1948 മാര്‍ച്ച് 10ന് മദിരാശി രാജാജി ഹാളില്‍ വെച്ച് മഹാനായ ഖാഇദെ മില്ലെത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുസ്ലിലീഗ് രൂപീകരിച്ചപ്പോള്‍ പലരും ചോദ്യം ചെയ്തു. ഉത്തരേന്ത്യ മുഴുവന്‍ സംശയദൃഷ്ടിയോടെ നോക്കിനിന്നു. എന്നാല്‍ കേരളം ആവേശപൂര്‍വ്വം ആ ദൗത്യം ഏറ്റെടുത്തു. ആ ഹരിത പതാക നെഞ്ചിലേറ്റാന്‍ അവര്‍ കയ്‌മെയ് മറന്നു പോരാടി
സമ്പത്തും പ്രൗഢിയും ആവോളം ഉണ്ടായിട്ടും അതെല്ലാം മുസ്ലിംലീഗിന്റെ വളര്‍ച്ച വേണ്ടി സമര്‍പ്പിച്ച ഒട്ടനവധി നേതാക്കള്‍ ഹരിത പതാകയെ വീറോടെ നെഞ്ചേറ്റിയത് പാര്‍ട്ടിയെ ജനകീയമാക്കി. മര്‍ഹൂം സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പി. എം. എസ്. എ പൂക്കോയ തങ്ങള്‍, സീതി സാഹിബ്, പോക്കര്‍ സാഹിബ്, സി.എച്ച് മുഹമ്മദ് കോയ, മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയ മഹാരാഥന്മാരായ നേതാക്കള്‍ പാര്‍ട്ടിക്കു വേണ്ടി സ്വത്തും സമയവും നല്‍കി. കേരളീയരുടെ മനസ്സില്‍ സ്വര്‍ണ്ണനൂല്‍ കൊണ്ട് മാത്രം രേപ്പെടുത്തപ്പെടുത്തി. ഏതു പ്രതിസന്ധിയിലും തളരാത്ത വീര്യവും മരിക്കാത്ത ഓജസ്സുമായി അവര്‍ പാര്‍ട്ടിയെ മുന്നോട്ട് നയിച്ചു. കൊടുങ്കാറ്റിനെ തടയാന്‍ കെല്‍പ്പുള്ള നേതൃത്വത്തിന്റെ വാചകവും തൂലികയും പാര്‍ട്ടിക്ക് സംഘടനാപരവും ധൈഷണികവുമായ വളര്‍ച്ചയേകി.
നിയമ നിര്‍മ്മാണ സഭകളില്‍ വിസ്മയം വിരിയിച്ച നേതാക്കള്‍ക്കു പിന്നില്‍ സമുദായം അണിചേര്‍ന്നു. അതോടെ മുസ്ലിംലീഗ് കേരളത്തിന്റെ രാഷ്ട്രീയ പരിസരങ്ങളില്‍ നിര്‍ണ്ണായക ശബ്ദമായി. നീതി നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന് തുണയായി, അത്താണിയായി ലീഗ് ജൈത്ര യാത്ര തുടര്‍ന്നു. അഭംഗുരം, അവിരാമം, അനുസൂത്രം.
ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് രൂപകല്പന ചെയ്ത അഭിമാനകരമായ അസ്തിത്വം എന്ന മന്ത്രവടി കേരളം അറിഞ്ഞു പ്രയോഗിച്ചു. രാജ്യത്തെ മുസ്ലിം ജനസംഖ്യയുടെ 55 ശതമാനം അതിവസിക്കുന്ന ഉത്തര്‍പ്രദേശ് ബീഹാര്‍ ബംഗാള്‍ അസം എന്നീ സംസ്ഥാനങ്ങള്‍ സഞ്ചരിച്ച അലക്ഷ്യവും വിഫലവുമായ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വഴിയേ അല്ല കേരളം നടന്നത്. കപട മതേതരത്വത്തിന്റെ കൊടിപിടിച്ചവരുടെ കൂലിത്തല്ലുകാരായി ഒടുങ്ങിയതുമില്ല.
അധികാരത്തിലിരിക്കുന്നവരെ താഴെയിറക്കി പ്രതികാരം നിര്‍വ്വഹിക്കുന്ന നിഷേധാത്മക രാഷ്ട്രീയ നിലപാടിന് പകരം ഭരണകൂടങ്ങളെ നിര്‍മ്മിക്കുന്ന ക്രിയാത്മക രാഷ്ട്രീയം മുസ്ലിം ലീഗ് മുന്നോട്ട് വെച്ചു. നിത്യ ദരിദ്രരും നിരക്ഷരരുമായ മുസ്ലിം ന്യൂനപക്ഷത്തിന്റെ ഇരുണ്ട ഭൂഖണ്ഡങ്ങളായിരുന്നു കേരളത്തിന്റെ പല മേഖലകളും. ലീഗിന്റെ മന്ത്രിസഭാ പങ്കാളിത്വം ആ ഇരുട്ടകറ്റാനുള്ള യത്‌നത്തിന് തുടക്കമിട്ടു. ആധുനിക രാഷ്ടീയം ആധുനിക വിദ്യാഭ്യാസം എന്ന സര്‍ സയ്യിദ് അഹ്മദ് ഖാന്റെ സ്വപ്‌നത്തിന് കേരളം ചിറകുകള്‍ നല്‍കി. കേരളപ്പിറവിക്ക് ശേഷമുള്ള ഏക വിപ്ലവമായി കൊണ്ടാടപ്പെടുന്ന ഭൂപരിഷ്‌കരത്തിന്റേയും അരങ്ങിലും അണിയറയിലും മുസ്ലിം ലീഗുണ്ടായിരുന്നു. 1970ല്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കുമ്പോള്‍ മന്ത്രിസഭയില്‍ സിപിഎം ഇല്ല. സപതമുന്നണി മന്ത്രിസഭയില്‍ ഭൂപരിഷ്‌കരണത്തിന് അസ്ത്വിവാരമൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തുമാണ്. രണ്ട് ഘട്ടങ്ങളിലും മുസ്ലിം ലീഗ് അധികാരത്തിലുണ്ട്.
12 ശതമാനം തൊഴില്‍ സംവരണമുള്ള സമുദായമാണ് കേരള മുസ്ലിങ്ങള്‍. മൂന്നരക്കോടി മുസ്ലിം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിനും രണ്ടേകാല്‍ കോടി മുസ്ലിങ്ങള്‍ ജീവിക്കുന്ന പശ്ചിമബംഗാളിനും ചിന്തിക്കാന്‍ പോലുമാവില്ല ഇത്. നാലു പതിറ്റാണ്ട് മുമ്പ് കേരളത്തില്‍ മുസ്ലിം ലീഗ് ഈ ആനുകൂല്യങ്ങള്‍ പൊരുതി നേടിയത് സായുധ മാര്‍ഗത്തിലല്ല. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു തന്നെ.
1960ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടൊപ്പം മത്സരിച്ച ലീഗിന് ഒരു സീറ്റു പോലും കിട്ടാതെ വന്നപ്പോള്‍ നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സീതി സാഹിബിനെ സ്പീക്കറായി നിയമിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സി എച്ച് മുഹമ്മദ് കോയ സാഹിബ് സ്പീക്കറാവുകയും ചില അടിയന്തര കാരണങ്ങളാല്‍ രാജിവെക്കേണ്ടി വരുകയും ചെയ്തു. പിന്നീട് 1967ല്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ച ലീഗിന് വമ്പിച്ച വിജയമുണ്ടാവുകയും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു. ഇതായിരുന്നു കേരളമുസ്ലിം രാഷ്ട്രീയത്തിലെ സുവര്‍ണ്ണ കാലഘട്ടം. സാമുദായിക ഉന്നമനത്തിന് ന്യൂനപക്ഷാവകാശ സംരക്ഷണത്തിനും പുരോഗതിക്കും ഊന്നല്‍ നല്‍കിയ സി എച്ച് വിദ്യാലയങ്ങളില്‍ അറബി ഭാഷക്ക് പ്രാമുഖ്യം നല്‍കുകയും കേരളത്തില്‍ സ്ത്രീ വിദ്യാഭ്യാസത്തിന് അടിത്തറ പാകുകയും ചെയ്തു. മുസ്ലിങ്ങളടക്കം ഇതര ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയും ലീഗിന്റെ രാഷ്ട്രീയ നിലപാട് ഉയര്‍ന്നതിന് ചരിത്രത്തില്‍ തെളിവുകളേറെയുണ്ട്. 1939 കള്‍ക്ക് ശേഷം വിദ്യാലയങ്ങളില്‍ പഠനാരംഭത്തില്‍ പാരായണം ചെയ്തിരുന്ന ഫാത്വിഹ കെ കേളപ്പന്‍ നിറുത്തലാക്കിയതിനെ തുടര്‍ന്ന് മന്ത്രിസഭയിലും മറ്റു ചര്‍ച്ചകളിലും മുസ്ലിം ലീഗ് ശബ്ദമുയര്‍ത്തിയതും ലീഗ് മന്ത്രിമാര്‍ രാജിവെച്ചതു പോലും ലീഗിന്റെ അതുല്യമായ രാഷ്ട്രീയ നിലപാടാണ്.
ഖാഇദേ മില്ലത്തിന്റെ നിര്യാണത്തിന് ശേഷം പാര്‍ട്ടിയുടെ അഖിലേന്ത്യാ വ്യാപനം ഘനീഭവിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ലോകസഭയില്‍ നാലും (1971) രാജ്യസഭയില്‍ (1972) മുസ്ലിം ലീഗിന് അംഗങ്ങളുണ്ടായിരുന്നു. വിവിധ ഘട്ടങ്ങളില്‍ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, യുപി, മഹാരാഷ്ട്ര, കര്‍ണാടക, ആസാം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് എം എല്‍ എമാര്‍ ഉണ്ടായിരുന്നു. ചെന്നൈ കോഴിക്കോട് കൊച്ചി നഗരങ്ങളില്‍ മുസ്ലിം ലീഗിന് മേയര്‍മാരുമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ദേശീയ ന്യൂനപക്ഷത്തിന്റെ ആധികാരിക രാഷ്ട്രീയ സംഘടനയായി ശ്രദ്ധനേടാന്‍ ഇക്കാലയളവില്‍ മുസ്ലിം ലീഗിന് കഴിഞ്ഞു. യുപിഎ സഖ്യ കക്ഷി എന്ന നിലയില്‍ കേന്ദ്ര മന്ത്രിസഭയില്‍ പ്രാധിനിത്യം നേടാന്‍ കഴിഞ്ഞതും പാര്‍ലമെന്ററിന്റെ ഉത്ഭവം തൊട്ട് അറുപത് വര്‍ഷങ്ങളിലും മുസ്ലിം ലീഗ് പാര്‍ലമെന്റില്‍ പ്രാധിനിത്യമറിയിച്ചതും വേറിട്ട ചരിത്രമാണ്.
ലോക ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇ എം സിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ ഏറിയപ്പോഴും അതില്‍ ലീഗിന്റെ കയ്യൊപ്പുണ്ടായിരുന്നു.
മുസ്ലിം ലീഗിന്റെ പ്രഥമ സമ്മേളനം 1958 ഏപ്രില്‍ 26 27 തിയ്യതികളില്‍ കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ വെച്ച് നടന്നു. അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബി എസ് പിയുമായി സഖ്യമുണ്ടാക്കി എട്ട് സീറ്റുകളില്‍ മുസ്ലിം ലീഗ് വിജയിച്ചു. ഏഴ് പ്രതിനിധികളെ നിയമസഭയിലേക്കയച്ച ലീഗ് ഒരു പ്രതിനിധിയെ ലോകസഭയിലേക്കുമയച്ചു. കമ്മ്യൂണിസത്തോടൊപ്പം ചേര്‍ന്ന് നിന്നപ്പോഴാണ് ഈ നേട്ടം ഫലം കണ്ടത്.
1934ല്‍ തുടക്കമിടുകയും 1938 മുതല്‍ ദിനപ്പത്രമായി പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്ത ചന്ദ്രികയുടെ ചരിത്രം തന്നെ വാര്‍ത്താമാധ്യമ സാംസ്‌കാരിക രംഗത്തെ മുസ്ലിം ലീഗിന്റെ ഇടപെടല്‍ വ്യക്തമാക്കുന്നതാണ്. മലയാളത്തിലേതുള്‍പ്പെടെ പ്രതിഭാധനരായ സാഹിത്യകാരന്മാരുടെ കളരിയാണ് അന്നും ഇന്നും ചന്ദ്രിക. മലയാളത്തിലെ ലബ്ദപ്പ്രധിഷ്ഠരായ എഴുത്തുകാരുടേയെല്ലാം പ്രഥമ വേദി ചന്ദ്രികയായിരുന്നു. എം മുകുന്ദന്റേയും മാധവിക്കുട്ടിയുടേയും നോവലുകള്‍ ഒരേ സമയം പ്രസിദ്ധീകരിച്ച് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഭൂതകാലം ചന്ദ്രികാ ആഴ്ചപ്പതിപ്പിനുമുണ്ട്. ടി ഉബൈദും പുന്നയൂര്‍കുളം ബാപ്പുവും മുനീറും ഒ അബ്ദുള്ള സാഹിബും മെഹ്‌റുമെല്ലാം മാപ്പിളപ്പാട്ടിന്റെ മാധുര്യം മലയാളിക്ക് നുകരാന്‍ പാകപ്പെടുത്തിയ ചന്ദ്രിക വാരാന്ത്യപ്പതിപ്പിലൂടെയാണ്. മഹാ കവി ജി ശങ്കരക്കുറിപ്പ് , എസ് കെ പൊറ്റക്കാട് , എംടി , എന്‍പി , ടി പത്മനാഭന്‍ തുടങ്ങി എത്രയോ പ്രസിദ്ധരായ എഴുത്തുകാരുടെ ആദ്യകാല കൃതികള്‍ പലതും വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയായിരുന്നു. യു എ ഖാദര്‍ , പിവി മുഹമ്മദ് , സി രാധാകൃഷ്ണന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, ഐവി ശശി, പി സുരേന്ദ്രന്‍ തുടങ്ങി എത്രയോ പേര്‍ക്ക് ആദ്യ പ്രതിഫലം നല്‍കിയതും ചന്ദ്രികയായിരുന്നു
വിവിധ കാലങ്ങളില്‍ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടുകളുടെ കരുത്താണ് ഇന്നും ഈ പാര്‍ട്ടിയെ വേറിട്ട് നിര്‍ത്തുന്നത്. ഒരു ബഹുസ്വര സമൂഹത്തിന്റെ സുഖമമായ സാമുദായിക സന്തുലനം നിലനിര്‍ത്താനാവശ്യമായ വിട്ട് വീഴ്ചകള്‍ക്ക് എക്കാലവും ലീഗ് തയ്യാറായിട്ടുണ്ട്. അതിന്റെ മകുടോദാഹരണമാണ് ലോക സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണ്ടെന്ന് വെച്ച ലീഗിന്റെ നിലപാട്. ലീഗിന് മൂന്നാം സീറ്റ് ന്യായമാണെന്ന് കോണ്‍ഗ്രസ്സും മുന്നണി ഘടകകക്ഷികളും മാത്രമല്ല കേരളത്തിലെ പൊതു സമൂഹം കൂടി അംഗീകരിച്ചതാണ്. പക്ഷെ ലീഗ് വിട്ട് വീഴ്ചക്ക് തയ്യാറായി. കാരണം, രാഷ്ട്രീയ താല്‍പ്പര്യത്തേക്കാള്‍ രാഷ്ട്ര താല്‍പ്പര്യങ്ങളാണ് ലീഗിന് മുഖ്യം. രാഷ്ട്രീയ വികാരത്തിനപ്പുറം രാഷ്ട്ര വിവേകമാണ് എക്കാലവും ലീഗിനെ നയിച്ചതും.
.
എക്കാലവും മുസ്ലിം കൈരളി ഭരണഘടനക്ക് കീഴില്‍ രാഷ്ട്രീയമായി സംഘടിച്ചത് മുസ്ലിം ലീഗ് എന്ന പ്ലാറ്റ് ഫോമിലാണ്. കേരളത്തില്‍ രാഷ്ട്രീയ ദൗത്യ നിര്‍വ്വഹണത്തില്‍ ഇതര പാര്‍ട്ടികളേക്കാള്‍ ഒരുപടി മുന്നിലാണ് മുസ്ലിം ലീഗ്. ലീഗ് പിറന്ന് വീണത് ഇസങ്ങളുടേയോ ഗ്രന്ഥങ്ങളുടേയോ മേല്‍ അടയിരുന്നല്ല. ആദര്‍ശവിശുദ്ധിയും ധിഷണയുമുള്ള നേതൃത്വവും അവരില്‍ സര്‍വ്വസവുമര്‍പ്പിച്ച മലബാറിലെ ഗ്രാമീണ ജനതയുമാണ് ലീഗിന്റെ പ്രത്യേയശാസ്ത്രത്തിന് മാനം നല്‍കിയത്. ജനാധിപത്യത്തെ ആശയവല്‍ക്കരിക്കുന്നതില്‍ ലീഗിന്റെ നേതൃത്വം വിജയം കണ്ടു. പൂര്‍വ്വസൂരികളായ മുസ്ലിം പണ്ഡിതര്‍ അവലംബമാക്കിയ മാര്‍ഗവും വീക്ഷണവും ലീഗിന്റെ നേതാക്കള്‍ക്ക് സംഘടന വളര്‍ത്തുന്നതിനാവശ്യമായ പരിസരമുണ്ടാക്കി. ഇന്ത്യ റിപ്പബ്ലിക്കാവുന്നതിന് മുമ്പേ മുസ്ലിം ലീഗിന്റെ ഭരണഘടനയില്‍ മതേതരത്വവും ജനാധിപത്യവും ഇടംപിടിച്ചു. ലീഗിന്റെ എഴുപതാണ്ടെന്നത് ഹ്രസ്വ കാലയളവല്ല, ബഹുലമായ ചരിത്രമാണ്. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ നിലപാട് തറയുടെ ചരിത്രം.
പി കെ കെ ബാവ സാഹിബ്
പി കെ കെ ബാവ സാഹിബ്

COMMENTS