"ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍"
(എന്റെ ഗുരുനാഥൻ -
വള്ളത്തോൾ നാരായണമേനോൻ)
ബഹുസ്വര ഇന്ത്യയുടെ സാഫല്യമണയാത്ത മതേതരത്വ രാഷ്ട്രം എന്ന സ്വപ്നത്തിന് വേണ്ടി ജീവിതകാലം മുഴുവൻ യത്നിച്ച മരിക്കാത്ത ഓർമ്മകളുടെ പേരാണ് ഗാന്ധി.ലളിത ജീവിതത്തോടൊപ്പം അത്യുന്നത ചിന്താഗതികളെ ഉയർത്തിപ്പിടിച്ച ഗാന്ധിജിയുടെ സമരരീതികൾ തന്നെ തലമുറകളോളം പഠിച്ചു തീർക്കാൻ സാധിക്കാത്ത വലിയൊരു പാഠമാണ്.അഹിംസയും സത്യാഗ്രഹവുമായിരുന്നു ഗാന്ധിജിയുടെ പോരാട്ട വീഥിയിലെ ഊന്നുവടി.അതുകൊണ്ടുതന്നെ തന്റെ സമര വഴികളിൽ തീവ്രതയും അക്രമവും നിറഞ്ഞ പോരാട്ട രീതികളെ അദ്ദേഹം തിരഞ്ഞെടുത്തിരുന്നില്ല.ആൽബർട് ഐൻസ്റ്റീന്റെ വാക്കുകൾ ഏറെ ശരി കൽപ്പിക്കേണ്ടത് ഒന്നാണ് ;"മജ്ജയും മാംസവും ധരിച്ചുകൊണ്ട് ഈ ഭൂമുഖത്തുകൂടി അങ്ങനെയൊരാൾ നടന്നിരുന്നുവെന്നത് വരും തലമുറകൾ ഒരുപക്ഷേ വിശ്വസിക്കില്ല".കാരണം ഈ മഹത്തായ ആത്മാവിന്റെ ത്യാഗജീവിതം തന്നെ ആ ഒരു സന്ദേശം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.
ഗാന്ധിജിയുടെ ജീവിതം തികച്ചും ഒരു സത്യാന്വേഷണ പരീക്ഷണകഥ തന്നെയായിരുന്നു.ജീവിതത്തിന്റെ പരമലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണെന്നും,ഈശ്വരനെന്നത് സത്യത്തെ സൂചിപ്പിക്കുന്നുവെന്നും, അതുകൊണ്ട് തന്നെ മനുഷ്യ ജീവിതം സത്യത്തെ തേടിയുള്ള യാത്രയാവണമെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.അതുകൊണ്ട് തന്നെയാണ് സത്യത്തെ തേടിയുള്ള യാത്രയ്ക്കിടയിൽ തന്റെ വൈവാഹിക ജീവിതത്തിലും കുടുംബജീവിതത്തിലും തനിക്ക് സംഭവിച്ചിട്ടുള്ള ഓരോ ന്യൂനതകളെ കുറിച്ചും അക്കമിട്ട് കൊണ്ട് തന്റെ ജീവിതകഥയിൽ അദ്ദേഹം വ്യക്തമാക്കുന്നത്.ഇങ്ങനെ ഒരു സത്യദർശനം തുടർന്നു വന്ന രാഷ്ട്രീയ പിൻഗാമികൾ നിലനിർത്തിയിരുന്നെങ്കിൽ രാജ്യത്തിന്റെ മതേതരത്വ സങ്കല്പത്തിന്റെ ദീപനാളം ഇന്നും അണയാതെ സൂക്ഷിക്കാമായിരുന്നു.
മതേതരത്വ സങ്കല്പത്തിനപ്പുറം മതസൗഹാർദ്ദമായിരുന്നു ഗാന്ധിജിയുടെ ആശയം.സനാതന ഹിന്ദുവായി നിലനിൽക്കെത്തന്നെ ഈശ്വർ അള്ളാ തേരേ നാം എന്ന് പ്രകീർത്തിച്ചതും,ഖിലാഫത്ത് പ്രചാരണാർത്ഥം കേരള സന്ദർശനം നടത്തിയതുമെല്ലാം ഏറെ കാലികപ്രസക്തമായ ഗാന്ധിയൻ രീതികൾ തന്നെയാണ്.ഇന്ത്യാ-പാക് വിഭജന സമയത്ത് പാക്കിസ്ഥാന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ചർച്ച വന്നപ്പോൾ തന്റെ നിരാഹാര സത്യാഗ്രഹത്തിലൂടെ ഗാന്ധിജി ആ ഒരു ചർച്ചയെ വരവേറ്റതും, അവർക്ക് വേണ്ട നഷ്ടപരിഹാരത്തുക നേടിക്കൊടുത്തതും,പിന്നീട് സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ബംഗാളിന്റെ തെരുവീഥികളിലെ അഭയാർത്ഥികൾക്ക് സമാശ്വാസം പകർന്നതുമെല്ലാം ഗാന്ധിജിയുടെ മതസൗഹാർദ്ദദർശനത്തോട് ചേർത്തി പറയേണ്ട ചരിത്രസ്മരണകളാണ്.മതത്തിന്റെ പേരിൽ പോർക്കളങ്ങൾ സൃഷ്ടിക്കുന്ന,രാഷ്ട്രീയ കുതന്ത്രങ്ങൾ നിലനിൽക്കുന്ന ഈയൊരു സമകാലിക സാഹചര്യത്തിൽ എന്തുകൊണ്ടും ഗാന്ധിയൻ ദർശനങ്ങൾ അപ്രമാധിത്യം കൽപ്പിക്കേണ്ട ഒന്ന് തന്നെയാണ്.കൽപ്പറ്റ മാഷിന്റെ വരികളേറെ സന്ദർഭോചിതമായി തോന്നുന്നു …
"ഗാന്ധിയെ
വരയ്ക്കാനെളുപ്പമാണ്
മൂന്നോ നാലോ രേഖകൾ മതി.
ഗാന്ധിയായി
വേഷം കെട്ടാനെളുപ്പമാണ്
കെട്ടിയ വേഷങ്ങൾ
അഴിച്ചു കളഞ്ഞാൽ മതി."
ഇന്ത്യൻ സാഹചര്യത്തിൽ മാത്രമല്ല,ഗാന്ധിയൻ ദർശനങ്ങൾ ലോകത്തിൽതന്നെ എക്കാലത്തും ഏറെ പ്രസക്തിയാർജിക്കുന്നതാണ്.സാമൂഹിക ഉന്നമനവും മാനുഷിക പുരോഗതിയും തന്നെയായിരുന്നു അതിന്റെ ഏറ്റവും വലിയ ലക്ഷ്യം.വിൻസ്റ്റൺ ചർച്ചിൽ വിശേഷിപ്പിച്ച പോലെ "അർദ്ധനഗ്നനായ ഫക്കീർ" ആയി ജീവിച്ചതും ആ ഒരു ലക്ഷ്യത്തെ സാക്ഷാത്കരിക്കാൻ വേണ്ടി തന്നെയായിരുന്നു."സമൂഹനന്മ ആഗ്രഹിക്കുന്ന മനുഷ്യൻ സ്വജീവിതം മാതൃകയായി നൽകുവാനും പറയുന്ന കാര്യങ്ങൾ സ്വജീവിതത്തിൽ പകർത്തുവാനും സന്നദ്ധരാകണം" എന്ന ഗാന്ധിയുടെ വാക്കുകൾ വ്യക്തമാക്കുന്നതും ഉപര്യുക്ത വചനത്തിൽ സൂചിപ്പിച്ചപോലെയുള്ള അദ്ദേഹത്തിന്റെ പരീക്ഷണ രീതിയെ കുറിച്ചാണ്.
ജീവിതം ഒരു സത്യാന്വേഷണ പരീക്ഷണ കഥയായതുകൊണ്ട് തന്നെ പലപ്പോഴും പല പാളിച്ചകളും അതിൽ സംഭവിക്കാം.എന്നാൽ അതിൽനിന്നും തികച്ചും വ്യത്യസ്തമായി എക്കാലത്തേക്കും മാതൃകായോഗ്യമായ രീതിയിൽ ഉള്ള ഒരു പരീക്ഷണമായിരുന്നു ഗാന്ധിജിയുടെ ജീവിതം.വർണ്ണാശ്രമ വ്യവസ്ഥ അംഗീകരിച്ചതിനെയും പൂർണ്ണമായ അഹിംസാ രീതി സ്വീകരിച്ചതിനെയും ചൊല്ലിയുള്ള ചില വിമർശന രീതികൾ ഒഴിച്ചാൽ ഗാന്ധിയൻ ദർശനങ്ങൾ സമ്പൂർണ്ണ വിജയം തന്നെയായിരുന്നു.വർണ്ണാശ്രമ വ്യവസ്ഥ അംഗീകരിച്ചിരുന്നെങ്കിൽ പോലും അതുൾക്കൊള്ളുന്ന ജാതീയ അനാചാരങ്ങളെ അദ്ദേഹം എതിർത്തിരിന്നു.അഹിംസ രീതി സമകാലിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഉചിതമല്ലെന്ന് തോന്നിയാലും,
അതിന്റെ ദ്വി അർത്ഥമായ ക്ഷമാശീലവും കൂടിച്ചേരുമ്പോൾ മാത്രമേ അഹിംസ പൂർണാർഥത്തിൽ എത്തുകയുള്ളൂ എന്നുകൂടി നമ്മൾ ചിന്തിക്കണം."സത്യവും അഹിംസയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്.സത്യം ലക്ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്.ദേഷ്യം അഹിംസയുടെ ശത്രുവും അഹങ്കാരം അതിനെ വിഴുങ്ങുന്ന സത്വവുമാണ്"ഈയൊരു വചനത്തിൽ നിന്ന് തന്നെ സത്യത്തെയും അഹിംസയെയും ആയുധമാക്കിയുള്ള പോരാട്ടരീതിയെക്കുറിച്ച് ഗാന്ധി നമുക്ക് വ്യക്തമാക്കിത്തരുന്നു.
ആഢ്യത്വമുള്ള ഒരു ജീവിതത്തിൽ നിന്നും ലളിതമായ ജീവിതത്തിലേക്കുള്ള യാത്രയായിരുന്നു ഗാന്ധിയുടെ സ്വാതന്ത്ര്യ സമരങ്ങൾ.തന്റെ ജനതയ്ക്ക് നഗ്നത മറക്കാനുള്ള വസ്ത്രത്തിന് അവകാശികളായി തീരുന്നതുവരെ അർധനഗ്നതയെ കൂട്ടുപിടിച്ച് ആ മഹാമനീഷിയുടെ ജീവിതം ഏറെ വിസ്മയങ്ങൾ നിറഞ്ഞതാണ്.തന്റെ ആശയങ്ങളും ആദർശങ്ങളും നിലനിർത്തുമ്പോഴും ഒരു ബഹുസ്വരസമൂഹത്തിന്റെ നേതാവായി തന്നെയാണ് ഗാന്ധിജി നിലകൊണ്ടത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും അദ്ദേഹം വലിയ വില കൽപ്പിച്ചിരുന്നു.ഒരിക്കൽ അദ്ദേഹത്തിന്റെ ആശ്രമത്തിൽ ഒരു സായിപ്പ് അതിഥിയായി എത്തുകയും അയാൾക്ക് ഭോജിക്കാൻ വേണ്ടി ഗാന്ധിജി മാംസം നൽകുകയും ചെയ്തതും തിരസ്കരിക്കപ്പെടാനാകാത്ത ഒരു ചരിത്ര യാഥാർത്ഥ്യമാണ്.ഇങ്ങനെയുള്ള പല സത്യങ്ങളും ഗാന്ധിയൻ അനുയായികൾ എന്ന പേരിൽ അധികാരം ചമയുകയും മാംസഭോജനത്തിന്റെ പേരിൽ അക്രമങ്ങൾ അഴിച്ചു വിടുകയും ചെയ്യുന്ന ഭരണകൂടം തിരിച്ചറിയാതെ പോകുന്നത് ഏറെ വൈരുദ്ധ്യാത്മകമായ പ്രവണതയാണ്."നിയമത്തെ അനുസരിക്കണം അത് നീതിയെ നടപ്പിലാക്കുന്ന കാലത്തോളം"..;
സമകാലികമായി നീതിന്യായവ്യവസ്ഥയിൽ കടന്നുവന്ന രാഷ്ട്രീയ കുതന്ത്രങ്ങളും, നിയമഭേദഗതികളും എതിർക്കപ്പെടാനാകാത്ത വിധം ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമർത്തുമ്പോൾ ഗാന്ധിജിയുടെ ഈ വചനത്തിന്റെ പ്രസക്തി നാം ഏറെ വിചിന്തനം ചെയ്യേണ്ടതുണ്ട്.
പോരാട്ട രംഗത്ത് മാത്രമല്ല, വ്യക്തിജീവിതത്തിലും ഗാന്ധിജിയുടെ ആശയങ്ങൾക്ക് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ട്.ഒരിക്കൽ തന്റെ ആശ്രമത്തിലെ ഒരു പെൺകുട്ടിക്ക് ഗാന്ധിജി കൊടുത്ത ജോലി ഒരു കുഷ്ഠരോഗിയുടെ മലം എടുക്കുക എന്നതായിരുന്നു.സ്വന്തം മാതാപിതാക്കളുടെ മലം സ്പർശിക്കാൻ പോലും മടിക്കുന്ന നവീന യുഗത്തിലെ യുവതലമുറ ഏറെ ചിന്തിക്കേണ്ട ഒരു പ്രവർത്തി തന്നെയാണ് ഇത്.അതുപ്രകാരം തന്നെ അഴുക്കുപുരണ്ട കാലുമായി വരുന്നവർക്ക് എന്റെ മനസ്സിൽ സ്ഥാനമില്ല എന്ന് പ്രഖ്യാപിച്ച ഗാന്ധിജി,ശുചിത്വ ബോധത്തെ കുറിച്ച് ഭീതിയിൽ അകപ്പെട്ട ഇന്നത്തെ ജനതയ്ക്ക് വലിയൊരു പാഠം തന്നെയാണ് ഇതു മുഖേന നൽകിയത്."വിജയത്തിലൂടെ കൈ വരുന്നതല്ല ശക്തി.മറിച്ച് നിങ്ങളുടെ പ്രശ്നങ്ങളാണ് നിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്. ജീവിതത്തിലെ ഏത് വിഷമകരമായ ഘട്ടങ്ങളിലും സ്വയം അടിയറവ് പറയില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ അതാണ് ശക്തി",ഒരുപക്ഷേ വിദ്യാർഥികളിലും ഉദ്യോഗാർത്ഥികളിലും പിടിപെട്ട മാനസികസമ്മർദ്ദം എന്ന മഹാമാരിയെ നിർദ്ധാരണം ചെയ്യാനുള്ള ഒരു ഒറ്റമൂലി തന്നെയാണ് ഈ വാക്കുകൾ.
മതസൗഹാർത്ഥം എന്ന ആശയത്തിലൂടെ ശുഭ ചിന്തകളുടെ ലോകത്തെയും സത്യ ദർശനത്തിന്റെ അന്തരീക്ഷത്തെയും സൃഷ്ടിക്കുകയായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം.സഫലീകരിക്കാൻ സാധിക്കാത്ത ഈ ജീവിതലക്ഷ്യം തന്നെയാകാം ഒരുപക്ഷേ ഓരോ മതേതരത്വ വിശ്വാസിയായ ഇന്ത്യക്കാരനിലും ഇന്നും കുടികൊള്ളുന്നത്.ഗാന്ധിജിയുടെ വെളിച്ചം അഹിംസയായിരുന്നു.ആ വെളിച്ചം അന്വേഷിച്ചത് സത്യത്തെയും.ആ വെളിച്ചം ഒരിക്കലും അണയുന്നില്ല,അത് അണയാതെ സൂക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്തമാണ്.നെഹ്റുവിന്റെ വാക്കുകൾ സ്മരിക്കുന്നു…"നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ട്.പ്രകാശിച്ചുകൊണ്ടിരുന്നത് ഒരു ദീപമായിരുന്നില്ല.ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും.നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക് …
ഫായിസ് അബ്ദുല്ല എടവണ്ണപ്പാറ

COMMENTS