ഇസ്ലാമിന്റെ സൗന്ദര്യാത്മക മാനങ്ങള്‍ പ്രകാശിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ് സൂഫീ ധാരകളത്രയും. നിയമങ്ങളുടെയും ആചാരങ്ങളുടെയും ബാഹ്യ തലങ്ങള്‍ക്കപുറത്ത് അവയുടെ ആന്തരിക മൂല്യങ്ങളില്‍ ആണ് സൂഫികള്‍ കുടികൊണ്ടത്. അക്ഷരങ്ങളുടെ പുറന്തോടുകള്‍ പൊളിച്ച് അവയുടെ അകക്കാമ്പുകള്‍ കണ്ടെത്താന്‍ ശ്രമം നടത്തിയവരാണവര്‍. ആത്മ ശുദ്ധീകരണത്തിലൂടെ ദൈവസാന്നിധ്യം തേടുകയാണ് തസവ്വുഫിന്റെ ആത്യന്തികലക്ഷ്യം.
ഇസ്ലാമിക ലോകത്ത് സമസ്തമേഖലകളിലും അവരുടെ ഇടപെടലുകള്‍ കാണാം. ഇന്ത്യയില്‍ ഡ
ല്‍ഹി സുല്‍ത്താന്‍ മാര്‍ക്കും മുഗള്‍ ഭരണാധികാരികള്‍ക്കും ഇടയില്‍ സൂഫികള്‍ വിപുലമായ രാഷ്ട്രീയ സ്വാധീനം ചെലുത്തിയിരുന്നു. അഹ്മദ് സര്‍ഹിന്ദി യെ പോലെയുള്ളവര്‍ വലിയ സേവനമാണ് നിര്‍വഹിച്ചത്. അക്ബര്‍ ചക്രവര്‍ത്തി അടക്കമുള്ളവരെ നശിപ്പിക്കുന്നതിന് അക്കാലത്തെ ചില സൂഫികളും അവരുടെ പിഴച്ച സിദ്ധാന്തങ്ങളും വലിയ പങ്കുവഹിച്ചിരുന്നു. സര്‍ ഹിന്ദിയുടെ പ്രവര്‍ത്തനങ്ങളുടെ വലിയ ഒരു ഭാഗം ഇത്തരം പിഴച്ച സിദ്ധാന്തങ്ങള്‍ ക്കെതിരെയുള്ള പോരാട്ടമായിരുന്നു. നിരന്തരം കത്തുകളയച്ചു ഭരണകര്‍ത്താക്കളെ യും സൈന്യത്തെയും സംസ്‌കരിക്കുന്നതിന് ജാഗ്രത കാണിച്ചവരായിരുന്നു സര്‍ഹിന്ദിയും ശാഹ് വലിയുല്ലാഹി ദഹ്ലവിയുമെല്ലാം. ശൈഖ് സലീം ചിശ്തി അക്ബര്‍ ചക്രവര്‍ത്തിയുടെ സമകാലികനും അദ്ദേഹത്തിന്റെ ഗുരുവുമായിരുന്നു. ചക്രവര്‍ത്തി കുഞ്ഞുങ്ങളില്ലാതെ വിഷമിച്ച ഘട്ടത്തില്‍ സലീം ചിശ്ത്തിയെ കണ്ടു ആവലാതിബോധിപ്പിച്ചു. അജ്മീറില്‍ പൊയി ഖാജയെ സിയാറത് ചെയ്യാനായിരുന്നു സലീം ചിശ്തി (റ) ന്റെ നിര്‍ദ്ദേശം. ഇതുള്‍കൊണ്ട് ചെരുപ്പ് പോലും ധരിക്കാതെ നടന്നു പൊയി ചക്രവര്‍ത്തി അജ്മീര്‍ സന്ദര്‍ശിച്ചു. അതില്‍ പിന്നെ അദ്ദേഹത്തിന് ആണ് കുഞ്ഞു പിറക്കുകയും സലീം ചിശ്തിയോടുള്ള ആദര സൂചകമായി കുഞ്ഞിന് സലീം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അദ്ദേഹമാണ് പിന്നീട് ജഹാങ്കീര്‍ എന്ന പേരില്‍ പ്രസിദ്ധനായത്. ഇന്നും മോദിയടക്കം നമ്മുടെ ഭരണാധികാരികളെല്ലാം അജ്മീറിലെത്തുകയും ഖാജയെ സന്ദര്‍ശിക്കുകയും ചെയ്യുന്നു. ഖാജയെ പരിഗണിക്കാതിരുന്നാല്‍ ഭരണം നിലനിര്‍ത്താനാകില്ലെന്നും അവര്‍ വിശ്വസിക്കുന്നു.
ഇന്ത്യയിലെ ഇസ്ലാമിക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരില്‍ ഭൂരിഭാഗവും സൂഫികള്‍ തന്നെയായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഒട്ടനവധി സൂഫീ ധാരകള്‍ക് ശക്തമായ വേരോട്ടമുണ്ടായി. ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) ന്റെ പേരിലറിയപ്പെടുന്ന ചിശ്തിയ്യ , അബു നജീബ് സുഹ്‌റവര്‍ദി (റ ) ന്റെ സുഹ്രവര്ദിയ്യ , നജ്മുദ്ദീന്‍ കുബ്‌റ (റ) സ്ഥാപിച്ച കുബ്‌റവിയ്യ, ഷെയ്ഖ് നൂറുദ്ദീന്‍ അബുല്‍ ഹസന്‍ ശാദുലി സ്ഥാപിച്ച ശാദുലിയ്യ, ഖാജാ ബഹാവുദ്ധീന്‍ നഖ്ഷബന്തി (റ) ന്റെ പേരിലറിയപ്പെടുന്ന നഖ്ഷബന്ദിയ്യ (യഥാര്‍ത്ഥത്തില്‍ ഖാജാ യൂസഫ് അല്‍ ഹമദാനി (റ) വാണ് സ്ഥാപകന്‍), മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ജീലാനി (റ) സ്ഥാപിച്ച ഖാദിരിയ്യ തുടങ്ങിയവയെല്ലാം വളരെ പ്രിസിദ്ധവും കേരളത്തിലടക്കം വലിയ വേരോട്ടമുള്ളതുമാണ്.
എ ഡി 930 ലാണ് ചിശ്തി സൂഫി ധാര രൂപം കൊള്ളുന്നത്. സിറിയയിലെ ഖാജാ അബു ഇസ്ഹാഖ് ഷാമിയാണ് ചിശ്തി സൂഫിധാരയുടെ സ്ഥപകന്‍.
ഖുറാസാനിലെ പ്രസിദ്ധ നഗരം ആണ് ചിശ്ത്. അവിടെ വളര്‍ന്നു വികസിച്ച് അതിനാല്‍ ഈ സൂഫി ധാരക്ക് ചിശ്തിയ്യ എന്ന് നാമകരണം ചെയ്യപ്പെട്ടു. ചിശ്തി ത്വരീഖത്തിന്റെ പ്രാരംഭ അനുയായികള്‍ അഫ്ഗാനിസ്ഥാനിലും തെക്കന്‍ ഏഷ്യയിലും ആയിരുന്നു. അബു ഇസ്ഹാഖ് ചിശ്ത്തിയുടെ പിന്‍ഗാമികളില്‍ പ്രധാനിയാണ് ഉസ്മാന്‍ ഹാറൂനി (റ).അവരില്‍ നിന്നാണ് ഖാജാ മുഈനുദ്ധീന്‍ (റ) തരീഖത് സ്വീകരിച്ചത്. ഇന്ത്യയില്‍ ഈ തരീഖത് പ്രചരിപ്പിക്കുന്നതില്‍ ഖാജാ മുഈനുദ്ദീന്‍ (റ) അനല്‍പമായ പങ്കുവഹിച്ചിട്ടുണ്ട്.
ഖാജാ മുഈനുദ്ദീന്‍ ചിഷ്തിയാണ് ഇന്ത്യയിലെ ആദ്യത്തെ സൂഫി ഗുരുവായി അറിയപ്പെടുന്നത്. ക്രി. 1192 ല്‍ ശിഹാബുദ്ദീന്‍ ഗോറിയുടെ സൈന്യത്തോടൊപ്പം ഇന്ത്യയിലെത്തി. രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രമാക്കി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്‍കി. ഖാജാ ബഖ്തിയാര്‍ കാക്കി (റ), ഷെയ്ഖ് ഫരീദുദ്ദീന്‍ ഗഞ്ചു ശകര്‍ (റ), ഹസ്രത് നിസാമുദ്ദീന്‍ ഔലിയ (റ), പ്രശസ്ത കവി അമീര്‍ ഖുസ്രു (റ), ശൈഖ് സലീം (റ) തുടങ്ങിയവര്‍ ചിശ്തി പരമ്പരയിലെ പ്രസിദ്ധ സൂഫി ഗുരുക്കന്മാരാണ്.
ഇന്ന് ചിശ്ത്തി ധാര ചിശ്തി സാബിരി, ചിശ്തി നിസാമി എന്നീ രണ്ട് ശാഖകളായാണ് അറിയപ്പെടുന്നത്. ഖാജ (റ) ന്റെ ഖ്‌ലീഫ ഷെയ്ഖ് ബാഖ്തിയാര്‍ കാക്കിയും അവരുടെ ഖ്‌ലീഫ ബാബ ഫരീദ് ഗഞ്ചു ശകര്‍ (റ) വുമാണ്. ബാബ ഫരീദ് (റ) ന്റെ രണ്ട് മുരീദുമാരാണ് അലി അഹ്മദ് സാബിറും (റ), ഹസ്രത് നിസാമുദ്ദീന്‍ ഔലിയായും (റ). അലി അഹ്മദ് സാബിരി (റ) ന്റെ പിന്‍ഗാമികള്‍ പിന്നീട് ചിശ്തി സാബിരി എന്നും നിസാമുദ്ദീന്‍ ഔലിയ (റ) ന്റെ പിന്‍ഗാമികള്‍ ചിശ്തി നിസാമികള്‍ എന്നും അറിയപ്പെടുന്നു.
ഇസ്ലാമിന്റെ സാര്‍വലൗകിക സാഹോദര്യം സാക്ഷാത്കരിക്കുന്നതില്‍ ചിശ്തി സൂഫിധാര വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജാതി മത ദേശ ഭാഷ സങ്കുചിതങ്ങള്‍ക്കതീതമായി സകല മനുഷ്യര്‍ക്കും ജീവികള്‍കും ഇസ്ലാമിന്റെ വിശാല സങ്കല്പത്തില്‍ ഇടം നല്‍കി. സ്‌നേഹത്തിന് സഹിഷ്ണുതക്കും ഊന്നല്‍ നല്‍കി. മനുഷ്യന്‍ പുഴ പോലെ ഉദാരമതിയും സൂര്യനെ പോലെ സ്‌നേഹം ശീലനും ഭൂമിയെ പോലെ വിനയാന്വിതനുമകണമെന്ന് ഷെയ്ഖ് മുഈനുദ്ദീന്‍ ചിശ്ത്തി (റ) പറയാറുണ്ടായിരുന്നു. ആത്മ ശുദ്ദി, ജനസേവനം, സത്യസന്ധത തുടങ്ങിയ ഉല്‍കൃഷ്ട സ്വഭാവങ്ങള്‍ക് പ്രചോദനം നല്‍കുന്ന ഖാജയുടെ മൊഴിമുത്തുകള്‍ മുഖ്യ ശിഷ്യനും ഖലീഫയുമായ ഖുത്ബുദ്ദീന്‍ ബഖ്തിയാര്‍ (റ) 'ദലീലുല്‍ ആരിഫീന്‍ ' എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്.
താജുദ്ധീന്‍ ദാരിമി

COMMENTS