ക്രൈസ്തവ- പൗരോഹിത്യ പരിസരങ്ങളില്‍ നിന്ന് ഇസ്ലാമിനെ തിരിച്ചറിഞ്ഞ് പിന്നീട് പടിഞ്ഞാറില്‍ ഇസ്ലാമിന്റെ പ്രൊഫെയ്‌ലായി മാറിയ സ്ഥാനപതികളില്‍ പ്രധാനിയാണ് മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍. ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാം പുല്‍കിയ ജര്‍മന്‍ നയതന്ത്രജ്ഞനായ ഹോഫ്മാന്‍ ശാസ്ത്ര പണ്ഡിതനും ഒരുപിടി ഗഹനപഠനങ്ങളുടെ രചയിതാവുമാണ്.
കത്തോലിക്കാ കുടുംബപരിസരത്ത് വളര്‍ന്ന ഹോഫ്മാന്‍ 1960 കളില്‍ അള്‍ജീരിയയില്‍ നയതന്ത്ര പ്രതിനിധി ആയിരിക്കെയാണ് ഇസ്ലാമില്‍ ആകൃഷ്ടനാവുന്നത്. ഫ്രാന്‍സിന്റെ കോളനിയായ അള്‍ജീരിയയില്‍ ശക്തമായ സ്വാതന്ത്ര്യ പ്രക്ഷോഭം നടക്കുമ്പോള്‍ ഫ്രഞ്ച് അധിനിവേശ സേനയും അള്‍ജീരിയന്‍ നാഷണല്‍ പ്രവര്‍ത്തകരും തമ്മിലുള്ള രൂക്ഷപോരാട്ടത്തന് ഹോഫ്മാന്‍ സാക്ഷിയായി. മുസ്ലിം ലേബലുണ്ടായതിന്റെ പേരില്‍ വധിക്കപ്പെട്ടിട്ടും സമരമുഖത്ത് നിന്ന് പിന്മാറാതെ ശാന്ത ജീവിതം നയിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിക്കുന്ന ശക്തിവിശേഷത്താല്‍ വ്യത്യസ്ത സാഹചര്യത്തില്‍ നിന്ന് വന്ന ഹോഫ്മാന്‍ അത്ഭുതപ്പെട്ടു. ഈ ചിന്തയാണ് ഇസ്ലാമിലേക്ക് എത്തിച്ചത്.
ഇസ്ലാമിക കലയുടെ ആത്മീയത തുളുമ്പുന്ന വശ്യസൗന്ദര്യവും ഖുര്‍ആനിന്റെ അസാധാരണത്വവും ഹോഫ്മാനെ ആകര്‍ഷിച്ചിട്ടുണ്ട്. മുസ്ലിം നാഗരികതയില്‍ പുഷ്പിച്ച് നിന്ന കലാ സങ്കല്‍പ്പങ്ങളും വ്യതിരിക്തമായ മതത്തിന്റെ കാഴ്ചപ്പാടുകളും ഹോഫ്മാന്‍ ഗഹനമായ പഠനവിധേയമാക്കി. ഖുര്‍ആന്‍ മുന്നോട്ട് വെച്ച പ്രസക്തമായ ആശയങ്ങളും പഠനപരിധിയില്‍ വന്നു.
ഇസ്ലാമിനെ പടിഞ്ഞാറന്‍ ബൗദ്ധിക ലോകത്ത് പരിചയപ്പെടുത്തിയ മികച്ച കൃത്യകളുടെ രചയിതാവ് കൂടിയാണ് ഹോഫ്മാന്‍. ഇസ്ലാം ദി അള്‍ട്ടര്‍നേറ്റീവ്, ഇസ്ലാം , ക്രിസ്ത്യാനിറ്റി ആന്റ് ദി എന്‍വയോണ്‍മെന്റ്, പാകീസ്താന്‍ ഇസ്ലാമിക നേഷന്‍ ഇന്‍ ക്രൈസിസ്, ജേര്‍ണി റ്റു മക്ക, ഇസ്ലാം ആന്റ് ഖുര്‍ആന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികള്‍ പാശ്ചത്യന്‍ ബുദ്ധിജീവികള്‍ക്ക് തിരുത്തും തീര്‍പ്പുമായി.
1995ല്‍ ജോലി രാജിവെച്ച് ഹോഫ്മാന്‍ മുഴുസമയ ഇസ്ലാമിക പ്രബോധനകനായി മാറി. ജീവിതാവസാനം വരെ പടിഞ്ഞാറില്‍ ഇസ്ലാമിനെയും ഇസ്ലാമിന് പുതിയ പടിഞ്ഞാറിനെയും പരിചയപ്പെടുത്തിയതിലെ മധ്യവര്‍ത്തിയായി.

COMMENTS