മാപ്പിള സാഹിത്യ പാരമ്പര്യം ഒട്ടനവധി ഗദ്യ-പദ്യ രചനകളാൽ സമ്പുഷ്ടമാണ്. അറബിയിലും അറബി മലയാളത്തിലുമായി എഴുതപ്പെട്ട കൃതികൾ ഇന്നും മാപ്പിള സംസ്ക്കാരത്തിന്റെ പ്രധാന മേൽവിലാസമായി കരുതപ്പെടുന്നു. കേരളക്കരയിൽ പണ്ട് അറബി ഭാഷയിൽ എഴുതപ്പെട്ട കൃതികൾ പലതും അറേബ്യൻ നാടുകളിൽ വിരചിതമായ കിതാബുകളോട് കിടപിടിക്കുന്നുവെന്നത് മാപ്പിള സാഹിത്യത്തിന്റെ മൂല്യത്തെ തുറന്നുകാട്ടുന്നുണ്ട്. അറബി മലയാളം എഴുത്തു ലിപിയുടെ കണ്ടെത്തലോടെ മാപ്പിള സാഹിത്യത്തിന് പുതിയ മാനങ്ങൾ കൈവന്നു. കേരളീയ മുസ്ലിംകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഇസ്ലാമികധ്യാപനങ്ങൾ പകർന്നു നൽകൽ ഇതോടെ സാധ്യമായി. അറബി മലയാള ലിപി വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയപ്പോഴും മറുഭാഗത്ത് അറബി ഭാഷയിൽ കേരളീയ കൃതികൾ എഴുതപ്പെട്ടു പോന്നു. മാപ്പിള സാഹിത്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന മേഖലയാണ് മാപ്പിള പാട്ടുകൾ, മാലപ്പാട്ടുകൾ, ഖിസ്സപ്പാട്ടുകൾ, പടപ്പാട്ടുകൾ കത്തുപാട്ടുകൾ തുടങ്ങി ഒട്ടനവധി വൈവിധ്യമാർന്ന രൂപങ്ങൾ ഈ മേഖലയിൽ കാലങ്ങളായി പിറവിയെടുത്തിട്ടുണ്ട്. മാപ്പിള ജനതയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതായി മാറിയ ഇത്തരം പാട്ടുകളിൽ ഏറെയും സൂഫി ചിന്തയെ മുന്നോട്ട് വെക്കുന്ന അധ്യാത്മിക കാവ്യങ്ങളായിരുന്നു. അറബി ഭാഷയിലെ മദ്ഹ് കാവ്യങ്ങളും അറബി മലയാളത്തിലെ മാലപ്പാട്ടുകളും മാപ്പിളമാരുടെ വീടകങ്ങളിലും പൊതുഇടങ്ങളിലും സ്ഥിരസാന്നിധ്യമായി മാറി. മാറാവ്യാധികൾക്കും മറ്റു സാമൂഹിക പ്രശ്നങ്ങൾക്കും പ്രതിവിധിയായി മാപ്പിള സൂഫി രചനകൾ പാരായണം ചെയ്യപ്പെട്ടു. രോഗശമനത്തിനായി ഇമാം ബുസൂരിയുടെ ബുർദയോടൊപ്പം തന്നെ ശുജായി മുസ്ലിയാരുടെ സഫല മാലയും ഓതിയിരുന്നുവെന്ന് ചരിത്രത്തിൽ കാണാൻ കഴിയും. അഥവാ ഇത്തരം മാപ്പിള സാഹിത്യ രചനകളുടെ അധ്യാത്മിക സ്വഭാവം കാരണം ജനങ്ങൾ ഇവയെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾക്ക് ഒരുപോലെ ആശ്രയിച്ചു പോന്നുവെന്നർത്ഥം
മാപ്പിളപ്പാട്ടിന്റെ പൂർവ്വരൂപങ്ങളുടെ ഏറ്റവും വലിയ സവിശേഷത അവ ഏറെയും അധ്യാത്മിക സ്വഭാവമുള്ള രചനകളായിരുന്നുവെന്നതാണ്. എഴുത്തിന്റെ സർഗാത്മകതക്കപ്പുറത്ത് വായനക്കാരന്റെ ദിവ്യാനുരാഗത്തിലുള്ള ആത്മസമർപ്പ ണത്തെയാണ് ഓരോ സൂഫി രചനയും ലക്ഷ്യം വെക്കുന്നത്. ആദ്യകാലങ്ങളിൽ തസ്വവുഫ് വ്യക്തി ജീവിതങ്ങളിൽ ചുരുങ്ങിയിരുന്നതായിരുന്നെങ്കിൽ പിന്നീട് അധികം താമസിയാതെ തന്നെ സൂഫിസത്തിന് സാമൂഹികമായ പൊതു സ്വീകാര്യത കൈവന്നു. പത്താം നൂറ്റാണ്ടിന് ശേഷം ഇസ്ലാമിക ജീവിതത്തിന്റെ ഭാഗമായി മാറിയ വിവിധ ത്വരീഖത്ത് മാർഗ്ഗങ്ങൾ സൂഫി ചിന്താഗതിയെ കൂടുതൽ ജനകീയമാക്കി മാറ്റി. ആത്മീയഗുരുക്കളുടെ അനുഗ്രഹം ലഭിക്കാനും അതിലൂടെ അള്ളാഹുവിന്റെ തൃപ്തി തേടാനും ത്വരീഖത്തുകൾ എളുപ്പ വഴിയായി പരിഗണിക്കപ്പെട്ടു. ഒറ്റപ്പെട്ട സൂഫി ജീവിതം നയിക്കുന്നതിന് പകരം ആത്മീയ ഗുരുക്കൻമാരുടെ സന്നിധിയിലെ അധ്യാത്മിക പരിസരത്തെ അനുഭവിക്കാൻ ജനങ്ങൾ ഒരുമിച്ച് കുടുവാൻ തുടങ്ങി. ഇങ്ങനെയുള്ള കൂടിച്ചേരലുകളിലും മറ്റും മാലപ്പാട്ടുകൾ പോലെയുള്ള സൂഫി മാപ്പിള രചനകൾ ആലപിക്കപ്പെട്ടു.
മാപ്പിള സാഹിത്യ ചരിത്രം
മാപ്പിള സാഹിത്യത്തിന്റെ ചരിത്രം പ്രധാനമായും തുടങ്ങുന്നത് 15, 16 നു റ്റാണ്ടുകളിലായിട്ടാണ്. അറബി ഭാഷയിലുള്ള രചനകൾ നേരത്തെയുണ്ടായി രുന്നുവെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച സൈനുദ്ധീൻ മഖ്ദൂം ഒന്നാമനാണ് (അദ്കിയ) ആദ്യമായി ഈ മേഖലയിൽ കാര്യപ്പെട്ട രചന നടത്തുന്നത്. പിന്നീട് ഖാളി മുഹമ്മദിന്റെ ഇലാ കം അയ്യുഹൽ ഇൻസാൻ മമ്പുറം തങ്ങളു ടെ' അൽ ബത്താര് സയ്യിദ് ജിഫ്രി തങ്ങളുടെ ' കൻസുൽ ബറാഹീന തുടങ്ങി ഒട്ടനവധി പ്രശസ്ത കൃതികൾ മാപ്പിള അറബി സാഹിത്യത്തിൽ വിരചിതമായി. തുടർന്നാണ് അറബികൾക്കും കേരളീയർക്കുമിടയിൽ ആശയസംവേദന ത്തിനുള്ള എളുപ്പമാർഗ്ഗമായി നേരത്തെ ഉയിൽ കൊണ്ട് അറബി മലയാള ഭാഷയിൽ രചനകളുണ്ടാവുന്നത്. ഇത് കേരളീയ മുസ്ലിം സാഹിത്യ രചനാ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി മാറി. അറബികൾക്ക് മലയാള അക്ഷരാഭ്യാസം നടത്തേണ്ടതില്ലെന്നും കേരളീയർക്ക് ഇസ്ലാമിക വിജ്ഞാനം നേടാൻ അറബി അക്ഷരങ്ങൾ മാത്രം പഠിച്ചാൽ മതിയെന്നുമുള്ള സൗകര്യത്താലാണ് അറബി മലയാളത്തിന്റെ ഉപയോഗം മുസ്ലിം വ്യവഹാരങ്ങൾക്കിടയിൽ വ്യാപകമായത്. പതിനാറാം നൂറ്റാണ്ട് മുതൽ വിവിധ കാലഘട്ടങ്ങളിലായി കുറേയധികം സുഫി രചനകൾ അറബി മലയാള എഴുത്തു ലിപിയിൽ രചിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്താബ്ദം 1607 ൽ എഴുതപ്പെട്ട ഖാളി മുഹമ്മദിന്റെ മുഹ്യിദ്ദീൻ മാലയെ ആദ്യത്തെ ലിഖിത അറബി മലയാള സാഹിത്യ രചനയായി കണക്കാക്കപ്പെടുന്നു. ഇവിടം മുതൽ മാലപ്പാട്ടുകൾ എന്ന മാപ്പിളപ്പാട്ടിന്റെ സാഹിത്യശാഖക്ക് തുടക്കം കുറിക്കുകയുണ്ടായി. പിന്നീട് പതിനേഴാം നൂറ്റാണ്ട് മുതൽ ഇരുപതാം, ഇരുപത്തൊന്നാം നൂറ്റാണ്ട് വരെ മാലപ്പാട്ടുകളുടെ ഒരു നീണ്ട പരമ്പര തന്നെ കാണാൻ കഴിയും.
മാലപ്പാട്ടുകൾ മാർഗ്ഗദർശനങ്ങൾ
ദൈവ ഭയവും ദിവ്യാനുരാഗവും സമന്വയിച്ചതും പ്രവാചക, ഔലിയാ പ്രകീർത്തനങ്ങളാൽ നിറഞ്ഞതുമായിരുന്നു മാല കാവ്യങ്ങൾ, പ്രത്യക്ഷാർത്ഥത്തേക്കാൾ ആന്തരിക ആശയങ്ങൾക്കായിരുന്നു മാലപ്പാട്ടുകളിൽ പലപ്പോഴും പ്രാധാന്യം നൽകിയിരുന്നത്. ദൈനം ദിന ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഉപമിച്ചും സാമൂഹിക ക്രമത്തിൽ വിവേചനം നേരിടുന്നവരുടെ താൽപര്യത്തെ സംരക്ഷിച്ചുമുള്ള രചനയാൽ ജനങ്ങൾക്കിടയിൽ വ്യക്തമായ സ്വീകാര്യത നേടിയെടുക്കുന്നതിൽ മാലപ്പാട്ടുകൾ വിജയിച്ചു. ഇന്നും കൂട്ടിച്ചേർക്കലേതുമില്ലാതെ പാരായണം ചെയ്യപ്പെടുന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ് . സ്ത്രീകൾ ആത്മീയ കാര്യങ്ങളെ പഠിക്കാനും പഠിപ്പിക്കാനുമായി മാലപ്പാട്ടുകളെ ആശ്രയിച്ചിരുന്നു. പലപ്പോഴും നിസ്ക്കാരത്തിന്റെ അനുഷ്ടാനങ്ങൾ പോലെയുള്ള അടിസ്ഥാന അറിവുകൾ അവർ പഠിച്ചിരുന്നത് മാല കാവ്യങ്ങൾ വഴിയാണെന്ന് ചരിത്ര രേഖകളിൽ കാണാൻ കഴിയും. മാലപ്പാട്ടിലെയും മാപ്പിള പാട്ടിലെയും ചരിത്ര പ്രാധാന്യങ്ങളും മിസ്റ്റിക് സത്തയും വർത്തമാനകാല പഠനങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
മുഹ്യിദ്ദീൻ മാല, രിഫാഈ മാല, നഫീസത്ത് മാല, നൂൽ മാല, സഫല മാല, നസ്വീഹത്ത് മാല, ബദ്ർ മാല, മഞ്ഞക്കുളം മാല, ത്വാഹിറാത്ത് മാല തുടങ്ങി ഒരുപാട് മാല കാവ്യ രചനകൾ കഴിഞ്ഞ കാല കേരളീയ മാപ്പിള പരിസരങ്ങളെ സമ്പന്നമാക്കിയിരുന്നു. വ്യത്യസ്ത കാലഘട്ടത്തിൽ വിവിധ പശ്ചാത്തലങ്ങളിൽ എഴുതപ്പെട്ടതായതിനാൽ ഇവ ഓരോന്നിനെ കുറിച്ചും വെവ്വേറെയായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്.
ജീലാനി ജീവിതം പാടുന്ന മുഹ്യിദ്ദീൻ മാല
അറബി മലയാള ചരിത്രത്തിലെ പ്രഥമ പ്രധാന സൂഫി സാഹിത്യ രചനയാണ് മുഹ്യിദ്ദീൻ മാല. പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ ഖാളി മുഹമ്മദ് 1607 ൽ എഴുതിയ മാല ഔലിയാക്കളിൽ ഉന്നസ്ഥാനീയനായ മുഹ്യിദ്ദീൻ ശൈഖിന്റെ ജീവിത സന്ദർഭങ്ങളുടെ കാവ്യാവിഷ്ക്കാരമാണ്. നിരവധി കറാമത്തുകളും ആത്മീയ സന്ദേശങ്ങളും ഉൾക്കൊള്ളുന്ന രചനയിൽ രചയിതാവിന്റെ വിവരങ്ങളും ചേർക്കുന്നുണ്ട്. മുഹ്യിദ്ദീൻ മാല സമൂഹത്തിൽ പല നിലക്കും സ്വാധീനം ചെലുത്തുകയുണ്ടായി. പോർച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ട സമയത്ത് ഒരു ഘട്ടത്തിൽ മാപ്പിള പടയാളികൾ നിർബന്ധിതരായി പിന്തിരിഞ്ഞപ്പോൾ മുഹ്യിദ്ദീൻ മാല അവരെ വീണ്ടും യുദ്ധഗോഥയിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിച്ചിരുന്നുവെന്ന് ചരിത്രകാരൻമാർ എഴുതിവെക്കുന്നു. രാഷ്ട്രീയ കടന്നുകയറ്റങ്ങൾക്ക് പുറമെ മതപരമായ മിഷണറി പ്രവർത്തന ഭീഷണിയും പോർച്ചുഗീസുകാരിൽ നിന്ന് നേരിട്ടു. ഈ സാഹചര്യത്തിൽ നിർബന്ധിതമായും മറ്റുമുള്ള മതപരിവർത്തനങ്ങളെ പ്രതിരോധിക്കാൻ ജനങ്ങളെ തയ്യാറാക്കുന്നതിലും മുഹ്യിദ്ദീൻ മാല മഹത്തായ പങ്ക് വഹിച്ചിരുന്നു. മാലയിൽ ശൈഖിന്റെ ജീവിതത്തിലെ അത്ഭുത സംഭവങ്ങൾ വിവരിക്കുമ്പോഴുള്ള അലങ്കാര വാക്കുകളുടെ അതിപ്രസരം പലപ്പോഴും തെറ്റായി വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മുഹ്യിദ്ദീൻ മാല ബഹുദൈവ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചിലർ ശക്തമായി വാദിച്ചു. അല്ലാഹുവിന്റെ വിശേഷണങ്ങൾ പലതും അടിമയായ ശൈഖിന്റെ കറാമത്തുകളിൽ കാണുന്നുവെന്നാണ് വിമർശനം. എന്നാൽ ദൈവത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ അവന്റെ തെരഞ്ഞെടുക്കപ്പെട്ട അടിമകൾ കാരണമാവുന്നുവെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിഞ്ഞിരുന്നില്ല. ആത്മീയ ഗുരുക്കൻമാരുടെ ബറക്കത്ത് കരസ്ഥമാക്കി സൃഷ്ടാവിലേക്ക് അടുക്കാനുള്ള അതിയായ ആഗ്രഹം മിക്ക സുഫി രചനകളുടെയും സവിശേഷതയാണ്. ഇന്നും മുഹ്യിദ്ദീൻ മാലയെ കുറിച്ച് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
മുഹ്യിദ്ധീൻ മാലയിലെ വരികൾ പല വിധ ഉപദേശങ്ങളും നിർദ്ദേശങ്ങ ളും നൽകുന്നുണ്ട് മനുഷ്യന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഇവ പ്രായോഗികമാക്കുന്നതിലൂടെ ഇരുലോകത്തും വിജയം കൈവരിക്കാൻ സാധി ക്കുന്നതാണ്. മുഹയിദ്ധീൻ മാലയിൽ പറയുന്നു “കളവ് പറയല്ല എന്നുമ്മ ചൊന്നാരെ കള്ളന്റെ കയ്യിൽ പൊന്ന് കൊടുത്തോവർ”
മുഹ്യിദ്ധീൻ മാല മുസ്ലിംകൾക്ക് പുറമെ അന്യമതസ്ഥരായ കീഴാള വിഭാ ഗം ജനങ്ങളെയും സ്വാധീനിച്ചതായി കാണാം. ജാതിവ്യവസ്ഥയുടെ ഇരകളാ യവർ സ്നേഹവും സൗഹൃദവും ജീവിതമൂല്യങ്ങളായി ഉദ്ഘോഷിച്ച മാലയിലെ വരികളെ ഇഷ്ടപ്പെട്ടു. എല്ലാവരെയും ഉൾപ്പെടുത്തിയുള്ള ഖാളി മുഹമ്മദിന്റെ ""ലോകരേ' എന്ന അഭിസംബോധന രീതി മാത്രം മതിയായിരുന്നു ഈ സ്വാധീന ത്തിന്റെ കാരണം വ്യക്തമാവാൻ.
അധ്യാത്മികതയിൽ ലയിച്ച ആലാപനങ്ങൾ..
രിഫാഈ വരികൾ
ശൈഖുൽ ആരിഫീൻ രിഫാഈ (റ) വിന്റെ ജീവിതരംഗങ്ങളും, വ്യക്തി സവിശേഷതകളും, കറാമത്തുകളും വിവരിക്കുന്ന അറബി മലയാളം രചനയാണ് രിഫാഈ മാല, മുഹ്യിദ്ധീൻ മാലയെ പോലെ തന്നെ ആത്മീയ സരണിയിലേക്ക് വഴി തെളിയിക്കുകയാണ് രിഫാഈ മാലയും, മാലപ്പാട്ടുകളിൽ മുഹ്യിദ്ദീൻ മാല കഴിഞ്ഞാൽ കൂടുതൽ സ്ഥാനമുള്ളതും ഏറെ ജനകീയമായതും രിഫാഈ മാലയാണ്. ഇരുമാലകൾക്കിടയിലും പല വിഷയങ്ങളിലും സാമ്യത കാണാൻ കഴിയും. ഇങ്ങനെ സമാന സ്വഭാവം കൈവന്നതിന് പല കാരണങ്ങളും പണ്ഡിതർ വിവരിക്കുന്നുണ്ട്. ഇരു മാലകളിലെയും ഇരുപത്തഞ്ചോളം വരികൾ സാമ്യത പുലർത്തുന്നു. രിഫാഈ മാലയിലെ “ഇല്ല ഒരുത്തർക്കും എന്റെ മഖാമിനെ എത്തിക്കയില്ലാ അതെന്ന് പറഞ്ഞോവര്”എന്ന വരിയും മുഹ് യിദ്ദീൻ മാലയിലെ“ആരുണ്ട് അതെന്റെ മഖാമിനെ എത്തീട്ട് ആരാനും ഉണ്ടെങ്കിൽ ചെല്ലുവിൻ എനോവർ” എന്ന വരിയും ഉദാഹരണം.
ഇസ്ലാമിൽ ശരീഅത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അവയെ അവഗണിക്കുന്നതിലെ ബുദ്ധിശൂന്യതയെ കുറിച്ചും രിഫാഈ മാലയിൽ വിവരിക്കുന്നുണ്ട്. ത്വരീഖത്ത് മാർഗ്ഗങ്ങൾ പിന്തുടർന്ന് തങ്ങൾക്ക് ശരീഅത്തിലെ നിയമങ്ങൾ ബാധകമല്ലെന്ന് വാദിച്ചവർക്കെതിരെയുള്ള വിമർശനമായി ഇതിനെ കണക്കാക്കപ്പെട്ടു. “ബയ്യാൽ ശരീഅത്തും ബകവെ ത്വരീഖത്തും ബലിമാ ഹഖീഖത്തും എന്റെ കൈയ്യിലെന്നോവര” ശൈഖ് രിഫാഈ (റ) വിനെ കുറിച്ചുള്ള വിവരണങ്ങൾ അയുക്തികരമാണെന്നും രിഫാഈ മാലയിലെ ഉള്ളടക്കം മതത്തിനെതിരാണെന്നും വാദിച്ച വിമർശകരുണ്ടായിരുന്നു. അവരെയെല്ലാം അതിജീവിച്ച് രിഫാഈ മാല ഇന്നും മാപ്പിളപ്പാട്ടിന്റെ അനിഷേധ്യ പൂർവ്വിക സ്ഥാനം വഹിച്ച് നിലനിൽക്കുന്നു.
കുഞ്ഞായി മുസ്ലിയാരുടെ നൂൽ മാല
17-ാം നൂറ്റാണ്ടിലെ മതപണ്ഡിതനും സൂഫിയും, നർമ്മ രസികനുമായ കുഞ്ഞായി മുസ്ലിയാർ രചിച്ച അറബി മലയാള കവിതയാണ് നൂൽ മാല. ശൈഖ് ജീലാനി തങ്ങളുടെ ജീവിത സന്ദേശങ്ങൾ കൈമാറലും ഖാദിരിയ്യ ത്വരീഖത്തിന്റെ മഹത്വ പ്രചാരണവുമാണ് ഈ രചനയുടെ പ്രധാന ലക്ഷ്യം. മറ്റു മിക്ക അറബി മലയാള മാലപ്പാട്ടുകളിൽ നിന്നും വിഭിന്നമായി തമിഴ് ഭാഷ കൂടുതലായി കലർത്തി സങ്കര ഭാഷയിലാണ് നൂൽ മാല എഴുതപ്പെട്ടിട്ടുള്ളത്. ആയതിനാൽ തന്നെ ഈ കൃതി സാധാരണക്കാർക്ക് ദുർഗ്രാഹ്യവുമാണ്. നൂൽ മാല എന്ന പേരിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളുണ്ട്. കൃതി എന്നർത്ഥമുള്ള ""നൂൽ” തമിഴ് പദവും മലയാളം പദമായ ""മാലയും ചേർന്നാണ് നൂൽ മാലയായതെന്നാണ് പ്രബലാഭിപ്രായം.
മതകീയ ജീവിതത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത മുസ്ലിയാർ ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖുമായിരുന്നു. ഉപരിപഠന സമയത്ത് പൊന്നാനിയിലെ മഖ്ദൂം (റ) വിനെ ഗുരുവായി സ്വീകരിച്ച ഇദ്ദേഹത്തെയും അക്കാലത്തെ സാമൂതിരി രാജാവിന്റെ കൊട്ടാരം വിദൂഷകനായിരുന്ന മങ്ങാട്ടച്ചനെയും കുറിച്ചുള്ള നിരവധി നർമ്മരസികമായ കഥകൾ എഴുതപ്പെട്ടിട്ടുണ്ട്. മുഹ്യിദ്ദീൻ മാലക്ക് ശേഷം അറബി മലയാള സാഹിത്യത്തിലെ രണ്ടാം കൃതിയായി കരുതപ്പെടുന്ന നൂൽ മദ്ഹും, കപ്പപ്പാട്ടും കുഞ്ഞായിൻ മുസ്ലിയാരുടെ തന്നെ രചനയാണ്. കപ്പൽ സഞ്ചാരത്തോട് മനുഷ്യജീവിതത്തെ ഉപമിച്ച് പ്രയാസങ്ങൾ നേരിടുമ്പോൾ തിരമാലകൾ വകഞ്ഞു മാറ്റുന്ന കപ്പലിനെ പോലെ സധൈര്യം മറികടക്കാൻ ഉപദേശിക്കുന്ന കപ്പപ്പാട്ടിനെയും റസൂൽ പ്രകീർത്തന വരികൾ കോർത്തിണക്കി വിരചിതമായ നൂൽ മദ്ഹിനെയും ജനം ഇരുകൈകളും നീട്ടി സ്വീകരിക്കുകയുണ്ടായി.
തമിഴ് ഇശലുകളായതിനാൽ ദുർഗ്രാഹ്യമായ നൂൽ മാല മറ്റു മാലകളെ അപേക്ഷിച്ച് ജനങ്ങൾക്കിടയിൽ അധികം പ്രചാരം നേടിയിരുന്നില്ല. കുഞ്ഞായിൻ മുസ്ലിയാരുടെ മറ്റു രചനകളിലും ഇത്തരം അന്യ ഭാഷയുടെ കാര്യമായ സ്വാധീനം പ്രകടമാണ്. നൂൽ മാലയുടെ ഉള്ളടക്കം വിവരിക്കുന്ന ഡോ പി സക്കീർ ഹുസൈൻ രചിച്ച ""നൂൽ മാല, മൊഴിയും പൊരുളും' എന്ന ഗ്രന്ഥം പ്രസ്തുത മാലയെ കുറിച്ചുള്ള നല്ലൊരു റഫറൻസായി കണക്കാക്കപ്പെടുന്നു.
നഫീസത്ത് മാലയെന്ന രോഗശമനി
ഇസ്ലാമിക ചരിത്രത്തിലെ അറിയപ്പെട്ട സൂഫി വനിതയും ഏറെ പേരുടെ ഹിദായത്തിന് കാരണക്കാരിയുമായ നഫീസത്തുൽ മിസ്രിയ്യ(റ)യുടെ പേരിൽ നാലകത്ത് കുഞ്ഞിമൊയ്തീൻ സാഹിബ് എഴുതിയതാണ് നഫീസത്ത് മാല, മകൻ അബുബക്കറിന്റെ രോഗശമനത്തിന് വേണ്ടി രചിച്ച മാല പിന്നീട് മാപ്പിള ജനതയുടെ മുഴുവൻ ആത്മീയ ഔഷധമായി മാറി. ഈ സന്ദർഭം എഴുത്തുകാരൻ മാലയിൽ തന്നെ വിവരിക്കുന്നുണ്ട്.
"താരുളാ ബീവിന്റെ മേൽ ഇമ്മാലയെ ഞാനുത്തേ സബബെനയ് മകൻ അബൂബക്കറിനിൽ ഫനിത്തെ ആരിടം ഫിൻബായ് മുട്ടും നിരത്തും തുടിത്തെ അന്ത രോഗം ഒക്കയും ഈ ബീവിയാൽ ശമിത്തെ”
പണ്ട് കാലത്ത് പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീകളുടെ സുഖപ്രസവത്തിന് വേണ്ടി നഫീസത്ത് മാല ഒാതപ്പെട്ടിരുന്നു. രോഗങ്ങൾക്ക് പ്രതിവിധിയാ യി മാപ്പിള സാഹിത്യത്തിൽ നിരവധി മാലപ്പാട്ടുകൾ രചിക്കപ്പെട്ടിട്ടുണ്ട്. പ്ലേഗ് വസൂരി പോലെയുള്ള പകർച്ചവ്യാധികളിൽ ജനങ്ങൾ വലഞ്ഞപ്പോൾ ഇവ പാരായണം ചെയ്ത് ബറക്കത്തിനെ തേടുക പതിവായിരുന്നു. ഇന്നും ഈ രീതി മുസ്ലീം വീടുകളിൽ തുടരുന്നത് കാണാം. നഫീസത്ത് ബീവിയുടെ ജീവിത സന്ദർഭങ്ങളെ കുറിച്ചും ആരാധനാ കർമ്മങ്ങളെ കുറിച്ചും വിശാലമായി തന്നെ മാലയിൽ പ്രതിപാധിക്കുന്നുണ്ട്. 124 വരികൾ ഉൾക്കൊള്ളുന്ന പ്രകീർത്തന കാവ്യത്തിൽ ഇസ്ലാമിലെ നാല് ഖലീഫമാരുടെ മദ്ഹുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 12 മുതൽ 15 വരെയുള്ള വരികളിൽ നബി (സ)യിലേക്കെത്തുന്ന ബീവിയുടെ കുടുംബ പാരമ്പര്യവും വിവരിക്കുന്നതായി കാണാം.
ശുജായി മുസ്ലിയാരും സഫലമാലയും
മലയാള ഭാഷയിലെ മാപ്പിള സാഹിത്യകാരൻമാരിൽ പ്രധാനിയും അധ്യാത്മിക ജീവിതത്തിലെ ' ശുജായി ' യുമായിരുന്നു ശുജായി മൊയ്തു മുസ്ലിയാർ. പേരിന് തലക്കലുള്ള "ശുജായി അദ്ദേഹത്തിന്റെ ധീരതക്ക് ലഭിച്ച അംഗീകാരമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ജീവിച്ച ഇദ്ദേഹമാണ് ചരിത്രപ്രസിദ്ധമായ സഫല മാലയുടെ സൃഷ്ടാവ്. ആത്മീയ ചിന്തയുടെ ഏറ്റവും നല്ല ഉദാഹരണമാണ് സഫലമാല. ഭൗതിക ലോകത്തെ സുഖങ്ങൾ നൈമിഷികമാണെന്നും പരലോകജീവിതമാണ് പരമപ്രധാനമെന്നും രചയിതാവ് ഉപദേശിക്കുന്നു. ആശയങ്ങൾ ഗ്രഹിച്ചെടുക്കൽ അൽപം ക്ലേശകരമാണെങ്കിലും ഇൗ മാല സംഗീതാസ്വാദർക്ക് ഇഷ്ടപ്പെടുന്ന താളഭംഗിയിലാണ് രചിച്ചിട്ടുള്ളത്. ആദം നബി മുതൽ മുത്ത് നബി (സ) വരെയുള്ള പ്രവാചകൻമാരുടെ ജീവചരിത്രം ഹ്രസ്വമായി വിവരിക്കുന്ന സഫല മാല പണ്ട് കാലത്ത് രോഗശമനത്തിന് വേണ്ടി സ്ഥിരമായി ഓതപ്പെട്ടിരുന്നു. തദ്ഫലമായി വലിയ മാറാവ്യാധികൾക്ക് വരെ പരിഹാരമുണ്ടായ സംഭവങ്ങൾ ചരി തത്തിൽ കാണാൻ കഴിയും. ഭാഷയിലുള്ള മൊയ്തു മുസ്ലിയാരുടെ കഴിവ് അദ്ദേഹത്തിന്റെ ഓരോ രചനയും വിളിച്ച് പറയുന്നുണ്ട്. ഫൈയൽ ഫയ്യാള്, മഅ്ദനുൽ ജവാഹിർ, നഹ് ദഖാഇഖ്, മനാഫിഉൽ മൗത്ത് തുടങ്ങിയ രചനകളെല്ലാം ഇന്നും പല മേഖലകളിലായി പിൻതലമുറക്ക് അറിവ് പകർന്നുകൊണ്ടിരിക്കുന്നു. മൊയ്തു മുസ്ലിയാരുടെ ഉറുദുവിലുള്ള ഗുരുസ്ഥാനി ഭാഷാപഠന സഹായി ഏറെ പ്രസിദ്ധമായ കൃതിയാണ്. ഹജ്ജ് നിർവ്വഹിച്ച് തിരിച്ചു വരുന്ന വഴി ജിദ്ദയിലെത്തിയപ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്. കേരളത്തിലെ അറിയപ്പെട്ട ഈ സൂഫി പണ്ഡിതൻ സ്വന്തം മരണത്തെ കുറിച്ച് നേരത്തെ പ്രവചിച്ചതായി ചരിത്ര പുസ്തകങ്ങളിൽ കാണാൻ കഴിയും.
അടുത്ത കാലത്തുണ്ടായ മാപ്പിളപ്പാട്ടുകളെയെല്ലാം മാലപ്പാട്ടുകൾ പോലെയുള്ള പഴയ സൂഫി കാവ്യങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഡോ മോയിൻ കുട്ടി വൈദ്യരുടെ പടപ്പാട്ടുകളിലും മറ്റു ഖിസ്സപ്പാട്ടുകളിലുമെല്ലാം ഇത് പ്രകടവുമാണ്. മേൽ വിവരിച്ച പ്രധാന മാലപ്പാട്ടുകൾക്ക് പുറമെ പിന്നെയും ഒരുപാട് മാലകൾ പതിനേഴാം നൂറ്റാണ്ട് മുതൽ ഇങ്ങോട്ട് രചിക്കപ്പെടുകയുണ്ടായി. പരലോക ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ വിവരിക്കുന്ന മാനക്കാന്റകത്ത് കുഞ്ഞിക്കോയ തങ്ങളുടെ വലിയ നസ്വീഹത്ത് മാല, ടിപ്പു സുൽത്താന്റെ കൂടെ ബ്രിട്ടീഷുകാർക്കെ തിരെ പൊരുതിയ സയ്യിദ് ഖാജാ ഹുസൈൻ എന്ന വലിയ്യിന്റെ പേരിലുള്ള മഞ്ഞ ക്കുളം മാല, മുഹമ്മദ് നബി (സ)യുടെ ഭാര്യമാരെ കുറിച്ച് രചിക്കപ്പെട്ട ത്വാഹിറാത്ത് മാല, വൈവാഹിക ജീവിതത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന റഹ്മത്ത് മാല എന്നിവ അവയിൽ ചിലതാണ്.
മാലകളുടെ രാഷ്ട്രീയ സാംസ്കാരിക സ്വാധീനം
മേൽ പറഞ്ഞ മാലപ്പാട്ടുകളെല്ലാം പലരാൽ പല കാലങ്ങളിലായി എഴുതപ്പെട്ടതും പല വിധ പശ്ചാത്തലങ്ങളെ അഭിമുഖീകരിച്ചിട്ടുള്ളതുമായിരുന്നു. മാപ്പിളമാരുടെയും മറ്റു വിഭാഗങ്ങളുടെയും ജീവിതത്തിന്റെ പല തുറകളിലും മാപ്പിളപ്പാട്ടുകൾ വിശിഷ്യാ മാലപ്പാട്ടുകൾ സ്വാധീനം ചെലുത്തി. ഇവ സാംസ്കാരികമായ ഉന്നമനത്തിന് വേണ്ടി അവരെ സഹായിച്ചു. മഹാൻമാരുടെ ജീവിതം മുൻ നിർത്തി ഇസ്ലാമിന്റെ ആശയാദർശങ്ങൾ പരിചയപ്പെടുത്തുകയെന്നതായിരുന്നു മാലപ്പാട്ടുകളുടെ പ്രധാന ലക്ഷ്യം. അടിസ്ഥാനപരമായ മതവിദ്യാഭ്യാസമില്ലാത്തവർക്ക് പോലും മാലകളുമായുള്ള ബന്ധം കാരണം ആത്മീയമായി വളരാൻ കഴിഞ്ഞു. ഇതുവഴി സ്വാഭാവികമായും നന്മയുള്ള സ്വഭാവരൂപീകരണം സാധ്യമായി. വിട്ടുമാറാത്ത രോഗങ്ങൾക്കും ഭൗതിക ശക്തികൾക്ക് പരിഹരിക്കാൻ കഴിയാത്ത മറ്റു പല പ്രശ്നങ്ങൾക്കും പ്രതിവിധിയായി മാലപ്പാട്ടുകളെ കരുതി വന്നു. ആത്മീയവും സാംസ്കാരികവുമായ സ്വാധീനത്തിന് പുറമെ രാഷ്ട്രീയ മേഖലയിലും മാലകൾക്ക് കൃത്യമായ സ്ഥാനമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തെ അധിനിവേശത്തിലൂടെ കീഴടക്കാൻ ശ്രമിച്ച പോർച്ചുഗീസ് സൈന്യത്തിനെതിരെ പൊരുതാൻ മലബാറുകാർക്ക് ഉൗർജ്ജം പകർന്ന ഖാളി മുഹമ്മദിന്റെ മുഹ്യിദ്ദീൻ മാല യെ കുറിച്ച് നേരത്തെ വിവരിച്ചിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെയും ശക്തമായി പോരാടിയ സയ്യിദ് അലവി മൗലദ്ദവീല മമ്പുറം തങ്ങളെ കുറിച്ച് രചിക്കപ്പെട്ട മമ്പുറം മാല രാഷ്ട്രീയമായ ചെറുത്തുനിൽപ്പിന്റെ കഥ പറയുന്ന മഹത്തായ രചനയാണ്. ആത്മീയ, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെല്ലാം പാഠങ്ങൾ നൽകുന്ന ഇത്തരം മാലപ്പാട്ടുകളുടെയെല്ലാം ദൗത്യം ചുറ്റുമുള്ള ജനതയുടെ ജീവിത സാഹചര്യങ്ങൾ പുനർനിർണ്ണയിച്ച് കൂടുതൽ മൂല്യവത്താക്കുക എന്നതായിരുന്നു.
അധ്യാത്മികമായ രചനകൾ ഇനിയും മാപ്പിള സാഹിത്യത്തിൽ വിരചിതമാവണം. ആത്മീയ സ്വഭാവമുള്ള മാലപ്പാട്ടുകളും മറ്റു പാരമ്പര്യ മാപ്പിള കാവ്യങ്ങളും തലമുറകൾ കൈമാറി ഇനിയും പാരായണം ചെയ്യപ്പെടണം. പൂർവ്വിക മാപ്പിള സാഹിത്യത്തെ കുറിച്ച് ജനങ്ങളെ കൂടുതൽ അറിവുള്ളവരാക്കണം. എങ്കിൽ മാത്രമേ പൊതുരംഗത്ത് നിന്ന് അന്യം നിന്ന് പോവാതെ മാപ്പിള സാഹിത്യത്തെ നമുക്ക് കാലങ്ങളോളം സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ.
ബുജൈർ തലപ്പെരുമണ്ണ

COMMENTS