ഇസ്ലാമിക ജ്ഞാന വ്യവഹാരങ്ങളെ കൃത്യമായി ഗ്രഹിക്കാനും പഠിക്കാനും അറബിഭാഷാ പാണ്ഡിത്യം അത്യന്താപേക്ഷിതമാണ്. ഭാഷാ പരിജ്ഞാനം ഇല്ലാതിരിക്കുമ്പോൾ ഒരു വിദ്യാർത്ഥിക്ക് പാഠത്തിന്റെ ചില സവിശേഷതകളും താൽപര്യങ്ങളും മനസ്സിലാകാതെ വരികയും ഉദ്ദിഷ്ഠ ആശയങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു. സർവ്വ ഇസ്ലാമിക ജ്ഞാനങ്ങളുടെയും ആധാര ശിലയായ ഖുർആൻ അറബി ഭാഷയിലാണുള്ളത് എന്നത് തന്നെ ഇതിന്റെ പ്രധാന ഹേതുകം. “താങ്കൾക്ക് മനസ്സിലാവാൻ വേണ്ടി നാം അതിനെ അറബി ഭാഷയിലാക്കിയിരിക്കുന്നു” 12:2 എന്ന് പടച്ചവൻ തന്നെ പറയുന്നു. പരിശുദ്ധ ഖുർആനിൽ ഇക്കാര്യം അനവധി സൂക്തങ്ങളിലായി ഈ രീതിയിൽ പല തവണ എടുത്ത് പറഞ്ഞതായി കാണാം.
അറബികളുടെ ഖുർആൻ എന്ന് പറയാതെ അറബിക് ഖുർആൻ (ഖുർആനൻ അറബിയ്യാ) എന്ന് പ്രസ്താവിക്കപ്പെട്ടത് ഇവിടെ ഏറെ ശ്രദ്ധേയമാണ്. ഖുർആൻ അവതീർണമാകുന്നത് ഒരു പ്രദേശത്താണെങ്കിലും അത് പ്രായോഗത്തിൽ സാർവത്രികമാണെന്ന് ഈ ഉദ്ദരണി സ്ഥാപിക്കുന്നു. അല്ലാഹു പറയുന്നത് : “എല്ലാ മനുഷ്യർക്കും സന്തോഷ വാർത്തയും മുന്നറിയിപ്പും നൽകാനാണ് നാം താങ്കളെ നിയോഗിച്ചത് “ 34:28 എന്നാണല്ലോ. ഇത് ചില പ്രത്യേക ആളുകൾക്ക് വേണ്ടി മാത്രമോ മറ്റേതിങ്കിലും സമൂഹത്തിനോ മാത്രമുള്ള സന്ദേശമല്ല. അതിനാൽ ഒരു യുഗമോ കാലഘട്ടമോ ഇതിന്റെ സംബോധിതരിൽ നിന്ന് ഒഴിവാകുകയുമില്ല.
മുഹമ്മദ് (സ്വ) പറയുന്നു: “എല്ലാ പ്രവാചകരെയും അവരുടെ സമുദായത്തിലേക്ക് മാത്രമായിരുന്നു അയക്കപ്പെട്ടത്. പക്ഷെ, നിശ്ചയമായും എന്നെ നിറ ഭേദമില്ലാതെ എല്ലാവരിലേക്കുമായി നിയോഗിച്ചിരിക്കുന്നു.”
അറബി ഭാഷയിൽ അവതരിപ്പിക്കപ്പെട്ടതിനാൽ തന്നെ വിശുദ്ധ ഗ്രന്ഥം അറബികൾക്ക് വളരെയധികം പ്രത്യേക ഉത്തരവാദിത്വം ഏൽപിക്കുകയും അതിലൂടെ ബഹുമാനം കൽപ്പിക്കുകയും ചെയ്യുന്നു. ആയതിനാൽ മതം കഴിയുന്നത്ര വ്യക്തമാക്കാനും പ്രബോധനം ചെയ്യാനുമുള്ള ചുമതല ഇവരിലെ വിശ്വാസികൾക്ക് നൽകപ്പെട്ടിരുന്നു. അതേ സമയം ഏറ്റവും മികച്ച രീതിയിൽ ഇസ്‌ലാമിക സന്ദേശം എത്തിയതിനാൽ അവരിലെ അവിശ്വാസികൾക്കുള്ള എതിർ സാക്ഷിയായും ഖുർആൻ നിലകൊള്ളുന്നു.
അറബി ഭാഷയും ആദ്യകാല പണ്ഡിതരും
ഇസ്ലാമിക വ്യവഹാരങ്ങളിൽ സവിശേഷ പ്രധാന്യമലങ്കരിക്കുന്ന ഇസ്‌ലാമിക നിയമങ്ങളെ വിശാരദം ചെയ്യുന്നതിന് അറബി ഭാഷ കൈവശപ്പെടുത്തൽ ആദ്യ തലമുറകളിലെ പണ്ഡിതരെ മുഴുക്കെയും നിർബന്ധിതരാക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്രം കൗതുകകരവും ശ്രദ്ധേയവുമായ ചില സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇബ്നു യഈശിന്റെ ശർഹുൽ മുഫസ്സ്വലിൽ അത്തരത്തിൽ ഒരു സംഭവം വിവരിക്കുന്നത് കാണാം. “കൂഫയിലെ അമീറായ അബൂ മൂസ അൽ- അശ്അരി ഖലീഫ ഉമർ ബിൻ അൽ ഖത്താബിന് ഒരു കത്ത് അയക്കുകയുണ്ടായി. കത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു : അബൂ മൂസ അൽ അശ്അരി യിൽ നിന്നും ഖലീഫ ഉമറിന് ( മിൻ അബൂ മൂസ അൽ അശ്അരി ഇലാ അമീരിൽ മുഅ്മിനീൻ ). അഞ്ച് നാമങ്ങളിൽ (അസ്മാഉൽ ഖംസ ) ഒന്നായ അബ് എന്ന പദം മിൻ എന്ന ഹർഫ് ജറിന് ( പ്രപോസിഷൻ ) ശേഷം അബീ എന്നെഴുതേണ്ടിടത്ത് അബൂ എന്ന് എഴുത്തുകാരന് തെറ്റുപറ്റി. അന്ന് അബൂ മൂസ അൽ അശ്അരിയുടെ കത്ത് പകർത്തിയത് ശരിയായ അറബീ ഭാഷാ പ്രയോഗത്തിൽ ഗ്രാഹ്യക്കുറവുള്ള ഒരു കൂലി എഴുത്തുകാരൻ ആയിരുന്നു. ഉമറിന് മുമ്പിൽ കത്ത് വായിക്കപ്പെട്ടതും അദ്ദേഹത്തിന്റെ മുഖം ദേഷ്യത്താൽ വിവർണമായി. പിന്നീട് തൻറെ മറുപടി കത്തിൽ എഴുത്തുകാരനെ ശാസിക്കാനും അദ്ദേഹത്തെ പിരിച്ചുവിടാനും ഉത്തരവിടുകയായിരുന്നു.”
ഇത്തരം ദുരുപയോഗം തുടർന്നാൽ ഭാഷയ്ക്ക് എന്ത് സംഭവിക്കുമെന്ന് ഖലീഫ ഉമർ അന്ന് ഊഹിച്ചിരിക്കാം.
ഇവിടെ ആ കൂലി എഴുത്തുകാരന് ജോലി നഷ്ടപ്പെട്ടതും ശിക്ഷ അനുഭവിക്കേണ്ടി വന്നതും കുറച്ചു കാഠിനമായി തോന്നിപ്പിക്കുന്നുണ്ടായിരിക്കാം. പക്ഷേ, ലോകമെമ്പാടും നീതി പരത്തുകയും രാജാക്കന്മാരുടെ കൈനീട്ടങ്ങളെ വലിച്ചെറിയുകയും ചെയ്ത മഹോന്നതനായ ഒരു നേതാവിൽ നിന്നാണ് ഇത് സംഭവിച്ചിരിക്കുന്നത്. ശാരീരിക ശിക്ഷ നൽകാൻ മാത്രം ഇവിടെ പ്രകോപിപ്പിച്ചതെന്താണ്? ഇസ്‌ലാമിക വിശുദ്ധ നിയമം അക്രമാസക്തമായിരുന്നോ? അതോ ഇവിടെ മതത്തിൽ എന്തെങ്കിലും പുതുമ കണ്ടിരുന്നോ? ഈ ചോദ്യങ്ങൾക്കുള്ള മറുപടികളെല്ലാം നിസ്സംശയം ഉമർ തന്റെ മനസ്സിൽ കണ്ടിരുന്നു. ഇസ്ലാമിക നിയമങ്ങളും ഭാഷയും തമ്മിലുള്ള ബന്ധം എത്രത്തോളമെന്ന് അദ്ദേഹം മനസ്സിലാക്കി. മൊഴിയും വരയും ഒരുപോലെ തെറ്റിയാൽ പുത്തനാശയങ്ങൾ ഉടലെടുക്കുന്നതിനെയും ദുർവ്യാഖ്യാനങ്ങൾ ഉടലെടുക്കുന്നതിനെയും അദ്ദേഹം ഭയത്തോടെ വീക്ഷിച്ചു.
ആദ്യ ഖലീഫ അബൂബക്കർ സ്വിദ്ദീഖ് (റ) വും തന്റെ പ്രജകളുടെ തെറ്റിനും അവ്യക്തമായ വാചകങ്ങൾക്കെതിരെയും ശബ്ദിച്ചതായി കാണാം. അബു അൽ ഖാസിം അൽ സമഖ്ശരി ഇത്തരത്തിൽ ഒരു സംഭവം റബീഅ് അൽ അബ്റാർ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂ ലഫഖ എന്ന ഒരാൾ കയ്യിൽ വസ്ത്രവുമായി ഖലീഫയുടെ അടുക്കലൂടെ കടന്നുപോയി. അപ്പോൾ ഖലീഫ ആരാഞ്ഞു: ഈ വസ്ത്രം എനിക്ക് വിൽക്കുമോ? അദ്ദേഹം പറഞ്ഞു: ഇല്ല ദൈവത്തിൻറെ കാരുണ്യം നിന്നിൽ ( ലാ സലാമുൻ അലൈക്ക). അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ നിവർന്നു നിൽക്കുമ്പോൾ നിങ്ങളുടെ ഭാഷയും നേരെയാകും. താങ്കൾ ഇപ്രകാരം പറയരുത്. “ഇല്ല, ദൈവത്തിൻറെ കാരുണ്യം നിങ്ങളുടെമേൽ ഉണ്ടാവട്ടെ” ( ലാ വസലാമുൻ അലൈക) എന്ന് പറയുക. കാരണം ഇവിടെ “വാ” ചേർക്കാതിരിക്കുന്നത് അവന് എതിരെയുള്ള പ്രാർത്ഥനയായി തെറ്റിദ്ധരിക്കപ്പെടും. “ദൈവത്തിന്റെ കരുണ നിങ്ങളുടെ മേൽ ഉണ്ടാവാതിരിക്കട്ടെ” എന്നാണ് പ്രസ്തുത വാക്കിൽ നിന്നും ഗ്രഹിക്കപ്പെടുന്നത്. പകരം നിഷേധത്തിനും പ്രാർത്ഥനയ്ക്കും ഇടയിൽ “ഉം” (വാ ) ചേർത്തൽ ഭാഷയിലെ ക്രമീകരണവും അലങ്കാരവുമാണ്. നെഗറ്റീവും പോസിറ്റീവും സംയോജിക്കുന്ന വാക്യത്തിൽ ഒരു അർദ്ധ വിരാമം അവ്യക്തതയെ നീക്കംചെയ്യുന്നു.
മുസ്ലിം നേതാക്കളെ ഭാഷ സംരക്ഷണം വലിയ തോതിൽ തന്നെ ബാധിച്ചിട്ടുണ്ടായിരുന്നുവെന്ന് ഇതിൽ നിന്ന് മനസ്സിലാക്കപ്പെടുന്നു. അറബിഭാഷയിൽ വ്യാകരേണയമായി നാമം, ക്രിയ എന്നിങ്ങനെ തരംതിരിക്കാൻ ഖലീഫ അലി ( റ ) അബൂ അസ് വദുദ്ദുഅലിയെ പഠിപ്പിച്ചു. അലി (റ ) അദ്ദേഹത്തോട് “ഈ രീതിയിൽ തുടരുക” (ഉൻഹു ഹാദ അൽ നഹ് വ് ) എന്ന് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പിന്നീട് അറബി വ്യാകരണത്തിന് നഹ് വ് എന്ന് പേര് വെക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. മറിച്ച് ഗ്രീക്ക് ലോണുകളിൽ നിന്നാൽ ഈ പദം ഉത്‌ഭവിച്ചതെന്ന് അബൂ മൂസ അൽ അസ്ഹരി യെ പോലുള്ള പണ്ഡിതരും അവകാശപ്പെട്ടതായി കാണാം. “അദ്ദേഹം അത് അന്വേഷിച്ചു” (ഇൻത ഹാഹു ) എന്ന വാക്കിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞതെന്ന് ഇബ്നു സീദ യും പറഞ്ഞിട്ടുണ്ട്. അറബികൾ സംസാരിക്കുന്ന രീതി, ഭാഷാ പ്രവർത്തനം, നാമം, ഏകവചന ബഹു വചനങ്ങളെ എങ്ങനെ രേഖപ്പെടുത്താം തുടർന്ന് പല പിന്നാമ്പുറങ്ങളും അദ്ദേഹം അന്വേഷിച്ചതിനാൽ ചില വ്യാകരണജ്ഞരും ഈ നിലപാടിനെ അംഗീകരിക്കുന്നു.
പലപ്പോഴും ഖലീഫ മാരുടെ സാന്നിധ്യത്തിൽ നിയമജ്ഞരും വ്യാകരണങ്ങളും തമ്മിൽ കൗതുകമുണർത്തുന്ന സംഭവങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയത് കാണാം. വ്യാകരണ പണ്ഡിതനും ഖുർആൻ ജ്ഞാനി യുമായ അബു അൽ ഹസൻ അൽ കിസാഈ യും ഇമാം അബൂഹനീഫ ( റ ) ൻറെ ശിഷ്യൻ ഖാളി അബൂ യൂസഫിൻറെയും ഇടയിൽ ഒരു സംഭവമുണ്ടായി.
കിസാഈ അബൂ യൂസുഫിനെ ഒരു ചോദ്യത്തിന് വെല്ലുവിളിച്ചു. “നഹ് വിലോ കർമ്മശാസ്ത്രത്തിലോ?” അബൂ യൂസുഫ് ചോദിച്ചു. “ഫിഖ്ഹ് “ കിസാഈ മറുപടി പറഞ്ഞു. അപ്പോൾ ഖലീഫ ഹാറൂൺ റഷീദ് ചിരിക്കുകയുണ്ടായി കിസാഈ തുടർന്നു. ഒരു ഭർത്താവ് തന്റെ ഭാര്യയോട് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ : “നീ വീട്ടിലേക്ക് പ്രവേശിച്ചാൽ വിവാഹ മോചിതയാണ്” എന്ന് പറഞ്ഞാൽ അവൾ വിവാഹ മോചിതയാകുമോ? (അൻതി ത്വാലിഖുൻ അൻ ദഖൽതി അൽ ദാറ) ഇവിടെ ഹംസ യിൽ ഫതഹ് സ്ഥാനം പിടിപ്പിച്ചു. അബൂ യൂസുഫ് പറഞ്ഞു: അവൾ വീട്ടിലേക്ക് പ്രവേശിച്ചാൽ വിവാഹ മോചിതയാകും. കിസാഈ പറഞ്ഞു: അല്ല, ആ സ്ത്രീ ആദ്യമേ വിവാഹമോചിതയായിരിക്കുന്നു. ഇവിടെ വിവാഹ മോചനത്തിന് ഒരു നിബന്ധന വെക്കുന്നില്ല. മറിച്ച് “നീ വീട്ടിലേക്ക് പ്രവേശിച്ച തിനാൽ വിവാഹമോചിതയാണ്” എന്ന് പറയുകയാണ്. ഹംസ യ്ക്ക് ഫതഹ് കൊടുക്കൽ കൊണ്ടാണ് അത് സംഭവിച്ചത്.
ഈ സംഭവം അബൂ യൂസഫിന് അദ്ദേഹത്തിൽ വളരെയധികം മതിപ്പുളവാക്കി. അന്നേദിവസം മുതൽ അദ്ദേഹം കിസാഈ യുടെ വീട്ടിലേക്ക് പോവൽ പതിവാക്കി. മാത്രമല്ല, പിന്നീട് അദ്ദേഹം ഫത് വ നൽകുമ്പോഴെല്ലാം നഹ് വ് പരിശോധിക്കുവാനും തുടങ്ങി. ഈ പ്രശ്നം ഭാഷാപരമായ ഒന്നാണെങ്കിലും രണ്ട് മേഖലകളിലും ( ഫിഖ് ഹ്, നെഹ് വ് ) അടിസ്ഥാനപരമാണ് എന്ന് അൽ ശാതിബി അഭിപ്രായപ്പെടുന്നു.
സമാനമായ ഒരു സംഭവത്തിൽ ഖലീഫ ഹാറൂൺ റശീദ് ഫത് വ ചോദിച്ചുകൊണ്ട് അബൂ യൂസഫിന് ഒരു കത്തെഴുതുകയുണ്ടായി:
ഓ ഹിന്ദേ, നീ സൗമ്യയാണെങ്കിൽ സൗമ്യത കൂടുതൽ വശമുള്ളതാണ്
ഓ ഹിന്ദേ, നീ അനുസരണക്കേട് കാണിക്കുകയാണെങ്കിൽ അത് ശകുനമാണ്.
നീ വിവാഹമോചിതയാണ്, വിവാഹമോചനം മൂന്ന് ഉറച്ച തീരുമാനങ്ങളാണ്
( അൻതി ത്വാലിഖുൻ വ അൽ ത്വലാഖു ഥലാഥുൻ )
അനുസരണക്കേട് ഉള്ളവൻ പ്രയാസവും അക്രമകാരിയുമാകുന്നു.
ഇത് വായിച്ച അദ്ദേഹം തെറ്റ് സംഭവിക്കുമോ എന്ന് ഭയന്ന് കിസാഈ യെ സമീപിച്ചു. “ “ഥലാഥുൻ”
എന്ന വാക്കിന് റഫ്അ ചെയ്യുകയാണെങ്കിൽ ഒരു ത്വലാഖ് സംഭവിച്ചു. കാരണം നീ വിവാഹമോചിതയാണ് എന്ന് പറഞ്ഞതിനുശേഷം പരിപൂർണ്ണമായത് മൂന്ന് ത്വലാഖാണ് എന്ന് അറിയിക്കുകയാണ്. മറിച്ച് നസ്ബ് ചെയ്യുകയാണെങ്കിൽ മൂന്നും സംഭവിച്ചിരിക്കുന്നു”. എന്ന് അദ്ദേഹം മറുപടി നൽകുകയുണ്ടായി.
ഈ മറുപടി ഹാറൂൻ റശീദിനെ ഏറെയധികം തൃപ്തനാക്കി. അദ്ദേഹം അബൂ യൂസഫിന് സമ്മാനങ്ങൾ കൊടുത്ത് അയക്കുകയുണ്ടായി. ഈ കവിതയിൽ തന്നെയുള്ള മറ്റു ഭാഷാ വൃത്തങ്ങൾ ഇമാം മുഗ്‌നി തന്റെ അൽ ലഖീഖ് എന്ന രചനയിൽ ചർച്ച ചെയ്തിട്ടുണ്ട്.
ഭാഷയും വ്യാകരണവും വ്യാഖ്യാനശാസ്ത്രത്തിന്റെ മൂലശിലയായി മാറിയതോടെ ചില വ്യാകരണജ്ഞരും ഫത്‌വകൾ പുറപ്പെടുവിക്കാൻ സാധിക്കുന തലത്തിലേക്ക് ഉയർന്നു. താൻ വർഷങ്ങളോളം സീബവൈഹി യുടെ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ഫത് വകൾ പറയാറുണ്ടായിരുന്നുവെന്ന് ഉമറുൽ ജർമി തങ്ങൾ പറഞ്ഞിട്ടുണ്ട്. പ്രസ്തുത കിതാബ് വ്യാകരണത്തിന്റെതാണല്ലോ. അദ്ദേഹം വലിയ ഹദീഥ് ജ്ഞാനി ആയിരുന്നുവെന്നും ഭാഷാർത്ഥങ്ങളും അറബി പ്രത്യയ ഉപയോഗങ്ങളും മനസ്സിലാക്കുവാനായിരുന്നു അദ്ദേഹം ഈ കിതാബ് അവലംബിച്ചിരുന്നതെന്നും മറ്റു ചിലർ ഇതിനെ വ്യാഖ്യാനിക്കുന്നു.
ശൈഖ് അബ്ദുല്ലാഹി ബ്നു ബയ്യ
വിവർത്തനം: നജ ഫാത്വിമ ടി.വി സഹ്റാവിയ്യ

COMMENTS