ആരോ നമ്മെ അങ്ങ് ദൂരെ നിന്ന് മാടി വിളിക്കുന്നത് പോലെ നമുക്ക് തോന്നും പോലെയാണ് നമ്മിലെ മിക്ക യാത്രകളും. യാത്ര ചെയ്യാന്‍ പൈസ വേണ്ട മനസ്സ് മതി എന്ന് തെളിയിക്കുന്ന ഒരുപാട് യാത്രകള്‍ നമുക്കിന്ന് മറ്റു കാര്യങ്ങളിലും പ്രചോദനം നല്‍കുന്നുണ്ട്. ചിലരുടെയെല്ലാം ജീവിതം തന്നെ മാറ്റി മറിച്ചത് ചില നീണ്ട യാത്രകളാണ്. അതില്‍ അവര്‍ നേരിട്ട വേദനകളാണ്, അതില്‍ അവര്‍ പഠിച്ച പാഠങ്ങളാണ്, അനുഭവിച്ച മനുഷ്യരാണ്, കണ്ട കാഴ്ചകളാണ്.
ഫറോക്ക് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഹന്നയുടെ പുസ്തകമാണ് പറുദീസ. തന്റെ ഉമ്മയില്‍ നിന്ന് കേട്ട കഥകളും സ്ഥലങ്ങളും നേരില്‍ കാണണം എന്ന അതിയായ ആഗ്രഹ സഫലീകരനത്തിന്റെ അടയാളമാണ് ഈ പുസ്തകം. പുസ്തകത്തിന്റെ ഓരോ വരികള്‍ വായിക്കും തോറും ഹന്നയുടെ കൂടെ യാത്രകളില്‍ എന്റെ ആത്മാവുമുണ്ടായിരുന്നു കൂട്ടിന്. യാത്രാ വിവരണങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെ ആത്മാവും അവരുടെ കൂടെ സഞ്ചരിക്കണം എന്നാണല്ലോ അത് വായിക്കേണ്ട രീതിശാസ്ത്രം പഠിപ്പിക്കുന്നത്. സ്ഥലങ്ങളെ കാണുന്നതിനപ്പുറം മനുഷ്യരെ അറിയുക എന്നതാവണം യാത്രയുടെ പ്രധാന ലക്ഷ്യം എന്ന് ഹന്ന പുസ്തകത്തില്‍ പറയാതെ പറയുന്നുണ്ട്. ഹന്നയുടെ വട്ടവട യാത്ര വായിച്ചാല്‍ തന്നെ അത് മനസ്സിലാകും.
സമൂഹത്തിലെ പൊതുബോധത്തെ തന്നെ തിരുത്താന്‍ ശ്രമിച്ച് കൊണ്ടാണ് ഹന്ന തന്റെ പുസ്തകം തുടങ്ങാന്‍ ശ്രമിക്കുന്നത്. 'തനിയെ പോകുന്ന യാത്രകളെ കുറിച്ചായിരിക്കും പുരുഷന്മാര്‍ പൊതുവെ എഴുതുക, സ്ത്രീകള്‍ പലപ്പോഴും എല്ലാവരുടെയും കൂടെയുള്ള യാത്രകളും' എന്ന് തന്റെ മിസ് പറഞ്ഞപ്പോളാണ് ഹന്നയും തനിയെ പോകുന്നത്. ഈ യാത്ര 'എന്ത്‌കൊണ്ട് സ്ത്രീകള്‍ക്ക് തനിയെ യാത്ര ചെയ്ത കൂടാ?' എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ്. ഒറ്റക്കുള്ള യാത്രക്ക് സ്ത്രീക്കായാലും പുരുഷനായാലും പ്രധാനമായും ധൈര്യം സംഭരിക്കുക എന്നതാണ് ആദ്യ പടി.
'ഒരുപാട് പൈസ ഒന്നും വേണ്ട അതിയായ ആഗ്രഹവും നന്മയുള്ള മനസ്സും ഏത് സന്ദര്‍ഭങ്ങളിലും നമുക്ക് തുണയാണ്' എന്ന ഹന്ന പുസ്തകത്തില്‍ പ്രത്യേകം കൊണ്ട് വന്ന പദം യാത്രകളില്‍ എന്നല്ല ജീവിതത്തിന്റെ ഏത് സന്ദര്‍ഭങ്ങളിലും ഒരു മനുഷ്യന് ആവശ്യമുള്ള കാര്യമാണ്. കൃഷിയിടത് ചെരുപ്പിട്ട് ചവിട്ടാത്ത അത്രത്തോളം കൃഷിയെ സ്‌നേഹിക്കുന്ന മനുഷ്യരെ ചേര്‍ത്ത് പിടിച്ച് കൊണ്ടുള്ള എഴുത്ത് ഏറെ ചിന്തിക്കേണ്ട ഒന്നായിട്ടാണ് തോന്നിയത്.
വട്ടവടയില്‍ നിന്ന് തുടങ്ങി ഗുണ്ടല്‍പേട്ട്, മീന്‍മുട്ടി കഴിഞ്ഞ് ഡല്‍ഹിയും മണാലിയും കുളുവും രാജസ്ഥാനും കഴിഞ്ഞ് അജ്മീറും പിന്നെ ജയ്പൂരുമാണ് ഈ പുസ്തകത്തിലെ യാത്ര റൂട്ട്.
'ഒരു മുസ്ലിം പെണ്ണ് രക്ഷിതാക്കള്‍ (അധ്യാപകര്‍ / വീട്ടുകാര്‍) ഇല്ലാതെ ഇത്രയും ദൂരം യാത്ര ചെയ്യുകയോ?' എന്ന് സമൂഹത്തിന്റെ ആശ്ചര്യ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യാത്രയിലുടനീളം ഹന്ന.
വ്യക്തിപരമായി ഹന്നയുടെ ചില തീരുമാനങ്ങളില്‍ എനിക്ക് വിരോധമുണ്ടെങ്കിലും ഈ പ്രായത്തില്‍ എത്രയും യാത്ര ചെയ്തതില്‍ ഞാന്‍ അഭിനന്ദിക്കുന്നു. കഥ പറഞ്ഞു പോവുക എന്നതിലപ്പുറം ഓരോ സ്മാരകങ്ങളുടെ ചരിത്രവും വിശേഷണങ്ങളും പറയുന്നതില്‍ ഹന്ന പ്രത്യേകം ശ്രദ്ധ നല്‍കിയിട്ടുണ്ട്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ പത്താം ക്ലാസ്സുകാരുടെ കൂടെ യാത്ര ചെയ്തതും ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ മൂന്നാംവര്‍ഷക്കാരുടെ കൂടെ യാത്ര പോകാന്‍ അതിയായ ആഗ്രഹം കാണിച്ച് സഫലീകരിച്ചതും, അതിനുവേണ്ടി സ്വര്‍ണമാല വരെ വിറ്റ് പണമുണ്ടാക്കിയതും ഹന്നക്ക് യാത്രയുമായുള്ള പ്രണയം വ്യക്തമാക്കുന്നുണ്ട്. ഹന്നയുടെ യാത്രയുമായുള്ള പ്രണയം മറ്റുള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രചോദനം കൂടിയാണ്.
പേജ് ദൈര്‍ഘ്യം പേടിച്ചായിരിക്കും ഹന്ന പല പ്രധാന സ്ഥലങ്ങളും പ്രത്യേകിച്ച് മണാലിയും ഡല്‍ഹി സംസ്‌കാരങ്ങളുമെല്ലാം ചുരുങ്ങിയ പേജില്‍ ഒതുക്കിയത്. പക്ഷേ നോര്‍ത്ത് ഇന്ത്യയിലെ ഭക്ഷണങ്ങളെക്കുറിച്ച് വര്‍ണ്ണിക്കുന്നതിന് ഒരു അധ്യായം തന്നെ മാറ്റിവെക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്യുന്നതിന് പകരം ഓരോ ഫുഡിനെ കുറിച്ചും രണ്ടോ മൂന്നോ വരികളില്‍ ഒതുക്കിയത് പൂര്‍ണത നഷ്ടപ്പെട്ടത് പോലെ അനുഭവപ്പെട്ടു. കാരണം ഒരു ദേശത്തിന്റെ സംസ്‌കാരമാണല്ലോ അവിടത്തെ ഭക്ഷണ രീതിയും വസ്ത്ര ശൈലിയുമെല്ലാം.
ഹന്നയുടെ ദീര്‍ഘയാത്രകളിലുടനീളം അവര്‍ സ്വയം സംരക്ഷണത്തിനുവേണ്ടി കുരുമുളക് സ്‌പ്രേ കയ്യില്‍ കരുതിയിരുന്നു. ഇത് മറ്റുള്ള സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും യാത്രകളില്‍ സ്വീകരിക്കേണ്ട ഒരു മുന്‍കരുതലാണ് എന്ന് ഹന്നയുടെ യാത്രകള്‍ പറയുന്നുണ്ട്. ഹന്നയുടെ യാത്രകളുടെ മറ്റൊരു പ്രത്യേകത എന്നത്, അവള്‍ അവസരങ്ങളെ തേടി പോയവളായിരുന്നു, അവസരങ്ങളെ കാത്തിരുന്നവളാണെങ്കില്‍ ഇന്നും സാധാരണ ഒരു മുസ്ലിം പെണ്ണിനെ പോലെ വീട്ടില്‍ സാധാരണ ജീവിതം നയിക്കേണ്ടി വന്നിരുന്നു. ഹന്നയുടെ യാത്രകളില്‍ ഒരുപാട് പാഠങ്ങളുണ്ട്, യാത്ര ചെയ്യുന്നവര്‍ക്കും ഇതുവരെ ജീവിതത്തില്‍ ഒരു യാത്ര പോലും ചെയ്യാത്തവര്‍ക്കും.
ജുറൈസ് പൂതനാരി

COMMENTS