ജാതിക്കാരുടെ ശാസനകള്‍ വകവെക്കാതെ മാറുമറച്ച് പ്രതിഷേധമുയര്‍ത്തിയ ചേല കലാപം പാണ്ടിക്കാട് വെള്ളുവങ്ങാട് അരങ്ങേറിയത് ഈ പരിഷ്‌കാരണങ്ങളുടെ ഫലമായാണ്. 

'മലബാര്‍ കലാപം ഇ.എം.എസിന്റെ ആഹ്വാനവും താക്കീതും' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: '1800 കളുടെ അവസാനമായപ്പോഴേക്കും രണ്ട് ഡസനോളം ശക്തമായ കലാപങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ നടന്നു. ഇതില്‍ 1836 ല്‍ പന്തല്ലൂരിലും 1894 ല്‍ പാണ്ടിക്കാടും 1896 ല്‍ പരിസര പ്രദേശമായ ചെമ്പ്രശ്ശേരിയിലും സാമ്രാജ്യത്വത്തിനെതിരെ വമ്പിച്ച സമരങ്ങള്‍ അരങ്ങേറിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്'. (എഡിറ്റര്‍ ബഷീര്‍ ചുങ്കത്തറ, പേജ്: 7) 
പാണ്ടിക്കാട്, ചെമ്പശ്ശേരിയില്‍ മഞ്ചേരി കോവിലക്കാരുടെ വകയായിയുണ്ടായിരുന്ന കുറേയേക്കര്‍ ഭൂമി ഒഴിപ്പിക്കാന്‍ നടപടിയുണ്ടായപ്പോള്‍ ഇതിനെതിരെ മഞ്ചേരിയില്‍ 1896 ല്‍ നടന്ന പ്രധാന ചാവേര്‍ സമരത്തില്‍ 94 മാപ്പിളമാരാണ് കൊല്ലപ്പെട്ടത്. (ആംഗ്ലോ മാപ്പിള യുദ്ധം. പേജ്:43) 

വടക്കെ മലബാര്‍ പോലീസ് സുപ്രണ്ടായിരുന്ന ടോട്ടണ്‍ ഹാം അദ്ദേഹത്തിന്റെ 'ദ മാപ്പിള റബല്യന്‍' എന്ന ഗ്രന്ഥത്തില്‍ പാണ്ടിക്കാട്ടെ ചെമ്പ്രശ്ശേരി പ്രദേശത്തെ ബ്രിട്ടനെതിരെ വളരെ അപകടരമായ പ്രചാരവേല നടക്കുന്ന സ്ഥലമായാണ് പരിചയപ്പെടുത്തുന്നത്. 1795 ലെ അധിനിവേശ വിരുദ്ധ വിപ്ലവകാരി എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പന്‍ ജനിച്ചത് പാണ്ടിക്കാടിനടുത്ത പന്തല്ലൂരിലാണ്. 1921 ലെ 'കലാപത്തിന് മുമ്പ് നടന്ന നിരവധി ചാവേര്‍ ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് 1919-ല്‍ പാണ്ടിക്കാടിനടുത്ത നെന്മിനിയിലാണ് നടന്നത്.

ഖിലാഫത്ത് പോരാട്ടത്തിന്റെ കേന്ദ്രം

1921 ലെ ഖിലാഫത്ത് ലഹളയുടെ പ്രധാന കേന്ദ്രങ്ങളെ ആര്‍.എച്ച് ഹിച്ച് കോക്ക് തന്റെ 'The History of Malabar Rebellion' എന്ന ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: 'കിഴക്കന്‍ ഏറനാട്ടിലും വടക്കന്‍ വള്ളുവനാട്ടിലുമായി കിടക്കുന്ന പാണ്ടിക്കാട്,മേലാറ്റൂര്‍, കരുവാരക്കുണ്ട്,കാളികാവ്, വണ്ടൂര്‍ എന്നീ പ്രദേശങ്ങളായിരുന്നു ലഹളയുടെ ഹൃദയ ഭാഗം. പാണ്ടിക്കാടായിരുന്നു ഇതിന്റെ കേന്ദ്രം. ഈ പ്രദേശങ്ങളിലെ വളരെ കുറച്ച് പേരൊഴിച്ച് ബാക്കിയെല്ലാവരും ലഹളയില്‍ പങ്കുചേര്‍ന്നിരുന്നു'. (പേജ്: 54) 

അദ്ദേഹം എഴുതുന്നു : '1921 ഓഗസ്റ്റ് 21ന് രാവിലെ പാണ്ടിക്കാട് പ്രദേശത്ത് ഒരു അഭ്യൂഹം പരന്നു. തിരൂരങ്ങാടിയിലെ മമ്പുറം ജുമാ മസ്ജിദ് ബ്രിട്ടീഷ് പട്ടാളം തകര്‍ത്തുവെന്നും ഏറ്റുമുട്ടലില്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇ.എഫ് തോമസ്, ജില്ലാ പോലീസ് സുപ്രണ്ട് ആര്‍.എച്ച് ഹിച്ച്‌കോക്ക്, ഡപ്യൂട്ടി സൂപ്രണ്ട് ആമു സാഹിബ് എന്നിവരടക്കം നിരവധി ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു അഭ്യൂഹം. ഇതോടെ ആളുകള്‍ ചെറിയ ചെറിയ കൂട്ടങ്ങളായി വിഷയം ചര്‍ച്ച ചെയ്യുന്നതായി കണ്ടു. അന്നേ ദിവസം വൈകുന്നേരം മഞ്ചേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഉത്തരവു പ്രകാരം പാണ്ടിക്കാട് സ്റ്റേഷനില്‍ നിന്നും ഒരു ഹെഡ് കോണ്‍സ്റ്റബിളിന്റെയും ഏഴ് കോണ്‍സ്റ്റബിള്‍മാരുടെയും അകമ്പടിയോടെ വണ്ടിയില്‍ കൊണ്ട് പോവുകയായിരുന്ന മുഴുവന്‍ ആയുധങ്ങളും പാണ്ടിക്കാടിന് കുറച്ചകലെ വെച്ച് കോണ്‍സ്റ്റബിള്‍മാരെ കീഴടക്കി ലഹളക്കാര്‍ തട്ടിക്കൊണ്ട് പോയി. പിന്നീട് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് രേഖകള്‍ നശിപ്പിച്ച ലഹളക്കാര്‍ പാണ്ടിക്കാട് സംഘടിച്ച് വെള്ളുവങ്ങാടിലേക്ക് മാര്‍ച്ച് ചെയ്യുകയും അവിടുത്തെ പാലം തകര്‍ക്കുകയും ചെയ്തു.' (പേജ്:157,158) 

'അന്നേ ദിവസം രാത്രി എട്ട് മണിക്ക് മുവ്വായിരത്തോളം മാപ്പിളമാര്‍ പാണ്ടിക്കാട് പള്ളിയില്‍ സമ്മേളിക്കുകയും ഇതില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. ഈ സംഗമത്തില്‍ വെച്ച് ചെമ്പ്രശ്ശേരി തങ്ങളെ കരുവാരക്കുണ്ട്, മേലാറ്റൂര്‍, കാളികാവ് എന്നീ പ്രദേശങ്ങളുടെയും, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നെല്ലിക്കുത്ത്, വെള്ളുവങ്ങാട് പ്രദേശങ്ങളുടെയും അടുത്തിടെ ലഹളക്കാരോടൊപ്പം ചേര്‍ന്ന പാണ്ടിക്കാട് അധികാരി കൊടലിയില്‍ മൂസ്സ ഹാജിയെ പാണ്ടിക്കാടിന്റേയും ഭരണാധികാരികളായി നിയമിച്ചു. (The History of Malabar Rebellion -1921)

ഒന്നാം പാണ്ടിക്കാട് യുദ്ധം

1894 മാര്‍ച്ച് 31ന് വെള്ളുവങ്ങാട് തറിപ്പടിയില്‍ നടന്ന ലഹള ഒന്നാം പാണ്ടിക്കാട് യുദ്ധം എന്നറിയപ്പെടുന്നു. പാലത്തിങ്ങല്‍ ഉണ്ണീന്‍ ഹാജിയുടെ നേതൃത്വത്തില്‍ കുടിയാന്‍മാരെ ഒഴിപ്പിക്കുന്നതിനെതിരെ 34 പേര്‍ ഈ സമരത്തില്‍ പങ്കെടുത്തു. ഇതില്‍ 32 പേര്‍ കൊല്ലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്ത് നിന്ന് വാര്‍ത്താ വാരികയായി പ്രസിദ്ധീകരിച്ചിരുന്ന മലയാള മനോരമയില്‍ 1894 ഏപ്രില്‍ 14ന് ഈ സംഭവത്തെക്കുറിച്ച് 'മാപ്പിള ലഹള' എന്ന പേരില്‍ മുഖ പ്രസംഗം എഴുതിയിരുന്നു. (ആംഗ്ലോ മാപ്പിള യുദ്ധം: പേജ് 57)

1921 നവംബര്‍ 14: പാണ്ടിക്കാട് യുദ്ധം

മലബാര്‍ കലാപത്തിലെ ഒരു സുപ്രധാന സംഭവമാണ് പാണ്ടിക്കാട് മിലിട്ടറി ക്യാമ്പ് ആക്രമണം അഥവാ പാണ്ടിക്കാട് യുദ്ധം. 1921 നവംബര്‍ 14 നാണ് പ്രസ്തുത സംഭവം അരങ്ങേറിയത്. 1921 ആഗസ്റ്റ് അവസാനത്തോടെ മലബാര്‍ കലാപത്തിന്റെ  രക്തച്ചൊരിച്ചിലുകള്‍ തല്‍ക്കാലത്തേക്ക് കെട്ടടങ്ങിയെങ്കിലും ബ്രിട്ടീഷുകാര്‍ പ്രതികാരത്തിനിറങ്ങിയത് വീണ്ടും കലാപം ആളിക്കത്തിച്ചു. പലയിടത്തും ബ്രിട്ടീഷ് - മാപ്പിള ഖിലാഫത്ത് വളണ്ടിയര്‍ ഏറ്റുമുട്ടലുകള്‍ അരങ്ങേറി. അവയില്‍ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായിരുന്നു പാണ്ടിക്കാട് ഗൂര്‍ഖ മിലിട്ടറി ക്യാമ്പ് ആക്രമണം. മലബാര്‍ കലാപത്തിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു ഇത്. 

                                                           പാണ്ടിക്കാട് യുദ്ധ സ്മാരകം

മലബാര്‍ കലാപത്തിന്റെ  സൈനിക നേതാവായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായിച്ചേര്‍ന്ന് ചെമ്പ്രശ്ശേരി തങ്ങളാണ് മിലിട്ടറി ക്യാമ്പ് ആക്രമണത്തിനുള്ള പദ്ധതികള്‍ രൂപീകരിച്ചത് . കൂട്ടിനു മുക്രി അയമു, പയ്യനാടന്‍ മോയീന്‍ എന്നിവരുമുണ്ടായിരുന്നു. പാണ്ടിക്കാട് - പെരിന്തല്‍മണ്ണ റോഡില്‍ മൊയ്തുണ്ണിപ്പാടത്തിന് സമീപമുള്ള ചന്തപ്പുരയായിരുന്നു സൈനിക ക്യാമ്പ്. മണ്ണിനാല്‍ ചുറ്റുമതില്‍ തീര്‍ത്ത് കാവല്‍ ഏര്‍പെടുത്തിയ സൈനിക ക്യാമ്പില്‍ ഗറില്ല ആക്രമണമാണ് ലക്ഷ്യമിട്ടത്. ചെമ്പ്രശ്ശേരി, കരുവാരക്കുണ്ട്, കീഴാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം പരിശീലനം കഴിഞ്ഞെത്തിയ 400 പേരാണ് ക്യാമ്പ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടത്. 1921 നവംബര്‍ 14 ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് ആക്രമണം നടന്നത്. മിലിട്ടറി ക്യാമ്പിന്റെ ചുറ്റുമതില്‍ പൊളിച്ചു അകത്തു കയറിയ മാപ്പിള പോരാളികള്‍ തുടക്കത്തില്‍ ശക്തമായ ആക്രമണം അഴിച്ചു വിട്ടെങ്കിലും വിദഗ്ദ്ധ പരിശീലനം നേടിയ പോരാട്ട വീര്യമേറിയ ഗൂര്‍ഖ സൈനികരാണ് ക്യാമ്പില്‍ കൂടുതലുണ്ടായിരുന്നത്. മാത്രമല്ല  മാപ്പിളപ്പോരാളികളുടെ പ്രതീക്ഷക്ക് വിരുദ്ധമായി വമ്പിച്ച ആയുധ ശേഖരവും ക്യാമ്പിലുണ്ടായിരുന്നു. ആദ്യം ഒന്ന് പതറിയെങ്കിലും മനോനില വീണ്ടെടുത്ത ഗൂര്‍ഖ സൈനികര്‍ മെഷീന്‍ ഗണ്ണുകളുപയോഗിച്ചു ശക്തമായ തിരിച്ചടിച്ചു  . ഇതോടെ യുദ്ധത്തിന്റെ ഗതി മാറി മറിഞ്ഞു . അങ്ങനെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ മാപ്പിള സൈന്യം  യുദ്ധത്തില്‍ പരാജയപ്പെട്ടു. ആക്രമണത്തില്‍ ബ്രിട്ടീഷ് സൈനിക മേധാവി ക്യാപ്റ്റന്‍ അവ്‌റെലിയും അഞ്ചു സൈനികരും കൊല്ലപ്പെട്ടു. മുപ്പത്തിനാലു പേര്‍ക്ക് പരിക്ക് പറ്റി. മാപ്പിള ഭാഗത്ത് നിന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 200ന് അടുത്തായിരുന്നു എന്നാണ് രേഖപ്പെടുത്തിവെക്കപ്പെട്ടിട്ടുള്ളത് . 

എന്നാല്‍, ഈ കണക്കുകള്‍ അത്ര വിശ്വാസയോഗ്യമല്ല എന്ന് കരുതുന്ന ചരിത്രകാരന്‍മാരുമുണ്ട്.
മലബാര്‍ കലാപ കാലത്ത് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ എണ്ണം പുറത്ത് വരാതിരിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം കണിശത പാലിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ട ചരിത്ര ഗവേഷകര്‍ നിരവധിയാണ്. മലബാര്‍ കലാപം ഒരു പഠനം എന്ന ഗ്രന്ഥത്തില്‍ എം ആലിക്കുഞ്ഞി  എഴുതുന്നു : 'സൈനിക മേധാവികള്‍ പട്ടാളക്കാരുടെ മരണ വിവരം കൃത്യമായി വെളിവാക്കിയിരുന്നില്ല. തങ്ങളുടെ പട്ടാള നടപടികള്‍ക്ക് ലണ്ടനിലെ അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും അംഗീകാരം ലഭിക്കുന്നതിനുള്ള അടവായിരുന്നു അത്. പാണ്ടിക്കാട് യുദ്ധത്തില്‍ നാല് യൂറോപ്യന്‍മാര്‍ കൊല്ലപെട്ടു എന്നേ വടക്കെ മലബാര്‍ പോലീസ് സുപ്രണ്ടായിരുന്ന ടോട്ടണ്‍ ഹാം അദ്ദേഹത്തിന്റെ 'ദ മാപ്പിള റബല്യന്‍' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ ഔദ്യോഗിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ലഹളയുടെ ചരിത്രമെഴുതിയവര്‍ പാണ്ടിക്കാട് സംഭവം വിവരിക്കുന്നത്. യതാര്‍ത്ഥത്തില്‍ പാണ്ടിക്കാട് പട്ടാളത്തിനും പോലീസിനും കനത്ത നാശം സംഭവിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അത് രേഖപ്പെടുത്താന്‍ ആളുണ്ടായില്ല. പൂക്കോട്ടൂര്‍ ഒഴിച്ചാല്‍ ഇത്രയും ഭയങ്കരമായ ഒരു പോരാട്ടം വേറൊരു ലഹളയിലുണ്ടായിരുന്നില്ലെന്നു ചരിത്രകാരന്‍മാരും ഔദ്യോഗിക രേഖകളും വൃക്തമാക്കുന്നുണ്ട്.' (മലബാര്‍ കലാപം ഒരു പഠനം, എം ആലിക്കുഞ്ഞി. പേജ്: 335) 

സ്വാതന്ത്ര സമര സേനാനിയും മാതൃഭൂമിയുടെ ആദ്യകാല പത്രാധിപനുമായ കെ. മാധവന്‍ നായര്‍ ഈ പോരാട്ടത്തെ കുറിച്ച് എഴുതിയത് ഇപ്രകാരമായിരുന്നു: 
'കുഞ്ഞഹമ്മദ് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും സംയുക്ത നേതൃത്വത്തില്‍ മാപ്പിളമാര്‍ ക്യാമ്പ് ആക്രമിച്ചപ്പോള്‍ ഗുര്‍ഖാസൈന്യം അകത്തുണ്ടായിരുന്നു. സാധാരണ ബ്രിട്ടീഷ് പട്ടാളക്കാരായിരുന്നു അവിടെയുണ്ടായിരുന്നതെങ്കില്‍ അവര്‍ക്കൊരിക്കലും മാപ്പിളമാരുടെ ഈ കടന്നാക്രമണത്തെ പ്രതിരോധിക്കാനാകുമായിരുന്നില്ല. എന്നാല്‍ എതിരാളികളെ നേരിടുന്നതില്‍ അതീവ വൈദഗ്ദ്ധ്യം നേടിയ ഈ ഗൂര്‍ഖകള്‍ ശക്തമായി തിരിച്ചടിച്ചപ്പോള്‍ മലബാര്‍ കണ്ട ഏറ്റവും ഉജ്ജ്വലമായ പോരാട്ടം പരാജയത്തില്‍ കലാശിച്ചു.' (മലബാര്‍ കലാപം, പേജ്: 216,217)

പുക്കുന്നുമ്മല്‍ ആലി ഹാജി

പാണ്ടിക്കാട്ടെയും പരിസരപ്രദേശങ്ങളിലെയും അറിയപ്പെട്ട സ്വാതന്ത്ര്യസമരസേനാനിയും ബഹുഭാഷാ പണ്ഡിതനും ഖിലാഫത്ത് സമര നായകന്‍ ആലി മുസ്ലിയാരുടെ അറിയപ്പെട്ട ശിഷ്യനുമാണ് പുക്കുന്നുമ്മല്‍ ആലിഹാജി. മുഹ്യിദ്ദീന്‍ എന്നവരുടെ മകനായി  പുക്കുന്നുമ്മല്‍ തറവാട്ടിലാണ് ആലി ഹാജി ജനിച്ചത്. പാണ്ടിക്കാട് അഹമ്മദ് മുസ്ലിയാര്‍, ഖിലാഫത്ത് സമര നായകന്‍ ആലി മുസ്ലിയാര്‍ എന്നിവരുടെ കീഴില്‍ മതപഠനം നടത്തിയ ശേഷം മണ്ണാര്‍ക്കാട് കരിമ്പനക്കല്‍ അഹമ്മദ് മുസ്ലിയാരുടെ കീഴില്‍ ഉപരിപഠനം നടത്തി. 
1921ലെ ഖിലാഫത്ത് സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്ന പുക്കുന്നുമ്മല്‍ ആലി ഹാജി പാണ്ടിക്കാട് കേന്ദ്രീകരിച്ച് നടന്ന പ്രവര്‍ത്തനങ്ങളുടെ നായകനായിരുന്നു. 1921-ല്‍ പാണ്ടിക്കാട് അങ്ങാടിയില്‍ വെച്ച് നടന്ന സുപ്രധാനമായ ഖിലാഫത്ത് പ്രഖ്യാപന സമ്മേളനത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി, പാണ്ടിക്കാട് സ്വദേശിയും കിഴക്കന്‍ ഏറനാട്ടില്‍ സ്വന്തമായി കാറുള്ള ചുരുക്കം ചിലരില്‍ ഒരാളുമായിരുന്ന പാണ്ടിയാട്ട് നാരായണന്‍ നമ്പീശന്‍ എന്നിവരോടൊപ്പം ആലി ഹാജി ബുദ്ധിപരവും പ്രായോഗികവുമായ നേതൃത്വം നല്‍കി. എം.പി നാരായണമേനോന്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍, മണപ്പാട് കുഞ്ഞുമുഹമ്മദാജി, ഇ. മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവരുമായി ആലി ഹാജിക്ക് ബന്ധമുണ്ടായിരുന്നു. 

എം.എം ഹൈസ്‌കൂള്‍ കോഴിക്കോട്, പാണ്ടിക്കാട് അങ്ങാടി പ്രൈമറി സ്‌കൂള്‍, 19 രൂപ ശമ്പളത്തില്‍ പാണ്ടിക്കാട് കമ്പല്‍സറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അറബി, മലയാളം, ഇംഗ്ലീഷ്, ഉറുദു, തമിഴ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള ബഹുഭാഷ പണ്ഡിതനായ ആലി ഹാജിക്ക് മലയാള ഭാഷയിലുണ്ടായിരുന്ന സവിശേഷമായ പാണ്ഡിത്യമാണ് അക്കാലത്തെ മറ്റു മുസ്ലിം മതപണ്ഡിതന്മാരില്‍നിന്ന് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. മുസ്ലിം സമൂഹത്തില്‍ പൊതുവിലും സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും മലയാള ഭാഷ - സ്‌കൂള്‍ പഠനം അപ്രാപ്യമായിരുന്ന 1920 കളില്‍ തന്റെ മൂത്ത മകള്‍ ആമിനയെ 5 -ാം തരം വരെ പഠിപ്പിച്ചു. പാണ്ടിക്കാടും പരിസരത്തുമുള്ള ഹൈന്ദവ മേല്‍ജാതിക്കാര്‍ വരെ ആലിഹാജിയെ ആശ്രയിച്ച് ഭാഷാപരമായ സംശയ നിവാരണം നടത്തുന്നത് പതിവായിരുന്നു. 

ബ്രിട്ടീഷ് ഭരണകൂടത്തിന് പിടികൊടുക്കാതെ ആലപ്പുഴയിലേക്ക് രക്ഷപ്പെട്ട അദ്ദേഹം അല്‍പകാലം അവിടെ മുദരിസായി സേവനം ചെയ്തു. പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും 1927 മുതല്‍ 1964-ല്‍ മരണപ്പെടുന്നതുവരെ പാണ്ടിക്കാട് അങ്ങാടി ജുമുഅത്ത് പള്ളിയില്‍ ഖാളിയായി സേവനം ചെയ്യുകയും ചെയ്തു. പാണ്ടിക്കാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു. പുക്കുന്നുമ്മല്‍ ആലി ഹാജിയുടെ ശേഷിപ്പുകളില്‍ അദ്ദേഹം മലയാളഭാഷയില്‍ തയ്യാറാക്കിയ പഠനങ്ങള്‍, വ്യക്തിപരവും സാമൂഹികവുമായ എല്ലാ കാര്യങ്ങളും  രേഖപ്പെടുത്തിയിരുന്ന മലയാള ഭാഷയിലുള്ള ഡയറിക്കുറിപ്പുകള്‍ തുടങ്ങയിവ ഈയടുത്ത്  കണ്ടെടുക്കപ്പെട്ടിട്ടുണ്ട് .


ഒ പി ഷുഹൈബ് ഒറവംപുറം

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മലബാര്‍ സമരം ; പാണ്ടിക്കാട്ടെ പ്രതിരോധവും പുക്കുന്നുമ്മല്‍ ആലിഹാജിയുടെ നേതൃത്വവും
മലബാര്‍ സമരം ; പാണ്ടിക്കാട്ടെ പ്രതിരോധവും പുക്കുന്നുമ്മല്‍ ആലിഹാജിയുടെ നേതൃത്വവും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKGDVpfJ25NLnbaMdgagSI-1LoRxwdz7tGxddKWB7Cb_zQQcj3mc9iwr9dcbjTNpM_kwQz5g-hLY496g6a5JfQaQVzZh4vZ4vfm2kyIEmN1NgcdR9_1LvcCoSxypIzt3LFN_WQBeZ5Einl/w640-h482/pandikkad.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKGDVpfJ25NLnbaMdgagSI-1LoRxwdz7tGxddKWB7Cb_zQQcj3mc9iwr9dcbjTNpM_kwQz5g-hLY496g6a5JfQaQVzZh4vZ4vfm2kyIEmN1NgcdR9_1LvcCoSxypIzt3LFN_WQBeZ5Einl/s72-w640-c-h482/pandikkad.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/03/blog-post_22.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/03/blog-post_22.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content