ചരിത്രകാരന്മാരെ പോലും കണ്ണീരിൽ കുതിർത്തുന്ന ഈ ക്രൂരഹത്യ അരങ്ങേറുന്നതിന് കുറെ വർഷങ്ങൾക്കു മുമ്പ് തന്നെ ഇതിലേക്ക് നയിച്ച ഒരുപാട് ഭരണപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്.
പ്രവാചകരുടെ വിയോഗത്തിന് ശേഷം മുസ്ലിം ലോകം ഭരിച്ച ഖുലഫാഉ റാഷിദുകളുടെ ഭരണം ഏറെ സച്ചരിതമായ നിലയിൽ സദാ മുഗ്ദ്ധമായിരുന്നു. ജനഹിതമായിരുന്നു ഭരണകർത്താക്കളുടെ വിജയമായി അവർ കണ്ടിരുന്നത്. തുടർന്ന് ഭരണത്തിലേറിയ മുആവിയയും ഈ ഭരണരീതി തന്നെയാണ് ജനങ്ങൾക്കുമുമ്പിൽ കാഴ്ചവെച്ചത്. എന്നാൽ ഹി.41-ൽ നാലാം ഖലീഫ അലിയുടെ(റ) പുത്രൻ ഹസൻ(റ) വഫാത്തായതോടെ അന്നത്തെ കൂഫയിലെ ഗവർണർ മുഗീറയുടെ നിർദേശപ്രകാരം മുആവിയ(റ), നായാട്ട് പ്രേമിയും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവനുമായ തന്റെ മകൻ യസീദിനെ രാജവാഴ്ച്ചയിലൂടെ അടുത്ത ഭരണാധികാരിയാക്കാനുള്ള തന്ത്രപ്പാട് ആരംഭിച്ചു. തുടർന്ന് ബൈഅത്താവശ്യാർത്ഥം മർവാനിലേക്ക് കത്തയക്കുകയും പള്ളിയിൽ വെച്ച് ജനസമക്ഷം അതവതരിപ്പിക്കുകയും ചെയ്തു. എന്നാൽ പ്രവാചകനുചരന്മാരിലെ പല പ്രമുഖ സ്വഹാബിമാരും ഈ നടപടിയെ തിരസ്കരിച്ചു. ഹുസൈൻ(റ), അബ്ദുല്ലാഹിബ്നു സുബൈർ(റ), അബ്ദുല്ലാഹിബ്നു ഉമർ(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്(റ), അബ്ദുറഹ്മാനുബ്നു അബീബക്കർ എന്നിവരാണ് എതിർത്തവരിൽ പ്രധാനികൾ. ഹിറഖലിസമാണെന്നാണ് അബ്ദുറഹ്മാനുബ്നു അബീബക്കർ ഇതിനോട് പ്രതികരിച്ചത്. സച്ചരിതരായ ഖുലഫാഉറാശിദീങ്ങളുടെ തിരഞ്ഞെടുപ്പിൽ പാലിച്ച ശൂറാവ്യവസ്ഥ അഥവാ കൂടിയാലോചന രീതിക്കോ ജനായത്ത സംവിധാനത്തിനോ യാതൊരു വിലയും കൽപ്പിക്കാതെ ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയും മുആവിയ യസീദിനെ ജനങ്ങൾക്ക് മേൽ ഭരണാധികാരിയായി അടിച്ചേൽപ്പിച്ചു. സ്വപുത്രന്റെ കൃത്രിമ ജനസമ്മതിക്കുവേണ്ടി ഖലീഫ പദവിക്ക് കളങ്കം സൃഷ്ടിക്കുന്ന സ്വഭാവ ദൂഷ്യങ്ങളെ മറച്ചുവെക്കുകയും ഖിലാഫത്തിന് നിരക്കാത്ത നെറികേടിന്റെ രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെ രാജവാഴ്ച സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഈ ദിശയിലുള്ള മുആവിയയുടെ(റ) പ്രവർത്തനങ്ങളെ രാഷ്ട്രീയനന്മയായും ചില ചരിത്ര പണ്ഡിതന്മാർ വിലയിരുത്തുന്നുണ്ട്. അബൂബക്കർ ബ്നുൽ അറബി (ഹി.543) തന്റെ 'അൽ അവാസിം മിനൽ ഖവാസിം' എന്ന ഗ്രന്ഥത്തിൽ ഈ നിലപാടിനോട് അനുകൂലമായി പ്രതിപാദിക്കുന്നുണ്ട്. ജനങ്ങളുടെ ഐക്യം, അവരുടെ താത്പര്യങ്ങളുടെ ഏകീകരണം തുടങ്ങിയ പൊതു നന്മകളുടെ സാക്ഷാത്കാരമാണ് ഇതിലൂടെ മുആവിയ ലക്ഷ്യമാക്കിയതെന്ന് 'മുഖദ്ദിമ'യിൽ ഇബ്നു ഖൽദൂനും വ്യക്തമാക്കുന്നു. ആധുനിക ചരിത്രകാരനായ അഹമ്മദ് ശിലബി തന്റെ 'ദൗലത്തുൽ അമവിയ്യ' എന്ന ഗ്രന്ഥത്തിൽ 'മുആവിയ മകൻ യസീദിനെ അധികാരിയാക്കിയത് ശരിയോ തെറ്റോ' എന്ന വിഷയം സുദീർഘമായി ചർച്ചചെയ്യുകയും അനുകൂലമായി ചില വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. മൂന്നാം ഖലീഫ ഉസ്മാന്റെ (റ) വധത്തിനുശേഷം ഉടലെടുത്ത അധികാര ആഭ്യന്തരതർക്കം ആവർത്തിക്കപ്പെടാതിരിക്കാനും, മറുപക്ഷത്ത് യസീദിനെക്കാൾ കർമയോഗിയായ ഭരണകർത്താവില്ലെന്നും, യഥാർത്ഥത്തിൽ കുടുംബ വാഴ്ച്ചക്ക് തുടക്കം കുറിച്ചത് ബനൂ ഹാഷിമാണെന്നും തുടങ്ങിയ വാദഗതികളാണ് പ്രധാനമായും അദ്ദേഹം ഉയർത്തുന്നത്. ചുരുക്കത്തിൽ മുആവിയ മുൻകൂട്ടി തന്റെ പിൻഗാമിയെ നിശ്ചയിച്ച നടപടിക്രമം നീതിയുക്തമാണെന്നും എന്നാൽ അത് യസീദായി മാറിയതിലാണ് അന്യായം നിലനിൽക്കുന്നതെന്നും നമുക്ക് വിലയിരുത്താം.
ഹി.60-ൽ മുആവിയയുടെ(റ) വിയോഗത്തോടെ പുത്രൻ യസീദ് സ്വയം അധികാരമേൽക്കുകയും അനുകൂലിച്ച ജനങ്ങൾ ബൈഅത്ത് പുതുക്കുകയും ചെയ്തു. അതേസമയം യസീദിനെ സ്ഥാന ഭ്രഷ്ഠനാക്കാൻ വേണ്ടി പ്രവാചകന്റെ പൗത്രനായ ഹുസൈനുബ്നു അലിയുടെ(റ) നേതൃത്വത്തിൽ നിരന്തരം ശ്രമങ്ങൾ നടത്തുകയും അദ്ദേഹത്തിനുള്ള ജനസ്വാധീനം യസീദിനെ കോപാകുലനാക്കുകയും ചെയ്തു. ഹി.58-ൽ അബ്ദുറഹ്മാനുബ്നു അബീബക്കർ(റ) വഫാത്തായതോടെ ഉപര്യുക്ത വചനത്തിൽ സൂചിപ്പിച്ചിരുന്ന പ്രകാരം ഈ അധികാരാരോഹണത്തെ വിസ്മരിച്ച സ്വഹാബി പ്രമുഖന്മാരുടെ എണ്ണം നാലായി ചുരുങ്ങിയിരുന്നു. ഇവരെ ഏതുവിധം കൈകാര്യം ചെയ്യണമെന്നതിനുള്ള കൃത്യമായ നിർദ്ദേശം മുആവിയ കത്ത് മുഖാന്തരം അവസാന സന്ദേശമായി യസീദിന് നേരത്തെ തന്നെ കൈമാറിയിരുന്നു. തുടർന്ന് ആ നാലുപേരിൽ നിന്നും നിർബന്ധപൂർവ്വം ബൈഅത്ത് സ്വീകരിക്കാൻ യസീദ് മദീനയിലെ അമീറായിരുന്ന നുഅ്മാനോട് ആവിശ്യപ്പെട്ടു. ഇബ്നു അബ്ബാസും(റ) ഇബ്നു ഉമറും(റ) ഇതിനോട് യോജിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും ഹുസൈനും(റ) ഇബ്നു സുബൈറും(റ) യസീദ് ഉയർത്തിയ ആവശ്യത്തെ നിരാകരിക്കുകയും അധികാരമേൽക്കാനുള്ള മദീന നിവാസികളുടെ നൈരന്തര്യ സമ്മർദ്ദത്തിനൊടുവിൽ ഹുസൈൻ(റ) മദീനയിൽ നിന്നും മക്കയിലേക്ക് താമസം മാറുകയും ചെയ്തു. തൽസമയം കൂഫയിലെ അലവികൾ സുലൈമാനുബ്നു സർദിന്റെ നേതൃത്വത്തിൽ സമ്മേളിക്കുകയും ഹുസൈനിനെ (റ) ബൈഅത്താവശ്യാർത്ഥം കൂഫയിലേക്ക് ക്ഷണിച്ചുകൊണ്ട് ഏകദേശം നൂറ്റി അമ്പതോളം കത്തുകൾ നിരന്തരം മക്കയിലേക്ക് അയക്കുകയും ചെയ്തു. ഈയൊരു സന്ദേശങ്ങളുടെ യാഥാർത്ഥ്യമറിയാൻ വേണ്ടി പിതൃസഹോദരനായ മുസ്ലിമിബ്നു ഉഖൈലിനെ അദ്ദേഹം കൂഫയിലേക്ക് അയച്ചു.കൂഫയിലെ സാഹചര്യം ഹുസൈനിന് അനുകൂലമാണെന്ന് തിരിച്ചറിഞ്ഞ മുസ്ലിം, ബൈഅത്ത് ചെയ്യാൻ സന്നിഹിതരായ ജനങ്ങളുടെ എണ്ണം 18000 കവിഞ്ഞ സന്ദർഭത്തിൽ വിവരം ഹുസൈനിലേക്ക് കൈമാറുകയും യാത്ര ആരംഭിക്കാൻ വേണ്ടി സൂചന നൽകുകയും ചെയ്തു (അൻസാബുൽ അഷ്റാഫ് 3/167).
എന്നാൽ ഹുസൈനിന്റെ വരവറിഞ്ഞ യസീദ് കൂഫയിലെ ഗവർണറായിരുന്ന നുഅമാനുബ്നു ബഷീറിനെ സ്ഥാനഭ്രഷ്ഠനാക്കുകയും പകരം തൽസ്ഥാനത്തേക്ക് ബസ്വറയിലെ ഗവർണറും നിർദയനുമായ ഉബൈദില്ലാഹിബ്നു സിയാദിനെ നിയമിക്കുകയുമാണുണ്ടായത്. ചരിത്രത്തിൽ കർബല നിഷ്ടൂരമായ ആക്രമണത്തിന്റെ രണാങ്കണമാകാനുളള മർമപ്രധാനമായ കാരണം തന്നെ ഗവർണർ തസ്തികയിലുണ്ടായ ഈ മാറ്റമാണ്. ഉബൈദില്ലാഹിബ്നു സിയാദ് വേഷപ്രഛന്നനായി മുസ്ലിമുബ്നു ഉഖൈലിനെ അന്വേഷിക്കുകയും ഇബ്നു ഹാനിഇന്റെ വീട്ടിൽ അദ്ദേഹം അഭയം പ്രാപിച്ചതായി മനസ്സിലാക്കുകയും ചെയ്തു. ഇബ്നു ഉഖൈലിനെ കൈമാറാൻ വിസമ്മതിച്ച ഇബ്നു ഹാനിഇനെ തുറങ്കിലടച്ച ഇബ്നു സിയാദ് ഇബ്നു ഉഖൈലിനെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ഇദ്ദേഹത്തെ പിന്താങ്ങുന്നവരുടെയെല്ലാം അവസ്ഥ സമാനമായിരിക്കുമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സാഹചര്യം പ്രതികൂലവും പരിതാപകരവുമാണെന്ന് തിരിച്ചറിഞ്ഞ കൂഫയിലെ ജനങ്ങൾ കൂറുമാറി (ബിദായ വന്നിഹായ11/490). തുടർന്ന് സമൂഹത്തിൽ ഒറ്റപ്പെട്ട ഇബ്നു ഉഖൈലിനു ഒരു സ്ത്രീ അഭയം നൽകിയെങ്കിലും അവളുടെ മകൻ ഒറ്റി കൊടുത്തത് കാരണം ഇബ്നു സിയാദ് അദ്ദേഹത്തെയും ഇബ്നു ഹാനിഇനെയും പൊതുമധ്യത്തിൽ വെച്ച് തൂക്കിലേറ്റുകയും ഇബ്നു ഉഖൈലിന്റെ ശിരസ്സ് ഖണ്ഡിച്ച് ഡമസ്കസിലേക്ക് അയക്കുകയും ചെയ്തു (താരീഖു ത്വബ്‌രി-6/302).
കൂഫയിലെ ജനത കലഹപ്രിയരാണെന്ന തികഞ്ഞ ബോധ്യം ഉണ്ടായിട്ടും പല പ്രമുഖരായ സ്വഹാബികളുടെ എതിർപ്പ് പ്രകടമായിട്ടും സ്വന്തം നിലപാടിൽ മാറ്റം വരുത്താൻ ഹുസൈൻ(റ) തയ്യാറായില്ല. താങ്കൾ ഒറ്റക്കു പോയാല്‍ മതിയെന്നും ഉസ്മാന്‍(റ) കൊല്ലപ്പെട്ടപോലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ വെച്ച് താങ്കൾ വധിക്കപ്പെടുമോയെന്ന് താൻ ഭയക്കുന്നുവെന്നും അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) അദ്ദേഹത്തിന് മുന്നറിയിപ്പു നല്‍കി. താൻ കാരണമായി മക്കയുടെ പരിശുദ്ധി കളങ്കപ്പെട്ടുകൂടാ എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യാത്രമധ്യേ കൂഫയിൽ നിന്നും മടങ്ങിവരുന്ന ഫറസ്ദഖിനെ ഹുസൈൻ(റ) കാണാൻ ഇടയാവുകയും, 'ജനങ്ങളിലേക്ക് ഏറ്റവും പ്രിയങ്കരൻ താങ്കളാണ്; പക്ഷെ,വിധി ആകാശത്തുനിന്നുള്ളതാണ്, വാളുകൾ ബനൂ ഉമയ്യയുടെ പക്ഷത്തുമാണ്' എന്ന ഫറസ്ദഖിന്റെ സാരോപദേശത്തിന് പുഞ്ചിരി മറുപടിയായി നൽകി പ്രവാചകപൗത്രൻ യാത്ര തുടരുകയും ചെയ്തു (മുഖ്തസർ താരീഖുദിമഷ്ക് -4/144). കൂഫയിലെ ജനങ്ങൾക്ക് സംഭവിച്ച കൂറുമാറ്റം ഹുസൈനിന്റെ(റ) വരവിനെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ മുസ്ലിമുബ്നു ഉഖൈൽ ആ വിവരം നേരത്തെ തന്നെ ഹുസൈനിലേക്ക് കത്ത് മുഖേനകൈമാറിയിരുന്നു. യാത്രാമധ്യേ ബുബാലയിൽ വെച്ച് ഹുസൈൻ(റ) കത്ത് കൈപറ്റിയെങ്കിലും യാത്ര ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. യാത്രയിലുടനീളം അദ്ദേഹം പലസ്ഥലങ്ങളിലും വെച്ച് ജനസമക്ഷം പ്രസംഗങ്ങൾ നിർവഹിക്കുകയും പ്രചോദനമേകുകയും ചെയ്തു. അവസാനം 1000 പേരടങ്ങുന്ന ഹുറുബ്നു യസീദിന്റെ നേതൃത്വത്തിലുള്ള ഒരു സൈന്യത്തെ അദ്ദേഹം അഭിമുഖീകരിച്ചു. കൂഫയിലെ ജനങ്ങൾ തന്നിലേക്ക് അയച്ച കത്തുകൾ അദ്ദേഹം സൈന്യത്തിന് കൈമാറിയെങ്കിലും അവരത് നിഷേധിക്കുകയും നിങ്ങൾ ഉബൈദില്ലാഹിബ്നു യസീദിനെ സമീപിക്കണമെന്ന നിലപാട് വ്യക്തമാക്കുകയും തുടർന്ന് കൂഫയിലേക്ക് തിരിച്ച സംഘത്തെ പിന്താങ്ങുകയുമാണുണ്ടായത്. പിന്നീട് ഖർബലയിൽ വെച്ച് അംറുബ്നു സഅദ്ബ്നു അബീ വഖാസിന്റെ നേതൃത്വത്തിലുള്ള നാലായിരം സൈനികരുൾക്കൊള്ളുന്ന ഒരു സേനയെ അഭിമുഖീകരിക്കുകയും അവരോട് കത്തിന്റെ കാര്യങ്ങൾ ധരിപ്പിക്കുകയും അത് ബോധ്യപ്പെട്ട സേനാ നായകൻ ഇബ്നു സിയാദിലേക്ക് നിലവിലെ സാഹചര്യവും വ്യക്തമാക്കി സന്ദേശമയക്കുകയും ചെയ്തു. സന്ദേശത്തിന് മറുപടിയായി പരിഹാരമെന്ന നിലയിൽ യസീദിനെ ബൈഅത് ചെയ്യുകയായിരുന്നു ഇബ്നു സിയാദിന്റെ നിർദേശം (അൻസാബുൽ അഷ്റാഫ് -3/166). ഇബ്നു സിയാദിന്റെ ധാർഷ്ട്യം പ്രശ്നങ്ങൾ ആളിക്കത്തിക്കും എന്ന് മനസ്സിലാക്കിയ ഹുസൈൻ(റ) ആവശ്യത്തെ നിരസിക്കുകയും യസീദിനെ നേരിൽകണ്ട് പ്രശ്നപരിഹാരം നടത്താമെന്ന് നിബന്ധന വെക്കുകയും ചെയ്തു.ഇബ്നു സിയാദ് അതംഗീകരിച്ചെങ്കിലും തന്റെ സദസ്യരിൽപ്പെട്ട ശംറുബ്നു ദിൽജൗഷന്റെ അഭിപ്രായം മാനിച്ച് തന്റെ കൽപ്പന ശിരസാവഹിക്കാതെ എവിടേക്കും യാത്ര തിരിക്കാൻ പാടില്ലെന്ന് ശാസന നൽകി. ഇത് അംഗീകരിക്കാൻ ഹുസൈൻ(റ) തയ്യാറായില്ല. യൂഫ്രട്ടീസ് നദീതീരത്ത് ഇരു സംഘവും തമ്പടിച്ചു.
മുഹറം 10, വെള്ളിയാഴ്ച ദിവസമായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ കറുത്ത പാടായി മാറിയ കർബല യുദ്ധം കൊടുമ്പിരി കൊണ്ടത്. 32 കുതിരകളും 40 കാലാൾപടയുമടക്കം 72 പേരായിരുന്നു ഹുസൈനിന്റെ (റ) സൈന്യത്തിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സഹോദരൻ അബ്ബാസിബ്നു അലിയായിരുന്നു സൈന്യത്തിന്റെ ദ്വജവാഹകൻ. ചരിത്രപ്രസിദ്ധമായ ഹുസൈനിന്റെ(റ) പ്രസംഗത്തിന് ശേഷമാണ് യുദ്ധം ആരംഭിച്ചത്. പ്രസ്തുത പ്രസംഗത്തിലെ വാക്ധോരണികൾ കേട്ട അദ്ദേഹത്തിന്റെ ഭാര്യയുടെ കരച്ചിൽ ശത്രു സൈന്യത്തിന് പോലും കേൾക്കാൻ സാധിച്ചിരുന്നു. അസ്ത്രമെയ്ത്തിലും ദ്വന്ദയുദ്ധത്തിലും മുന്നിട്ട് നിന്ന ഹുസൈനിന്റെ(റ) സൈന്യം പിന്നീട് ബലക്ഷയട്ടു. നദിയിൽ നിന്ന് ജലപാനം ചെയ്യാൻ പോലും ഇബ്നു സിയാദിന്റെ സേന അനുവദിച്ചിരുന്നില്ല. 500 പേരെ നദിക്ക് കാവൽക്കാരായി നിർത്തിയിരുന്നു. ജലം ശേഖരിക്കാൻ വേണ്ടി തന്റെ സഹോദരൻ അബ്ബാസുബ്നു അലിയുടെ നേതൃത്വത്തിൽ 30 അശ്വയോദ്ധാക്കളുടെയും 20 കാലാളുകളുടെയും അകമ്പടിയോടെ ഒരു സംഘത്തെ ഹുസൈൻ(റ) നദിക്കരയിലേക്ക് അയച്ചു. പക്ഷെ, കാവൽക്കാരുടെ നേതാവായ അംറുബ്നു ഹജ്ജാർ അവരെ തടഞ്ഞുവെക്കുകയായിരുന്നു ഫലം. കഠിനമായ ദാഹത്താല്‍ കുട്ടികള്‍ കരയാന്‍ തുടങ്ങിയപ്പോൾ വിഷമം സഹിക്കവയ്യാതെ ഹുസൈനിന്റെ(റ) പുത്രന്‍ അലി അക്ബര്‍ ആ വന്‍ സൈന്യത്തിനു നേരെ ഒറ്റക്ക് കുതിക്കുകയും പതിനേഴുകാരനായ അലി നൂറു പേരെ വകവരുത്തുകയും ചെയ്തു. എന്നാൽ നദിയിൽ നിന്നും ജലം ശേഖരിച്ച് പോകുന്ന അദ്ദേഹത്തെ മർറത്തുബ്നു മുൻകിസ് പിറകിൽ നിന്നും കുന്തം കൊണ്ടെറിയുകയും തൽക്ഷണം കര്‍ബലയുടെ മണ്ണിൽ ദാരുണാന്ത്യം വരിക്കുകയും ചെയ്തു.ശഹീദായ പൊന്നുമോന്റെ ശരീരത്തിനു മുന്നിൽ, 'മകനെ നിന്നെ വധിച്ചവർ എത്ര നിഷ്ഠൂരന്മാർ' എന്നു പറഞ്ഞു വിതുമ്പുന്ന ഒരു പിതാവിന്റെ രോദനം ചരിത്രത്തിൽ നമുക്കവിടെ കാണാൻ സാധിക്കും.ഹുസൈന്‍(റ) തന്റെ ആറുമാസം മാത്രം പ്രായമായ മകൻ അബ്ദുല്ല ദാഹിച്ച് കരയാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞിനെയുമെടുത്ത് യൂഫ്രട്ടീസ് നദിക്കരയിലേക്കു ചെല്ലുകയും കുഞ്ഞിനെ തന്റെ കൈകളിൽ ഉയർത്തി കാണിച്ച് വെള്ളമെടുക്കാന്‍ അനുവാദം തേടുകയും ചെയ്തു.ഹുര്‍മില ബിന്‍ കാഹിലിന്റെ ക്രൂരകരങ്ങൾ ആ കുഞ്ഞിനു നേരെ അമ്പെയ്തു.ആ പിഞ്ചു കുഞ്ഞും ശഹീദായി. അശ്രുകണങ്ങൾ ദാര ദാരയായി പൊഴിയുന്ന കണ്ണുകളുമായി തനിക്ക് മുന്നിൽ ചോരയിൽ കുളിച്ച് നിലം പതിക്കുന്ന ഓരോ ജീവനുകളെയും ഹുസൈന്‍(റ) നിസ്സഹായതയോടെ നോക്കിനിന്നു. സൈനുൽ ആബിദീൻ(അലി അസ്ഗർ) ഒഴികെ പ്രവാചക കുടുംബത്തിൽ മാത്രം18 പേർ അന്ന് ഖർബലയുടെ മണ്ണിൽ വീര മൃത്യു വരിച്ചു.അവസാന ഊഴം ഹുസൈനിലേക്ക്(റ) ചുരുങ്ങി. അബ്ദുല്ലാഹിബ്നു അമ്മാർ പറയുന്നു: 'ഹുസൈനിന്റെ ധീരത എല്ലാവരെയും ഭയപ്പെടുത്തി.ഓരോരുത്തരായി അദ്ദേഹത്തിൽ നിന്ന് ഒഴിഞ്ഞുമാറി. നരിയെ കണ്ട ആടുകളെപ്പോലെ എതിരാളികൾ ഇടവും വലവും ഓടിക്കൊണ്ടിരുന്നു.'
അസര്‍ നമസ്കാരത്തിന്‍റെ സമയമായപ്പോൾ നിസ്ക്കരിക്കാന്‍ അനുമതി തരണമെന്ന് അദ്ദേഹം അപേക്ഷിച്ചു. സുജൂദിലായിരിക്കെ സിനാന്‍ ബിന്‍ അനസിന്റെ വാൾ മഹാന്റെ ശിരസ്സിൽ പതിച്ചു. പിന്നെ തുരുതുരാ ശരങ്ങൾ ഹുസൈനിന്റെ(റ) ശരീരത്തിൽ മൂർച്ച പരിശോധിച്ചു. കുന്തമുനകൾ അദ്ദേഹത്തിന്റെ ശരീരത്തെ നിശ്ചലമാക്കി, രക്തം വാർന്നൊഴുകി. കണ്ഠനാളത്തിൽ പോലും ശരം ആഴ്ന്നിറങ്ങി. ‘ഇന്നാലില്ലാഹ്…’ 33 മുറിവുകൾ കുന്തമുനയാലും 24 മുറിവുകൾ വാളാലും ആ തിരുശരീരത്തിനേറ്റിരുന്നു. ശഹീദാകുമ്പോള്‍ 56 വയസ്സായിരുന്നു മഹാനവര്‍കളുടെ പ്രായം. ശിരസ്സറുത്ത് ദിമിഷ്കിലെ പല പ്രദേശങ്ങളിലും പ്രദര്‍ശിപ്പിച്ച് ശത്രുക്കള്‍ ആഹ്ലാദ നൃത്തം ചവിട്ടി.സിനാനു ബ്നു അനസ് ഹുസൈനിന്റെ(റ) ഛേദിക്കപ്പെട്ട ശിരസ്സ് ഇബ്നു സിയാദിനു സമർപ്പിച്ചു. അതേസമയം പ്രവാചക ചോരയിൽ നിന്നവശേഷിച്ച ഏക ആൺതരിയായ സൈനുൽ ആബിദീൻ തങ്ങളെയും വധിക്കാൻ ഇബ്നു സിയാദ് തുനിഞ്ഞെങ്കിൽ ഹുസൈനിന്റെ(റ) സഹോദരി സൈനബ് ബീവിയുടെ ധീരത ആ ബാല്യത്തിന് സംരക്ഷണമൊരുക്കി. ഇബ്നു സിയാദ് തന്റെ വടികൊണ്ട് ഹുസൈനിന്റെ (റ) പവിത്രമാക്കപ്പെട്ട ശിരസ്സിലെ ചുണ്ടുകളിൽ മർദ്ദിക്കുന്നത് കണ്ട സൈദുബ്നു അർഖം രോഷാകുലനായി പറഞ്ഞു; 'ആ ചുണ്ടുകളിൽ നിന്ന് വടിയെടുക്കൂ. അല്ലാഹു സത്യം! ഈ ചുണ്ടുകളിൽ തിരുനബി ചുംബനം സമർപ്പിക്കുന്നത് എത്ര തവണ ഞാൻ കണ്ടിട്ടുണ്ട്.'
പിന്നീട് ഡമസ്കസിലേക്ക് അയക്കപ്പെട്ട പ്രവാചക ദൗഹിത്രന്റെ ശിരസ്സ് യസീദ് കാണുകയും ഇബ്നു സിയാദിന്റെ ക്രൂരത എത്ര ഭീകരമെന്നോർത്ത് പശ്ചാത്തപിക്കുകയും ചെയ്ത സംഭവം ചരിത്രത്തിൽ കാണാൻ സാധിക്കും. യസീദ് ഹുസൈനിന്റെ(റ) ശിരസ്സ് മദീനയിലേക്ക് കൊടുത്തയക്കുകയും ജന്നത്തുല്‍ ബഖീഇല്‍ ഉമ്മ ഫാത്വിമാ ബീവക്കരികിലായി മറമാടുകയും ചെയ്തു. ശിരസ്സില്ലാത്ത ശരീരം കര്‍ബലയിലെ നദിക്കരികിലും മറവുചെയ്തു. കര്‍ബല സംഭവത്തിന്‍റെ ഓര്‍മ പുതുക്കി മുഹര്‍റം 10ന് ഇന്നും ശരീരത്തില്‍ മുറിവുണ്ടാക്കി രക്തമൊലിപ്പിച്ച് ശിയാക്കള്‍ പല അനാചാരങ്ങളിലും ഏര്‍പ്പെടുന്നുണ്ട്.
ചരിത്രത്തിൽ മുസ്ലിങ്ങൾക്ക് മുസ്ലിങ്ങളാലേറ്റ ഏറ്റവും വലിയ നിഷ്ഠൂരമായ ക്രൂരതയുടെ ചിത്രമാണ് കർബലയിൽ പ്രകടമായത്. ഇമാം ശാഫിഈ(റ) തന്റെ കവിതയിൽ ഖർബലയെ കുറിച്ച് എഴുതിച്ചേർത്ത പോലെ;
يصلي على المبعوث من آل هاشم
ويغزي بنوه!! إن ذالعجيب
لئن کان ذنبي حب آل محمد
وذاك ذنب لست عنه أتوب
"ഇതെത്ര അത്ഭുതം നിറഞ്ഞതാണ്! ലോകത്തിന്റെ ഒരു കോണിൽ പ്രവാചകൻ വാഴ്ത്തപ്പെടുന്നു, മറു കോണിൽ അതേ ചോരയിൽ പിറന്ന സന്തതി വേട്ടയാടപ്പെടുന്നു.
പ്രവാചക കുടുംബത്തോട് അനുകമ്പ പ്രകടിപ്പിച്ചതാണ് ഞാൻ ചെയ്ത തെറ്റെങ്കിൽ,പശ്ചാത്തപിക്കാത്ത പാതകമായി അതെന്നിൽ നിലകൊള്ളട്ടെ…"
അവലംബം:
1.الدولة الاموية لدكتور علي محمد الصلابي
2.ഇസ്ലാമിക ചരിത്ര പാതയിലൂടെ പതിനാല് നൂറ്റാണ്ട്-പ്രൊഫ.പി.മുഹമ്മദ് കുട്ടശ്ശേരി
ഫായിസ് അബ്ദുല്ല എടവണ്ണപ്പാറ

COMMENTS