ഇറാന്‍ വിഷയം ചൂടുപിടിച്ചതോടെ വീണ്ടും വിമര്‍ശനവിധേയമാവുകയാണ് അമേരിക്കന്‍ നയനിലപാടുകള്‍. എന്തിനും ഏതിനും യു എസിന് കൂടെ നില്‍ക്കുന്ന കുത്തക രാഷ്ട്രങ്ങള്‍ പോലും ഖാസിം സുലൈമാനി വധമെന്ന സത്യത്തെ ഉള്‍ക്കൊള്ളാനാവാതെ മൂക്കത്ത് വിരലമര്‍ത്തി മാറിനില്‍ക്കുകയാണ്. “ ഇത്രയൊക്കെ വേണ്ടിയിരുന്നോ....”. എന്നാണ് അമേരിക്കയില്‍ തന്നെയുള്ള ചില നേതാക്കളുടെ സംശയം. അവികസിത രാഷ്ട്രങ്ങളെ ഓരോരുത്തരെയായി അമേരിക്ക ശത്രുപക്ഷത്ത് കുടിയിരുത്തുന്ന കാഴ്ച്ചയാണ് നാം കുറേകാലമായി കണ്ടുകൊണ്ടിരിക്കുന്നത്. മുഴുവന്‍ രാഷ്ട്രങ്ങളുടെയും തലപ്പത്ത് കുത്തരാഷ്ട്രമെന്ന ഖ്യാതിയുമായി എക്കാലത്തും നിലനില്‍ക്കാന്‍ രാജ്യം എന്നും കിണഞ്ഞ് ശ്രമിച്ചിട്ടുണ്ട്. എതിരാളികള്‍ ഉയര്‍ന്നുവന്നപ്പോഴൊക്കെ ഏത് വിധേനയും അവരുടെ വളര്‍ച്ച്ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ വൃത്തികെട്ട നിലപാടുകള്‍ സ്വീകരിക്കാനും അമേരിക്ക മാടികാണിച്ചിട്ടില്ല. തങ്ങളുടെ ഈ അപ്പോസ്തല മേധാവിത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് അറിയിക്കാനുള്ള കേവലമായ കാട്ടികൂട്ടലുകളായിട്ടാണ് സുലൈമാനിയുടെ ആസൂത്രിത കൊലയില്‍ നിന്നൊക്കെ നാം മനസ്സിലാക്കേണ്ടത്. ഇത് അമേരിക്ക ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ജോര്‍ജ്ജ് ഡബ്ല്യൂ ബുഷിന് കീഴില്‍ ഇറാഖില്‍ സദ്ദാം ഹുസൈന്റെ അധികാര കസേര തല്ലിപൊളിക്കുമ്പോഴും ഈ വികാരമായിരുന്നു പ്രകടമായിരുന്നത്. അന്നത്തെ ബുഷിന്റെ സ്ഥാനത്ത് ഇന്ന് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് ആണെന്ന് മാത്രം.
സത്യത്തില്‍ ട്രംപിനെ 'ദി ആക്‌സിഡന്റല്‍ പ്രസിഡന്റ് ' എന്ന് വിളിക്കണമെന്നാണ്് എനിക്ക് തോന്നുന്നത്. നേരത്തെ അമേരിക്കയുടെ തലവേദനയായിരുന്ന ഉത്തര കൊറിയന്‍ പ്രശ്‌നവും അഭയാര്‍ത്ഥി പ്രശ്‌നവും അതിര്‍ത്തി പ്രശ്‌നവും ഒരു വിധം പരിഹാരം കാണുന്നു എന്ന് ആശ്വസിച്ച് ശ്വാസം വിടുമ്പോഴാണ് ട്രംപിന്റെ ഈ കലമുടക്കല്‍ പ്രക്രിയ. ഒരു രാഷ്ട്രത്തിന്റെ രണ്ടാം പൗരനായി ഗണിക്കപ്പെടുന്ന വ്യക്തിയെ ഇത്ര നിസ്സാരമായി കൊലപ്പെടുത്തുക, തുടര്‍ന്ന് ആ രാഷ്ട്രത്തെ തന്നെ പരസ്യമായി വെല്ലുവിളിക്കുക, ട്രംപിനെ 'എക്‌സ്ട്രീം സൈക്കോ' എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക.
ഖാസിം സുലൈമാനി മരണപ്പെട്ട ഉടനെ ഇറാന്‍ അമേരിക്കക്കെതിരെ സ്വീകരിച്ച നിലപാടുകള്‍ ആഗോള തലത്തില്‍ യുദ്ധഭീതി പരത്തിയിരുന്നു. എന്നാല്‍ തന്ത്രത്തില്‍ ട്രംപ് തന്നെ വിഷയത്തില്‍ നിന്ന് തലയൂരുന്ന പരിഹാസകാഴ്ച്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അതായത്, തങ്ങളുടെ സര്‍വ്വാധിപത്യം ശക്തിപ്പെടുത്താന്‍ വേണ്ടി മറ്റു രാഷ്ട്രങ്ങളെ ഇടക്കിടെ ചൊറിഞ്ഞുകൊണ്ടിരിക്കുകയും അതേസമയം അവരില്‍ നിന്നും പ്രത്യാക്രമണമുണ്ടായാല്‍ വന്നേക്കാവുന്ന അഭ്യന്തര നഷ്ടത്തെ ഓര്‍ത്ത് വ്യാകുലപ്പെടുകയും ചെയ്യുന്നു. പ്രത്യേകിച്ച് അമേരിക്കയുടെ സര്‍വ്വാധിപത്യത്തിന് ഭീഷണിയായി് ചൈനയും റഷ്യയും അരയും തലയും മുറുക്കി വളര്‍ന്നുവരുന്ന ഈ ആധുനിക സാഹചര്യത്തില്‍ . ഇങ്ങനെ വരുമ്പോള്‍ രാജ്യത്തിന് ഒരു റിസ്‌ക്കെടുക്കുക വയ്യ.
സ്വന്തമായി തീവ്രവാദികളെ സൃഷ്ടിക്കുകയും പിന്നീട് ഒരു പ്രശ്‌നം വരുമ്പോള്‍ ലോകത്തിന് മുമ്പില്‍ ഈ തീവ്രവാദികളെ ചോദ്യം ചെയ്യാന്‍ മുമ്പില്‍ നില്‍ക്കുകയും ചെയ്യുക എന്ന വിരോധാഭാസവും അമേരിക്കയുടെ പതിവ് വിനോദങ്ങളില്‍ പെട്ടതാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ CIA മുന്‍ മേധാവി വില്യം കാസി ഒരിക്കല്‍ അമേരിക്കയുടെ മുഖ്യഎതിരാളി റഷ്യന്‍ സൈനത്തിനെതിരെ ലോകത്തെ മുഴുവന്‍ മുസ്്‌ലിംകളെയും അണിനിരത്താന്‍ ഒരു ഗൂഢപദ്ധതിയിട്ടു. ഈ പദ്ധതി പ്രകാരം അന്നത്തെ പാകിസ്ഥാന്‍ പ്രസിഡന്റ് സിയായുടെ ഒത്താശയോടെ 1982 നും 1992 നുമിടയില്‍ ഏകദേശം 35000 മുസ്്‌ലിം തീവ്രവാദികളെ 3 വ്യത്യസ്ത അറബ് രാഷ്ട്രങ്ങളില്‍ നിന്ന് പാകിസ്ഥാനില്‍ ഒരുമിച്ചുകൂട്ടി. അങ്ങനെ ഇവര്‍ക്ക് അമേരിക്ക പരിശീലനം നല്‍കി. എന്നാല്‍ പിന്നീട് അമേരിക്കകെതിരെ തിരിഞ്ഞ ഈ ടീമിനെ കൊടുംഭീകരവാദികളായി മുദ്രകുത്തുകയാണ് അമേരിക്ക ചെയ്തത്. ഇതിലൂടെ ഒരു കാര്യം കൂടി വ്യക്തമാവുകയാണ്. അമേരിക്കയുടെ കണ്ണിലെ പ്രധാനകരട് എപ്പോഴും മുസ്്‌ലിംകള്‍ തന്നെയായിരുന്നു എന്ന്. അമേരിക്ക ഇതര രാജ്യങ്ങളിലെ അഭ്യന്തരകാര്യങ്ങളില്‍ നടത്തിയ രൂക്ഷനടപടികളില്‍ അധികവും അനുഭവിച്ചത് മുസ്്‌ലിം രാഷ്ട്രങ്ങളായിരുന്നു. തങ്ങളുടെ ലക്ഷ്യങ്ങളുടെ സുഗമമായ മാര്‍ഗത്തിന് വേണ്ടി അമേരിക്ക മുസ്്‌ലിം തീവ്രവാദികള്‍ എന്ന വ്യാജന്‍മാരെ നിരന്തരം പടച്ചുവിട്ടു. അഫ്ഗാനിസ്ഥാനിലെ താലിബാനും ഇറാഖിലെയം സിറിയയിലെയും ഐ എസുമൊക്കെ ഈ പ്രക്രിയയിലെ ഉല്‍പന്നങ്ങളാണ്.
അമേരിക്കയുടെ ഇത്തരം നയനിലപാടുകള്‍ ശേഷവും തുടര്‍ന്ന് പോവുകയാണെങ്കില്‍ രാജ്യത്തിന് പിന്നീട് വലിയ വില നല്‍കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ഒന്നു സൂക്ഷിച്ചാല്‍ വളരെ നന്ന്.
COMMENTS