ലൈംഗിക ചൂഷണത്തിന് കുഞ്ഞുനാളിലേ പറിച്ചു നൽകേണ്ടി വന്ന മാനത്തിന് വിലയിടാൻ ഹേതുവായത് അക്കാലത്തെ വ്യവസ്ഥകളും, സാമൂഹിക പരിസരങ്ങളും പോറലേൽപ്പിച്ച മാനുഷിക ലിംഗനീതിയുടെ പുറത്താണ്. യഥാർത്ഥത്തിൽ ഇന്നത്തെ ഇന്ത്യൻ നവോത്ഥാന രാഷ്ട്രീയ ഇടങ്ങളിലെ സ്ത്രീകളുടെ ദുരനുഭവ കഥകൾ പൊതു ഇടത്തിൽ നിത്യ ലഹരിയായതിനാലാണ് 'ഞാൻ ഫൂലൻ ദേവി' എന്ന ആത്മകഥയിലെ എരിഞ്ഞിറങ്ങുന്ന വിപ്ലവങ്ങളുടെ കനൽ ഓരോ വരിയിലും നമ്മെ വിടാതെ പിന്തുടരുന്നതും അവബോധ മനസ്സിലന്നോളം ഒരു കൊച്ചു ഫൂലൻ പിറവിയടുക്കുന്നതും.
വരികളിലെ തീവ്രതയേക്കാൾ ഗ്രാമാന്തരങ്ങളിലെ അരവയറിന് മുക്കാൽ തുണിയിൽ രതിലയത്തിന് ചാപ്പകുത്തപ്പെടേണ്ടിവരുന്നതും, വ്യത്യസ്ത നാടക രീതിയിലെ ജീവിത കോലങ്ങളിൽ വേഷം കെട്ടിയവനും, നീട്ടിവലിച്ച ജീവിതാനുഭവങ്ങളുടെ നാമ മാത്രമെന്ന് ഫൂലനെ ചുരുക്കി കുറിക്കുന്നിടത്താണ് ആത്മകഥയിലെ അധ്യായങ്ങൾ നീളുന്നത്.
പീഢിതന്റെ മൂർത്ത ദേവിയായ ഫൂലൻ ഗോരകാപർവ എന്ന കുഗ്രാമത്തിലെ ദലിത് വിഭാഗത്തിന്റെ ചാതുർവരണ്യ വ്യവസ്ഥയിലെ ഏറ്റവും താഴെയുള്ള ചാണ്ഡാലത്തിയായി വളരാൻ ഹോമിക്കപ്പെട്ടപ്പോഴും ചമ്പൽക്കാടിന്റെ റാണിയായും പിന്നീട് ഇന്ത്യൻ പൊളിറ്റിക്സിലെ തലവരയായും നീതി നിക്ഷേധാത്മകതയുടെ ബ്രാഹ്മണ രൂപങ്ങൾക്ക് വിഷ സർപ്പമായതും നമ്മെ സംബന്ധിച്ച് അപസർപ്പ കഥകളാണങ്കിലും മുറിവുണങ്ങാത്ത കുടില മനോഗതിക്കാർക്ക് അത്യത്ഭുതങ്ങൾ സമ്മാനിച്ച ജീവിതം തന്നെയാണവ.
ജെയിൻ ഓഗസ്റ്റിൻ്റെ വിവേകവും വികാരവും (Sense and Sensibility) എന്ന പുസ്തകത്തിൽ സ്ത്രീ സമൂഹത്തിൻ്റെ ഏത് കോണിൽ വിരാചിക്കുന്നു എന്നത് നമുക്ക് വായിക്കാവുന്നതേയുള്ളൂ. പൊതു മണ്ഡലത്തിൽ സ്ത്രീ ദുർ നടത്തിപ്പുകാരി എന്ന വിനിമയ തത്വമാണ് ഭ്രാന്തൻ സമൂഹ നിയമങ്ങളിൽ നിന്ന് പുറം തിരിയുമ്പോൾ അവർ പഴി കേൾക്കേണ്ടി വരുന്നത് ഇത്തരമൊരു സമജ്ഞയാണ്. പതിനൊന്നാം വയസ്സിൽ തന്നെ മധ്യവയസ്കനായ പുട്ടിലാലുമായി ഫൂലന് വിവാഹത്തിലേർപ്പെടേണ്ടി വരുന്നതും, തൊട്ടു നിമിഷം ഭർത്യ വീട്ടിലെ പീഢനവും ലൈംഗിക നിർബന്ധനങ്ങളും സഹിക്കവെയ്യാതെ തൻറെ ഗ്രാമത്തിലെക്ക് തിരികെ മടങ്ങുമ്പോഴും ഗ്രാമമുഖ്യനായ സർപഞ്ച് ക്ഷുഭിതനാവുന്നതും, പൊതു ഇടത്തിൽ നിന്ന് മാറ്റി നിറുത്തപ്പെടുന്നതും. ഇത്തരമൊരു വൈകല്യ സമീപനങ്ങൾ ഉന്നത ജാതിക്കാരായ ഠാക്കൂറുകളിൽ നിന്ന് സ്ഥിരം കേൾക്കേണ്ടി വന്നതിനാൽ ആക്ഷേപ കുത്തുവാക്കുകൾ മുഖവിലക്കെടുത്തില്ലങ്കിലും പിന്നീട് നടന്ന സംഭവങ്ങൾ കൊച്ചു ഫൂലനെ സംബന്ധിച്ചിടത്തോളം ആഴമേറിയ വൃണങ്ങൾ തന്നെയാണ്.
സമൂഹിക പ്രതിബദ്ധത നഷ്ടപ്പെടുന്നിടത്തു നിന്നാവണം സ്ത്രീ പക്ഷ വാദികളും ഫെമിനിസധാരയും വളർന്നു വരേണ്ടത്. നാൽപത്തി എട്ട് ക്രിമിനൽ കേസുകളടക്കം ഇന്ത്യൻ ഭൂമികയിലെ ദുർഗാദേവിയായതിന്റെ കണ്ണടക്കായ്ത്ത വായനകളാണ് ഫൂലനെ കുറിച്ച് അരുന്ധതി റോയ് എഴുതിയത്. സത്യത്തിൽ കാക്കിയണിഞ്ഞ മൻസൂക്ക് മുതൽ ബിഹാരിലാലും മയ്യാതീനും ഗ്രാമ വാസികൾ വരെ ഫൂലനോട് ചെയ്ത ഈ കാടത്വത്തെ ഏത് ഭാഷയിൽ കുറിക്കണമെന്ന് ഏതൊരു വായനക്കാരനും ഒരൽപ്പം ശങ്കിച്ചു പോകും.
ഫൂലന്റെ ജീവിതം തന്നെ മാറ്റി എഴുതിയ നിമിഷങ്ങളാണ് ആത്മകഥയിലെ ത്രില്ലിംങ് മൊമൻസുകളായി നമുക്ക് കാണാനാവുന്നത്. അവിടന്നു തൊട്ട് ഫൂലൻ ദേവിയാവുന്നതും ബഹ് മായി കൂട്ടക്കൊലകളെ നാം ഒരാവർത്തി വായിക്കാൻ ആഗ്രഹിക്കുന്നതും ഫൂലന്റെ ജീവിതം ഗ്രഹിക്കാൻ തുനിഞ്ഞതിന്റെ ബാക്കി എന്നോണമാണ്.
നിലവിലെ സ്ത്രീപക്ഷ വാദികളും അണിഞ്ഞൊരുങ്ങുന്ന ഫെമിനിസവും ദിനംപ്രതി മുഖ്യധാരയിൽ ഇടം പിടിക്കുന്നത് രാഷ്ട്രീയ പിടിപ്പുകേട് കൊണ്ട് മാത്രമല്ല, ഗാർഹിക പീഢനം മുതൽ സ്ത്രീ തെരുവു ചെരക്കന്ന് മുദ്രകുത്തുന്നവർ പൊതു ഇടങ്ങളിൽ കവലപ്രസംഗം നടത്തുന്നതിലൂടെയാണ്. കാമത്തെ തളിക്കാനൊരിടം എന്ന കാൽപ്പനിക ജഡില വ്യവസ്ഥയാണ് പൊതുവെ നമുക്കിടയിലെ ചില അൽപ്പജ്ഞാനികൾക്ക്. അത്തരത്തിലുള്ളവർക്കൊരു തുറന്ന വായനയാണ് ഞാൻ ഫൂലൻ ദേവി.
ക്ലാസിക്കൽ വായനകളുടെ പുറം ചട്ടനോക്കിയുള്ള വായനക്കാരുടെ ദൃഷ്ടി പതിക്കേണ്ടത് ഇത്തരത്തിലുള്ള തുറന്ന എഴുത്തുകളിലേക്കാണ്. വ്യവസ്ഥകൾക്കനിയന്ത്രിതമായി നീങ്ങുന്ന സാമൂഹിക പശ്ചാതലത്തിനോട് അറുപ്പുളവാക്കുന്ന ഫൂലൻ ദേവിയുടെ ഓരോ വാക്കുകളും പുനർവായനയുടെ കോണിലൂടെ സമകാലിക രാഷ്ട്രീയം ചേർത്തുവെച്ച് വായിക്കേണ്ട ഒരു അധ്യായമാണ്. ഷണ്ടന് ജന്മം കൊടുക്കുന്ന ഫെമിനിസത്തിൻ്റെ കാണാതെ പോയ ചില കർമങ്ങൾക്കു വിലങ്ങിടാൻ നാം ഒതുക്കേണ്ടത്, നമ്മിലെ ദുർവിശ്വാസ ചൈതികളേയും തരം താഴ്ന്ന ദൃഷ്ടി പതത്തേയുമാണ്. ഇനിയുമൊരുപാട് വായനകൾക്കപ്പുറം പുനർവിചിന്തനം നടത്തേണ്ട ആത്മകഥ തന്നെയണ് 'ഞാൻ ഫൂലൻ ദേവി'
ഉവൈസ് നടുവട്ടം


COMMENTS