കാര്യകാരണ ബന്ധം അനിവാര്യമോ?

SHARE:


ഇനി കാര്യകാരണ ബന്ധത്തിന്റെ നിഷേധം ഏത് തലത്തിലാണ് തഹാഫുത്തിന്റെ പതിനേഴാമത്തെ ചർച്ചയിൽ നടക്കുന്നത് എന്ന് കൂടി ചുരുക്കത്തിൽ വിശദീകരിച്ച് കഴിഞ്ഞാൽ കാര്യങ്ങൾ വ്യക്തമാവും. ഗസ്സാലി എഴുതുന്നു. "നിരീക്ഷണം വഴി,  കാര്യത്തിന്റെയും കാരണത്തിന്റെയും ആനുഷംഗികമായ ഒത്തു ചേരൽ വഴി  ഒരു സംഭവം നടക്കുന്നു എന്ന് മാത്രമേ നമ്മുക്ക് കണ്ടെത്താനാവൂ. ആ ചേരുവയല്ലാതെ മറ്റൊരു കാരണം അതിനു പിന്നിലില്ല എന്ന് ഒരിക്കലും തെളിയിക്കാനാവില്ല!" ശരിയാണ്, ഇവിടെ അഗ്നിയും പരുത്തിയും തമ്മിൽ ചേരുന്നതും പരുത്തി കത്തിയമരുന്നതും നാം കാണുന്നുവെങ്കിലും, ആ ശീലത്തെ മാത്രം മുൻനിർത്തി അഗ്നിയാണ് അതിന്റെ കാരണമെന്ന നിഗമനത്തിലേക്ക് ചെന്നെത്താൻ കഴിയുന്ന ഒന്നുമില്ല എന്ന് സൂചിപ്പിക്കുന്നുണ്ട്. അത് നേരിട്ട് കാര്യകാരണ ബന്ധത്തെ നിഷേധിക്കുന്നതായി തോന്നാം. അതിലെ ദ്വിതീയ കാരണത്തെ (അഗ്നി ) പൂർണമായും തള്ളി കളയുന്നതായി തോന്നാം. എന്നാൽ കാര്യകാരണ ബന്ധത്തിന്റെ സമ്പൂർണ നിഷേധമല്ല, കാര്യവും കാരണവും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് മാത്രം അത്  ഖണ്ഡിതമായി തെളിയിക്കുക അസാധ്യമാണെന്ന് വാദിക്കുക മാത്രമാണ്. പിന്നീട് വരുന്ന ചർച്ചകളിലാണ് വിവിധങ്ങളായ ആശയങ്ങളും സമീപനരീതികളും വിശദീകരിക്കുന്നത്. അവയിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് ഇബ്‌നു സീന മുന്നോട്ട് വച്ച പ്രപഞ്ചഘടനയിലെ ദ്വിതീയ കാരണങ്ങളും അവയുടെ അനിവാര്യതയും എന്ന രണ്ടു നെടുന്തൂണുകളിൽ 'അനിവാര്യത' എന്നതിനെ മാത്രമാണ് ഗസ്സാലി നിഷേധിക്കുന്നത് എന്നതാണ്. ഈ അനിവാര്യതയിൽ നിന്നാണ് ദൈവം ഇച്ഛാപരമായ വിധത്തിൽ സൃഷ്ടിയിൽ ഏർപ്പെടുന്നു എന്നതിനെ തത്ത്വചിന്തകർക്ക് നിരസിക്കേണ്ടി വന്നത്. 

ദൈവത്തിന്റെ മഹോന്നതമായ ഏകതയിൽ നിന്ന് നിർഗളിക്കുന്ന പ്രപഞ്ചത്തിന് അനിവാര്യമായി അത് എപ്രകാരമാണോ അപ്രകാരം മാത്രമേ ആവുക സാധ്യമാവൂ എന്നാണ് വാദം. കാര്യകാരണ ബന്ധത്തെ എതിർക്കേണ്ടി വരുന്നത് ഈ ഭാഗത്തെ നിരൂപണ വിധേയമാക്കാനാണ്. 'കാര്യവും കാരണവും തമ്മിലുള്ള ബന്ധം ദൈവത്തിന്റെ തഖ്‌ദീറിന്റെ (തീരുമാനത്തിന്റെ ) ഭാഗമാണ്' എന്ന് മനസിലാക്കിയാൽ അതംഗീകരിക്കാൻ ഗസ്സാലിക്ക് വിഷമമില്ല. അദ്ദേഹം പറയുന്നു. "നമ്മെ സംബന്ധിച്ച്, ഫലപ്രദ കാരണമെന്ന് വിവക്ഷിക്കപ്പെടുന്ന ശീലമായി പോയ ആവർത്തിക്കുന്ന കാരണങ്ങളും,  അതിനെ സദാ പിന്തുടർന്ന് ആവർത്തിച്ച് രൂപപ്പെടുന്ന കാര്യങ്ങളും, തമ്മിലുള്ള ബന്ധം അനിവാര്യമല്ല." ഇവിടെ 'അനിവാര്യത' എന്ന വാക്ക് വിവക്ഷിക്കപ്പെടുന്നത് വസ്തുതകളുടെ നടപടി ക്രമം (modality) എന്ന തത്ത്വചിന്താപരമായ അർത്ഥത്തിലാണ്. വസ്തുതകളുടെ യാഥാർഥ്യത്തിനകത്ത് എന്താണ് അനിവാര്യമായത് (necessary),  എന്താണ് സാധ്യമായത് (possible), എന്താണ് സംഭവ്യമായത് (contingent),  എന്താണ് അസാധ്യമായത് (impossible) മുതലായ നിർവചനങ്ങളെ പരിശോധിക്കുന്നതാണ് ഈ സാങ്കേതിക സംജ്ഞ. ഫലസഫയുടെ നടപടിക്രമത്തെ കുറിച്ച പ്രഖ്യാപനങ്ങൾ അരിസ്റ്റോട്ടിലിനെ പിന്തുടരുന്നതായിരുന്നു. കാലബന്ധിതമായി കൊണ്ട് വിവരങ്ങളെ പരിശോധിക്കുന്ന ഒരു ഘടനയാണ് അതിന് ഉണ്ടായിരുന്നത്. ഏതൊരു പ്രസ്താവനയും അത് ഉച്ചരിക്കപ്പെട്ട സമയവുമായി കൂടി ബന്ധിപ്പിച്ചാണ് പരിശോധന സാധ്യമാവുക. ഉദാഹരണത്തിന് 'സോക്രട്ടീസ് മരിച്ചു' എന്ന പ്രസ്താവനയുടെ നടപടിക്രമവുമായ ബന്ധം, അത് സാധ്യമാണോ അസാധ്യമാണോ തുടങ്ങിയവ തീരുമാനിക്കുന്നത്, അത് പറയുന്ന കാലവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സോക്രട്ടീസ് ജനിച്ചതിന് മുൻപോ ശേഷമോ,  ജീവിച്ച കാലത്തോ, മരിച്ചതിനു മുമ്പോ ശേഷമോ, തുടങ്ങിയവ അതിന്റെ പ്രഖ്യാപനത്തെ നിർണയിക്കുന്നതിൽ പ്രധാനമാവുന്നു. ഐഹിക ലോകത്ത് യാഥാർഥ്യമാവുക വഴി മാത്രമാണ് ഒരു വസ്തു അതനുസരിച്ചു സാധ്യമാവുന്നത് (possible). ഒരു കാര്യം അനിവാര്യമാവുന്നത് (necessary) അത് ഏത് കാലത്തും എപ്പോൾ ഉച്ചരിച്ചാലും ഒരേ പോലെ സത്യമാവുമ്പോഴാണ്. ഉദാഹരണമായി അക്കാരണത്താലാണ് ദൈവം 'അനിവാര്യ' ഫലപ്രദ കാരണമെന്ന് ഇബ്‌നു സീന പറയുന്നത്. ഏത് കാലത്തും അത് ഒരു പോലെ  സത്യമാവുന്നു. അതിനെ പിന്തുടർന്നാണ് ഇബ്‌നു സീനയ്ക്ക് കാര്യകാരണ ബന്ധവും അനിവാര്യമാവുന്നത്. പ്രശ്നങ്ങൾ ഉത്ഭവിക്കുന്നത് മുമ്പ് കണ്ടത് പോലെ അത്തരത്തിലാണ്. 


ഈ വസ്തുതയുടെ നടപടിക്രമങ്ങളെയാണ് ഗസ്സാലി വെല്ലുവിളിക്കുന്നത്. അതിന്റെ സ്വഭാവത്തെ സംബന്ധിച്ച് തത്ത്വചിന്തകരുടെ നിലവിലെ ആശയത്തിനെതിരെ കരുത്തുറ്റ വാദഗതികൾ ഗസ്സാലി മുന്നോട്ട് വയ്ക്കുന്നു. അതിന് പ്രചോദനം ഇബ്‌നു സീന തന്നെ എന്നതാണ് രസകരം. അടിസ്റ്റോട്ടിലിന്റെ മാതൃകയിൽ നിന്നും ഇബ്‌നു സീന തന്നെ വഴിമാറുന്നുണ്ട്. സാധ്യതയെ മനസ്സിൽ ആശയങ്ങൾ രൂപപ്പെടുത്താനുള്ള കഴിവായി (mental conceivability) കൂടി അദ്ദേഹം കാണുന്നുണ്ട്. ആ അർത്ഥത്തിൽ അത് അരിസ്റ്റോട്ടിലിൽ നിന്നും വ്യത്യസ്ഥമായി പൂർണമായും സമയവുമായി ബന്ധിതമല്ല. എന്നാലിത് ഇബ്‌നു സീന പ്രപഞ്ചഘടന ശാസ്ത്രത്തിൽ വേണ്ട വിധം വികസിപ്പിക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്തില്ല. അതിന് കാരണം ഇബ്‌നു സീന ഉള്ളിൽ മനസിലും ബാഹ്യമായി പ്രകൃതിയിലും കാണുന്നത് ഒരൊറ്റ യാഥാർഥ്യം തന്നെയായി മനസിലാക്കുന്നു എന്നത് കൂടിയാണ്. യാഥാർഥ്യത്തിന്റെ അടിയൊഴുക്കുകളെ നേരിട്ട് അതിന്റെ ഉണ്മയിൽ ഭാഗമാവുക വഴി സ്വായത്തമാക്കുകയാണ് മനുഷ്യ മനസ്. ഈ വിധം സത്താപരമായ ഏകത വാദിച്ചു ഉറപ്പിക്കേണ്ട യാതൊരു ബാധ്യതയും ഗസ്സാലിക്ക് ഇല്ല. കാരണം അദ്ദേഹം കലാം വിജ്ഞാനീയ പരിസരത്ത് നിന്നും ആർജിക്കുന്ന ഘടനയിൽ അറിവ് വ്യത്യസ്ഥമായ വിധം ദൈവം മനുഷ്യ മനസ്സിൽ നേരിട്ട് സൃഷ്ടിക്കുന്നതുമാവാം. അപ്പോൾ വസ്തുതകളെ സംബന്ധിച്ച നടപടിക്രമങ്ങൾ  പുറമേക്കുള്ള ഒരു യാഥാർഥ്യം എന്നതിനേക്കാൾ മനുഷ്യമനസ്സിന്റെ ചിന്താരീതികളുമായി ബന്ധപ്പെട്ടതാണ്. ഗസ്സാലി എഴുതുന്നു. "ഒന്നിന്റെ ഉണ്മ മനസിൽ സങ്കല്പിക്കുകയും അതിന് തടസമില്ലാതിരിക്കുകയും ചെയ്യുമ്പോൾ നാമതിനെ സാധ്യം എന്നും അതിന് തടസങ്ങൾ ഉള്ളപ്പോൾ അസാധ്യം എന്ന പരിധിയിലും ഉൾപ്പെടുത്തുന്നു. ഇനി അതിനെ സങ്കല്പിക്കാതിരിക്കുക സാധ്യമേയല്ല എന്ന് വരികയാണെങ്കിലോ അത് 'അനിവാര്യ'മാവുന്നു. ഇവയൊക്കെ പുറമേയ്ക്ക് നിലനില്ക്കുന്ന വസ്തുതകൾ എന്നതിനേക്കാൾ യുക്തിപരമായ പ്രസ്താവങ്ങളാണ് (rational propositions)." കലാം വിജ്ഞാനീയത്തിന്റെ കൂടി സത്താപരമായ ചില ആശയങ്ങളെ സർഗാത്മകമായി പുനരാനയിച്ചു കൊണ്ടാണ് ഗസ്സാലി ഇവ്വിധം വസ്തുതകളുടെ നടപടി ക്രമങ്ങളെ വ്യത്യസ്ഥമായി വിശദീകരിക്കുന്നത്. വസ്തുതകളുടെ നടപടി ക്രമത്തെ ബാഹ്യ യാഥാർഥ്യം എന്നതിലേറെ മനുഷ്യ ചിന്തയുടെ ക്രമവുമായി അത് വ്യതിരിക്തമായി ബന്ധപ്പെടുത്തുന്നു. 


ഗസ്സാലി സമർത്ഥമായി വാദിച്ചു വയ്ക്കുന്നത് കാര്യകാരണ ബന്ധം അനിവാര്യമല്ല എന്ന് മാത്രമാണ്. അതിന്റെ അസാന്നിധ്യത്തിലും നമ്മുക്ക് മറ്റൊരു ലോകം സങ്കൽപ്പിക്കുക സാധ്യമാണല്ലോ. കാര്യകാരണ ബന്ധം നടപടിക്രമങ്ങളുടെ തലത്തിൽ സംഭവ്യമാണ് (contingent) എന്നതിന് ഗസ്സാലി എതിരല്ല. കാര്യകാരണ ബന്ധം അനിവാര്യതയല്ല സംഭവ്യമാണ് എന്നേ തെളിയിക്കാനാവൂ എന്ന് വരുന്നതോടെ വ്യത്യസ്ഥമായ സാധ്യതകളിൽ നിന്ന് നിലവിൽ നാം കാണുന്നതിനെ ദൈവം ഇച്ഛാപരമായി സൃഷ്ടിച്ചതാണ് എന്നത് കൂടി സ്വാഭാവികമായി വന്നു ചേരും. അതിന്റെ നിരാസമായിരുന്നല്ലോ കാര്യകാരണ ബന്ധത്തെ സംബന്ധിച്ച പ്രധാന പ്രശ്നം! അത് പരിഹരിക്കപ്പെടുന്നു. അതാണ് ഗസ്സാലിയുടെ ലക്ഷ്യവും. നിലവിൽ നാം കാണുന്നതിന് വിപരീതമായ, സൂര്യൻ പടിഞ്ഞാറു ഉദിക്കുന്ന, ഇലകൾ നീല നിറമായ, അഗ്നി പരുത്തിയെ കത്തിച്ചു കളയാത്ത ലോകങ്ങളൊക്ക സാധ്യമായിരുന്നു. ആ ലോകം തീർച്ചയായും നാം കാണുന്നതിൽ നിന്ന് തികച്ചും വ്യത്യസ്ഥമായിരിക്കും എന്നതിൽ തർക്കമില്ല. എന്നാലത് അസംഭവ്യമല്ല. ദൈവം അത്തരം പരിധിയില്ലാത്ത സാധ്യതകളിൽ നിന്ന് അവന്റെ ഇച്‌ഛാനുസരണം തിരഞ്ഞെടുത്ത ഒരു മാതൃകയാണ് യാഥാർഥ്യമായത് എന്ന് മാത്രം. ചുരുക്കത്തിൽ, കാര്യകാരണ ബന്ധം യുക്തിപരമായ ചിന്തയുടെയും ശാസ്ത്ര നിയമങ്ങളുടെയും തലത്തിൽ സാധുവായതും, അതോടൊപ്പം, ആത്യന്തികമായ തലത്തിൽ കേവലം  സംഭവ്യം എന്നതിനപ്പുറം നിലനിൽപ്പ് ഉറപ്പിക്കുക സാധ്യമല്ലാത്തതുമാണ് എന്നാണ് തഹാഫുത്ത് വാദിക്കുന്നത്. അങ്ങനെ ശാസ്ത്രത്തിന്റെയും മതത്തിന്റെയും അറിവുകൾ സംരക്ഷിക്കപ്പെടുന്നു.

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : കാര്യകാരണ ബന്ധം അനിവാര്യമോ?
കാര്യകാരണ ബന്ധം അനിവാര്യമോ?
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnfNsTsYAd5Y05u5uEGET9DUo-CEBiWMPN5BuEvJ8SwNN9AuEImfePFSWMb1_ZbpwPZkQVyOAafriAxU3xcgrrJjy-YQQWpHIOddX5_VbtGRdvtjmXedRAmoB7zgmL0S_agUnNYna2FLjw/w640-h485/gassali+series+13.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnfNsTsYAd5Y05u5uEGET9DUo-CEBiWMPN5BuEvJ8SwNN9AuEImfePFSWMb1_ZbpwPZkQVyOAafriAxU3xcgrrJjy-YQQWpHIOddX5_VbtGRdvtjmXedRAmoB7zgmL0S_agUnNYna2FLjw/s72-w640-c-h485/gassali+series+13.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/04/blog-post.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/04/blog-post.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content