1905 ജൂൺ ഇരുപത്തി ഒന്നിന് ഴാൻ പോൾ ചർലിയുടെയും അയ്മാർഡ് സാർത്രിന്റെയും ഏക മകനായി ജനിച്ച അദ്ദേഹത്തിന്റെ പഠനം കൂടുതലും പാരിസ് യൂണിവേഴ്സിറ്റികളിലായിരുന്നു. അദ്ദേഹത്തിന് തന്റെ രണ്ടാം വയസ്സിൽ തന്നെ പിതാവിനെ നഷ്ടപ്പെടുന്നുണ്ട്. പിന്നീട് തന്റെ പന്ത്രണ്ടാം വയസ്സിൽ മാതാവ് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. പഠന കാലത്ത് തന്നെ തന്റെ അതെ മേഖലയിൽ ഇന്‍ററസ്റ്റായിട്ടുള്ള സിമോൺ / സൈമൺ (Simon) എന്ന ഫെമിനിസ്റ്റ് പെണ്ണിനെ വിവാഹം ചെയ്യുന്നുണ്ട് സാർത്ര്.
എക്സിസ്റ്റെൻഷലിസം, ഫിനമിനോളജി എന്നീ വിഷയങ്ങളിലായിരുന്നു സാർത്രിന്റെ പ്രത്യേക ശ്രദ്ധാന്വേഷണം. ഇൗ മേഖലയിൽ അദ്ദേഹം നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തിന് ഒരു നൊബേൽ പുരസ്കാരം ലഭിച്ചപ്പോൾ അദ്ദേഹം അത് ഒരു എഴുത്തുകാരൻ സ്വയം തന്നെ ഒരു ഇൻസ്റ്റിറ്റ്യൂഷനിലേക്ക് തിരിയരുത് എന്ന് പറഞ്ഞുകൊണ്ട് അത് നിരസിക്കുകയായിരുന്നു.
1920 കളിൽ തന്റെ ടീനേജ് കാലത്തായിരുന്നു ഹെൻറി ബർഗ്‌സണിന്റെ ടൈം ആൻഡ് ഫ്രീവിൽ (Time and Freewill) സാർത്ര് വായിച്ചത്. ഇത് വായിച്ചതിന് ശേഷമാണ് ഫിലോസഫി മേഖലയിൽ സർത്ര് കൂടുതൽ താൽപര്യം കാണിച്ച് തുടങ്ങിയത്. ദൈവത്തിന്റെ എക്സിസ്റ്റൻസിനെ നിരാകരിക്കുന്ന സർത്ര്, കീർകേഗാഡ്, നീത്ഷെ, ഹസ്സൽ, ഹെയ്ദഗർ എന്നിവരെല്ലാം തന്റെ പഠനങ്ങളിലും അന്വേഷണങ്ങളിലും ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയുന്നുണ്ട്. അദ്ദേഹം പിന്നീട് പൂർണ എക്സിസ്റ്റെൻഷ്യൽ വാദിയായി മാറുന്നു. ജർമ്മൻ ഫിലോസഫർ മാർട്ടിൻ ഹെയ്ദഗറും ഒരു അസ്ത്വിത്ത വാദിയാണങ്കിലും അദ്ദേഹം സ്വയം തന്നെ താനൊരു എക്സിസ്റ്റണലി സ്റ്റാണെന്നതിനെ നിരാകരിക്കുന്നു. സാർത്ര് നീത്ഷേയെ അസ്തിത്വ വാദിയായി എണ്ണുന്നുണ്ട്.
എക്സിസ്റ്റൻഷ്യലിസത്തിന് സാഹിത്യ കൃതികളിലൂടെ പ്രചാരം നൽകിയ രണ്ടെഴുത്തുകാരാണ് ആൽബർട് കാമുവും സിമോന്ദ് ഡി ബ്യൂവാറും (Simone de Beauvoir). പക്ഷെ പിൽക്കാലത്ത് ഹെയ്ദഗറിനെ പോലെ തന്നെ കാമുവും താനൊരു എക്സിസ്റ്റൻഷ്യലിസ്റ്റാണെന്ന് നിഷേധിക്കുന്നുണ്ട്. എങ്കിലും ജീവിതത്തിനു നേരെ അദ്ദേഹം കൈകൊണ്ട ദാർശനിക നിലപാട് അദ്ദേഹത്തെ അസ്തിത്വവാദത്തോട് കൂടുതൽ അടുപ്പിക്കുന്നു.
എക്സിസ്റ്റൻഷ്യലിസത്തിന്റെ പിതാവായി ഡാനിഷ് ചിന്തകനും എഴുത്തുകാരനുമായ സോറൻ കീർക്കെഗാഡിനെയും (Søren Kierkegaard) കരുതപ്പെടുന്നുണ്ട്.
വ്യക്തമായ തിയറികളുടെ അടിസ്ഥാനത്തിൽ അസ്തിത്വവാദത്തെ ഇന്നത്തെ പോലെ ഒരു സമ്പൂർണ്ണ തത്ത്വദർശനമാക്കി മാറ്റിയത് ഴാൻ പോൾ സാത്രാണ്. 1944 -ൽ "ഏക്ഷൻ" മാസികയിൽ എഴുതിയ ഒരു ലേഖനത്തിൽ എക്സിസ്റ്റൻഷ്യലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്. അതിനുശേഷം ഒരുകൊല്ലം മാത്രം പിന്നിട്ട് അദ്ദേഹം എഴുതിയ നിലനിൽപ്പും ഇല്ലായ്മയും (Being and Nothingness) എന്ന ബൃഹത്തായ കൃതിയാണ് ഇന്ന് ആധുനിക എക്സിസ്റ്റൻഷ്യലിസത്തിന്റെ അടിസ്ഥാന ഗ്രന്ഥമായി അറിയപ്പെടുന്നത്. (എന്താണ് ആധുനികത: എം മുകുന്ദൻ)
ദാർശനിക യുദ്ധഭൂവിൽ മാർക്സിസത്തിനും എക്സിസ്റ്റൻഷ്യലിസത്തിനും ഇടയിലുണ്ടായിരുന്ന സംഘർഷം അവസാനിപ്പിച്ച് അവ രണ്ടിനെയും കൂട്ടിയിണക്കാനുള്ള നിരന്തരമായ ശ്രമത്തിലായിരുന്നു സാത്ര്. ഒരുപരിധിവരെ ഇക്കാര്യത്തിൽ അദ്ദേഹം വിജയിക്കുകയായിരുന്നു എന്നുവേണമെങ്കിലും പറയാം.
അസ്തിത്വത്തിനു മുൻഗണന നൽകുന്ന ദർശനമെന്നാണ് എക്സിസ്റ്റൻഷ്യലിസം കൊണ്ട് (Existentialism precedes Essence) മനസ്സിലാക്കേണ്ടത്. നേരെ തിരിച്ച് മനസ്സിലാക്കുന്നതിന് എസൻഷ്യലിസം എന്നും പറയുന്നു.
മനുഷ്യനെ കുറിച്ച് ഏത് പഠനവും തുടങ്ങുന്നതിനു മുമ്പ് രണ്ടു മൂലതത്വങ്ങൾ അംഗീകരിക്കേണ്ടതാണ്. സത്തയും അസ്ഥിത്വവുമാണവ. എന്താണ് സത്ത? ഞാൻ മനുഷ്യനാണ്, എന്റെ മാനുഷികാവസ്ഥയാണ് സത്ത. ഞാനെന്താണ് അതാണ് സത്ത. മനുഷ്യത്വം, മനുഷ്യൻറെ സത്ത, അദൃശ്യമാണ്. അതിനെ കാണുവാനോ സ്പർശിക്കുവാനോ കഴിയുകയില്ല. അതിന് ശരീരമില്ല, അമൂർത്തമാണ്. അതു കേവലമായ ഒരു സങ്കല്പം മാത്രമാണ്. സത്ത സങ്കൽപത്തിൽ നിന്ന് യാഥാർഥ്യമായി മാറുന്നത് അതിന് അസ്ഥിത്വം ലഭിക്കുമ്പോൾ മാത്രമാണ്. സത്തയിലേക്ക് അസ്ഥിത്വം പ്രവേശിക്കുമ്പോൾ മാത്രമാണ് നാം ഉണ്ടാകുന്നത്. "ഞാൻ മനുഷ്യനാണ്" എന്ന് പറയുമ്പോൾ "മനുഷ്യൻ" സത്തയുമാണ് അസ്തിത്വവുമാണ്. തത്വശാസ്ത്രങ്ങളുടെ ചരിത്രം പരിശോധിച്ചാൽ പത്തൊമ്പതാം നൂറ്റാണ്ട് അവസാനം വരെ ആർക്കും ഇക്കാര്യത്തിൽ സംശയം ഉണ്ടായിരുന്നില്ല എന്ന് കാണും. അവർ വാദിച്ചിരുന്നത് സത്തയാണ് പ്രധാനം എന്നായിരുന്നു. പക്ഷെ സത്തയാണ് പ്രധാനം എന്ന കാലാകാലമായുള്ള ധാരണയെ എക്സിസ്റ്റൻഷ്യലിസം ചോദ്യം ചെയ്യുകയാണിവിടെ. സത്തയല്ല, അസ്ത്വിത്വമാണ് പ്രധാനം എന്ന് സാത്രിനെ പോലോത്ത എക്സിസ്റ്റൻഷ്യലിസ്റ്റുകൾ വാദിക്കുന്നു.
കാരണമായി അവർ പറയുന്നത്, കേവലം ഒരു വസ്തുവിന്റെ അല്ലെങ്കിൽ മനുഷ്യന്റെ സത്ത മാത്രം ഉണ്ടായത് കൊണ്ട് അയാൾക്ക് ഒരു പ്രാധന്യവുമില്ല. അയാളിൽ അയാൾ തന്റെ ഫ്രീഡം ഓഫ് ചോയ്സ് (തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ) കൊണ്ട് നേടിയെടുക്കുന്നത് കൊണ്ട് മാത്രമാണ് അയാളിൽ പ്രാധാന്യം കൂടുന്നത്. അങ്ങനെ തിരഞ്ഞെടുപ്പുകളുടെ ഒരു നീണ്ട ഘോഷയാത്രയാണ് അസ്തിത്വം. നമ്മുടെ നീണ്ടുകിടക്കുന്ന പാതകൾ ഒന്നല്ല, രണ്ടല്ല, പരസഹസ്രമാണ്. ഇഷ്ടമുള്ള പാത നമുക്ക് തിരഞ്ഞെടുക്കാം. അതിന്റെ പരിണിതഫലം എന്ത് തന്നെയായാലും അത് അയാൾക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരാൾ പൂട്ടി അടച്ചിട്ട ജയിലിലാണെങ്കിലും അയാൾക്ക് ഏതെങ്കിലും രീതിയിൽ എന്തെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നത് നൈതികമാകണോ അല്ലയോ എന്നും അയാൾക്ക് തന്നെ തീരുമാനിക്കാം. മുൻപിലുള്ള വഴികളിൽ ഒന്നും തന്നെ തിരഞ്ഞെടുക്കാതിരിക്കുന്നതും അയാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്. തിരഞ്ഞെടുപ്പിനുള്ള അനാദിയായ സാതന്ത്ര്യത്തെ നിഷേധിക്കുന്ന ആളുകൾക്ക് സാർത്ര് ജീവിതം നിഷേധിക്കുന്നു. സാർത്ര് അവർ മനുഷ്യരല്ലന്നും ജഡമാണെന്നും പറയാൻ ശ്രമിക്കുന്നു. സാർത്രിന്റെ ഭാഷയിൽ പറഞ്ഞാൽ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അറിയാത്തവർ ബാഡ് ഫെയ്തിലാണ് (Bad Faith) ജീവിക്കുന്നത് എന്നാണ്. ഒരു കല്ല് പോലൊത്ത ചലനമില്ലാത്ത വസ്തുക്കൾക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്ത പോലെ.
ക്ലാസിക് തത്ത്വചിന്തകരെ സംബന്ധിച്ചെടുത്തോളം നിലനിൽപ്പും (Being) അസ്തിത്വവും (Existence) ഒന്നായിരുന്നു. പക്ഷെ എക്സിസ്റ്റൻഷ്യലിസ്റ്റുകളുടെ കണ്ണിൽ ഇവ രണ്ടും രണ്ടാണ്. വിശദീകരണത്തിന് എം മുകുന്ദൻ നൽകുന്ന ഒരു ഉദാഹരണം നമുക്ക് ഇവിടെ എടുക്കാം. ഒരു കല്ലിന്റെ അസ്തിത്വം എന്ന് പറയുമ്പോൾ ഒരു കല്ലിന്റെ നിലനിൽപ് എന്നാണ് നമ്മൾ ഉദ്ദേശിക്കുന്നത്. "നിലനിൽപ്പിന്റെ" ഒരു പര്യായമെന്ന നിലക്ക് "അസ്തിത്വം" എന്ന പദം ഉപയോഗിച്ചെന്ന് വരാം. ഒരു പാറ നിലനിൽക്കുന്നു (A Rock is) എന്നു പറയാം. എന്നാൽ അതിന് അസ്തിത്വമില്ല (Does not Exist). അസ്തിത്വം എന്നത് ജഡവസ്ത്രമല്ല. അസ്തിത്വം ചലനാത്മകമാണ്. "എക്‌സിസ്റ്റൻസ്" എന്ന പദത്തിന്റെ "എറ്റിമോളജി" അത് വ്യക്തമാക്കുന്നുണ്ട്. അസ്തിത്വത്തിന്റെ ലാറ്റിൻ മൂലരൂപമായ Ezistere എന്ന പദം പുതിയൊരു ലോകത്തിലേക്കുള്ള പ്രയാണത്തെയും (EX) അവിടെ സ്വന്തം വേരുകൾ താഴ്ത്തുവാനുള്ള യജ്ഞത്തെയുമാണ് (Sistere) സൂചിപ്പിക്കുന്നത്. (എന്താണ് ആധുനികത - എം മുകുന്ദൻ)
നിരവധി ഗ്രന്ഥങ്ങളും ചെറു കൃതികളും രചിച്ച സാത്രിന്റെ പ്രധാനപ്പെട്ട കൃതികളാണ് The transcendence of Ego, The Imaginary, Being and Nothingness, Existentialism is a Humanism. Nausea, The wall, No exit.
1980 ഏപ്രിൽ 15ന് മരണം
റഫറൻസ് :-
~Lecture By Sreekumar Nellickappilly (Department of Humanities and Social science, IIT Madras)
~എന്താണ് ആധുനികത , എം മുകുന്ദൻ
~ Sartre: Existentionalism and the Anguish of freedom , philosophy vibe
~ The life history of Jean Paul Sartre, Edupedia World
~ Wikipedia
~ Plato.stanford.edu
ജുറൈസ് പൂതനാരി

COMMENTS