സിദ്ധാന്തതിന്റെയും പ്രയോഗത്തിന്റെയും മണ്ഡലങ്ങളിലൂടെ മാർക്സിസത്തിന് നവീനമായ അർത്ഥവ്യാപ്തി നൽകിയ സൈദ്ധാന്തികനും പോരാളിയും കൂടെയായിരുന്നു അദ്ദേഹം. ആധുനിക മനുഷ്യന്റെ ധൈഷണിക ജീവതത്തിലെ ഉൽകൃഷ്ട സ്വരൂപങ്ങളിലൊന്നായ അദ്ദേഹം, ലെനിന് ശേഷം ഇരുപതാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും ഉന്നതനായ മാർക്സിസ്റ്റായിരുന്നു. രാഷ്ട്രീയത്തിലെ എല്ലാ വർഗങ്ങളിലും ജനങ്ങൾ നേടിയെടുക്കുന്ന നേത്രത്വം എന്ന hegemony അഥവാ മേൽകോഴ്മയാണ് മാർക്സിസത്തിന് ഗ്രാംഷി നൽകിയ ഏറ്റവും വലിയ സൈദ്ധാന്തിക സംഭാവന. സാംസ്കാരിക മേൽക്കോയ്മ ബൂർഷ്വാസികൾ നിലനിർത്താൻ കഴിയുന്നിടത്തോളം കാലം തൊഴിലാളിവർഗ്ഗ വിപ്ലവം അസാധ്യമാണെന്ന് ഗ്രാംഷി ചൂണ്ടിക്കാട്ടി.
ഭരണകൂടം പിടിച്ചെടുത്തത് കൊണ്ടുമാത്രം തൊഴിലാളിവർഗത്തിനു മേധാവിത്വം സ്ഥാപിക്കാൻ സാധിക്കില്ലെന്നും ഭരണകൂടാധികാരം പിടിച്ചെടുക്കുന്നതിനു മുമ്പു തന്നെ പൗരസമൂഹത്തെ ആകെ ആശയപരമായി ആയുധം അണിയിക്കുവാൻ തൊഴിലാളിവർഗ പാർട്ടി ഒരു വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറ്റലിയിലെ പ്രതിസന്ധി മൂടിവയ്ക്കുവാനല്ലാതെ പരിഹരിക്കുവാൻ മുസോളിനിയുടെ ഫാസിസത്തിന് സാധിക്കുകയില്ലന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഫാസിസം ഒരുപക്ഷെ കുറച്ചുകാലം നിലനിൽക്കാമെങ്കിലും അതൊരു പുതുയുഗപ്പിറവിയാകില്ലെന്ന് ഗ്രാംഷി പ്രവചിച്ചത് തെളിയിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം എട്ട് വർഷം പിന്നിടുമ്പോൾ ഇറ്റലിയിൽ നിന്ന് മാത്രമല്ല യൂറോപ്പിൽ നിന്ന് തന്നെ ഫാസിസം തൂത്തറിയപ്പെട്ടു.
ജീവിതം
അന്റോണിയോ ഗ്രാംഷിയുടെ ജീവിതത്തിലേക്ക് കണ്ണോടിച്ചാൽ ഇത്രത്തോളം വലിയ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച മറ്റൊരു രാഷ്ട്രീയ പ്രവർത്തകരും സൈദ്ധാന്തികനുമില്ലന്നുതന്നെ പറയാം.
ഇറ്റലിയിലെ ഒരുഭാഗവും മദ്ധ്യധാരണിയായിലെ ഒരു ദീപുമായ സാമൂഹികമായ പിന്നോക്കാവസ്ഥയിലുള്ള സർദീനിയായിലെ അലാസ് പട്ടണത്തിൽ 1891ൽ ജനുവരി 22ന് ഒരു ദരിദ്ര കുടുംബത്തിൽ ഗ്രാംഷി ജനിച്ചു.
ചെറുപ്പം മുതലേ അസുഖങ്ങൾ കൂടപ്പിറപ്പായ ഗ്രാംഷിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. നട്ടെല്ലിന് സംഭവിച്ച തകരാറുമൂലം ജീവിതകാലം മുഴുവൻ അദ്ദേഹത്തിന് ഒരു കൂനനായി കഴിച്ചു കൂട്ടേണ്ടി വന്നു. നട്ടെല്ലിന് വളവുണ്ടായതു മൂലം കഷ്ടിച്ച് അഞ്ചടി ഉയരം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. കൂടാതെ ആന്തരികാവയവങ്ങൾക്കുണ്ടായ വൈകല്യം ഒരിക്കൽ മരണത്തിന് വക്കിൽ വരെ എത്തിക്കുകയും ചെയ്തു. തുടർന്നും അത് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു.
വിദ്യാഭ്യാസം
ഗ്രാംഷി ഒരു സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് ഒരു ചെറിയ സർക്കാർ ഉദ്യോഗസ്ഥനായ പിതാവ് ഔദ്യോഗിക വീഴ്ചയുടെ പേരിൽ കുറ്റം ചാർത്തപ്പെട്ട് ജയിലിലായി, അതോടെ ഗ്രാംഷിയുടെ വിദ്യാഭ്യാസം താൽക്കാലികമായി അവസാനിച്ചു. ചെറിയ പ്രായത്തിൽ തന്നെ കൂനനായ അദ്ദേഹത്തിന് ആ പ്രശ്നം ജീവിതാന്ത്യംവരെ അലട്ടുന്ന ഒന്നായി മാറിയത് ചെറുപ്പത്തിൽതന്നെ കഠിനമായ തൊഴിൽ ചെയ്തു കുടുംബം പുലർത്തേണ്ടി വന്നതിനാലായിരുന്നു. നാല് വർഷം കഴിഞ്ഞ് പിതാവ് ജയിൽ മുക്തനായതിനുശേഷമാണ് അദ്ദേഹം പിന്നീട് വിദ്യാഭ്യാസം തുടർന്നത്.
ജേഷ്ഠൻ ഗോലാനയിൽ നിന്ന് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. ദരിദ്ര വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് നേടിയതിനാൽ 1911ൽ അദ്ദേഹത്തിന് ട്യൂറിൻ സർവകലാശാലയിൽ സാഹിത്യ പഠനത്തിനായി ചേർന്നു പഠിക്കാൻ സാധിച്ചു. അവിടെവെച്ചാണ് അദ്ദേഹം സഹ കമ്മ്യൂണിസ്റ്റുകാരനായ പാൽമിറോ തോഗ്ലിയാട്ടി (Palmiro Togliatti) യുമായി പരിചയപ്പെടുന്നത്. 1915ൽ രോഗം മൂർച്ഛിച്ച അദ്ദേഹം പഠനം ഉപേക്ഷിക്കാൻ നിർബന്ധിതരായി. ഈ സമയത്തും അദ്ദേഹം എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സോഷ്യലിസ്റ്റ് രാഷ്ട്രീയം പിന്തുടർന്നു. സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ അവന്ധിയുടെ പ്രിന്റ് എഡിഷന്റെ സഹപത്രാധിപരാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ പൊതു പ്രസംഗം1916 ലായിരുന്നു. റൊമേൻ റോളൻ, പാരീസ് കമ്മ്യൂൺ, വനിത വിമോചനം എന്നീ വിഷയങ്ങളിലാണ് അദ്ദേഹം സംസാരിച്ചത്.
ട്യൂറിനിലെ തൊഴിലാളി ഭരണവർഗത്തിനെതിരെ നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെയും ഫാക്ടറി കൗൺസിൽ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക നേതാവും മുഖ്യ വ്യക്താവുമായതോടെ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന വ്യക്തിയായി തീർന്നു ഗ്രാംഷി. 1917-ലെ റഷ്യൻ ബോൾഷവിക് വിപ്ലവം അദ്ദേഹത്തെ വളരെ ആകർഷിച്ചു. മാർക്സിസത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാധ്യതകളെ കുറിച്ചറിയുവാൻ ഇൗ വിപ്ലവം പ്രചോദനമായി.
കമ്മ്യൂണിസ്റ്റ് പാർട്ടി
ആശയപരമായി ഭിന്നത മൂലം 1921 ജനുവരി രണ്ടാം തീയതി സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസിൽ നിന്ന് ഇടതുപക്ഷം വേർപിരിയുകയും ഗ്രാംഷിയുടെയും തോഗ്ലിയാട്ടിയുടെയും ബോർഡിഗോയുടേയും നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു. പിന്നീട് ഈ പാർട്ടിക്കകത്ത് ബോർഡിഗോയുടെ വിഭാഗീയത പ്രവർത്തനങ്ങൾക്കെതിരെയും ഗ്രാംഷിക്ക് പൊരുതേണ്ടി വന്നു. ആശയപരമായി സോഷ്യലിസ്റ്റായി മാറിയ ഗ്രാംഷി മോസ്കോയിലേക്ക് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പ്രവർത്തകനായി പോകുകയും പിന്നീട് ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കുകയും 1924 കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇറ്റാലിയൻ പാർലമെന്റിൽ പ്രതിപക്ഷനേതാവായി പ്രവർത്തിച്ച കാലം സംഭവബഹുലമായിരുന്നു.
ഫാസിസത്തിനെതിരെ
ഫാസിസത്തിനെതിരായ പോരാട്ട ചരിത്രം ആരംഭിക്കുന്നത് അവിടെനിന്നാണ്. 1922 ൽ മുസോളിനി ഇറ്റലിയുടെ അധികാരം പിടിച്ചെടുത്തത് മുതൽ ഫാസിസത്തിന് കണ്ണിലെ കരടായിരുന്നു ഗ്രാംഷി. 1926 ജനുവരിയിൽ ലിയോണിൽ വെച്ച് നടന്ന കോൺഗ്രസിൽ വച്ചാണ് ഫാസിസത്തിനെത്തിരായ ഐക്യമുന്നണി എന്ന ഗ്രാംഷിയുടെ ആശയത്തിന് പിന്തുണ ലഭിച്ചത്.
പക്ഷെ ഫാസിസം ഏറ്റവുമധികം ഭയപ്പെട്ടത് കമ്യൂണിസത്തെയും ഗ്രാംഷിയുടെ തലച്ചോറിനെയുമായതുകൊണ്ട് 1926ൽ തന്നെ മുസോളിനി കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കുകയും 1926 നവംബർ എട്ടാം തീയതി ഗ്രാംഷിയെ വിചാരണ ചെയ്യുകയും 20 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. മുസോളിനിയുടെ ആജ്ഞാനുവർത്തിയായ ജഡ്ജ് ഇരുപത്തിയഞ്ചുവർഷത്തേക്ക് ഗ്രാംഷിയുടെ തലച്ചോറിനെ പ്രവർത്തനരഹിതം ആക്കണമെന്നാണ് വിധിച്ചത്. പക്ഷെ ഗ്രാംഷി തോറ്റ് കൊടുക്കുവാൻ സന്നദ്ധനായിരുന്നില്ല.
പ്രിസൺ നോട്ട്ബുക്സ്
ഫാസിസത്തിന് അദ്ദേഹത്തിന്റെ തലച്ചോറൊഴികെയുള്ള ഭാഗങ്ങൾ മാത്രമേ ശിക്ഷ നടപ്പിലാക്കുവാൻ സാധിച്ചുള്ളു. തടവറയിൽ കഴിഞ്ഞ സമയത്ത് പീഡനങ്ങളെ അതിജീവിച്ചുകൊണ്ട് നടത്തിയ രചനകളിലൂടെ അദ്ദേഹത്തിന്റെ ഏറ്റവും സർഗാത്മകമായ കാലഘട്ടം കടന്നുവന്നു. തൊഴിലാളിവർഗ്ഗത്തിന്റെ ഭാവിയെ സോഷ്യലിസത്തിലേക്ക് എങ്ങനെ നയിക്കാമെന്ന ധൈഷണിക അന്വേഷണത്തിന് തടവ് കാലം ഗ്രാംഷി ഉപയോഗിച്ചു. അവിടെവെച്ചാണ് മാർക്സിസ്റ്റ് സൈദ്ധാന്തിക ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ജയിൽ കുറിപ്പുകൾ അഥവാ അദ്ദേഹത്തിന്റെ പ്രിസൺ നോട്ട് ബുക്സ് പിറവിയെടുക്കുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട് മിലാനിൽ കഴിയുമ്പോഴാണ് ജയിൽ കുറിപ്പുകൾക്കുള്ള പദ്ധതി തയ്യാറാക്കുന്നത്. ഈ കാലത്ത് അദ്ദേഹത്തിന് വായിക്കാനും ആഴ്ച്ചയിൽ രണ്ട് കത്തുകൾ എഴുതുവാനുമുള്ള അനുമതി ലഭിച്ചു. അദ്ദേഹം അത് പരമാവധി പ്രയോജനപ്പെടുത്തി.
1927 മാർച്ച് 19ന് ഭാര്യാസഹോദരി താതിയാനക്ക് (Tatiana Schucht) എഴുതിയ കത്തിലൂടെയാണ് ജയിൽ കുറിപ്പുകളെഴുതാനുള്ള പദ്ധതിയെക്കുറിച്ച് സൂചിപ്പിക്കുന്നത്.
നാലു ഭാഗങ്ങളായി തിരിച്ച് പഠനത്തിൽ ഏർപ്പെടാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 1929 ജനുവരിയിൽ എഴുതാനുള്ള അനുമതിയും അദ്ദേഹത്തിന് ജയിൽ അധികൃതരിൽ നിന്ന് തന്നെ ലഭിച്ചു. 1929 ഫെബ്രുവരി എട്ടിന് ജയിലിന്റെ മുദ്രവെച്ച നോട്ടു പുസ്തകത്തിൽ അദ്ദേഹം എഴുതി തുടങ്ങി.
തടവറയിൽ വെച്ച് എഴുതിയത് കൊണ്ട് അപൂർണ്ണതയും അപര്യാപ്തതയും വാക്കുകളിൽ പ്രകടമാണ്. വാക്കുകളുടെ യഥാർത്ഥ അർത്ഥം അധികൃതരിൽ നിന്നും മറച്ചു പിടിക്കേണ്ടത് കൊണ്ടും ബദൽ വാക്കുകൾ ഉപയോഗിച്ചു. ഉദാഹരണത്തിന് മാർക്സിസം എന്നതിനെ "ഫിലോസഫി ഓഫ് പ്രാക്‌സിസ്" എന്നാണ് ഉപയോഗിച്ചിരുന്നത്. (ഇത് പിന്നീട് പല ചർച്ചകളിലായി വ്യത്യസ്ത ആശയം നൽകുന്നുണ്ട് )
മരണം
ഈ സമയത്ത് രോഗം കൂടുതലായതിനെ തുടർന്ന് ജയിൽ മോചിതനായ അദ്ദേഹം 1935 ഓഗസ്റ്റിൽ ക്യിസിസ്'സാന സാനിറ്റോറിയത്തിൽ എത്തുകയും മസ്തിഷ്ക സ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലാകുകയും ചെയ്തു. തുടർന്ന് 1937 ഏപ്രിൽ 27ന് 46 വർഷം നീണ്ടുനിന്ന ചെറുത്തുനിൽപ്പുകളുടെ ആ മഹത്തായ ജീവിതം അവസാനിച്ചു. അത് മരണമായിരുന്നില്ല, മറ്റൊരർത്ഥത്തിൽ രക്തസാക്ഷിത്വം തന്നെയാണ്. ഗ്രാംഷിയുടെ മരണശേഷം ഭാര്യാസഹോദരി താതിയാന കുറിപ്പുകൾ സുരക്ഷിതമായി മാറ്റുകയും പിന്നീട് മോസ്കോയിലേക്ക് കടത്തുകയും ചെയ്തു. 1947ൽ പ്രസിദ്ധീകരിക്കുന്നത് വരെ നോട്ട് ബുക്കുകളുടെ ഉള്ളടക്കം ആർക്കും അറിയില്ലായിരുന്നു. ആദ്യത്തെ രണ്ട് വാല്യങ്ങൾ പ്രധാനമായും അദ്ദേഹത്തിന്റെ കത്തുകളായിരുന്നു. തുടർന്ന് ആറ് വാല്യങ്ങൾ കൂടി പ്രസിദ്ധീകരിച്ചു. ഗ്രാംഷിയുടെ രചനകളെ രണ്ട് ഭാഗങ്ങളായി തിരിക്കാം. 1914 മുതൽ 1926 വരെയുള്ള എഴുത്തുകൾ "പ്രീ പ്രിസൺ റൈറ്റിംഗ്" എന്ന് അറിയപ്പെടുന്നു.
അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പ് തൊഴിലാളിവർഗ്ഗം നേതൃത്വം കാണാൻ കഴിവുള്ളവരാകണമെന്ന ആശയം ഗ്രാംഷിയൻ ചിന്തയിൽ നിറഞ്ഞുനിന്നു. 2548 പേജുകളുള്ള അദ്ദേഹത്തിന്റെ ജയിൽ കുറിപ്പുകൾ റോമിലുള്ള ഗ്രാംഷി ഗവേഷണകേന്ദ്രത്തിൽ സൂക്ഷിച്ചു വെച്ചു.
നാൽപത്തിയാറാം വയസ്സിൽ ഏപ്രിൽ അവസാനം റോമിലെ ഒരു ചികിത്സാലയത്തിൽ വെച്ച് അന്റോണിയോ ഗ്രാംഷി മരിച്ചപ്പോൾ പത്ത് വർഷങ്ങളായി മുസോളിനിയുടെ തടവിൽ മാനസികമായും ശാരീരികമായും ആ ജന്മം ശയിച്ച് തീരുകയായിരുന്നു. സ്മശാനത്തിലേക്കുള്ള യാത്രയിൽ പെട്ടന്ന് കോരിച്ചൊരിഞ്ഞ പേമാരിയിൽ നിർജനമായ റോമിൻ വഴികളിലൂടെ അദ്ദേഹത്തിന്റെ ജഡത്തെ അനുഗമിക്കാൻ ഭാര്യാ സഹോദരി താതിയാനയും സഹോദരൻ കാർലോ ഗ്രാംഷിയും മാത്രമാണുണ്ടായിരുന്നത്. സൈനിക മേൽനോട്ടത്തിൽ ഏതാണ്ട് രഹസ്യമായാണ് ശവസംസ്കാരം നടന്നത്.
ഫൈസി ഫാബ്‌സ്
പകർപ്പെഴുത്ത് : ജുറൈസ് പൂതനാരി

COMMENTS