ഡോ. സ്മിൽജാനിക് സ്റ്റാഷയുടെ സമീപകാല ലേഖനം ചൂണ്ടിക്കാണിക്കുന്നത് 1) പുകവലി ഓരോ വർഷവും ഏഴ് ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുന്നു, 2) 5.6 ദശലക്ഷം അമേരിക്കൻ യുവാക്കൾ പുകവലി കാരണം മരിക്കാനിടയുണ്ട്. 3) സെക്കൻഡ് ഹാൻഡ് പുകവലി ലോകമെമ്പാടുമുള്ള 1.2 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു 4) ദരിദ്രവസ്ഥക്കുള്ള ലോകത്തിലെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി, 5) 2015 ൽ, പുകവലിക്കാരിൽ 10 ൽ 7 പേർ (68%) പൂർണ്ണമായും പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2003-ൽ പുകയില നിയന്ത്രണത്തിനുള്ള ഫ്രെയിംവർക് കൺവെൻഷൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് ശേഷം, സുസ്ഥിര വികസനത്തിനുള്ള 2030 അജണ്ടയിൽ ആഗോള വികസന ലക്ഷ്യമായി ഇത് ഉൾപ്പെടുത്തിയതായി നേച്ചർ മെഡിസിൻ സമീപകാല ലക്കം ചൂണ്ടിക്കാട്ടുന്നുണ്ട്. ഒപ്പിട്ട 155 രാജ്യങ്ങളും പുകവലി നിരോധനം, ആരോഗ്യ മുന്നറിയിപ്പുകൾ, പരസ്യ നിരോധനം എന്നിവ സ്വീകരിക്കുകയും സിഗരറ്റ് ചെലവ് ഉയർത്തുകയും ചെയ്താൽ, ഈ സുസ്ഥിര വികസനം തീർച്ചയായും സാധ്യമാകും എന്നതായിരുന്നു അന്നത്തെ അജണ്ടയുടെ ഭാഗമായി എടുത്ത തീരുമാനം.
ഇന്ത്യൻ സാഹചര്യം
താഴ്ന്ന വരുമാനമുള്ള ഒരു രാജ്യം എന്ന നിലയിൽ നിന്ന് മാറി എല്ലാ മേഖലയിലും ഇന്ത്യ ഒരു വികസിത രാജ്യമായി മാറിയിട്ടുണ്ട് അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ 120 ദശലക്ഷം പുകവലിക്കാരും (138 കോടി ജനസംഖ്യയിൽ) അല്ലെങ്കിൽ ഏകദേശം 9% ഇന്ത്യൻ ആളുകളും പുകവലിക്കാരായി ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിലും അയൽരാജ്യങ്ങളിലും കാനബിസ് എന്നൊരു പദാർത്ഥം വ്യാപകമായിരുന്നു. കഞ്ചാവ് ഒരു സസ്യ ഉൽപ്പന്നമാണ്, നിലവിലത് കഞ്ചാവ്, ചരസ്, ഹഷീശ്, ഗഞ്ച, ഭാംഗ് എന്നീ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നു. ഇത് വലിക്കുമ്പോൾ പുകവലി ഉപയോക്താവിന് 'ഉയർന്ന ലഹരിയിലായി' അനുഭവപ്പെടും. കഞ്ചാവിലെ ആക്ടീവ് പ്രിൻസിപ്പിൾ ടെട്രാഹൈഡ്രോകണ്ണാബിനോൾ (tetrahydrocannabinol) എന്ന സൈക്കോ ആക്റ്റീവ് തന്മാത്രയാണ്. ഇത് ഉപയോക്താവിൻ്റെ സൈക്കോ ആക്റ്റീവ്, ലഹരി ഇഫക്റ്റുകൾക്ക് കാരണമാകുന്നു. കഴിഞ്ഞ വാർഷിക ഹോളി ഉത്സവ വേളയിൽ പോലും ഇന്ത്യയിലെ ജനങ്ങൾ "ഉയർന്ന ലഹരി" അനുഭവത്തിനായി ഗഞ്ചയോ ഭാങ്ങോ വലിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
പുകയില
പുകയിലയിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ, അതിന്റെ ഉത്ഭവത്തെ കുറിച്ച് പറയുന്നിടത്ത്, ഔഷധമായും ആചാരപരമായും ലഹരിയായും ഉപയോഗിക്കുന്നതായി ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) സെൻട്രൽ ടുബാക്കോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിശദമായി വിവരിക്കുന്നുണ്ട്. തെക്കേ അമേരിക്കയിലെ പെറുവിയൻ (Peruvian)/ഇക്വഡോറിയൻ ആൻഡീസിൽ (Ecuadorean Andes) പുകയില ചെടി കൃഷി ചെയ്തതായി കാണാം. സ്പാനിഷിൽ ഇവകളെ 'ടൊബാക്കോ' എന്നാണ് പറയുക. പോർച്ചുഗീസ് പര്യവേക്ഷകനായ ക്രിസ്റ്റഫർ കൊളംബസ്, അമേരിക്കയിലേക്കുള്ള തന്റെ യാത്രയ്ക്കിടെ, തദ്ദേശീയരായ ജനങ്ങൾ ഈ ഉണങ്ങിയ പുകയില ഇലകൾ പൊടിച്ച് മൂക്കിലൂടെ വലിച്ച് കയറ്റി ആസ്വദിച്ചിരുന്നതായി കണ്ടിട്ടുണ്ട്. അതിനായി അവർ ഒരു പൊള്ളയായ ചൂരൽ പോലോത്ത ചെറിയ കൊള്ളികഷ്ണമാണ് ഉപയോഗിക്കാറ്. ഇവരെ കണ്ട് കൊളംബസും അങ്ങനെ ചെയ്തിരുന്നു. അദ്ദേഹം അതിനെ നന്നായി ആസ്വദിക്കുകയും അതിനെ യൂറോപ്പിലേക്ക് തന്നോടൊപ്പം കൊണ്ടുപോവുകയും ചെയ്തു. യൂറോപ്പുകാർ പുകയില ആസ്വദിക്കാൻ ഉപയോഗിക്കുന്ന 'പൈപ്പ്' റെഡ് ഇന്ത്യക്കാർ പതിവായി ഉപയോഗിച്ചിരുന്ന ചെറിയ ചൂരൽ കഷ്ണത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് ചരിത്രം പറയുന്നു. യൂറോപ്പിലേക്കും ഇന്ത്യയിലും ദക്ഷിണേഷ്യയിലും അവരുടെ കോളനികളിലേക്കും പുകയില കൊണ്ടുവന്നത് കൊളംബസാണ്.
ഇന്ത്യയിൽ പുകയില വ്യാപനം
പോർച്ചുഗീസുകാർ ഗുജറാത്തിന്റെ വടക്ക് പടിഞ്ഞാറൻ ജില്ലകളിൽ പുകയില കൃഷി ആരംഭിച്ചു. യു.പി., ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ ബ്രിട്ടീഷ് കൊളോണിയലുകളും ഇത് തന്നെ ആവർത്തിച്ചു. ഇംപീരിയൽ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 1903-ൽ സ്ഥാപിതമാവുകയും പുകയിലയുടെ ബൊട്ടാണിക്കൽ, ജനിതക പഠനങ്ങളിൽ ഗവേഷണം ആരംഭിക്കുകയും ചെയ്തു. ഫലത്തിൽ, ഇന്ത്യയിൽ കൊണ്ടുവന്ന് പാശ്ചാത്യർ കൃഷി ചെയ്യുന്നതുവരെ പുകയില ചെടിയും അതിന്റെ ലഹരി ഫലങ്ങളും ഇന്ത്യ അറിഞ്ഞിരുന്നില്ല എന്ന് മനസ്സിലാക്കി. ടൊബാക്കോയിലെ ആക്ടീവ് പ്രിൻസിപ്പിളായി കണക്കാക്കുന്നത് നിക്കോട്ടിൻ തന്മാത്രയെയാണ്. പോർച്ചുഗലിലെ ഫ്രഞ്ച് അംബാസഡറായിരുന്ന ജീൻ നിക്കോട്ടിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 1560-ൽ അദ്ദേഹം ബ്രസീലിൽ നിന്ന് പാരീസിലേക്ക് പുകയില വിത്തുകൾ അയച്ചു. 1858-ൽ ജർമ്മനിയിലെ ഡബ്ല്യു. എച്ച്. പോസൽറ്റും (W.H Posselt) കെ.എൽ. റീമാനും (K.L Reimann) ചേർന്ന് പുകയില ചെടികളിൽ നിന്ന് നിക്കോട്ടിൻ വേർതിരിച്ചെടുക്കുകയും, അവർ ഇത് ഒരു വിഷമാണെന്ന് വിശ്വസിക്കുകയും ഇത് സ്ലോ-റിലീസ് രൂപത്തിൽ ഉപയോഗിച്ചില്ലെങ്കിൽ അത് വളരെ ആസക്തിയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. 1843-ൽ ലൂയിസ് മെൽസെൻസ് (Louis Melsens) പുകയിലയുടെ രാസാനുഭവ സൂത്രവാക്യം വിവരിക്കുകയും, പിന്നീട് അതിന്റെ തന്മാത്രാ ഘടന 1893-ൽ അഡോൾഫ് പിന്നറും (Adolf Pinner) റിച്ചാർഡ് വോൾഫെൻസ്റ്റൈനും (Richard Wolffenstein) വിവരിക്കുകയും ചെയ്തു. അതിനു ശേഷമായി പിന്നീട് 1904-ൽ അഗസ്റ്റെ പിക്‌റ്റെറ്റും (Aguste Pictet) ക്രെപിയുക്സും (Crepieux) ചേർന്നാണ് ഇതിനെ ആദ്യമായി സമന്വയിപ്പിക്കുന്നത്. സ്ഥിരമായി പുകവലിക്കുന്നവർ ടൈപ്പ് 2 പ്രമേഹത്തിന് സാധ്യതയുള്ളതായി സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
പുകയില ഉൽപന്നങ്ങൾക്കുള്ള നിരോധനം
ഇന്ത്യയിൽ 12 കോടി ജനങ്ങളോളം പുകവലി ഉപയോഗിക്കുന്നവരായി കണക്കുകളുണ്ട്. പൊതുജനാരോഗ്യത്തിന്റെ വെളിച്ചത്തിൽ ഇത് ഗണ്യമായി കുറയ്ക്കേണ്ടതായുണ്ട്. ഇന്ത്യൻ ആരോഗ്യ മന്ത്രാലയം സിഗരറ്റ് വിൽപന നിരോധിക്കാനൊരുങ്ങൽ ഒരു അനിവാര്യ ഘടകമായി തീർന്നിരിക്കുന്നു. 2005 ഫെബ്രുവരി 27-ന് പുകയില നിയന്ത്രണം സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ ഫ്രെയിംവർക് കൺവെൻഷനിൽ ഇന്ത്യ പങ്കാളിയായതായി നേരത്തെ സൂചിപ്പിച്ചല്ലോ. അത് കൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഇത് വളരെ ഗൗരവമേറിയ വിഷയം തന്നെയാണ്. ഈ ഫ്രെയിം വർക്കിനും എസ്.ഡി ( സുസ്ഥിര വികസനം) ലക്ഷ്യങ്ങൾക്കും അനുസൃതമായി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ, സർക്കാർ സൗകര്യങ്ങൾ, പൊതുഗതാഗതം തുടങ്ങിയ നിരവധി പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പുകവലി പൂർണമായും നമ്മുടെ ആരോഗ്യ മന്ത്രാലയം നിരോധിച്ചിരിക്കുന്നു. ഇത് സ്വാഗതാർഹമായ നീക്കങ്ങളാണ്, അത്കൊണ്ട് തന്നെ നമ്മൾ പൊതുജനങ്ങൾ ഒരു സാമൂഹ്യ കടമയെന്നോണം പുതിയ ആരോഗ്യ നയങ്ങളോട് സഹകരിക്കേണ്ടതുണ്ട്.
ഡി. ബാലസുബ്രഹ്മണ്യന്‍
വിവ: ജുറൈസ് പൂതനാരി
(ഹിന്ദു സഡേ സ്‌പെഷ്യലില്‍ എഴുതിയ ലേഖനം)

COMMENTS