ഫലസ്തീൻ സ്രായേൽ യുദ്ധം അവസാനിപ്പിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമായി ലോകരാഷ്ട്രങ്ങൾ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ടെന്നാണ് യുദ്ധം വരുത്തിവെക്കുന്ന വാണിജ്യ സാമ്പത്തിക പ്രതിസന്ധികൾ ഓർമപ്പെടുത്തുന്നത്. പരിഹാര ഫോർമുലക്ക് നായകത്വം വഹിക്കാൻ യുഎസ് ഭരണകൂടം പോലും തയ്യാറായതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. ഫലസ്തീനിന്റെ അയൽരാഷ്ട്രങ്ങളുമായി ഭൗമ രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൺ ഇസ്രയേൽ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. ദ്വിരാഷ്ട്ര വാദമെന്ന പരമ്പരാഗത പരിഹാരമാണ് ഇതിലൂടെ അമേരിക്ക മുന്നോട്ട് വെക്കുന്നത്. സുരക്ഷിതത്വവും പരമാധികാരവുമുള്ള ഫലസ്തീൻ രാഷ്ട്രവും ജെറുസലേം തലസ്ഥാന നഗരമായ ഇസ്രായേലും രൂപീകരിക്കണമെന്നർത്ഥം. എന്നാൽ ഈ ആശയത്തോട് ചേർന്നു നിൽക്കാൻ നെതന്യാഹു സർക്കാർ തയ്യാറാവുന്നില്ലെന്നാണ് ലജ്ജാവഹമായ യാഥാർത്ഥ്യം.
അന്താരാഷ്ട്ര തലത്തിൽ തന്നെ പരിഹാരമായി നിർദേശിക്കപ്പെട്ട രാഷ്ട്ര സിദ്ധാന്തത്തിന് പ്രസക്തിയേറെയാണ്. യുദ്ധത്തിൻറെ മൂലകാരണം സ്വതന്ത്ര പാലസ്തീനും സ്വതന്ത്ര ഇസ്രായേലും ആണെന്നത് അപൂർണമായ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നു.ഈ ആശയം ആദ്യമായി ഉടലെടുക്കുന്നത് 1937 ഫലസ്തീൻ ബ്രിട്ടീഷുകാർക്ക് കീഴിലായ കാലത്താണ്. ഇസ്രായേൽ പിറവി കൊണ്ടിട്ടില്ലെങ്കിലും ജൂത രാഷ്ട്രത്തിന് മുറവിളി കൂട്ടുന്ന ഘട്ടമായിരുന്നു അത്. ഇസ്രായേൽ രൂപീകരണാനന്തരം വർദ്ധിച്ച കുടിയേറ്റങ്ങളും സംഘർഷങ്ങൾക്കും ഇടയിൽ പരിഹാര കരാർ രൂപപ്പെടുന്നത് 1993 ലാണ്. ചരിത്രപ്രസിദ്ധമായ ഓസ്ലോ കരാർ ആയിരുന്നു അത്. ദ്വിരാഷ്ട്രവാദമാണ് ഓസ്ലോ കരാറിന്റെയും ആകത്തുക. അതിന്റെ 30 വർഷം പൂർത്തിയായപ്പോഴും യുദ്ധസഹചര്യങ്ങൾക്ക് മാറ്റമുണ്ടായിട്ടില്ല.
നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് ഈ സംഘർഷത്തിന്. അതിപുരാതന നഗരമായ ഫലസ്തീൻ, മുസ്ലീങ്ങളും ക്രൈസ്തവരും ജൂതരും ഒരുപോലെ മഹത്വം കൽപ്പിക്കുന്ന ഇടമാണ്. ദാവൂദ് നബിയും സുലൈമാൻ നബിയും ലോകം ഭരിച്ച കാലത്തെ ചരിത്രം തൊട്ടാണ് മുസ്ലിം വിശ്വാസത്തിൻറെ കാതൽ. ജൂതവിശ്വാസപ്രകാരം അധികാരത്തിന്റെ ചിഹ്നമായ ദൈവിക പേടകം സൂക്ഷിച്ചിരിക്കുന്നത് ഇവിടെയുള്ള സുലൈമാൻ ഗോപുരത്തിലാണ്. ഇതിൻറെ തകർച്ചയ്ക്കുശേഷം സ്ഥാപിച്ച ഹൈറൂദ് ഗോപുരം ജൂതരുടെ പുണ്യയിടമാണ്. ക്രിസ്ത്യൻ വിശ്വാസപ്രകാരം യേശുവിൻറെ അവസാന അത്താഴവും കുരിശിലേറ്റലുമെല്ലാം നടന്ന സിയോൺ കുന്നും ഗുലാൻ കുന്നും സ്ഥിതി ചെയ്യുന്നത് ഫലസ്തീന്റെ മണ്ണിലാണ്. ചുരുക്കിപ്പറഞ്ഞാൽ സെമിറ്റിക് മതങ്ങളുടെ വിശ്വാസ ധാരക്ക് വലിയ പിൻബലം ഏകുന്ന പുണ്യഭൂമികയാണിത്.
രണ്ടാം ഖലീഫ ഉമർ(റ) വാണ് ഫലസ്തീനിനെ ഇസ്ലാമിക ഭരണത്തിലേക്ക് കൊണ്ടുവരുന്നത്. AD 638 ലാണ് ഇത്. 1999 ലെ ഒന്നാം കുരിശു യുദ്ധത്തിൽ ഫലസ്തീൻ ക്രിസ്ത്യാനികളിൽ എത്തുന്നു. 1187ൽ സ്വലാഹുദ്ദീൻ അയ്യൂബി യിലൂടെയാണ് ഖുദ്സ് തിരിച്ചുപിടിക്കാൻ ഇസ്ലാമിനായത്. 1235ൽ വീണ്ടും കുരിശു സൈന്യത്തിന് കിട്ടിയ ഖുദ്സ് 1244ൽ മുസ്ലീങ്ങൾ തിരിച്ചുപിടിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ മംലൂക്കികളിലും ഉസ്മാനിയ ഖിലാഫത്തിന് കീഴിലുമായി ഫലസ്തീൻ ജനത ജീവിച്ചു. മൊറോക്കോ, അൾജീരിയ പ്രദേശങ്ങളിലെ ധാരാളം മുസ്ലിങ്ങളും ജൂതരും ഫലസ്തീനിലേക്ക് കടന്നുവന്നു.
ഉസ്മാനിയ ഭരണത്തിന് ന്യൂനപക്ഷ സ്ഥിതി വിശേഷം തേടി ലോകരാഷ്ട്രങ്ങളുടെ ഇടപെടലുകൾ വർദ്ധിച്ചുവരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്. ഉസ്മാനിയ ഭരണത്തിന് കീഴിൽ ചെറിയ അധികാര കേന്ദ്രങ്ങൾ പിറവികൊള്ളുന്നതും ആ കാലത്താണ്. 1917 ഉസ്മാനിയ ഖിലാഫത്ത് പരാജയപ്പെട്ടതോടെ ഫലസ്തീൻ പൂർണമായും ബ്രിട്ടീഷുകാരുടെ കൈകളിലായി. വൻതോതിലുള്ള ജൂത കുടിയേറ്റത്തിന് കാരണമായ ബാൽഫർ പ്രഖ്യാപനം 1917 നവംബർ രണ്ടിന് ബ്രിട്ടീഷുകാർ നിർവഹിച്ചു. സ്വന്തമായി ഭൂമി വാങ്ങാനുള്ള അനുവാദം ലഭിച്ചതോടെ വിശുദ്ധമായി കണക്കാക്കപ്പെട്ടിരുന്ന വിവിധ സ്ഥലങ്ങൾ ജൂതരുടെ കൈകളിൽ എത്തി. അവർക്ക് പിന്തുണയായി എക്കാലത്തും ബ്രിട്ടനുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരം ഫലസ്തീൻ പ്രശ്നം ഐക്യരാഷ്ട്രസഭ ചർച്ച ചെയ്യുന്നുണ്ട്. ബർത്ലേഹം അടക്കമുള്ള പ്രദേശങ്ങൾ ഐക്യരാഷ്ട്രസഭക്ക് കീഴിൽ വരുത്തുന്ന തീരുമാനം കൈക്കൊള്ളുന്നത് അപ്പോഴാണ്. ഇത് പ്രകാരം ബ്രിട്ടീഷ് സൈന്യം പിൻവലിഞ്ഞു. എന്നാൽ യുഎൻഒ ആ ധാരണ ഏറ്റെടുക്കാൻ സാധിച്ചില്ല. തൽഫലമായി ജൂതർ അവസരം മുതലെടുത്തു. 1948 ൽ ഇസ്രായേൽ പിറക്കുന്നതിലേക്ക് അത് വഴിവെച്ചു.
വലിയ യുദ്ധത്തിന് കാഹളം ഒരുക്കുകയായിരുന്നു ഇസ്രായേൽ രൂപീകരണം. അറബ് സൈന്യത്തിന്റെ വലിയ ആക്രമണങ്ങൾക്ക് ഇസ്രായേലും സാക്ഷിയായി. തുടർന്നാണ് ദ്വിരാഷ്ട്ര സങ്കൽപ്പങ്ങളുടെ പിറവി. ഫലസ്തീൻ രണ്ടായി വിഭജിക്കുകയും പടിഞ്ഞാറ് ഇസ്രായേലിന് കീഴിലും കിഴക്ക് ജോർദാനിന് കീഴിലുമായി വന്നു. ഇസ്രായേൽ സൈന്യാധിപൻ മോശെദയാനും ജോർദാൻ കമാൻഡർ അബ്ദുള്ള അൽതലും ഖുദ്സിൽ യോഗം ചേരുകയും രണ്ടു പ്രദേശത്തിന് അതിരുകൾ നിർണയിക്കുകയും ചെയ്തു. ഈ കരാർ പ്രകാരം തർക്കപരിഹാരത്തിന്റെ ഭാഗമായി ഇസ്രായേൽ നിലവിലെ പ്രദേശത്ത് മാത്രമേ താമസിക്കാവൂ എന്നും കൂടുതൽ പ്രദേശങ്ങൾ കയ്യേറ്റം ചെയ്യരുതെന്നും അംഗീകരിക്കപ്പെട്ടു.
1967ലെ ഇസ്രായേൽ - അറബ് യുദ്ധത്തിൽ ഇസ്രായേൽ വിജയം വലിയൊരു വഴിത്തിരിവായി. ഖുദ്സിന്റെ കിഴക്കുഭാഗം കൂടെ കൈയേറിയ അവർ ജൂതർക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ എല്ലാം എടുത്തു കളയുകയും സർവസ്വാതന്ത്ര്യത്തിന് തണൽ ഒരുക്കുകയും ചെയ്തു. പഴയ തന്ത്രങ്ങൾ പാളിയതും അതിനെ മുതലെടുത്തതിന്റെയും ചരിത്രമാണ് പാലസ്തീനിന്റെ ഇന്നലെകൾക്കുള്ളത്.
എന്നാൽ 1967ലെ യുദ്ധാനന്തരം യഥാർത്ഥമായ ദ്വിരാഷ്ട്രം പൂവണിയാമായിരുന്നു. പറയുന്നത് ഇസ്രയേൽ ചരിത്രകാരനായ ഇലൻ പാപെയാണ്. ഗസ്സയും വെസ്റ്റ് ബാങ്കും ചേർന്ന ഫലസ്തീൻ രാഷ്ട്രം പിറക്കാമായിരുന്നു. വിവിധങ്ങളായ കാരണങ്ങൾ അത്തരം ആലോചനകളെ തല്ലിക്കെടുത്തി.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് 1993 ലെ ഓസ്ലോ കരാർ രൂപപ്പെടുന്നത്. യാസർ അറഫാത്തിന്റെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഒരു ഫലസ്തീൻ രാഷ്ട്രം നിയമവിധേയമാക്കാനുള്ള പദ്ധതിയായിരുന്നു കരാറിന്റെ ഉള്ളടക്കം. യുഎസ് പ്രസിഡണ്ട് ബിൽ ക്ലിന്റണിന്റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിലാണ് ഇസ്രായേൽ പ്രധാനമന്ത്രി യിബാക്ക് റാബിനും കൈ കൊടുത്തത്. എന്നാൽ ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ സൈനിക സാന്നിധ്യം, ജെറുസലേമിന്റെ പദവി, ഫലസ്തീൻ ഭരണകൂടം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓസ്ലോ കരാറിൽ കൃത്യമായി ചർച്ച ചെയ്തില്ല.
കാലങ്ങൾക്കിപ്പുറം ദ്വിരാഷ്ട്രപ പരിഹാരമെന്ന ആശയത്തിന് അന്താരാഷ്ട്ര തലത്തിൽ പിന്തുണയേറുന്നുണ്ട്. അതിനോട് അനുകൂലമായ സമീപനം സ്വീകരിക്കാൻ ഇരുരാഷ്ട്രങ്ങളും തയ്യാറായിട്ടില്ല. ബെഞ്ചമിൻ നെതന്യാഹു എന്ന ഇസ്രായേൽ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ ഫലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രത്തിന് ഒരു അർത്ഥത്തിലും പ്രസക്തിയില്ല. കഴിഞ്ഞ കാൽ നൂറ്റാണ്ടിന്റെ ചരിത്ര വിശകലനം ചെയ്യുമ്പോൾ ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കുന്നത് തടയുന്നതിൽ ഏറ്റവും മുന്നിൽ നെതന്യാഹുവാണ്. ഇസ്രായേൽ മാധ്യമങ്ങൾ ആ സത്യം വിളിച്ചു പറയുന്നത് കാണാം. ഈ പരിഹാര ഫോർമുലയുടെ പഴയ ചതിപ്രയോഗ ചിത്രങ്ങളാണ് ഫലസ്തീനിനെ പിന്തിരിപ്പിക്കുന്നത്. വിരാട് ആശയം അവലംബം ആക്കാനാവില്ലെന്ന ആശയത്തിന് ഫലസ്തീനിൽ പിന്തുണയേറെയാണ്.
ദ്വിരാഷ്ട്രത്തിന് പകരം ജൂതർക്കും മുസ്ലിങ്ങൾക്കും തുല്യ അവകാശം ഉള്ള ഒരു രാഷ്ട്രത്തെയാണ് ഭൂരിഭാഗമാളുകളും ആവശ്യപ്പെടുന്നത്. എന്നാൽ ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാർ മാത്രം ചേർന്നു നിൽക്കുമ്പോൾ ഇസ്രായിലി പൗരന്മാർ ന്യൂനപക്ഷമായി മാറും. ജൂത രാഷ്ട്രമമെന്ന ആശയം തന്നെ അസാധുവാകും. അതിനാൽ അത്തരം ആലോചനകൾക്കും വലിയ പോരായ്മകളുണ്ട്.
സുഹൈൽ കോടിയമ്മൽ

COMMENTS