2009 മെയ് 17. കുപ്രസിദ്ധ ഗുണ്ടാ തലവൻ കൊമ്പ് ഷിബു കടയിൽ കയറി ഭക്ഷണം വാങ്ങുന്നു. പതിവ് പോലെ പണം നൽകാതെ മടങ്ങാൻ ശ്രമിക്കുന്നു. തുടർന്ന് സംഘർഷം പൊട്ടിപുറപ്പെട്ടു. കളക്ടറും പ്രാദേശിക നേതാക്കളും സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. ഭരണകൂടം നൽകിയ ഉറപ്പിൽ ജനങ്ങൾ പിരിഞ്ഞു പോകുന്നു. അൽപ്പസമയത്തിനകം ഉറൂസ് നടത്താൻ സമ്മതിക്കുകയില്ലെന്നായി ഷിബു. തുടർന്ന് പള്ളിയിലെ കൂട്ടമണിയടിക്കുന്നു. ജനങ്ങൾ ഒത്തുകൂടിയെന്ന് ഉറപ്പായപ്പോൾ തിരക്കഥയില്ലെന്നപോലെ പോലീസ് വരുന്നു. കർഫ്യൂവോ മറ്റിതര നിയമങ്ങളോ പ്രഖ്യാപിക്കാതിരുന്നിട്ടും അവിടെ തടിച്ച് കൂടിയത് നിയമവിരുദ്ധമാണെന്ന് പറയുന്നു. നിമിഷങ്ങൾക്കകം വെടി പൊട്ടുന്നു. പിന്തിരിഞ്ഞ് ചിന്നിച്ചിതറിയവരെ എത്തിച്ചിട്ട് വെടിവെച്ചു. അവസാനം 6 ചേതനയറ്റ ശരീരങ്ങളും 50ൽ പരം ജീവച്ഛവങ്ങളും മാത്രം ബാക്കി...
ഇങ്ങനെയാണ് ചരിത്രം തുടങ്ങുന്നത്. ഒരു പതിറ്റാണ്ട് മാത്രം പിന്നിട്ട ഭരണകൂട ഹിംസയുടെ വെൽപ്ലാനെഡ് കൂട്ടക്കുരുതി ജനസമൂഹത്തിലെ പുത്തനാളുകൾ അറിയുന്നത് തന്നെ മാലികിലൂടെയാണ്.ആസൂത്രികൻ മഹേഷ് നാരായണൻ സിനിമയിലൂടെനീളം കയ്യടിക്ക് അർഹനാണെങ്കിൽ അത് ഈയൊരു വസ്തുതക്ക് വേണ്ടി മാത്രമായിരിക്കും.ഓഡിയൻഷ്യൽ ത്രില്ലിംഗ് ഒഴിച്ചാൽ സിനിമ ചരിത്രത്തിനെതിരെയുള്ള രണ്ടാം വെടിവെപ്പാണ്.വി എസും കോടിയേരിയും ഭരിച്ച ഇടത് സമ്പൂർണ സർക്കാരിന്റെ കാലത്ത് ഭരണകൂടത്തിന്റെ ആവിശ്യാർത്ഥമെന്നോണം നടന്ന കൂട്ടക്കൊല അവതരിപ്പിക്കുമ്പോൾ നീതിയെ പരിഗണിച്ചില്ലെങ്കിലും ഇരകളെ എങ്കിലും പരിഗണിക്കണമായിരുന്നു. ഇതിപ്പോൾ ഇരകൾ വില്ലനൈസ് ചെയ്യപ്പെടുന്നു. കൊല വെളുപ്പിക്കപ്പെടുന്നു.
മതേതര ബാലൻസിങ്ങിന് ഡിസ്ക്ലെയ്‌മർ നാടകം
ഇതൊരു 'സാങ്കല്പിത' കഥ മാത്രം.സിനിമയുടെ കപടമതേതരത്വം കാത്ത്സൂക്ഷിക്കാനുള്ള പൊളിറ്റിക്കൽ ഡ്രാമ മാത്രമാണത്.പക്ഷെ,ബീമാപള്ളിയിൽ നിന്ന് റമദാ പള്ളിയിലേക്ക് ഭൂമിശാസ്ത്രപരമായിപോലും ദൂരം ഇത്ര കുറവാണെന്ന് സംവിധായകൻ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.
ചെറിയ തുറയും റമദാപള്ളിയും വേർത്തിരിക്കപ്പെടുന്നത് ഒരു റോഡിനെ ആശ്രയിച്ഛ് മാത്രമാണ്.അതൊഴിച്ചാൽ ലത്തീൻ തുറക്കാരും മുസ്ലിംപള്ളിക്കാരും ഒറ്റക്കെട്ടാണ്.കടലിനെ ആശ്രയിക്കുന്നവരും ജനസാന്ദ്രത കൂടുതലുള്ള പ്രദേശവാസികൾ ആയത് കൊണ്ട് തന്നെ,വർഗീയതക്കോ അതിലുപരി മതകീയ തരം തിരിവിനോ യാതൊരു സാധ്യത പോലും ഇല്ല.അതോടൊപ്പം ഉയർന്ന പ്രദേശങ്ങളിൽ വിദൂര സംഘട്ടന സാധ്യത കണക്കിലെടുത്ത് പോലീസ് കാവൽ പോലും ഉണ്ടായിരുന്നത്രെ. ഈയൊരു അവസ്ഥയിൽ ഉടലെടുത്ത വർഗീയ കലാപത്തെ അടിച്ചമർത്താൻ വേണ്ടിയാണ് പോലും ചരിത്രത്തിൽ വെടിവെപ്പ് നടന്നത്.പക്ഷെ,മാലിക് പറയുന്നത് മറ്റൊന്നാണ്. തീരവാസികൾ അധോലോകമാഫിയകളായും കടത്തുകാരായും ചിത്രികരിക്കപ്പെടുന്നതിൽ ഒതുങ്ങുന്നില്ല,മറിച്ച് ലത്തീൻ- മുസ്ല്ലിം വർഗീയ കലാപമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന വെള്ളപൂശൽമാത്രമാണ് സിനിമക്കാധാരം.
ബീമാപ്പള്ളി ഉറൂസ് നടത്തിപ്പിനെതിരെയുള്ള വെല്ലുവിളിയിലാണ് തുടക്കം. തുടർന്നുണ്ടായ പ്രകോപന രഹിത വാക്കേറ്റം രൂക്ഷമാവുന്നതിന് മുൻപേ പോലീസ് വെടിയുതിർത്തു.അതെ വെടിവെപ്പ് തന്നെ എസ്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അനുവദമില്ലാതെയും. സിനിമയിൽ പോലും വെടിവെപ്പ് അബദ്ധവ്യാജേനയുള്ള ആസൂത്രിത കൂട്ടക്കൊലയാണെന്ന് പറയുന്നുണ്ട് .പക്ഷെ,യഥാർത്ഥത്തിലേക്ക് പ്രവേശിക്കുമ്പോൾ വർഗീയതക്കെതിരെയുള്ള കരുതലായി പരിണമിക്കുന്നു.
ഫഹദ് പ്രധാന വേഷം നൽകുന്ന സുലൈമാൻ കേവലമൊരു മുസ്ലിമായല്ല ചിത്രീകരിക്കപ്പെടുന്നത്.;മറിച്ച് 'ഇസ്ലാമിക് മുസ്ലിമായ' സുലൈമാൻ എന്ന അലീക്കയിലൂടെ ഇരകളായ മുസ്ലിംകളെ തീവ്രവാദികളും മാഫിയകളുമാക്കി,സർക്കാരിനെ വെള്ളീകരിച്ച് ഭരണകൂടത്തിന്റെ നിരുപരാധിത്വ പട്ടം ചാർത്തിക്കൊടുക്കാനുള്ള ശ്രമങ്ങളാണ് സിനിമയിലുടനീളം കാണപ്പെടുന്നത്.
മുസ്ലിം സത്തയിൽ നിന്ന്കൊണ്ട് തന്നെ ക്രിസ്ത്യൻ വധുവിനെ സ്വീകരിക്കുന്ന അലീക്കക്കെതിരെ അവസാനം സ്വന്തം സമുദായത്തിലെ ഡോക്ടർ പോലും കൊലപാതക വേഷം കെട്ടുന്നത് റമദാപള്ളിയെ വർഗീകരിക്കാൻ വേണ്ടി മാത്രമാണ്.കേരളത്തിലെ ന്നല്ല ലോകത്ത് തന്നെ ഒരിടത്തും അഭയം തേടുന്ന അന്യ മതസ്ഥരെ ഒരു പള്ളികമ്മിറ്റിയും ആട്ടിപായിക്കുന്നില്ല.പക്ഷെ,സിനിമയിൽ അതുണ്ട്.സുലൈമാന്റെ മകൻ ഒന്ന് മാമോദീസ രുചിച്ചുവെന്നതിലപ്പുറം ക്രിസ്ത്യൻ ടച്ചില്ലാതെ പോകുന്നതും ഈയൊരു ഗ്രാമത്തിന്റെ ഭാഗമാണ്.
'ഇന്നോവ' ഫോബിയയോ ഭരണകൂട ഒത്താശയോ.
പച്ചകൊടികളും സമുദായിക പാർട്ടിയുടെ ഓഫീസുമെല്ലാം ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും ഒരൊറ്റ ചെങ്കൊടി പോലും കാഴ്ചക്ക് നിരക്കാത്തതിലെ പൊളിറ്റിക്കൽ അപ്രോച്ച് ഈയൊരു സിനിമയെകുറിച്ച് ആന്റി കില്ലറെന്ന ബാഹ്യ ചിന്താഗതി ഉണ്ടാക്കിയെടുക്കാൻ മാത്രമല്ലേ?? യഥാർത്ഥത്തിൽ മുസ്ലീങ്ങളും മുസ്ലിം പാർട്ടിയും മുസ്ലിം കൊടികളുമെല്ലാം കേന്ദ്രികരിക്കപ്പെടുന്നതിലൂടെ സത്യത്തെ വ്യഭിചരിക്കുകയല്ലേ ചെയ്യുന്നത്?? പ്രകോപനരഹിത ചരിത്രത്തെ കലാപ സൃഷ്ടിയായി പ്രതിഷ്ഠിക്കുമ്പോൾ ഇരകൾ വില്ലനൈസ് ചെയ്യപ്പെടുകയല്ലേ ചെയ്യുന്നത്??
മഹേഷ് നാരായണനിൽ നിന്ന് ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചതാണെങ്കിലും ഇരകളെ വിരകളാക്കുമെന്ന് ആരും തന്നെ കരുതിയിട്ടുണ്ടാവില്ല.
പ്രധാനമായിട്ടും രണ്ട് വാദമുഖങ്ങളാണ് ഉയർന്നു വരുന്നത് . ഒന്ന് ഇന്നോവ ഫോബിയയും മറ്റൊന്ന് ഭരണകൂട പ്രേരണയുമാണ്.
ഇരു വാദങ്ങൾക്കും സ്വമേധയുള്ള ന്യായ- അന്യായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷേ മലയാള സിനിമയിലെ അപരവൽക്കരണം സാധ്യമാക്കിയ മാലികിന്റെ ഉറവിടം വസ്തുനിഷ്ഠമായി ചികയുക തന്നെ വേണം. ഒരു മിഥ്യ ആയിരം അധര ചലനങ്ങൾ കഴിഞ്ഞാൽ സത്യമാവുമെന്ന യുക്തിരഹിത ഫിലോസഫിയായിരിക്കാം ഒരു പക്ഷേ മാലികിന്റെ പൊളിറ്റിക്കൽ ഇൻഫ്ലുവൻസിന് അടിസ്ഥാനം. നേരെമറിച്ച് ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ഭയന്നാണെങ്കിൽ ആ ഭയം വില്ലനൈസ് ചെയ്യപ്പെട്ട വലതുപക്ഷത്തിന്റെ പ്രതികരണത്തിൽ നിന്നും ഉണ്ടാവാത്തതിലെ പ്രത്യയശാസ്ത്രം തന്നെയാണ് 2009 ലെ ചരിത്രകൂട്ടകുരുതി മറവിയിലകപ്പെട്ടതിലെ പ്രത്യയശാസ്ത്രവും.
ചുരുക്കത്തിൽ, സുനാമിയും ഓഖിയും എല്ലാം തകർത്തുകളഞ്ഞ കടലോരങ്ങളോട് അന്ന് കാണിച്ച അവഗണന തന്നെയാണ് ഇന്നും നിലനിൽക്കുന്നത്. യഥാർത്ഥത്തിലെ സംഭവ നായകർക്ക് സിനിമയിൽ വന്നപ്പോളുണ്ടായ ആസൂത്രിത മതപരിവർത്തനം തന്നെ മതി മാലികിന്റെ "പിഴക്കാത്ത" ലക്ഷ്യം മനസ്സിലാക്കാൻ.
പക്ഷെ, ഉദ്ദേശ്യ ലക്ഷ്യത്തിന്റെ വിപരീത ഫലമായിട്ടാണ് മാലിക് ചർച്ചയായികൊണ്ടിരിക്കുന്നത്. മറവിക്ക് കൊടുത്ത ചരിത്രത്തെ സ്മരണ യിലേക്ക് എത്തിച്ചതിന് കൊടുക്കാം ഒരു അപ്രൈസൽ കയ്യടി.നാനാ മുഖങ്ങളിലും മാർജിനിലൈസിഡായ ജനതക്ക് അധോലോകത്തിൽ മുഖ്യധാരപട്ടം കൊടുത്തതിലൂടെ മുറിവേറ്റവരുടെ ഓർമകളിൽ എരിവ് പുരട്ടുകയാണ്ണ് ചെയ്യുന്നത്. സത്യം വളച്ചൊടിച്ചാലും വേണ്ടില്ല, ഇരകളെ എങ്കിലും പരിഗണിക്കണമായിരുന്നു. എന്നിരുന്നാലും യഥാർത്ഥ മാലിക് ആരാണെന്ന് പ്രബുദ്ധകേരളം തിരിച്ചറിയട്ടെ.
സദഖത്തുള്ള കോതമംഗലം



Good job
ReplyDelete