(ഡല്‍ഹിയില്‍ നിന്നുള്ള ഭീകരമായ അനുഭവങ്ങള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഫാകല്‍റ്റി ഓഫ് ലോ വിദ്യാര്‍ത്ഥി മഅ്‌റൂഫ് സി.എച്ച് പങ്ക്‌വെക്കുന്നു.)
വല്ലാത്ത ഒരു അവസ്ഥയിലാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി കഴിഞ്ഞ് പോവുന്നത്. ഞായറാഴ്ച മുതല്‍ ഒരുപാട് ഭീതിപ്പെടുത്തുന്ന മുസ്ലിം വിരുദ്ധ വംശഹത്യയുടെ കഥകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന അത്ര ഭീകരമാണോ ഡെല്‍ഹിയിലെ അവസ്ഥ എന്ന് നാട്ടില്‍ നിന്നും മറ്റും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ആ പ്രദേശങ്ങളില്‍ നടക്കുന്നതിന്റെ തീവ്രത ഇന്ന് പോലും പുറംലോകം അറിഞ്ഞിട്ടില്ല എന്നതാണ് യഥാര്‍ത്ഥ്യം. മാധ്യമങ്ങള്‍ക്കോ, സാമൂഹിക, രാഷ്ട്രീയ നേതാക്കള്‍ക്കോ പ്രവേശനം നല്‍കാതെ പോലീസ് ബാരിക്കേഡുകള്‍ക്കപ്പുറം കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന പ്രദേശങ്ങള്‍ സംഘ് ഗുണ്ടകളുടെ നിയന്ത്രണത്തിലാണ്.
തിങ്കളാഴ്ച്ച വടക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ പോലീസ് ഒത്താശയോടെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ ഡെല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ റൂമുകളില്‍ അകപ്പെട്ടിരുന്നു. വൈകുന്നേരം അവരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പകല് കണ്ട കാഴ്ചകള്‍ എത്ര ഭീകരമായിരുന്നെന്നു മനസ്സിലായത്. രാത്രി അവര് റൂമില്‍ നിന്നു പുറത്ത് ഇറങ്ങുന്നതും ഞങ്ങള്‍ അവിടെ പോവുന്നതും അപകടമായത് കൊണ്ട് പിറ്റേന്ന് രാവിലെ ക്യാമ്പസ്സിലെ 'സുരക്ഷിതയിടങ്ങളിലേക്ക്' മാറാം എന്ന് പറഞ്ഞ് ഒരു വിധത്തില്‍ സമാധാനിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ തന്നെ ആണ്‍കുട്ടികള്‍ തങ്ങളുടെ സുഹൃത്തുക്കളുടെ റൂമുകളിലേക്ക് മാറിയിരുന്നു. വൈകുന്നേരം ആര്‍ട്‌സ് ഫാക്കല്‍റ്റിയില്‍ പ്രതിഷേധം നടക്കുന്നതിന്റെയിടയിലാണ് അവിടെ കുടുങ്ങികിടക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ വിളിക്കുന്നത്. അവിടെ തുടരാന്‍ സാധിക്കില്ല, വീട്ടുകാര്‍ നാട്ടിലേക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട്, എങ്ങനെയെങ്കിലും നാട്ടിലെത്തണം എന്ന് പറഞ്ഞത്. പലരും നാട്ടിലേക്ക് പോയി ഇവിടെ വരാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ എന്താണ് പറയേണ്ടതെന്ന് വ്യക്തത ഉണ്ടായിരുന്നില്ല. ഇന്‍ഷാ അള്ളാഹ് വരാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്‌തെങ്കിലും എന്താണ് ചെയ്യേണ്ടതെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. സുഹൃത്ത് റഷാദ് മൊയ്ദീനോട് കാര്യം പറഞ്ഞപ്പോള്‍ മൂപ്പര് പോവാന്‍ റെഡിയായിരുന്നു. ക്യാമ്പസ്സില്‍ നിന്ന് അഞ്ച് കിലോമിറ്ററിനടുത്ത് മാത്രം അകലെയുള്ള സ്ഥലമാണെങ്കിലും ബൈക്കില്‍ പോകുന്നത് റിസ്‌കായത് കൊണ്ട് യൂബര്‍ ബുക്ക് ചെയ്തു. രണ്ട് യൂബറുകാര്‍ കാന്‍സല്‍ ചെയതപ്പോള്‍ മൂന്നാമത ബുക്ക് ചെയത ഡ്രൈവറാണ് വണ്ടിയുമായി വന്നത്.
വൈകുന്നേരങ്ങളില്‍ നീണ്ട ട്രാഫിക്ക് പതിവായിരുന്ന റോഡുകളൊക്കെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. നഗരപ്രദേശങ്ങള്‍ കഴിഞ്ഞു വസീറബാദിന് സമീപമുള്ള പാലം കയറി കുറച്ച് മുന്നോട്ട് പോയപ്പോള്‍ തന്നെ ഒരു ഭാഗത്ത് നിന്ന് പുക ഉയരുന്നതൊക്കെ കാണാമായിരുന്നു. യമുന വിഹാറിലായിരുന്നു അവര് താമസിക്കുന്നത്. അങ്ങോട്ടേക്കാണ് ഞങ്ങള്‍ റൈഡ് ബുക്ക് ചെയ്‌തെങ്കിലും അവിടത്തെ സ്ഥിതി മോശാണ് എന്ന് പറഞ്ഞ് ഊബര്‍ ഡ്രൈവര്‍ മൂന്ന് കിലോമീറ്ററിനപ്പുറം ടശഴിമൗേൃല ആൃശറഴല ന് സമീപം ഇറക്കിവിടുകയായിരുന്നു. പാലത്തിന്റ ഒരു വശത്തുള്ള റോഡുകള്‍ ഗല്ലികളിലെ കെട്ടിടങ്ങള്‍ ജയ് ശ്രീറാം വിളിച്ച് മാരക ആയുധങ്ങളേന്തിയ തീവ്രവാദികള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്യുകയാണ്. ഫോണില്‍ മാപ്പ് ഓണാക്കി അവരുടെ റൂമും ലക്ഷ്യമാക്കി നടക്കുന്ന ഞങ്ങളുടെ അടുത്തു കൂടെയാണ് പിസ്റ്റളടക്കമുള്ള മാരക ആയുധങ്ങളുമായി ആളുകള്‍ ചുറ്റിയത്. കടകളുടെയൊക്കെ ഷട്ടറുകള്‍ തകര്‍ത്ത് ഉള്ളിലുള്ള സാധനങ്ങളും തുണികളൊക്കെ റോഡുകളില്‍ കത്തിക്കുന്നു. മുന്നോട്ടു പോവും തോറും ഫോണ്‍ പുറത്തെടുക്കാന്‍ തന്നെ ഭയമായി.കുറച്ചു മുന്‍പേ എടുത്ത വിഡിയോസും ഫോട്ടോസും ഒക്കെ റശാദ്ക്ക പറഞ്ഞു ഡിലീറ്റ് ആക്കി. അഥവാ കലാപകാരികള്‍ ഫോണ്‍ പരിശോധിച്ചാലോ എന്ന പേടിയുണ്ടായിരുന്നു.ഇത് കണ്ടു ഏറ്റവും സങ്കടം തോന്നിയത് ഇതൊക്കെ കണ്ടു നിഷ്‌ക്രിയമായി കലാപകാരികളോടൊപ്പം നടക്കുന്ന പോലീസ്‌കാരെ കണ്ടപ്പോഴാണ്. കാണുന്ന പോലീസുകാരോടും വഴി ചോദിയ്ക്കാന്‍ പേടി ആയിരുന്നു. ഒടുവില്‍ ഒരാളോട് ഞങ്ങള്‍ക്ക് പോവേണ്ട സ്ഥലം പറഞ്ഞപ്പോള്‍ വഴി കാണിച്ചു തന്നു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ തന്നെ അവര് പോവാന്‍ ഇറങ്ങിയിരുന്നു. സമീപത്തുള്ള ഒരു ഊബര്‍ ഡ്രൈവറോട് സംസാരിച്ചപ്പോള്‍ അദ്ദേഹം അടുത്തുള്ള മെട്രോ സ്റ്റേഷന്‍ വരെ കൊണ്ടുവിടാം എന്ന് പറഞ്ഞു. മോഹന്‍ നഗറിര്‍ മെട്രോ സ്റ്റേഷനില്‍ എത്തിയ അവര് എര്‍പ്പോര്‍ട്ടിലേക്കും ഞങ്ങള്‍ ക്യാമ്പസ്സിലേക്കും പോന്നു.
തിരിച്ച് റൂമിലെത്തി വാട്ട്‌സാപ്പ് നോക്കുന്നതിനിടയിലാണ് ഡെല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം വേട്ടക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കണം എന്ന ആവശ്യപ്പെട്ട് അര്‍ദ്ധരാത്രി ഡെല്‍ഹി മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു എന്ന് കണ്ടത്. മുഖ്യമന്ത്രിയെ പോലുള്ളവര്‍ അവിടെ എത്തിയാലെ ഈ പ്രദേശങ്ങളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറംലോകം അറിയൂ എന്നുള്ളത് കൊണ്ട് എന്തായാലും പോവാമെന്ന് തന്നെ തീരുമാനിച്ച് സുഹൃത്ത് ശഫീഫ് അഹമ്മദിന്റെ കൂടെ പോയത്. നൂറിനടുത്ത് വിദ്യാര്‍ത്ഥികാളാണ് അവിടെ ഉണ്ടായിരുന്നത്. സമരം തുടങ്ങിയത് മുതല്‍ കൃത്യമായ ഇടവേളകളില്‍ പിരിഞ്ഞുപോവണം എന്ന ആവശ്യവുമായി പോലീസ് ഉദ്യോഗസ്ഥര്‍ വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ഉണ്ടാകാതെ പിരിഞ്ഞുപോവില്ല എന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പിച്ചുപറഞ്ഞപ്പോള്‍ ഡെല്‍ഹി പോലീസ് ജലപീരങ്കി ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ അവിടെ നിന്ന് ഓടിക്കാനാണ് ശ്രമിച്ചത്. താരതമ്യേന കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന കമല നെഹ്‌റു റിഡിജിന്റെ സമീപത്താണ് സംഭവസ്ഥലം എന്നത് കൊണ്ട് തന്നെ കൂടിയിരുന്നവര്‍ക്ക് ചിതറിയോടേണ്ടി വന്നു. ചിലര്‍ ബാരിക്കേഡിന്റെ മറയാക്കി അവിടെ തന്നെ നിന്നു. എന്നിട്ടും പിരിഞ്ഞുപോവാത്തവരെ ഡെല്‍ഹി പോലീസ് ബലമായി പിടിച്ചു പോലീസ് വാഹനങ്ങളില്‍ കയറ്റുകയും സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസ് പിടിക്കുന്നത് മുതല്‍ അവര് പോലീസിന്റെ ആക്രമണങ്ങള്‍ നേരിടുകയായിരുന്നു എന്നാണ് പുറത്ത് ഇറങ്ങിയ ശേഷം പറഞ്ഞത്. പോലീസ് ബസ്സില്‍ കയറ്റിയിട്ട് ലാത്തി കൊണ്ടും ബൂട്ട് ശരീരം മുഴുവന്‍ ആക്രമിക്കുകയായിരുന്നു. ഹിന്ദിയില്‍ പല മുസ്ലിം വിരുദ്ധത തെറികള്‍ പറഞ്ഞുകൊണ്ടും 'നിങ്ങള്‍ക്ക് ആസാദ വേണമല്ലേ' എന്ന് ആക്രോശിച്ചും പോലീസിന്റെ ബസ്സില്‍ നിന്ന് മര്‍ദ്ദിക്കുകയായിരുന്നു. സുഹൃത്ത് അനീസ് റഹ്മാന് മോതിരമിട്ട വിരല് കൊണ്ട് മുഖത്ത് ഇടിച്ച് ചോര വന്നിട്ടും ഒരു പ്രാഥമിക ശുശ്രൂഷയും അവരില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇന്ന് രാവിലെ അരുണ ആസിഫലി ഹോസ്പിറ്റലില്‍ വൈദ്യപരിശോധനക്ക് കൊണ്ട് പോയ ശേഷവും മണിക്കൂറുകളോളമാണ് ആശുപത്രിവളപ്പില്‍ പോലീസ് വാഹനത്തില്‍ ഞങ്ങളെ ഇരുത്തിച്ചത്. ശേഷം ഒരുമണിക്കടുത്ത് സിവില്‍ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് വിട്ടയച്ചത്.
റോഡില്‍ നിന്ന് പിടിക്കുമ്പോഴും ബസ്സിലും പോലീസുകാരില്‍ നിന്ന് മര്‍ദ്ദനമേറ്റ എനിക്ക് ശരീരമാകെ ഇപ്പോഴും വേദനയാണ്. വൈദ്യപരിശോധനയില്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്ന് പറഞ്ഞൈങ്കിലും വേദന തുടരുകയാണ്.
പക്ഷെ ഞാന്‍ ഇപ്പോഴും ആലോചിക്കുന്നത് ഇന്നലെ വൈകുന്നേരം കണ്ട കാഴ്ചയാണ്. ആ പ്രദേശവാസികളായ മുസ്ലിങ്ങളെ പറ്റിയാണ്. അവരുടെ ജീവിതം തന്നെ എല്ലാ അര്‍ത്ഥത്തിലും നിശ്ചലമായല്ലെ ഉള്ളത്. പലരും മാരക പരിക്കുകള്‍ പറ്റിയിട്ടുപോലും ചികിത്സകളൊന്നും നേടാന്‍ കഴിയാതെ ആ വീടുകളില്‍ അകപ്പെട്ടിരിക്കുകയല്ലേ. എത്ര സ്ത്രീകള്‍ ഇവരുടെ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടാവും..
ഇതൊക്കെ അനഭവിച്ച കുട്ടികളുടെ മാനസികാവസ്ഥ എന്താണ്?
ജയ്ശ്രീറാം വിളിച്ച് മുസ്ലിങ്ങളുടെതാണെന്ന് തോനുന്ന വസ്ത്രങ്ങള്‍ തങ്ങളുടെ തൊട്ട്മുമ്പില്‍ നിന്ന് കത്തിക്കുമ്പോള്‍ നോക്കി നിന്ന പോലീസില്‍ ഇവര്‍ക്കെന്തെങ്കിലും സഹായം കിട്ടുമെന്ന് എനിക്ക് പ്രതീക്ഷിക്കാന്‍ പറ്റുമോ..
മനസ്സ് ആകെ അസ്വസ്ഥമാണ്..
ഇന്‍ഷാ അള്ളാഹ് എല്ലാം കണ്ടു കൊണ്ടൊരുവന്‍ മുകളിലുണ്ടെന്നത് മാത്രമാണ് പ്രതീക്ഷ.
തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും എന്ന് പടച്ചോന്‍ പറഞ്ഞിട്ടുണ്ട്, ഒരിക്കലല്ല രണ്ടു വട്ടം..
Ma'roof ch
Faculty of law, Delhi university
COMMENTS